വൈജ്ഞാനികതയുടെ ഓട്ടോമൻ മാതൃകകളും വീണ്ടെടുപ്പിന്റെ ആവശ്യകതയും
ഭാഗം ഒന്ന്
മുസ്‌ലിം നാഗരികതയും വൈജ്ഞാനിക വർഗ്ഗീകരണങ്ങളും
(രണ്ടാം ഭാഗം)
ഹംസ: മതത്തിൻ്റെ സാമൂഹിക ശാസ്ത്രത്തെ കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ടല്ലോ. അതേപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത് മതത്തിൻ്റെ മനുഷ്യ ഉത്ഭവത്തിലേക്കുള്ള അന്വേഷണമാണ്. അല്ലെങ്കിൽ മതങ്ങളുടെ ആവിർഭാവത്തിലേക്ക് മനുഷ്യനെ നയിച്ച സാമൂഹ്യ ഘടകങ്ങൾ. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ മതങ്ങളുടെ സോഷ്യോളജി എന്നതിൻ്റെ പ്രാധാന്യമെന്താണ് ?
ഡോ. ഷെന്‍തുര്‍ക്ക്: പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെയും ക്ലാസ്സിക്കൽ സോഷ്യോളജി ഓഫ് റിലീജിയൻ മതത്തിൻ്റെ മനുഷ്യ ഉത്ഭവവുമായി ബന്ധപ്പെട്ടതാണ്. അക്കാലത്തെ മത സാമൂഹ്യ ശാസ്ത്രജ്ഞർ മതത്തെ ന്യായീകരിക്കാൻ ശ്രമിച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, മതത്തിൻ്റെ ആരംഭത്തെ കുറിച്ചുള്ള അനുഭവമാത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ ഒരു ശാസ്ത്രീയ നിർവ്വചനം നൽകാൻ സാധിക്കില്ലെന്ന് സോഷ്യോളജിസ്റ്റുകൾ മനസ്സിലാക്കി. അതൊരു മഹാ സന്ദേഹമാണെന്നതു തന്നെ കാരണം. മതങ്ങളുടെ ആവിർഭാവം അനുഭവമാത്ര വിവരങ്ങൾ ഉപയോഗിച്ച് തെളിയിക്കാനാകില്ല. രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തങ്ങൾ, വോട്ടിംഗ് സ്വഭാവം പോലോത്ത സാമൂഹിക പ്രവർത്തനങ്ങളെ എങ്ങനെയാണ് മതം സ്വാധീനിക്കുന്നതെന്നും അവയെങ്ങനെ ഒരാളുടെ മതത്തെ സ്വാധീനിക്കുന്നുവെന്നും അവർ മനസ്സിലാക്കാൻ ശ്രമിച്ചു. മത വിശ്വാസത്തിൻ്റെ ഇത്തരം സാമൂഹ്യ ആവിഷ്ക്കാരങ്ങളെ കുറിച്ചും അവ സമൂഹങ്ങളെയും ബന്ധങ്ങളെയും പ്രവൃത്തികളെയും രൂപപ്പെടുത്തിയതെങ്ങനെയെന്നും അവർ പഠിക്കാനാരംഭിച്ചു.
