ധാക്ക മസ്ലിൻ; വസ്ത്രാലങ്കാരത്തിൻ്റെ ചരിത്ര ശേഷിപ്പുകൾ.

1960 കളുടെ അവസാനത്തിൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒരു വേനൽക്കാല രാത്രി. അന്നാണ് മസ്ലിനെക്കുറിച്ച് ആദ്യമായി ഞാൻ കേൾക്കുന്നത്. വരാന്തയിൽ എൻ്റെ ഹോം വർക്കുമായി ഞാൻ മല്ലിട്ടു കൊണ്ടിരിക്കുകയാണ്.മേശയുടെ അങ്ങേ തലക്കൽ അച്ചൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നു. വിഷയം എങ്ങനെയാണ് കടന്നു വന്നതെന്ന് എനിക്കിപ്പോൾ വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ല.ഞാൻ അദ്ദേഹത്തോട് ബ്രിട്ടീഷ് കെളോണിയൽ കാലത്തെക്കുറിച്ച് എന്തോ ചോദിച്ചിരിക്കണം. അദ്ദേഹം ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയവുമായിരുന്നു അത്. അച്ഛൻ്റെ സംസാരത്തിൽ ഇടക്ക് ‘മസ്ലിൻ’ എന്ന വാക്ക് കടന്നു വന്നത് ഞാൻ നന്നായി ഓർക്കുന്നുണ്ട്. മസ്ലിൻ എന്താണെറിയാതെ ഞാൻ അദ്ദേഹത്തെ നോക്കി.
“നമ്മുടെ മസ്ലിൻ, ബ്രിട്ടീഷുകാർ അത് നശിപ്പിച്ചു. “
അദ്ദേഹം രോഷംകൊള്ളുകയാണ്.
“ഈ മസ്ലിൻ എന്നാലെന്താ ?”
ആവേശത്തോടെയായിരുന്നു എൻ്റെ ചോദ്യം.
“പരുത്തി കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഒരു പ്രത്യേകതരം തുണിയാണ് മസ്ലിൻ. പഴയ കാലത്ത് ചക്രവർത്തിമാർക്ക് വേണ്ടിയായിരുന്നു അത് നിർമ്മിച്ചിരുന്നത്. ധാക്കയിൽ നിന്നുള്ള മസ്ലിൻ ആയിരുന്നു ഏറ്റവും മികച്ചത്. അവിടെ നിന്ന് അത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാറുണ്ടായിരുന്നു.”
അദ്ദേഹം ആവേശത്തോടെയും അതേ സമയം സങ്കടത്തോടെയും പറഞ്ഞ് കൊണ്ടിരുന്നു.
” നമ്മുടെ ധാക്കയോ ?”
ഞാൻ ആശ്ചര്യപ്പെട്ടു.

1947 മുതൽ 1971 വരെ പാക്കിസ്ഥാൻ ഭൂമിശാസ്ത്രപരമായി 1500 കിലോമീറ്റർ കൊണ്ട് വേർതിരിച്ച രണ്ട് ഭാഗങ്ങളായാണ് നിലകൊണ്ടിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ഒരു വശത്ത് ബർമയുടെ അതിർത്തിയിൽ കിഴക്കൻ പാക്കിസ്ഥാനും (ഇന്നത്തെ ബംഗ്ലാദേശ്), മറു വശത്ത് അഫഗാനിസ്ഥാനിൻ്റെയും ഇറാൻ്റെയും അതിർത്തിയിൽ പശ്ചിമ പാക്കിസ്ഥാനും (ഇന്നത്തെ പാക്കിസ്ഥാൻ) ആയിരുന്നു അവ. ഞങ്ങൾ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള ബംഗാളികളായിരുന്നു. അതിൻ്റെ തലസ്ഥാനമായ ഡക്ക (ഇന്നത്തെ ധാക്ക) അന്നൊരു പ്രവിശ്യാ പട്ടണമായിരുന്നു. ശാന്തമായ തെരുവുകളിൽ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്ന റിക്ഷകൾ,ബുരി ഗംഗ നദിയുടെ ഓരം ചേർന്നുള്ള പാതകൾ, നവാബി ശൈലിയിലുള്ള പാചകം, ആകെ മന്ദഗതിയിലുള്ള ജീവിതം. ആകെയുള്ള രണ്ട് ചൈനീസ് റെസ്റ്റോറൻ്റുകളിൽ ഒന്നിലോ നാല് സിനിമാ ഹാളുകളിൽ ഒന്നിലോ പോവുക എന്നതാണ് കുടുംബത്തിനുള്ള ഒരു പ്രധാന യാത്ര തന്നെ. ഇങ്ങനെയുള്ള ഈ ധാക്ക ഒരു തരം കോട്ടൺ തുണിക്ക് ലോക പ്രശസ്തമായിരുന്നു എന്ന് കേൾക്കുന്നത് അൽപം ഞെട്ടലുള്ള കാര്യം തന്നെയാണ്.

“ആ മസ്ലിന് പിന്നെന്ത് സംഭവിച്ചു ?”
” ബ്രീട്ടീഷുകാർക്ക് സ്വന്തം പരുത്തി ഉൽപന്നങ്ങൾ വിൽക്കണമായിരുന്നു. അതിനു വേണ്ടി അവർ പ്രാദേശിക വ്യവസായത്തെ നശിപ്പിച്ചു. ധാക്കയിൽ നെയ്ത്തുകാർ അപ്രത്യക്ഷരായി. അതോടെ മസ്ലിനും ഇല്ലാതായി.”

ഒന്നു നിർത്തി ദീർഘശ്വാസമയച്ച് അദ്ദേഹം തുടർന്നു.
” ബ്രിട്ടീഷുകാർ നെയ്ത്തുകാരുടെ പെരുവിരൽ മുറിച്ചു മാറ്റി എന്നും, പിന്നീട് അവർക്ക് മസ്ലിൻ നിർമ്മിക്കാൻ കഴിഞ്ഞില്ല എന്നുമാണ് പറയപ്പെടുന്നത്. “
അതും പറഞ്ഞ് അദ്ദേഹം കസേരയിൽ നിന്നും എഴുന്നേറ്റ് പോയി.

