പിരമിഡുകൾക്കുമപ്പുറമുള്ള ഈജിപ്ത്

നാളേറെയായി കാണണമെന്ന് ആഗ്രഹിച്ച, എന്നിൽ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൊണ്ടിരുന്ന നാടാണ് ഈജിപ്ത്. സുഹൃത് ശാക്കിർ സുറൈജിയുടെ വിവരണത്തോടെയാണ് ഈജിപ്ത് കാണാനുള്ള എന്റെ ആഗ്രഹം തീവ്രമാകുന്നത്. ഫറോവമാരുടെ ഈജിപ്ത്, പ്രാചീന കാലം, ശിലാ യുഗം, തുടങ്ങിയ ആദിമ മനുഷ്യരുടെ ചരിത്രം മുതൽ റോമാ-ബൈസാന്റിയൻ, മധ്യ കാല മുസ്‌ലിം ഭരണകൂടങ്ങളുടേതടക്കമുള്ള ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ഭൂമിക. ഇതിനെല്ലാമപ്പുറം അനവധി പ്രവാചകന്മാർ ജീവിച്ചു പോയ മണ്ണ്! ഇതിൽ പരം എന്തു വേണം!

യൂണിവേഴ്സിറ്റിയിലെ ക്രിസ്മസ് അവധി തുടങ്ങുന്നതിന് ഒരു ദിവസം മുന്നേ യാത്ര തുടങ്ങിയതിനാൽ ജോൺലൂക്കയുടെ ക്ലാസ് നഷ്ടപ്പെടുമായിരുന്നു. എങ്കിലും അദ്ദേഹം വായിക്കാൻ തന്ന പഠനങ്ങൾ ഫ്ലൈറ്റിലിരുന്ന് വായിച്ചു തീർക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ. കഴിഞ്ഞ അഞ്ചാറു സെഷനുകളിലായി ഈജിപ്തിന്റെ ആധുനിക-പൂർവ്വാധുനിക കാലത്തെ നൈയാമിക സാമൂഹിക ചരിത്രങ്ങളാണ് ഞങ്ങൾ വായിച്ചിരുന്നതും ക്ലാസ്സിൽ ചർച്ച ചെയ്തിരുന്നതും. ജോൺലൂക്ക വിവരിച്ചു തന്ന ഈജിപ്തിന്റെ മുഖവും വായനകളിൽ നിന്ന് ലഭിച്ച ശരീഅത്ത് നിയമ പരിഷ്കരങ്ങളുടേതടക്കമുള്ള ചിത്രവും മനസ്സിൽ തെളിഞ്ഞു വരുമ്പോഴാണ് സമൂലി ശീൽക്കെയും സബാ മഹ്‌മൂദും ഒക്കെ കണ്ട ഈജിപ്ത് മനസ്സിൽ തെളിയുന്നത്. അഥവാ ഇസ്ലാമിക നരവംശ ശാസ്ത്ര (അങ്ങനെയൊന്നുണ്ടെങ്കിൽ) ത്തിന്റെ ഈറ്റില്ലമായ ഈജിപ്ത്. ഫ്ലൈറ്റ് യാത്രയിൽ ശീൽക്കെ ഇടയ്ക്കിടെ ചിന്തയിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. മുമ്പേ വായിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ Being Good in Ramadan: Ambivalence, Fragmentation, and the Moral Self in the Lives of Young Egyptians എന്ന പഠനം ഒന്നു കൂടെ കണ്ണോടിച്ചു നോക്കി. റമളാനിൽ മുസ്‌ലിംകളിൽ കണ്ടു വരുന്ന ‘ഒരു പ്രത്യേക തരം ധാർമ്മികത’ (exceptional morality) യെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മാത്രമല്ല, അതിനെ തഖ്‌വയായിട്ടു കൂടിയാണ് അദ്ദേഹം കാണുന്നത്. അങ്ങനെ റമളാനിൽ മാത്രം ഉണ്ടാകുന്നത് തഖ്‌വയാണോ, മറ്റു മാസങ്ങളിലെ മതകീയതയെ എങ്ങനെയാണ് കാണേണ്ടത് എന്നൊക്കെയായിരുന്നു എനിക്ക് അദ്ദേഹത്തോടുള്ള വിമർശനങ്ങൾ. ചിന്തകൾക്കിടയിലെപ്പോഴോ കണ്ണുകൾക്ക് ഉറക്കം പിടിച്ചു. എഴുന്നേൽക്കുമ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്തിട്ടുണ്ടായിരുന്നു.

