രാഷ്ട്രീയ പ്രക്ഷുബ്ധതയും മുസ്‌ലിം ലോകവും

പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെയാണ് മുസ്‌ലിം ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നീതി-ന്യായരഹിതവും കുഴപ്പം പിടിച്ചതുമായ ആഗോളക്രമം, നിഴല്‍ യുദ്ധങ്ങള്‍, ആന്തരിക സംഘര്‍ഷങ്ങള്‍, വിഭാഗീയ സംഘട്ടനങ്ങള്‍, സാമൂഹിക പരിവര്‍ത്തനങ്ങള്‍, സാമ്പത്തിക ആകുലതകള്‍ ഇവകളൊക്കെ കേവലം നിർണായകമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്. അതിനുമപ്പുറം മുസ്‌ലിം ലോകത്തിൻ്റെ ബൗദ്ധിക ആത്മീയ ഊര്‍ജ്ജങ്ങളെ അപഹരിക്കുക കൂടിയാണ് ചെയ്യുന്നത്. തൽഫലമായി മുസ്‌ലിം പണ്ഡിതന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, കലാകാരന്മാരുമൊക്കെ ആഗോള നിലവാരത്തില്‍ പിറകിലായി കൊണ്ടിരിക്കുകയാണ്. ലോകത്തോട് അവര്‍ വല്ലതും വിളിച്ചു പറയേണ്ടിയിരിക്കുന്നു എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കോലാഹലങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇത്തരമൊരു സ്ഥിതിയിലും ബൗദ്ധിക, സാംസ്‌കാരിക, കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം കണ്ടെത്തല്‍ സാധ്യമാണോ? അത്തരമൊരു വീണ്ടെടുപ്പിന് സാധ്യതയുണ്ടോ? അതെ. സാധ്യതയുണ്ട് എന്ന് തന്നെയാണ് ഉത്തരം. മുസ്‌ലിം ലോകവും അതിന്റെ രാഷ്ട്രീയ ഉയര്‍ച്ചതാഴ്ച്ചകളും ഉള്‍ക്കൊള്ളുന്ന വിശാലമായ ചരിത്രം അതിന് അസംഖ്യം സാധ്യതകളും തെളിവുകളും കാണിച്ചുതരുന്നുണ്ട്.

ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യത്തിലെ പ്രോജ്ജ്വല വ്യക്തിത്വങ്ങളില്‍ പലരും സവിശേഷമായ രാഷ്ട്രീയ പരിണാമ ഘട്ടങ്ങളില്‍ ജീവിച്ചവരാണ്. മുസ്‌ലിം നിയമജ്ഞരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും പ്രഥമ തലമുറ വന്‍തോതിലുള്ള സാമൂഹിക, രാഷ്ട്രീയ, വിശ്വാസപരമായ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ്. വിശേഷിച്ചും, 632 ലെ പ്രവാചക(സ) രുടെ വിയോഗത്തിന് ശേഷം രാഷ്ട്രപരമായ സ്ഥാനാരോഹണത്തെച്ചൊല്ലിയുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് ആദ്യകാല ദൈവശാസ്ത്ര സംവാദങ്ങള്‍ തന്നെ രൂപപ്പെടുന്നത്. പിന്നീട്, മിഹ്‌ന, ഖിലാഫത്തിൽ നിന്ന് രാജ ഭരണത്തിലേക്കുള്ള മാറ്റങ്ങൾ തുടങ്ങിയ വ്യത്യസ്ത രാഷ്ട്രീയ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഇക്കാലത്ത് മുസ്‌ലിം പണ്ഡിതർ വൈജ്ഞാനിക മുന്നേറ്റങ്ങൾ നടത്തിയത്.

