തസ്വവ്വുഫും അഖ്‌ലാഖും; ‘ഖബസ് അല്‍നൂരില്‍ മുബീന്‍’ പരിചയപ്പെടുമ്പോള്‍

‘ഓരോ നേരത്തിനും സ്ഥലത്തിനും സാഹചര്യത്തിനും അനുസൃതമായ പെരുമാറ്റ രീതികളാണ് തസ്വവ്വുഫ്. ഓരോ കാര്യത്തിനുമുണ്ട് അതിന്റേതായ അംഗീകൃത വഴക്കം. സന്ദര്‍ഭത്തിനിണങ്ങിയ നടപടികള്‍ പാലിക്കുന്നവര്‍ വിശുദ്ധരുടെ പദവി കരസ്ഥമാക്കുന്നു. അവയെ അവഗണിക്കുന്നവര്‍ക്ക് ദൈവസാമീപ്യം ലഭിക്കുകയില്ല. അല്ലാഹുവിനടുക്കല്‍ അവന്‍ സ്വീകാര്യനല്ലാതാവുകയും ചെയ്യുന്നു.”

 

അബൂ ഹഫ്‌സ് ഹദ്ദാദ് നിശാപൂരി

ശൈഖ് അലി ബിന്‍ ഉസ്മാന്‍ അല്‍ ജുല്ലാബി അല്‍ഹുജ്‌വീരിയുടെ വിഖ്യാത രചനയാണ് കശ്ഫുല്‍ മഹ്ജൂബ്. പ്രസ്തുത ഗ്രന്ഥത്തിലെ തസ്വവ്വുഫ് എന്ന ഭാഗത്തില്‍ ഈ വരികള്‍ ഉദ്ധരിച്ചു കൊണ്ട് ഹുജ്‌വീരി പറയുന്നത് ഇങ്ങനെയാണ്, ‘അബുല്‍ ഹസന്‍ നൂരിയുടെ സൂഫിസം അനുശീലനങ്ങളോ ശാസ്ത്രങ്ങളോ അല്ല; മറിച്ചു സ്വഭാവ ഗുണങ്ങളാണ് എന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ട് മേല്‍പ്പറഞ്ഞത്.’

ശേഷമുള്ള ശൈഖ് ഹുജ്‌വീരിയുടെ വിശദീകരണമാണ് തസ്വവ്വുഫിനേയും അഖ്ലാഖിനേയും ബന്ധിപ്പിക്കുന്ന ചിന്തയെ അനാവരണം ചെയ്യുന്ന പ്രധാനകാര്യം. ‘അനുശീലനങ്ങളിലൂടെ കിട്ടുന്നത് ശ്രമിച്ചു സ്വന്തമാക്കാം. ശാസ്ത്രങ്ങളിലൂടെ ലഭിക്കുന്നത് പഠിച്ചു നേടാം. സ്വഭാവ ഗുണങ്ങള്‍ ഉള്ളില്‍ നിന്നു വരേണ്ടവയാണ്. സ്വഭാവ ഗുണങ്ങള്‍ (അഖ്ലാഖ്) സ്വയം നേടലാണ്. ‘അനുശീലന, പഠന ആശയങ്ങളെ പോലെ താനെന്നതിന് (നഫ്‌സ്) വെളിയിലല്ലാത്തതും, ആര്‍ജ്ജിത സ്വഭാവ ഗുണത്തിന്റെ ഫലങ്ങളില്ലാത്ത ഉള്ളനുഭവങ്ങളിലെ കൃത്യതയുമാണ് ആ ഗുണം. അതുകൊണ്ടു തന്നെ സദ്ഗുണങ്ങള്‍ ആര്‍ജിതമാകാനുള്ള വഴി ഏറ്റവും ഉത്തമമായ ഗുണങ്ങളെ പൂര്‍ത്തീകരിക്കുന്ന പ്രവൃത്തികള്‍ ശീലിക്കല്‍ മാത്രമാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, അനുശീലനങ്ങള്‍ ആചാര പ്രധാനമാണ്. ചില ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പ്രേരണയാല്‍ നടത്തുന്ന കര്‍മങ്ങളാണ് അനുശീലനങ്ങള്‍. അതിന്റെ ചൈതന്യവുമായി താദാത്മ്യം പ്രാപിച്ചതാകണമെന്നില്ല അത്. എന്നാല്‍ സ്വഭാവ ഗുണങ്ങള്‍ ആചാരമല്ലാത്ത ഉത്തമ പ്രവൃത്തികളാണ്. അതില്‍ നാട്യമില്ല. അതിനാല്‍ അതിന്റെ രൂപം ഭാവവുമായി പൊരുത്തപ്പെട്ടിരിക്കും (കശ്ഫുല്‍ മഹ്ജൂബ്). കാര്യം വളരെ വ്യക്തമാണ്. മുറകള്‍ക്കപ്പുറത്തേക്കുള്ള ചിന്തയെ കാണുകയും നിര്‍വ്യാജമായ ഗുണത്തെ അറിയുകയും ചെയ്യുന്ന എന്റെ (ഞാന്‍) പ്രവര്‍ത്തനങ്ങളാണ് ‘അഖ്ലാഖ്’. ഉള്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്വാഭാവികമായി കൈവരുന്ന നേട്ടങ്ങളുണ്ടെങ്കിലും നേടലില്ലാത്ത (ലക്ഷ്യം) നാട്യമില്ലാത്ത പൂര്‍ണ്ണമായ ഒരു ‘ഞാന്‍’ വിചാരമാണ് യഥാര്‍ത്ഥത്തില്‍ അത്.

