സുൽത്താൻ മെഹ്‍മദ്: ഓട്ടോമൻ ഭരണത്തിലെ പ്രതിഭാശാലി

പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങളിൽ ഒരു വിഭാഗം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കും. ആ സൈന്യം എത്ര ഉൽകൃഷ്ടമായ സൈന്യമാണ്. അതിന്റെ സേനാധിപൻ എത്ര പ്രതാപവാനുമാണ്.” (മുസ്നദ് അഹ്‌മദ്‌, അൽ ജാമിഉ സ്വഗീർ)

മധ്യകാല മുസ്‌ലിം ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായമാണ് സുൽത്താൻ മെഹ്‌മദിന്റെ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കൽ. ബൈസന്റൈൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ഇസ്‌ലാമിന്റെ വെന്നിക്കൊടി വിണ്ണിൽ ഉയർത്തിയപ്പോൾ അദ്ദേഹത്തിന് പ്രായം വെറും 21 മാത്രം. ഓട്ടോമൻ സാമ്രാജ്യത്തിനെ മൂന്ന് ഭൂഖണ്ഡങ്ങളിലായി ഒന്നിലധികം പ്രദേശങ്ങളിൽ ഭരിക്കുന്ന ഒരു ഭരണകൂടമെന്നോണം സുൽത്താൻ മെഹ്‌മദ്‌ സാമ്രാജ്യത്തെ വിസ്‌തൃതമാക്കി. ചരിത്രത്തിലുടനീളം ആദരണീയരായ പ്രമുഖ ചരിത്രകാരന്മാരെപ്പോലെ, പരിഗണനീയമായ വിജയത്തിന്റെ വിശാല ചരിത്രം കെട്ടിപ്പടുത്തത് പിതാവിന് പകരക്കാരനായി രാജ്യം ഭരിക്കാൻ നിയമിതനായ മെഹ്‌മദ് രണ്ടാമനെന്ന രാജകുമാരനിലൂടെ ആയിരുന്നു. അവർണനീയ മുന്നേറ്റത്തിലൂടെ രണ്ട് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ഒപ്പം മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി കൂടിച്ചേരുന്ന ബോസ്ഫറസ് കടലിടുക്കിലെ മധ്യ കാലഘട്ടത്തിന്റെ സുപ്രധാന വാണിജ്യ നഗരമായ ഇസ്താൻബൂളിനെ റോമൻ- ബൈസന്റൈനികളിൽ നിന്നും കീഴടക്കിയതിലൂടെ ഓട്ടോമൻ ഖിലാഫത്തിന്റെ സുപ്രധാന വാണിജ്യ കവാടം തുറക്കപ്പെടുകയും ഭരണ സിരാകേന്ദ്രം മാറ്റി സ്ഥാപിക്കുകയും ചെയ്തതിലൂടെ മെഹ്‌മദ് രണ്ടാമൻ “ഫാതിഹ്” (Conqueror) എന്ന പദവി നേടി.

