ജിന്നും നരവംശശാസ്ത്രവും: ആനന്ദ് തനേജ സംസാരിക്കുന്നു
ആനന്ദ് വിവേക് തനേജയുടെ സമീപ കാലത്ത് പ്രസിദ്ധീകരിച്ച Jinnealogy: Time, Islam and Ecological thought in the Medieval Ruins of Delhi എന്ന പുസ്തകം ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയിലെ തകർന്നു തരിപ്പണമായ മധ്യകാല കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ചുറ്റും താമസിക്കുന്ന ദിവ്യന്മാരായ ജിന്നുകൾക്ക് ചുറ്റുമുള്ള വ്യവഹാരത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. വാന്റര്‍ബില്‍റ്റ് സര്‍വകലാശാലയിലെ മതപഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് തനേജ. പുസ്തകത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്താലോകത്തെക്കുറിച്ചും എഡിറ്റര്‍ ആത്രെയ മജുംദാര്‍,തനേജയുമായി നടത്തിയ അഭിമുഖമാണിത്.
ആത്രെയ മജുംദാര്‍: ഈ പുസ്തകത്തില്‍ താങ്കള്‍ സമയത്തെ ഉപമിച്ചിരിക്കുന്നത് ഒരു നിഴലായിട്ടാണ്. നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍ കാലത്തിന്റെ നിഴല്‍ വിള്ളലുകളില്‍ ചലനാത്മകവും പ്രശ്നകരവുമായ ഈ നഗരത്തെ ഗ്രഹിക്കുന്നതായി തോന്നുന്നു. താങ്കളുടെ വാക്കുകളെ ഞാന്‍ ശരിയായിട്ടാണ് ഗ്രഹിച്ചത് എന്ന് കരുതുന്നു? ദില്ലിയിലെ നിഴലുകള്‍ ഫിറോസ് ഷാ കോട്ലയെയും അതിന്റെ പതിവ് സന്ദര്‍ശകരെയും രൂപപ്പെടുത്തുന്നത് എങ്ങനെയാണ്?
ആനന്ദ് വിവേക് തനേജ: ഞാന്‍ നിങ്ങളുടെ ഉപമയെ കുറച്ചുകൂടി വികസിപ്പിക്കട്ടെ. ആധുനികതയെ ചൈതന്യവൽക്കരിച്ച, ഇന്ത്യ ദില്ലിയില്‍ പരത്തിയത് പോസ്റ്റ് കൊളോണിയൽ പ്രകാശമായിരുന്നു. എന്നാല്‍ നിഴലുകള്‍ ഇല്ലാതെ നിങ്ങള്‍ക്ക് വെളിച്ചത്തിന്റെ ആഴമോ ഘടനയോ നഗരത്തിന്റെ മാനമോ മനസ്സിലാക്കാൻ കഴിയില്ല. ഭീമാകാരമായ ലൈറ്റുകൾ, ഫ്‌ളൈ ഓവറുകള്‍, ആധുനികതയുടെ അടഞ്ഞ വാസ്തുവിദ്യകൾ,1947 വരെയുള്ള മുസ്‌ലിം ഭൂതകാലത്തോടുള്ള ഔദ്യോഗികമായ വിസ്മൃതി, അനാസ്ഥ എന്നിവയെല്ലാം സമയത്തെ മനപ്പൂർവ്വം ഒഴിവാക്കാനുള്ള ശ്രമങ്ങളായിരുന്നു. ക്ലോക്കിലെ സമയം എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് കാലദൈര്‍ഘ്യം എന്ന അര്‍ത്ഥത്തിലുള്ള ബെഗ്സണിയൻ ഭാഷയിലെ സമയത്തെയാണ് ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യന്‍ ക്വാര്‍ട്ടര്‍ലി എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി ഞാന്‍ ഒരു ലേഖനത്തില്‍ എഴുതിയതുപോലെ, ”ദില്ലിയില്‍ എല്ലാ സമയങ്ങളും അതിരുകളില്ലാത്ത വർത്തമാനമായി മാറിക്കൊണ്ടിരിക്കുകയാണ്”. സമയത്തിന്റെ ആഴത്തെക്കുറിച്ചും നഗരത്തിന്റെ വര്‍ത്തമാനത്തെ അടിവരയിടുന്ന ചരിത്രത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടങ്കില്‍, അതെ, തീര്‍ച്ചയായും