ബിസ്മി: ഇലാഹീ സാമീപ്യത്തിലേക്കുള്ള ആത്മായനം

മനുഷ്യനും ദൈവവും തമ്മിലുള്ള സംവേദനമാണ് ഖുർആനിലൂടെ സാധ്യമാവുന്നത്. സർവാത്മനാ ഇലാഹിൽ വിലയം പ്രാപിക്കുന്നതിലൂടെ മാത്രമേ ഈയൊരു സംവേദനം സജീവമാകുകയുള്ളൂ.
അതിന് മനുഷ്യ മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ‘ബിസ്മി’യിലൂടെ നിർവഹിക്കപ്പെടുന്നത് അതത്രെ. ഖുർആനിലുടനീളം നടക്കുന്ന വ്യവഹാരങ്ങൾ ബിസ്മിയിൽ സമഗ്രമായി ഒതുക്കിയിട്ടുണ്ടെന്ന് കാണാൻ കഴിയും. ആകയാൽ ബിസ്മിയെ ഖുർആനിന്റെ ‘കീവേഡായി ‘പരിചയപ്പെടാം.
വിനീതനും നിസ്സഹായനുമായ മനുഷ്യന്റെ ദൈവിക വിലാസത്തോടുള്ള സത്യസാക്ഷ്യം കൂടിയാണ് ബിസ്മി.
നിരാശ്രയനും സഹായകനും പരിപൂർണനുമായ സ്രഷ്ടാവിനോടുള്ള പ്രതിബദ്ധതയെ കൂടിയത് അടയാളപ്പെടുത്തുന്നുണ്ട്. ആ അർത്ഥത്തിൽ പലയാവർത്തി ഉരുവിടുന്ന ‘ബിസ്മി ‘ദൈവപ്രീതിയുടെ വഴികൾ മലർക്കെ തുറന്നിടുന്നുണ്ട്.
സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ പൊരുളുകൾ ചികയുമ്പോൾ അത് സലക്ഷ്യം ഗ്രഹിക്കാം.
മനുഷ്യസൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ അറിയലാണ് (മഅരിഫത്തുല്ലാഹി ).അറിഞ്ഞാൽ മാത്രം പോര അറിഞ്ഞതിനനുസരിച്ചുള്ള പ്രവർത്തനങ്ങളും ഉണ്ടാവേണ്ടതുണ്ട്.
അല്ലാഹുവിൽ ലീനമായ വിശിഷ്ഠഗുണങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള തേട്ടമാണ് ബിസ്മിയിലൂടെ പൂവണിയുന്നത് . അതിന്റെ തുടക്കം ആദം(അ) ൽ നിന്നാണ്.
ആദം(അ)ന് ആദ്യം സിദ്ധിച്ചതും ഈ വിശിഷ്ഠനാമങ്ങളെക്കുറിച്ചുള്ള അറിവാണ്. പ്രത്യുത നാമങ്ങൾ അറിവായതോടെ ആദം(അ)ന് മഹത്വമുണ്ടായി. അതിനെ തുടർന്നാണ് ആദം (അ)ന് മലക്കുകൾ സാഷ്ടാംഗം വഹിക്കുന്നത്.
എന്നിരിക്കുമ്പോൾ സുജൂദ് ചെയ്യാൻ വിസമ്മതിച്ചതിലൂടെ ഇബ് ലീസിന് ദൈവീകപ്രീതി് വിനഷടമായതിന് പിന്നിലെ പ്രധാന കാരണം അല്ലാഹു വിന്റെ നാമങ്ങളെ തൃണവൽഗണിച്ചതാണെന്ന് കാണാൻ പ്രയാസമില്ല.
അല്ലാഹുവിന്റെ നാമങ്ങൾ വാചികമായി ഉരുവിടുന്നതിൽ മാത്രമല്ല, അതിന് നൽകുന്ന ഭൗതികമായ പദാവലിക്കും പവിത്രതയുണ്ട്.
‘അസ്മാഅ’ എഴുതിയ കേവലമൊരു കടലാസിനെ ആദരിച്ചത് നിമിത്തമാണ് ‘ബിശറുൽ ഹാഫി് ‘ഉന്നതങ്ങൾ താണ്ടിയത്.നല്ല കാര്യങ്ങളുടെ തുടക്കം ‘ അല്ലാഹുവിന്റെ നാമം കൊണ്ടാകട്ടെ’യെന്ന തിരുവരുൾ ചിന്താർഹമാണ്.
