തസവ്വുഫ്: നൈതിക ശാസ്ത്രത്തിലേക്ക് ഇഹ്‌സാൻ വഴിയൊരുക്കുമ്പോൾ

ഒരുപക്ഷെ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിൽ ലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി പാരമ്പര്യ ഉലമാക്കളുടെ അഭാവമായിരിക്കും. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണുക: ” തീർച്ചയായും അല്ലാഹു പവിത്ര ജ്ഞാനത്തെ അടിമകളിൽ നിന്നും എടുത്തുകളയുക വഴി അതിനെ അവരിൽ നിന്നും നീക്കം ചെയ്യുകയില്ല, മറിച്ച് മുസ്‌ലിം പണ്ഡിതരുടെ മരണത്തോടെയായിരിക്കും അത് സംഭവിക്കുക. അങ്ങനെ ഭൂമിയിൽ പണ്ഡിതന്മാരിൽ ഒരാൾ പോലും അവശേഷിക്കാതെയാവുമ്പോൾ ജനങ്ങൾ വിവരദോഷികളെ അവരുടെ നേതാവാക്കും. അവരോട് ഫത്‍വ ചോദിക്കപ്പെടുമ്പോൾ പിഴപ്പിക്കുന്ന ഫത്‌വകൾ നൽകുകയും അതു വഴി ജനങ്ങൾ പിഴക്കുകയും ചെയ്യുന്നു” (ഫത്ഹുൽ ബാരി. 1.194)
ഈ ഹദീസിൽ പ്രതിപാദിച്ച പ്രതിഭാസം ഇക്കാലത്ത് പൂർണ്ണമായും സംഭവിച്ചില്ലെങ്കിലും ഭാഗികമായി സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഫിഖ്ഹ്, തഫ്സീർ, ഹദീസ് അല്ലെങ്കിൽ മറ്റേതു വിഷയങ്ങളാവട്ടെ, അവഗാഹമുള്ള പാരമ്പര്യ പണ്ഡിതന്മാരുടെ അഭാവം പണ്ഡിതോചിതമല്ലാത്തതും വസ്തുതയിൽ നിന്ന് ഏറെ വിദൂരമായതുമായ ധാരണകളാണ് സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് ഞാൻ അക്കാദമിക്സിൽ നിന്ന് ഇസ്ലാമിക ലോ പഠിച്ചപ്പോൾ ആദ്യമായി എനിക്കുണ്ടായ അനുഭവം പറയാം. ഓറിയന്റൽ ആഖ്യാനങ്ങളിൽ നിന്നും മുസ്‌ലിം പരിഷ്കരണ സാഹിത്യങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നത് മദ്ഹബിന്റെ ഇമാമുമാർ ഇസ്‌ലാമിക പാരമ്പര്യത്തിന് പുറത്തുള്ള നിയമങ്ങളെ കൊണ്ടുവന്ന് മുസ്‌ലിംകളുടെ മേൽ അടിച്ചേൽപ്പിക്കുകയുമായിരുന്നു എന്നാണ്. പിന്നീട് മധ്യപൗരസ്ത്യ ദേശത്തെ പാരമ്പര്യ പണ്ഡിതന്മാരിൽ നിന്നുമാണ് ഞാൻ യാഥാർത്യം മനസ്സിലാക്കിയതും എങ്ങനെയാണ് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നിയമത്തെ നിർമിക്കുന്നതെന്നും തിരിച്ചറിഞ്ഞത്.