2016 ലെ മസ്ലിൻ ഫെസ്റ്റിവൽ

2016 ഫെബ്രുവരി 6-8 ദിവസങ്ങളിലായി ധാക്കയിൽ ഒരു മസ്ലിൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുകയുണ്ടായി.സെമിനാറുകൾക്കും വർക്ക് ഷോപ്പുകൾക്കും പുറമെ ‘Muslin: Our Story’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ‘Legent of The Loom’ എന്ന ഡോക്യുമെൻ്ററി പ്രദർശനവും അവിടെ വെച്ച് നടന്നു. ധാക്ക നവാബുമാരുടെ പഴയ കൊട്ടാരമൈതാനത്ത് ഒരു സായാഹ്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. നൃത്തം, നാടകം, ലൈറ്റ് ഷോ, ആധുനിക മസ്ലിൻ സാരികളുടെ പ്രദർശനം എന്നിവയും അതിൽ ഉൾപ്പെടുത്തി. നാഷണൽ മ്യൂസിയത്തിൽ നടന്ന ‘മസ്ലിൻ റിവൈവൽ’ എന്ന എക്സിബിഷനായിരുന്നു മേളയുടെ മുഖ്യ ആകർഷണം.
എക്സിബിഷൻ്റെ പ്രവേശന കവാടത്തിലൂടെ ഒരു നീണ്ട ഇടനാഴിയിലേക്ക് ഞാൻ കടന്നു. ഇടനാഴിക്ക് ഇരുവശത്തുമായി നൂറുകണക്കിന് കോട്ടൺ നൂൽകെട്ടുകൾ ഉയർന്ന മച്ചിൽ നിന്നും താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. മുകളിൽ നേർത്തതും താഴോട്ട് വരുന്തോറും വലിയ അളവുകളിലേക്ക് വീർക്കുന്ന തരത്തിൽ അടിയിൽ ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ ചലനം ബംഗാളിലെ ഒഴുകുന്ന നദീജലത്തിൽ പരുത്തി നൂൽ ഒലിച്ചിറങ്ങുന്ന പോലെ തോന്നിച്ചു.

മസ്ലിൻ: പദത്തിൻ്റെ ഉത്ഭവം

സഞ്ചാരിയായ മാർക്കോ പോളോയുടെ ഇറാഖിലെ മൊസൂൾ കേന്ദ്രമായി നിലനിന്നിരുന്ന പരുത്തിക്കച്ചവടത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നാണ് ‘മസ്ലിൻ’ എന്ന വാക്ക് പ്രചാരത്തിൽ വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു(ബംഗാളി പ്രയോഗം ‘മൾ മൾ’ (Mul Mul) എന്നാണ് ). ഒന്ന് കൂടി ആധുനികമായ കാഴ്ചപ്പാട് ഫാഷൻ ചരിത്രകാരനായ സൂസൻ ഗ്രീൻ്റെതാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ നുര(Foam) എന്നർത്ഥം വരുന്ന ‘Mousse’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് മസ്ലിൻ എന്ന പദം രൂപം കൊണ്ടത്.
ഭാരം കുറഞ്ഞ, ഭംഗിയുള്ള, പൊതുവെ വിലകുറഞ്ഞ കോട്ടൺ തുണി എന്നാണ് മസ്ലിൻ ഇന്ന് അർത്ഥമാക്കുന്നത്. അതു തന്നെ യന്ത്ര നിർമ്മിതവുമാണ്. ഒരു കാലത്ത് ബംഗാളിൽ നിന്ന് മാത്രം ഉൽപാദിപ്പിച്ചിരുന്ന കൈകൊണ്ട് നെയ്ത തുണിത്തരങ്ങളുമായുള്ള എല്ലാ ബന്ധവും ഇന്ന് ഈ വാക്കിന് നഷ്ടമായി. പുരാതന സിന്ധു നാഗരികതയാണ് കോട്ടൺ ആദ്യമായി ഉപയോഗിച്ചത് എന്ന് ചരിത്രകാരനായ ഫെർണാണ്ട് ബ്രഡൽ പറഞ്ഞു വെക്കുന്നുണ്ട്. അതേ സമയം നെയ്ത്തുകല വളരെ മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. പുരാതന ഇന്ത്യ പരുത്തി തുണിത്തരങ്ങൾ നിർമ്മിക്കുന്നതിൽ വൈദ്യഗ്ദ്ധ്യം നേടിയത് എന്തുകൊണ്ടാണ് എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. റോമൻ സാമ്രാജ്യത്തിലേക്കുള്ള പ്രധാന കയറ്റുമതി ചരക്കായി അവ മാറി. ഇന്ത്യൻ മഹാസമുദ്രത്തിലെ “മാരിടൈം സിൽക്ക് റൂട്ടിൻ്റെ ” വളർച്ചയോടെ മധ്യകാലഘട്ടത്തിൽ കയറ്റുമതി വ്യാപകമാവുകയും ചെയ്തു.
ആദ്യം മുതൽ ബംഗാളായിരുന്നു ഈ കയറ്റുമതിയിൽ മുൻപന്തിയിലുണ്ടായിരുന്നത്. ടെക്സ്റ്റൈൽ ചരിത്രകാരന്മാരായ ജോൺ, ഫെലിസിറ്റി വൈൽഡ് എന്നിവർ സൂചിപ്പിച്ചതു പോലെ, ഗുജറാത്ത്, കോറമാണ്ടൽ തീരം, ബംഗാൾ എന്നിവിടങ്ങളിൽ പലതരത്തിലുള്ള വലിയ പ്ലയിൻ കോട്ടൺ (Plane cotton) ഉൽപാദിപ്പിച്ചിരുന്നു. അതിൽ തന്നെ കിഴക്കൻ തീരവും പ്രത്യേകിച്ച് ഗംഗാ താഴ് വരയുമായിരുന്നു മികച്ച തുണിത്തരങ്ങൾ ഉൽപാദിപ്പിച്ചിരുന്നത്.
എട്ടാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിൽ അറബികൾ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതോടെ ബംഗാളിലെ കോട്ടൺ തുണിത്തരങ്ങൾ ബസറ, ബഗ്ദാദ് എന്നിവിടങ്ങളിലും ഹജ്ജ് തീർത്ഥാടകർ വഴി മക്കയിലും എത്തിത്തുടങ്ങി. കിഴക്ക്, ജാവയിലും ചൈനയിലും വരെ എത്തി. പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരിയായ ഇബ്നു ബത്തൂത്ത, ഈ തുണിത്തരങ്ങൾ വളരെ വില മതിച്ചതാണെന് എഴുതിയിട്ടുണ്ട്. ദില്ലി സുൽത്താൻ മുഹമ്മദ് ബ്നു തുഗ്ലക്ക് ചൈനയിലെ യുവാൻ ചക്രവർത്തിക്ക് അയച്ച സമ്മാനങ്ങളിൽ അഞ്ച് ഇനം തുണിത്തരങ്ങൾ നൂറ് വീതം ഉണ്ടായിരുന്നു. അതിൽ നാലെണ്ണം ബംഗാളിൽ നിന്നുള്ളതാണ്. അവ ബൈറാമി, സലാഹിയ്യ, ഷിരിൻ ബാഫ്, ഷാൻ ബാഫ് എന്നീ പേരുകളിൽ ഉള്ളവയാണെന്നും ഇബ്നു ബത്തൂത്ത തന്നെ പറയുന്നുണ്ട്.
ഈ പ്രദേശത്തേക്ക് വന്ന യാത്രക്കാരിൽ നിരവധി കവിമാരും ഉണ്ടായിരുന്നു. അവർ ബംഗാളിലെ പരുത്തി വസ്ത്രങ്ങളെക്കുറിച്ച് തങ്ങളുടെ കവിതകളിലും പരാമർശിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ പെട്രോണിയസ് തൻ്റെ സാടിറിക്കോണിൽ (Satyricon) മസ്ലിനെ അങ്ങേയറ്റം വർണിച്ച് ‘നെയ്തെടുത്ത കാറ്റ്’ (Ventus texitilis) എന്നാണ് പ്രയോഗിച്ചത്.

ധാക്കാ മസ്ലിനെ ഇത്രത്തോളം പ്രത്യേകമാക്കുന്നത് എന്താണ്? അതിൻ്റെ അർദ്ധ സുതാര്യതയോ അതോ അതിലോലതയോ ? ധാക്ക മാത്രം എങ്ങനെയാണ് ഇത്തരത്തിലുള്ള തുണികൾ നിർമ്മിക്കുന്നത്? എക്സിബിഷൻ നടന്നു കാണുമ്പോൾ ഈ ചോദ്യങ്ങളായിരുന്നു മനസ്സ് നിറയെ.

ധാക്കാ മസ്ലിൻ നിർമ്മിച്ചെടുക്കുന്നതിൻ്റെ ഓരോ ഘട്ടങ്ങളും എക്സിബിഷനിൽ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. നദീ ചരിവുകളിൽ തഴച്ചുവളരുന്ന പരുത്തിച്ചെടി മുതൽ കപ്പലിൽ കയറ്റാനായി തയ്യാറാക്കി വെച്ചിരിക്കുന്ന മസ്ലിൻ വരെ വീഡിയോ ദൃശ്യങ്ങളായും ചുമർചിത്രങ്ങളായും പ്രദർശിപ്പിച്ചിരിക്കുന്നു. മഹത്തായ മേഘ്ന നദിയിലെ ജലധാരയുടെ സംഗീത പശ്ചാത്തലത്തിൽ കയ്യെഴുത്തു പ്രതികൾ, രേഖകൾ, ഫോട്ടോകൾ, ചിത്രീകരങ്ങൾ, പുസ്തകങ്ങൾ, നാണയം, വ്യാപാര ഉപകരണങ്ങൾ, ഗാന്ധിയൻ ചർക്കകൾ, കൈത്തറി, പുനർനിർമ്മിച്ചെടുത്ത മസ്ലിൻ വസ്ത്രങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്.