കരുണാമയനെന്ന് സ്വയം വിശേഷിപ്പിച്ച അല്ലാഹു തന്നെ സുകൃതങ്ങളുമായി കൂട്ടി വായിക്കാനാണ് താൽപര്യപ്പെടുന്നത് എന്നതു തന്നെ കാരണം.
യുദ്ധ പരാമർശിത ‘തൗബ ‘സൂക്തത്തിൽ ബിസ്മി കടന്നവരാത്തതിന് പിന്നിലെ സയുക്തിയും അതിൽ നിന്ന് മനസ്സിലാക്കാം. കൂട്ടക്കുരുതികളും രക്തചൊരിച്ചിലുമുണ്ടാക്കുന്ന ഹിംസാത്മകതയാണ് യുദ്ധം വിനിമയം ചെയ്യുന്നത്.
സമാധാനകാംക്ഷിയായ അല്ലാഹുവാകട്ടെ അതൊട്ട് ഇഷ്ടപ്പെടുന്നില്ല താനും. ഇത്തരത്തിൽ ദിനേന ആവർത്തിക്കുന്ന ‘ബിസ്മി’ സാധ്യമാക്കുന്ന വൈചാരിതകളെ ഇങ്ങനെ സംഗ്രഹിക്കാം.
1) അല്ലാഹുവിനെ മഹത്വവൽക്കരിക്കൽ
ഇസ് ലാമിക ദൃഷ്ട്യ അല്ലാഹുവിനെ അറിയുകയാണ് വിശ്വാസത്തിന്റെ കാതൽ.സൃഷ്ടികർമം നിർവഹിച്ച് മാറി നിൽക്കുന്ന പഠപ്പുകാരനായല്ല, സൃഷ്ടികളുമായി ഒട്ടിച്ചേർന്ന് നിൽക്കുന്ന പരിപാലകനായാണ അല്ലാഹു വിനെ മനസ്സിലാക്കേണ്ടത് .
അടിമ-ഉടമ ബന്ധത്തിന്റെ കാർക്കശ്യം ഒട്ടും പ്രകടമല്ലാത്ത എന്നാൽ പരമവും ആത്മനിഷ്ഠവുമായ വണക്കവും പ്രാതിനിധ്യവുമാണ് അടിയാറുകളിൽ നിന്നുണ്ടാകുന്നത്.
അവന്റെ മഹത്വത്തെ പ്രതീകവൽക്കരിക്കുന്ന ‘ബിസ്മില്ലാഹി’ പരമകാര്യവും പരിശുദ്ധവുമായ അല്ലാഹുവിനെ അറിയുന്നതിന്റെ വശ്യമായ പ്രയാണമാണ്.
അല്ലാഹുവെന്ന പദം ആസ്തിക്യം അനിവാര്യമുള്ളതും പരിപൂർണ്ണതയുടെ സർവ്വ മാനങ്ങളും മേളിച്ച സത്തയെന്നർത്ഥത്തെ ധ്വനിപ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ നാമം (ഇസ്മുള്ളാഹി ) അവന്റെ തന്നെ പ്രകാശനമാണ്.
‘നാമം’ അതുൾക്കൊള്ളുന്ന സത്തയെ തന്നെയാണല്ലോ ആവിഷ്ക്കരിക്കുക.1ഇസ്മ് ‘സുമുവ്വ് ‘ എന്ന ക്രിയാ ധാതുവിൽ നിന്ന് നിഷ്പന്നമായതാണ്. സുമുവ്വ് എന്നാൽ ഔന്നിത്യം (ഉലുവ്വ്) എന്നർത്ഥം.
അല്ലാഹുവെന്ന നാമം മുഖേന തുടങ്ങുന്ന നാം നമ്മുടെ നിയോഗലക്ഷ്യത്തെ സാക്ഷാൽക്കരിക്കുകയാണ്.’ സൃഷ്ടി ബോധം’ അന്തർവഹിക്കുക വഴി നിർവഹിക്കപ്പെടുന്ന ആരാധന സൃഷ്ടാവിനോടുള്ള അടുപ്പത്തിൽ കലാശിക്കുന്നു.
