സഹാറൻ ഹജ്ജും പശ്ചിമാഫ്രിക്കയിലെ കാരവൻ പട്ടണങ്ങളും

19-ാം നൂറ്റാണ്ടില്‍, യൂറോപ്യൻസ് പശ്ചിമാഫ്രിക്കയില്‍ വെച്ച് ആദ്യമായി ഹജ്ജ് പരിചയപ്പെടുമ്പോള്‍ സഹാറയുടെ തെക്കേ അറ്റം മുതല്‍ ഹോണ്‍ ഓഫ് ആഫ്രിക്ക (സൊമാലി ഉപദ്വീപ്) വരെ പരന്നു കിടക്കുന്ന സാഹേലുമായി അതിന് അടുത്ത ബന്ധമുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടുവരെ വലിയ പ്രാധാന്യമില്ലായിരുന്ന പ്രദേശമാണ് സാഹേല്‍. സഹാറ വഴിയായിരുന്നു പ്രധാനമായും തീര്‍ഥാടനങ്ങളെല്ലാം നടന്നിരുന്നത്. ദൈവീക സന്ദേശവുമായി ഇസ്‌ലാം ആഫ്രിക്കയിലേക്ക് കടന്നുവരുന്നത് തന്നെ സഹാറ വഴിയാണ്. മതവും കച്ചവടവും ഒരുപോലെ വളര്‍ന്ന ആഫ്രിക്കയില്‍നിന്നും ആദ്യ ഹജ്ജ് യാത്ര പുറപ്പെടുന്നതും ഇതുവഴിയായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തോടൊപ്പം ആഫ്രിക്കയിലെ പ്രകൃതി വിഭവങ്ങളും അറബ് കച്ചവടക്കാരെ കാര്യമായി ആകര്‍ഷിച്ചിരുന്നു. മധ്യകാലഘട്ടത്തിലുടനീളം സഹാറന്‍ റൂട്ടുകളിലൂടെ നിരന്തരമായി ഒട്ടക യാത്രാ സംഘങ്ങള്‍ സ്വര്‍ണം, അടിമ തുടങ്ങിയവ ഉത്തരാഫ്രിക്കയിലേക്ക് കയറ്റി അയക്കുകയും ചെമ്പ്, തുണികള്‍, കുതിരകള്‍ മുതലായവ ഇറക്കുമതി നടത്തുകയും ചെയ്തിരുന്നു. അങ്ങനെ ഇസ്‌ലാമിക ലോകത്തിന്റെ കേന്ദ്രബിന്ദുവിലേക്കുള്ള സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനത്തിനുള്ള സ്വാഭാവിക യാത്രാ മാര്‍ഗങ്ങളായി ഒട്ടക സംഘങ്ങള്‍ മാറി.
16-ാം നൂറ്റാണ്ടു മുതല്‍ മഹത്തായ സഹാറന്‍ വ്യാപാര സംഘങ്ങളുടെ യുഗം അവസാനിച്ചിരുന്നു. എന്നാലും പശ്ചിമാഫ്രിക്കയുമായുള്ള യൂറോപ്യന്‍ തീരദേശ വ്യാപാരത്തിന്റെ ഉയര്‍ച്ചയുടെയും ട്രാന്‍സ് സഹാറന്‍ വ്യാപാരം നിയന്ത്രിക്കുന്ന വടക്കന്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളുടെ അധികാര തകര്‍ച്ചയുടെയും ഫലമായി- ആധുനിക യുഗം വരെ തീര്‍ഥാടനങ്ങള്‍ക്കും കച്ചവടങ്ങള്‍ക്കുമായി ഈ മരഭൂ മാര്‍ഗം യഥേഷ്ടം ഉപയോഗിച്ചിരുന്നു.