ഉൽപാദന പ്രക്രിയ

ധാക്ക മസ്ലിൻ്റെ ഉൽപാദന പ്രക്രിയ തുടക്കം മുതൽ അവസാനം വരെ വളരെ കൗതുകം നിറഞ്ഞതാണ്. പരുത്തി ചെടിയായ ഫൂടി കാർപസ് (Phuti Kar Pas) – (ഗോസിപിയം, അർബോറിയം, നെഗ്ളെക്ട എന്നീ മൂന്ന് പരുത്തി ചെടികൾക്ക് പൊതുവായി പറയുന്ന പേര്) ഇവിടുത്തെ ഒരു വലിയ പ്രത്യേകതയാണ്. ധാക്കയിലെ ബ്രിട്ടീഷ് വാണിജ്യ മേധാവിയായ ജയിംസ് ടെയ്ലർ 1800 ൽ ഇങ്ങനെ എഴുതുകയുണ്ടായി, “പന്ത്രണ്ട് മൈൽ ധാക്കയുടെ തെക്ക് കിഴക്ക്, മേഘ്നാ നദീതീരത്ത് “.
ഒരു പ്രകൃതിദത്ത ആവാസ വ്യവസ്ഥ പരാജയപ്പെടാതെ, വളർത്തിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും അവിടെ നടന്നിരുന്നു. ഈ പരുത്തി നാരുകൾ പട്ടിനു തുല്യമായിരുന്നു. മേഘ്നയിലെ വെള്ളത്തിൽ അവ ഒലിച്ചിറങ്ങുമ്പോൾ, വീർക്കുന്നതിനും അലിഞ്ഞു പോകുന്നതിനും പകരം അവ ചുരുങ്ങി വന്നു. അതിൻ്റെ റിബൺ പോലുള്ള ഘടനയുടെ ഇതരഭാഗങ്ങൾ വളരെ നേർത്തതും ശക്തവുമായിത്തീർന്നു. അതിനാൽ തന്നെ ഏറ്റവും നേർത്ത നൂൽപോലും തറിയിൽ സുഗമമായി നൂൽക്കാൻ കഴിയും.
നല്ല ഈർപ്പമുള്ള അവസ്ഥയിലാണ് നൂൽ നൂൽക്കാറുള്ളത്. അതിനു വേണ്ടി പാത്രത്തിൽ നിന്നും വെള്ളം തേവി ചുറ്റുമുള്ള വായു ഈർപ്പമുള്ളതാക്കും. നദീതീരത്ത് വെച്ചോ നദിയിലിറക്കിയ ചെറുവഞ്ചിയിൽ വെച്ചോ ഈ പ്രക്രിയ ചെയ്യുന്നതും സാധാരണയാണ്.പൊതുവെ സ്ത്രീകളാണ് ഈ ജോലി ചെയ്തിരുന്നത്. പരസ്പരം സംസാരിച്ചും പാട്ട് പാടിയും അവരത് ആഘോഷമാക്കും. നദിയാകെ മഞ്ഞുമൂടിക്കഴിഞ്ഞാൽ പിന്നെ ആ കാഴ്പ വളരെ മനോഹരമാണ്. മൂടൽമഞ്ഞിൽ നദിയിലിരുന്ന് പാട്ടു പാടി മെർമെയ്ഡുകൾ മസ്ലിൻ നെയ്യുന്ന കഥകൾ അന്ന് സുപരിചിതമായിരുന്നു. സഞ്ചാരികളായിരുന്നു ഇത്തരം വർണ്ണനകൾക്കും കഥകൾക്കും പിന്നിൽ.
അടുത്ത നടീൽ കാലത്തേക്കുള്ള വിത്തുകൾ തയ്യാറാക്കുന്നത് പ്രത്യേക പരിചരണം നൽകിയിട്ടാണ്. പ്രത്യേകം വിത്തുകൾ തെരെഞ്ഞെടുത്ത് വെയിലത്ത് വെച്ച് ഉണക്കിയ ശേഷം അവ ഒരു മൺപാത്രത്തിൽ സൂക്ഷിച്ചുവെക്കും. നെയ്യ് ശേഖരിച്ചിരുന്ന പാത്രമാണ് ഇതിന് ഉപയോഗിക്കുക. വായു സഞ്ചാരമില്ലാതിരിക്കാൻ മൺപാത്രത്തിൻ്റെ വായ് ഭാഗം നന്നായി മുടിക്കെട്ടും. തുടർന്ന് അടുപ്പിന് മുകളിലായി മച്ചിൽ നിന്ന് താഴേക്ക് ഒരാളുടെ ഉയരത്തിൽ തൂക്കിയിടും.
ഏറ്റവും ലോലമായതും ഭാരം കുറഞ്ഞതുമായ നാരുകളാണ് മസ്ലിൻ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. ധങ്കർ (Dhunkar) ഉപയോഗിച്ചാണ് ഇത് വേർത്തിരിച്ചെടുക്കുന്നത്. നിറയെ ക്യാറ്റ് ഗട്ട് (ഒരു പ്രത്യേകതരം നാര്/ചരട് ) ഉള്ള, മുളകൊണ്ട് ഉണ്ടാക്കുന്ന വില്ലാണ് ധങ്കർ. മസ്ലിൻ കോട്ടനു വേണ്ടി ഉപയോഗിക്കുന്ന പ്രത്യേകതരം ധങ്കർ വളരെ ചെറുതായിരുന്നു. നേരിയ സ്പർശം ആവശ്യമുള്ളത് കൊണ്ടാവാം സ്ത്രീകൾ മാത്രമാണ് ഈ ജോലി ചെയ്തിരുന്നത്. ഒരു പ്രത്യേക രീതിയിൽ ധങ്കർ ചലിപ്പിക്കുമ്പോൾ പരുത്തി കൂമ്പാരത്തിലെ കനത്ത നാരുകളിൽ നിന്ന് ഏറ്റവും ഭാരം കുറഞ്ഞ നാരുകൾ വായുവിലേക്ക് ഉയർന്ന് വരും. ചലിക്കുന്നതോടൊപ്പം തന്നെ പരുത്തി കൂമ്പാരത്തിൽ വായു കമ്പനം (vibrate) ചെയ്യുമ്പോൾ വളരെ ഭാരം കുറഞ്ഞ നാരുകൾ മുകളിലേക്ക് ഉയർന്ന് വരാൻ പറ്റുന്ന തരത്തിൽ മർദ്ദം കുറയുന്നു എന്ന സിദ്ധാന്തം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ഉയർന്നു വരുന്ന മികച്ച നൂലുകളാണ് മസ്ലിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ആകെ പരുത്തി വിളവെടുപ്പിൻ്റെ വെറും എട്ട് ശതമാനം മാത്രമായിരിക്കും ഇത്.
യഥാർത്ഥത്തിൽ ധാക്ക മസ്ലിൻ വായുവിൽ നിന്ന് നെയ്തെടുത്തതാണ്.