മറ്റൊരു സവിശേഷതയായി നിലനില്‍ക്കുന്നത് അഖ്‌ലാഖിന്റെ സാധ്യതയും ആചാരങ്ങളുടെ (ബാഹ്യമായ) വഞ്ചനയും ഇന്ന് കാണപ്പെടുന്ന മിഥ്യാ ത്വരീഖകളുടെ കാപട്യത്തെയും തിരിച്ചറിയലാണ്. സൂഫി പണ്ഡിതനായ മുഹമ്മദ് അല്‍ മുര്‍തഇശ് പറയുന്നു: ‘സൂഫികളുടെ മാര്‍ഗം പൂര്‍ണ്ണമായും ഗൗരവമുള്ളതാണ്. തമാശയെ അതുമായി കൂട്ടിക്കലര്‍ത്തരുത്. സാഹചര്യങ്ങളില്‍ മാത്രം മുഴുകുന്നവരെ മാതൃകയാക്കാതിരിക്കുക. അവരെ അനുകരിക്കുന്നവരെ വര്‍ജിക്കുക. ‘തസ്വവ്വുഫിനെ പരിചയപ്പെടുത്തുന്ന പഠനങ്ങളിലൊന്നും അഖ്‌ലാഖ് കടന്നുവരാത്തതിന്റെ പ്രധാന കാരണം തസ്വവ്വുഫിനെ സിമ്പലൈസ് ചെയ്തു എന്നതാണ്. ഒരു നിലക്ക് പരിചയപ്പെടുത്തലിന്റെയും, പരസ്യപ്പെടുത്തലിന്റെയും അനിവാര്യതയുടെ ഭാഗമായിട്ടാണ് ഇത് സംഭവിച്ചിട്ടുള്ളത്. എങ്കില്‍ പോലും ചര്‍ച്ചകളിലും, പഠന മേഖലകളിലും ഇതേ പടി ആവര്‍ത്തിക്കുന്നത് ഒരു പ്രശ്‌നമായി കാണേണ്ടിവരും. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മിക്ക ചര്‍ച്ചകളിലും ഈ രീതി തന്നെയാണ് അവലംബമായിട്ടുള്ളത്.

