ദർവീഷിന്റെ കണ്ണ്

1976 ലെ വേനല്‍ചൂടിലാണ് ഞാന്‍ കൈറോയില്‍ എത്തുന്നത്. എത്തിയ ഉടനെ സൗദി അറേബ്യയിലേക്കുള്ള വിസയ്ക്ക് വേണ്ടി ഞാന്‍ ശ്രമമാരംഭിച്ചു. ഗാര്‍ഡന്‍ സിറ്റിയിലെ വിശാലമായ കെട്ടിട സമുച്ചയത്തിലായിരുന്നു സൗദി കോണ്‍സുലേറ്റ് ജനറല്‍ പ്രവര്‍ത്തിച്ചിരുന്നത്. സൗദിയുടെ എണ്ണ സമൃദ്ധിക്കാലമായിരുന്ന ആ സമയത്തു തന്നെയാണ് ജോലിക്കും ഹജ്ജ്, ഉംറയ്ക്കും വിസക്ക് അപേക്ഷിച്ച ആയിരങ്ങള്‍ എംബസ്സി ഉപരോധിച്ചതും.

വികാരക്ഷോഭം ദുസ്സഹമായി. ജനക്കൂട്ടം പ്രവേശനകവാടത്തിലും ചുറ്റു വളപ്പിലും കടന്നുകൂടി. വെളുത്ത യൂണിഫോമും കറുത്ത തൊപ്പിയും ധരിച്ച ഈജിപ്ഷ്യന്‍ പോലീസ് ലഹളക്കൂട്ടത്തിനിടയിലേക്ക് ബെല്‍റ്റുകളുമായി പാഞ്ഞുകയറി. മനുഷ്യക്കൂട്ടത്തിന്റെ ചുടുമണവും തെരുവോരങ്ങളിലെ കോപാഗ്നികളും നഗരത്തെ വീര്‍പ്പുമുട്ടിച്ചു. ഗത്യന്തരമില്ലാതെ ഗേറ്റിലൂടെ കടക്കാന്‍ ശ്രമിച്ച ഞാന്‍ കണ്ടത്, ഗേറ്റ് മുതല്‍ വിസാ അപേക്ഷക്കുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ട ജനല്‍പാളി വരെ നീണ്ടുകിടക്കുന്ന ആള്‍വ്യൂഹത്തെയാണ്. അറ്റമില്ലാത്ത ക്യൂവില്‍ ഞാന്‍ ഉടക്കിനിന്നുപോയി. പുതിയ അപേക്ഷകരുടെ അവിരാമമായ ഒഴുക്ക് നിര ചുരുങ്ങുമെന്ന പ്രതീക്ഷയെ കെടുത്തികളഞ്ഞു.

വാക്കുതര്‍ക്കത്തിനുള്ള സാഹസത്തിന് നില്‍ക്കാതെ, ഹിമപാതം കണക്കെ ഇഴയുന്ന ഒരു വരിയുടെ ഏറ്റവും പിന്നില്‍ ശാന്തനായി കാത്തുനില്‍ക്കാനായിരുന്നു എന്റെ വിധി. എനിക്കുള്ള വലിയ സദ്ഗുണമൊന്നുമല്ല സഹനശക്തി. എങ്കിലും മറ്റൊരു സാധ്യതയുമില്ലാതെ ഞാന്‍ അകപ്പെട്ടു. അത്ര നന്നല്ലാത്ത സാഹചര്യങ്ങളെ ഇണക്കാന്‍ ഉചിതമായ മാര്‍ഗ്ഗം ദിക്റുകൾ ചൊല്ലല്‍ മാത്രമാണെന്ന തീര്‍പ്പിലെത്തി. ആയിരം തവണ മുത്ത്‌നബി(സ)ക്ക് സ്വലാത്ത് ചൊല്ലാനും ഞാന്‍ തീരുമാനിച്ചു. മൂന്ന് മണിക്കൂറുകളോളം ഞാന്‍ വരിയില്‍ നിലയുറപ്പിച്ചു. മുഖത്ത് വിയര്‍പ്പ് നീരൊഴുക്കായി ഒലിച്ചിറങ്ങി. ഓക്കാനമുണ്ടാക്കുന്ന മൂടല്‍മഞ്ഞ് ശ്വസിക്കാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. സ്വലാത്ത് പലയാവര്‍ത്തി ചൊല്ലുന്നതിനിടെ ക്യൂവിലെ മറ്റൊരുത്തന്റെ തിടുക്കം കൊണ്ട് ഞാന്‍ മുന്നിലെ വരിയിലേക്ക് ചെന്നുപെട്ടു.