ഞാൻ മ്യൂസിയം വിട്ട് പുറത്തിറങ്ങിയപ്പോഴേക്കും വളരെ വൈകിയിരുന്നു. അതു കൊണ്ട് തന്നെ ഒരു റിക്ഷ വിളിച്ച് പോകാമെന്ന് കരുതി. എനിക്ക് ചുറ്റും കാറുകളും ബസുകളും വാനുകളും മോട്ടോർ ബൈക്കുകളും നിലവിളിക്കുകയും ചീറിപ്പായുകയും ചെയ്യുന്നുണ്ട്. തെരുവിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം നടപ്പാതകളിൽ തിങ്ങി നിൽക്കുന്നു. ഭിക്ഷാടകർ യാചിച്ച് നടക്കുന്നു. ധാക്ക ഇപ്പോൾ വളരെ തിരക്കേറിയ നഗരമാണ്. കുട്ടിയായിരിക്കെ മസ്ലിനെക്കുറിച്ച് ആദ്യമായി കേട്ടപ്പോൾ എനിക്കറിയാവുന്ന ചെറിയ പട്ടണത്തിൽ നിന്ന് ധാക്ക ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. ഇന്നൊരു മെട്രാപൊളിസ് സിറ്റിയായിരിക്കുന്നു ഇവിടം. ഒരു കാലത്ത് അറിയപ്പെട്ട തുണിത്തരങ്ങൾ നിർമ്മിച്ച സ്ഥലമാണ് ഇതെന്ന് ഇപ്പോൾ തോന്നുകയേ ഇല്ല. അത് വീണ്ടും സാധ്യമാവുന്നത് അസംഭവ്യമാണെന്ന് തോന്നി. എന്നിട്ടും, എക്സിബിഷനിൽ മച്ചിൽ നിന്ന് വായുവിൽ തൂങ്ങിക്കിടക്കുന്ന ” ന്യൂ ഏജ് മസ്ലിൻ ” എന്ന് ലേബൽ ചെയ്ത നൂൽക്കെട്ടുകൾ തന്നെ സുതാര്യമായ മസ്ലിൻ നൂലുകളെ പോലെത്തന്നെ തോന്നിച്ചു.

മസ്ലിനും മുഗൾ സാമ്രാജ്യവും

മുഗൾ രാജാക്കന്മാർ ധാക്ക മസ്ലിൻ വസ്ത്രങ്ങൾ ധരിച്ചിരുന്നു. ധാക്ക മസ്ലിൻ്റെ ഗുണനിലവാരത്തിൻ്റെ മറ്റൊരു നിർണായക സൂചകമായി ഇത് മാറി. മുഗൾ സാമ്രാജ്യത്തിൽ എല്ലാ അധികാരവും ചക്രവർത്തിയിൽ നിക്ഷിപ്തമായിരുന്നു. അതിനാൽ, ആഡംബരത്തിൻ്റെ പ്രകടനമോ ജീവിത ശൈലിയുടെ ഗാംഭീര്യമോ വ്യക്തിപരമായ സംതൃപ്തിയോ മാത്രമായിരുന്നില്ല, മുഗൾ സാമ്രാജ്യത്തിൻ്റെ മഹത്വത്തിൻ്റെ പ്രദർശനം കൂടിയായിരുന്നു ഈ വസ്ത്രധാരണം.
ലോകത്തിലെ ചുരുക്കം ചില രാജവംശങ്ങൾക്ക് മുഗൾ ചക്രവർത്തിമാരുടെ കലാപരമായ സംവേദനക്ഷമതയുണ്ട്. അവ വാസ്തുവിദ്യ, സാഹിത്യം, പൂന്തോട്ടങ്ങൾ, പെയിൻ്റിംഗ്, കാലിഗ്രാഫി, ലൈബ്രറികൾ, പൊതുചടങ്ങുകൾ, പരവതാനികൾ എന്നിവയുടെ സമന്വയിപ്പിച്ച രൂപങ്ങളിൽ പ്രദർശിപ്പിച്ചു.പേർഷ്യൻ ചിത്രത്തുന്നൽ (embroidery) രൂപങ്ങളായ ബൂട്ടി (Buti), ചികങ്കരി ( Chikankari) എന്നിവ ഉപയോഗിച്ച് മുഗളന്മാർ തങ്ങളുടെ മസ്ലിൻ വസ്ത്രങ്ങൾ അലങ്കരിച്ചിരുന്നു. ക്ലാസിക്കൽ പേർഷ്യൻ കവിതകളിലെ ബിംബങ്ങളും ചിത്രങ്ങളും വരച്ച വിവിധ തരം മസ്ലിനുകൾക്ക് അവയുടെ സൗന്ദര്യാത്മകത അനുസരിച്ച് വ്യത്യസ്ത പേരുകൾ നൽകിയിരുന്നു. അബ്രവാൻ (ഒഴുകുന്ന വെള്ളം, ഷബ്നം ( സായാഹ്ന മഞ്ഞ്), തൻസെബ് (ശരീരത്തിൻ്റെ അലങ്കാരം), നയൻസുഖ് (കണ്ണിന് ഇമ്പമുള്ളത്) എന്നിവ അതിൽ പെട്ടതാണ്. പതിമൂന്നാം നൂറ്റാണ്ടു മുതൽ മുസ്ലിംകളാണ് ബംഗാൾ ഭരിച്ചിരുന്നത് എങ്കിലും അക്ബർ ചക്രവർത്തിയുടെ ജനറലായ ഇസ്‌ലാം ഖാനാണ് ധാക്കയെ ബംഗാളിൻ്റെ തലസ്ഥാനമാക്കി മാറ്റിയതും അതിന് മുഗൾ രൂപരേഖകൾ നൽകിയതും. പതിനാറാം നൂറ്റാണ്ടിൻ്റ അവസാനത്തിൽ അക്ബറിൻ്റെ ഭരണകാലത്താണ് മൾമൾ ഖാസ് ( ഒരു പ്രത്യേകതരം മസ്ലിൻ വസ്ത്രം) ചക്രവർത്തിക്കും മുഗൾ കുടുംബത്തിനും വേണ്ടി മാത്രമായി നിർമ്മിക്കാൻ തുടങ്ങിയത്. ഇന്ത്യയുടെ വേനൽക്കാലത്ത് മസ്ലിൽ അനുയോജ്യമാണെന്ന് അക്ബർ മനസ്സിലാക്കിയിരുന്നു. അക്ബർ തന്നെയാണ് മുഗൾ ജാമ(Mughal Jama) എന്ന വസ്ത്രം രൂപ കൽപന ചെയ്തതും.
മൾ മൾ ഖാസിൻ്റെ സുതാര്യ ഗുണത്തെക്കുറിച്ച് ധാരാളം കഥകൾ നിലനിൽക്കുന്നുണ്ട്. കോടതിയിൽ സുതാര്യമായ വസ്ത്രധാരണത്തിൽ പ്രത്യക്ഷപ്പെട്ടതിന്, ഔറംഗസീബ് തൻ്റെ മകളായ സെബുന്നിസയെ വെട്ടിക്കൊലപ്പെടുത്തിയ ഒരു കഥയാണ് അതിൽ പ്രധാനം. അവൾ കവയിത്രിയും ജ്യോതിശാസ്ത്രം, ഗണിത ശാസ്ത്രം, ഇസ്ലാമിക ദൈവശാസ്ത്രം എന്നിവയിൽ വിദഗ്ദ്ധയുമായിരുന്നു. വാസ്തവത്തിൽ സെബുന്നിസ ധരിച്ചിരുന്നത് ഏഴ് പാളികളുള്ള വസ്ത്രമായിരുന്നു.

