ലാമു ദ്വീപ്: മൗലിദ് പട്ടണത്തിന്റെ ചരിത്രം

കെനിയയിലൂടെയുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് കെനിയൻ സമുദ്ര തീരത്താണ്. മൊമ്പാസയിൽ നിന്നും 350 കിലോമീറ്റർ അകലെയാണ് ഇവിടെയുള്ള ലാമു ദ്വീപ്. ചരിത്രപരമായും സാംസ്കാരികപരമായും ഭൂതകാലത്തിന്റെ വിപുലമായ പൈതൃകങ്ങളെ ഈ ദ്വീപ് അടയാളപ്പെടുത്തുന്നുണ്ട്. ലാമു ദ്വീപിൽ തന്നെയുള്ള ലാമു ഓൾഡ് ടൗൺ, കെനിയയിലെ തുടർച്ചയായി ജനവാസമുള്ള ഏറ്റവും പഴയ പട്ടണമാണ്. 1370-ൽ കിഴക്കൻ ആഫ്രിക്കയുടെ തീരത്തുള്ള യഥാർത്ഥ സ്വാഹിലി സെറ്റിൽമെന്റുകളിലൊന്നായിട്ടാണ് ഈ പട്ടണം സ്ഥാപിതമാകുന്നത്. ഉപേക്ഷിക്കപ്പെട്ടതു മൂലം മറ്റനേകം വാസസ്ഥലങ്ങൾ സംരക്ഷിക്കപ്പെടാതെ അവഗണിക്കപ്പെട്ടു പോയെങ്കിലും, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ലാമു, 700 വർഷത്തിലേറെയായി നന്നായി സംരക്ഷിച്ച് പോരുന്നു.

മറ്റ് തീരദേശ കിഴക്കൻ ആഫ്രിക്കൻ പട്ടണങ്ങളെപ്പോലെ പവിഴക്കല്ലും കണ്ടൽ തടിയും കൊണ്ട് നിർമ്മിച്ച, ഈ പട്ടണത്തിന്റെ വാസ്തുവിദ്യ, അതിന്റെ ചരിത്രം പോലെ തന്നെ, സ്വാഹിലി, അറബിക്, പേർഷ്യൻ, ഇന്ത്യൻ, യൂറോപ്യൻ ശൈലികളുടെ മിശ്രിതമാണ്. 1441 ൽ മക്കയിൽ വെച്ച് ലാമുവിലെ ജഡ്ജിയെ കണ്ട അറബ് സഞ്ചാരിയായ അബുൽ മഹാസിനിയുടെ രചനയാണ് ലാമുവിനെ കുറിച്ചുള്ള ഏറ്റവും പഴയ ലിഖിത പരാമർശം. 1415-ൽ ലാമു ദ്വീപിന് സമീപം ചൈനീസ് കപ്പലായ ഷെങ് ഹെയുടെ കപ്പലുകൾ മുങ്ങിയതായും അവകാശവാദമുണ്ട്. ഇതിൽ നിന്നും രക്ഷപ്പെട്ടവർ പട്ടേ ദ്വീപിൽ സ്ഥിരതാമസമാക്കുകയും, ഷാംഗ ഗ്രാമം സ്ഥാപിക്കുകയും ഇസ്‌ലാം മതം സ്വീകരിച്ച ശേഷം അവിടുത്തെ സ്ത്രീകളെ വിവാഹം കഴിച്ചുവെന്നും പ്രസ്താവിക്കപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ലാമുവിൽ നുഴഞ്ഞു കയറുകയും പ്രദേശത്തെ കപ്പൽ വ്യാപാരം തങ്ങളുടെ കുത്തകയാക്കുകയും ചെയ്തു. 150 വർഷങ്ങൾക്ക് ശേഷം ലാമു ഒമാനിന്റെ സഹായത്തോടെ പോർച്ചുഗീസിൽ നിന്നും സ്വാതന്ത്രം നേടി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ഒമാനി സംരക്ഷണത്തിന് കീഴിൽ സാംസ്കാരിക സമൃദ്ധിയുടെ കാലഘട്ടം ആസ്വദിച്ച റിപ്പബ്ലിക്കായി ലാമു നിലകൊണ്ടു. ഈ സമയത്ത്, ലാമു സാഹിത്യത്തിന്റെയും, പാണ്ഡിത്യത്തിന്റെയും കലയുടെയും, കരകൗശല വസ്തുക്കളുടെയും വ്യാപാരത്തിന്റെയും കേന്ദ്രമായി മാറി. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, കൊളോണിയൽ കാലഘട്ടത്തിൽ, ലാമു ആദ്യം സാൻസിബാറിലെ സുൽത്താന്റെയും, പിന്നീട് ജർമനിയുടെയും നിയന്ത്രണത്തിലായിയിരുന്നു. അവസാനം ബ്രിട്ടീഷുകാരും ലാമുവിലെ ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ 1963-ൽ കെനിയ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതോടെ ലാമുവിലെ കൊളോണിയൽ കാലഘട്ടം അവസാനിച്ചു.