മതകീയ പ്രവർത്തനങ്ങളെ ഒരു സാമൂഹിക പ്രവൃത്തിയായി വകവെച്ചു നൽകാൻ മതത്തിന്റെ സാമൂഹ്യശാസ്ത്ര പണ്ഡിതർ തയ്യാറായിട്ടില്ല. അവയെ സാമ്പത്തിക, രാഷ്ട്രീയ, മന:ശാസ്ത്ര പ്രവർത്തനങ്ങളായി തരം കുറക്കാൻ അവർ ശ്രമിച്ചു. എന്താണ് പ്രാർത്ഥന എന്നതിന് ഒന്നുകിൽ അവർ ‘ സാമ്പത്തിക താൽപ്പര്യങ്ങൾക്കു വേണ്ടി’ എന്നോ ‘ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കു വേണ്ടി’ എന്നോ മറുപടി പറയും. മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് പോലും രാഷ്ട്രീയമാണെന്ന് അവർ വാദിക്കുന്നു. പോസിറ്റിവിസ്റ്റ് സോഷ്യോളജിസ്റ്റുകൾ മതത്തിൽ വിശ്വസിക്കുന്നില്ല. മതവിശ്വാസികളോട് അവർ വെറുപ്പ് പ്രകടിപ്പിക്കുന്നു. മത വിശ്വാസം ഒരുതരം മാനസിക പീഢയാണെന്ന് ഫ്രോയിഡ് അടക്കമുള്ളവർ വാദിച്ചു. മാത്രമല്ല, ഈ സാമൂഹ്യശാസ്ത്രജ്ഞർ സാമൂഹിക പരിണാമം പോലുള്ള പരിണാമ പദ്ധതികൾ സ്വീകരിച്ചപ്പോൾ സമൂഹത്തെയും ശാസ്ത്രത്തെയും ഉൾപ്പെടുത്തുകയും
മതത്തെ അവഗണിക്കുകയും ചെയ്തു. പക്ഷേ, മതം ശക്തമായി തിരിച്ചു വന്നു. ഇന്ന് ഏറ്റവും വലിയ വികസിത രാജ്യമായ അമേരിക്കയിൽ 90 മുതൽ 95 ശതമാനത്തോളം ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരാണ്. ശാസ്ത്ര സാങ്കേതിക വികസനങ്ങൾ മൂലം മതവിശ്വാസം അപ്രത്യക്ഷമാകുന്നില്ല. ശാസ്ത്ര വികാസത്തോടൊപ്പം മതം നശിക്കുമെന്ന പരിണാമവാദ സമീപനം മിക്ക സാമൂഹ്യ ശാസ്ത്രജ്ഞരും നിരസിച്ചിട്ടുണ്ട്.
മതവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ല. രണ്ടും വ്യത്യസ്ത കാഴ്ചപ്പാടുകളെ പരിരക്ഷിക്കുന്നു എന്നു മാത്രം. ഒന്നിന്റെ അസ്തിത്വം മറ്റൊന്നിൻ്റെ അസ്തിത്വത്തെ ഇല്ലായ്മ ചെയ്യുന്നില്ല. ശാസ്ത്രം പ്രായോഗിക ചോദ്യങ്ങൾക്കും മതം ബൃഹത്തായ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു. ജീവിതത്തിൻ്റെ അർത്ഥമെന്താണെന്ന ചോദ്യത്തിന് ലാബോ അല്ലെങ്കിൽ ശാസ്ത്രം നിർമ്മിച്ച മറ്റു പ്രായോഗിക ഉപകരണങ്ങളോ ഉപയോഗിച്ച് ഉത്തരം കണ്ടെത്താനാവില്ല. അതിനുത്തരം നൽകേണ്ടത് മതമാണ്. ശാസ്ത്രവും മതവും പരസ്പരം പരിപൂർണ്ണകങ്ങളാണെന്ന തീർപ്പിലേക്കാണ് സാമൂഹ്യ ശാസ്ത്രജ്ഞർ ഒടുവിലെത്തിയത്.
ഹംസ: അപ്പോൾ ഇസ്‌ലാമിലെ ഒരു മതത്തിൻ്റെ സാമൂഹ്യശാസ്ത്രം എങ്ങനെയായിരിക്കും?