യഥാർത്ഥ തസവ്വുഫിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് പടിഞ്ഞാറിൽ ഞാൻ പഠിച്ച സൂഫിസത്തിനുള്ളത്. യഥാർത്ഥത്തിൽ എന്താണ് തസവ്വുഫ്? ഇസ്‌ലാമിൽ അതിനുള്ള സ്ഥാനമെന്ത്? ഇക്കാര്യങ്ങളാണ് ഞാൻ ഈ കുറിപ്പിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. പല ഇസ്‌ലാമിക വിജ്ഞാന ശാഖകളെ പോലെ തസവ്വുഫ് എന്ന വിജ്ഞാന ശാഖയെ പറ്റി ആദ്യകാല മുസ്‌ലിംകൾക്ക് പരിചയമില്ലായിരുന്നു. ചരിത്രകാരനായ ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിൽ പറയുന്നത് കാണുക : “മുസ്‌ലിം ഉമ്മത്തിൽ ഉടലെടുത്ത പവിത്ര ജ്ഞാനത്തിലെ ഒരു വിജ്ഞാന ശാഖയാണിത്. നേർമാർഗം തിരഞ്ഞെടുത്തവരാണ് ഈ വിജ്ഞാന ശാഖയിലുള്ളവർ. പ്രവാചക അനുചരന്മാരിൽ നിന്നും അവർക്ക് ശേഷം വന്നവരിൽ നിന്നും അധ്യാപനവും മാർഗ്ഗനിർദ്ദേശവും ലഭിച്ചവരാണവർ”. ഇത് അല്ലാഹുവിനോടും അവനോടുള്ള ആരാധനയോടുമുള്ള സമ്പൂർണ ആത്മസമർപ്പണമാണ്. ഭൗതിക ലോകത്തിന്റെ അലങ്കാരം, ആഡംബരത്വം, ആഹ്ലാദം, മനുഷ്യർ കൊതിക്കുന്ന പണവും പ്രതാപവും അടക്കമുള്ളവയോടെല്ലാം ഉള്ള ഉപേക്ഷയാണത്. പ്രവാചകാനുചരന്മാർക്കിടയിലും ആദ്യകാല മുസ്‌ലിംകൾക്കിടയിലുമുള്ള പതിവ് ഇതായിരുന്നു. പക്ഷേ, ഹിജ്‌റ രണ്ടാം നൂറ്റാണ്ടുമുതൽ മനുഷ്യർ ഭൗതിക ലോക സുഖങ്ങളിൽ വ്യാപൃതരായതോടെയാണ് ആരാധനയിൽ ആത്മസമർപ്പണം നടത്തിയവരെ സൂഫിയ്യ് അല്ലെങ്കിൽ തസവ്വുഫിന്റെ ആളുകൾ എന്ന് വിളിക്കപ്പെടാൻ തുടങ്ങിയത് ( ഇബ്നു ഖൽദൂൻ, മുഖദ്ദിമ, ദാറുൽ ബാസ് ,[1978] p. 467)
അനേകം വിജ്ഞാനശാഖകൾ പോലെ തസവ്വുഫ് എന്ന പദവും ആദ്യകാലത്ത് നിലനിന്നിരുന്നില്ല. തലമുറകൾക്കിടയിലെ മതപ്രസരണത്തെ നിലനിർത്തുന്നതും സംരക്ഷിക്കുന്നതുമായ തഫ്സീർ, ഇൽമുൽ ജർഹ് വ തഅദീൽ (ഹദീസ് ആഖ്യാതാക്കളുടെ സ്വീകാര്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളെ പറ്റിയുള്ള ശാസ്ത്രം), ഇൽമു തൗഹീദ് (വിശ്വാസത്തെ പറ്റിയുള്ള ശാസ്ത്രം ) എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്.

തസവ്വുഫിന് ഇസ്‌ലാം ( അഥവാ പവിത്രമായ നിയമങ്ങളുള്ള വഴി പെടൽ) അത്യാവശ്യമാണ്. എന്നാൽ ഇസ്‌ലാമിനും അതേ അളവിൽ തസവ്വുഫ് ആവശ്യമായി വരുന്നുണ്ട്. എന്തുകൊണ്ടായിരിക്കുമത്? കാരണം മുസ്‌ലിംകളോട് പിന്തുടരാൻ കൽപ്പിക്കപ്പെട്ടത് പ്രവാചകന്റെ ചര്യയും വചനങ്ങളും പ്രവർത്തനങ്ങളും മാത്രമല്ല. പ്രവാചക ഹൃദയത്തിന്റെ ഓരോ അവസ്ഥകളെ കൂടി അവ ഉൾക്കൊള്ളുന്നുണ്ട്.