എക്സിബിഷനിൽ നിലത്ത് ഒരു കൈത്തറി സ്ഥാപിച്ചിട്ടുണ്ട്. ഒരു കാലത്ത് മസ്ലിൻ നെയ്യാൻ ഉപയോഗിച്ചിരുന്ന തരത്തിലുള്ളത്. എന്നു മാത്രമല്ല ഏകദേശം 4000 വർഷമായി താരതമ്യേന മാറ്റമില്ലാതെ തുടർന്നു പോരുന്ന ഇന്ത്യൻ പിറ്റ് ലൂം ആയിരുന്നു അത്. പ്രധാനമായും മുള, കയർ എന്നിവ കൊണ്ടാണ് ഈ തറി നിർമ്മിക്കുന്നത്. നിലത്താണ് ഈ തറി സ്ഥാപിക്കുക. നെയ്ത്തുകാരന് തറി പ്രവർത്തിപ്പിക്കാൻ തറയിൽ തന്നെ ചെറുകുഴിയിൽ രണ്ട് പെഡലുകളുമുണ്ടാവും. ഞാൻ അതിനു ചുറ്റും നടന്ന് എല്ലാ വശത്ത് നിന്നും നോക്കിക്കണ്ടു. ഈ നിർമ്മാണം എല്ലാ സാമ്രാജ്യങ്ങളെയും അതിൻ്റെ അദൃശ്യങ്ങളായ നൂൽക്കെട്ടുകളിൽ ബന്ധിച്ചിരിക്കുകയാണ്.
നെയ്ത്തിന് ബംഗാളിൻ്റെ അത്രയും തന്നെ പഴക്കമുണ്ട്. ബംഗാളിൻ്റെ പഴയ കാല സാഹിത്യത്തിൽ നിന്നത് മനസ്സിലാക്കാൻ സാധിക്കും. ബംഗാളി ഭാഷയുടെ ഇതുവരെ അറിയപ്പെട്ടതിൽ ഏറ്റവും പഴയ രൂപത്തിൽ, പനയോലയിൽ എഴുതിയ പത്താം നൂറ്റാണ്ടിലെ ചര്യ പദങ്ങളിൽ (Charyapadas) തറ, നൂൽ, നെയ്ത്ത് എന്നിവയുടെ നിഗൂഢ ആശയങ്ങളെ പ്രതിപാദിക്കുന്നുണ്ട്. മധ്യകാല ബംഗാളി കവികൾ എഴുതിയ മംഗൽകാവ്യങ്ങളിലും, കൂടാതെ പഴയ കാല നാടോടിപ്പാട്ടുകളിലും മന്ത്രങ്ങളിലും വീരഗാഥകളിലുമെല്ലാം നെയ്ത്തുകാരും നെയ്ത്തു കലയും കടന്നുവരുന്നുണ്ട്.കൂടാതെ നെയ്ത്തുമായി ബന്ധപ്പെട്ട പഴയ കാല കളിമൺ രൂപങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മ്യൂസിയത്തിൻ്റെ ചുമരുകളിൽ തുന്നൽക്കാരുടെയും മറ്റും ചിത്രങ്ങളുണ്ടായിരുന്നു. എല്ലാം വെയിലുകൊണ്ട് കരുവാളിച്ച, മെലിഞ്ഞ, പല്ലിൽ മുറുക്കാൻകറ പറ്റിയ ഗ്രാമീണരായ ബംഗാളീ മുഖങ്ങൾ. വലിയ ഒരു അധ്വാനത്തിൻ്റെ നേർചിത്രങ്ങൾ അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ജാതി മത ഭേദമന്യേ കർഷകർ, തുന്നൽക്കാർ, അലക്കുകാർ, വൃത്തിയാക്കുന്നവർ, ഉണക്കുന്നവർ, എംബ്രോയിഡറി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ വലിയൊരു വിഭാഗത്തിൻ്റെ അധ്വാനവും പരസ്പര സഹകരണ മനോഭാവവും ആ ചിത്രങ്ങൾ വിളിച്ചോതുന്നുണ്ട്.
അവർ എങ്ങനെയാണ്‌ ഇത് ചെയ്തിരുന്നത്?! വൈകുന്നേരത്തെ മഞ്ഞുവീഴ്ചയിൽ നനഞ്ഞാൽ ഉണക്കാനിട്ടിരിക്കുന്ന പുല്ലിൽ അദൃശ്യമാകുന്ന നിലയിലുള്ള ഒരു തുണി അവർ എങ്ങനെ നിർമ്മിച്ചു?! ജർമ്മൻ പണ്ഡിതയായ ആൻ മേരി ഷിമ്മൽ അതിശയകരമായ കലാസൃഷ്ടികൾ ഇന്ന് വളരെ പ്രാകൃതമായി കാണുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കാനുള്ള അതിരുകടന്ന കഴിവിനെക്കുറിച്ച് എഴുതിയപ്പോൾ, ” ‘നെയ്തെടുത്ത കാറ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന തുണിത്തരങ്ങൾ നെയ്തെടുക്കാൻ ഇന്ന് ആർക്കാണ് കഴിയുക?” എന്ന് അത്ഭുതം കൂറുന്നുണ്ട്.