അല്ലാഹു വിന്റെ സത്ത അനാദ്യവും അനന്ത്യവുമാണ്. ആകയാൽ അവനിൽ നിന്ന് അനാവൃതമായതും അവനിേലക്ക് തിരോഭവിക്കുന്നതുമായ സൃഷ്ടികളുടെ ജീവത നിർവഹിക്കേണ്ട ആദ്യധർമ്മവും സ്രഷ്ടാവിന്റെ ‘ഇട’ത്തെ സംസ്ഥാപിക്കാനുള്ളതാണ്.
സർവ്വതിന്റെയും നിയന്താവായ അല്ലാഹുവിനെ മഹത്വവൽക്കരിക്കുന്നതിലൂടെ മഹത്വം നമ്മിലേക്കും പ്രസരിക്കുന്നു. നിങ്ങൾ അല്ലാഹു വിന്റെ പാശത്തെ മുറുകെ പിടിക്കണമെന്ന് ഖുർആൻ ഓർമപ്പെടുത്തിയത് അതിന് വേണ്ടിയാണ്.
‘ ഇസ് മുല്ലാഹി’ എന്ന ഒറ്റ വാക്കിൽ ഇഴുകിച്ചേർന്ന സർവ്വ വിശേഷങ്ങളും ദൃഢീകരിക്കുക വഴി വിശ്വാസത്തിന്റെ സൽപാന്ഥാവിലേക്ക്ക് നാം തിരിഞ്ഞു കഴിഞ്ഞു. തുടർ പ്രയാണങ്ങളത്രയും അല്ലാഹുവിൽ വിലയം പ്രാപിച്ചുള്ളതാകുന്നു.
ബിസ്മിയിലെ ‘ബ’ പേർത്തെടുത്ത് മനസ്സിലാക്കേണ്ടതാണ് .അല്ലാഹുവുമാ യി തട്ടിച്ച് വായിക്കുമ്പോൾ, നിങ്ങൾ നമ്മുടെ നാമം കൊണ്ട് തുടങ്ങുക എന്ന കല്പന അതിൽ നിന്ന് കണ്ടെടുക്കാം. സൃഷ്ടികൾ കല്പന മനസ്സാവഹിച്ച് ഞങ്ങൾ അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്നുവെന്നർത്ഥത്തിലും ‘ബ’ന് മുമ്പുള്ള ക്രിയയെ ആലോചനക്കെടുക്കാം.
നിർണിതമായൊരു ക്രിയാപദത്തെ ബിസ്മിയുടെ തുടക്കത്തിൽ സംക്ഷേപിക്കാത്തതിന്റെ രസാത്മകതയാണത്. സൽപ്രവർത്തനങ്ങൾക്ക് മുന്നിൽ ബിസ്മി ഉരുവിടുക വഴി അത് അല്ലാഹുവിന്റെ നാമത്തിലാണെന്നർത്ഥമത ഉൽപാദിപ്പിക്കുന്നു .
അറബി വ്യാകരണ മുറയനുസരിച്ച് ആ ‘ബ ‘ ന് ഇൽസാഖ എന്നാണ് പറയുക. അങ്ങനെ വരുമ്പോൾ അല്ലാഹുവുമായി ഒട്ടിച്ചേർന്ന് തുടങ്ങുന്നുവെന്ന വൈകാരികാശം കൂടി ഉൾച്ചേരുന്നു.
1.ആത്യന്തിക അഭയ കേന്ദ്രം അല്ലാഹുവാണ്.
അല്ലാഹുവിനെയറിഞ്ഞ് അരുനിൽക്കുന്നതോടെ അവന്റെ സഹായത്തിന് പാത്രമാവുന്നു .
ലോകത്തിന്റെ നിയന്താവെന്ന നിലയിൽ പ്രപഞ്ചത്തിന്റെ സംരചനാത്മകതയുടെ അകക്കാമ്പറിയുകഅല്ലാഹുവിനാണ്.ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്നും ഏത് വഴിയെ നീങ്ങണമെന്നും നമുക്ക് ദിശ കാട്ടാൻ കഴിയുക അവന് മാത്രമാണ് .
അതിനു വേണ്ടിയുള്ള ദാസ്യ പുരസരമുള്ള തേട്ടമാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. സൃഷ്ടിക്ക് സ്രഷ്ടാവല്ലാതെ തുണയായി ആരാണുണ്ടാവുക? മറ്റൊരു സൃഷ്ടിയെ് ആശ്രയിക്കാമെന്നായാൽ തന്നെ അതിനും പരിമിതിയില്ലെ.