പശ്ചിമാഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഭരണാധികാരികളായ സുപ്രസിദ്ധ ഹാജിമാരുമായി ബന്ധപ്പെട്ടാണ് ട്രാന്‍സ് സഹാറന്‍ ഹജ്ജ് സാധാരണയായി ചര്‍ച്ച ചെയ്യപ്പെടുന്നത്. മതപണ്ഡിതന്മാര്‍ക്കും വ്യാപാരികള്‍ക്കുമപ്പുറം വിശാലമായ ജനപഥത്തിലേക്ക് ഇസ്‌ലാമിനെയും ഹജ്ജിനെയും പരിചയപ്പെടുത്തിയത് ഈ ഭരണാധികാരികളായിരുന്നു. അവരുടെ ഹജ്ജ് തീര്‍ഥാടനവും ഇതില്‍ വലിയൊരു പങ്ക് വഹിച്ചു. ആഫ്രിക്കന്‍ ഭരണാധികാരികളുടെ ഹജ്ജ് തീര്‍ഥാടനത്തിന് കേവല ചരിത്ര പ്രാധാന്യം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മറിച്ച്, തങ്ങളുടെ യാത്രയിലവര്‍ കേമന്മാരായ ആയിരക്കണക്കിന് പരിവാരങ്ങളെയും സാമ്പത്തിക കൈമാറ്റങ്ങള്‍ക്കായി സ്വര്‍ണം, അടിമകള്‍ എന്നിവയെയും കൂടെക്കൂട്ടി.

മരുഭൂമിയുടെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണങ്ങള്‍ ആദ്യ കാലങ്ങളില്‍ ട്രാന്‍സ് സഹാറന്‍ വാണിജ്യ കേന്ദ്രങ്ങളായിരുന്നു. അവിടെയായിരുന്നു ഒട്ടക സംഘങ്ങള്‍ വന്നുചേര്‍ന്നതും വീണ്ടും യാത്ര തുടര്‍ന്നതും. അതിനോടനുബന്ധമായി ഒട്ടനവധി കച്ചവട കേന്ദ്രങ്ങളും രൂപപ്പെട്ടു വന്നു. പശ്ചിമാഫ്രിക്കയിലെ ശക്തരായ മുസ്‌ലിം സമൂഹങ്ങള്‍ക്കും ഇവ ആതിഥ്യമരുളി. പ്രസ്തുത പട്ടണങ്ങളെ അവയുടെ വാണിജ്യം പരിഗണിച്ചുള്ള ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായുള്ള ഒരുപാട് സംവാദങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഹജ്ജ് തീര്‍ഥാടനത്തില്‍ അവക്കുള്ള പങ്ക് അല്‍പം മാത്രമേ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളൂ.
സഹാറക്ക് കുറുകയെുള്ള ഹജ്ജും വാണിജ്യവും
സഹാറക്ക് കുറുകെയുള്ള ഇസ്‌ലാമിക വ്യാപാരത്തിന്റെ വ്യക്തമായ ചരിത്രരേഖകള്‍ പത്താം നൂറ്റാണ്ടു മുതല്‍ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ ആഗമനത്തിന് മുന്നേയുണ്ടായിരുന്ന വ്യാപാരാടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഇസ്‌ലാമിക വാണിജ്യവും വന്നത്. എന്നിരുന്നാലും, ഇസ്‌ലാമിക കാലഘട്ടത്തിലാണ് ട്രാന്‍സ് സഹാറന്‍ വാണിജ്യം വലിയ രീതിയില്‍ വികാസം പ്രാപിച്ചത്. സ്വര്‍ണം, അടിമകള്‍, ആനക്കൊമ്പ് തുടങ്ങിയവയുടെ അക്ഷയഖനിയാണ് പശ്ചിമാഫ്രിക്കയെന്ന് മുസ്‌ലിം വ്യാപാരികള്‍ തിരിച്ചറിഞ്ഞു. ഈ മൂന്ന് ഇനങ്ങളായിരുന്നു പ്രധാനമായും വ്യാപാരത്തെ മുന്നോട്ട് കൊണ്ടുപോയത്. മധ്യകാലഘട്ടം മുതല്‍ പശ്ചിമാഫ്രിക്കയിലെ രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും പ്രകൃതി വിഭവങ്ങളുടെ പൂര്‍ണ നിയന്ത്രണം നേടിയെടുത്തു. പ്രത്യേകിച്ചും ഘാന (8/911 നൂറ്റാണ്ടുകള്‍), മാലി (12-14 നൂറ്റാണ്ടുകള്‍), സോന്‍ഗായ് (15-16 നൂറ്റാണ്ടുകള്‍) എന്നീ രാഷ്ട്രങ്ങള്‍. വ്യാപാരികള്‍ക്കിടയിലെ കച്ചവടം കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ വ്യാപാര മാര്‍ഗങ്ങള്‍ക്കും കച്ചവട കേന്ദ്രങ്ങള്‍ക്കുമിടയിലെ ശൃംഖലകള്‍ പണ്ടുമുതല്‍ തന്നെ നിലനിന്നിരുന്നു. പതിനാറാം നൂറ്റാണ്ടോടുകൂടി മുസ്‌ലിം വാണിജ്യ സമൂഹങ്ങള്‍ പശ്ചിമാഫ്രിക്കയിലുടെനീളം അഭിവൃദ്ധി പ്രാപിച്ചു. വാണിജ്യ അഭിവൃദ്ധിക്ക് ഇസ്‌ലാമിന്റെ വ്യാപനം കൂടി അനിവാര്യമായിരുന്നു. ഇസ്‌ലാം കൊണ്ടുവന്ന സാംസ്‌കാരിക മുന്നേറ്റം വാണിജ്യ മേഖലയിലും വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്.
