ഇസ്‌ലാമിക നാഗരികതയിലെ അനശ്വര കൃതികളും രചനാ പാരമ്പര്യവും

ലോകവ്യാപകമായി പഠനവിധേയമാക്കപ്പെടുന്ന പല പുസ്തകങ്ങളും ആഗോള ജനതയുടെ വ്യത്യ സ്തമായ കാഴ്ചപ്പാടുകളെയും ജീവിതരീതികളെയും വൈജ്ഞാനിക മേഖലകളെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ആധുനിക പ്രസിദ്ധീകരണങ്ങളുടെ ആഗമനത്തിന് മുൻപ് ധാരാളം പുസ്തകങ്ങൾ എഴുതപ്പെടുകയും അവയെ വീണ്ടും പകർത്തി എഴുതുകയും ചെയ്യുന്ന രീതിയായിരുന്നു. അത്തരത്തിലുള്ള പല പുസ്തകങ്ങളും ഇന്നും ലഭ്യമാണ്. ഇസ്‌ലാമിക സംസ്കാരത്തിലും നാഗരികതയിലും പാരമ്പര്യ രചനാ രീതികളായ ശറഹു (scholia) കളിലൂടെയും ഹാഷിയ (footnote) കളിലൂടെയുമാണ് ഭാവി തലമുറയ്ക്ക് വേണ്ടി മൂലഗ്രന്ഥങ്ങൾ (മത്‍നുകൾ) സംരക്ഷിക്കപ്പെട്ടിരുന്നത്.

കുതിരപ്പുറത്തിരിക്കുന്ന മൗലാനാ ജലാലുദ്ദീൻ റൂമി, ഒരു ഒട്ടോമൻ മിനിയേചർ പെയിന്റിങ്ങ്. മുന്നിൽ അല്ലാമാ ശംസ് അൽ തിബ് രീസി നിൽക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു.

മത്‍നുകൾ ഒരോ പ്രത്യേക വിഷയങ്ങളിൽ എഴുതപ്പെട്ട സരളമായ രചനകളാണ്. വിദ്യാർത്ഥികൾ (പ്രത്യേകിച്ചും പണ്ടു കാലത്തെ) അവയെ പഠന വിധേയമാക്കുകയും മനഃപാഠമാക്കുകയുമാണ് പതിവ്. മത്‍നുകൾ അതിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളെ പറ്റിയുള്ള പൊതുവായ ധാരണയാണ് നൽകുക. ആ വിഷയസംബന്ധിയായ വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അതിൽ ഉൾപ്പെടുകയില്ല. വിഭജിക്കുക, തുറക്കുക, വേർതിരിക്കുക എന്നാണ് ‘ശറഹ്’ എന്ന അറബി പദം കൊണ്ട് അർത്ഥമാക്കുന്നത്. മത്‍നുകളുടെ അവ്യക്തമായ പ്രസ്താവനകൾക്ക് വിശദീകരണങ്ങളിലൂടെ ശറഹുകൾ വ്യക്തത നൽകുന്നു. അതേസമയം ഹാശിയകൾ, ശറഹിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുകയും വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. ഇത്തരം വിശദീകരണ കിതാബുകൾ അപര്യാപ്തമാണെന്ന് തോന്നുകയോ വ്യത്യസ്തമായ വിവരങ്ങൾ കണ്ടെത്തുകയോ ചെയ്താൽ, അതേ മത്‍നുകൾക്ക് പുതിയ ശറഹുകളും ഹാശിയകളും എഴുതപ്പെടാറുണ്ടായിരുന്നു. അങ്ങനെ ധാരാളം കിതാബുകൾ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിൽ എഴുതപ്പെട്ടു. മൂന്നു നാലു നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട ഇസ്‌ലാമിക നാഗരികതയിൽ നിന്നുള്ള പല കൃതികളും ഇന്നും ലഭ്യമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ‘ഹാശിയകളും ഇസ്‌ലാമിക ബൗദ്ധിക ചരിത്രങ്ങളും’ എന്ന ശീർഷകത്തിൽ 2012 കാലിഫോർണിയ സർവകലാശാല സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ ശറഹുകളുടെയും ഹാശിയകളുടെയും പാരമ്പര്യത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നു. ഇസ്‌ലാമിക നാഗരികതയിൽ ധാരാളം കിതാബുകൾ എഴുതപ്പെടുകയും അതിൽ 10 ദശലക്ഷം രചനകൾ ഇന്ന് ലഭ്യമാണെന്നും കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ സൂചിപ്പിക്കുന്നു. അവയിൽ 10 ശതമാനം കിതാബുകൾ മാത്രമേ പഠനവിധേയമാക്കപ്പെടുന്നുള്ളൂ എന്ന് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ചുള്ള സമഗ്രമായ പഠനങ്ങളിലൊന്ന് ഹാർവാർഡ് സർവകലാശാലയിലെ അറബ് ഇസ്‌ലാമിക ബൗദ്ധിക ചരിത്ര വിഭാഗത്തിലെ പ്രൊഫസറായ ഖാലിദ് അൽ റൂഗൈബി (Khalid al Rouayheb) യുടെതാണ്. ‘Islamic intellectual history in the seventeeth century: Scholarly currents in the Ottoman empire and the Magrib ‘ എന്ന തന്റെ പുസ്തകത്തിൽ ഒ ട്ടോമൻ ഭരണകാലത്ത് എഴുതപ്പെട്ട ധാരാളം ഗ്രന്ഥങ്ങളുടെ ശാസ്ത്രീയ അന്തരീക്ഷത്തിന്റെ അസ്തിത്വത്തെ സാധൂകരിക്കുന്നുണ്ട്.