സമയം ഒരു നിഴൽ തന്നെയാണ്. വെളിച്ചം കൂടിയ മുറികളുടെ അരികുകളിലും കോണുകളിലും നിഴലുകള്‍ പതിയിരിക്കുന്നതുപോലെ, ദില്ലിയിലെ സമയത്തിലും ഈ നിഴലുകൾ പതിയിരിക്കുകയാണ്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ഫിറോസ് ഷാ കോട്ലയിലേക്ക് വരുന്നത്. ഓൾഡ് ഡൽഹി കിഴക്കന്‍ ഡൽഹി എന്നിവിടങ്ങളില്‍ നിന്നുള്ള ദളിതുകളും മുസ്‌ലിംങ്ങളും അടങ്ങുന്ന തൊഴിലാളി വര്‍ഗ്ഗങ്ങളില്‍ പെട്ടവരാണവര്‍. പക്ഷേ, അവര്‍ നഗരത്തില്‍ വളരെക്കാലമായി താമസിച്ചിരുന്നവരാണ്. ഫിറോസ് ഷാ കോട്ലയില്‍ വെച്ച് ഞാന്‍ സംസാരിച്ച പലര്‍ക്കും നാലോ അഞ്ചോ തലമുറകള്‍ക്കപ്പുറം നഗരത്തില്‍ വേരുകള്‍ കണ്ടെത്താന്‍ കഴിയും. 1947 ന് ശേഷമുള്ള കുടിയേറ്റക്കാരുടെ നഗരത്തെക്കുറിച്ചുള്ള മുഖ്യധാരാ ആഖ്യാനത്തിൽ നിന്നും വ്യത്യസ്തമായി അവര്‍ക്ക് നഗരത്തെക്കുറിച്ചും അതിന്റെ സ്ഥല-കാല (spacio-temporal)ത്തെ കുറിച്ചും വളരെ വ്യത്യസ്തമായ സങ്കൽപ്പമാണുള്ളത്. അവരെ സംബന്ധിച്ചിടത്തോളം നഗരത്തിന്റെ ദീർഘകാല ചരിത്രത്തിന്റെ നിഴലുകളും പാളികളും യഥാർത്ഥത്തിൽ നിയമവിരുദ്ധമോ അസംബന്ധമോ എന്ന അര്‍ത്ഥത്തിലുള്ള നിഴലല്ല. മറിച്ച്, നഗരത്തിലെ ജീവിതത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഭാഗമായാണ് അവരിതിനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് അവർ ആധുനിക വീക്ഷണകോണുകളില്‍ നിന്നും വളരെ വ്യത്യസ്തവും വിചിത്രവും, അനിയന്ത്രിതവും, വീടു നിർമ്മാണത്തിനനുയോജ്യവുമല്ലാത്ത ഒരു ഭൂനിരപ്പില്‍ അവര്‍ വീടുകൾ നിര്‍മ്മിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ കൊട്ടാരങ്ങളുടെ ഭൂഗര്‍ഭ അവശിഷ്ടങ്ങളില്‍ മനുഷ്യ ജീവിതത്തേക്കാള്‍ വളരെയധികം ആയുസ്സുള്ള ജിന്നുകളെ അവര്‍ ആരാധിക്കുന്നു. എന്റെ പുസ്തകമായ Jinnealogy യുടെ ആമുഖത്തില്‍ ഉദ്ധരിക്കുന്ന പോലെ: ‘ഡൽഹി സുല്‍ത്താനേറ്റിന്റെ രാഷ്ട്രീയ രൂപത്തിലെ, ഭരണാധികാരിയോട് ഒരാളുടെ വാദങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന പേർഷ്യൻ-ഇസ്‌ലാമിക നിയമരൂപമായ ശിക് വയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് അവര്‍ ഈ തുഗ്ലക്ക് അവശിഷ്ടങ്ങള്‍ക്കിടയിലുള്ള ജിന്നു ദിവ്യൻമാര്‍ക്ക് അവരുടെ നിവേദനങ്ങള്‍ എഴുതുന്നത്. അവരെ നയിക്കുന്ന സ്വപ്നങ്ങളിലും ദര്‍ശനങ്ങളിലും, മുസ്‌ലിം വിശുദ്ധന്മാര്‍ പുരാതന വസ്ത്രം ധരിച്ച് മധ്യകാലത്തിലേക്ക് തിരിയുന്നു. വിശാലവും തണുത്തതുമായ ഭൂഗര്‍ഭ അറകളും കട്ടിയുള്ള കൊത്തുപണി ചുവരുകളും, തിളങ്ങുന്ന മോണോലിത്തിക്ക് തൂണുകളും ഉയരമുള്ള ഇസ്‌ലാമിക കമാനങ്ങളുമുള്ള സ്മാരക അവശിഷ്ടങ്ങളും അവര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നു’.