ഡോ. ഷെന്‍തുര്‍ക്ക്: നേരത്തെ പറഞ്ഞതു പോലെ ഫിഖ്ഹ് തന്നെയാണ് അതിലൊന്ന്. നമ്മുടെ സാമൂഹ്യ ശാസ്ത്രമാണത്. അതിലൂടെ മാനുഷിക പ്രവൃത്തികളെ നാം പഠിക്കുന്നു. അത് പക്ഷെ, നിയമ നിർണ്ണയമല്ല. നിയമങ്ങൾ പ്രദാനിക്കുന്നതാണ് ഫിഖ്ഹ്. നിയമ പുസ്തകങ്ങളിൽ കാണുന്ന നിയമങ്ങൾ ശാസ്ത്രമല്ല. കർമ്മ ശാസ്ത്രപരമായ തീർപ്പുകളാണവ. ഫിഖ്ഹ് എന്ന് ഞാൻ പറയുമ്പോൾ അവ പ്രമുഖ മുജ്‌തഹിദുകളായ ശാഫി, ഹമ്പലി, മാലികി, ഹനഫി ഇമാമുമാർ മനസ്സിലാക്കിയ രീതിയിലൂടെയാണ് വായിക്കുന്നത്. കലാമും ഫിലോസഫിയും ഉൾക്കൊള്ളുന്നതാണ് അൽ
ഫിഖ്ഹുൽ അക്ബർ. കർമ്മ ശാസ്ത്രത്തിൻ്റെ സാങ്കൽപ്പികവും തത്വ ശാസ്ത്രപരമായ അടിത്തറയാണത്. ആസ്തിക്യം, ജ്ഞാന ശാസ്ത്രം തുടങ്ങിയ വിശാലമായ പരിസരങ്ങൾ വിശകലനം ചെയ്യുന്നത് അതാണ്. വ്യവഹാരികമായ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ഉസൂലുൽ ഫിഖ്ഹും ഫുറൂഉൽ ഫിഖ്ഹുമാണ്. ഫിഖ്ഹുൽ വിജ്ദാനി അല്ലെങ്കിൽ തസവ്വുഫ് ആണ് ആന്തരികമായ മനുഷ്യ പ്രവൃത്തികളെ പഠിക്കുന്നത്. ഫലത്തിൽ ഫിഖ്ഹ് ഇൽമിനോട് തുല്യമാണ്. ഉലൂമുൽ ആലത്ത് (Auxiliary disciplines) ആണ് ഫിഖ്ഹിനെ പരിചരിക്കുന്നത്. അവ ഫിഖ്ഹിൻ്റെ സഹായക ശാസ്ത്രമാണ്.
ഹംസ: ഇതുകൊണ്ടായിരിക്കുമോ ഓട്ടോമൻ മദ്രസകളിലെ ഉന്നത പഠന ശാഖയായി ഫിഖ്ഹുൽ അക്ബറി(ആലത്) നെ പരിചരിച്ചത്?
ഡോ. ഷെന്‍തുര്‍ക്ക്: അവിടെ മാത്രമല്ല, ഇസ്‌ലാമിക നാഗരികത ഉടനീളം അങ്ങനെ തന്നെ ആയിരുന്നു. മറ്റെല്ലാ വിജ്ഞാന ശാഖകളും ഫിഖ്ഹിനെ സഹായിച്ചു. ഹദീസ്, തഫ്സീർ, സ്വർഫ്, മആനി, ബലാഗ, മന്ത്വിഖ് എല്ലാം ഫിഖ്ഹിൻ്റെ സഹായക വിഷയങ്ങളാണ്. ഇവയുടെ സഹായത്തോടെ ഫിഖ്ഹ് ജീവിത പെരുമാറ്റച്ചട്ടങ്ങളെ നിർമ്മിച്ചു. ആർജ്ജവമുള്ള വികസിത ശാസ്ത്രമാണത്. ബഹുത്വ മൂല്യങ്ങളുള്ള യുക്തിയാണ് അത് പിന്തുടരുന്നത്. പാശ്ചാത്യ ലോകത്ത് നിയമവും നൈതികതയും ഇരു സ്വഭാവമുള്ള ലോജിക്കാണ് അനുധാവനം ചെയ്യുന്നത്. തെറ്റും ശരിയും. അത് അർത്ഥ ശൂന്യമാണ്. മറിച്ച്, ഫിഖ്ഹിൽ ഹലാലും ഹറാമും ഉണ്ട്. അവക്കിടയിൽ വാജിബ്, സുന്നത്ത് മുഅക്കദ്, സുന്ന ഗൈർ മുഅക്കദ്, മുസ്തഹബ്ബ്, മൻദൂബ്, മക്റൂഹ് തഹ് രീമൻ, മക്റൂഹ് തൻസീഹൻ എന്നിവയും ഉണ്ട്. ഇവിടെ, പല മൂല്യത്തിൻ്റെ പല മാനങ്ങളെ പ്രവൃത്തിയുമായി യോജിച്ച നിലവാരമുള്ള മൂല്യങ്ങളായി