സൂഫി നരേറ്റീവുകളും പക്ഷികളും; ഇബ്രാഹീം നബി, അത്താർ, റൂമി

ഒരിക്കൽ  ഇബ്രാഹിം നബി (അ) അല്ലാഹുവിന്റെ  കല്പന പ്രകാരം നാല് പക്ഷികളെ അറുത്തു. അതിൽ നിന്നും ഓരോന്നിനേയും പരസ്‌പരം കൂട്ടിക്കലർത്തി അൽപ ഭാഗം എടുത്ത് അടുത്തുള്ള പർവ്വതത്തിൽ വെച്ചു. ശേഷം, പക്ഷികളെ തിരിച്ചു വിളിച്ചു.  ഉടൻ തന്നെ പക്ഷികൾക്ക് ജീവൻ തിരിച്ചു കിട്ടി. അവകൾ ഇബ്രാഹിം നബിയുടെ അടുക്കലേക്ക് പാറി വന്നു. ഈ സന്ദർഭം ഖുർആനിൽ വിവരിക്കുന്നത് കാണാം . മറ്റൊരു സൂക്തത്തിൽ സുലൈമാൻ നബി (അ)ക്ക് പക്ഷികളുടെ സംസാരം അറിയാമെന്നും  ഹുദ്ഹുദ് പക്ഷിയുമായുള്ള സംസാരങ്ങളും സംഭവങ്ങളും വിവരിക്കുന്നതും കാണാം.

പക്ഷികൾക്ക് സൂഫി വ്യവഹാരങ്ങളിൽ  പ്രത്യേകമായ സ്ഥാനം  നൽകുന്നുണ്ട്. സൂഫി ആശയങ്ങളെയും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളെയും വിവരിക്കുന്നിടത്ത് ധാരാളമായും പക്ഷികളുമായി ഉപമ ചേർക്കുന്നത് കാണാം. പരിമിതമായ ഭൗതിക ജീവിതത്തെ കൂട്ടിൽ പൂട്ടിയിടപ്പെട്ട പക്ഷികളെപ്പോലെ പ്രയാസത്തോടെയും  പിരിമുറുക്കത്തോടെയും സമീപിക്കുന്നവരാണ് സൂഫികൾ. മരണത്തെ കൂട്ടിൽ നിന്ന് രക്ഷപ്പെട്ട്‌  സ്വാതന്ത്ര്യം നേടിയ പക്ഷിയോടും  ഉപമിക്കുന്നു. ഈ സ്വാതന്ത്ര്യത്തിന് അവർ/ സൂഫികൾ “വിവാഹരാത്രി” എന്ന് വിളിക്കുന്നു. കാരണം, മരണത്തിന് ശേഷമാണ്  ആത്മാക്കൾ അവരുടെ ലോകത്തെ സുഖങ്ങൾ അനുഭവിക്കുന്നത്.

“മരണത്തിന് മുമ്പുള്ള മരണം”  എന്ന ആശയം സൂഫികൾക്കിടയിൽ കാണാം. അഥവാ, അസൂയ, കാപട്യം, ഇഹലോക സ്‌നേഹം തുടങ്ങിയ ദു:സ്വഭാവങ്ങളെ നശിപ്പിക്കുക എന്നർത്ഥം. ഈ ഒരു മരണം ഉണ്ടായവർക്ക് ഈ ലോകത്ത് തന്നെ ആത്മാവിൻറെ സുഖങ്ങൾ അനുഭവിക്കാൻ കഴിയും. ജലാലുദ്ദീൻ റൂമി തൻറെ “മസ്‌നവി” യിൽ ‘തത്തയും കച്ചവടക്കാരനും’ എന്ന ഭാഗത്ത് ഈ വിഷയം കൊണ്ടു വരുന്നത് കാണാം. ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു.