കീമിയാഉസ്സആദയുടെ ഒരു പേർഷ്യൻ കോപ്പിയുടെ കവർ(1308), പാരീസിലെ Francois-Mitterrand ലൈബ്രറിയിൽ നിന്നും

ഇസ്‌ലാമിക സംസ്കാരത്തെയും നാഗരികതയെയും സംബന്ധിച്ചുള്ള ഇത്തരം ആയിരക്കണക്കിന് പുസ്തകങ്ങളിൽ പലതും ഭൂമിശാസ്ത്ര പരിമിതികളെയും നൂറ്റാണ്ടുകളെയും കവച്ചുവെക്കുന്നു. അവയിൽ ദീർഘകാലം മുസ്‌ലിം ജീവിതത്തിൽ സ്വാധീനം ചെലുത്തിയതും അവരെ ആത്മ സംസ്‍കരണം നടത്തിയതുമായ ചില പ്രധാന സൂഫീ രചനകളെ പരിചയപ്പെടാം.

ആത്മീയാനന്ദത്തിൻ്റെ രഹസ്യം

സൂഫി കൃതികൾ കൂടുതലും പ്രചരിക്കുന്നത് ആ കൃതികളുടെ രചയിതാക്കൾ കൈക്കൊണ്ട ആത്മീയ സരണികളിലൂടെയാണ്. ഇത്തരം സരണികൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിൽ നടക്കുന്ന കിതാബുകൾ ആസ്പദമാക്കിയുള്ള സൂഫി സംഭാഷണങ്ങൾ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിൽ പ്രാധാന്യമർഹിക്കുന്നതാണ്. മാത്രമല്ല, ദർവേശുകൾ എല്ലാ സമയങ്ങളിലും പ്രത്യേക കിതാബുകൾ ഓതുകയും പഠിക്കുകയും ചെയ്തിരുന്നു. പ്രമുഖ സൂഫികൃതികൾ വിശ്വാസികളെ കേവലം ആത്മീയമായി മാത്രമല്ല, ഭൗതികമായും പരിപോഷിപ്പിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. പേർഷ്യൻ തത്ത്വചിന്തകനായ അബൂ ഹാമിദ് മുഹമ്മദ്‌ അൽ ഗസാലിയുടെ കിതാബുകൾ ഭൗതികമായ പല ചർച്ചകൾക്കും വഴിയൊരുക്കുന്നതാണ്. 1058 ൽ ഇറാനിലെ ഖുറാസാൻ മേഖലയിലെ തൂസ് പ്രാദേശത്താണ് മഹാനവർകളുടെ ജനനം. ഇമാം ഗസാലിയുടെ കൃതികൾ ശാസ്ത്രീയ ലോകത്തേക്ക് കടന്നു ചെല്ലുകയും പല ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മഹാനവർകളുടെ ധൈഷണിക വിപ്ലവം അദ്ദേഹത്തിന് ഹുജ്ജത്തുൽ ഇസ്‌ലാം (the proof of Islam ) എന്ന നാമം തന്നെ നേടി കൊടുത്തു.
പശ്ചിമേഷ്യയിലെ മംഗോളിയൻ അധിനിവേശം കാരണം ഇമാം ഗസാലിയുടെ പല കിതാബുകളും നശിപ്പിക്കപ്പെട്ടു. എങ്കിലും നിരവധി ഗവേഷകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു പട്ടിക തയ്യാറാക്കാൻ പല ശ്രമങ്ങൾ നടത്തിയിരുന്നു. ഫ്രഞ്ച് ഓറിയന്റലിസ്റ്റായ മൗറീസ് ബൗഗ്യൂസ് (Maurice Bouygues) 404 ഗസാലിയൻ കൃതികളെ എണ്ണുന്നുണ്ട്.