ബംഗ്ലാദേശിലെ ധാക്ക മസ്‌ലിൻ ഫെസ്റ്റിവൽ സന്ദർശിക്കാനെത്തിയവരുടെ നിര. ദിനേന 10, 000 ൽ അധികം പേർ ഈ ഫെസ്റ്റിവൽ കാണാൻ എത്തിയിരുന്നു

 

മസ്ലിൻ്റെ തകർച്ച

കൊളോണിയലിസത്തിൻ്റെ കടന്നു വരവും വ്യവസായ വിപ്ലവവുമാണ് ധാക്ക മസ്ലിൻ്റെ വീഴ്ചക്ക് കാരണം. ആ വീഴ്ചക്ക് മുമ്പ് ധാക്ക മസ്ലിന് വലിയ ഒരു ഉയർച്ചയുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ യൂറോപ്യന്മാർ ഇന്ത്യയിലെത്തി.ഇന്ത്യയുടെ പരുത്തി വസ്ത്രത്തിൻ്റെ ഗുണനിലവാരത്തിലും അളവിലും മാത്രമല്ല,വിപുലമായ വിദൂര വ്യാപാരം കണ്ടും അവർ ആശ്ചര്യപ്പെട്ടു. ഉടനെത്തന്നെ ഇന്ത്യൻ പരുത്തി വസ്ത്രങ്ങൾ വലിയ തോതിൽ അവർ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു. ബംഗാളിൽ നിന്നായിരുന്നു കയറ്റുമതിയുടെ സിംഹഭാഗവും. സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.എൻ ചൗധരി സൂചിപ്പിച്ചതു പോലെ “കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി എല്ലാ രാജ്യങ്ങളിലെയും വ്യാപാരികൾക്ക് അഭിവൃദ്ധിയുടെ വറ്റാത്ത ഉറവിടമായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഫ്രഞ്ച് കോടതിയിൽ മസ്ലിൻ പ്രദർശിപ്പിച്ചിരുന്നു. ചക്രവർത്തി ജോസഫിൻ്റെ മസ്ലിൻ വസ്ത്രം ഫ്രാൻസിലും പിന്നീട് റീജെൻസി കാലഘട്ടത്തിൽ ബ്രിട്ടനിലും ഒരു രാജകീയ വസ്ത്രശൈലിക്ക് കാരണമായി. ഈ ശൈലിയെല്ലാം മസ്ലിനെ കേന്ദ്രീകരിച്ചായിരുന്നു നിലനിന്നിരുന്നത്. Dress Culture in Late Victorian Women’s Fiction എന്ന പുസ്തകത്തിൽ രചയിതാവ് ക്രിസ്റ്റീൻ കോർട്ട്ഷ് മസ്ലിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു, “ശരീരത്തിെൻ്റെ വെള്ള നിറമല്ലാത്ത മറ്റൊന്നും കാണാത്ത തരത്തിൽ അത് ശരീരത്തോട് പറ്റിച്ചേർന്നിരിക്കുന്നു”.
പക്ഷെ, ധാക്ക മസ്ലിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപം പ്രാപിച്ചതോടെ, ഒരു പിഴിഞ്ഞെടുക്കുന്ന യന്ത്രമായി മാറി. ചില മുഗൾ രാജാക്കന്മാരും അങ്ങനെ തന്നെയായിരുന്നു. കഠിനാധ്വാനത്തിനായി നെയ്ത്തുകാരെ പ്രത്യേകം വർക്ക്ഷോപ്പുകളിലേക്ക് മാറ്റി. ചിലപ്പോൾ അവിടെ ശിക്ഷാർഹമായ നിബന്ധനകൾപോലുമുണ്ടായിരുന്നു. എങ്കിലും ബ്രിട്രീഷുകാരുടെ കിരാത പ്രവർത്തനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ മുഗൾ രാജാക്കന്മാർ കരുണയുടെ മാതൃകകളായിരുന്നു. ഒരു വശത്ത് കമ്പനിയും രാജാക്കൻമാരും കർഷകരെയും നെയ്ത്തുകാരെയും ഞെക്കിപ്പിഴിഞ്ഞു. മറുവശത്ത് ലങ്കാഷയർ (Lancashire) കോട്ടൺ മില്ലുകളിൽ, പുതുതായി വന്ന യന്ത്രത്തിൻ്റെ സഹായത്തോടെ വലിയ തോതിൽ “യന്ത്രവൽകൃത മസ്ലിൻ ” നിർമ്മിക്കാനും തുടങ്ങി. താരീഫ്,നികുതി എന്നിവയുടെ സഹായത്തോടെ ബ്രിട്ടീഷ് പരുത്തി വസ്ത്രങ്ങൾ യൂറോപ്യൻ വിപണികളെ മാത്രമല്ല, ഇന്ത്യക്കാരെയും മുക്കിക്കളഞ്ഞു. കൂട്ടത്തിൽ ബംഗാളിൻ്റെ കൈത്തറി വ്യവസായത്തെയും മസ്ലിനെയും ഉന്മൂലനം ചെയ്തു.
നദീതീരങ്ങളിൽ ഫൂടി കർപകൾക്ക് വംശനാശം സംഭവിച്ചു. മുമ്പ് ഫലഭൂയിഷ്ഠമായ ബംഗാളിൽ ക്ഷാമം പടർന്നു. നെയ്ത്തുകാരും തുന്നൽകാരും മറ്റു തൊഴിൽ തേടി ഗ്രാമങ്ങളിൽ നിന്ന് ഓടിപ്പോയി. അല്ലെങ്കിൽ പട്ടിണിയിലായി. പൂക്കളും അമൂർത്ത രൂപങ്ങളും നെയ്ത ‘ഫിഗർഡ് മസ്ലിൻ’ എന്നറിയപ്പെടുന്ന ജംദാനി മാത്രമാണ് ഇന്നത്തെ കാലത്തും അതിജീവിച്ചിരിക്കുന്നത്.