“ഇന്ത്യയിൽ ആയിരുന്നു അദ്ദേഹം കച്ചവടം നടത്തിയിരുന്നത്. ഓരോ തവണയും അദ്ദേഹം ഇന്ത്യയിലേക്ക് വരുമ്പോൾ  കുടുംബക്കാരോട് ഞാൻ എന്താണ് ഹദ്‌യ കൊണ്ടുവരേണ്ടത് എന്ന് ചോദിക്കും. ഒരിക്കൽ കുടുംബക്കാർക്ക് പുറമേ തന്റെ വീട്ടിലെ തത്തയോടും എന്താണ് കൊണ്ടുവരേണ്ടതെന്ന് ചോദിച്ചു. തത്ത പറഞ്ഞു; എനിക്ക് അവിടെ ധാരാളം കുടുംബക്കാർ ഉണ്ട്, അവരോട് എന്റെ സലാം പറയണം. ശേഷം  ഞാൻ ഇവിടെ കൂട്ടിൽ കിടക്കുമ്പോൾ  നിങ്ങൾ എങ്ങനെയാണ് സന്തോഷത്തോടെ ജീവിക്കുന്നത് എന്ന് ചോദിക്കണം. അങ്ങനെ അദ്ദേഹം കച്ചവടത്തിനു വേണ്ടി പുറപ്പെട്ടു.

കച്ചവടം ചെയ്‌തു കൊണ്ടിരിക്കുമ്പോൾ അടുത്തുള്ള ഒരു മരച്ചില്ലയിൽ ധാരാളം തത്തകൾ ഇരിക്കുന്നത് അദ്ദേഹം കണ്ടു. അവകളോട് അദ്ദേഹം തന്റെ തത്ത പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. ഇത് കേട്ട ഉടനെ അതിൽ നിന്നും അതും ഒരു തത്ത വിറച്ചു കൊണ്ട് താഴേക്ക് വീണ് ചത്തു പോയി. ഇത് അദ്ദേഹത്തെ വളരെ സങ്കടത്തിലാക്കി.

കച്ചവടം കഴിഞ്ഞ് തിരിച്ചു വന്ന അദ്ദേഹം വീട്ടുകാർക്ക്  അവർ ആവശ്യപ്പെട്ട ഹദ്‌യ വിതരണം ചെയ്തു. അപ്പോൾ കൂട്ടിലുള്ള തത്ത വിളിച്ചുപറഞ്ഞു: “ഈ ഫഖീറിന്റെ ഹദ്‌യ എന്തായി, അവർ എന്താണ് പറഞ്ഞത്?”. കച്ചവടക്കാരൻ അതീവ ദുഃഖത്തോടെ അവിടെ നടന്ന കാര്യങ്ങൾ വിവരിച്ചു. ഇത് കേട്ട ഉടനെ തത്തയും വിറച്ചു ചത്തു. അത് അദ്ദേഹത്തെ കൂടുതൽ വിഷാദത്തിലാഴ്ത്തി. സങ്കടത്തോടെ അദ്ദേഹം ആ തത്തയെ കൂട്ടിൽ നിന്നും പുറത്തെടുത്തു വച്ചു. ഉടനെ ആ തത്ത പറന്നു പോയി അടുത്തുള്ള മരച്ചില്ലയിൽ ഇരുന്നു.
കച്ചവടക്കാരൻ ആശ്ചര്യത്തോടെ അത് നോക്കിയിരുന്നു.

അപ്പോൾ പക്ഷി പറഞ്ഞു; ഇന്ത്യയിലുള്ള ആ തത്ത തന്റെ പ്രവർത്തനം കൊണ്ട് എനിക്ക് ഒരു ഉപദേശം തന്നു. നീ സംസാരവും ആസ്വാദനവും വെടിയണം.  നിന്റെ മനോഹരമായ സംസാരമാണ് നിന്നെ കൂട്ടിലടച്ചത്. തങ്ങളെപ്പോലെ സംസാരിക്കുന്ന, കളിക്കുന്ന തത്തയെയാണ് അവർ കൂട്ടിൽ അടക്കുന്നത്. നീ മരിച്ചാൽ നിനക്ക് അവിടുന്ന് രക്ഷപ്പെടാം.