ഫ്ലൈറ്റ് ഇറങ്ങി മറ്റൊരു ബസും കയറി അൽപ്പം യാത്ര ചെയ്തിട്ടാണ് ഞാൻ കൈറോയിലെത്തുന്നത്. ബസ് സ്റ്റേഷനിൽ എന്നെ വരവേൽക്കാനായി സുഹൃത്ത് തുഫൈൽ കാത്തു നിൽപ്പുണ്ടായിരുന്നു. റൂമിലേക്ക് പോകാൻ ഞങ്ങൾ ഒരു ടാക്സി പിടിച്ചു. കൈറോയുടെ തിരക്ക് പിടിച്ച വീഥികളിലൂടെ ടാക്സി ഞങ്ങളെയും കൊണ്ട് പാഞ്ഞു. അന്തരീക്ഷം നിറയെ പൊടിമയം. ചെറുതെങ്കിലും വീശിയടിക്കുന്ന കാറ്റ്, ആളുകളുടെ ബഹളം, വാഹനങ്ങളുടെ ശബ്ദം, ഇവയ്‌ക്കെല്ലാമിടയിലും ഞാൻ കാഴ്ച്ചകൾ ആസ്വദിക്കാനുള്ള തിരക്കിലായിരുന്നു. ഈജിപ്ഷ്യൻ അറബി നന്നായി വശമുള്ള തുഫൈൽ ടാക്സി ഡ്രൈവറോട് അറബിയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. വണ്ടി ഹയ്യുസ്സാബിഅ (7th avenue) യിൽ ബ്രേക്കിട്ടു. പ്രാതൽ കഴിക്കാൻ എന്നെയും കൂട്ടി തുഫൈൽ നേരെ ചായക്കടയിലേക്ക് നടന്നു. തൊട്ടടുത്തുള്ള കടയിൽ നിർമ്മിക്കപ്പെടുന്ന ഐശ് (aish) ലാണ് എന്റെ കണ്ണുടക്കിയത്. ഒരു ഈജിപ്ഷ്യൻ ബ്രെഡ്. അറബിക് ഖുബ്ബൂസ്/ തന്തൂരി റൊട്ടി ഒക്കെ പോലെ തോന്നിക്കുമെങ്കിലും ഇതൊരു പ്രത്യേക ബ്രെഡ് തന്നെയാണ്. എമ്മർ (Emmer) എന്ന് പേരുള്ള ഒരു പ്രത്യേക തരം ഗോതമ്പു കൊണ്ടാണ് ഇത് നിർമ്മിക്കപ്പെടുന്നത്. ഈജിപ്തിൽ ഗോതമ്പ് വളരെ സുലഭമായതിനാൽ ഇതിന്റെ വിലയും വളരെ തുച്ഛമാണ്. വെറുമൊരു ഈജിപ്ഷ്യൻ പൗണ്ട് അഥവാ ഏകദേശം രണ്ട് ഇന്ത്യൻ റുപ്പിക കൊണ്ട് ഒരു ഐശ് ലഭിക്കും. ഐശ് അഥവാ അറബിയിൽ ‘ജീവിതം’ എന്നർത്ഥം വരുന്ന ഈ ബ്രെഡ് പേരിനെ അന്വർത്ഥമാക്കും വിധം ഈജിപ്ഷ്യൻ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്. ഗ്രാമവാസികൾ മുതൽ നഗരത്തിൽ വസിക്കുന്നവർ വരെ ഭേദമില്ലാതെ ഒരേ പോലെ കഴിക്കുന്ന, ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകടകളിൽ വരെ വളരെ സുലഭമായ ഒരു വിഭവമാണിത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സമൂഹത്തിന്റെ വ്യത്യസ്ത തട്ടുകളിൽ ജീവിക്കുന്ന ആളുകളെ കോർത്തിണക്കുന്ന ദേശീയതക്കുമപ്പുറമുള്ള സാംസ്കാരിക പ്രതീകം കൂടിയാണ് ഐശ്. ഐഷിന്റെ കൃത്യമായ ചരിത്രം ലഭ്യമല്ലെങ്കിലും പുരാതന കാലം മുതൽക്കേ ഈജിപ്തുകാർ ബ്രെഡ്/റൊട്ടി കഴിക്കാറുണ്ടായിരുന്നു എന്നതിന് കൃത്യമായ തെളിവുകളുണ്ട്.

കുശരി

കാഷ്യറുടെ അടുക്കൽ ചെന്ന് രണ്ടു പേർക്കുള്ള പ്രാതൽ ഓർഡർ ചെയ്ത ശേഷം ഞങ്ങൾ ഒരു ടേബിളിൽ ചെന്നിരുന്നു. പോക്കറ്റ് ബ്രെഡ് പോലെ തോന്നിക്കുന്ന ഒരു വിഭവം ടേബിളിൽ എത്തി. ബ്രെഡിന് പകരം ഐശ് ആണെന്ന് മാത്രം. ഉള്ളിൽ ബതാതീസ് (potato), താമിയ, സൽത (salad), ബീള് നഖ്‌ലി (omlette) ഇവയെല്ലാം നിറച്ചു വെച്ചിട്ടുണ്ട്. ഒരു പരമ്പരാഗത ഈജിപ്ഷ്യൻ പ്രാതൽ. ഇവിടെ സാന്റ് വിച്ച് രൂപത്തിലാണെന്ന് മാത്രം. നല്ല വിശപ്പുള്ളതിനാൽ ഒറ്റയടിക്ക് തന്നെ അത് അകത്താക്കി. എരിവോ മറ്റു സ്‌പൈസുകളോ ഇല്ല. എങ്കിലും നല്ല രുചിയുണ്ട്. ഈജിപ്ഷ്യൻ പാചക സംസ്കാരത്തിന്റെ പ്രത്യേകതയാണത്. ഭക്ഷണം പൊതുവെ തനതു ശൈലിയിൽ തന്നെയാണ് പാചകം ചെയ്യപ്പെടുന്നത്. ജ്യൂസ് കടകളിലും ഈ പ്രവണത പ്രത്യേകം ശ്രദ്ധേയമാണ്. പാലോ പഞ്ചസാരയോ ഒഴിക്കാതെ, എന്നാൽ നന്നായി പഴങ്ങൾ ചേർത്ത് വളരെ തനതായ രീതിയിലാണ് മിക്കയിടത്തും ജ്യൂസ് ഉണ്ടാക്കപ്പെടുന്നത്.

ഐഷ്

പ്രാതൽ കഴിച്ച് അൽപ്പം വിശ്രമിച്ച ശേഷമാണ് ഈജിപ്ത് കാണാനിറങ്ങുന്നത്. സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചു ഈജിപ്തിലെത്തുന്ന സഞ്ചാരികൾ ആദ്യം പോകേണ്ട സ്ഥലമായ ഇമാം ഹുസ്സൈൻ (റ) തങ്ങളുടെ മഖാമിലേക്ക് തന്നെ ആദ്യ യാത്ര തിരിച്ചു. റൂമിന് തൊട്ടടുടുത്തുള്ള  സ്റ്റേഷനിൽ ചെന്ന് ഒരു അറബിയ്യ (അർബ്യ) പിടിച്ചു. ഏകശേഷം പതിമൂന്നോ പതിനാലോ ആളുകൾക്ക് ഇരിക്കാവുന്ന ഒരു മിനി വാൻ ആണ് അറബിയ്യ. നഗരണങ്ങളിലും ഗ്രാമങ്ങളിലും ഹൈവേകളിലും ഊടുവഴികളിലും ആളുകളെയും നിറച്ചു വേഗത്തിൽ പായുന്ന അറബിയ്യ ഇന്ത്യയിലെ ഓട്ടോറിക്ഷകൾ പോലെ തോന്നിച്ചു. അറബിയ്യയുടെ ഡ്രൈവർ ഓട്ടോറിക്ഷാ ഡ്രൈവറെ പോലെയും. ഒരേ സമയം തന്നെ അയാൾ എല്ലാവരുടെയും വണ്ടിക്കൂലി വാങ്ങുന്നു, ചില്ലറ എണ്ണി നോക്കുന്നു, ബാക്കി തിരിച്ചു കൊടുക്കുന്നു, ഇടക്ക് ഫോൺ ചെയ്യുന്നു, യാത്രികരോട് കുശലം പറയുന്നു തുടങ്ങിയ പതിവു രീതികളെല്ലാം ഇവിടത്തെ ഡ്രൈവർമാരിലും കാണാം. കാഴ്ചകൾ കണ്ടു കൊണ്ടിരുന്ന ഞാൻ വണ്ടി അവസാന സ്റ്റോപ്പിലെത്തിയത് അറിഞ്ഞിരുന്നില്ല. കൂടെയുള്ളവർ തട്ടി വിളിച്ചപ്പോഴാണ് അറിയുന്നത്. വണ്ടിയിറങ്ങി അൽപ്പം മുന്നോട്ട് നടന്നു. സ്വൽപ്പം ദൂരെയായി ഇമാം ഹുസൈൻ മസ്ജിദ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എവിടെ നിന്നോ കർബലാ ചരിത്രം ചിന്തയിലേക്ക് കയറി വന്നു. മനസ്സും ശരീരവും പിടയുന്ന പോലെ. പെട്ടെന്നാണ് തുഫൈൽ സംസാരിക്കാൻ തുടങ്ങിയത്. ഇമാം ഹുസ്സൈൻ തങ്ങളെ കുറിച്ചും മഖാമിലെയും ചുറ്റുവട്ടത്തെയും അന്തരീക്ഷം, കീഴ്‌വക്കങ്ങൾ, ആഘോഷങ്ങൾ എന്നിവയെ കുറിച്ചുമെല്ലാം…. ‘ഹുസൈൻ തങ്ങൾ പലർക്കും പലതാണ്. ചിലർക്ക് മഹാനവർകൾ ക്യാപ്റ്റനാണ്. അവർ ഇവിടെ വന്ന് സല്യൂട്ടടിക്കും’. തുഫൈൽ തുടർന്നു. തിരു പ്രവാചകർ (സ) യുടെ പേരമകന്റെ സവിധത്തിൽ എത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.