വ്യാപാരത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍, ഒറ്റപ്പെട്ട മുസ്‌ലിം കച്ചവടക്കാരും മതപണ്ഡിതന്മാരും മാത്രമാണ് വ്യാപാര നഗരങ്ങളിലുണ്ടായിരുന്നത്. പിന്നീട്, കച്ചവടാര്‍ത്ഥം വന്നവരും അല്ലാത്തവരുമായി ഒരുപാട് പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും അവിടങ്ങളിലെല്ലാം കൂടുതല്‍ സ്വീകാര്യമായ മതം ഇസ്‌ലാമായിത്തീരുകയും ചെയ്തു. ഘാനയില്‍ പതിനൊന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ തങ്ങളുടെ വിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിനുശേഷം കാര്യമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. ആധുനിക മൗറിത്താനിയയുടെ ഭാഗമായ തെക്കന്‍ സഹാറാ മരുപ്രദേശങ്ങളില്‍ നിന്നുള്ള അല്‍മൊറാവിദ് എന്ന മുസ്‌ലിം ബര്‍ബര്‍ സൈനികരാണ് ശക്തമായ സൈനിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഘാനയടക്കം പശ്ചിമാഫ്രിക്കയുടെ തെക്കന്‍ ഭാഗത്തുള്ള മിക്ക സംസ്ഥാനങ്ങളിലും അങ്ങനെ ഇസ്‌ലാമിന് ശക്തമായ വേരോട്ടമുണ്ടായി. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വലിയ രീതിയിലുള്ള ഈ കൈമാറ്റം കച്ചവടത്തിനും വലിയ സാധ്യതകള്‍ തുറന്നിട്ടു, പ്രത്യേകിച്ചും സ്വര്‍ണ വ്യാപാരത്തിന്.
13-ാം നൂറ്റാണ്ടോടെ പശ്ചിമാഫ്രിക്കന്‍ സാമ്രാജ്യങ്ങളിലെ മിക്ക രാജാക്കന്മാരും ഇസ്‌ലാം സ്വീകരിച്ചു തുടങ്ങി. 11-ാം നൂറ്റാണ്ടുവരെ ഘാനക്കുണ്ടായിരുന്ന സാമ്രാജ്യത്വ അധീശത്വം 12, 13 നൂറ്റാണ്ടുകള്‍ക്കിടയില്‍ മാലി ഭരണകൂടം പിടിച്ചെടുത്തു. പശ്ചിമാഫ്രിക്കയിലെ തന്നെ വലിയ സാമ്രാജ്യമായി അവര്‍ മാറി. 14-ാം നൂറ്റാണ്ടോടുകൂടി, മാലിയിലെ സുപ്രസിദ്ധ ഭരണാധികാരിയായിരുന്ന മന്‍സാ മൂസ (ചി. 2) സംഘടിതമായ ഇസ്‌ലാമിക പ്രബോധനത്തിന്റെ നേതൃത്വമേറ്റെടുത്തു. ട്രാന്‍സ് സഹാറന്‍ വാണിജ്യ മേഖലയിലെ സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. തിംബുക്തു അടക്കം നിരവധി ലോക പ്രശസ്ത വാണിജ്യ നഗരങ്ങള്‍ മന്‍സാ മൂസയുടെ കാലത്ത് ഉയര്‍ന്നു വന്നു. 15-ാം നൂറ്റാണ്ടില്‍ മാലി ഭരണകൂടത്തെ അട്ടിമറിച്ച് സോംഗായി ഭരണകൂടം ആഫ്രിക്കയിലെ വന്‍ശക്തിയായി മാറി. മധ്യകാല പശ്ചിമാഫ്രിക്കന്‍ ഭരണകൂടങ്ങളിലെ ഏറ്റവും ഒടുവിലെത്തെതായിരുന്നു ഇത്. സോംഗായി ഭരണകൂടത്തിന് കീഴില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കപ്പുറവും ഇസ്‌ലാമിന്റെ പേരും പെരുമയും വ്യാപിച്ചു.
15-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പശ്ചിമാഫ്രിക്കന്‍ തീരപ്രദേശങ്ങളിലൂടെ യൂറോപ്പ് ആഫ്രിക്കയിലെത്തുമ്പോള്‍ ഇസ്‌ലാമിന് എഴുന്നൂറ് വര്‍ഷം പ്രായമുണ്ടായിരുന്നു. മാത്രവുമല്ല, ആഫ്രിക്കന്‍ നാടുകളില്‍ ഭൂരിഭാഗവും മുസ്‌ലിം ലോകത്തിന്റെ ഭാഗമായി തീരുകയും ചെയ്തിരുന്നു.
ഇസ്‌ലാമിക ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ, ആഫ്രിക്കന്‍ മുസ്‌ലിംകള്‍ക്കും ഹജ്ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍, ഒരു ട്രാന്‍സ് സഹാറന്‍ ഹജ്ജ് തീര്‍ഥാടനം സാധ്യമാക്കുകയെന്നത് ദുഷ്‌കരമായൊരു പ്രവൃത്തി തന്നെയായിരുന്നു. സഹാറയുടെ ഒരറ്റത്ത് നിന്ന് മറ്റൊരത്തേക്ക് ആറു മുതല്‍ എട്ട് ആഴ്ചക്കാലത്തെ ദൂരമാണുള്ളത്. പക്ഷെ, ഹജ്ജ് തീര്‍ഥാടനത്തിന് പലപ്പോഴും രണ്ട് വര്‍ഷം വരെ ആഫ്രിക്കന്‍ മുസ്‌ലിംകള്‍ ചെലവഴിച്ചു. അവരെ സംബന്ധിച്ചിടത്തോളം, മുസ്‌ലിം നാടുകള്‍ സന്ദര്‍ശിക്കാനും അനുഭവിക്കാനുമുള്ള അവസരം കൂടിയായിരുന്നു ഹജ്ജ് തീര്‍ഥാടനം. പ്രവിശാലമായ നാടായിരുന്നിട്ട് കൂടി പശ്ചിമാഫ്രിക്കയിലൂടെയുള്ള ട്രാന്‍സ് സഹാറന്‍ ഹജ്ജ് തീര്‍ഥാടനത്തിന് കൂടുതൽ പുറപ്പെടല്‍ കേന്ദ്രങ്ങളുണ്ടായിരുന്നില്ല. അതിനാല്‍തന്നെ, വാണിജ്യ സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന മാര്‍ഗമായിരുന്നു ഹജ്ജ് തീര്‍ഥാടനത്തിനായി ആഫ്രിക്കന്‍ മുസ്‌ലിംകളും ഉപയോഗിച്ചിരുന്നത്.