ഇസ്‌ലാമിലെ ദാര്‍ശനികവും ശാസ്ത്രീയവുമായ പാരമ്പര്യം ആദ്യകാല മുസ്‌ലിം ഭരണകൂടങ്ങളുടെ സംസ്ഥാപനത്തിന്റെയും സൈനിക വിജയങ്ങളുടെയും പ്രക്ഷുബ്ധമായ ഘട്ടത്തില്‍ വളര്‍ന്നു വന്നവയാണ്. ഉമവിയ്യയില്‍ നിന്നും അബ്ബാസിയ്യയിലേക്കുള്ള സ്ഥാനാന്തരവും മുസ്‌ലിം ദേശങ്ങളിലുടനീളം നടന്ന ഇസ്‌ലാമിക എമിറേറ്റുകളുടെ രൂപീകരണവും ഉത്കൃഷ്ടമായ ജ്ഞാനോല്‍പാദനം ചെയ്യുന്നതില്‍ നിന്ന് മുസ്‌ലിം തത്ത്വചിന്തകരെയോ ശാസ്ത്രജ്ഞരെയോ തടഞ്ഞുവെച്ചില്ല. സത്യത്തോടും അറിവിനോടുമുള്ള അവരുടെ അടങ്ങാത്ത ആത്മാര്‍പ്പണം നിമിത്തമാണ് പിന്നീട് ഇസ്‌ലാമിക നാഗരികത മധ്യേഷയില്‍ നിന്നും ഏഷ്യ മൈനറിലേക്കും മെസപ്പെട്ടോമിയയിലേക്കും നോര്‍ത്ത് ആഫ്രിക്കയിലേക്കും അന്തലൂസിയയിലേക്കും പരന്നൊഴുകിയത്. വിശ്രുതരായ മുസ്‌ലിം തത്ത്വചിന്തകരായ അല്‍ കിന്ദി, അല്‍ ഫാറാബി, ഇബ്‌നു സീന തുടങ്ങിയവര്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനും സൈനിക പടയൊരുക്കങ്ങൾക്കും മധ്യേയാണ് തത്ത്വചിന്തയിലും തര്‍ക്കശാസ്ത്രത്തിലും വൈദ്യരംഗത്തും സംഗീതത്തിലുമായി അവരുടെ ശ്രദ്ധേയമായ രചനകള്‍ നിര്‍വഹിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെ മുസ്‌ലിം പ്രദേശങ്ങള്‍ രണ്ട് ആക്രമണ ശക്തികളെയാണ് നേരിട്ടത്. ഒന്ന് പടിഞ്ഞാറില്‍ നിന്നുള്ള കുരിശുയുദ്ധവും രണ്ട് കിഴക്കുദിശയില്‍ നിന്നുള്ള മംഗോളിയൻ ആക്രമണവും. അവര്‍ മുസ്‌ലിം നഗരപ്രദേശങ്ങളിലും നിത്യ ജീവിതത്തിലും സൃഷ്ടിച്ചു വെച്ച കൊടിയ നാശങ്ങൾ യാതനയും വേദനയും അവജ്ഞയും ഉള്ളിലൊതുക്കി ചരിത്രഗ്രന്ഥങ്ങളില്‍ കുറിച്ചു വെക്കപ്പെട്ടു. എന്നിട്ടും, ഈ കാലയളവില്‍ ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചും നാഗരികതയെക്കുറിച്ചും മഹത്തായ കൃതികള്‍ വെളിച്ചം കണ്ടു. 1187ല്‍ കുരിശുപോരാളികളില്‍ നിന്നും ജറുസലേം തിരിച്ചുപിടിച്ച സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ സമകാലികന്‍ ഉസാമ ബിന്‍ മുന്‍ക്വിസ് അക്കാലത്തെ ഓരോ സംഭവങ്ങളും സമഗ്രമായ വിവരങ്ങളോടെ ക്രമാനുസൃതമായി രേഖപ്പെടുത്തിയ കിതാബുല്‍ ഇഅ്തിബാര്‍ രചിച്ചു. രാഷ്ട്രീയ സൈനിക കലഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടും അതൊന്നും ഉസാമയെ ഈ ഗ്രന്ഥ രചനയില്‍ നിന്നും പുറകോട്ടടുപ്പിച്ചില്ല.