ആത്രേയ മജുംദാര്‍: പത്രങ്ങളില്‍ പ്രസ്താവിക്കുന്നതുപോലെ ലോകത്തെ ഒരു നരവംശശാസ്ത്ര സംവിധാനത്തെ തന്നെയാണല്ലോ താങ്കൾ എതിര്‍ക്കുന്നത്. പഠനം നടത്തുന്ന ഫീല്‍ഡ് സൈറ്റുകള്‍ പലപ്പോഴും രോഗം, അപകടം, സംഘര്‍ഷം എന്നിവ അനുഭവിക്കുന്ന ആളുകളെയും പ്രതിസന്ധി ഘട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ്. ഈ കൗതുകകരമായ പ്രോജക്റ്റ് എങ്ങനെ ഉയര്‍ന്നുവന്നു എന്നതിനെക്കുറിച്ച് പറയാമോ?
തനേജ: ഒന്നാമതായി, രോഗം, ആപത്ത്, സംഘര്‍ഷം( ആഭ്യന്തരപരമായും രാഷ്ട്രീയപരമായും) അനുഭവിക്കുന്ന ആളുകള്‍ സന്ദർശിക്കുന്ന സ്ഥലമാണ് ഫിറോസ് ഷാ കോട്ല. ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന അവർ പരിഹാരത്തിനായാണ് ഇവിടെ എത്തുന്നത്. നാടകീയമായ രാഷ്ട്രീയ അക്രമവും അതിന്റെ അനന്തരഫലങ്ങളും ഈ പുസ്തകത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല. 1857 ല്‍ ഡൽഹിയില്‍ നടന്ന കലാപം, 1947 ലെ വിഭജനാനത്തിന്റെ പരിണിത ഫലങ്ങള്‍, 1975-1977 ലെ അടിയന്തരാവസ്ഥ എന്നിവയൊക്കെയാണ് പുസ്തകം പലപ്പോഴും സൂചിപ്പിക്കുന്ന പ്രധാന നിമിഷങ്ങള്‍. എന്നാല്‍ എന്തായിരിക്കാം എന്റെ പുസ്തകത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? ഒരുപക്ഷെ, ഞാൻ എഴുതുമായിരുന്ന മറ്റൊരു പുസ്തകത്തെ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്, അല്ലെങ്കില്‍, ഫീല്‍ഡ് വര്‍ക്കില്‍ മുഴുകുന്നതിനു മുമ്പ് ഞാന്‍ എഴുതണമെന്ന് കരുതിയ പുസ്തകത്തെ സങ്കല്‍പ്പിച്ച് ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കാം. അങ്ങനെ ഒരു പുസ്തകം ഞാൻ എഴുതിയിരുന്നെങ്കിൽ, 1977 ല്‍ ഫിറോസ് ഷാ കോട്ല ഒരു ജനപ്രിയ ദര്‍ഗയായി ഉയര്‍ന്നുവന്നതും വര്‍ഷാരംഭത്തിലുള്ള അടിയന്തരാവസ്ഥയുടെ അവസാനവും തമ്മിലുള്ള ബന്ധുവും ആയിരിക്കും കേന്ദ്ര വസ്തുത. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായും ആര്‍ക്കൈവുകളുമായും ചരിത്രപരമായ മുസ്‌ലിം കെട്ടിടങ്ങളില്‍ പ്രാര്‍ത്ഥന പുനരുജ്ജീവിപ്പിക്കാന്‍ വാദിക്കുന്ന മുസ്‌ലിം രാഷ്ട്രീയ സംഘടനകളുമായും ഞാന്‍ സംവദിക്കുമായിരുന്നു. അത്തരം ചരിത്രപരമായ മുസ്‌ലിം കെട്ടിടങ്ങളില്‍ പലതും സര്‍വേയുടെ അധികാരപരിധിയില്‍ പെടുന്നവയാണ്. അതിനാല്‍ തന്നെ ഈ പുസ്തകത്തിന്റെ പ്രബലമായ വിഷയം പോസ്റ്റ് കൊളോണിയല്‍ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയമായിരുന്നു. അത്തരമൊരു പുസ്തകം അസത്യമായിരിക്കില്ല, തീര്‍ച്ചയായും അപ്രസക്തവുമല്ല, മാത്രമല്ല ഇത് ഭരണകൂടത്തിന്റെ നരവംശശാസ്ത്രവും മതത്തിന്റെ നരവംശശാസ്ത്രവും തമ്മില്‍ രസകരമായ ചില ബന്ധങ്ങള്‍ കൂടെ സൃഷ്ടിച്ചിരിക്കാം. എന്നാല്‍ അത്തരമൊരു പുസ്തകത്തില്‍ ഫിറോസ് ഷാ കോട്ലയിലെ ജിന്നു ദിവ്യന്മാർ രാജ്യത്തെ രാഷ്ട്രീയത്തിന്റെ, പ്രത്യേകിച്ചും പത്രങ്ങളിലൂടെ മനസ്സിലാക്കിയ രാഷ്ട്രീയത്തിന്റെ കാഴ്ചക്കാര്‍ മാത്രമേ ആകുമായിരുന്നുള്ളൂ. ഞാന്‍ ആ പുസ്തകം എഴുതിയത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, ഫീല്‍ഡ് വര്‍ക്ക് സമയത്ത് ഞാന്‍ നേരിടുന്ന അഭാവങ്ങളെക്കുറിച്ചും സാന്നിധ്യങ്ങളെക്കുറിച്ചും എനിക്ക് ബുദ്ധിപരമായി സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. ഫിറോസ് ഷാ കോട്ലക്കുള്ളില്‍ ആരും അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നില്ല. എന്നിരുന്നാലും, അവര്‍ ജിന്നുകളെക്കുറിച്ച് (സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളായിരുന്നു ദീര്‍ഘകാലം ജീവിച്ചിരുന്ന അത്തരം ജിന്നു കഥകള്‍); അതിന്റെ ആഗ്രഹത്തെക്കുറിച്ചും പരിവര്‍ത്തനപരവും അതിരുകടന്നതുമായ ശക്തികളെക്കുറിച്ചും; കുടുംബങ്ങളുടെയും വ്യക്തികളുടെയും പുനര്‍ രൂപകല്‍പ്പനയെക്കുറിച്ചും വളരെ ആഴത്തിലുള്ള കഥകള്‍ പറയുന്നുണ്ടായിരുന്നു. എന്റെ ഫീല്‍ഡ് വര്‍ക്ക്, എന്റെ ആശയങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരു ആശയത്തിലേക്ക് എന്നെ നയിക്കുകയായിരുന്നു. ജിന്നുകളുടെ ദൈർഘ്യമേറിയ ആയുസ്സിൽ ഉള്‍പ്പെട്ടിരിക്കുന്ന സമയദൈര്‍ഘ്യവുമായി ഇടപഴകുന്നതിലേക്കാണ് ഇത് എന്നെ കൊണ്ടെത്തിച്ചത്. ഇത് നരവംശശാസ്ത്രത്തിന്റെ സമകാലിക സ്വഭാവത്തേക്കാള്‍ വ്യത്യസ്തമായ ഒരു ദിശാബോധമാണ്. ഇവിടെ, പരിശീലനവും സംവേദനക്ഷമതയും ആവശ്യമുണ്ടന്നുള്ളതാണ് ഞാന്‍ ഈ പുസ്തകം എഴുതുന്നതിനുള്ള രണ്ടാമത്തെ ഘടകമായി വര്‍ത്തിച്ചത്. ഞാന്‍ കരിയറിൽ ബിരുദം നേടിയത് ചരിത്ര വിഭാഗത്തിലാണ്. ഇത് ഞാന്‍ അഭിമുഖീകരിക്കുന്ന സമൂഹത്തിന്റെ വംശാവലി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഡൽഹിയിലെ ഒരു ഗവേഷണ-പരിശീലന ഇടമായ സരായുമായുള്ള എന്റെ ബന്ധം, ദൈനംദിനവുമായി ആഴത്തിലുള്ള ഇടപെടലിലൂടെ വര്‍ത്തമാനകാലത്തെ ഒരു ബദല്‍ ചരിത്രം വാഗ്ദാനം ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ളതും, സാധാരണഗതിയില്‍ പരിഗണിക്കപ്പെടാത്ത സ്ഥലങ്ങളില്‍ ഈ മുന്‍ഗണനകള്‍ അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ കാര്യത്തില്‍, ഈ ആര്‍ക്കൈവുകളില്‍ ബോംബെ സിനിമയും ഉറുദു സാഹിത്യവും ഉള്‍പ്പെടുന്നുണ്ട്. പ്രത്യേകിച്ചും രേഖ്തി എന്നറിയപ്പെടുന്ന ആധുനിക കവിതയുടെ തരം, അതില്‍ ജിന്നുകളുടെയും യക്ഷികളുടെയും പ്രലോഭനങ്ങളും ദൈനംദിന ജീവിതത്തിലെ കുഴപ്പങ്ങളും നിറഞ്ഞിരിക്കുന്നു.
