മുസ്‌ലിം നാഗരികതയും വൈജ്ഞാനിക വർഗ്ഗീകരണങ്ങളും

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും പാരമ്പര്യ രീതിയിൽ മത വിദ്യ നേടിയ പണ്ഡിതനുമാണ് ഡോ: റജബ് ഷെൻതുർക്ക്. പുരാതന ഓട്ടോമൻ മദ്റസയുടെ പാഠ്യ പദ്ധതിയെ ആധുനിക സമൂഹശാസ്ത്രവുമായി സമന്വയിപ്പിച്ച്, അതിന്റെ അധ്യാപന രീതിയെ സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ തന്നെ പുന:സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ചാരിറ്റി സംഘടനയായ
ഇസ്താംബൂൾ ഫൗണ്ടേഷൻ ഫോർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ISAR) ൻ്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. കലാം, ആധുനികത, പാരമ്പര്യം, സൂഫിസം എന്നിവയെ കുറിച്ച് ഷെൻതുർക്കുമായി ഹംസ കറമലി നടത്തിയ സംഭാഷണം.

ഹംസ കറമലി: ഡോ. റജബ് ഷെൻതുർക്ക്, പരമ്പരാഗത മതശാസ്ത്രങ്ങളിലും ആധുനിക ചിന്തകളിലും താങ്കൾക്കുള്ള അവഗാഹത്തിൻ്റെ അടിസ്ഥാനത്തിൽ ആധുനിക ശാസ്ത്രവും ഇസ്‌ലാമിക ശാസ്ത്രങ്ങളും തമ്മിലുള്ള അന്തരങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത് ? അവയെങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു ?

ഡോ. റജബ് ഷെൻതുർക്ക്: ഇസ്‌ലാമിക നാഗരികതക്കു കീഴിൽ വസിച്ചിരുന്ന അവസാന രണ്ടു നൂറ്റാണ്ടുകളിലെ മുസ്‌ലിം പണ്ഡിതന്മാർ നേരിട്ടിരുന്ന പ്രധാന ചോദ്യങ്ങളായിരുന്നു ഇതൊക്കെ. പുറം ലോകവുമായി അവരുടെ സമ്പർക്കങ്ങൾ പരിമിതമായിരുന്നു. ആരംഭം മുതലേ ഇസ്‌ലാമിക നാഗരികത വിശാലമായിരുന്നു. ഗ്രീക്ക്, ഇന്ത്യൻ, ഇറാൻ, ഈജിപ്ത് മുതലായ സമൂഹങ്ങളിൽ നിന്ന് വിജ്ഞാനമാർജ്ജിക്കാൻ മുസ്‌ലിം ധൈഷണികർ ഉത്സാഹം കാണിച്ചു. അവരുടെ പ്രധാന ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാലും, ഇസ്‌ലാമിക ശാസ്ത്രങ്ങൾക്ക് അടിത്തറ പാകുന്ന ഇസ്‌ലാമിക ലോക വീക്ഷണത്തെ (Islamic Worldview) കാത്തുസൂക്ഷിക്കുന്നതിൽ അവർ ബദ്ധശ്രദ്ധ കാണിച്ചിരുന്നു. ഈ ലോക വീക്ഷണത്തെ ഇസ്‌ലാമിക് ഒൻ്റോളജിയും ജ്ഞാനശാസ്ത്രവും ഇസ്‌ലാമിക രീതി ശാസ്ത്രങ്ങളുമെല്ലാം പ്രതിനിധീകരിക്കുന്നുണ്ട്. ഇസ്‌ലാമിക് ഒൻ്റോളജിക്ക് ബഹുമുഖ തലങ്ങളുണ്ട്. മുൽക്, മലകൂത്, ലാഹൂത് തുടങ്ങിയ വ്യത്യസ്ത തലങ്ങളുള്ള ആസ്തിക്യത്തെ (Existence) അത് അംഗീകരിക്കുന്നു. മുൽകിനും മലകൂതിനും ഉപവിഭാഗങ്ങളുണ്ട്.

ഹംസ: മുൽക്, മലകൂത് എന്നിവയെ എങ്ങനെ വിശകലനം ചെയ്യാം ?