അവസാനം, ആ തത്ത തന്റെ ഉടമയെ ഉപദേശിച്ചു; നീ അല്ലാഹുവിലേക്ക് മടങ്ങണം. ഞാനിവിടുന്ന് മോചിതനായി. ഇനി യഥാർത്ഥ ലോകത്തേക്ക് മടങ്ങുകയാണ്. ഇതുപോലെ നീ ചെയ്താൽ  നിനക്ക് രക്ഷപ്പെടാൻ കഴിയും, നിനക്ക് സ്വാതന്ത്ര്യം അനുഭവിക്കാം. കച്ചവടക്കാരനെ ഇത് അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞു, നീ എന്നെ അല്ലാഹുവിലേക്ക് മടക്കി. എനിക്കു പുതിയൊരു വഴി വഴികാട്ടി തന്നു.ശേഷം, കച്ചവടക്കാരൻ സ്വയം പറഞ്ഞു: ഇത് മൂല്യവത്തായ ഉപദേശമാണ്. ഇനി ഞാൻ ആ തത്തയുടെ  മാർഗ്ഗം പിന്തുടരും.

അതാണ് മനുഷ്യനെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്ന വഴി. സൂഫിയാക്കൾ ദു:സ്വഭാവത്തെയും ഇഹലോക സ്നേഹത്തെയും തത്തയെ മനുഷ്യന്റെ കയ്യിൽ അകപ്പെടുത്തുന്ന കഴിവുകളോട് ഉപമപ്പെടുത്തി.”

തുടർന്ന് മൗലാന ജലാലുദ്ദീൻ റൂമി പറയുന്നു: മകനെ നീ ചങ്ങലകൾ ഭേദിക്കുക, സ്വതന്ത്രനാവുക, എത്രകാലം നിനക്ക് സ്വർണ്ണവും വെള്ളിയും പിടിച്ചെടുക്കാനാകും.

ഇഹലോക സുഖങ്ങളിൽ അകപ്പെട്ട മനുഷ്യൻ ഒരു പക്ഷിയെ പോലെയാണ്. അതിന്റെ രണ്ടു കാലുകൾ ഉറച്ച ടാറിൽ ഒട്ടിയിരിക്കുന്നു. ചിറകുകൾ എത്ര വീശിയാലും അതിന് രക്ഷപ്പെടാൻ കഴിയില്ല. ആ ടാർ ഇനിയും ചൂടാക്കി ഉരുക്കിയാൽ മാത്രമേ പക്ഷിക്ക് രക്ഷപ്പെടാൻ സാധിക്കൂ. അതുപോലെ മനുഷ്യനെ ഇഹലോക ചിന്തയിൽ നിന്ന് മാറ്റാൻ ‘അല്ലാഹുവിനോടുള്ള സ്നേഹത്തിനു’ മാത്രമേ കഴിയുകയുള്ളൂ.

പക്ഷിയെ പ്രതീകാത്മകമായി വെച്ചുകൊണ്ട് ഇതേ വിഷയം ഇബ്നു സീനയും തൻറെ ഗ്രന്ഥങ്ങളിൽ എഴുതുന്നത് കാണാം.

ഫരീദുദ്ദീൻ അത്താർ പക്ഷികളുടെ സാഹസങ്ങളെ കുറിച്ചും അതിന്റെ സംസാരത്തെ  കുറിച്ചും എഴുതിയ തന്റെ “മൻതിഖു ത്വൈർ”(منطق الطير) എന്ന ഗ്രന്ഥത്തിൽ സൂഫിസത്തിന്റെ ആരംഭം, പടികൾ, അവസാനം, എന്നിവയെ പ്രതീകമാക്കി ഒരു കഥ കൊണ്ടുവരുന്നുണ്ട്.

“ഒരു ദിവസം പക്ഷികളെല്ലാം ഒരുമിച്ചുകൂടി അവരിൽ ഒരു നേതാവ് ഇല്ലാത്തതിനാൽ പരസ്പരം കലഹങ്ങളും കുഴപ്പങ്ങളും തുടങ്ങി. ഓരോരുത്തരും താനാണ് നേതാവിന് അർഹൻ എന്ന് ധരിച്ചു. അതിനിടയിൽ ഹുദ് ഹുദ് പക്ഷി വന്നു നമുക്ക് “സിമുർഗ്”(سيمورغ) എന്ന് പേരുള്ള ഒരു രാജാവ് ഉണ്ട് എന്ന് പറഞ്ഞു. അവരെല്ലാം കൂടി ആ രാജാവിനെ കാണാൻ പുറപ്പെട്ടു. വഴി വളരെ പ്രയാസമേറിയതായിരുന്നു.