ശൈഖ് ഹുജ്‌വീരി തങ്ങളുടെ വിമര്‍ശനങ്ങളത്രയും നടന്നിട്ടുള്ളത് ഇത്തരം അപൂര്‍ണ്ണ സൂഫി അനുധാവനങ്ങളെയും പരിചയപ്പെടുത്തലുകളെയും കുറിച്ചാണ്. ഇത്തരം ആഘോഷങ്ങള്‍ പലപ്പോഴും തെറ്റിദ്ധാരണയുടെ നിഴല്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് കാരണമായി ശൈഖ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭമാണ് സ്വഭാവ ഗുണങ്ങളുടെ അന്വേഷണങ്ങള്‍ക്ക് വഴി തെളിയിക്കുന്നതും, തസ്വവ്വുഫിന്റെ വെളുത്ത പ്രതലത്തെ അറിയാനും അഖ്‌ലാഖുമായി അത് എങ്ങനെ വിനിമയം നടത്തുന്നു എന്ന് കണ്ടെത്താനും കാരണമാകുന്നത്. എന്നാല്‍ പൂര്‍ണ്ണമായും ആ ഉദ്ദേശ്യത്തെയല്ല ഈ പരിചയപ്പെടുത്തല്‍ പൂര്‍ത്തിയാക്കുന്നത് എന്ന് കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ഇതൊക്കെയാണ് തസ്വവ്വുഫിന്റെ അധ്യാപനങ്ങള്‍ എന്ന് ജനങ്ങള്‍ പറയുമ്പോള്‍ നഷ്ടമാകുന്നത് ഏതാണോ, അതാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കേണ്ട വസ്തുത എന്നാണ് ഇവിടെ മനസ്സിലാക്കപ്പെടുന്നത്. മാറി വന്ന വഴികളെ കാണാതെ പോവുകയും വ്യതിയാനത്തിന്റെയും രോഗബാധയുടേയും കാല സഞ്ചാരത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് വിശ്വാസ-കര്‍മ്മ കാര്യങ്ങളില്‍ പൊതുവെ മനസ്സിലാക്കാത്തത് പോലെ തസ്വവ്വുഫിന്റെ മാര്‍ഗ്ഗത്തിലും ആ നഷ്ടം സംഭവിക്കുന്നു.

തസ്വവ്വുഫ് താത്പര്യപ്പെടുന്ന ഉല്‍കൃഷ്ട ഗുണങ്ങള്‍ ഉണ്ടാവല്‍ ആദ്യം സംഭവിക്കുകയും പേരിന്റെയും ചിഹ്നങ്ങളുടെയും തലത്തെ പിന്നീട് തിരയുകയും ചെയ്തിരുന്ന കാലത്ത് നിന്നുള്ള വലിയ വിടവ് ഇന്ന് നിലനില്‍ക്കുന്നു. റസൂലിന്റെ സ്വഭാവത്തെ അന്വേഷിക്കാന്‍ അനുചരര്‍ തിടുക്കം കൂട്ടിയതിന്റെ ചരിത്രവും അതിന്റെ വിശദീകരണവും നമുക്ക് മുന്നില്‍ വ്യക്തമായി നിലനില്‍ക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ തസ്വവ്വുഫിലെ അഖ്‌ലാഖിനെ പരിചയപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ വലിയ സാധ്യതയായി കാണാന്‍ കഴിയുന്നത് വിഖ്യാത മുസ്‌ലിം പണ്ഡിതനും, സൂഫി വര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ഹഫീളിന്റെ ‘ഖബസ് അല്‍നൂരില്‍ മുബീന്‍’ എന്ന രചനയാണ്. യമനിലെ തരീമില്‍ സ്ഥിതി ചെയ്യുന്ന വിജ്ഞാന ഗേഹം ‘ദാറുല്‍ മുസ്ത്വഫ’ സാരഥി കൂടിയായ ശൈഖിന്റെ ‘ഇഹ്യാ ഉലൂമുദ്ദീന്‍’ സംഗ്രഹമാണ് പ്രസ്തുത രചന.

ആത്മസംസ്‌കരണത്തിന്റെയും ജ്ഞാനത്തിന്റെയും വഴി തിരഞ്ഞെടുത്തവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിധം കോര്‍ത്തിണക്കിയ അമൂല്യമായ വിജ്ഞാനങ്ങളും, തീവ്രോജ്വലമായ പ്രഭാഷണങ്ങളുമാണ് ഇഹ് യയുടെ ഉള്ളടക്കം. ലോകത്തിന്റെ നാനാ തുറകളിലും, പാശ്ചാത്യ ബൗദ്ധിക മേഖലകളിലും ഇന്നും പഠനവിധേയമായിക്കൊണ്ടിരിക്കുന്ന ഇഹ്യാ ഉലൂമുദ്ദീന്‍ കേരളത്തിലെ അറിയപ്പെട്ടവരും അല്ലാത്തവരുമായ സര്‍വ്വ സൂഫിവര്യന്മാരും പരാമര്‍ശിക്കുന്ന ഒരു ഗ്രന്ഥം കൂടിയാണ്. ചെറിയൊരു ഉദാഹരണം പറയാം. സി.ഹംസ സാഹിബ് ഒരു പ്രസംഗത്തില്‍ താന്‍ ആദ്യമായി ഗസ്സാലി ഇമാമിന്റെ പേര് കേട്ട സന്ദര്‍ഭം വിവരിക്കുന്നുണ്ട്. മദ്രസ പഠനം ഏഴാം ക്ലാസില്‍ ആയിരിക്കുമ്പോഴാണ് അത്. വഴിയില്‍ ഒരു മസ്താനെ കാണുകയും (നാട്ടുകാര്‍ക്ക് പരിചയമുള്ള വ്യക്തിയാണ്) അദ്ദേഹം ഒരുപാട് ഉറക്കെ ഉയരത്തില്‍ നിന്ന് ഒരു പാട്ട് പാടുകയുമാണ് സന്ദര്‍ഭം. ആ വരികള്‍ ഇങ്ങനെയാണ്,