ഡോ. ഷെൻതുർക്ക്: മുൽക് എന്നത് നിരീക്ഷണ യോഗ്യമായ ഭൗതിക ലോകവും മലകൂത് ആലമുൽ ഗൈബായ അദൃശ്യ ലോകവുമാണ്. അവിടെയാണ് ലാഹൂത് സ്ഥിതി ചെയ്യുന്നത്. അല്ലാഹുവിൻ്റെ പരമമായ ഉണ്മ വസിക്കുന്നത് അവിടെയാണ്. ദൈവീകമായ തലത്തിൽ നിന്ന്, അല്ലാഹുവിന് സംരക്ഷണം നൽകുന്ന മറ്റൊരു അസ്തിത്വവുമില്ല (ലാ മൗജൂദ ഇല്ലല്ലാഹ്) എന്ന് സൂഫികൾ പറയുന്നു. ആസ്തിക്യത്തിൻ്റെ മറ്റു തലങ്ങളെ നിരാകരിക്കുന്നത് കുഫ്റ് ആണ്. കാരണം മുൽകിനെയും മലകൂതിനെയും സൃഷ്ടിച്ചത് ഞാനാണെന്ന് അല്ലാഹു പറയുന്നുണ്ട്. അതു കൊണ്ട് അവയെ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെങ്കിലും ദൈവമായി പരിഗണിക്കാവുന്നത് അല്ലാഹു മാത്രമേയുള്ളൂ. വളരെ തുടക്കത്തിൽ തന്നെ മറ്റു നാഗരികതകളുമായി സമ്പർക്കം പുലർത്തുമ്പോഴും മുസ്‌ലിം പണ്ഡിതർ പല മാനങ്ങളുള്ള ഈ സത്താ ശാസ്ത്രത്തെ മുറുകെ പിടിച്ചിരുന്നു. അല്ലാതെ ഗ്രീക്കുകാരിൽ നിന്ന് കടംകൊണ്ട ഒൻ്റോളജി അല്ല ഇത്.

ഇക്കാലത്ത് ഇസ്‌ലാമിക് സയൻസിനെ ആധുനിക പടിഞ്ഞാറൻ സയൻസുകളുമായി താരതമ്യം ചെയ്യുമ്പോഴും ഇക്കാര്യം തന്നെ കടന്നു വരുന്നതായി കാണാം. ആധുനിക പാശ്ചാത്യ ശാസ്ത്രങ്ങളുടെ ഉണ്മയെ കുറിച്ചുള്ള വീക്ഷണവും ഇസ്‌ലാമിക ശാസ്ത്രങ്ങളുടേതും തമ്മിൽ എന്താണ് അന്തരം? ആധുനിക പടിഞ്ഞാറൻ സയൻസുകൾ ഭൗതിക വാദത്തിലും ന്യൂനീകരണവാദത്തിലുമാണ് കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രപരമായി ആശയവാദികളെന്ന് പരിചയപ്പെടുത്തുകയും എല്ലാ വസ്തുക്കളെയും ഭൗതിക തലത്തിലേക്ക് ചുരുക്കാനുമാണ് അവർ ശ്രമിക്കുന്നത്. അരിസ്റ്റോട്ടിലിൻ്റെയും പ്ലേറ്റോയുടെയും കാലത്ത് തുടങ്ങിയതാണ് ഭൗതികവാദവും ആശയവാദവും തമ്മിലുള്ള സംവാദങ്ങൾ. അത് ഇപ്പോഴും തുടരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ശാസ്ത്രങ്ങൾ ന്യൂനീകരണവാദങ്ങളല്ല. ഭൗതിക തലം എന്നത് ഉണ്മയുടെ ഒരു തലം മാത്രമാണെന്ന് അവർ കരുതുന്നു. അവരതിനെ നിഷേധിക്കുകയോ അത് മാത്രമാണ് ശരിയെന്ന് സ്ഥാപിക്കുകയോ ചെയ്യുന്നില്ല. ഉണ്മയുടെ ആശയവാദവും തഥാ തന്നെ. സ്വീകാര്യമാണെങ്കിലും എല്ലാം അതിലേക്ക് ചുരുങ്ങുന്നില്ല എന്നും അവർ ധരിക്കുന്നു.

ഇസ്‌ലാമിക ശാസ്ത്രങ്ങൾ ദൈവീക അസ്തിത്വത്തെയാണ് അംഗീകരിക്കുന്നത്. അതിൽ ബഹുമുഖങ്ങളുള്ള സത്താശാസ്ത്രപരമായ ജ്ഞാനശാസ്ത്രങ്ങളുമുണ്ട്. ഉണ്മയുടെ ഓരോ തലങ്ങളെയും മനസ്സിലാക്കാനും പഠിക്കാനും വിവിധ തരം ജ്ഞാനശാസ്ത്രങ്ങളെ അവലംബിക്കേണ്ടി വരും. ഇസ്‌ലാമിക പാരമ്പര്യത്തിൽ ‘മറാതീബുൽ ഉലൂം’ എന്ന ജ്ഞാന ശാഖ തന്നെ ഇതിനായി രൂപപ്പെട്ടിട്ടുണ്ട്. വിജ്ഞാനത്തിന് അനേകം തലങ്ങളുണ്ട്. അനുഭവ ജ്ഞാനങ്ങളായ കശ്ഫ്(Unveiling), ഇൽഹാം (Inspiration), റുഅ്‌യ(Dream vision), ഹദ്സ് (Intuition) എന്നിവ പോലെ യുക്തി ജ്ഞാനവും (Rational Knowledge), പ്രായോഗിക ജ്ഞാനവും (Empirical Knowledge), വെളിപാടു ജ്ഞാനവും (Revealed Knowledge) അറിവിൻ്റെ സ്വീകാര്യ ഉറവിടങ്ങളാണ്. കശ്ഫ്, ഇൽഹാം, റുഅ്‌യ തുടങ്ങിയ ഭാവനാത്മക ജ്ഞാനങ്ങൾ വസ്തുനിഷ്ഠ ജ്ഞാനങ്ങളായ റേഷണൽ, എംപിരിക്കൽ, റിവീൽഡ് എന്നിവയുമായി വൈരുദ്ധ്യാത്മകത പുലർത്തുന്നില്ല. ഈയൊരു ബഹുരൂപ വ്യവസ്ഥയിലെ പല ജ്ഞാന ശാഖകൾ തമ്മിലുള്ള ബന്ധം അവ പരസ്പര പൂരകമായി വർത്തിക്കുന്നതിലും നില കൊള്ളുന്നു. ബഹുമുഖങ്ങളുള്ള സത്താശാസ്ത്രമുള്ളതു കൊണ്ട് തന്നെ ബഹുമുഖങ്ങളുള്ള രീതിശാസ്ത്രങ്ങളും ഓരോ ജ്ഞാനശാസ്ത്രത്തിനും ഓരോ രീതിശാസ്ത്രവുമുണ്ട്. ഇസ്‌ലാമിക പാരമ്പര്യത്തിൽ ഇതിന് മറാതിബുൽ ഉസ്വൂൽ എന്ന് പേരുണ്ട്.