ഇമാം ഹുസൈൻ മസ്ജിദ്

സിയാറത്ത് കഴിഞ്ഞ്, ചുറ്റുമുള്ള മാർക്കറ്റും കണ്ട ശേഷം ഞങ്ങൾ നേരെ അസ്ഹർ പള്ളിയിലേക്ക് പോയി. പ്രതാപമുറ്റി നിൽക്കുന്ന അസ്ഹർ സർവ്വകലാശാലയും അതിന്റെ കെട്ടിട നിർമ്മിതിയുടെ എടുപ്പും കണ്ട്  ആസ്വദിക്കുകയായിരുന്നു ഞാൻ. ഇടക്ക് അസ്ഹറിലെ പഠന രീതികളെ കുറിച്ച് തുഫൈൽ വിവരിക്കുന്നുണ്ട്. അപ്പോഴേക്കും എന്റെ മനസ്സ് മറ്റൊരിടത്ത് എത്തിക്കഴിഞ്ഞിരുന്നു. ഹുമൈസറയിൽ! ഖുത്ബുകളിൽ പെട്ട ഇമാം അബുൽ ഹസൻ അലി ഇബ്നു ശാദുലി (റ) അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിൽ!. അതെ, അടുത്ത യാത്ര ഹുമൈസറയിലെക്കാണ്. ഈ യാത്രയിൽ തുഫൈലിന് പുറമെ സുഹൃത്തുക്കളായ റാഷിദ്, സയ്യിദ് വാസ്വിബ്‌ തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നു. ഈജ്യപത്തിന്റെ മധ്യ ഭാഗത്തുള്ള കൈറോയിൽ നിന്നും ദക്ഷിണ-കിഴക്കൻ ഭാഗത്തുള്ള ഹുമൈസറയിലേക്ക് ഒത്തിരി ദൂരമുണ്ട്. അവിടേക്ക് എത്തിപ്പെടുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ് താനും. പൊതു ഗതാഗത സംവിധാങ്ങൾ കുറവാണ് എന്നത് തന്നെയാണ് പ്രധാന കാരണം. സഞ്ചാര വഴികളിൽ മിക്കയിടത്തും ആൾപ്പാർപ്പുമില്ല. പൊതുവെ വലിയ സംഘങ്ങളായിട്ടോ സ്വകാര്യ വാഹങ്ങളിലോ ആണ് ഹുമൈസറയിലേക്ക് ആളുകൾ യാത്ര തിരിക്കാറുള്ളത്. ഞങ്ങളാവട്ടെ ചെറിയ സംഘവും. ‘ഈജിപ്തിലെത്തി എന്നത് കൊണ്ട് മാത്രം ഹുമൈസറ കാണാൻ സാധിച്ചു കൊള്ളണമെന്നില്ല. അതൊരു തൗഫീഖ് ആണ് ‘. വാസ്വിബ് തങ്ങൾ പറയുന്നുണ്ടായിരുന്നു. ആ സൗഭാഗ്യം ലഭിച്ചതിന്റെ ആനന്ദത്തിലായിരുന്നു ഞാൻ. എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഹുമൈസറയിൽ പോവുകയെന്നുള്ളത്. അത് കൊണ്ട് തന്നെ യാത്രക്ഷീണമൂന്നും എന്നെ തളർത്തിയില്ല. രാത്രിയിലെ തുടങ്ങിയ യാത്ര പിറ്റേന്ന് ഉച്ച തിരിഞ്ഞാണ് ഹുമൈസറയിൽ അവസാനിക്കുന്നത്. ഡിസംബറിൽ പൊതുവെ തണുപ്പാണെങ്കിലും ഈ പ്രദേശത്ത് ചെറിയൊരു ചൂടുണ്ട്. പോരാത്തതിന് പൊടിക്കാറ്റും ഗതാഗതക്കുറവും അധികം ആളുകൾ എത്തിപ്പെടാത്ത പ്രദേശം. അതെ, ആളുകൾ തെറ്റ് ചെയ്യാത്ത, അധികമാരും എത്തിപ്പെടാത്ത ഒരു പ്രദേശം തന്നെയാണ് ഇമാം ശാദുലി (റ) അന്ത്യ വിശ്രമത്തിനായി തിരഞ്ഞെടുത്തത്.