മൂത്തമകന്റെ നിര്യാണത്തെത്തുടർന്ന് തളർന്നുപോയ മെഹ്‌മദിന്റെ പിതാവ് മുറാദ് രണ്ടാമൻ 1444 ലാണ് സ്വമേധയാ പദവി ഉപേക്ഷിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ളപ്പോൾ തന്നെ സാമ്രാജ്യത്തിന്റെ കിരീട ഭാരം മെഹ്‌മദ് രണ്ടാമന്റെ തലയിൽ വന്നു പതിച്ചു. സിംഹാസനത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് പന്ത്രണ്ടര വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതോടെ ഓട്ടോമൻ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി അദ്ദേഹം മാറി. ഓട്ടോമൻ ഭരണകൂടം നേരിടുന്ന സകല ഭീഷണികളെയും നേരിടാൻ മെഹ്‌മദ് വളരെ ചെറുപ്പവും അനുഭവ പരിചയമില്ലാത്തവനുമാണെന്ന് സുൽത്താൻ മുറാദിന്റെ ഉപദേഷ്ടാവായിരുന്ന ഹലീൽ പാഷയും മറ്റ് മന്ത്രിമാരും വളരെ ആശങ്കാജനമായി കണ്ടു. മുറാദ് രണ്ടാമനെ സിംഹാസനത്തിലേക്ക് തിരിച്ചുവരാൻ സുപ്രധാന രാഷ്ട്രീയ, സൈനിക വ്യക്തികൾ പ്രേരിപ്പിച്ചതിനാൽ, പ്രത്യേകിച്ച് യൂറോപ്യൻ മേഖലയിലെ ഓട്ടോമൻ സാമ്രാജ്യം പിടിച്ചടക്കിയ പ്രദേശങ്ങളിൽ, പിരിമുറുക്കവും കലഹവും കൂടുകയും അതേസമയം, കുരിശുയുദ്ധത്തിൽ നിന്നുള്ള ഭീഷണിയും ബാൽക്കണിലെ ക്രിസ്ത്യൻ ഫ്യൂഡൽ പ്രഭുക്കളുടെ ഭീഷണിയും നിലനിൽക്കെ കുട്ടിയായ മുഹമ്മദ്‌ സിംഹാസനം വാഴുന്നത് പൊതുജനങ്ങൾക്ക് പരക്കെ സന്ദേഹമുളവാക്കിയിരുന്നു. രണ്ട് വർഷത്തിന് ശേഷം പിതാവ് ഭരണ ചക്രം വീണ്ടും ഏറ്റെടുക്കുന്നതോടെയാണ് മെഹ്‌മദ് രണ്ടാമന്റെ ആദ്യത്തെ ഭരണം അവസാനിച്ചത്. സിംഹാസനം സ്വമേധയാ പിതാവിന് വിട്ടുകൊടുത്തതിൽ പിന്നെ അദ്ദേഹം ഈജിയൻ മേഖലയിലെ മനീസയിലേക്ക് മടങ്ങി. അവിടെ വെച്ച് ധിഷണാ വൈഭവവും പ്രതിഭാത്വവും വികസിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. 1448 ൽ മെഹ്‌മദ് കൊസോവോ യുദ്ധത്തിൽ പിതാവിനോടൊപ്പം ചേർന്നുകൊണ്ട് സാമ്രാജ്യത്തിന്റെ സൈനിക ശക്തിയെക്കുറിച്ചുള്ള സൂക്ഷ്മോജ്ജലമായ ഉൾക്കാഴ്ച നേടി.

 

ഫാതിഹ് സുൽത്താൻ മെഹ്‍മദ് രണ്ടാമൻ

1451-ൽ പിതാവ് മരിച്ചപ്പോൾ, മെഹ്‌മദ് രണ്ടാമൻ ഒരിക്കൽ കൂടി രാജ്യത്തിന്റെ ഭരണചക്രം ഏറ്റെടുത്തു. മുൻകാലഭരണ ഉദ്യോഗത്തിലൂടെ ധാരാളം പാഠങ്ങൾ പഠിക്കുകയും ഒരു പരിധിവരെ അനുഭവസമ്പത്ത് നേടുകയും ചെയ്തിരുന്ന മെഹ്‌മദ് മുതിർന്ന ഓട്ടോമൻ വ്യക്തികളുടെയും പൊതുജനങ്ങളുടെയും കണ്ണിൽ സ്വയം ചരിത്രം സൃഷ്ടിക്കുകയെന്ന ലക്ഷ്യം തെളിയിക്കാൻ ശ്രമിക്കുകയും തന്റെ ആത്യന്തിക ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തതിന് ശേഷം, അദ്ദേഹത്തിന്റെ കണ്ണുകൾ കോൺസ്റ്റാന്റിനോപ്പിളിനെ (അന്നത്തെ ബൈസന്റൈൻ തലസ്ഥാനം) കീഴടക്കുന്നതിനുള്ള മാർഗങ്ങൾതേടി. ഭരണത്തിൽ തിരിച്ചെത്തിയ രണ്ടാം വർഷത്തിൽ തന്നെ അദ്ദേഹം യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനു മുമ്പ് പല തവണ കോൺസ്റ്റാന്റിനോപ്പിളിനെ ഉപരോധിക്കപ്പെട്ടിരുന്നുവെങ്കിലും ആർക്കും അത് ജയിച്ചെടുക്കാനായിരുന്നില്ല. എന്നിരുന്നാലും ധിഷണാവൈഭവത്തോടെ തന്ത്രങ്ങളും ദീർഘദൃഷ്ടിയും കൈവരിക്കുന്നതിന് മെഹ്‌മദ് രണ്ടാമന് അസാധ്യമായ കഴിവുണ്ടായിരുന്നു.