ഇനി പടിഞ്ഞാറൻ സയൻസുകളിലേക്ക് നോക്കുകയാണെങ്കിൽ അവയിൽ ഒരു മെത്തൊഡോളജി മാത്രമേ ഉപയോഗിച്ചതായി കാണാനാവൂ. എല്ലാ സന്ദേഹങ്ങൾക്കും ഒരു രീതിശാസ്ത്രം കൊണ്ട് നിവാരണങ്ങൾ കണ്ടെത്തണമെന്ന് അവരാഗ്രഹിക്കുന്നു. അനുഭവമാത്രവാദികൾ അനുഭവമാത്ര(Empirical) രീതി മാത്രം ഉപയോഗിക്കുന്നു. യുക്ത്യാധിഷ്ഠിത (Rationalist) വാദികൾ യുക്ത്യാധിഷ്ഠിത രീതി മാത്രം ഉപയോഗിക്കുന്നു. മത വിശ്വാസികൾ പരമ്പരാഗത മത സങ്കൽപ്പങ്ങൾ മാത്രം സ്വീകരിക്കുകയും യുക്തി, പ്രയോഗ ജ്ഞാന മാർഗ്ഗങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ശാസ്ത്രങ്ങൾ നേരെ വിപരീതമായി ബഹിഷ്കരണങ്ങളില്ലാതെ പരസ്പര സഹകരണത്തോടെ വർത്തിക്കുന്നു. ഭാഷ്യതന്ത്ര (Hermeneutics) ത്തെ കുറിച്ചും ഇതു തന്നെ പറയാം.

‘മറാതിബുൽ മആനി’ എന്ന് ഇസ്‌ലാമിക് ഹെർമെന്യൂട്ടിക്സിനെ വിശേഷിപ്പിക്കാം. അതിൽ ബാഹ്യാർത്ഥങ്ങൾ (അൽ മഅന-ളാഹിർ), ആന്തരികാർത്ഥങ്ങൾ (അൽ മഅനൽ ബാതിൻ), ആശയാർത്ഥങ്ങൾ (മഅനൽ മഅന) എന്നിവയാണ് ഉൾപ്പെടുന്നത്.

ഹംസ: ബാഹ്യ, ആന്തരിക അർത്ഥങ്ങളെന്താണ് ?

ഡോ. ഷെൻതുർക്ക്: അതിൽ അർത്ഥങ്ങളുടെ അർത്ഥങ്ങൾ (Meaning of Meanings) എന്നൊന്നുണ്ട്. ഒരുദാഹരണത്തിലൂടെ പറയാം. ഒരാൾ വാതിലിൽ മുട്ടി. അപ്പോൾ അകത്തു നിന്നൊരാൾ “ഉള്ളിലാരുമില്ല” എന്ന് പ്രതിവചിച്ചു. ഇതിൻ്റെ അർത്ഥമെന്താണ് ? അകത്ത് ഒരാൾ ഉണ്ടെന്ന് ഭാഷാർഥം പറയാം. പക്ഷേ, ആശയാർത്ഥം “താങ്കൾ അകത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നാണ്. അത് സന്ദർഭത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

ഹംസ: മറ്റൊരു തലത്തിൽ പറഞ്ഞാൽ ‘അർത്ഥങ്ങളുടെ സാരങ്ങൾ’ എന്നത് ആത്യന്തിക ലക്ഷ്യം എന്നാണോ ?