ചിലർ ആ യാത്രയിൽ നിന്നും മടങ്ങാൻ ഉദ്ദേശിച്ചു. ആദ്യം മടങ്ങിയത് കൊട്ടാര സുഖങ്ങളിൽ ജീവിച്ചിരുന്ന തത്തയാണ്.  അത് തന്റെ കൂട്ടുകാരോട് ന്യായങ്ങൾ പറഞ്ഞു മടങ്ങി. പിന്നാലെ, തന്റെ തൂവലുകളിൽ അഹങ്കരിച്ച് മയിലും മടങ്ങി. പൂവുകൾ ആശിച്ച് ബുൽ ബുൽ പക്ഷിയും ഒപ്പം ചേർന്നു. എന്നാൽ ഹുദ്ഹുദ് പക്ഷി കഥകളും പഴഞ്ചൊല്ലുകളും പറഞ്ഞു, ഉപദേശങ്ങൾ നൽകി യാത്രയിൽ മറ്റുള്ള പക്ഷികൾക്ക് ഉന്മേഷം നൽകി. ആ ഉപദേശങ്ങൾ പ്രധാനമായും സുഖങ്ങളിൽ ജീവിക്കുന്ന, സുഹൃത്ത് ബന്ധങ്ങളെ തിരസ്കരിക്കുന്ന, ശരീര ഭംഗിക്ക് പ്രാമുഖ്യം കൊടുക്കുന്ന, ഇഹലോകത്തെ ഇഷ്ടപ്പെട്ട് അല്ലാഹുവിനെ കെെയൊഴിയുന്നവരോടായിരുന്നു. ഉപദേശങ്ങൾ കേട്ട ശേഷം അവർ യാത്രയിലെ നേതാവായി ഹുദ്ഹുദിനെ തിരഞ്ഞെടുത്തു. പക്ഷേ ഹുദ്ഹുദ് സ്ഥാനം നിരസിച്ചു. അവരുടെ നിർബന്ധ പ്രകാരം അവസാനം അതിന് തയ്യാറായി.

ഹുദ്ഹുദ് അവർക്ക് അന്വേഷണം(طلب), സ്നേഹം(عشق), പരമാർത്ഥത്തെ അറിയൽ (معرفة), സ്വപര്യാപ്തത(استغناء), ഏകത്വം(توحيد), പരിഭ്രമം (حيرة) , ഇഹലോകം വെടിയൽ (فقر والفناء) എന്നീ ഏഴ് ചെരുവുകൾ പരിചയപ്പെടുത്തി . പക്ഷേ, ഓരോന്നിനെ കുറിച്ച് പറയുമ്പോഴും ചില പക്ഷികൾ മരിച്ചു വീണു. മറ്റു ചിലത് തളർന്നു വീണു. അവസാനം മുപ്പത് പക്ഷികൾ മാത്രം ബാക്കിയായി.അവർ കൊട്ടാര മുറ്റത്ത് എത്തി രാജാവിന്റെ സന്നിധിയിലേക്ക് കടക്കാൻ ഉദ്ദേശിച്ചു. പക്ഷേ കാവൽക്കാരൻ അവരെ തടുത്തു നിർത്തി.അവർ നിരാശരായി. ഹുദ്ഹുദ് പക്ഷി അവർക്കൊപ്പം കൂടി . അവർ പൂന്തോട്ടത്തിലേക്ക് പോയി. അവർ സ്വന്തത്തെ  കണ്ടിരുന്ന പൂവുകൾ മുഴുവനും പറിച്ചു കളഞ്ഞു. എപ്പോൾ അവർക്ക് സിമുർഗ്(سيمورغ) എന്ന തങ്ങളുടെ രാജാവിനെ കണ്ടതായി അനുഭവപ്പെട്ടു.”