ഒരു സഹാറൻ വ്യാപാരിക്ക് മാലിയിലെ മൻസ മൂസ സ്വര്‍ണ്ണക്കട്ടി നൽകുന്നു
മൊറോക്കയില്‍ നിന്ന് പശ്ചിമ മൗറിത്താനിയയിലേക്കുള്ള വഴി, ഗദാംസ് വഴി നൈജര്‍ ബെന്‍ഡിലേക്കെത്തുന്ന മധ്യ സഹാറന്‍ പാത എന്നിവയാണ് ഇസ്‌ലാമിക വാണിജ്യത്തിന്റെ ആദ്യ ഘട്ടങ്ങളിലുണ്ടായിരുന്ന (12-ാം നൂറ്റാണ്ടു വരെ) പ്രധാനപ്പെട്ട രണ്ട് യാത്രാ മാര്‍ഗങ്ങള്‍. ട്രാന്‍സ് സഹാറന്‍ വാണിജ്യത്തിന്റെ സുവര്‍ണ കാലഘട്ടങ്ങളില്‍ (14 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകാലം) ഐനുല്‍ സലാഹ് മുതല്‍ തിംബുക്തു വരെയുള്ള പാതയായിരുന്നു പ്രധാനപ്പെട്ട യാത്രാമാര്‍ഗം. 16-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മൊറോക്കന്‍ സൈന്യം തിംബുക്തു കീഴടക്കിയതിനെ തുടര്‍ന്ന് സഹാറയിലൂടെയായിരുന്ന ഹജ്ജ് യാത്രകള്‍ പടിഞ്ഞാറ് ഭാഗത്തെ ശിന്‍ഖീഥ്, വാദാന്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചായി മാറി. സഹാറാ മാര്‍ഗങ്ങള്‍ക്ക് പുറമെ മറ്റെല്ലാ യാത്രാ മാര്‍ഗങ്ങളിലും ആഫ്രിക്കന്‍ മുസ്‌ലിംകള്‍ മൊറോക്കന്‍ ഹജ്ജ് സംഘങ്ങളുമായി കണ്ടുമുട്ടുകയും മക്കയിലേക്ക് അവരോടൊപ്പം യാത്ര തുടരുകയും ചെയ്തു.
സാഹേലിയന്‍ ഒട്ടക സംഘങ്ങള്‍ ഉയര്‍ന്നു വരുന്നത് വരെ മക്കയിലേക്കുള്ള യാത്രാ മാര്‍ഗം ശന്‍ഖീഥും വാദാനുമായിരുന്നു. തീര്‍ഥാടനത്തിനും കച്ചവടത്തിനും പുറപ്പെടുന്ന വലിയ സഹാറന്‍ ഒട്ടക സംഘങ്ങള്‍ക്ക് ഈ മാര്‍ഗം സുരക്ഷിതത്വവും സംരക്ഷണവും നല്‍കി. സാഹേലിയന്‍ യാത്രാമാര്‍ഗത്തെക്കാളും പ്രാധാന്യമുള്ളതാണ് സഹാറന്‍ പാതകള്‍. ഹിജാസിന് പുറമെ കൈറോ, ഖൈറുവാന്‍ തുടങ്ങിയ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലൂടെയെല്ലാം സഹാറന്‍ മരുഭൂമി കടന്നുപോകുന്നു.
മരുഭൂമിയിലൂടെയുള്ള ഈ യാത്ര ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഹജ്ജ് തീര്‍ഥാടനാനുഭവമാണ് നല്‍കുന്നത്. ആഫ്രിക്കയിലെ ഹാജിമാര്‍ക്കിത് കൂടുതൽ പെരുമ നല്‍കുന്നു.
11-ാം നൂറ്റാണ്ടിലെ ദക്ഷിണ സഹാറന്‍ നാടോടി രാജാക്കന്മാരെ കുറിച്ചുള്ളതാണ് സഹാറക്ക് കുറുകെയുള്ള ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രഥമ ചരിത്രരേഖകള്‍. 12-ാം നൂറ്റാണ്ടോടുകൂടി പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഇക്കാലയളവില്‍ പശ്ചിമാഫ്രിക്കന്‍ തീര്‍ഥാടകര്‍ ചേര്‍ന്ന് കൈറോവില്‍ ഒരു മദ്‌റസയും പണികഴിപ്പിച്ചിരുന്നു. 14-ാം നൂറ്റാണ്ടിന് മുമ്പ് ഹജ്ജ് തീര്‍ഥാടനത്തിനായി പ്രത്യേക യാത്രാസംഘം നിയോഗിക്കപ്പെട്ടിരുന്നോ അതോ ഓരോരുത്തരും സ്വന്തമായി വാണിജ്യ താല്‍പര്യങ്ങള്‍ക്കായി കച്ചവട സംഘത്തെ കണ്ടെത്തുകയായിരുന്നോ എന്ന് വ്യക്തമല്ല. സഹാറന്‍ മരുഭൂമിയിലൂടെയുള്ള ഹജ്ജ് തീര്‍ഥാടനം ഒരു പ്രതിവര്‍ഷ പ്രതിഭാസമായിരുന്നോ എന്നും വ്യക്തമല്ല. 14, 15 നൂറ്റാണ്ടുകളിലെ ചരിത്രരേഖകളാണ് സംഘടിതമായ പശ്ചിമാഫ്രിക്കന്‍ ഹജ്ജ് തീര്‍ഥാടനങ്ങളെക്കുറിച്ചും ഹിജാസിലേക്കുള്ള അവരുടെ വാര്‍ഷിക വരവിനെ കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നത്.