ഡോ. ഷെൻതുർക്ക്: തീർച്ചയായിട്ടും. ഉദാഹരണത്തിന്, ഖുർആനിൽ അനന്തമായ അർത്ഥങ്ങളുണ്ട്. അതിൽ മറാതിബുൽ മആനിയും തഫ്സീർ ബിദ്ദിറായയും( പ്രകട ആശയങ്ങളുടെ വ്യാഖ്യാനം) തഫ്സീർ ബിർരിവായയും ( കൈമാറി വന്ന വ്യാഖ്യാനം) തഫ്സീർ ബിൽ ഇഷാറയും ( ഉദാഹരണങ്ങളിലൂടെയുള്ള വ്യാഖ്യാനം) അടങ്ങിയിട്ടുണ്ട്. ഖുർആനിക സൂക്തങ്ങൾക്ക് ഒരർത്ഥം മാത്രമേയുള്ളൂ എന്ന് പറയാനാവില്ല. ഒന്നിനെ മറ്റൊന്ന് കൊണ്ട് ഖണ്ഡിക്കാനോ ഒഴിവാക്കാനോ സാധിക്കാത്ത രൂപത്തിൽ ഒരുപാട് അർത്ഥങ്ങൾ ഒരു ആയത്തിന് മാത്രം കാണാനാവും. മറാതിബുൽ മആനിയെ പോലെ അൽ മഅ്നൽ ഹഖീഖി (യഥാർത്ഥ അർത്ഥം), അൽ മഅ്നൽ മജാസി (ആലങ്കാരിക അർത്ഥം), അൽ മഅ്നൽ ഉർഫി (വ്യവസ്ഥാപിത അർത്ഥം) എന്നിവ കൂടി ഖുർആനിൽ ഉണ്ട്. സൂക്തങ്ങളുടെ അർത്ഥങ്ങൾ ഗ്രഹിക്കാൻ ഒരുപാട് വഴികളുണ്ട്. ആസ്തിക്യത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ സ്വിദ്ഖിന് വ്യത്യാസം സംഭവിക്കാം. ഈ ലോകത്ത് സത്യമെന്ന് പരിഗണിക്കപ്പെടുന്നത് അദൃശ്യ ലോകത്ത് അസത്യമാവാം. സ്വർഗ്ഗത്തിൽ ഗുരുത്വാകർഷണമുണ്ടെന്ന് പറയാനാവില്ല. സമൂലമായ മാറ്റങ്ങൾ സംഭവിച്ച ലോകമാകും അവിടെയുണ്ടാവുക എന്നാണ് ഞാനുദ്ദേശിച്ചത്. ഒരു നിലയിലുള്ള അസ്തിത്വത്തിന്റെ വസ്തുതകൾ ഒരാൾ
അസ്തിത്വത്തിന്റെ മറ്റ് തലങ്ങളിലേക്ക് അവതരിപ്പിക്കരുത്. ഇതൊക്കെയാണ് ഇസ്‌ലാമിക ശാസ്ത്രങ്ങളുടെ അടിസ്ഥാന തത്വങ്ങൾ.

ഈ സമീപനം ബഹുമുഖങ്ങളുള്ളതും വൈവിധ്യ പൂർണവുമാണെന്ന് നമുക്ക് കാണാൻ കഴിയും. വൈവിധ്യത്തിലും ഏകത്വം കൈവരിക്കപ്പെടുകയും ന്യൂനീകരണവാദം നിരാകാരിക്കപ്പെടുകയുമാണ് ഇവിടെ. ഞാനിതിനെ ‘ഓപൺ സയൻസ്’ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. ബഹുമുഖങ്ങളുള്ള ജ്ഞാനശാസ്ത്രത്തെ ‘ഓപ്പൺ എപിസ്റ്റെമോളജി’ യെന്നും ബഹുമുഖങ്ങളുള്ള സത്താശാസ്ത്രത്തെ ‘ഓപ്പൺ ഓൻ്റോളജി’ എന്നും ബഹുമുഖങ്ങളുള്ള രീതിശാസ്ത്രത്തെ ‘ഓപ്പൺ മെത്തഡോളജി’ എന്നും ബഹുമുഖങ്ങളുള്ള ഭാഷ്യതന്ത്രത്തെ ‘ഓപ്പൺ ഹെർമെന്യൂട്ടിക്സ്’ എന്നും വിളിക്കാം. തന്മൂലം, വസ്തുതകളെ ഒരു പ്രത്യേക തലത്തിലേക്ക് ചുരുക്കാൻ ഇവ ശ്രമിക്കുന്നില്ല എന്നു പറയാം. വിശാലമായത് കൊണ്ട് അവയെല്ലാം വൈവിധ്യങ്ങളെ സ്വീകരിക്കുന്നു. ഒരു ബഹുമുഖ സ്വഭാവമുള്ള സമീപനത്തിന്റെ സാമൂഹിക പ്രത്യാഘാതമെന്നത് അവ സാമുദായിക സംവാദങ്ങളെ പരസ്പരം യോജിപ്പിക്കുന്നു എന്നതാണ്. അനുഭവമാത്ര ജ്ഞാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സമുദായത്തിന് അതിൻ്റേതായ ഇടങ്ങളുണ്ടാകും. അങ്ങനെ ഓരോ കമ്മ്യൂണിറ്റിക്കും അതിനു മാത്രമുള്ള ഇടങ്ങൾ സമൂഹത്തിലുണ്ടാകും. ഈയൊരു മാതൃക പരസ്പര സഹവർത്തിത്വം സാധ്യമാക്കുന്നു.