 

പദോൽപ്പത്തി ശാസ്ത്രപരമായി, സൂഫി എന്ന പദത്തിൽ നിന്നാണ് തസവ്വുഫ് എന്ന പദം ഉൽഭവിക്കുന്നത്. ഒരുപക്ഷേ ഈ പദത്തെ ആദ്യമായി ഉപയോഗിച്ചത് ഹി. 110ൽ വഫാത്തായ ഹസനുൽ ബസരി (റ )യാണ്. മഹാനവർകൾ റിപ്പോർട്ട് ചെയ്ത ഒരു സംഭവം നോക്കുക: “കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന ഒരു സൂഫിയെ ഞാൻ കണ്ടു. ഞാനദ്ദേഹത്തിന് ഒരു ദിർഹം സംഭാവന ചെയ്തു. പക്ഷെ അദ്ദേഹമത് നിരസിച്ചു”. ഇതിൽ നിന്നും ആരാണ് സൂഫി എന്ന് മനസ്സിലാക്കിയാൽ മാത്രമേ എന്താണ് തസവ്വുഫ് എന്ന് ഗ്രഹിക്കാൻ കഴിയുകയുള്ളൂ എന്ന് വ്യക്തം. സൂഫികൾ ഇടയ്ക്കിടെ ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കുക: എന്റെ ഔലിയാക്കളോട് ശത്രുത പുലർത്തുന്നവനോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ അടിമയുടെ മേൽ ഞാൻ അനിവാര്യ(ഫർള്) മാക്കിയ കാര്യവുമായി അവൻ എന്നെ സമീപിക്കുന്നതിനേക്കാൾ എനിക്ക് സന്തോഷം നൽകുന്ന മറ്റൊന്നില്ല. ഞാനവനെ ഇഷ്ടപ്പെടുന്നതു വരെ അവൻ സുന്നത്തുകൾ ചെയ്തു കൊണ്ട് എന്നിലേക്ക് അടുത്തു കൊണ്ടിരിക്കുകയും ചെയ്യും. ഞാനവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്റെ കേൾവി ഞാനാകും. കാഴ്ച ഞാനാകും. അവൻ ഉപയോഗിക്കുന്ന കൈകൾ എന്റേതാകും. അവന്റെ കാലുകൾ എന്റേതാകും. അവൻ എന്നോട് എന്തെങ്കിലും ആവശ്യപെട്ടാൽ ഞാനത് നിർവ്വഹിച്ച് കൊടുക്കും. എന്നിൽ അഭയം തേടിയാൽ അവന് ഞാൻ സംരക്ഷണം നൽകും ( ഫത്ഹുൽ ബാരി, 11.340—41, ഹദീസ് 6502).