മസ്‌നവിയുടെ മറ്റൊരു ഭാഗം

ആയിരത്തോളം വർഷമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ‘ഇഹ്‌യാ ഉലൂമുദ്ദീൻ’ ഇമാം ഗസാലിയുടെ പ്രധാന കൃതികളിലൊന്നാണ്. ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തെ പ്രധാന കൃതികളിലൊന്നായ പ്രസ്തുത ഗ്രന്ഥം നാലു വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഇഹ്‌യാ ഉലൂമിദ്ദീന്റെ ഒരു പേർഷ്യൻ സംഗ്രഹം ഇമാം ഗസാലി തന്നെ രചിച്ചിട്ടുണ്ട്. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അൽകീമിയാഉ സ്സആദ (The Alchemy of happiness ) മഹാനവർകളുടെ മറ്റൊരു പ്രധാന കൃതിയാണ്. ഒരു വാല്യം മാത്രമായി പുറത്തിറങ്ങുന്ന ഈ കൃതി ലോകവ്യാപകമായി വായിക്കപ്പെടുന്ന ഒന്നാണ്. ആഫ്രിക്ക, ഇന്ത്യ, കോക്കസ്, അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മുസ്‌ലിം ഭൂപ്രാദേശങ്ങളിലുള്ള പ്രധാന ലൈബ്രറികളിൽ വെച്ചാണ് ഇമാം ഗസാലിയുടെ രചനകൾ നടന്നത്. പലതരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ഗസാലിയൻ കൃതികൾ സംബന്ധിയായി നടന്നിട്ടുണ്ട്. നൂറ്റാണ്ടുകൾക്കിപ്പുറവും ഇമാം ഗസാലിയുടെ കൃതികൾക്ക് സമാനമായ സ്വീകാര്യതയുണ്ട്.

ഉൽകൃഷ്ട രചന

ഇമാം ഗസാലിയുടെ കാലശേഷം രണ്ടു നൂറ്റാണ്ടുകൾക്കപ്പുറം ജനിച്ച മൗലാന ജലാലുദ്ദീൻ റൂമിയുടെ രചനകളാണ് തസവ്വുഫിൽ പേര് കേട്ട മറ്റൊരു വിഭാഗം. റൂമിയുടെ പ്രശസ്തമായ രചനയാണ് ആറു വാല്യങ്ങളുള്ള ‘മസ്നവി’. ഇമാം ഗസാലിയുടെ രചനാരീതിയിൽ നിന്നും വ്യതിരിക്തമായി കാവ്യരൂപത്തിലാണ് റൂമി രചനകൾ നടത്തിയത്. റൂമിയുടെ പല കൃതികളും ഒ ട്ടോമൻ കാലത്തെ കനപ്പെട്ട കൃതികളായി ഗണിക്കപ്പെടുന്നു.

പേർഷ്യൻ ഭാഷയിലാണ് എഴുതപ്പെട്ടതെങ്കിലും റൂമിയുടെ രചനകൾ അനാതോലിയ പോലെയുള്ള ടർക്കിഷ് പട്ടണങ്ങളിൽ വളരെയേറെ സ്വീകാര്യത നേടിയിട്ടുണ്ട്. റൂമിയുടെ മസ്നവി റമളാൻ രാവുകളിലും മറ്റു പുണ്യകരമായ ദിവസങ്ങളിലും പാരായണം ചെയ്യപ്പെടാറുണ്ട്. ടർക്കിഷ് ഭാഷയിൽ മസ്നവിയുടെ ധാരാളം വിവർത്തനങ്ങളുണ്ട്. അതിൽ പലതും പദ്യരൂപത്തിൽ തന്നെയാണ് വിവർത്തനം ചെയ്യപ്പെട്ടത്.