പേർഷ്യൻ ഭാഷയിൽ സിമുർഗ് (سيمورغ) എന്നതിന് മുപ്പത് പക്ഷികൾ എന്നാണ് അർത്ഥം.ഫീനിക്സ് പക്ഷിയെന്നും ഇവകൾക്ക് പറയപ്പെടുന്നു. ഈ പക്ഷികൾ കടന്നുപോയ ഏഴ് തെരുവുകൾ ആത്മീയ വഴിയിൽ പ്രവേശിക്കുന്ന ഓരോ അന്വേഷകനും അത്യാവശ്യമാണ്.
മൻതികു ത്വൈർ (منطق الطير) നെ അടിസ്ഥാനമാക്കി ദിഹ് മുർഗ് (ده مورغ) അഥവാ പത്ത് പക്ഷികൾ എന്ന കവിത ‘ദർവീഷ് ഷംസുദ്ദീൻ ദീവാൻ’ ‘സുൽത്താൻ ഉസ്മാൻ യാവിസ് സലീമിന് ‘ സമ്മാനമായി നൽകുന്നുണ്ട്. പക്ഷേ, ഇവിടെ പക്ഷികൾ പത്തെണ്ണമാണ്. ഈ പത്ത് പക്ഷികളെ പത്ത് മനുഷ്യരോട് അദ്ദേഹം ഉപമപ്പെടുത്തുന്നു.

അഥവാ, സൂഫിയെ  മൂങ്ങയോടും, കവിയെ കാക്കയോടും, പണ്ഡിതനെ തത്തയോടും, തത്വചിന്തകനെ കഴുകനോടും, കുലീനനെ ബുൽ ബുലിനോടും, ജ്ഞാനിയെ ഹുദ്ഹുദിനോടും, ജ്യോതിഷക്കാരനെ നാരാണപ്പക്ഷിയോടും, കച്ചവടക്കാരനെ മയിലിനോടും, കർഷകനെ തിത്തിരിപ്പക്ഷിയോടും, മത വിശ്വാസിയെ കൊക്കിനോടും ഉപമപ്പെടുത്തി. ഓരോ പക്ഷിയും ആദ്യം സ്വയം പരിചയപ്പെടുത്തുകയും ശേഷം തനിക്ക് മുന്പ് സംസാരിച്ചവരുടെ തെറ്റുകൾ പറയുകയും തന്റെ ബോധ്യത്തെ ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

മൗലാന ജലാലുദ്ദീൻ റൂമി പക്ഷികളുടെ ശബ്ദത്തെ വ്യത്യസ്ത കാര്യങ്ങളോട് ബന്ധിപ്പിക്കുന്നുണ്ട്. പേർഷ്യൻ ഭാഷയിൽ “എവിടെ എവിടെ” എന്ന് അർത്ഥം വരുന്ന “കൂ..കൂ..” എന്ന ചാന്ദ്ര പക്ഷിയുടെ  ശബ്ദത്തെ തന്റെ സ്നേഹിതൻ എവിടെ എന്ന് അന്വേഷിക്കുന്നതായും, അറബി ഭാഷയിൽ “നിനക്കുള്ളത്” (لك لك) എന്നർത്ഥം വരുന്ന “ലക്.. ലക്..” എന്ന കൊക്കിൻെറ ശബ്ദത്തെ “അല്ലാഹുവേ.. നിനക്കാണ് അധികാരം ഈ കാണുന്ന സർവ്വതും മുഴുവനും നിന്റെതാണ് ” എന്നും മനസ്സിലാക്കി വെക്കുന്നു.