ഇമാം അബുൽ ഹസൻ അൽ ശാദുലി മസ്ജിദ്

ഹുമൈസറയിലെത്തിയ ഞങ്ങൾ മഖാമിൽ ചെന്ന് സലാം പറഞ്ഞ ശേഷം നേരെ ചെന്ന് കയറിയത് ശൈഖ് ഇബ്‌റാഹീമിന്റെ സാഹ (മുസാഫർഖാന) യിലേക്കാണ്. മിസ്റിൽ എമ്പാടും ഇത്തരം സാഹകൾ കാണാം. ചിലയിടത്ത് ഭക്ഷണ വിതരണം മാത്രമാണ്. ചിലയിടത്ത് താമസ സൗകര്യവും ഖുർആൻ പാരായണ പഠന സൗകര്യവുമുണ്ട്. എല്ലാം സൗജന്യം. മഖാം സന്ദർശകരെ സ്വീകരിക്കാൻ വേണ്ടി ശാദുലി ഇമാമിനെ പ്രിയം വെക്കുന്നവൻ നിർമ്മിച്ചതാണ് ഹുമൈസറ പ്രദേശത്തെ സാഹകൾ. മിസ്റുകാരുടെ സൽക്കാര ശീലവും ശാദുലി ഇമാമിന്റെ അതിഥികളെ സൽക്കരിക്കാനുള്ള ആവേശവും കൂടിച്ചേരുമ്പോൾ ആതിഥ്യ മര്യാദ അതിന്റെ പാരമ്യതയിലെത്തുന്നു. താമസിക്കാൻ വളരെ വിശാലവും സൗകര്യവുമുള്ള ഹാൾ നൽകിയ ശേഷം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അധികം മസാല ചേർക്കാതെ വേവിച്ച ആട്ടിറച്ചിയും ബസ്മതി അരി കൊണ്ട് പാചകം ചെയ്ത മഞ്ഞച്ചോറും, പിന്നെ ഈസ്റ്റ് ആഫ്രിക്കൻ രീതിയിലുള്ള നാരങ്ങാ അച്ചാറും ടേബിളിലെത്തി. സന്ദർശകർ അഥവാ അതിഥികൾ കൂട്ടം കൂട്ടമായി സാഹയിലേക്ക് വന്നു കയറുന്നുണ്ട്. വരുന്നവരെയെല്ലാം ശൈഖ്  ഇബ്രാഹീം സ്വീകരിച്ച് ഭക്ഷണം കൊടുക്കുന്നുണ്ട്. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. പ്ലേറ്റിനൊപ്പം എത്തിയ സ്പൂൺ മാറ്റിവെച്ച് ഞാൻ കൈ കൊണ്ട് കഴിക്കാൻ തുടങ്ങി. ഇംഗ്ലീഷ് നാട്ടിൽ നിന്ന് ഇവിടേക്ക് വന്നത് ഇനിയും സ്പൂൺ കൊണ്ട് കഴിക്കാനല്ല. എന്റെ മനസ്സ് പിറുപിറുത്തു. പക്ഷെ എങ്ങനെയായിരിക്കും ഈ സ്പൂൺ സംസ്കാരം ആഫ്രിക്കൻ-അറബ് നാടായ ഈജിപ്തിലെത്തിയത്. പുരാതന കാലം മുതൽക്കേ ഈജിപ്തുകാർ കൈ കൊണ്ട് കഴിച്ചതിന്റെ കൃത്യമായ രേഖകളുണ്ട്. കൈ കൊണ്ട് കഴിക്കൽ പ്രവാചക ചര്യയിൽ പെട്ടതാണെന്ന് വിശ്വസിക്കുന്ന തൊണ്ണൂറ് ശതമാനത്തോളം വരുന്ന മുസ്‌ലിംകൾ വസിക്കുന്ന ഈജിപ്തിൽ സ്പൂൺ സംസ്കാരം ഉണ്ട് എന്നത് ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തുഫൈലിനും ഇതേ ആധി ഉണ്ടായിരുന്നു. റൊട്ടി ആണെങ്കിൽ മൂന്നു വിരൽ കൊണ്ടും ചോർ ആണെങ്കിൽ നാല് വിരൽ കൊണ്ടും കഴിക്കണം എന്നതാണല്ലോ സുന്നത്തിന്റെ ഭാഷ്യം. ഇസ്ലാമിക കർമ്മശാസ്ത്രത്തിലെ രത്ന തുല്യരായ പണ്ഡിതന്മാർ വന്നു പോയ മണ്ണിൽ താമസിക്കുന്ന മുസ്‌ലിംകളിൽ സ്പൂൺ സംസ്കാരം നില നിന്നിരിക്കാൻ സാധ്യതയില്ല എന്ന് തുഫൈൽ പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തത്തിലാണ് ഈ സ്പൂൺ സംസ്‍കാരം വളരെ അടുത്ത കാലത്ത് എത്തിയതാണെന്ന് മനസ്സിലായത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈജിപ്ത് ഭരിച്ച മുഹമ്മദ് അലി പാഷയുടെ ഫ്രഞ്ച് സ്വാധീന പരിഷ്കാരങ്ങളിലൂടേയാണ് യൂറോപ്യൻ സ്പൂൺ സംസ്കാരം ഈജിപ്തിലെത്തിയത്. എന്നാൽ ഗ്രാമങ്ങളിൽ ചിലയിടത്ത് പോലും ഈ സംസ്‍കാരം നിലവിലുണ്ട് എന്നത് ആധുനികത ഈജിപ്ഷ്യൻ സമൂഹത്തിൽ എത്ര മാത്രം നുഴഞ്ഞു കയറിയിട്ടുണ്ട് എന്നതിന് തെളിവാണ്.

ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മഖാമിലേക്ക് സിയാറത്തിനായി നീങ്ങി. സിയാറത്ത് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വളരെ മനോഹരമായ ശബ്ദത്തിൽ അറബിക് കവിതകൾ കേൾക്കാൻ തുടങ്ങി. സിയാറത്തിനെത്തിയ ആഫ്രിക്കക്കാരാണ്. അറബ്-ആഫ്രിക്കക്കാരുമുണ്ട് കൂട്ടത്തിൽ. ഇമ്പമാർന്ന ശൈലിയിൽ ഇമാം ശാദുലിയെ കുറിച്ചുള്ള കീർത്തനങ്ങൾ ആലപിക്കുകയാണവർ. കൂടെ ദഫ് മുട്ടും കൈ കൊട്ടുമുണ്ട്. ആലാപനം കഴിയുവോളം അവിടെ തന്നെ നിന്ന് അത് ആസ്വദിച്ചു. ശേഷം പരിസരമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി. ഭൂമിശാസ്ത്രപരമായി സുഡാനിനോട് ചേർന്ന ഗ്രാമമായതിനാൽ ഇവിടുത്തെ ആളുകളിൽ അറബ് സംസക്കാരത്തെക്കാൾ ആഫ്രിക്കൻ സംസ്‍കാരമാണ് മികച്ചു നിൽക്കുന്നത്. സംസാര ശൈലിയിലും അത് കാണാം. കെയ്റോ, ഈജിപ്തിന്റെ മറ്റു വടക്കൻ ഭാഗങ്ങളിൽ ജീം/ ജ എന്ന അറബി അക്ഷരത്തിനും അതുപോലെ ഖാഫിനും പകരമായി  ഗ എന്നാണ് പറയുന്നതെങ്കിൽ ഇവിടുത്തുകാർ ഖാഫിന് ഖാഫ് എന്ന് തന്നെയാണ് പറയുന്നത്. ഇവരുടെ വസ്ത്ര ശൈലിയിലും വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം പുരുഷന്മാരും നീളക്കുപ്പായം (കന്തൂറ) ആണ് ധരിക്കുന്നത്. സ്ത്രീകളാവട്ടെ നമ്മുടെ നാട്ടിലെ ഹജ്ജുമ്മമാരെ പോലെ നീളത്തിലുള്ള മഫ്തയും പർദ്ദ പോലെ തോന്നിക്കുന്ന വസ്ത്രവും. ഒരു ദിവസം കൂടി അവിടെ തങ്ങിയ ശേഷമാണ് ഹുമൈസറയോട് വിട പറയുന്നത്. ഇനിയും പല തവണ ഇവിടെയെത്താൻ സാധിക്കണേ എന്നായിരുന്നു എന്റെ പ്രാർത്ഥന. അത്രമാത്രം മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട് ഹുമൈസറ. തെക്കൻ ഈജിപ്തുകാർക്ക് ഒപ്പമായിരുന്നു ഞങ്ങളുടെ മടക്ക യാത്ര. വഴിയിൽ മദ്ഹ് കീർത്തനങ്ങളും മറ്റുമായി ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കിടെ സുഖ വിവരങ്ങൾ അന്വേഷിച്ചും കയ്യിലുള്ള ഭക്ഷണങ്ങൾ ഞങ്ങൾക്ക് നൽകിയും അവർ ഈജിപ്ഷ്യൻ ആതിഥ്യ മര്യാദ കാണിക്കുന്നുണ്ടായിരുന്നു. മർസ ആലത്ത് എത്തിയപ്പോൾ ഞങ്ങൾക്ക് വഴി പിരിയേണ്ടതുണ്ടായിരുന്നു. അവർ വീണ്ടും ഞങ്ങൾക്ക് ഭക്ഷണം വിളമ്പി. ഇത്തവണ കെങ്കേമമായ ഈജിപ്ഷ്യൻ അത്താഴമായിരുന്നു. സൽത്ത, ഫൂൽ, ഗിബ്‌ന (ചീസ്& തക്കാളി), സൽവ (പശു നെയ്യ്), ഷംസി ബ്രെഡ് (ഫ്രഞ്ച് ബ്രെഡ് പോലെ നല്ല കട്ടിയും ഉറപ്പുമുള്ള, കാലങ്ങളോളം സൂക്ഷിച്ചു വെക്കാവുന്ന ബ്രെഡ് ആണിത്) എന്നിവയെല്ലാമുണ്ട്. ഒപ്പം അവരുടെ തമാശ പറച്ചിലുകളും. തുഫൈലിന്റെ വശ്യമായ ഈജിപ്ഷ്യൻ അറബിയാണ് അവിടെയും ഞങ്ങൾക്ക് തുണയായത്.

ഇമാം ഷാഫി മസ്ജിദ്

തിരിച്ച് കൈറോയിലെത്തിയ ഞാൻ, ചരിത്ര പ്രസിദ്ധമായ സ്വലാഹുദ്ധീൻ കോട്ടയടക്കമുള്ള നിർമ്മിതികൾ, പള്ളികൾ, മദ്‌റസകൾ, ലൈബ്രറികൾ, ചർച്ചുകൾ എല്ലാം ആവേശത്തോടെ കണ്ടു തീർക്കുന്ന തിരക്കിലായിരുന്നു. കൈറോ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സുൽത്താൻ ബർഖൂഖ് മദ്‌റസ, സുൽത്താൻ ഹസ്സൻ മദ്‌റസ എന്നിവയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു ഞാൻ. ആ കെട്ടിടങ്ങൾ അത്രയും പോയ കാലത്തെ പ്രതാപം മാത്രമല്ല സൂചിപ്പിച്ചിരുന്നത്, നിലവിലെ മത പഠന സംവിധാങ്ങളുടെ ദുരവസ്ഥയെക്കൂടി പ്രതിഫലിച്ചിരുന്നു. ഇത്രയേറെ മദ്‌റസ-ലൈബ്രറി (കുത്താബ്) കെട്ടിടങ്ങൾ ഉണ്ടായിട്ടും നിലവിലെ മത പഠന സംവിധാനങ്ങൾ തീരെ കുറവാണ്. അസ്‌ഹറിനും ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള മത സ്ഥാപനങ്ങൾക്കും മാത്രമാണ് മത അധ്യാപനത്തിനുള്ള അനുമതിയുള്ളത്. പള്ളികളിലോ സാഹകളിലോ മറ്റു കെട്ടിടങ്ങളിലോ ഔദ്യോഗികമായി സംഘടിച്ചിരുന്ന് മത അധ്യാപനം നടത്തുന്നതിന് വിലക്ക് ഉണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാം പാതിയിലും ഉണ്ടായ നവീന മുസ്ലിം പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ ചലനങ്ങൾ, ദേശ രാഷ്ട്രവുമായുള്ള ഏറ്റുമുട്ടലുകൾ, ശരീഅത്ത് പരിഷ്ക്കരണ നീക്കങ്ങൾ എന്നിവയെല്ലാം ഈജിപ്തിലെ മത വിദ്യാദ്യാസ അന്തരീക്ഷത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്. എങ്കിലും അസ്ഹർ, ഇമാം ഹുസ്സൈൻ പരിസത്ത് എല്ലാം അസ്ഹറിന്റെ കീഴിൽ അല്ലാതെയും പണ്ഡിത പ്രമുഖരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഭരണകൂടവും പണ്ഡിത നേതൃത്വവും തമ്മിൽ എതിർപ്പൊന്നുമില്ലെങ്കിലും മത അധ്യാപനങ്ങൾ അനുവദിക്കാൻ ഭരണക്രമപരമായിത്തന്നെ തടസ്സങ്ങളുണ്ട്. ആ ഭരണ ക്രമത്തെ മറികടക്കുന്നത് രാഷ്ട്രീയ ചലനങ്ങളെ വിപരീതമായി ബാധിച്ചേക്കുമെന്നും ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ തിരിച്ചു വരവിന് വഴിയൊരുക്കും എന്നതുമാണ് ആ തടസ്സങ്ങളിൽ ചിലത്.