ആത്രേയ മജുംദാര്‍: ജനകീയമായതും സൈദ്ധാന്തിക തലത്തിൽ ഉള്ളതുമായ ഇസ്‌ലാമുകൾക്കിടയിലെ പിരിമുറുക്കത്തെ നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടല്ലോ. ഇക്കാര്യം താങ്കൾക്ക് സംക്ഷിപ്തമായി ഒന്നൂടെ ആവര്‍ത്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഈ ഈയൊരു വസ്തുതതയെക്കുറിച്ച് കൂടുതല്‍ പരിചയമില്ലാത്ത വായനക്കാര്‍ക്ക് സംവാദത്തിന്റെ ഗതി മനസ്സിലാക്കാന്‍ കഴിയുമോ? കൂടുതല്‍ വിശാലമായി പറഞ്ഞാൽ, ദൈനംദിനവും ജനകീയമായവയെ പലപ്പോഴും ആഴത്തിൽ ഉറ്റുനോക്കുന്ന നരവംശശാസ്ത്ര സംഭാവനകളില്‍ മതപണ്ഡിതന്മാര്‍ക്ക് എന്ത് വാഗ്ദാനം ചെയ്യാനാകും?
തനേജ: ദക്ഷിണേഷ്യയിലെ ഇസ്ലാമിനെക്കുറിച്ച് കുറിച്ചുള്ള സംസാരരീതികളിൽ എനിക്ക് നിരവധി വിയോജിപ്പുകൾ ഉണ്ട്. പ്രത്യേകിച്ചും തലാല്‍ അസദിന്റെ വ്യവഹാരിക പാരമ്പര്യ(Discursive Tradition)ത്തെക്കുറിച്ചുള്ള ആശയം വിന്യസിച്ചിരിക്കുന്ന രീതികള്‍. ഒരു ഉദാഹരണത്തോടെ ഞാന്‍ വിവരിക്കാം: ഇന്ത്യയിലെ മഖ്ബറകള്‍ അടിസ്ഥാനമാക്കിയുള്ള രോഗശാന്തിയെക്കുറിച്ചുള്ള ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് കാര്‍ല ബെല്ലാമിയുടെ (2011) The powerful Ephemeral. ഇത് ജാവോറയിലെ ഹുസൈന്‍ തെക്രി ഷെരീഫിന്റെ ദര്‍ഗയെക്കുറിച്ചാണ്. ബെല്ലാമിയുടെ പുസ്തകം വംശശാസ്ത്രപരമായി സമ്പന്നവും വിശകലനപരമായി ദൃഢവുമാണ്: ആരാധനാലയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രോഗശാന്തിയുടെ യുക്തികളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും ശരിക്കും ഉള്‍ക്കാഴ്ചയുളവാക്കുന്ന ചില ആശയങ്ങള്‍ ഫിറോസ് ഷാ കോട്ലയെക്കുറിച്ച് ചിന്തിക്കുന്നതില്‍ എന്നെ സ്വാധീനിച്ചു. എന്നിരുന്നാലും, ഹുസൈന്‍ തെക്രി ഒരു മുസ്‌ലിം പണ്ഡിതന്‍ ആയിരുന്നിട്ടും, ബെല്ലാമി അതിനെ ”അവ്യക്തമായ ഇസ്‌ലാമിക” സ്ഥലമായി വായിക്കുന്നു. എന്തുകൊണ്ടാണ് അവ്യക്തത?