ഉപയോഗിക്കുന്നു. X എന്നതിനെ ഒരു പ്രവൃത്തിയായി എടുക്കുകയാണെങ്കിൽ ഒരു വെസ്റ്റേൺ എത്തിക്സ് എക്സ്പേർട്ടിന് തെറ്റ്, ശരി എന്നീ രണ്ട് മൂല്യ നിർണ്ണയ ഉപാധികൾ മാത്രമേ ഉണ്ടാകൂ. നേരെ മറിച്ച്, ഒരു ഫഖീഹിന് എത്ര മാത്രം വർഗീകരണ(Classification) ങ്ങളുണ്ടാകും. ഹനഫി ആണെങ്കിൽ 9, ശാഫിഈ ആണെങ്കിൽ 5 അങ്ങനെയങ്ങനെ. ഫിഖ്ഹ് മൾടിവാല്യൂ ലോജിക് ആണ് പിന്തുടരുന്നതെന്ന് സാരം. വളരെ സങ്കീർണ്ണമായ വ്യവസ്ഥയാണത്. സമൂഹത്തെ കുറിച്ചും മതത്തെ കുറിച്ചും കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഡർക്കൈം, മാർക്സ്, വെബർ എന്നിവരെക്കാളുപരി ഫിഖ്ഹിന് പറഞ്ഞു തരാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്.
ഫിഖ്ഹും സാമൂഹ്യശാസ്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം അനുഭവപരമായി തെളിയിക്കപ്പെട്ട വസ്തുതകളെയാണ് സ്വീകരിക്കേണ്ടത്. പക്ഷേ, നമുക്ക് സ്വന്തമായി വ്യാഖ്യാനങ്ങൾ ഉണ്ടായിരിക്കെ അവയുടെ പടിഞ്ഞാറൻ വ്യാഖ്യാനങ്ങളെ സ്വീകരിക്കുന്നത് ഭൂഷണമല്ല. വ്യാഖ്യാതാവിൻ്റെ മൂല്യങ്ങളും ലോകവീക്ഷണങ്ങളും വ്യാഖ്യാനത്തിൽ സ്വാധീനം ചെലുത്തും. ഭൗതികവാദി നിർമിക്കുന്ന വ്യാഖ്യാനത്തിൽ സ്വാഭാവികമായും ഭൗതികവാദങ്ങൾ കടന്നുവരും. അങ്ങനെ ഓരോ പ്രത്യയ ശാസ്ത്രങ്ങളുടെയും വക്താക്കളായ വ്യാഖ്യാതാക്കൾ അവരവരുടെ അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുന്നു. നമുക്ക് ഇസ്‌ലാമിക് ലോക വീക്ഷണം ഉള്ളതുകൊണ്ട് നമ്മുടേതായ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ച് ഡാറ്റകളെ വിശദീകരിക്കാൻ ആവും. പാശ്ചാത്യ സാമൂഹ്യ ശാസ്ത്രങ്ങളെ പൂർണമായും നമ്മൾ നിരാകരിക്കുന്നില്ല. അവയിൽ നിന്ന് അനുഭവപരമായി തെളിയിക്കപ്പെട്ട വസ്തുതകളെ അംഗീകരിക്കുകയും അവയിൽ നിന്ന് സ്വയം വ്യാഖ്യാനങ്ങൾ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്.
ഹംസ: ഓട്ടോമൻ സാമൂഹിക സംസ്കാരം വിശാലവും ബഹുസ്വര സ്വാഭാവമുള്ളതാണെന്നും എന്നാൽ അതിന് പകരമായി വന്ന ലോക സംസ്കാരങ്ങൾ ലോകത്ത് സ്ഥാപിച്ചത് അടഞ്ഞതും അന്യപ്രവേശനം അനുവദിക്കാത്തത്തുമായ രീതി ആണെന്ന് താങ്കൾ വാദിച്ചു. അതിൻ്റെ വിശാലതയും ബഹുസ്വരതയും മതപരമായ കാഴ്ചപ്പാടുകളിൽ നിന്ന് ഉടലെടുത്തതാണ്. നിങ്ങളുടെ അഭിപ്രായത്തെ വിശദീകരിക്കാമോ ?