തുടർന്ന് ചേർന്ന കൂടിയാലോചനയിലൂടെ സുൽത്താൻ ഒരു വലിയ സൈന്യത്തെ കൂട്ടിച്ചേർത്തു (200,000 സൈനികരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും ചില ചരിത്രകാരന്മാർ ഈ കണക്കിന്റെ പകുതിയിൽ താഴെയാണെന്നും പറയുന്നുണ്ട് ) സുൽത്താന്റെ നേതൃത്വത്തിൽ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഗോൾഡൻ ഹോൺ വഴി സമുദ്രവും കരയും കൊണ്ട് നഗരത്തെ വളഞ്ഞു. തുടർന്ന്, ആധുനിക ഇസ്താംബൂളിന്റെ യൂറോപ്യൻ ഭാഗത്ത് നഗരത്തിന്റെ ഗലാറ്റ പ്രദേശത്തിന് ചുറ്റുമുള്ള ഭാഗത്തേക്ക് യുദ്ധക്കപ്പലുകൾ തയ്യാറാക്കി നിറുത്തി. കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ ശക്തമായ മതിലുകൾക്ക് മുന്നിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ സായുധ സജ്ജരായ സൈന്യം സുൽത്താന്റെ നേതൃത്വത്തിൽ പ്രത്യക്ഷപ്പെട്ടു. 50 ദിവസത്തിൽ കൂടുതൽ സൈനിക ക്യാമ്പയിൻ തുടർന്നു. പീരങ്കി ആക്രമണത്തിന്റെ സഹായത്തോടെ നഗര മതിലുകൾ തകർക്കാൻ സാധിച്ചു. 1453 മെയ് 29 ചൊവ്വാഴ്ച സുൽത്താൻ മെഹ്‌മദ് രണ്ടാമൻ മിഡിൽ വേ എന്നറിയപ്പെടുന്ന റോമൻപാതയിലൂടെ നഗരത്തിലേക്ക് കയറുകയും തുടർന്ന് അഡ്രിയാനോപ്പിൾ (ആധുനിക Edirne Kapi) ഗേറ്റിലൂടെ വിജയകരമായ പ്രവേശനവും നടത്തി. ഗേറ്റിലൂടെ കടന്നു ഉള്ളിലേക്ക് സമാഗതനായപ്പോൾ അദ്ദേഹത്തെ സൈനികർ ഫാതിഹ് (ജേതാവ്) എന്ന് വിളിച്ച്‌ വരവേറ്റു. അവിടെ നിന്ന് ദിവ്യജ്ഞാനത്തിന്റെ മഹത്തായ ആരാധനാലയമായ ഹാജിയ സോഫിയ (അയാ സോഫിയ, ഹാഗിയാ സോഫിയ എന്നും ഉച്ചാരണം) യുടെ അകത്തളത്തിലേക്ക് സമാഗതനായി. താഴേക്കിറങ്ങി റബ്ബിന് മുന്നിൽ സാഷ്ടാംഗം വീണു. താഴ്‌മയുടെ ആംഗ്യത്തിൽ തലപ്പാവിനു മുകളിൽ ഒരു പിടി മണ്ണ് വാരി ഇട്ടു. ഹാജിയ സോഫിയ ക്രിസ്തുമതത്തിലെന്ന പോലെ ഇസ്‌ലാമിലും ബഹുമാനിക്കപ്പെട്ടു. തുടർന്ന്, അദ്ദേഹം പള്ളിയിൽ സർവ്വെ നടത്തി. പ്രാർത്ഥനയ്‌ക്ക് ആഹ്വാനം നൽകുന്നതിനായി‌ പള്ളിയുടെ രൂപകൽപനയിൽ മാറ്റം വരുത്തി ഖിബ്‌ല നിർണയിക്കുകയും ‌നമസ്‌കാര കർമങ്ങൾക്ക് വേണ്ടി ഇമാമിനുള്ള മിഹ്‌റാബ് ‌ സ്ഥാപിക്കുകയും‌ പൾ‌പിറ്റ് ഉൾപ്പെടെയുള്ള ചില ആന്തരിക നിർമാണങ്ങളും മിനാരത്തിന്റെ നിർമ്മാണവും നടത്തി. 1453 ജൂൺ 1 വെള്ളിയാഴ്ച വിശ്വാസികളെ പ്രാർത്ഥനയിലേക്ക് ക്ഷണിച്ചു. പള്ളിയിൽ നടന്ന ആദ്യ പ്രാർത്ഥനയിൽ പണ്ഡിതൻ ഉച്ചത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു: “തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക”. ഹാജിയ സോഫിയയിലെ ആദ്യ ജുമുഅ സംഗമത്തിന് മെഹ്‌മദ് ചക്രവർത്തിയും അദ്ദേഹത്തിന്റെ മുഖ്യ പാഷമാരായ “അകെംസെറ്റിൻ, കരസെംസെറ്റിൻ” എന്നിവരും ചടങ്ങിൽ സംബന്ധിക്കാൻ ഉണ്ടായിരുന്നു. ഈ രംഗങ്ങളെല്ലാം ഔലിയാ ചെലബി (Evliya Çelebi) തന്റെ പുസ്തകത്തിൽ ഹൃദ്യമായി വിസ്തരിച്ചെഴുതുന്നുണ്ട് :