‘ആഖിര്‍സമാനില്‍ ചില കൂട്ടര്‍വരുന്ന വരാം

അവരോടടുക്കുകയോ ശണ്ഡക്കൊരുങ്ങുകയോ

ചെയ്യരുതെന്നു റസൂലുള്ളാഹി ഖദ് അമറാ

ഗസ്സാലിമാംമവരാല്‍ ഉണ്ടാക്കിയ ഇഹ്യ

അതിനെ പഠിച്ചിടുവിന്‍ മുറുകെ പിടിച്ചിടുവിന്‍ ……’

ഈ സംഭവം എഴുതാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. മസ്തിലായിരുന്നിട്ടും തന്റെ നാവിലൂടെ പുറത്ത് വന്നതും ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കാന്‍ നിര്‍ദേശം നല്‍കുന്നതും ഇഹ്യയെ മുന്‍ നിര്‍ത്തിയാണ് എന്നതാണ് ഒരു സവിശേഷത. കേരളക്കരയിലെ സൂഫി പണ്ഡിതര്‍ക്കിടയില്‍ ഇതിന്റെ ഖ്യാതി എത്രയെന്ന് വ്യക്തമാവാന്‍ ഈ ഉദാഹരണം തന്നെ ധാരാളം. ഇഹ്യയുടെ നാല് ഭാഗങ്ങളില്‍ സ്വഭാവസംസ്‌കരണത്തെയും, സത്ഗുണങ്ങളെയും വിശദീകരിക്കുന്ന ഭാഗമാണ് ‘മുഹ്ലികാത്’ എന്ന ഭാഗം. പ്രസ്തുത ഭാഗം തന്നെ ശൈഖ് രചനക്കായി തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണം തസ്വവ്വുഫിന്റെയും, ആത്മജ്ഞാനത്തിന്റെയും വഴിയെ നീങ്ങുവാന്‍ ഏറ്റവും പ്രധാനം സ്വഭാവ ഗുണങ്ങളെ നന്നാക്കലാണെന്ന തിരിച്ചറിവിനെ ജനങ്ങളില്‍ രൂപപ്പെടുത്തലായിരിക്കും. സൂഫികലാമുകളെ അന്വേഷിക്കലും പഠിക്കലും ആശയം വിശദീകരിക്കലും പലരും അനുവര്‍ത്തിച്ച് പോരുന്നതാണെങ്കിലും നമ്മുടെ സ്വഭാവത്തിന്റെ പരിശുദ്ധിയെ സൃഷ്ടിക്കാന്‍ അവയ്ക്ക് സാധിക്കണമെന്നില്ല. അല്ലെങ്കില്‍ മുമ്പ് സൂചിപ്പിച്ചത് പോലെ അവകള്‍ ലക്ഷ്യോന്മുഖമായിപ്പോകും എന്നതുമായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ കാരണം.

മനസ്സ്, രോഗം, ചികിത്സ

 

 

മലയാള വിവര്‍ത്തനത്തിന്റെ അവതാരിക എഴുതിയ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ കുറിപ്പില്‍ പറയുന്നത് പോലെ, ഹസനുല്‍ ബസ്വരി(റ)യും ജുനൈദുല്‍ ബഗ്ദാദി(റ)യും ശൈഖ് ജീലാനി(ഖ:അ)യുമൊക്കെ നേതൃത്വം നല്‍കിയ അധ്യാത്മികതയുടെ പ്രഭാവമാണ് ഇന്നും മുസ്‌ലിം ലോകത്തെ നയിക്കുന്നത്. അതേ പാരമ്പര്യത്തെ തുടര്‍ന്ന് വരുന്ന പണ്ഡിതനുമാണ് ഇമാം ഗസ്സാലി(റ). ആ വഴിയിലുള്ള രചനയാണ് ഇഹ്യയും എന്നിരിക്കെ ഈ ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷതയും അതു തന്നെയാണ്.