ഡോ. ഷെന്‍തുര്‍ക്ക്: ഇസ്‌ലാമിക നാഗരികത ഓപ്പൺ ആണെന്ന് ഞാൻ പറയുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ആദ്യം ഞാൻ ഓപ്പൺ സിവിലൈസേഷൻ എന്നത് എന്താണെന്ന് പറയാം. ഔട്ട്‌ലുക്കും മറ്റുള്ള സിവിലൈസേഷനുകളുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അവയെ വർഗ്ഗീകരിക്കേണ്ടത്. മറ്റു നാഗരികതകളെ ബഹുമാനിക്കുന്നവയാണ് ഓപ്പൺ സിവിലൈസേഷൻ. എന്നാൽ തങ്ങളുടെതാണ് ഉത്തമമെന്ന് കരുതുകയും മറ്റുള്ളവയെ നിഷ്ക്കരുണം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നവയാണ് ക്ലോസ്ഡ് സിവിലൈസേഷൻ. ഉത്ഭവത്തിൻ്റെ ആദ്യം മുതൽക്ക് തന്നെ ഇസ്‌ലാം ഒന്നാം ഗണത്തിൽ വരുമെന്ന് ഇതുവഴി മനസ്സിലാക്കാം. അല്ലാഹുവിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) മദീനയിൽ ആദ്യത്തെ നാഗരികതക്ക് തുടക്കം കുറിച്ചു. പിന്നീട്, ഇസ്‌ലാമിക തലമുറകളും രാഷ്ട്രങ്ങളും അതിൽ നിന്ന് പിറവി കൊണ്ടു. അവിടെ ജൂതരെയും ക്രിസ്ത്യൻ സമൂഹങ്ങളെയും ഒരു കുടക്കീഴിൽ തന്നെ അധിവസിക്കാൻ അവസരമൊരുക്കി. മറ്റു നാഗരികതകളെ തിരിച്ചറിഞ്ഞ് പരിചരിക്കാൻ ഇസ്‌ലാമിനു സാധിക്കുന്നു. ആദ്യം പറഞ്ഞതു പോലെ, അവരിൽ നിന്ന് വിജ്ഞാനം ആർജ്ജിക്കാൻ വരെ നമ്മൾ തയ്യാറായി. ഈയൊരു വിശാലത കൈവരുന്നത് ഫിഖ്ഹ് ഉള്ളതു കൊണ്ടാണ്.
മത നിയമങ്ങളെ നിരാകരിക്കുന്നവർക്ക് പോലും അവകാശങ്ങൾ വകവെച്ചു നൽകുന്ന മതമാണ് ഇസ്‌ലാം. തൻ്റെ സന്ദേശങ്ങളെ തന്നെ നിഷേധിക്കുന്നവർക്ക് മത സ്വാതന്ത്ര്യവും അവകാശങ്ങളും എങ്ങനെയൊരാൾക്ക് നൽകാനാവും ? ഫുഖഹാഅ് ഇതിനുത്തരം നൽകുന്നുണ്ട്. അല്ലാഹു മാനവരാശിയെ സൃഷ്ടിച്ചതിലുള്ള ലക്ഷ്യമെന്താണ്? ഇതൊക്കെ അവരെ പരീക്ഷിക്കാൻ വേണ്ടിയാണ്. ഇസ്‌ലാമിക രാഷ്ട്രം, രാഷ്ട്രീയം, നിയമങ്ങൾ എല്ലാം അതിനു വേണ്ടിയാണെന്നും നിർബന്ധിത മത പ്രവേശനത്തിന് ഇസ്‌ലാം വില കൽപ്പിക്കുന്നില്ല എന്നറിയിക്കാൻ കൂടിയുമുള്ളതാണ്. നല്ലതും ചീത്തതും തിരഞ്ഞെടുക്കാൻ മനുഷ്യന് സ്വതന്ത്രമായ ചിന്തകൾ വേണം. തീർച്ചയായും അവരുടെ പ്രവൃത്തികളുടെ അനന്തര ഫലങ്ങൾ അവർ അനുഭവിക്കുകയും വേണം. മദീനയിൽ ജീവിച്ചിരുന്ന എല്ലാ തരം ജനങ്ങൾക്കും തെറ്റും ശരിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് പ്രവാചകൻ (സ്വ) കാണിച്ചു തന്നു. പിൽക്കാലത്ത് വന്ന മുസ്‌ലിം തലമുറകളും അല്ലാഹുവിൻ്റെ പരീക്ഷണലക്ഷ്യം കൈവരിക്കാൻ ശ്രമിച്ചു. മനുഷ്യർ സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കിൽ നരകാഗ്നിയിൽ ആർക്കും ഇടമുണ്ടാകില്ല. സ്വർഗ്ഗത്തിന്റെ കാര്യവും തഥൈവ. തെറ്റ് ചെയ്യുന്നവർക്ക് നരകവും. നന്മ ചെയ്യുന്നവർക്ക് സ്വർഗ്ഗവും. സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ സ്വർഗ്ഗം, നരകം എന്നിവക്ക് അർത്ഥമില്ല. ഇസ്‌ലാമിൻ്റെ സുതാര്യത ഫിഖ്ഹിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഫിഖ്ഹിൻ്റെ നാഗരികത എന്നു ഞാൻ വിളിക്കാൻ കാരണവുമതാണ്. ഫിഖ്ഹും ഇസ്നാദുമാണ് മറ്റു നാഗരികതകളിൽ നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്നത്.
ഹംസ: അസഹിഷ്ണുത (Intolerance) സ്വാഭാവികമായ അവശ്യവാദത്തിൻ്റെ ഫലമാണെന്നും, അശ്അരി, മാതുരീദി ധാരകളുടെ പ്രാപഞ്ചിക സംഭവ്യതക്ക് ഊന്നൽ നൽകുന്നത് കൊണ്ട് അത് അവരെ അസഹിഷ്ണുതയിലേക്ക് വഴുതി വീഴുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണല്ലോ താങ്കളുടെ വീക്ഷണം.
ഡോ. ഷെന്‍തുര്‍ക്ക്: അതെ. ഒരു സത്യം മാത്രമേ ഉള്ളൂ എന്നും അതാണ് പദാർത്ഥത്തിൻ്റെ അന്തഃസത്ത എന്നും അതു കണ്ടെത്തിയാൽ എല്ലാവരും അതിനെ അംഗീകരിക്കുമെന്നും അവശ്യവാദം (Essentialism) അഭിപ്രായപ്പെടുന്നു. പക്ഷേ, അത് സ്വേച്ഛാധിപത്യത്തിലേക്കും ക്ലോസ്ഡ് സയൻസിലേക്കും നയിക്കുന്നു. ഒരു ആപേക്ഷിക സിദ്ധാന്തത്തെ(Relationalist) അംഗീകരിക്കുമ്പോൾ ഒരേ വിഷയത്തെ കുറിച്ച് ആളുകൾക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാകും. വ്യത്യസ്ത വീക്ഷണങ്ങളെയും സാമുദായിക വ്യവഹാരങ്ങളെയും ഉൾക്കൊള്ളാൻ ഇതനുവദിക്കുന്നു. ഉദാഹരണത്തിന്, മുഅ്തസിലത്തിൻ്റെ ആപേക്ഷിക വാദം സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നത്.
(തുടരും)
വിവർത്തനം: ശറഫുദ്ധീൻ അഹ്‌മദ്
Turkish academic and sociologist of religion. He is currently serving as the Rector of Ibn Haldun University and is a strong advocate of non-western sociological theories such as those by the Muslim sociologist Ibn Khaldun. He has completed his Ph.D. from Columbia University, in Sociology, and specializes in civilization studies, sociology, and Islamic studies with a focus on social networks, human rights, and modernization in the Muslim world. He has penned plenty of books and articles and Narrative Social Structure: Anatomy of the Hadith Transmission Network, is a masterpiece work among them.