14-ാം നൂറ്റാണ്ടില്‍ പശ്ചിമാഫ്രിക്കന്‍ തീര്‍ഥാടന സംഘത്തിന്റെ ഭാഗമായി അയ്യായിരത്തോളം ആളുകളാണ് മൊറോക്കോയിലെത്തിയത്. മധ്യയുഗത്തിന്റെ അവസാനത്തോടെ സഹാറന്‍ തീര്‍ഥാടക സംഘം ‘തക്‌റൂര്‍ കാരവന്‍’ എന്ന പേരിലറിയപ്പെട്ടു. പിന്നീട്, മധ്യേഷ്യയില്‍ പശ്ചിമാഫ്രിക്കന്‍ ജനങ്ങള്‍ക്ക് പൊതുവായി പറയുന്ന നാമമായി ഇത് മാറി. ഹജ്ജിന്റെ പിന്നീടുള്ള കാലഘട്ടം ഒരുപക്ഷെ, വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. യൂറോപ്യന്‍ കോളനിവല്‍കരണത്തിന്റെ ആരംഭകാലം വരെ അഭിവൃദ്ധി പ്രാപിച്ചൊരു മഹത്തായ പാരമ്പര്യമായി ക്രോസ് സഹാറന്‍ ഹജ്ജ് തുടര്‍ന്നുപോന്നിരുന്നു. 18, 19 നൂറ്റാണ്ടുകളില്‍, ശിന്‍ഖീഥിലെ പ്രധാന സഹാറന്‍ സൂഫീ കേന്ദ്രങ്ങള്‍ക്ക് കീഴിലായി മക്കയിലെത്തിയിരുന്ന വലിയ പശ്ചിമാഫ്രിക്കന്‍ തീര്‍ഥാടന സംഘങ്ങളെ ‘ശിന്‍ഖീഥ് കാരവന്‍’ എന്നാണ് വിളിച്ചിരുന്നത്.
പശ്ചിമാഫ്രിക്കന്‍ ഹജ്ജിന്റെ ഏറ്റവും പ്രശസ്തമായ സംഘടനകളെല്ലാം ഹാജിമാരായ ഭരണാധികാരികളുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. 14-ാം നൂറ്റാണ്ടിലെ മാലി ഭരണാധികാരി മന്‍സാ മൂസയാണ് അതില്‍ പ്രധാനി. അടിമകളും കൊട്ടാര സേവകരുമടക്കം ആയിരക്കണക്കിന് പരിവാരങ്ങളൊത്താണ് മന്‍സാ മൂസ തന്റെ യാത്ര ആരംഭിക്കുന്നത്. അതിഭീമമായ സ്വര്‍ണ സമ്പത്തും അദ്ദേഹം കൂടെ കൊണ്ടുപോയി. മാലിക്കാര്‍ ആ സ്വര്‍ണമെല്ലാം കൈറോവില്‍ ഉപയോഗിച്ച് തുടങ്ങിയതോടെ അവിടുത്തെ പ്രാദേശിക സ്വര്‍ണ നിലവാരത്തിന് വമ്പിച്ച മൂല്യത്തകര്‍ച്ച സംഭവിച്ചു. മന്‍സാ മൂസയുടെ സ്വര്‍ണ കൂമ്പാരത്തിന് അത്രമാത്രം മൂല്യമുണ്ടായിരുന്നു. അതിനെല്ലാമപ്പുറം, മന്‍സാ മൂസയുടെ ഹജ്ജ് തീര്‍ഥാനടത്തിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ പശ്ചിമാഫ്രിക്കക്കായി. അബ്രഹാം ക്രെസ്‌ക്യൂവിന്റെ കാറ്റലന്‍ അറ്റ്‌ലസില്‍ മന്‍സാ മൂസയോടൊപ്പം പ്രത്യേക ഇടവും പശ്ചിമാഫ്രിക്കക്ക് ലഭിച്ചു (ചി. 2).