ഫിലിപ്പ് എഫ്രെമോവ് എന്ന റഷ്യൻ സഞ്ചാരി 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദ്വീപ് സന്ദർശിക്കുകയും തന്റെ യാത്രകൾ ഒരു ജേണലിൽ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹം എഴുതി, “വളരെ മനോഹരമായിരുന്നു ആ സ്ഥലം. കടൽ മരതകം പോലെയിരുന്നു, തീരത്തെ ഈന്തപ്പനകൾക്ക് വളരെ ഉയരമുണ്ടായിരുന്നു…ലാമു ശരിക്കും സുന്ദരിയായിരുന്നു. ആഫ്രോ-അറേബ്യൻ സംസ്‌കാരത്തിന്റെ സ്വാധീനം നഗരത്തിലുടനീളം എനിക്ക് കാണാൻ കഴിഞ്ഞു. പ്രാദേശിക സാമഗ്രികൾ കൊണ്ട് നിർമ്മിച്ച ശിലാ കെട്ടിടങ്ങൾ അടങ്ങിയതാണ് ലാമു നഗരം. വലിയ പവിഴവും സുഷിരവുമുള്ള കല്ലുകൾ കൊണ്ടാണ് അവ നിർമ്മിച്ചത്, ചുണ്ണാമ്പും മറ്റു ചില ലായനികളും ഉപയോഗിച്ച് ഉറപ്പിച്ചു. ദ്വീപുകൾക്ക് ചുറ്റും സമൃദ്ധമായി വളരുന്ന കണ്ടൽക്കാടുകൾ കൊണ്ടാണ് മരത്തടികളും മേലെയുള്ള കവറുകളും നിർമ്മിച്ചിരിക്കുന്നത്”.

അവിടുത്തെ പ്രാദേശികരിൽ അദ്ദേഹം വല്ലാതെ ആകൃഷ്ടനായി. ഇതിനെപ്പറ്റി തന്റെ രചനയിൽ അദ്ദേഹം എഴുതി, “ഞാൻ ഇതുവരെ സ്വാഹിലി ജനതയുമായി പരിചയപ്പെട്ടിട്ടില്ല, ഞാൻ അവരെ വളരെ താൽപ്പര്യത്തോടെ നോക്കി. പൊക്കത്തിലും രൂപത്തിലും അവർ വളരെ മനോഹരമായി കാണപ്പെട്ടു: അവർ അറബികളെപ്പോലെയോ ആഫ്രിക്കക്കാരെപ്പോലെയോ അല്ല, അവർ ഇവ രണ്ടിനുമിടയിലാണ്. അവർ തമ്മിൽ കലർന്ന ഭാഷയിലാണ് സംസാരിക്കുന്നത്. പദങ്ങളിൽ പകുതി അറബിയും പകുതി പ്രാദേശികവുമായിരുന്നു.

തല മുതൽ കാൽ വരെ മൂടിയിരുന്ന സ്ത്രീകൾ ധരിക്കുന്ന “കറുത്ത കവർലറ്റുകൾ” ശ്രദ്ധയിൽപ്പെട്ടപ്പോൾ, പുരുഷന്മാർ അവരുടെ ഭാര്യമാരെ എങ്ങനെ കണ്ടെത്തും എന്നതിൽ അദ്ദേഹം ആശയക്കുഴപ്പത്തിലായി.

സാൻസിബാർ പോലെയുള്ള മേഖലയിലെ മറ്റ് വ്യാപാര തുറമുഖങ്ങളെപ്പോലെ തന്നെ ദ്വീപിൽ അടിമകൾ വിൽപനയ്ക്കുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാൻസിബാറിന്റെ ഭരണത്തിന് കീഴിലാകുന്നതിന് മുമ്പ്, 1873-ൽ ബ്രിട്ടീഷുകാർ അടിമച്ചന്തകൾ നിർബന്ധിച്ച് അടച്ചുപൂട്ടിയതാണ് ദ്വീപിന്റെ തകർച്ചയുടെ ഒരു കാരണം എന്നും കരുതപ്പെടുന്നു.