ഖാൻ ഖലീലി ബസാർ

അതിന് ശേഷം അൽ അബാഗിയ പ്രവിശ്യയിലെ സയ്യിദ ആയിഷയിലേക്കാണ് ഞങ്ങൾ പോയത്. അലി (റ) വിന്റെ പരമ്പരയിൽ പെട്ട ഇമാം ജഅഫർ സാദിഖ് തങ്ങളുടെ മകൾ സയ്യിദ ആയിഷയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഓൾഡ് ഡൽഹി പോലെ തിരക്കും പൊടിയും പിടിച്ച, ആളുകളുടെയും, വാഹങ്ങളുടെയും കച്ചവടക്കാരുടെയും ശബ്ദങ്ങൾ എല്ലാം കലങ്ങിച്ചേർന്ന ഒരു നഗരം. നഗര മധ്യത്തിൽ തന്നെ സയ്യിദ ആയിശയുടെ മഖാമും അവരുടെ പേരിലുള്ള പള്ളിയുമുണ്ട്. മുഖത്വം മലയുടെ ഒരു വശത്താണ് ഈ നഗരം. അനേകം വരുന്ന അല്ലാഹുവിന്റെ ഔലിയാക്കൾ, ശരീഅത്തിന്റെ കാവലാളുകളായ പണ്ഡിത പ്രമുഖർ, അഹ്‌ലു ബൈത് എന്നിവരെല്ലാം അന്തിയുറങ്ങുന്നത് മുഖത്വമിന്റെ പരിസരത്താണ്. ഒരു വശത്ത് ഇമാം ഷാഫി, ഇമാം സുയൂതി, ഇമാം മുസനി, അടക്കമുള്ള ഒട്ടനവധി പണ്ഡിത പ്രമുഖർ. മറുവശത്ത്, ഇബ്നു അതാഇല്ലാ അസ്സിക്കന്ദരി, സയ്യിദ നഫീസ ബീവി, റുഖയ്യ ബീവി, സുകൈന ബീവി, സൈനബ് ബീവി അടക്കമുള്ള സൂഫീ പ്രമുഖരും അഹ്ലു ബൈത്തും! ശാരിഉൽ അഷ്‌റാഫ് എന്ന പേരിൽ ഒരു റോഡ് തന്നെയുണ്ട്. ആ പരിസരം മുഴുവൻ പ്രസിദ്ധരായ അഹ്ലു ബൈത് അംഗങ്ങൾ അന്തിയുങ്ങുന്നുണ്ട്. ശാരിഉ ഇമാം അൽ ഷാഫിഇയിലാണ് മറ്റു പണ്ഡിതന്മാരുള്ളത്. ഇവിടെയെല്ലാം സന്ദർശിച്ച ശേഷം യാത്ര പറയാനായി രണ്ടാമതും ഇമാം ഷാഫിഈ (റ) യുടെ മഖാമിൽ ചെന്നു. അതൊരു വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു. പതിവിലും കൂടുതൽ ആൾ തിരക്കുള്ള ദിവസമാണ്. അതിനു പ്രത്യേക കാരണവുമുണ്ട്. മാലികി കർമ്മശാസ്ത്ര പണ്ഡിതനായ ഇമാം ദർദീറിയുടെ സ്വപ്നമായിരുന്നു. കയ്യിൽ പണമില്ലാത്തതിനാൽ മദീനയിൽ പോകാൻ കഴിയാതെ വിഷമിച്ചിരുന്ന മഹാനവർകൾ സ്വപ്നത്തിൽ തിരുദൂതർ (സ) യെ ദർശിച്ചു. എല്ലാ വെള്ളിയും അസറിനു ശേഷം ഞാൻ ഇവിടെ വരാറുണ്ട് (ഇമാം ഷാഫിയുടെ മഖാമിൽ) എന്ന് തിരു പ്രവാചകർ (സ) പറഞ്ഞത്രെ. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹസ്സൻ ആണ് ഇത് പറഞ്ഞു തന്നത്. പിന്നീട് നേരെ നഫീസാ ബീവിയുടെ മഖാമിലേക്കാണ് പോയത്. സിയാറത് കഴിഞ്ഞ് അൽപ്പ നേരം അവിടെ വിശ്രമിച്ചു. ഇടയ്ക്കിടെ മയ്യിത്തുകൾ ഓരോന്നായി അവിടേക്ക് കൊണ്ട് വരുന്നു. ജനാസ നിസ്കാരം നടക്കുന്നു, തിരിച്ച് കൊണ്ടുപോകുന്നു. അന്വേഷിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. ഇമാം ഷാഫി(റ) തന്റെ മയ്യിത്ത് നഫീസാ ബീവിയുടെ മഖാമിൽ കൊണ്ട് പോയി നിസ്‌കരിക്കാൻ തന്റെ വസിയ്യത്തിൽ ആവശ്യപ്പെട്ടിരുന്നത്രെ. അതിനു ശേഷം ആളുകളെല്ലാം ദൂരെ നിന്നാണെങ്കിലും  മയ്യിത്തുകൾ ഇവിടെ കൊണ്ടുവന്ന് നിസ്കരിച്ചിട്ടാണ് മറവ് ചെയ്യാൻ കൊണ്ട് പോകുന്നത്.