മന്‍സാ മൂസക്ക് പുറമെ, ഘാന, മാലി ഭരണകൂടങ്ങളില്‍ നിന്നായി മറ്റനേകം രാജാക്കന്മാരും ഹജ്ജ് തീര്‍ഥാടനത്തിന് പോയിരുന്നുവെങ്കിലും ഉത്തരാഫ്രിക്കയിലേക്കും മക്കയിലേക്കും ഇദ്ദേഹത്തിന്റെ അത്രയും സംഭവബഹുലമായ വരവിന് അവര്‍ക്ക് സാധ്യമായിരുന്നില്ല. മന്‍സാ മൂസക്ക് ശേഷവും സോംഗോയ് രാജാവ് അസ്‌കിയ മുഹമ്മദ് അടക്കം പലരും തീര്‍ഥാടനം നടത്തി. മന്‍സാ മൂസക്ക് സമാനമായ യാത്രാസംഘവുമായുള്ള തീര്‍ഥാടനം അസ്‌കിയക്ക് ‘പശ്ചിമ സുഡാനിന്റെ ഖലീഫ’യെന്ന ബഹുമതി നേടിക്കൊടുത്തു. ഇവരുടെതെല്ലാം കേവല ഹജ്ജായിരുന്നില്ല. മറിച്ച്, പലര്‍ക്കുമത് പ്രചോദനമാവുകയും കൂടുതല്‍ ഇടങ്ങളിലേക്കുള്ള ഇസ്‌ലാം വ്യാപനത്തിന് കാരണമാവുകയും ചെയ്തു.
പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള ഓരോ ഹജ്ജ് തീര്‍ഥാടനത്തെയും കാരവന്‍ പട്ടണങ്ങള്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. മിക്കവയും മരുഭൂമിയോടടുത്ത പട്ടണങ്ങളായിരുന്നു. നീണ്ട മരുഭൂയാത്രക്ക് മുമ്പ് വെള്ളവും വിശ്രമവും കണ്ടെത്താന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളെന്ന നിലയില്‍, സാര്‍ഥവാഹക സംഘങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായിരുന്നു ഇവ. പശ്ചിമാഫ്രിക്കന്‍ മുസ്‌ലിംകളുടെ തീര്‍ഥാടനത്തിന് ശക്തി പകര്‍ന്നതും കാരവന്‍ പട്ടണങ്ങളായിരുന്നു. ഹജ്ജിന് പുറപ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍, പശ്ചിമാഫ്രിക്കയിലെത്തി തിരികെപ്പോകാന്‍ തയ്യാറെടുക്കുന്ന കച്ചവട സംഘങ്ങളെ കാരവന്‍ പട്ടണങ്ങളില്‍ കാത്തുനിന്നു. മധ്യ ഇസ്‌ലാമിക ലോകം ആഫ്രിക്കന്‍ തീര്‍ഥാടകരെ കാത്തിരിക്കുന്നതു പോലെയായിരുന്നു ഇത്. പശ്ചിമാഫ്രിക്കയിലെ ഇസ്‌ലാമികാഗമനത്തോടെ ശക്തന്മാരായ പല മുസ്‌ലിം സമൂഹങ്ങള്‍ക്കും ഈ മരുഭൂപട്ടണങ്ങള്‍ സ്വന്തം വീടുകളായി. ഇസ്‌ലാമിക പൈതൃകം ഇവിടങ്ങളിലെല്ലാം ആഴ്ന്നിറങ്ങുകയും ചെയ്തു. കാരവന്‍ പട്ടണങ്ങള്‍ വെറും ഹജ്ജ് തീര്‍ഥാടന പുറപ്പെടല്‍ കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച്, പശ്ചമാഫ്രിക്കന്‍ മുസ്‌ലിംകള്‍ തങ്ങളുടെതായ രീതിയില്‍ നിര്‍മിച്ചെടുത്ത ഹജ്ജ് തീര്‍ഥാടന പാരമ്പര്യവുമായി ചേര്‍ന്നു നില്‍ക്കുന്ന ഇസ്‌ലാമിന്റെ പ്രതീകാത്മക കേന്ദ്രങ്ങള്‍ കൂടിയായിരുന്നു അവ.
(തുടരും)

വിവർത്തനം: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

He is an archaeologist and Research Associate at the Sainsbury Research Unit, University of East Anglia, UK. Sam received his Ph.D. from University College London in 2008, after which he was employed as a Postdoctoral Researcher and Research Associate at the University of East Anglia.