നേരെ മറിച്ച്, ന്യൂനീകരണ സ്വഭാവമുള്ളതും, സങ്കീർണ്ണമല്ലാത്തതും, അവിഭജിതവുമായ സത്താശാസ്ത്രം അംഗീകരിക്കുന്ന ഒരാൾ വ്യതിരിക്തമായ ലോക വീക്ഷണം വെച്ചു പുലർത്തുന്ന ആരെയും അവമതിക്കും. പഴയ സോവിയറ്റ് യൂണിയനിൽ ഇതാണ് സംഭവിച്ചത്. സാമ്രാജ്യത്വത്തിലേക്ക് നയിക്കുന്ന ഒരു സയൻസിൻ്റെ പരിണിത ഫലമായി ദശ ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ഓപ്പൺ സയൻസ് ബഹുസ്വരതയും വിശാല നാഗരികതയും സൃഷ്ടിക്കുന്നു. ക്ലോസ്ഡ് (അടഞ്ഞ) സയൻസ് സ്വീകരിക്കാത്തതു മൂലം ചൈനയിലും നാൽപ്പത് ലക്ഷത്തോളം മനുഷ്യർ കൊല ചെയ്യപ്പെട്ടു. അസ്തിത്വത്തെ കുറിച്ചും യാഥാർത്ഥ്യത്തെ കുറിച്ചും ഭാഷ്യതന്ത്രത്തെ കുറിച്ചും അവർ വ്യത്യസ്ത കാഴ്ചപ്പാടുകൾ വെച്ചു പുലർത്തി. വിഭിന്നമായ വീക്ഷണങ്ങളുള്ളവർക്ക് ഇടമില്ലാത്തതു മൂലം തന്നെ ആധുനിക ശാസ്ത്രങ്ങൾ വളരെ അപകടം പിടിച്ചവയാണ്. യാഥാർത്ഥ്യത്തെ പ്രതിനിധീരിക്കുന്നുവെന്ന് അവകാശപ്പെടുന്നതോടൊപ്പം സയൻസിനെ എതിർക്കുന്നവർ അന്ധവിശ്വാസികളാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക് സയൻസ് അതിൻ്റെ അടിസ്ഥാന തത്വങ്ങളെയും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിഫലനങ്ങളെയും സംബന്ധിച്ച് മോഡേൺ പോസിറ്റിവിസ്റ്റ് ശാസ്ത്രങ്ങളെക്കാൾ വ്യത്യസ്തമാണ്. ബൗദ്ധികവും അക്കാദമികവും സൈദ്ധാന്തികവുമായ വിഭിന്നതകൾ, സാമൂഹികവും രാഷ്ട്രീയവുമായ സംഘട്ടനങ്ങളായി മാറുന്നതിൽ നിന്ന് ഇത് തടയുന്നു. അതുകൊണ്ടാണ് ഇസ്‌ലാമിൽ നിയമ, വിശ്വാസ, ആദ്ധ്യാത്മിക തലങ്ങളിൽ വിവിധ മദ്ഹബുകൾ രൂപം കൊണ്ടത്. ഓപ്പൺ സയൻസ് പിന്തുടരുന്നത് കാരണമാണ് ഇസ്‌ലാമേതര കാഴ്ചപ്പാടുകളെയടക്കം ഉൾക്കൊള്ളാൻ മുസ്‌ലിമിന് കഴിയുന്നത്.

ഹംസ: ഫിഖ്ഹും സോഷ്യോളജിയും തമ്മിൽ ബന്ധമുണ്ടെന്ന് താങ്കൾ വാദിച്ചിരുന്നല്ലോ. എന്താണത് ?