അവര്‍ നല്‍കുന്ന ഒരു കാരണം, ജനങ്ങള്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള കഥകള്‍ പറയുമ്പോള്‍, ആധികാരികമായ കൈമാറ്റത്തിലൂടെ (ഇസ്‌നാദ്) സ്ഥാപിതമായതുപോലെ ആളുകള്‍ അവരുടെ കൃത്യതയോട് യോജിക്കുന്നില്ലെന്ന് തോന്നുന്നു. ഇസ്‌ലാമിക വ്യവഹാരിക പാരമ്പര്യത്തിന്റെ രൂപീകരണത്തിൽ ആധികാരതക്ക് പ്രാധാന്യം ലഭിക്കുന്നത് അസദിന്റെ പഠനങ്ങളിലൂടെയാണ്. എന്നാല്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ രൂപീകരണത്തിൽ ആധികാരതക്ക് പ്രാധാന്യം ലഭിക്കുന്നത് prescriptive authority യിലൂടെയാണ്. അഥവാ, പ്രധാനമായും പ്രവാചകന്റെയും ആദ്യത്തെ തലമുറയിലെ മുസ്‌ലിംകളുടെയും പാരമ്പര്യങ്ങളെ പിന്തുടര്‍ന്ന് ശരിയായ ഹദീസുകളിലൂടെ പ്രാമാണീകരിക്കപ്പെട്ടവയാണ് – മാത്രമല്ല, മുസ്‌ലിംകള്‍ ചരിത്രപരമായി ഏര്‍പ്പെട്ടിരിക്കുന്നതും മുസ്‌ലിംകളാല്‍ തുടരുന്നതുമായ മറ്റെല്ലാ കാര്യങ്ങളെയും അവഗണിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുന്നു. ഈയൊരു കാര്യമാണ് ഷഹാബ് അഹമ്മദ് (2015) തന്റെ what is Islam എന്ന പുസ്തകത്തില്‍ എന്നെക്കാള്‍ നന്നായി പ്രതിഫലിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ നരവംശശാസ്ത്രം ഉള്‍പ്പെടുന്ന ഇസ്‌ലാമിക പഠനമേഖലയെ സംബന്ധിച്ചിടത്തോളം ഇത് എന്താണ് അര്‍ത്ഥമാക്കുന്നത്, ഒരു പ്രത്യേക വാചക കൈമാറ്റവും (ഹദീസ് കൈമാറ്റം ചെയ്യപ്പെട്ടതും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തത് പ്രധാനമായും പുരുഷ പണ്ഡിതരുടെ കൈകളിലൂടെയാണ്) ഒരു പ്രത്യേക ഭക്തി അനുകരണവും ഉള്‍കൊള്ളുന്നതാണ് ഇസ്‌ലാമിന്റെ നരവംശശാസ്ത്രം. കവിതകള്‍, മഖ്ബറ സന്ദര്‍ശനം, ജിന്നുകളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, സ്ത്രീ വ്യവഹാരങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ അല്ലെങ്കില്‍ നാടോടിക്കഥകളായി പഠിക്കപ്പെടുകയോ ചെയ്തു. സൈദ്ധാന്ധികവും ജനകീയവുമായ ഇസ്‌ലാമുകൾ ഇടയിലുള്ള ഭിന്നത ശരിക്കും സഹായകരമല്ല എന്നതാണ് എന്റെ കൃതിയിലൂടെ ഞാന്‍ തെളിയിക്കാൻ ആഗ്രഹിക്കുന്നത്. കാരണം, അവ രണ്ടും പലപ്പോഴും വളരെ വ്യത്യസ്തമായ വഴികളാണെങ്കിലും ജനകീയമായ ഏത് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഉറവിടങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യത്തിന്റെ പ്രാമാണീകരണ ശൃംഖലയിലെ കണ്ണികള്‍ മനുഷ്യരെക്കാള്‍ ജിന്നുകളാണെന്ന് ഞാന്‍ കേട്ട കഥകളില്‍ നിന്ന് മനസ്സിലാക്കുന്നു. പാരമ്പര്യത്തിലെ രൂപീകരണത്തെയും ആധികാരികതയുടെ കൈമാറ്റത്തെയും കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാന്‍ ഇത് നമ്മെ സഹായിക്കും.
ആത്രേയ മജുംദാര്‍: അവശേഷിക്കുന്നവയേക്കാള്‍ ഉയര്‍ന്നുവരുന്നവയിലൂടെ ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നരവംശശാസ്ത്രത്തെക്കുറിച്ച് Jinnealogy ഒരു ആക്ഷേപമറ്റ വിമര്‍ശനം നല്‍കുന്നുവെന്ന് നിങ്ങള്‍ സമ്മതിക്കുമോ?