പത്ത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥത്തിലെ പ്രഥമ പരാമര്‍ശം മനസ്സിന്റെ നിഗൂഢതയെയും അത്ഭുതഭാവങ്ങള്‍ സൃഷ്ടിക്കുന്ന അതിന്റെ സ്വഭാവത്തെ കുറിച്ചുമാണ്. ഹൃദയത്തിന്റെ ജൈവികാന്വേഷണത്തിനോടൊപ്പം അതിനെ സ്വാധീനിക്കുന്ന പൈശാചിക ശല്യത്തില്‍ നിന്നും സംസ്‌കരണത്തിന്റെ വഴി എങ്ങനെ സാധ്യമാക്കണമെന്ന വിശദീകരണവും പറയുന്നുണ്ട്. ആത്മജ്ഞാനികളുടെയും ആ വഴിയില്‍ പ്രവേശിച്ചവരുടെയും ഹൃദയത്തിന്റെ സവിശേഷതയെ ഭംഗിയായി അനാവരണം ചെയ്യുന്നുമുണ്ട് ഈ ഭാഗത്തില്‍ .

തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ സ്വഭാവ ഗുണം രൂപപ്പെടുത്താനുള്ള വഴിയെ എങ്ങനെ സൃഷ്ടിക്കണമെന്ന വിശദീകരണമാണ്. രിയാളതുന്നഫ്‌സി വ തഹ്ദീബുല്‍ അഖ്‌ലാഖ്(സ്വഭാവ സംസ്‌കരണം), കിതാബു കസ്‌റു ഷഹവാത്(ഇഛകളും വിപാടനവും), കിതാബു ആഫാതുല്ലിസാന്‍(സംസാരത്തിലെ വിപത്തുകള്‍) തുടങ്ങിയ മൂന്ന് അദ്ധ്യായങ്ങളില്‍ അവകളെ പരാമര്‍ശിക്കുന്നുണ്ട്. സത്‌സ്വഭാവത്തിന്റെ അര്‍ത്ഥമന്വേഷിക്കുന്നതോടൊപ്പം അതിനെ പ്രകടമാക്കുന്നതിലെ ശരിയായ വഴിയെ കണ്ടെത്തുന്നതിനെക്കുറിച്ചും വ്യത്യസ്ത ജനവിഭാഗങ്ങളോടുള്ള സമീപന രീതിയില്‍ സ്വഭാവം എങ്ങനെ രൂപപ്പെടണമെന്നും ആദ്യ ഭാഗത്തില്‍ പറയുന്നു.

അടുത്ത ഭാഗം ആരംഭിക്കുന്നത് വിശപ്പിന്റെ ശ്രേഷ്ഠതയും ഗുണവും അന്വേഷിച്ചു കൊണ്ടാണ്. വൈകാരികമായി സംഭവിക്കുന്ന തെറ്റുകളുടെ പ്രധാന ഉറവിടമായ വയറിന്റെ സവിശേഷത, ‘ഫളീലതുല്‍ ജൂഅ’, ‘ഫവാഇദുല്‍ ജൂഅ’ തുടങ്ങിയ രണ്ട് ഉപാദ്ധ്യായങ്ങളില്‍ വിശകലനം ചെയ്യുന്നു. അതിന് ശേഷമാണ് വയറിനെ നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയും അത് എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നും പ്രതിപാദിക്കുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ആത്മാര്‍ത്ഥത കൈവിടുകയും ചെയ്താലുള്ള രണ്ട് വിപത്തുകളെ ‘ആഫാതുരിയാഅ ലിമന്‍ തറക അകലു ശഹവാത്’ എന്ന ഉപാദ്ധ്യായത്തില്‍ ശേഷം ചൂണ്ടിക്കാണിക്കുന്നുമുണ്ട്. കാപട്യങ്ങള്‍ എങ്ങനെയെല്ലാം സ്വഭാവഗുണങ്ങളില്‍ കടന്നു കൂടാം എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് അത്. സുഹ്ദിന്റെ(പരിത്യാഗം) അളവുകോലായി ഭക്ഷണ നിയന്ത്രണത്തെ പരിചയപ്പെടുത്തി ലൈംഗികാസക്തിയുടെ ചര്‍ച്ചയിലാണ് അദ്ധ്യായം അവസാനിക്കുന്നത്.