ഡോ. ഷെൻതുർക്ക്: ഇസ്‌ലാമിൽ മാനുഷിക പ്രവർത്തനങ്ങളെ (അമൽ) പഠിക്കുന്നത് ഫിഖ്ഹിലൂടെയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സോഷ്യൽ സയൻസിലൂടെയും. ഒരേ വിഷയം കൈകാര്യം ചെയ്യുന്ന രണ്ട് ശാസ്ത്ര ശാഖകൾ. പക്ഷേ ഞാൻ പറഞ്ഞല്ലോ, ഫിഖ്ഹും സോഷ്യോളജിയും വെവ്വേറെ സത്താശാസ്ത്രത്തെയും രീതിയെയും അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്. ചരിത്രപരമായി മുസ്‌ലിംകൾ അമലുകളെ ഫിഖ്ഹിലൂടെ പരിചയിച്ചു. അവരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിഹാരങ്ങൾ ഫിഖ്ഹിലൂടെ കണ്ടെത്തി. ഇസ്‌ലാമിലെ ദൈനംദിന ജീവിതത്തിലെ മാനദണ്ഡ വ്യവസ്ഥ ഫിഖ്ഹിൽ നിന്നും പാശ്ചാത്യരുടേത് സാമൂഹ്യ ശാസ്ത്രത്തിൽ നിന്നുമാണ് ഉരുത്തിരിഞ്ഞത്. ഇതു പറയുമ്പോൾ ഒരു മറുചോദ്യം വന്നേക്കാം. സോഷ്യൽ സയൻസ് ഒരു ഒബ്ജക്ടീവ് സയൻസാണെന്ന് പറയപ്പെടുന്നു. അവ ‘What is it ?’ ടൈപ്പ് ചോദ്യങ്ങൾക്കാണ് ഉത്തരം നൽകുന്നത്. എന്നാൽ ഫിഖ്ഹ് ‘What should it be ?’ ടൈപ്പ് ചോദ്യങ്ങൾക്കാണ് മറുപടി തരുന്നത്. ഇതൊരു ക്ലീഷേയായി ആവർത്തിക്കപ്പെടാറുണ്ടെങ്കിലും യാഥാർത്ഥ്യത്തിൽ അങ്ങനെയല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. ‘What is it ?’ ടൈപ്പ് ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകുന്ന ഒരു സോഷ്യോളജിസ്റ്റിനെ മുസ്‌ലിം ലോകത്തോ വെസ്റ്റേൺ രാജ്യങ്ങളിലോ കാണാൻ കഴിയില്ല. ഉദാഹരണത്തിന്, ഒട്ടോമൻ ലോകത്തിന് സോഷ്യോളജി പരിചയപ്പെടുത്തിയ യൂണിയൻ ആൻഡ് പ്രോഗ്രസ് പാർട്ടിയുടെ അനുഭാവിയുമായിരുന്ന സിയാ ഗോകാൽപ് (Ziya Gökalp) എമിലി ദുർക്കൈം, സോഷ്യലിസ്റ്റായിരുന്ന കാറൽ മാർക്സ്, ടോണി ബ്ലെയറിൻ്റെ പിന്തുടർച്ചക്കാരനായിരുന്ന ആൻ്റണി ഗിഡ്ഡൻസ്, മിഷേൽ ഫൂക്കോ, യുർഗൻ ഹേബർമാസ് തുടങ്ങിയ ചിന്തകന്മാർക്കെല്ലാം തന്നെ “what is it?’, “How should
it be?” എന്നീ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുണ്ടായിരുന്നു. എന്നിട്ടും സോഷ്യോളജിയുടെയും സോഷ്യൽ സയൻസിൻ്റെയും ആമുഖ ഗ്രന്ഥങ്ങളിൽ “what is it?” ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മാത്രമാണ് സോഷ്യോളജി എന്ന പഠന ശാഖ പ്രദാനിക്കുന്നത് എന്നാണ് ആവർത്തിക്കപ്പെട്ടിരിക്കുന്നത്.

യുക്തിപരമായി ചിന്തിക്കുമ്പോൾ “what it
should be?” എന്നതിന് മറുപടി കണ്ടെത്താൻ ആദ്യം “what is it?” ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയണം. അപ്പോൾ ഒരു മുഫ്തി ഒരു വൈദ്യസംബന്ധിയായ, അല്ലെങ്കിൽ സാമ്പത്തിക ക്രയവിക്രയങ്ങളെ പ്രതി ചോദ്യം ചോദിക്കപ്പെടുമ്പോൾ ആദ്യം അതെന്താണെന്ന് നന്നായി അയാൾ അറിഞ്ഞിരിക്കണം. എന്നാലേ അതു സംബന്ധിച്ച ഫത്‌വ അദ്ദേഹത്തിന് നൽകാനാവൂ. നിലവാരമുള്ള ഉത്തരത്തിന് വസ്തുനിഷ്ഠമായ ധാരണ ആവശ്യമാണ്. വസ്തുനിഷ്ഠമായ ഉത്തരമാണ് സാമൂഹിക വിഷയങ്ങളെ കുറിച്ച് നിലവാരമുള്ള തീരുമാനങ്ങൾ രൂപപ്പെടുത്തുക. കാരണം, “what is it?”തരത്തിലുള്ള ചോദ്യങ്ങൾക്ക് ഒരാൾ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രശ്നത്തെ കൂടുതൽ ഫ്രെയിം ചെയ്ത് പഠിക്കാൻ ഹേതുവാകുന്നു. ഫ്രെയിമിങ് ആണ് നിലവാരത്തിൻ്റെ അടിത്തറ.