അഡ്രിയാനോപ്പിൾ ഗേറ്റിലെ ഒരു ഫലകത്തിന്മേൽ ഇസ്താൻബൂൾ നഗരത്തിലേക്കുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ വിജയകരമായ രംഗപ്രവേശനം രേഖപ്പെടുത്തിയത് കാണാം. പതിനേഴാം നൂറ്റാണ്ടിലെ ഓട്ടോമൻ സഞ്ചാരിയായ എവ്‌ലിയാ ചെലബി (Evliya Çelebi) തന്റെ ‘സിയാഹത് നാമ’ എന്ന പുസ്തക താളുകളിൽ യാത്രവിവരണത്തിൽ സുൽത്താനെ വർണിക്കുന്നത് ഇപ്രകാരമാണ്. ‘സുൽത്താൻ തലയിൽ അപ്രമാദിത്വം തോന്നിക്കുന്ന ഒരു തലപ്പാവും കാലിൽ ആകാശ-നീല നിറത്തിലുള്ള ബൂട്ടും ഈമാനിക പ്രഭയോടു കൂടി കുതിരപ്പുറത്ത് കയറിയിരുന്ന് പരമ്പരാഗതമായി പിതാവിൽ നിന്ന് കൈമാറിക്കിട്ടിയ വാൾ കയ്യിൽ പിടിച്ച് മുസ്‌ലിം പടയാളികളുടെ മനസ്സിലേക്ക് നടന്നുകയറി. അവരോട് അഭിസംബോധന ചെയ്തു, ” യോദ്ധാക്കളെ, നിങ്ങളാണ് രാജ്യത്തിന്റെ സേവകർ! അല്ലാഹുവിനെ സ്തുതിക്കുക! നിങ്ങൾ കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാക്കളാണ്! ” നഗരം പിടിച്ചടക്കിയത് ഖിലാഫത്തിന്റെ ചരിത്രത്തിലെ മെഹ്‌മദ് രണ്ടാമന്റെ അറിയപ്പെടുന്ന വിജയമായി കുറിച്ചിടപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം ആധുനിക തുർക്കിയുടെ വടക്കൻ മേഖലയിലെ രാജ്യങ്ങളായ സെർബിയ, മോറിയ, ആധുനിക തുർക്കിയുടെ നോർത്ത് പ്രവിശ്യകളായ ബോസ്നിയ, അൽബേനിയ, അനറ്റോലിയൻ (മധ്യ ടർക്കിഷ്) പ്രദേശങ്ങൾ ട്രെബിസോണ്ട് (ആധുനിക ട്രാബ്‌സൺ) എന്നീ ഭാഗങ്ങളും സാമ്രാജ്യത്തിന്റെ വരുതിയിൽ വരുത്തി. രണ്ട് ഡസനിലധികം സൈനിക നീക്കങ്ങൾക്കിടെ തന്റെ ഭരണകാലത്ത് സുൽത്താന് തന്റെ ഓട്ടോമൻ നിയന്ത്രണ സാമ്ര്യാജ്യം 2.2 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലേക്ക് (1.4 ദശലക്ഷംചതുരശ്ര മൈൽ) വ്യാപിപ്പിക്കാനായി.