അല്ലാഹു വിനോടുള്ള തേട്ടം സന്ദേഹമറ്റതാണ്. ‘നിങ്ങൾ എന്നോട് പ്രാർത്ഥിക്കുക, തീർച്ചയായും ഞാൻ ഉത്തരം നൽകുമെന്ന ‘ഖുർആൻ . സഹായം ചോദിക്കുന്നവർക്കല്ലാഹു ഉത്തരം നൽകുമെന്നതിൽ നിന്ന് സ്പഷ്ടമാണ്. പക്ഷേ ഒരു നിബദ്ധനയുണ്ടെന്ന മാത്രം. ചോദിക്കണം, പലയാവർത്തി .എങ്കിൽ ഉത്തരം കിട്ടുക തീർച്ചയാണ്.അത് തന്നെ പല രൂപത്തിലും ഭാവത്തിലുമാകാം.
എങ്ങനെയായാലും പ്രാർത്ഥനയുടെ ഫലം മധുരിതമായിരിക്കും. നാം ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിലും നമ്മുടെ ഗുണത്തിനുള്ളത് നമ്മേക്കാൾ അറിയുന്നവനത് ദാനം നൽകും. അത് ഇഹത്തിലോ പരത്തിലോആകാം. വിശ്വാസിയുടെ ജീവിതം പങ്കപ്പാടിന്റെയും പ്രതീക്ഷയുടെയും നടുവയാണെന്ന തിരുവചനം ഓർക്കുക.
ആത്മവിശ്വാസമാണ് വിശ്വാസിയെ മുന്നോട്ട് നയിക്കേണ്ടതെന്ന് സാരം. വിശ്വാസിക്കെല്ലാം നന്മയായി ഭവിക്കുമെന്ന തിരുമൊഴി പ്രയോഗവൽക്കരിക്കപ്പെടുന്നതിവിടെയാണ്.
2. അഭയം നൽകുന്നവനെക്കുറിച്ച് ദുർബലനായ മനുഷ്യനിൽ ആശങ്കകൾ മുളച്ചുപൊന്താo. അതിനറുതി വരുത്താനാണ് റഹ് മാൻ, റഹീം എന്നീ വിശേഷങ്ങൾ ശേഷം പരാമർശിക്കുന്നത്.
അവ ഉൾക്കൊള്ളുന്നതോടെ ആശങ്കകൾ ഒലിച്ച് പോവുന്നു.കാരുണ്യസ്പർശമാണ് ഉടയവനിൽ നിന്ന് പരാഗണം ചെയ്യുന്നതെന്നറിയുന്നതോടെ വിശ്വാസിയുടെ ഹൃദയം തരളിതമാവുന്നു .
ഇഹലോകജീവിതത്തെക്കുറിച്ച വിഭാവന കൂടിയവ പകർന്നു തരുന്നുണ്ട് .സൃഷ്ടാവ് ,മതം, പ്രവാചകൻ, മുസ് ലിം എന്നീ അടിസ്ഥാനാശയങ്ങളൊക്കെയും കാരുണ്യത്തിന്റെ തെളിനീരിൽ നിന്ന് പുഷ്കലമായതാണല്ലോ. ഒരിക്കലും അടഞ്ഞ് കിടക്കാത്ത കാരുണ്യത്തിന്റെ മഹാ ലോകമാണ് അല്ലാഹുവും അവന്റെ ദൂതനും പ്രകാശിച്ചത് .ദൈവം സ്നേഹമാണെന്ന് പറയുന്നതിനു മപ്പുറമാണതിന്റെ വികാസം .അത് പിന്തുടരുകയെന്ന ഉത്തരവാദിത്തം നമ്മളിൽ നിക്ഷിപ്തവുമാണ്.
അതിന്റെ പാലനം കൂടി ബിസ്മിയിലൂടെ പരി പുഷ്ടമാകുന്നു.
നമുക്ക് ഒരു ഐഡന്റിറ്റി രൂപപ്പെടുന്നു.
അല്ലാഹു വിനെയറിഞ്ഞ് അവ നിൽ വിലയം പ്രാപിക്കുന്നതിലൂടെ സംഭവിക്കുന്നതെന്താണ്? നമ്മൾ അല്ലാഹു വിന്റെ അടുപ്പക്കാരായ അടിയാറുകളെന്ന മേൽവിലാസമുള്ളവരാകുന്നു.