സിനാൻ ഒമി എന്ന കവി ഒരു കവിത എഴുതുന്നുണ്ട്. കവിതയിൽ കൊക്കിനെ ശൈഖും വഴികാട്ടിയും ആയി കൊണ്ടുവരുന്നു. അതിന്റെ തുടക്കത്തിൽ അദ്ദേഹം പറയുന്നു. കൊക്ക് ചളികൾ കൊണ്ട് ഒരു വീടുണ്ടാക്കി  അതിനു മുമ്പിൽ മത്തങ്ങ തുരന്ന് ഒരു ചെറിയ കുളവും ഉണ്ടാക്കിയാൽ ആളുകൾ അതിന്റെ പുറംമോടി മാത്രം കണ്ടു സംസാരിക്കുന്നു. എന്നാൽ കൊക്ക് അതിന് വേണ്ടി രാപ്പകൽ ഭേദമന്യേ തണുപ്പിനെയും ചൂടിനെയും ഭേദിച്ച് യാത്രചെയ്തിട്ടുണ്ട്. യഥാർത്ഥ ഔലിയാക്കളും മുർഷിദീങ്ങളും കൊക്കിനെ പോലെ തന്നെയാണ്. അവർ നാം കാണാത്ത യാത്രകൾ ചെയ്യുന്നു. അവർ അറിവില്ലാത്ത, ആത്മീയതയില്ലാത്ത ആളുകളെ കണ്ടെത്തി സംസ്കരിക്കുന്നു. അതിനെയാണ് നാം കാണുന്നത്.

തുടർന്ന് കവി മറ്റ് പക്ഷികളെ വിത്യസ്ത മനുഷ്യരുമായി ഉപമ ചേർക്കുന്നു. യഥാർത്ഥ അറിവിൽ നിന്ന് അശ്രദ്ധരായവരെ ഫാൽക്കൺ പക്ഷിയോടും വ്യാജ ആരാധകരെയും കള്ളന്മാരെയും കാക്കയോടും ഉപമിക്കുന്നു.

ത്വരീഖത്തിനെ ശൈഖുമാരിൽ പെട്ട “ഉമർ ഫുആദ് കസ്തമോനോലു” രാജാവായ സുലൈമാൻ നബിക്ക് കാവ്യ ഭാഷയിൽ ഒരു കത്തെഴുതി. ബുൽബുലിന്റെ റോസാ പൂവിനോടുള്ള സ്നേഹത്തിലും അതിന്റെ സൗന്ദര്യത്തിലും അസൂയ പൂണ്ട കാക്കയും കൂട്ടാളികളും കെട്ടിച്ചമച്ച കള്ളത്തരങ്ങൾക്ക് എതിരെയാണ് കത്ത് എഴുതിയത്. ബുൽബുലിനെ സുലൈമാൻ നബിയുടെ കോടതിയിലേക്ക് വിളിപ്പിച്ചു. ജഡ്ജായ പരുന്ത് പറഞ്ഞു: താൻ ആദ്യമായാണ് ഇങ്ങനെ ഒരു പ്രശ്നം നേരിടുന്നത്, മൂങ്ങക്ക് മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ. അല്ലാഹുവിൻറെ ഇബാദത്തിൽ കഴിഞ്ഞിരുന്ന മൂങ്ങയെ വിളിപ്പിച്ചു.

ഇരു വിഭാഗത്തിലെയും വാദങ്ങൾ കേട്ട ശേഷം മൂങ്ങ ബുൽബുലിന് അനുകൂലമായി വിധിച്ചു.ശേഷം പറഞ്ഞു: കേവലം ബാഹ്യം മനസ്സിലാക്കിയവർക്കും അസൂയക്കാർക്കും സ്നേഹത്തിൻറെ വില മനസ്സിലാവില്ല. അങ്ങനെ ബുൽബുൽ സുലൈമാൻ നബിയുടെ അടുക്കൽ പോയി നന്ദി പറഞ്ഞ് റോസ പൂവിലേക്ക്‌ പോയി.

ചുരുക്കത്തിൽ, സൂഫി ചിന്തകളെയും, സ്വഭാവത്തെയും, ഇലാഹീ സ്നേഹത്തെയും അവതരിപ്പിക്കാൻ അവർ പല കഥകളും ഉപമകളും കൊണ്ടുവരുന്നുണ്ട്. ഇതിൻറെ പൂർണ്ണത ലഭിക്കുന്നതിന് വേണ്ടി പക്ഷികളെയാണ് അവർ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ പക്ഷികളെ ഉപമയായി കൊണ്ടുവന്ന സൂഫികൾക്ക് തങ്ങളുടെ ആശയങ്ങൾ പൂർണ്ണമായും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മൊഴിമാറ്റം: മുഹമ്മദ് സി.എ