തനേജ: ഒരുപക്ഷേ അങ്ങനെ ആയിരിക്കാം. എന്നാല്‍ ഉയര്‍ന്നുവരുന്നതിനെയും ശേഷിക്കുന്നവയെയും തമ്മില്‍ വിപരീതങ്ങളായി ഞാന്‍ കാണുന്നില്ല. ഫിറോസ് ഷാ കോട്ലയില്‍ ദൈവശാസ്ത്രപരമായ പുതുമ ഉയര്‍ന്നുവരുന്നത് നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ വളരെ പഴയതും കൂടുതല്‍ സ്വകാര്യവുമാണെങ്കില്‍, ജിന്നുകളുമായുള്ള അടുപ്പത്തിന്റെ പാരമ്പര്യങ്ങള്‍ കണക്കിലെടുക്കാതെ ഈ ഉയര്‍ച്ചയെ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പരിഷ്‌കരണവാദ ഇസ്‌ലാമിക പ്രവണതകള്‍ അവരെ തള്ളിക്കളഞ്ഞിട്ടും ഡൽഹിയില്‍ അവര്‍ക്ക് ജനസമ്മതിയുണ്ടായിരുന്നു. ഒരുപക്ഷേ, നമുക്ക് ഇവയെ ഒരു ശേഷിപ്പായി കണക്കാക്കാം. ഭൂതകാലത്തെയും അതിന്റെ സാധ്യതയെയും എതിര്‍ക്കേണ്ടതില്ലെന്നും ഞാന്‍ കരുതുന്നു. ഇഖ്ബാല്‍ ഇസ്‌ലാമിക ഭൂതകാലത്തെ പുനരുജ്ജീവനത്തിന്റെ ഉറവിടമായി വരയ്ക്കുന്ന രീതികള്‍ മനസിലാക്കാന്‍ വേണ്ടി ഇക്ബാലും ബെര്‍ഗ്സണും തമ്മിലുള്ള ബന്ധത്തെ വരച്ചുകാട്ടിക്കൊണ്ട് നവീദ ഖാന്‍ 2012ല്‍ സമാനമായ ഒരു വാദം ഉന്നയിച്ചിരുന്നു. ഫിറോസ് ഷാ കോട്ലയിലെ ആചാരങ്ങളിലും കഥകളിലും സ്വപ്നങ്ങളിലും ദര്‍ശനങ്ങളിലും, ഭൂതകാലത്തെ മന:പൂര്‍വ്വം കൊണ്ട് വരുന്നത് മരിച്ചവരല്ല, മറിച്ച് ജീവിതസാധ്യതകള്‍ നിറഞ്ഞ, വര്‍ത്തമാനത്തിനും ഭാവിക്കും വേണ്ടിയാണെന്ന് ഞാന്‍ കരുതുന്നു. എന്തായിരുന്നു എന്നതല്ല, മറിച്ച് എന്തായിരിക്കാം എന്ന് മനസ്സിലാക്കാന്‍ വേണ്ടി ഭൂതകാലം തന്നെ സാധ്യതയുള്ള ഒരു മേഖലയാണ്.
ആത്രേയ മജുംദാര്‍: അവസാനമായി, നഗരാവസ്ഥയെക്കുറിച്ച് Jinnealogy നമ്മോട് എന്താണ് പറയുന്നത്?
തനേജ: ഏഷ്യയിലെ നഗരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, നമ്മള്‍ ബഹുനില കെട്ടിടങ്ങളെയും അതോടൊപ്പം ചേരികളെ കുറിച്ചും ചിന്തിക്കുന്നു. ഒന്ന്, സ്റ്റാര്‍ട്ടപ്പുകളിലൂടെയും കോള്‍ സെന്ററുകളിലൂടെയും ആഗോളവല്‍ക്കരിച്ച മൂലധന ശൃംഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു എലൈറ്റ് വര്‍ക്ക്‌ഫോഴ്സിന്റെ സ്ഥാനം; മറ്റൊന്ന്, സമ്പത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ആഗോള പ്രവാഹങ്ങളില്‍ നിന്ന് വിട്ടുപോയവരുടെ അനൗപചാരികവും, കുഴപ്പം പിടിച്ചതും പലപ്പോഴും അക്രമാസക്തവുമായ ലോകം. രണ്ടായാലും, നഗരത്തിന്റെ സമയം വേഗതയിലേക്കാണ്, ഭാവിയിലെ വാഗ്ദാനങ്ങളിലേക്കാണ്. എന്നാല്‍ നഗരജീവിതത്തിന്റെ മറ്റ് താല്‍ക്കാലികതകളും നഗരരൂപത്തിന്റെ മറ്റ് സൗന്ദര്യശാസ്ത്രവും ഇവിടെയുണ്ട്. ദില്ലിയില്‍, കാലാനുസൃതമായ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണ് മറ്റ് ബന്ധങ്ങളെ താല്‍ക്കാലികതയിലേക്കും നഗരജീവിതത്തിലെ മറ്റ് ദര്‍ശനങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത്.