കെയ്റോയിലെ സന്ദർശങ്ങൾക്ക് ശേഷം നേരെ പോയത് പിരമിഡുകൾ കാണാനാണ്. സുഹൃത് റാഷിദും കൂടെയുണ്ട്. ഗീസ പ്രവിശ്യയിലെ അൽ ഹറമിലുള്ള The great pyramids of Giza യിലേക്കാണ് പോയത്. ബിസി 2600 നും 2500 നും ഇടക്ക് ജീവിച്ച old kingdom ഭരണ വംശത്തിലെ ഫറോവൻ ചക്രവർത്തിമാരാണ്. പടുകൂറ്റൻ പാറക്കല്ലുകളിൽ തീർത്ത പിരമിഡുകൾ കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാനും റാഷിദും. നേരിൽ കാണുമ്പോഴാണ് ഇത് എത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞത് എന്ന് രണ്ടു പേരും പറയുന്നുണ്ടായിരുന്നു. ചെറുതും വലുതുമായി ഒമ്പത് പിരമിഡുകളുണ്ട് ഇവിടെ. ഒന്നര മണിക്കൂറോളം ഞങ്ങൾ അവ കണ്ട് ആസ്വദിച്ചു. അഞ്ചു മണി ആകാറായിരുന്നതിനാൽ ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. നേരെ ഖാൻ ഖലീലി മാർക്കറ്റിലേക്കാണ് പോയത്. മംലൂക് സുൽത്താൻ ബർഖൂഖിന്റെ പടത്തലവൻ ജഹർകാൻ ഖലീലി നിർമ്മിച്ച ഒരു മധ്യകാല ബസാർ ആണിത്. അതിന്റെ കോട്ടയും മതിലും കവാടവുമെല്ലാം ഇപ്പോഴും അതേ രീതിയിൽ തന്നെ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഈജിപ്തിന്റെ ഭക്ഷണ സംസ്കാരം, കരവിരുത്, അടക്കം വ്യത്യസ്ത കാര്യങ്ങളുടെ ഒരു സാക്ഷാത്കാരമാണ് ഖാൻ ഖലീലി. രണ്ടു മണിക്കൂറിലേറെ സമയം ചിലവഴിച്ചാണ് ഞാനും സുഹൃത്ത് റാഷിദും അത് കണ്ടു തീർത്തത്.

ഗീസ പിരമിഡ്

അവസാനമായി അലക്‌സാൻഡ്രിയയിലേക്കാണ് പോയത്. കയ്‌റോയിൽ നിന്ന് അലക്‌സാൻഡ്രിയയിലേക്ക് അഞ്ചു മണിക്കൂർ യാത്രാ ദൂരമുണ്ട്. മെച്ചപ്പെട്ട എയർകണ്ടീഷൻഡ് അറബിയ്യയിലാണ് ഞങ്ങൾ യാത്ര പോയത്. വണ്ടിയിൽ ഖുർആൻ പാരായണം പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഈജിപ്തിലെത്തിയതു മുതൽ കയറിയ വാഹനത്തിലെല്ലാം ഖുർആൻ പാരായണം കേൾക്കുന്നുണ്ട്. വടക്ക് അലക്‌സാൻഡ്രിയ മുതൽ തെക്ക് അസ്യൂത്, ല്കസൂർ, മർസ ആലം ഇത് തന്നെയാണ് അവസ്ഥ. കടകളിലും തെരുവുകളിലും അടക്കം കൈറോയിലെ പൊതു ഇടങ്ങളിൽ പോലും ഖുർആൻ പാരായണം കേൾക്കാം. പലപ്പോഴും അറബിയ്യകളിൽ വെച്ച് യാത്രികർ വണ്ടിയിൽ പ്ലേ ചെയ്യപ്പെടുന്ന പാരായണത്തോടൊപ്പം ഖുർആൻ പറയണം ചെയ്യുന്നത് കേൾക്കാം. ഖുർആനുമായി അത്രത്തോളം ആഴത്തിലുള്ള ബന്ധമുണ്ട് ഈജിപ്തുകാർക്ക്. തൊപ്പി ധരിക്കുന്നവർ കുറവാണെങ്കിലും ഭൂരിഭാഗം പേരും ഖുർആനുമായി അങ്ങേയറ്റം ബന്ധമുള്ളവരും പള്ളിയിൽ അദാൻ കൊടുത്താലുടനെ നിസ്കരിക്കുന്നവരുമാണ്. ഏത് അവസ്ഥയിലാണെങ്കിലും ബാങ്ക് കൊടുത്ത ഉടനെ തന്നെ ശുദ്ധി വരുത്തി നിസ്കാരം നിർവ്വഹിക്കും. അത് കൊണ്ട് തന്നെ മിക്ക കടകളിലും നിസ്കരിക്കാനായി വെച്ച മുസ്വല്ലകൾ കാണാം. അവ്വൽ വഖ്ത് നിസ്കാരം (ബാങ്ക് കൊടുത്ത ഉടനെ നിസ്കരിക്കൽ) അത്രത്തോളം പ്രധാനമാണ്. ഇതൊക്കെ കണ്ടപ്പോൾ എന്റെയുള്ളിലെ ഉറങ്ങിക്കിടക്കുന്ന നരവംശ ശാസ്ത്രം ഉണർന്നു. ശീൽക്കെ ചിന്തയിൽ വന്ന് ചിരിക്കുന്ന പോലെ തോന്നി. റമളാനിലെ ഈജിപ്ഷ്യൻ മുസ്ലിംകളുടെ സ്വഭാവ രീതിയെ കുറിച്ച് പഠിച്ച അദ്ദേഹം ധാർമികതയെ കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നുന്നതായിരുന്നു ഈജിപ്തിലെ കാഴ്ചകൾ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം റമളാനിലെ മുസ്ലിം സ്വഭാവ രീതികൾ ഒരു പ്രത്യേക തരം ധാർമ്മികതയാണ്. മറ്റു മാസങ്ങളിൽ അവർ പോൺ വീഡിയോ, സെക്സ് മറ്റു തിന്മകളിൽ കഴിയുന്ന സാധാരണ മുസ്ലിംകൾ മാത്രമാണ്. അതെ സമയം റമളാനിലെ ഈ സ്വഭാവ രീതിയെ അദ്ദേഹം തഖ്‌വ എന്ന്  വിളിക്കാനും മറക്കുന്നില്ല. അവരുടെ ആരാധനകളുടെയും പ്രത്യേകിച്ച് നോമ്പുമായുള്ള അവരുടെ ബന്ധം കണ്ടിട്ടാണ് അദ്ദേഹം അങ്ങനെ വിളിക്കുന്നത്. എന്നാൽ എന്റെ നിരീക്ഷണത്തിൽ മതകീയതയാണ് നിരീക്ഷിക്കപ്പെടേണ്ടത്. സദാ സമയം ഖുർആനുമായി ബന്ധമുള്ള, കൃത്യമായി നിസ്കരിക്കുന്ന ഈജിപ്തുകാർ മറ്റു മനുഷ്യരെ പോലെ തന്നെ ഐഹിക ഇച്ഛകൾ ഉള്ളവരും തെറ്റ് ചെയ്യുന്നവരുമാണ്. തെറ്റ് ചെയ്യുമ്പോൾ വിശ്വാസികളിൽ നിന്ന് വിശ്വാസം ഊരിപ്പോകുന്നു എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ വേണം ഇതിനെ വീക്ഷിക്കാൻ. അല്ലാത്ത അവസ്ഥകളിലെല്ലാം അവർ നന്മ ചെയ്യുന്നവരും തഖ്‌വയുള്ളവരുമാണ്. മാത്രമല്ല, തഖ്‌വ എന്നത് കേവലം നന്മ ചെയ്യലല്ല. അത് നൈരന്തര്യത്തെ ആവശ്യപ്പെടുന്ന ഒരു അവസ്ഥയാണ്. അതായത് കാലങ്ങളായി നന്മ ചെയ്യുന്ന ഈജിപ്തുകാർ റമളാനിൽ എത്തുമ്പോൾ മറ്റു പല നാടുകളിലെയും മുസ്ലിംകളെ പോലെ ആരാധനയുടെ പാരമ്യതയിലെത്തുന്നു. അതെ സമയം ഈജിപ്തുകാരുടെ ഫുട്ബോളിനോടും ശീഷയോടുമുള്ള ഭ്രമം എങ്ങനെ അവരുടെ ജീവിതത്തെ നിർണ്ണയിക്കുന്നു എന്നതിനെ കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