ഈ ഹദീസ് ഇമാം ബുഖാരി, ഇമാം അഹ്മദുബ്നു ഹമ്പൽ, ഇമാം ബൈഹഖി എന്നിവരെല്ലാം റിപ്പോർട്ട് ചെയ്തതും സ്വഹീഹായതുമാണ്. തസവ്വുഫിന്റെ കേന്ദ്ര യാഥാർത്ഥ്യമായ മാറ്റത്തെ ഈ ഹദീസ് വെളിപ്പെടുത്തുന്നുണ്ട്. പാരമ്പര്യ നിർവചനം അതോടെ പൊരുത്തപ്പെടുന്ന സൂഫികൾ ഉപയോഗിച്ച് ഒരു നിർവചനം കാണുക: ‘എന്റെ അറിവനുസരിച്ച് കൃത്യമായി പ്രവർത്തിക്കുകയും അക്കാരണത്താൽ അല്ലാഹു അവനെ അവന് അറിയാത്ത കാര്യങ്ങളെ ദാനമായി നൽകുകയും ചെയ്യപ്പെട്ട പണ്ഡിതൻ ‘. അതായത് സൂഫി എന്നാൽ മത വിഷയങ്ങളിൽ പാണ്ഡിത്യം ഉള്ളവൻ കൂടിയാണ്. കാരണം, ‘എന്റെ അടിമയുടെ മേൽ ഞാൻ അനിവാര്യമാക്കിയ കാര്യം കാര്യവുമായി അവൻ എന്നെ സമീപിക്കുന്നതിനേക്കാൾ എനിക്ക് സന്തോഷം നൽകുന്ന മറ്റൊന്നില്ല’ എന്ന ഹദീസിൽ പറയുന്നത് പ്രകാരം അറിവുള്ളവന് മാത്രമേ അല്ലാഹുവിന്റെ കൽപ്പനകളെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുള്ളൂ. അവൻ അറിയുന്നത് പ്രാർത്ഥിക്കുക മാത്രമല്ല, അല്ലാഹു അവനെ ഇഷ്ടപ്പെടുന്നതു വരെ അവൻ സുന്നത്തുകൾ ചെയ്തു കൊണ്ട് അല്ലാഹുവിലേക്ക് അടുത്തു കൊണ്ടിരിക്കുകയും ചെയ്യും. അതിനു പ്രതിഫലമായി അവനെ അറിയാത്ത കാര്യങ്ങളെ അല്ലാഹു അവന് അറിയിച്ചു കൊടുക്കുകയും ചെയ്യുന്നു. ‘ഞാൻ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്റെ കേൾവി ഞാൻ ആകും. കാഴ്ച ഞാൻ ആകും. അവൻ ഉപയോഗിക്കുന്ന കൈകൾ എന്റേതാകും. അവന്റെ കാലുകൾ എന്റേതാകും’ എന്നത് തൗഹീദിന്റെ തികഞ്ഞ ബോധത്തെ പറ്റിയുള്ള ഉപമയാണ് അത്. ഇതിന്റെ ഉള്ളടക്കം മനുഷ്യ പ്രവർത്തനങ്ങളിലൂടെ അല്ലാഹുവിനെ പറ്റിയുള്ള ഖുർആനിക വചനങ്ങളെ തിരിച്ചറിയലാണ്.
“നിന്നെ സൃഷ്ടിച്ചതും നിന്റെ പ്രവർത്തനങ്ങളെ സൃഷ്ടിച്ചതും അവനാണ്” (ഖുർആൻ37:96)