യെമനിലെ ഹദ്‌റമൗത്തിൽ നിന്നുള്ള പണ്ഡിതനും സൂഫി വര്യനുമായ ഹബീബ് സാലിഹ് ബിൻ അലവി ജലാൽ അൽ-ലൈലിന്റെ ആഗമനമായിരുന്നു ലാമുവിന്റെ ആത്മീയ അന്തരീക്ഷത്തിലെ ഒരു സുപ്രധാന നിമിഷം. അദ്ദേഹത്തിന്റെ അനുഗ്രഹീത വംശം പ്രവാചകൻ (സ) യിലേക്ക് എത്തിച്ചേരുന്നതായിരുന്നു. അദ്ദേഹത്തിന്റെ പഴയ വീടിനോട് ചേർന്ന് നിർമിച്ച റിയാള പള്ളിയും ബോർഡിങ് സ്കൂളും അല്ലാഹുവിനെ കുറിച്ചുള്ള പഠനത്തിനും, ഇലാഹീ സ്മരണക്കുമുള്ള കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു.

അദ്ദേഹത്തിന്റെ ആത്മീയതയുടെയും പ്രകൃതിദത്തമായ രോഗശാന്തിയുടെയും പാരമ്പര്യം വാർഷിക ലാമു മൗലിദ് ഫെസ്റ്റിവലിലൂടെയും റെഡ് ക്രസന്റ് ക്ലിനിക്കിലൂടെയും നിലനിൽക്കുന്നു. പ്രവാചകന്റെ മീലാദ് ദിനത്തോടനുബന്ധിച്ച്, തുടർച്ചയായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള അനേകം സന്ദർശകർ ഇവിടേക്ക് എത്തിയിരുന്നു. ഈ അവസരത്തിൽ സന്ദർശകർ റെഡ് ക്രസന്റ് മെഡിക്കൽ ദൗത്യത്തെ പിന്തുണക്കാൻ മെഡിക്കൽ സപ്ലൈ കൊണ്ട് വരികയും, രക്ത ദാനത്തിൽ പങ്കാളികളാകുകയും ചെയ്യും.

മൗലിദ് ഫെസ്റ്റിവലിൽ മസ്ജിദിന് പുറത്ത് ദിവസേനയുള്ള ഒത്തുചേരലുകൾ ഉൾപ്പെടുന്നു. പ്രവാചകനെ സ്തുതിക്കുന്ന ഗാനങ്ങൾ ആലപിക്കുകയും പ്രവാചക ജീവിതത്തിൽ നിന്നുള്ള വിവരണങ്ങൾ ഉറക്കെ വായിക്കുകയും ചെയ്യുന്നു. രാത്രിയിൽ പ്രാർത്ഥനാ സദസ്സുകൾ നടക്കുന്നു. താളാത്മകമായ ദഫ് മുട്ടും ചുവടുവെപ്പും ഉൾപ്പെടുന്ന ചടങ്ങുകൾ ടൗൺ സെന്ററിൽ നടക്കുന്നു. ഹബീബ് സാലിഹിന്റെ ഖബറിടത്തിലേക്ക് നയിക്കുന്ന ഘോഷയാത്രയും ഇതിനോടനുബന്ധമായി നടക്കുന്നു.

പതിനാലാം നൂറ്റാണ്ടിലെ പവാനി മസ്ജിദ് (ദ്വീപിലെ ഏറ്റവും പഴക്കം ചെന്നത്), ഉൾപ്പെടെ ഇരുപത്തിമൂന്ന് പള്ളികളും ഒരു കഴുത സാങ്കേതവും ഇന്ന് ലാമുവിൽ ഉണ്ട്. കെനിയയുടെ യാഥാസ്ഥിതിക ഭാഗമാണെങ്കിലും, ഉന്നതർ, സൂഫികൾ, ആത്മീയ അന്വേഷകർ എന്നിവരുടെ പോക്കുവരവുകളുമായി ലാമു വളർന്നു. കൃപയുള്ള ഒരു ആതിഥേയനെപ്പോലെ, ദ്വീപ് സന്ദർശിക്കാനോ അവിടെ വീട് എടുക്കാനോ ഉദ്ദേശിക്കുന്നവർക്ക് ഇടം നൽകുമ്പോഴും ലാമു അതിന്റെ സമഗ്രത നിലനിർത്തിയിരുന്നു.

വിവർത്തനം: സഫ്‌വാൻ ഹസൻ കണ്ണൂർ