ഇനി നമ്മുടെ പ്രവർത്തനങ്ങളിലൊക്കെയും അവന്റെ സഹായഹസ്തങ്ങൾ കിനിഞ്ഞിറങ്ങുന്നു. ആധികളും ആപത്തുകളും വിട്ടുമാറുകയും വി പത്തുകൾ ഗുണപ്രദമായി ഭവിക്കുകയും ചെയ്യുന്നു. ക്രമേണ അവന്റെ ഇഷ്ടദാസന്മാരുടെ വിതാനത്തിലേക്ക് നമ്മൾ ഉയരും.കണ്ണും കാതും കരളും നടപ്പും ഇരിപ്പും കുതിപ്പും കിതപ്പുമെല്ലാം അലൗകികമായ സഹായത്താൽ പ്രഫുല്ലമാകുന്നു.
ഇലാഹീ സ്മരണ മനസ്സിനെ സാന്ദ്രമാക്കുന്ന നേതാടെ അനിതരസാധാരണമായ പലതും ചെയ്യാനുള്ള വിശിഷ് ഠമായ കഴിവ് നമ്മളിൽ അന്തർലീനമാവുന്നു.
3.പിശാചിൽ നിന്നുള്ള കാവൽ
നമ്മുടെ പ്രത്യക്ഷ ശത്രുവായി ഖുർആൻ പരിചയപ്പെടുത്തിയത് പിശാചിനെയാണ്. നമ്മെ അപഥ സഞ്ചാരത്തിലേക്ക് നയിക്കുമെന്ന് പ്രതിജ്ഞയെടുത്തവനാണവൻ .രക്തയോട്ടമുള്ളിടത്തെല്ലാം അള്ളിപ്പിടിച്ച് കയറി കുത്തി ത്തിരുപ്പുണ്ടാക്കുന്നവൻ .പ്രവാചകന്മാരെ വരെ പലയsവുകളുമായി സമീപിച്ചിട്ടുള്ളവൻ.
വിമലീകൃതമായ മനസ്സിന് മാത്രമേ അങ്ങനെയൊരുത്തന്റെ ദുർബോധനങ്ങളിൽ മോക്ഷം ലഭിക്കുകയുള്ളൂ.മനസ്സ് ഉടയവനിൽ സ്ഫുടം ചെയ്തെടുക്കുമ്പോൾ പിശാചിന് പ്രവേശനം നിരസിക്കപ്പെടുന്നു.
അതിൽ പിന്നെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങളൊന്നും വില പോവില്ല. ശരീരേച്ഛകൾ തിന്മകളെ തൊട്ടുണർത്തുന്നതിൽ നിന്നൊഴിഞ്ഞ് സുകൃതങ്ങളെ കൂടെക്കൂട്ടും.
ബിസ്മി ചൊല്ലി കഴിയുന്നതോടെ തടി തപ്പുന്ന പിശാച് പിന്നെയാ പരിസരത്തടുക്കുന്നില്ല. ബിസ്മി ചൊല്ലാത്തതിൽ ബറക്കത്ത് നഷ്ടപ്പെടുമെന്ന ഹദീസ് പ്രസക്തമാവുന്നത് കൊണ്ടാണ്. ബിസ്മി ഉരുവിടാതെ തുടങ്ങുന്ന സർവ്വതി ലും പിശാചിന് തൊഴിലവസരമുണ്ട്.
പിശാച് ഷെയറുകാരനാവുന്നതിൽ ബറക്കത്ത് എങ്ങനെയുണ്ടാവാനാണ്!! നാഥനിൽ നിന്നും ചൊരിഞ്ഞ് കിട്ടുന്ന സമൃദ്ധിയാണല്ലോ ബറക്കത്ത് കൊണ്ട് വിവക്ഷിക്കുന്നത്. അത് അവന്റെ ഇസ്മുമായി ബദ്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ ബിസ്മി ചൊല്ലുന്നതിൽ ബറക്കത്തും ചൊല്ലാത്തതിൽ മന്ദിപ്പും സ്വാഭാവികം. ഭക്ഷണം കഴിക്കുന്നത് ഉദാഹരണമായെടുക്കുക. ഒരാൾ ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലിയില്ലെന്നിരിക്കുക ,ആ ഭക്ഷണത്തിൽ പിശാചും പങ്കുകാരനാവും.അവൻ ഓരോ അണുവിലും നമുക്ക് ഭൂഷണമല്ലാത്തത് കുത്തിവെക്കും.