തസവ്വുഫിന്റെ ഉൽഭവം പ്രവാചകചര്യയിലാണ്. ആദ്യകാലത്ത് മുസ്‌ലിംകളെല്ലാം ഈ പാതയിൽ തന്നെയായിരുന്നതുകൊണ്ട് ഈ പാതക്ക് പ്രത്യേക നാമമൊന്നും ആവശ്യമായിരുന്നില്ല. എന്നാൽ പിൽക്കാല മുസ്‌ലിംകൾ ഈ പാതയിൽ നിന്നും വ്യതിചലിച്ചതോടെയാണ് ഈ പാത ഒരു വിജ്ഞാനശാഖ എന്ന നിലക്ക് നിലവിൽ വന്നതും അങ്ങനെ പേരു വെക്കപ്പെട്ടതും. അപ്പോഴും ബാക്കി നിൽക്കുന്ന ഒരു ചോദ്യമുണ്ട്. ഇസ്‌ലാമിൽ തസവ്വുഫിനുള്ള സ്ഥാനം എത്രയാണ്? എങ്ങനെയാണ് തസവുഫ് ഇസ്‌ലാമിന്റെ കേന്ദ്ര ഭാഗമായി വരുന്നത്? ഇതിന് ഏറ്റവും ഉചിതമായ മറുപടി ഒരു പക്ഷേ ഉമർ (റ) റിപ്പോർട്ട് ചെയ്ത ഹദീസ് ആയിരിക്കും. ഒരിക്കൽ ഞങ്ങൾ പ്രവാചകനോടൊപ്പം ഇരിക്കവേ ശുഭ്ര വസ്ത്രധാരിയായ കറുത്ത മുടിയുള്ള ഒരു വ്യക്തി സദസ്സിലേക്ക് കടന്നുവന്നു. യാത്രയുടെ അടയാളങ്ങൾ ഒന്നും അയാളിൽ കാണപ്പെട്ടില്ല. അദ്ദേഹത്തെ ഞങ്ങൾക്കാർക്കും പരിചയമുണ്ടായിരുന്നില്ല. പ്രവാചകനെ അഭിമുഖമായി അദ്ദേഹം കാൽമുട്ട് മടക്കിഇരുന്നു. “മുഹമ്മദ്… എന്താണ് ഇസ്ലാം എന്ന് എനിക്ക് പറഞ്ഞുതരിക”. അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‌ലാം എന്നാൽ അല്ലാഹു അല്ലാതെ മറ്റാരും ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൈവദൂതൻ ആണെന്നും സാക്ഷ്യപ്പെടുത്തൽ, നിസ്കാരം നിർവ്വഹിക്കൽ, നോമ്പ് നോൽക്കൽ, ഹജ്ജ് കർമ്മം ചെയ്യൽ എന്നിവ അടങ്ങിയതാണ്. “താങ്കൾ സത്യം പറഞ്ഞിരിക്കുന്നു”. ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അയാൾ തന്നെ തീർച്ചപ്പെടുത്തിയത് ഞങ്ങളിളെല്ലാം ആശ്ചര്യമുളവാക്കി. ‘ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക’ അയാൾ ആവശ്യപ്പെട്ടു. “അല്ലാഹുവിൽ, അവന്റെ മലക്കുകളിൽ, അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ, അവന്റെ ദൂതന്മാരിൽ, അന്ത്യ നാളിൽ, നന്മ തിന്മകൾ അല്ലാഹുവിൽ നിന്നുള്ള വിധിയാണ് എന്നീ കാര്യങ്ങളിലുള്ള വിശ്വാസമാണ് ഈമാൻ”. പ്രവാചകർ മറുപടി പറഞ്ഞു. താങ്കൾ സത്യം പറഞ്ഞിരിക്കുന്നു”. അയാൾ പ്രതിവചിച്ചു. ശേഷം, “ഇഹ്‌സാനെ പറ്റി എനിക്ക് പറഞ്ഞ പറഞ്ഞുതരിക” അദ്ദേഹം ആവശ്യപ്പെട്ടു. “നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അള്ളാഹു നിന്നെ കാണുന്നുണ്ട് എന്ന ബോധ്യത്തോടെ അവനെ ആരാധിക്കുക എന്നതാണ് ഇഹ്സാൻ” പ്രവാചകർ മറുപടി നൽകി. സന്ദർശകൻ തിരികെ പോയപ്പോൾ പ്രവാചകൻ ചോദിച്ചു. ഉമറേ, നിനക്കറിയുമോ ആരാണ് ആ ചോദ്യകർത്താവ് എന്ന്? “അല്ലാഹുവിനും അവന്റെ പ്രവാചകനും മാത്രമേ അറിയൂ”. ഉമർ മറുപടി നൽകി. പരിശുദ്ധ ദീനിനെ നിങ്ങൾക്ക് പഠിപ്പിച്ചു തരാൻ വന്ന ജിബ്‌രീൽ എന്ന മലക്ക് ആയിരുന്നു അത്. പ്രവാചകൻ പറഞ്ഞു ” (സ്വഹീഹ് മുസ്‌ലിം. 1.37: ഹദീസ് 8).