മസ്ലിൻ ഫെസ്റ്റിവൽ

ധാക്കയിലെ ഒരു ലാഭ രഹിത (Non-profit)സ്ഥാപനമായ ഡ്രിക് പിക്ചർ ലൈബ്രറിയുടെ (Drik Picture Library) കീഴിലുള്ള, ഒരു ചെറിയ ഗവേഷക സംഘത്തിൻ്റെ രണ്ട് വർഷത്തെ കഠിന പ്രയത്നത്തിൻ്റെ ഫലമാണ് മസ്ലിൻ ഫെസ്റ്റിവൽ. 1990 കളിൽ ആരംഭിച്ച ഡ്രിക്, ബംഗ്ലാദേശിൻ്റെ മുഖച്ചായ തന്നെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനമായി ഇന്ന് മാറിക്കഴിഞ്ഞു. ധിക്കാരപരമായ അധികാര നയങ്ങളെയും മറ്റേത് സാമൂഹിക പ്രശ്നങ്ങളെയും ഉത്സാഹപരമായ പ്രതിബന്ധതയോടെ നേരിടുന്ന യുവത്വത്തിൻ്റെ ഊർജ്ജ കേന്ദ്രമായി ഡ്രിക് ഓഫീസ് ഇന്ന് മാറി. ഡ്രികിൻ്റെ സിഇഒയും ‘മസ്ലിൻ: അവർ സ്റ്റോറി’ എന്ന പുസ്തകത്തിൻ്റെ രചയിതാവും എൻ്റെ ഇളയ സഹോദരനുമായ സൈഫുൽ ഇസ്‌ലാമുമായി ഡ്രികിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഞാൻ സംസാരിക്കുയുണ്ടായി. അദ്ദേഹവും സംഘവും വിവിധ ഇനം പരുത്തികളെയും പരുത്തി വസ്ത്രങ്ങളെയും കുറിച്ച് നിരന്തരം പഠനം നടത്തുകയും അന്വേഷിക്കുകയും ചെയ്തു. അപ്രത്യക്ഷമായിപ്പോയ കൈത്തറി നെയ്ത്തുകാരെ അന്വേഷിച്ചു കണ്ടെത്തി. ബംഗ്ലാദേശിൽ മാത്രം ഒതുങ്ങി നിൽക്കാതെ മൂന്ന് ഭൂഖണ്ഡങ്ങളിലെ ഒട്ടുമിക്ക ചരിത്രകാരന്മാരോടും ഫാഷൻ ഡിസൈനർമാരോടും അഭിമുഖം നടത്തുകയും ചെയ്തു.

“എൻ്റെ യാത്രകളെല്ലാം എനിക്ക് നിരവധി അത്ഭുതകരമായ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.”
എന്നു പറഞ്ഞ് അദ്ദേഹം വാചാലനാവാൻ തുടങ്ങി.
” ഒരിക്കൽ ഞാൻ ഒരു നെയ്ത്തുകാരൻ്റെ കുടുംബത്തോടൊപ്പം രാത്രി താമസിക്കുകയാണ്. അവർ എനിക്ക് ഹൃദ്യമായ അത്താഴം ഒരുക്കി. ശേഷം എനിക്ക് ഉറങ്ങാൻ വേണ്ടി, പ്രത്യേകം തയ്യാറാക്കിയ കിടക്ക കൊണ്ടുവന്നു. അതിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ കിട്ടിയ മറുപടി, ഞാൻ നഗരത്തിൽ താമസിക്കുന്ന ആളാണ്. അത് കൊണ്ട് തന്നെ ഇവിടെ പരുക്കൻ പ്രതലത്തിൻ കിടക്കാൻ പ്രയാസമായിരിക്കും എന്നാണ്. നമ്മുടെ ഗ്രാമവാസികൾ ദരിദ്രരായിരിക്കാം.പക്ഷെ, അവർ അതിശയകരമായ ആതിഥ്യ മര്യാദയുള്ളവരാണ്.”

ബംഗ്ലാദേശ് നാഷണൽ മ്യൂസിയം, ആരോംഗ് (ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ആഗോളതലത്തിൽ അറിപ്പെട്ട എൻജിഒ BRAC ൻ്റെ കരകൗശലവിഭാഗം) എന്നിവയുമായി ചേർന്ന് ഡ്രിക്, പഴയ കാല മസ്ലിനോട് ചേർന്നുള്ള “ന്യൂ ഏജ് മസ്ലിൻ ” വസ്ത്രങ്ങൾ പുനർനിർമ്മിക്കുകയുണ്ടായി. ഫൂടി കർപയാവാൻ സാധ്യതയുള്ള ഒരു ചെടിയും അവർ കണ്ടെത്തിയിട്ടുണ്ട്.
“ചില സങ്കീർണമായ ലാബ് പരിശോധകൾ നടത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് അറിയാൻ സാധിക്കും. മസ്ലിൻ ബംഗ്ലാദേശിൻ്റ പൈതൃകത്തിൻ്റെയും ചരിത്രത്തിൻ്റെയും ഭാഗമാണ് എന്നുള്ള പൊതുജന അവബോധത്തിലുള്ള വളർച്ച സന്തോഷകരമാണ്. ഇനിയും ഇത് മുന്നോട്ട് കൊണ്ടു പോകേണ്ടത് ബംഗ്ലാദേശ് സർക്കാറും ജനങ്ങളും കൂടിയാണ്.” എന്ന നിർദ്ദേശം കൂടി മുന്നോട്ട് വെച്ചാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

 

 

 

 

 

വിവർത്തനം: യാസിർ വരപ്പാറ

കടപ്പാട്: ആരാംകോ മാഗസിൻ