നൂറ്റാണ്ടുകളിലുടനീളം ഫിഖ്ഹും ഫുഖഹാക്കളും മുസ്‌ലിംകളുടെ സാമ്പത്തിക, രാഷ്ട്രീയ ഇടങ്ങളിൽ കാര്യമായ പങ്ക് വഹിച്ചു. ചിലർക്ക് അൽ മാവർദി, ഇബ്നു തൈമിയ്യ പോലോത്തവരുടെ ‘സിയാസ ശർഇയ്യ’ ഗ്രന്ഥങ്ങൾ മാത്രമായിരുന്നു പരിഗണനീയം. അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും ഗ്രന്ഥങ്ങൾ വിരചിതമായി. മുഹമ്മദ് ബിൻ ഹസൻ ശയ്‌ബാനിയുടെ ‘ കിതാബുസ്സിയർ അസ്സഗീർ’, ‘കിതാബുസ്സിയർ അൽ കബീർ’ പോലുള്ള കൃതികൾ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചുള്ളവയാണ്. ഇമാം അബൂ യൂസുഫിൻ്റെ ‘കിതാബുൽ ഖറാജ്’ നാണയ, നികുതി വ്യവസ്ഥകളെ മാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. ഇതിൻ്റെയൊക്കെ ഫലമായി, വെസ്റ്റേൺ ശാസ്ത്രങ്ങൾ ഇസ്‌ലാമിക ലോകത്ത് കടന്നുവന്നപ്പോൾ അവക്കൊക്കെയും ഫിഖ്ഹിൻ്റെ നിഴലിലൊതുങ്ങാനേ കഴിഞ്ഞുള്ളൂ. പക്ഷേ, ഈ രണ്ട് ശാഖകൾ തമ്മിലുള്ള ഗൗരവമായ സംഘട്ടനത്തിന് അത് വഴിവെച്ചു. ക്രമേണ, പരമ്പരാഗതമായി ഫിഖ്ഹ് മേലാളത്വം പുലർത്തിയ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ സാമൂഹിക ശാസ്ത്രങ്ങൾ മേൽക്കോയ്മ നേടുകയും നയ രൂപീകരണങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു. ഓട്ടോമൻ കാലഘട്ടത്തിൻ്റെ അവസാനത്തിൽ ഫിഖ്ഹീ പണ്ഡിതരും വെസ്റ്റേൺ പരിഷ്കർത്താക്കളും തമ്മിൽ തീവ്രമായ സംവാദങ്ങൾ രൂപംകൊണ്ടു. ചിന്തകന്മാർ പാശ്ചാത്യ സാമൂഹ്യശാസ്ത്ര സംവിധാനം ഇറക്കുമതി ചെയ്യാൻ ആഗ്രഹിച്ചു (പാശ്ചാത്യൻ എന്ന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു. കാരണം അവിടെ ഒരുപാട് സോഷ്യോളജിക്കൽ ട്രഡീഷനുകൾ ഉണ്ട്. Emile Durkheim, Karl Marx, Max Weber എന്നിവരെല്ലാം നിലപാടുകളിൽ ഭിന്നത പുലർത്തിയവരായിരുന്നു. അവയൊക്കെ ഒരു കൊട്ടയിൽ കൂട്ടുന്നത് ന്യായമല്ല). അടിസ്ഥാനപരമായി, ഇവരെല്ലാം പോസിറ്റിവിസ്റ്റ് സോഷ്യോളജി ഇറക്കുമതി ചെയ്യാനും അതിനെ ഫിഖ്ഹുമായി സംയോജിപ്പിക്കാനും വെമ്പൽ കൊണ്ടു.

ഈ ആവശ്യത്തെ കൂടുതൽ പിന്താങ്ങിയ ഒരാളാണ് Ziya Gökalp. ഇസ്‌ലാമിനെ പടിഞ്ഞാറുമായി ബന്ധപ്പെടുത്തി ഒരു സോഷ്യൽ സയൻ്റിഫിക് ഫിഖ്ഹ് നിർമിക്കണമെന്ന് അദ്ദേഹം വാദിച്ചു. യഥാർത്ഥത്തിൽ, ഇസ്‌ലാമിനെ വെസ്റ്റേണുമായി സമ്മേളിപ്പിക്കുന്നതിലൂടെ അയാൾക്ക് ചില ഗൂഢ താൽപര്യങ്ങളുണ്ടായിരുന്നു. പക്ഷേ, സഈദ് ഹലീം പാഷയെ പോലുള്ള പണ്ഡിതർ അതിനെ നിശിതമായി എതിർത്തു. ഫിഖ്ഹ് കൊണ്ടു തന്നെ അത്യാവശ്യങ്ങൾ നിറവേറുമെന്നിരിക്കെ മറ്റൊന്നിൻ്റെ ആവശ്യമില്ലെന്ന് അവർ വാദിച്ചു. ഇന്നും ഫിഖ്ഹ് പൂർണമല്ലെന്ന് പറയുന്നവരുണ്ട്. എനിക്കവരോട് ചോദിക്കാനുള്ളത്, നിങ്ങളാരെങ്കിലും ഒരു കർമശാസ്ത്ര പ്രശ്നവുമായി മുഫ്തിയെ സമീപിക്കുകയും, അദ്ദേഹം ഉത്തരമറിയില്ലെന്ന് കൈമലർത്തുകയും ചെയ്തിട്ടുണ്ടോ? ഫിഖ്ഹ് എപ്പോഴും ചലനാത്മകമാണ്. അതിൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നു. ചില ചോദ്യങ്ങൾക്ക് ഫിഖ്ഹിന് മറുപടി നൽകാൻ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ, ഏത് ശാസ്ത്ര ശാഖ കൊണ്ട് അവയ്ക്ക് പരിഹാരം നൽകാനാവും ? ഉദാഹരണത്തിന്, വൈദ്യ ശാസ്ത്രത്തിൽ ഫ്ലൂ രോഗത്തിനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്യാൻസറിനും എയ്ഡ്സിനും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട്, ആരെങ്കിലും വൈദ്യശാസ്ത്രം മരവിച്ചു പോയെന്നും അതുകൊണ്ട് കാര്യമില്ലെന്നും പറയുമോ ?