“ദീൻ പഠിപ്പിക്കാൻ വന്നതാണ് ജിബ്‌രീൽ” എന്ന പ്രവാചക വചനത്തിൽ നിന്നും ദീൻ എന്നാൽ ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നിവ കൂടി ചേർന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. മർയം സൂറത്തിൽ അല്ലാഹു പറയുന്നത് കാണുക : “നാം ആണ് ഖുർആനിനെ അവതരിപ്പിച്ചത്. തീർച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും”. മതത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രഗൽഭരായ പാരമ്പര്യ മത പണ്ഡിതരെ അയച്ചു കൊണ്ടാണ് അല്ലാഹു അതിനെ സംരക്ഷിക്കുന്നത്. ശരീഅത്തിന്റെ ഇമാമുമാർ ഇസ്‌ലാമിനെ സംരക്ഷിക്കുകയും നമ്മിലേക്ക്‌ എത്തിച്ചു തരികയും ചെയ്തിരിക്കുന്നു. അതേ പ്രകാരം അഖീദയുടെ പണ്ഡിതർ ഈമാനെയും തസവ്വുഫിന്റെ ഇമാമുമാർ ഇഹ്സാനെയും സംരക്ഷിക്കുന്നു.
ഈ ഹദീസിലെ അവനെ ആരാധിക്കുക എന്ന വചനം ഈമാൻ, ഇസ്‌ലാം, ഇഹ്സാൻ എന്നീ മൂന്ന് അടിസ്ഥാനങ്ങൾക്കിടയിലെ പരസ്പരബന്ധത്തെ എടുത്തുകാട്ടുന്നുണ്ട്. ഇസ്‌ലാമിന്റെ ബാഹ്യമായ കൽപ്പനകളിലൂടെയാണ് ആരാധനയുടെ രൂപം നാമറിയുന്നത്. അതേ ആരാധനയുടെ സാധ്യത നിലനിൽക്കുന്നത് ഈമാൻ അഥവാ അള്ളാഹുവിലുള്ള വിശ്വാസം/ വഹ് യിലുള്ള വിശ്വാസം എന്നിവയിലൂടെയാണ്. നീ അവനെ കാണുന്നത് പോലെ ആരാധിക്കുക എന്ന വചനം അർത്ഥമാക്കുന്നത് ഇഹ്‌സാൻ തേടുന്നത് മാറ്റത്തെയാണ് എന്നാണ്. അതായത് നമ്മിൽ പലരും അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവത്തെ. അപ്പോൾ പിന്നെ തസവ്വുഫ് എന്ന മനസ്സിലാക്കാൻ ഈ മാറ്റത്തിന്റെ സ്വഭാവത്തിലേക്കും അതിന് ഈമാനോടും ഇസ്‌ലാമിനോടും ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലും നിരീക്ഷിക്കേണ്ടതുണ്ട്.
തസവ്വുഫിന് ഇസ്‌ലാം ( അഥവാ പവിത്രമായ നിയമങ്ങളുള്ള വഴി പെടൽ) അത്യാവശ്യമാണ് എന്ന് നാം ഉപര്യുക്തമായി സൂചിപ്പിച്ചുവല്ലോ. എന്നാൽ ഇസ്‌ലാമിനും അതേ അളവിൽ തസവ്വുഫ് ആവശ്യമായി വരുന്നുണ്ട്. എന്തുകൊണ്ടായിരിക്കുമത്? കാരണം മുസ്‌ലിംകളോട് പിന്തുടരാൻ കൽപ്പിക്കപ്പെട്ടത് പ്രവാചകന്റെ ചര്യയും വചനങ്ങളും പ്രവർത്തനങ്ങളും മാത്രമല്ല. പ്രവാചക ഹൃദയത്തിന്റെ ഓരോ അവസ്ഥകളെ കൂടി അവ ഉൾക്കൊള്ളുന്നുണ്ട്. തഖ്‌വയുടെ അവസ്ഥ, തവക്കുലിന്റെ അവസ്ഥ, കാരുണ്യത്തിന് അവസ്ഥ, വിനയത്തിന് അവസ്ഥ, ഇഖ്ലാസിന്റെ അവസ്ഥ എന്നിവപോലെ.