നാലാം അദ്ധ്യായത്തിലെ പരാമര്‍ശം പൂര്‍ണ്ണമായും സംസാരത്തിന്റെ(കലാം) പല ഭാവങ്ങളെയും അവസ്ഥകളെയും കേന്ദ്രീകരിച്ചാണ്. അതിന്റെ ഭാഗമായി വരുന്ന ഗുണദോഷ- സവിശേഷ ചര്‍ച്ചകള്‍ ഇരുപത്തിയഞ്ച് ഉപാദ്ധ്യായങ്ങളിലായും കൊണ്ടുവരുന്നുണ്ട്.

ശേഷമുള്ള ആറു അദ്ധ്യായങ്ങളും ഹൃദയ രോഗങ്ങളെ(ആത്മീയമായ) സംബന്ധിക്കുന്നവയാണ്. കിതാബു ദമ്മില്‍ ഗളബി വല്‍ ഹഖ്ദി വല്‍ ഹസദ്(കോപം, പക, അസൂയ), കിതാബു ദമ്മിദ്ദുന്‍യാ(ഭൗതിക താത്പര്യം), കിതാബു ദമ്മില്‍ ബുഖ്ലി വ ദമ്മി ഹുബ്ബില്‍ മാല്‍(ലുബ്ധത, ധനമോഹം), കിതാബു ദമ്മില്‍ ജാഹി വല്‍രിയാഅ(കാപട്യം, പ്രകടനപരത), കിതാബു ദമ്മില്‍ കിബ്രി വല്‍ ഉജുബ്(അഹന്ത), കിതാബു ദമ്മില്‍ ഗുറൂര്‍(ചതി) തുടങ്ങിയ അദ്ധ്യായങ്ങളിലായി വിശദമായി തന്നെ അവ പ്രതിപാദിക്കുന്നുണ്ട്.

എല്ലാ ബാബുകളിലെയും വിശദീകരണത്തിന്റെ ശൈലി ഒരു പോലെയാണ്. ആദ്യം പ്രതിപാദ്യവിഷയമായ മനസ്സിന്റെ രോഗത്തെ പരിചയപ്പെടുത്തുന്നു. ഖുര്‍ആനിലും ഹദീസിലുമായി വന്ന വിശദീകരണത്തിന്റെ വെളിച്ചത്തില്‍ അതിനെ വിസ്തരിക്കുകയും ചെയ്യുന്നു. ശേഷം അതിനോട് പലവിധങ്ങളിലായി സാമ്യപ്പെടുന്നതും, ഒരു നിലക്കും യോജിക്കാത്ത എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഭിന്നമുഖങ്ങളെയും ഹൃദ്യമായി അവതരിപ്പിക്കുന്നുണ്ട്. തസ്വവ്വുഫിന്റെ വഴിയില്‍ പ്രവേശിച്ചവര്‍ പോലും ഹൃദയ സംസ്‌കരണത്തിന്റെയും മനസ്സിന്റെ ചാഞ്ചാട്ടങ്ങളിലും എത്രത്തോളം ദുര്‍ബലരും അസുരക്ഷിതരുമാണെന്ന് ആഴത്തിലുള്ള പല പ്രതിപാദനങ്ങളും പലപ്പോഴായി തോന്നിക്കുന്നുണ്ട്. അവസാനമായി ഓരോ രോഗത്തിന്റെയും ചികിത്സയെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പഠിപ്പിക്കുന്നു. ഇതിന്റെയും അവലംബം ഖുര്‍ആനും, പ്രവാചകചര്യയും, സ്വഹാബി- താബിഈ വചനങ്ങളുമാണ്.

തസ്വവ്വുഫ്- അഖ് ലാഖ് വിനിമയങ്ങള്‍ അറിയുക എന്നതിനപ്പുറത്തേക്ക് ഇഹ്‌സാനടക്കമുള്ള ആശയങ്ങളുടെ വിശദീകരണങ്ങളെ കൂടുതല്‍ അര്‍ത്ഥ ശോഭയോടെ മനസ്സിലാക്കാനുള്ള മികച്ച ഒരു കിതാബ് കൂടിയാണ് ശൈഖ് ഹബീബ് ഉമര്‍ തങ്ങളുടെ ‘ഖബസ് അല്‍നൂരില്‍ മുബീന്‍’ എന്ന രചന.