ചരിത്രപ്രസിദ്ധമായ ഹാജിയ സോഫിയ

വിജയത്തിന്റെ ഒരു വർഷം മുമ്പ് വിപുലീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്ന എദിർനെ കൊട്ടാരത്തിൽ (Edirne Sarayi) ആയിരുന്നു മെഹ്‌മദിന്റെ ആദ്യ ഭരണസിരാ കേന്ദ്രം. പിൽക്കാലത്ത്, തലസ്ഥാനം ഇസ്താംബൂളിലേക്ക് മാറ്റി സ്ഥാപിച്ചു. എദിർനെയിൽ നിന്ന് ഇസ്താംബൂളിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ ഉദ്യമം നഗരം വീണ്ടും ജനകീയമാക്കുക എന്നതായിരുന്നു. കഴിയുന്നത്ര നിവാസികളെ നഗരത്തിലേക്ക് അധിവസിപ്പിക്കാൻ, തന്റെ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രാജകീയ കൽപ്പനയുടെ രൂപത്തിൽ അദ്ദേഹം ഒരു ഉത്തരവ് അയച്ചു. എല്ലാ മത വിശ്വാസികളെയും ഏഷ്യയിലെയും യൂറോപ്പിലെയും എല്ലാ വിഭാഗം ജനതയെയും, പ്രത്യേകിച്ച്, ക്രിസ്ത്യാനികളെ, കരുതലോടെ തലസ്ഥാനത്തേക്ക് മാറ്റിതാമസിപ്പിച്ചു.

യുദ്ധത്തിൽ ശത്രുപക്ഷമായിരുന്ന എല്ലാ ഗ്രീക്കുകാരെയും ക്രിസ്ത്യാനികളെയും മെഹ്‍മദ് നഗരത്തിൽ പുനരധിവസിപ്പിച്ചു. ‘നഗര തുറമുഖത്തിന്റെ തീരത്ത്’ അവർക്ക് സ്ഥലവും വീടുകളും നൽകി, ‘ഒരു നിശ്ചിത സമയത്തേക്ക് വരെ അവരെ നികുതിയിൽ നിന്ന് ഒഴിവാക്കി ‘. തടവ് പുള്ളികളായിരുന്നവരോട് ദിനേന ജോലിചെയ്യണമെന്നും ആറ് ആസ്പറുകളോ (Baizantyne coin) അതിൽ കൂടുതലോ പ്രതിദിന വേതനം കൊടുക്കാനും മെഹ്‍മദ് കൽപ്പിച്ചിട്ടുണ്ടായിരുന്നു. “ഒരു വിധത്തിൽ സുൽത്താന്റെ ഭാഗത്തു നിന്നുള്ള വിവേകപൂർണ്ണമായ ഒരു ദീർഘവീക്ഷണമായിരുന്നുpp ഇത്. കാരണം തടവുകാർക്ക് ഭക്ഷണം നൽകുകയും അവരുടെ യജമാനന്മാർക്ക് (ജോലിക്കാർക്ക്) പ്രതിഫലം നൽകുന്നതിന് മതിയായ വരുമാനം നേടിക്കൊണ്ട് സ്വന്തം മോചനദ്രവ്യം നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം Micheal Critobulus (ഗ്രീക്ക്പൊളിറ്റീഷ്യൻ) തന്റെ പുസ്തകത്തിൽ (History of Mehmed the Conqueror) രേഖപ്പെടുത്തുന്നു. 1453 വേനൽക്കാലത്ത് മെഹ്‍മദ് പുതിയ തലസ്ഥാനത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു. തിയോഡോഷ്യൻ മതിലുകൾ നന്നാക്കാനും ഉപരോധത്തിൽ തകർന്ന മറ്റ് കോട്ടകൾ പുനർനിർമിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് കോണിലുള്ള ഗോൾഡൻ ഗേറ്റിനടുത്ത് ശക്തമായ ഒരു കോട്ട പണിയാൻ മെഹ്‍മദ് ഉത്തരവിട്ടതായും, പൂർത്തീകരണത്തിൽ സുൽത്താന്റെ സംതൃപ്തിയും പുതിയ നിർമ്മാണ പദ്ധതികൾ ആരംഭിച്ചതും Kritaboulos കുറിക്കുന്നു. പ്രത്യേകിച്ച്, കപാലെ എന്നറിയപ്പെടുന്ന വലിയ വിപണന കേന്ദ്രവും സുൽത്താനു കീഴിൽ നിർമ്മിതമായി.