ഇസ്‌ലാമിക എത്തിക്സ് (നൈതിക ശാസ്ത്രം) അനുസരിച്ച് മനുഷ്യ കർമ്മങ്ങൾ ധാർമികതയുടെ ഇരുവശങ്ങളായ തെറ്റ് ശരി എന്നിവയിലേക്ക് മാത്രമല്ല വിഭജിക്കപ്പെടുന്നത്. അഞ്ചു തരത്തിലേക്കാണ് അവ തിരിക്കപ്പെടുന്നത്. വാജിബ് (നിർബന്ധമായത്) മൻദൂബ് (സുന്നത്ത്), മുബാഹ് (ഹലാൽ), മക്റൂഹ് (കറാഹത്ത്), ഹറാം (നിഷിദ്ധമായത്) എന്നിവയാണവ. മനുഷ്യ ഹൃദയത്തിന്റെ അവസ്ഥ ഈ അഞ്ചു തലക്കെട്ടുകളിലാണ് വരുന്നത്. എങ്കിലും ഫിഖ്ഹിന് കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രത്യേകത ഹൃദയത്തിനുണ്ട്. നിസ്കാരം, നോമ്പ്, സകാത്ത് എന്നിവയിൽ നിന്നും വ്യത്യസ്തമായി അളന്നു തിട്ടപ്പെടുത്താൻ കഴിയാത്തതാണ് ഹൃദയത്തിന്റെ അവസ്ഥകൾ. ഉദാഹരണത്തിന് കാരുണ്യം, സ്നേഹം, സന്തോഷം എന്നിവ പോലെ. കാരണം നിസ്കാരത്തിലെ റക്അത്തിന്റെ എണ്ണം പോലെ തിട്ടപ്പെടുത്താവുന്ന രീതിയിൽ ഒരാൾ രണ്ടു അളവ് സ്നേഹം കാണിക്കണമെന്നോ മൂന്നു അളവ് കാരുണ്യം പ്രകടിപ്പിക്കണമെന്നോ ശരീഅത്തിന് നിർദ്ദേശിക്കാൻ കഴിയില്ലല്ലോ. എങ്കിലും മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവയെല്ലാം അത്യാവശ്യം തന്നെ. ഇനി നിരാശ, അസൂയ, അഹങ്കാരം, അല്ലാഹുവിനെയല്ലാതെ മറ്റുള്ളവരെ പേടിക്കൽ ആദിയായ ഹൃദയാവസ്ഥകളെ പറ്റി ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ യാതൊരു പരാമർശവുമുണ്ടാകില്ല. അളക്കാവുന്ന കാര്യങ്ങളിൽ മാത്രമേ ഫിഖ്ഹിന് നിയമം പുറപ്പെടുവിക്കാൻ കഴിയുകയുള്ളൂ എന്നത് തന്നെ കാരണം. പകരം ഇവയെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നതും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും തസവ്വുഫിന്റെ പണ്ഡിതന്മാരാണ്. ഇമാം ഗസാലി (റ )തന്റെ ഇഹ്‌യാ ഉലൂമുദ്ധീനിലും ഇമാം റബ്ബാനി തന്റെ മക്തൂബാത്തിലും ഇമാം സുഹ്റവർദി തന്റെ അവാരിഫുൽ മആരിഫിലും അബൂ ത്വാലിബുൽ മക്കിയ്യ് തന്റെ ഖൂതുൽ ഖുലൂബിലും മറ്റു ക്ലാസിക്കൽ രചനകളിലുമെല്ലാം ആന്തരിക ജീവിതത്തെ പറ്റിയുള്ള ഇത്തരം നൈതിക ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ചർച്ച ചെയ്യുന്നത്. ശരീഅത്തിന്റെ ഗ്രന്ഥങ്ങൾ തന്നെയാണ് ഇവയും.
അൽപ്പ നിമിഷം ഒന്ന് ആലോചിച്ചുനോക്കൂ. അല്ലാഹുവിനെയല്ലാതെ മറ്റാരെയെങ്കിലും നാം ഭയപ്പെടുന്നുണ്ടോ? ഹൃദയത്തിൽ ഒരു പൊടിക്ക് അഹങ്കാരം ഉണ്ടോ? പ്രപഞ്ചത്തിലുള്ള സകലതിനെക്കാളും സ്നേഹം പ്രവാചകനോട് നമുക്കുണ്ടോ? ഇത്രയൊക്കെ ചിന്തിക്കുമ്പോൾ തന്നെ മനസ്സിലാകും ദീനിൽ നമ്മുടെ സ്ഥാനം എവിടെയാണെന്ന്. അതുകൊണ്ടായിരുന്നു ആദ്യകാലങ്ങളിൽ ഇത്തരം ഇത്തരം ചിന്തകളിലേക്കും ആത്മ സംസ്കരണത്തിലും മുസ്‌ലിംകളെ നയിക്കാൻ തസവ്വുഫിന്റെ പണ്ഡിതന്മാർ സഹായിച്ചിരുന്നത്. അറബിയിലെ നഫ്സ് എന്ന് വിളിക്കപ്പെട്ടിരുന്ന അഹംഭാവം നമുക്കുള്ളിൽ എല്ലാം ഉള്ളതുകൊണ്ട് ഈ ഭാവമാറ്റം അത്ര എളുപ്പമായിരുന്നില്ല.