വരിയുടെ മുമ്പില്‍ എത്തിയപ്പോഴേക്ക് 990 തവണ ഞാന്‍ ചൊല്ലിക്കഴിഞ്ഞിരുന്നു. ഇതോടെ നിരാശയും മുഷിപ്പും എന്നെ പതിയെ വിട്ടേച്ചുപോയെന്ന് പറയേണ്ടതില്ലല്ലോ. എന്റെ കടലാസുകളൊക്കെ ജനാലയ്ക്കകത്ത് നല്‍കി. ആശ്വാസനെടുവീര്‍പ്പുമായി ഞാന്‍ കോണ്‍സുലേറ്റ് വളപ്പില്‍ നിന്നും പുറത്തേക്കിറങ്ങി. ഒരു ടാക്‌സിയില്‍ സയ്യിദ സൈനബ പള്ളിയിലേക്ക് വെച്ചുപിടിച്ചു. അവിടെയാണ് തിരുനബി(സ)യുടെ പൗത്രി സയ്യിദ സൈനബ(റ) അന്തിയുറങ്ങുന്നത്. ടാക്‌സിയില്‍ വെച്ച് ഞാന്‍ സ്വലാത്ത് ആയിരം തവണ തികച്ചു. ഡ്രൈവറിന് പണം കൊടുത്ത് പള്ളിക്കകത്തേക്ക് നടന്നു. സയ്യിദ സൈനബ(റ)യുടെ മഖാമിന്റെ ചുറ്റുമതിലിന് അടുത്തെത്തിയപ്പോള്‍ നീളമുള്ള വെള്ള വസ്ത്രവും നിറംപൂശിയ തലപ്പാവും ധരിച്ച് ഒരു പ്രായം ചെന്ന നൂബിയന്‍ ദര്‍വീശ് മഖാമിന് അരികിലായി ദിക്‌റില്‍ മുഴുകി ഇരിക്കുന്നുണ്ട്. എന്തോ പെട്ടെന്ന് തിരിച്ചറിഞ്ഞത് പോലെ, അദ്ദേഹത്തിന്റെ ശ്രദ്ധ എന്നില്‍ പതിഞ്ഞു. എന്നെ മനസ്സിലായെന്ന മട്ടില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തെളിഞ്ഞുനിന്നു. അദ്ദേഹം ഉറക്കെ വിളിച്ചു: ‘അല്ലാഹ്! അല്ലാഹ്!’ എന്നില്‍ അദൃശ്യമായിക്കിടക്കുന്ന എന്തോ ഒന്ന് തന്റെ ഹൃദയത്തിലേക്ക് പെറുക്കിക്കൂട്ടാന്‍ നൈരാശ്യത്തോടെ അയാള്‍ ശ്രമിക്കുകയാണെന്ന പോല്‍ തന്റെ കൈകള്‍ കൊണ്ട് എന്നെ നിര്‍ദാക്ഷിണ്യം വലിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ വദനം പ്രകാശപൂരിതമായി. അദ്ദേഹത്തോട് ഞാനൊന്ന് തലയാട്ടി. അയാള്‍ നിര്‍വൃതിയോടെ തൂമന്ദഹാസം പൊഴിച്ചു. ശേഷം തന്റെ പ്രാര്‍ത്ഥനയിലേക്ക് അയാള്‍ മടങ്ങിപ്പോയി.

ഒരാഴ്ച കഴിഞ്ഞ് ഞാന്‍ വീണ്ടും സയ്യിദ സൈനബ മഖാമിലേക്ക് പോയി. ആ ദിവസം സൗദി കോണ്‍സുലേറ്റില്‍ ആയിരുന്നതിനാല്‍ ഞാന്‍ സ്വലാത്തിലോ മറ്റു ദിക്‌റുകളിലോ കൂടുതലായി ഏര്‍പ്പെട്ടിരുന്നില്ല. നൂബിയന്‍ ദര്‍വീശിനെ കണ്ട ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കി. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും മഖ്ബറയ്ക്ക് മുമ്പിലുള്ള അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുതല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു കെട്ടുപാട് ഉണ്ടെന്ന് ഞാന്‍ കരുതി. അദ്ദേഹം എന്നെ തമസ്‌കരിച്ചു. അയാളുടെ പ്രത്യേകശ്രദ്ധ ലഭിക്കാന്‍ അവസാനമായി ഞാന്‍ ശ്രമിച്ചപ്പോള്‍ മുന്‍പരിചയത്തിന്റെ തരി ഇത്തിരി പോലും പ്രകടിപ്പിക്കാതെ എന്നെ നോക്കി അയാള്‍ തന്റെ പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞു. കഴിഞ്ഞ ആഴ്ച അദ്ദേഹം ശ്രദ്ധിച്ചത് എന്താണെങ്കിലും, അത് ഒട്ടുമേ ഞാനല്ല എന്നത് തീര്‍ച്ച. അദ്ദേഹത്തിന്റെ അകക്കണ്ണ് പതിഞ്ഞത് സ്വലാത്തില്‍ ആയിരുന്നുവെന്നാണ് എന്റെ അനുമാനം. അല്ലാഹു അഅ്‌ലം(ഉത്തമജ്ഞാനി അവനത്രെ).

 

 

 

 

വിവര്‍ത്തനം: സൈദ് അബ്ദുല്‍ മജീദ്