ഇബ്നു തുലൂൻ മസ്ജിദ്

സ്വലാഹുദ്ധീൻ കോട്ടക്കുള്ളിലെ മുഹമ്മദ് അലി മസ്ജിദ്

ഞങ്ങളുടെ വണ്ടി അലക്‌സാൻഡ്രിയയിൽ എത്തി. മെഡിറ്ററേനിയൻ കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഖൈത്ബേ കോട്ടയുടെ മുമ്പിലേക്കാണ്. മംലൂക് സുൽത്താൻ നിർമ്മിച്ച പടുകൂറ്റൻ കോട്ടയാണിത്. മെഡിറ്ററേനിയന്റെ ദൂര ഭാഗങ്ങളിൽ നിന്ന് വരെ ഈ കോട്ട വ്യക്തമായി കാണാം. കോട്ടക്ക് ചുറ്റുമായി മെഡിറ്ററേനിയനിലൂടെ ഞങ്ങൾ ഒരു വഞ്ചി യാത്ര നടത്തി. വഞ്ചിക്കാരൻ കൂടുതൽ പണം കിട്ടാൻ വേണ്ടി തുഴയുമ്പോൾ വല്ലാതെ പാട്പെടുന്നതായി അഭിനയിക്കുന്നുണ്ടായിരുന്നു. തുഫൈലിന്റെ മധുരമാർന്ന ശബ്ദത്തിലുള്ള  നശീദ കേട്ടത് കൊണ്ടാവണം അയാൾ പിന്നീട് അധികം പണം ഒന്നും ചോദിച്ചില്ല. ബോട്ടു യാത്ര കഴിഞ്ഞ് ഞങ്ങൾ നേരെ അബുൽ അബ്ബാസി അൽ മുർസി തങ്ങളുടെ മഖാമിലേക്ക് പോയി. ഇമാം ശാദുലിയുടെ മുരീദും ഖലീഫയുമാണ് അബുൽ അബ്ബാസി അൽ മുർസി (റ). ഈ പരിസരത്തും അനേകം മഖാമുകളും പള്ളികളടക്കമുള്ള ചരിത്ര പ്രസിദ്ധ ഇടങ്ങളുമുണ്ട്. ഇമാം ബൂസ്വീരി (റ), യാഖൂതുൽ ഹമവി തുടങ്ങി അനേകം മഹാന്മാർ അന്തിയുങ്ങുന്നുണ്ട്. സിയാറത്തുകളെല്ലാം കഴിഞ്ഞ ശേഷം നേരെ ഒരു റെസ്റ്റോറന്റിലേക്കാണ് പോയത്. നല്ല വിശപ്പുണ്ടായിരുന്നു. കൊതിയൂറുന്ന മെഡിറ്ററെനിയൻ മൽസ്യം ഗ്രിൽ ചെയ്തതും സൽതയും വ്യത്യസ്ത തരാം ഹമ്മസും ഐഷും ചേർന്ന അതിഗംഭീര അത്താഴമാണ് കഴിച്ചത്. ശേഷം ബിൻ ലബൻ എന്ന ഐസ്ക്രീം കടയിൽ ചെന്ന് പ്രസിദ്ധമായ കോശരി ഐസ് ക്രീം വാങ്ങിച്ചു. നല്ല രുചിയുണ്ടായിരുന്നു. ഞങ്ങൾ മൂന്നു പേരും ചേർന്ന് അത് അകത്താക്കി.

ഖൈത്ബെ കോട്ടയും മെഡിറ്ററേനിയൻ കടലും

അറബിയ്യ

ഇനി മടക്ക യാത്രയാണ്. കൈറോയിൽ നിന്നും ശർമ് അൽ ശൈഖ് എയർപോട്ടിലേക്ക് ഒത്തിരി യാത്ര ദൂരമുണ്ട്. യാത്രയാക്കാൻ തുഫൈലും തങ്ങളും കൂടെയുണ്ടായിരുന്നു. അടുത്ത തവണ വരുമ്പോൾ നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാം എന്ന് പറഞ്ഞാണ് എന്നെ തുഫൈൽ ബസ് കയറ്റി വിട്ടത്. ബസ് കൈറോ വിടുമ്പോൾ എന്റെ നയനങ്ങളിൽ നിന്ന് കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. ഒരു നാടിന് അത്രത്തോളം എന്റെ മനസ്സിനെ കീഴടക്കാൻ കഴിയുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എങ്കിലും പല സ്വപ്നങ്ങളും പൂവണിഞ്ഞു. നൈൽ നദി, മെഡിറ്ററേനിയൻ കടൽ, ചെങ്കടൽ എല്ലാം കണ്ടു. ഈജിപ്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും തൊട്ടറിയാൻ സാധിച്ചു. എങ്കിലും അറിഞ്ഞതൊന്നും ഒന്നുമല്ല. ഇനിയും ഒരുപാട് തിരിച്ചറിയാനുണ്ട് എന്ന തിരിച്ചറിവുമായിട്ടാണ് ഞാൻ തിരിച്ചു ലണ്ടനിലേക്ക് മടങ്ങിയത്.

ചിത്രങ്ങൾ – മുഹമ്മദ് ഖലീൽ, മുഹമ്മദ് റാഷിദ്