ഡൽഹിയെക്കുറിച്ചുള്ള ഒരു ജനകീയ വിവരണമനുസരിച്ച്, ‘ജിന്നുകളുടെ നഗര’ത്തില്‍ താമസിക്കുകയെന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? പോസ്റ്റ്-കൊളോണിയല്‍ ഭരണകൂടത്തിന്റെ മനപ്പൂർവ്വമുള്ള മറവിയുടെ ഓർമ്മയായും ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ ‘അനിസ്‌ലാമിക മുദ്ര’യുടെയും അർബൻ മതജീവിതത്തിന്റെ ആധികാരിക രൂപവും സാക്ഷിയുമായി നിലനിൽക്കുകയാണ് ജിന്നുകള്‍. പഴയ ഓറിയന്റലിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ ഒരു ഇസ്‌ലാമിക നഗരത്തെയാണ് ജിന്നുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ബസാര്‍, പള്ളി, ഹമ്മാം എന്നിവ മാത്രമല്ല, ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന അനിസ്‌ലാമിക സാധ്യതകളെക്കുറിച്ചും ജിന്നുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജനകീയ സ്മരണയില്‍, ഫിറോസ് ഷാ കോട്ലയിലെ മതപരമായ ആചാരങ്ങള്‍ പഴയ ഡൽഹിയിലെ തൊഴിലാളിവര്‍ഗത്തെ ആഴത്തില്‍ തിരിച്ചറിഞ്ഞിരുന്ന, ഒരിക്കല്‍ നാഇം എന്നറിയപ്പെട്ടിരുന്ന, ലദ്ദു ഷായുടെ ചരിത്രവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം ഒരു സംഗീതജ്ഞനായും, കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റും ഒടുവില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുന്നയാളായും മാറി. അദ്ദേഹത്തിന്റെ രോഗശാന്തിളുടെ കഥ ഫിറോസ് ഷാ കോട്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ഒരു സ്ഥലത്തത്തിരുന്ന് സംഗീതം വായിക്കുന്ന സന്ദര്‍ഭത്തില്‍ അത് ജിന്നുകളെ ആകര്‍ഷിക്കുകയും, അവര്‍ അദ്ദേഹത്തിന് രോഗം സുഖപ്പെടുത്താനുള്ള കഴിവ് സമ്മാനമായി നല്‍കുകയും ചെയ്തു. ഈ സമ്മാനം തന്നെയാണ് ആദ്യകാലത്ത് ജനങ്ങളെ ഫിറോസ് ഷാ കോട്ലയിലേക്ക് കൊണ്ടുവന്നതെന്ന് ചിലര്‍ പറയുന്നു.
മൊറോക്കോയില്‍ എമിലിയോ സ്പഡോള 2014ല്‍ സൂചിപ്പിച്ചതുപോലെ, സാമൂഹികമായി നാമമാത്രമായ മുസ്‌ലിംകളുടെ വ്യത്യാസവും കൂടാതെ സാധാരണ ദേശീയ സ്വയം സ്വത്വ നിർമ്മാണത്തിൽ വംശീയവും സാംസ്‌കാരികവുമായ വ്യത്യാസത്തിന്റെ ഓര്‍മ്മകളുമായി ജിന്ന് വര്‍ഗ്ഗം വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. മൊറോക്കോയില്‍, കറുത്ത ആഫ്രിക്കക്കാരുടെയും വടക്ക് കുടിയേറ്റക്കാരുടെയും ഓര്‍മ്മകളില്‍ ഐഷാ കാന്‍ദിഷ ജീവിച്ചിരിക്കുന്നപോലെ സുഡാനില്‍, സാര്‍ ട്രാന്‍സ് അനുഷ്ഠാന വേളയില്‍ പ്രത്യക്ഷപ്പെടുന്ന ജിന്നുകള്‍ ചിലപ്പോള്‍ കൊളോണിയല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്യാറുണ്ട്. ജിന്നുകളുടെ ഒരു നഗരത്തില്‍ ജീവിക്കുന്നവര്‍ വ്യക്തിനിഷ്ഠതയെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ നഗരങ്ങളും യഥാര്‍ത്ഥത്തില്‍ ജിന്നുകളുടെ നഗരമാണ്; എന്നാല്‍ ചിലര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് അറിവുള്ളൂ എന്ന് മാത്രം.
വിവര്‍ത്തനം: മിദ്‌ലാജ് തച്ചംപൊയില്‍
Assistant professor of religious studies and anthropology at Vanderbilt University. He is the author of Jinnealogy: Time, Islam, and Ecological Thought in the Medieval Ruins of Delhi. He is currently working on a second book, provisionally titled “The Gabriel of Madness: Urdu Poetry and Muslim Ethics in the Age of Hindu Nationalism.”