നഖ്ശബന്ധി ത്വരീഖത്തിലെ ശൈഖും സൂഫിയുമായ ഷാഹ് ഗുലാം അലി ദഹ്ലവി, റൂമിയുടെ മസ്നവി പാരായണം ചെയ്യുകയും കേൾക്കുകയും പതിവായിരുന്നു. മസ്‌നവിയെക്കുറിച്ചുള്ള മഹാനവർകളുടെ വാക്കുകൾ പ്രശസ്തമാണ്; ”ഖുർആനിനും ഹദീസുകൾക്കും ശേഷം ഏറ്റവും ഉൽകൃഷ്ടമായ കൃതി മൗലാന ജലാലുദ്ദീൻ റൂമിയുടെ മസ്നവി ആണ്”.

പേർഷ്യൻ ഭാഷയിലെ മസ്നവി പ്രതി(1479), ഇറാനിലെ ഷിറാസിൽ നിന്നും.

അദ്വീതിയ ഗ്രന്ഥം

അനാതോലിയയിൽ വസിച്ചിരുന്ന ഒരു സൂഫിയുടെ ഗ്രന്ഥം ഇന്ത്യയിൽ സ്വാധീനിക്കപ്പെട്ടപ്പോൾ, ഒരു ഇന്ത്യൻ സൂഫിയുടെ ഗ്രന്ഥം അനാതോലിയയിലും ശ്രദ്ധ നേടി. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി അഹ്മദ് അൽ ഫാറൂഖ് അൽ സർഹിന്ദി (റ ) യുടെ മക്തൂബാത്ത് ആണ് ആ ഇന്ത്യൻ കൃതി. മഹാനവർകൾ ‘ഇമാം റബ്ബാനി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇമാം റബ്ബാനി എഴുതിയ കത്തുകളുടെ സമാഹാരമാണ് ‘മക്തൂബാത്തെ ഇമാം റബ്ബാനി’. ഹിജ്റയുടെ രണ്ടാം സഹസ്രാബ്ദത്തിൽ ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ മഹാനവർകൾ നടത്തിയ രചനകളും ഗവേഷണങ്ങളും ഇമാം റബ്ബാനിക്ക് ‘മുജദ്ധിദ്’ എന്ന വിശേഷണം നേടിക്കൊടുത്തു. മൂന്നു വാല്യങ്ങളിലായിട്ടാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഇമാം റബ്ബാനി തന്റെ ശിഷ്യരിലേക്ക് അയച്ച കത്തുകൾ സാർവത്രികവും സർവ്വകാലികവുമായ അമൂല്യസൃഷ്ടികൾ ആയിരുന്നു. പേർഷ്യൻ ഭാഷയിൽ എഴുതപെട്ട ഈ കത്തുകൾ ഒരു കൃതിയായി ഒരുമിച്ചു കൂട്ടുകയും ഇസ്‌ലാമിക ബൗദ്ധിക വ്യവഹാരമേഖലകളിൽ അതിവേഗം വ്യാപിക്കുകയും ചെയ്തു. മഹാനവർകളുടെ മരണശേഷം അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറവും മക്തൂബാത്തിന് ലഭിക്കുന്ന സ്വീകാര്യത അതിന് തെളിവാണ്.

അനാതോലിയയിലെ സുന്നി പണ്ഡിതന്മാരിൽ ഒരാളായ അബ്ദുൽ ഹക്കീം അർവാദി ഒരിക്കൽ ഇമാം റബ്ബാനിയുടെ ‘മക്തൂബാത്ത്’ സൂഫിസത്തിന്റെയും ഇസ്‌ലാമിക വിധിന്യായങ്ങളുടെയും വിശദാംശങ്ങൾ വ്യക്തമാക്കുന്നതിൽ അദ്വീതിയമാണെന്ന് പറയുകയുണ്ടായി.
അക്കാലത്തെ പണ്ഡിതന്മാർ ഇമാം റബ്ബാനിയെ സില: (യോജിപ്പിക്കുന്നവർ) വിശേഷണനാമത്തിൽ വിളിച്ചിരുന്നു. ഇമാം റബ്ബാനിയുടെ അഭിപ്രായത്തിൽ ഭൗതികതയും ആത്മീയതയും ഇസ്‌ലാമികനിയമങ്ങളും സൂഫിസവും ഹൃദയവും മനസ്സും ഒരൊറ്റ പക്ഷിയുടെ രണ്ടു ചിറകുകൾ പോലെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതാണ്.

വിവർത്തനം : മുഹമ്മദ്‌ സിനാൻ കോളയാട്