ഖുർആൻ പറയുന്നത് നോക്കൂ :

“തീർച്ചയായും മനസ്സ് തിന്മ ചെയ്യാനാണ് കൽപിക്കുന്നത് ” (12:53).

സഹീഹ് മുസ്‌ലിമിലെ ഹദീസിൽ നിന്ന് :

അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുന്ന ആദ്യ വ്യക്തി യുദ്ധത്തിൽ ശഹീദായ ഒരാളായിരിക്കും. അവനെ കൊണ്ടു വരപ്പെടും, അല്ലാഹു അവന് നൽകിയ അനുഗ്രഹങ്ങളെ ഓർമ്മപ്പെടുത്തുമ്പോൾ അവനത് ഓർത്തെടുക്കും. ശേഷം അല്ലാഹു അവനോടു ചോദിക്കും : ഞാൻ നിനക്ക്‌ നൽകിയ അനുഗ്രഹങ്ങളെ കൊണ്ട് നീ എന്തു ചെയ്തു? “ഞാൻ നിന്റെ മാർഗത്തിൽ പോരാടി ശഹീദായി ” എന്ന് അയാൾ പ്രതികരിക്കും.

അല്ലാഹു മറുപടി പറയും, “നീ നുണ പറയുകയാണ്. ധീരൻ എന്നു വിളിക്കപ്പെടാനാണ് നീ യുദ്ധം ചെയ്തത് .” ശേഷം മലക്കുകൾ അയാളുടെ മുഖത്തെ നിലത്തു കുത്തി വലിച്ചിഴക്കുകയും തീയിലേക്ക് തള്ളിയിടുകയും ചെയ്യും.

ശേഷം ഇൽമ്‌ പഠിക്കുകയും മറ്റുള്ളവരെ അതു പഠിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്ത ഒരു മനുഷ്യനെ മുന്നോട്ട് കൊണ്ടുവരും. അല്ലാഹു അവനു നൽകിയ ദാനങ്ങളെക്കുറിച്ച് ഓർമിപ്പിക്കുകയും അവനത് തിരിച്ചറിയുകയും ചെയ്യും. അപ്പോൾ അല്ലാഹു ചോദിക്കും : നീ അവ കൊണ്ട് എന്തു ചെയ്തു? ആ മനുഷ്യൻ പറയും, “ഞാൻ നിനക്കുവേണ്ടി പവിത്രമായ അറിവ് നേടി, അത് പഠിപ്പിച്ചു, ഖുർആൻ പാരായണം ചെയ്തു.”

അല്ലാഹു പറയും, “കള്ളമാണ് നീ പറയുന്നത്. ‘പണ്ഡിതൻ’ എന്ന് വിളിക്കപ്പെടാൻ വേണ്ടി നീ പഠിച്ചതും ഖുർആൻ ഓതിയതും”. ശേഷം അയാളുടെ മുഖത്തെ നിലത്തു കുത്തി വലിച്ചിഴക്കുകയും ശക്തമായി ശിക്ഷിക്കുകയും ചെയ്യും.

അടുത്തതായി, അല്ലാഹു ഒരുപാട് സമ്പത്ത് നൽകിയ ഒരാളെ കൊണ്ടു വരും. അല്ലാഹു അവന് നൽകിയ ആനുകൂല്യങ്ങളെ ഓർമ്മപ്പെടുത്തും. അവനത് ഓർത്തെടുക്കും. അല്ലാഹു പറയും: ‘, നീ അവ കൊണ്ട് എന്തു ചെയ്തു? ആ മനുഷ്യൻ മറുപടി പറയും, “നിനക്ക് ഇഷ്ടപ്പെട്ട മാർഗത്തിലാണ് ഞാൻ അവയത്രെയും ചെലവഴിച്ചത്.”

അല്ലാഹു പറയും: നീ കള്ളമാണ് പറയുന്നത്. മാന്യൻ എന്നു വിളിക്കപ്പെടാനാണ് നീ അത് ചെയ്തത്. അപ്പോൾ അയാളുടെ മുഖത്തെ നിലത്തു കുത്തി വലിച്ചിഴക്കുകയും ചെയ്യും ( സ്വഹീഹ് മുസ്‌ലിം , 3.1514: ഹദീസ് 1905).

എങ്ങനെ പെരുമാറണമെന്ന് നമ്മുടെ കുട്ടിക്കാലത്ത് മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചു. നമ്മിൽ മിക്കവർക്കും പല സൽകർമങ്ങളും ചെയ്യാൻ പ്രചോദനമായത് ഇതാണ്. മേൽപ്പറഞ്ഞ ഹദീസിലൂടെ, പ്രായമാകുമ്പോൾ നമുക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയും ചെയ്യുന്നു. മറ്റുള്ളവർ എന്ത് കരുതുന്നു എന്നത് നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും ഇനി മുതൽ അല്ലാഹുവിന്റെ തൃപ്തിയല്ലാതെ മറ്റൊന്നും നമ്മുടെ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കപ്പെടരുതെന്നും ഈ സമയത്ത് നാം പഠിക്കുന്നു. മനുഷ്യന്റെ ചിന്താഗതി എന്തായിരിക്കണമെന്ന് അവന് അറിയില്ലെങ്കിൽ അറിവുള്ളവരോട് അന്വേഷിക്കാനാണ് ഖുർആൻ ആവശ്യപ്പെടുന്നത്.

(തുടരും)

വിവർത്തനം: എൻ മുഹമ്മദ് ഖലീൽ