ഫിഖ്ഹും സോഷ്യൽ സയൻസും പരസ്പര പൂരകങ്ങളാണെന്ന ബന്ധം, ആധുനികവൽകരണത്തിൻ്റെ ആരംഭകാലത്ത് മുസ്‌ലിം ധൈഷണികർക്കിടയിൽ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഉദാഹരണത്തിന്, സാമ്പത്തിക ശാസ്ത്രത്തിൽ എങ്ങനെ അത് നിയന്ത്രിക്കും?, പലിശ അനുവദനീയമാകുമോ ഇല്ലെയോ? തുടങ്ങിയ സന്ദേഹങ്ങൾ. പലിശ ഉപയോഗിക്കരുത് എന്ന് ഇസ്‌ലാമും പലിശ ഇല്ലാതെ സമ്പദ് വ്യവസ്ഥ ഇല്ലായെന്ന് സോഷ്യൽ സയൻസും മുന്നോട്ട് വെക്കുന്നു. രണ്ട് ശാഖകൾക്കിടയിലുള്ള ഈ അന്തരങ്ങൾ മറ്റ് പഠന മേഖലകളിലും തീർച്ചയായും ഉണ്ട്.

ആത്യന്തികമായി, ഇസ്‌ലാമിക നാഗരികതയുടെ പുനരുത്ഥാനം ഫിഖ്ഹിൻ്റെ പുനരുദ്ധാരണത്തിലൂടെയാണ് സാധ്യമാകുന്നത്. കാംബ്രിഡ്ജിലെ എല്ലാ സാമൂഹിക ശാസ്ത്ര വകുപ്പുകളിലും ഫിഖ്ഹ് പഠിപ്പിക്കുകയാണെന്ന് കരുതുക. എന്നാൽ സാമ്പത്തിക ശാസ്ത്രത്തിൽ വെസ്റ്റേൺ ഇക്കണോമിക്സിനെ ഒഴിവാക്കുകയും കിതാബുൽ ബയ്അ് പഠിപ്പിക്കുകയും പലിശ നിഷിദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്യും. മനശാസ്ത്ര ഡിപ്പാർട്ട്മെൻ്റിൽ തസവ്വുഫിനെ പരിചയപ്പെടുത്തും. അങ്ങനെയെങ്കിൽ വെസ്റ്റേൺ സിവിലൈസേഷൻ അവശേഷിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? അവിടെ ഇസ്‌ലാമിക നാഗരികത ഉയർന്നു വരും. അതിനു വിപരീതമായാണ് നമുക്ക് സംഭവിച്ചത്. ഫിഖ്ഹ് അധ്യാപനം നടത്തേണ്ടിടത്ത് പാശ്ചാത്യ വിഷയങ്ങൾ കയറിപ്പറ്റി. നമുക്കിത് ശീലമായത് കൊണ്ട് അപരിചിതത്വം നമുക്ക് അനുഭവപ്പെടുന്നില്ല. മറിച്ച്, ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ വെസ്റ്റേൺ സയൻസിനു പകരം ഇസ്‌ലാമിക് ശാസ്ത്ര ശാഖകൾ അധ്യാപനം ചെയ്യുന്നതായി കരുതുന്നത് നമുക്ക് അസാധാരണമായി തോന്നുന്നു. അപ്പോൾ ഇവ രണ്ടും തമ്മിലുള്ള ബന്ധം, മാനവ പ്രവൃത്തികൾ എന്ന പൊതുവിഷയത്തെ ഭിന്നമായ ധാരകളിലൂടെയും രീതിശാസ്ത്രങ്ങളിലൂടെയും കൈകാര്യം ചെയ്യുന്നു എന്നതാണ്.

(തുടരും)

ഭാഗം രണ്ട്

വൈജ്ഞാനികതയുടെ ഓട്ടോമൻ മാതൃക                                                                           

വിവർത്തനം: ശറഫുദ്ധീൻ അഹ്‌മദ്‌