കീഴടക്കൽ കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം, മെഹ്‍മദ് നഗര മതിലുകൾക്ക് പുറത്ത് ഗോൾഡൻ ഹോണിന്റെ മുകൾ ഭാഗത്തായി ഒരു വലിയ പള്ളി സമുച്ചയം പണിതു. നബി (സ)യുടെ കാലത്ത് ജീവിച്ച സ്വഹാബിയും ബദ്ർ യുദ്ധത്തിലെ സാന്നിധ്യവുമായിരുന്ന അബൂ അയ്യൂബ് അൽ അൻസാരിയുടെ (റ) നാമധേയത്തിൽ പള്ളി സമർപ്പിച്ചു. AD 674-678 കാലഘട്ടത്തിൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രഥമ അറബ് ഉപരോധത്തിന്റെ നേതാക്കളിൽ ഒരാളായാണ് അബൂ അയ്യൂബ് അൽ അൻസാരി അറിയപ്പെടുന്നത്. അന്ന് കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്ക് അപ്പുറത്ത് കൊല്ലപ്പെടുകയും മയ്യിത്ത് അവിടെ തന്നെ ഖബർ അടക്കുകയും ചെയ്യുകയാണുണ്ടായത്. 1453-ൽ നഗരം ഉപരോധിക്കുന്നതിനിടെ മെഹ്‍മദ് നഗര കവാടത്തിന് പുറത്ത് മഹാനവറുകളുടെ മഖ്‌ബറ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. അക്മെസെറ്റിനും അദ്ദേഹത്തിന്റെ ചീഫ് ഓഫീസറും അത്ഭുതകരമായി മഖ്‌ബറ കണ്ടെത്തിയത് എവ്‌ലിയ ചെലബി (Evliya Çelebi) അദ്ദേഹത്തിന്റെ താളുകളിൽ അതിശയകരമായ സംഭവമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബൃഹത്തായ ഓട്ടോമൻ ഭരണകാലത്തെ തന്റെ വിസ്‌മയാവഹമായ സൈനിക വിജയങ്ങളെ ഓർമിക്കുന്നുണ്ടെങ്കിലും സുൽത്താൻ സ്വന്തമായി ധിഷണാ വിലാസം തെളിയിച്ചിരുന്നു.

പേർഷ്യൻ, അറബിക്, പുരാതന ഗ്രീക്ക്, ഇറ്റാലിയൻ ഭാഷകൾ മെഹ്‍മദ് സംസാരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു – പടിഞ്ഞാറും കിഴക്കും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം രൂപീകരിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ സൂചിപ്പിക്കുന്ന അടയാളമായി ഇതിനെ പലരും കണ്ടു. ജ്യാമിതി, മതം, എഞ്ചിനീയറിംഗ്, ജ്യോതിശാസ്ത്രം, ഗണിതം, പുരാവസ്തു, ഭൂമിശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ലൈബ്രറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ടർക്കിഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. കവിയായി അറിയപ്പെട്ടിരുന്ന സുൽത്താൻ കലയോടും വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി കാണാം. നവോത്ഥാന ചിത്രകാരനായ ബെല്ലിനിയെ തന്റെ ഛായാചിത്രം ചെയ്യാൻ സുൽത്താൻ നിയോഗിച്ചിരുന്നു.

ഒരു സാമ്രാജ്യം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിൽ നിരവധി വ്യക്തിത്വങ്ങളെ കുറിച്ച് പഠിച്ച സുൽത്താൻ ഭരണതന്ത്രങ്ങൾക്ക് പ്രോത്സാഹനമെന്നോണം അലക്‌സാണ്ടർ ഗ്രേറ്റ് ചക്രവർത്തിയുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങളിലൊന്നായിരുന്നു പുരാതന ഗ്രീക്ക് കവിയായിരുന്ന ഹോമറുടെ ഇലിയാഡ് (Iliad), ടോളമിയുടെ പുരാതന ലോക ഭൂപടം അദ്ദേഹത്തിന്റെ അമൂല്യ ശേഖരത്തിലെ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. 49 വർഷത്തെ ഹ്രസ്വ കാല ജീവിതത്തിലൂടെ ചരിത്രത്തിൽ അനുസ്മരിക്കപ്പെടാവുന്ന മുദ്ര പതിപ്പിക്കാൻ സുൽത്താന്‌ സാധിച്ചു. ഹാജിയ സോഫിയയിലെ പള്ളി മിനാരങ്ങൾ ഇന്നും ഖിലാഫത്തിന്റെ ചരിത്ര വർത്തമാനങ്ങൾക്ക് സാക്ഷിയാവുന്നുണ്ട്.