തരീമിലെ വസന്ത ദിനങ്ങൾ

തെരുവുകൾ അലങ്കാരങ്ങളാൽ നിറയുന്നു, കൊടികൾ, തോരണങ്ങൾ, അലങ്കാര വിളക്കുകൾ എല്ലാം പ്രത്യക്ഷപ്പെടുന്നു. പള്ളികളിൽ നിസ്കാര ശേഷം പണ്ഡിതന്മാരുടെ റബീഇനെ വരവേൽക്കാനുള്ള നസ്വീഹ: സദസ്സുകൾ നടക്കുന്നു, റബീഉൽ അവ്വൽ ആഗതമാവുന്നതിന് വളരെ മുമ്പ് തന്നെ തരീമിൽ ഇങ്ങനെ ഒരുപാട് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാകും. വസന്തത്തെ വരവേൽക്കാൻ ഒരു നാട് ഒന്നാകെ തയ്യാറാവുന്ന മനോഹര കാഴ്ച്ച. ശാഫിഈ മദ്ഹബുകാരാണ് തരീം നിവാസികളിൽ അധികവും.
ദാറുൽ മുസ്തഫയിലെ മൗലിദ്
ഹബീബ് ഉമർ ഹഫീള് നേതൃത്വം നൽകുന്ന വിശ്വോത്തര സർവകലാശാലയാണ് ദാറുൽ മുസ്തഫ. യെമന്റെ തന്നെ ആത്മീയ തലസ്ഥാനമാണ് ഇവിടം. എല്ലാ ദിവസവും രാത്രിയാണ് പ്രധാനമായും ഇവിടെ മൗലിദ് സദസ്സുകൾ ഉണ്ടാവാറ്. റബീഉൽ അവ്വലിന്റെ 30 ദിവസങ്ങളിലും മധുരമായ ഈണത്തിൽ മൗലിദ് ചൊല്ലപ്പെടുന്നു. ശൈഖ് ഹബീബ് ഉമർ ഹഫീള് തന്നെ എഴുതിയ ശറാബുത്ത്വഹൂർ (شراب الطهور) എന്ന മൗലിദാണ് പ്രധാനമായും ഇവിടെ പാരായണം ചെയ്യപ്പെടുന്നത്. അൽ ളിയാഉ ല്ലാമിഅ് (الضياء اللامع) എന്ന മൗലിദും ശൈഖ് ഹബീബ് ഉമർ രചിച്ച പ്രസിദ്ധമായ മറ്റൊരു മൗലിദാണ്. എല്ലാ വ്യഴാഴ്ച്ചകളിലും ഈ മൗലിദ് പ്രത്യേകം പാരായണം ചെയ്യുന്ന സദസ്സുകൾ നടക്കാറുണ്ട്.
റബീഉൽ അവ്വലിൽ പാരായണം ചെയ്യപ്പെടുന്ന ഈ മൗലിദുകൾ വളരെ ഹ്രസ്വമായ പദ്യ ശൈലിയുള്ള രചനകളാണ്. അരമണിക്കൂർ മാത്രം സമയ ദൈർഘ്യം. ആ ചെറിയ സമയത്തിൽ അനുരാഗം മൊട്ടിടുകയും വിടരുകയും തളിർക്കുകയുമെല്ലാം ചെയ്യുന്നു. അത്രമേൽ ഹൃദ്യം. ആദ്യം പള്ളിയിൽ വെച്ചും തുടർന്ന് ദാറുൽ മുസ്ത്വഫ ക്യാമ്പസിന്റെ പ്രധാന കവാടത്തിൽ വെച്ചും ഇങ്ങനെ പ്രസ്തുത മൗലിദ് ആലപിക്കപ്പെടുന്നു. തുടർന്ന് ഓരോ സംഘങ്ങളായി വിവിധ ഇടങ്ങളിൽ കൂട്ടംകൂടിയിരുന്ന് شراب الطهور പാരായണം ചെയ്യുന്നത് കാണാം. അവസാന ദിവസം ശൈഖ് ഹബീബ് ഉമർ തങ്ങളോടൊപ്പം അവരുടെ മക്തബയിൽ വെച്ച് ഈ മൗലിദ് ചൊല്ലുന്നു. ആ സാന്നിദ്ധ്യം അവിടെ കൂടിയവരിൽ ആത്മീയ ഉന്മേഷം പകരും. പലരും പ്രണയ പാരവശ്യത്താൽ വിങ്ങിപ്പൊട്ടും. സദസ്സിൽ ഇടക്ക് ചായയുടെയും ഖഹ്‌വയുടെയും ചെറിയ കോപ്പകൾ ഓരോ ചുണ്ടിലും മധുരം വിരിയിച്ച് വട്ടം ചുറ്റുന്നുണ്ടാവും.