അത് കഴിക്കുന്ന നാം പിശാചിന്റെ പിണിയാണുകളാകുന്നു. തന്നിമിത്തം ഇലാഹീ സാമിപ്യത്തിൽ നിന്നും വഴി ദൂരം അകലുന്നു. ഉള്ളിലെ നന്മകൾ ഊർന്ന് പോവുന്നു. അതു മുതൽക്കുള്ള നമ്മുടെ മനനവും വാക്കുകളും പ്രവർത്തനങ്ങളുമെല്ലാം പിശാചിന്റെ പിന്നണി വർക്കിൽ രൂപപ്പെട്ടതാവുകയും ചെയ്യുന്നു.
നഷ്ടസ്വർഗത്തിനു പിന്നിലും ബിസ്മി ഒഴിവായതിന്റെ ചരിത്രം നമുക്ക് വായിക്കാനാകും. അല്ലാഹു വിലക്കിയ കനി മറന്ന് ഭുജിച്ചതാണല്ലോ ആദം(അ)ന് സ്വർഗം താൽക്കാലികമായി കൈവിട്ടു പോവാൻ ഇടയാക്കിയത്.
എന്നാൽ ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയാൽ നമുക്ക് മറ്റൊരു കാര്യം കൂടി ബോധ്യപ്പെടും.ഇബ് ലീസിന്റെ പ്രേരണയാൽ ഹവ്വാ ബീവി ആദം(അ)നെ പഴം കഴിക്കാൻ സമ്മർദം ചെലുത്തിയോടെ തുടക്കത്തിൽ അല്ലാഹു വിന്റെ ഇ് സ്മ് ഉച്ചരിക്കാൻ മറന്നു പോവുകയായിരുന്നു.
ആദം(അ) ബിസ്മി ഉച്ചരിച്ചിരുന്നുവെങ്കിൽ തീർച്ചയായും പ്രത്യുത കനി കഴിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ ഉരുവിട്ടുവെങ്കിൽ ശരീരത്തിനത് വിന യൊന്നും വരുത്തിവെക്കില്ലെന്ന് മാത്രമല്ല, വിലക്കപ്പെട്ടത് കഴിക്കാൻ പ്രവാചകന് തോന്നുക പോലുമുണ്ടാവില്ല .എന്നാൽ സംഭവിച്ചത് മറിച്ചതാണ്. ബിസ്മില്ലാഹിയുടെ അഭാവത്തിൽ ഭുജിച്ച ഭക്ഷണം ശരീരത്തിന് പോഷണം ചെയ്തില്ലെന്ന് മാത്രമല്ല ഏനക്കേടുമുണ്ടാക്കി.
അവസാനം വിസർജിച്ചു കളയേണ്ടി വന്നു. ബിസ്മിയുടെ (ഇലാഹീസ്മരണ ) ഗൗരവം ഇതിൽ നിന്ന് തന്നെ ബോധ്യമാകും. ആദം (അ ) ഇലാഹീ സ്മരണയിലേക്ക് ( ബിസ്മിയുടെ തിരിച്ചെടുക്കൽ ) തിരിച്ചു വരുന്നുണ്ടെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു.തുടക്കത്തിൽ ബിസ്മി മറന്നാൽ വീണ്ടെടുക്കണമെന്നതിന്റെ ആദി മാതൃക ആദം(അ) ൽ നിന്ന് പരിചയിച്ചതാണ്.
ഇബ് ലീസിന്സ്വർഗം പാടെ നിരസിക്കപ്പെട്ടതിലും ആദം (അ ) ന് താൽക്കാലിമായി കൈവിട്ട് പോയതിലും ഇസ് മുള്ളാഹിയുടെ പങ്ക് പരമപ്രധാനമാണ്. പിശാചിൽ നിന്നും സർവ്വ വിനാശകാരികളിൽ നിന്നും കാവലാകുന്ന ബിസ്മി ഇലാഹീ സാമിപ്യത്തിലേക്കുള്ള ആത്മായനം കൂടിയാണ്.