വിദ്യാർത്ഥികൾക്കിടയിൽ പരസ്പരം സീറകൾ വായിക്കുന്ന (തഖാറുഅ്) പതിവുണ്ട് ദാറുൽ മുസ്തഫയിൽ. ശമാഇലുൽ മുഹമ്മദിയ്യയും സീറയുടെ മറ്റു ഗ്രന്ഥങ്ങളുമെല്ലാമാണ് ഇങ്ങനെ പാരായണം ചെയ്യപ്പെടാറുള്ളത്. ഇങ്ങനെയാണ് ആ മനോഹരമായ ഓർമ; ഒരാൾ ഉച്ചത്തിൽ വായിക്കുകയും ചുറ്റും ഓരോ കൂട്ടങ്ങൾ കേൾവിക്കാരായി കൂടുകയും ചെയ്യുന്നു. അങ്ങനെ റബീഉൽ അവ്വൽ കഴിയുമ്പോഴേക്ക് ഒരു കിതാബ് മുഴുവൻ വായിച്ചു പൂർത്തിയാക്കുന്നു. ചില സംഘങ്ങൾ രണ്ടു കിതാബുകൾ പൂർത്തിയാക്കുന്നു. പ്രവാചകാനുരാഗത്തിനുള്ള ഏറ്റവും നല്ല മാർഗം പ്രവാചകരെ കുറിച്ച് കൂടുതൽ അറിയുക എന്നത് തന്നെയാണല്ലോ. അത് തന്നെയാണ് ഈ ശീലങ്ങളുടെയും പിന്നിൽ.
പള്ളികളിൽ സുബ്ഹിക്ക് മുമ്പ് തന്നെ സ്ഥലം പിടിക്കാനുള്ള പരക്കംപാച്ചിലാണ് ഇവിടുത്തെ പ്രധാന രസകരമായ കാഴ്ചകളിലൊന്ന്. സുബ്ഹി നിസ്കാരം കഴിഞ്ഞയുടൻ ഗംഭീരമായ ശർറഫൽ അനാം മൗലിദ് സദസ്സ് നടക്കും. അതിൽ പങ്കെടുക്കാൻ യെമന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ആളുകൾ മൂലം വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അത്രയേറെ ജനനിബിഢമായിരിക്കും പള്ളിയും പരിസരവും. പ്രധാനമായും പ്രായം ചെന്ന ആളുകളാണ് മൗലിദ് ചൊല്ലാൻ സദസ്സിൽ കൂടുതലായും ഉണ്ടാവുക. ഐഹിക ചിന്തയും ബോധങ്ങളും വേർപ്പെട്ട് ആത്മീയമായ ഒരു ലോകത്തേക്ക് സഞ്ചരിക്കുന്ന അനുഭവങ്ങളാണ് ആ സദസ്സുകൾ സമ്മാനിക്കുന്നത്.
ഓരോ കുടുംബപരമ്പരകളാണ് മൗലിദ് ആലാപനങ്ങൾക്ക് നേതൃത്വം നൽകാറുള്ളത്. ഇമാം അബ്ദുല്ലാഹ് അൽ അലവി അൽ ഹദ്ദാദ് (റ) വിന്റെ കുടുംബത്തിലെ പിൻതലമുറക്കാർ ചില സദസ്സുകൾക്ക് നേതൃത്വം നൽകാറുണ്ട്. ഏവർക്കും ആവേശത്തോടെ ആലപിക്കാൻ കഴിയുന്ന രീതിയും താളവുമാണ് അവരുടെ പ്രധാന പ്രത്യേകത. സജലങ്ങളായ കണ്ണുകളുമായി പ്രവാചക പ്രേമത്തിന്റെ പാരമ്യത്തിലേക്ക് സഞ്ചരിക്കുന്ന ഒരു കൂട്ടം വിശ്വാസികൾ.
ഒരു ഭാഗം(ഫസ്ല്) ഓതിക്കഴിഞ്ഞാൽ, ചിലപ്പോൾ ഒരു ബൈത് കഴിഞ്ഞാൽ ഒക്കെ സദസ്സിൽ നിന്ന്
صلو علي الحبيب ، صلو علي محمد
يا عاشق النبى صلو عليه ، البخيل لم يصل عليه
എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചു പറയും. സദസ്സൊന്നാകെ അതിന് മറുപടിയായി ഉറക്കെ സ്വലാത്ത് ചൊല്ലും. ഇടക്ക് ഖഹ്‌വയുമായി ആളുകൾ വരും. ആദ്യം സദസ്സിന് നേതൃത്വം നൽകുന്നവരുടെ ഭാഗത്തേക്കാണ് ഖഹ്‌വ വരുന്നത്. തുടർന്ന് വലതു ഭാഗത്തേക്ക് കൈമാറി അങ്ങനെ അവസാനം വരെ കൊടുത്തു പോകുന്നു.ഖഹ്‌വ നൽകുമ്പോൾ അവരും صلو علي الحبيب എന്നിങ്ങനെ നമ്മളോട് പറഞ്ഞ് കൊണ്ടിരിക്കും.
യെമൻ തലസ്ഥാനമായ സൻആയിലെ മീലാദ് ആഘോഷം, TRT ചാനൽ റിപ്പോർട്ട് ചെയ്തത്.
റബീഹ് ഒരു ശുദ്ധികലശമാണ്, വന്ന് പോയ തെറ്റുകളിൽ നിന്ന് മനസ്സിനെ സ്ഫുടം ചെയ്യാനുള്ള അവസരം. റബീഉൽ അവ്വലിൽ അറിവിന്റെയും അനുരാഗത്തിന്റെയും ആത്മീയതയുടെയും പങ്ക് വെക്കൽ കൊണ്ട് സജീവമാണ് തരീം. കുളിർമയാണ് തരീമിലെ കാഴ്ചകൾ. ആത്മാവിനും ശരീരത്തിനും.
കടപ്പാട്: മുഹമ്മദ് യാസീൻ അബ്ദുൽ ഹക്കീം