കുരിശുപോരാളികളുടെ അതിക്രമങ്ങള്‍ക്കും മംഗോളിയന്‍ കടന്നു കയറ്റത്തിനുമിടയിലാണ് ഇബ്‌നു അറബിയെയും മൗലാനാ ജലാലുദ്ധീന്‍ റൂമിയെയും പോലൊത്ത വിശിഷ്ട ചിന്തകര്‍ അവരുടെ കൃതികള്‍ക്ക് ജന്മം നല്‍കുന്നത്. അന്തലൂസിയന്‍ ഇസ്‌ലാമിന്റെ ദുരിതങ്ങള്‍ക്ക് ഇബ്‌നു അറബി സാക്ഷ്യം വഹിച്ചു. അതേസമയം മൗലാന ജലാലുദ്ദീൻ റൂമി മംഗോളിയന്‍ ആക്രമണത്തെ ചെറുക്കാൻ പലതവണ പലായനം ചെയ്യുകയും മംഗോളിയൻ ആക്രമണത്തിൽ നിന്നും അഭയം തേടി ഇന്ന് അന്ത്യവിശ്രമം കൊള്ളുന്ന കൊനിയയില്‍ കുടിയേറിപ്പാര്‍ക്കുകയും ചെയ്തവരാണ്. ജ്ഞാനത്തോടും അവബോധത്തോടുമുള്ള അഭിനിവേശം കാരണം, ഇമാം ഗസാലിയും സുഹ്‌റവര്‍ദിയും നാസിറുദ്ധീന്‍ തൂസിയും ഫഖ്‌റുദ്ദീന്‍ റാസിയും മുല്ലാ സദ്‌റും ഇബ്‌നു കമാലും തഖിയുദ്ധീനും ഇമാം റബ്ബാനിയും ശാഹ് വലിയുല്ലാഹി ദഹ്‌ലവിയും മുസ്‌ലിം ലോകത്തുടനീളമുള്ള മറ്റു പ്രതിഭകളും അടങ്ങുന്ന അനേകം പണ്ഡിതരും തത്ത്വചിന്തകരും ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും അവരുടെ ധൈഷണിക ആത്മീയ വ്യവഹാരങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. കൊട്ടാര രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകളെ തോല്‍പിച്ചു കൊണ്ടാണ് ചരിത്രത്തിലെ ആര്‍ക്കിടെക്റ്റുകളില്‍ അതികായനായ മിമർ സിനാന്‍ അദ്ദേഹത്തിന്റെ മഹത്തായ യത്‌നങ്ങള്‍ക്ക് നിറംപകര്‍ന്നത്. ഷാഹ് ജഹാന്‍ താജ്മഹല്‍ നിര്‍മിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. മുസ്‌ലിം ലോകം രാഷ്ട്രീയ ആപല്‍സന്ധിയും സൈനിക കലഹങ്ങളും നേരിട്ട പതിനേഴാം നൂറ്റാണ്ടിന് ശേഷമാണ് ഇസ്‌ലാമിക കാലിഗ്രഫിയിലും മിനിയേച്ചറുകളിലും മാര്‍ബിളിംഗിലും അസാമാന്യ സൃഷ്ടികള്‍ ഉത്പാദിക്കപ്പെടുന്നത്.

സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ദുര്‍ഗതികള്‍ തീര്‍ച്ചയായും ജീവിതത്തെ, ഒരുവേള മികച്ച പണ്ഡിതരുടെയും കലാകാരന്മാരുടെയും ചിന്തകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. അറിവിനും സത്യത്തിനും ആത്മീയ സാക്ഷാത്കാരത്തിനും വേണ്ടി ജീവിതത്തെ ബലികഴിക്കാന്‍ ഭൗതികമായ പ്രതിബന്ധങ്ങള്‍ അവര്‍ക്ക് വിലങ്ങുതടികളായിരുന്നില്ല. ആയുഷ്‌കാലത്ത് സാമൂഹിക രാഷ്ട്രീയ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും മനുഷ്യ വിജ്ഞാനത്തിന് അവര്‍ നല്‍കിയ നിരന്തരമായ സംഭാവനകള്‍ ഇന്നും അതിജീവിക്കുന്നു.

സമകാലിക മുസ്‌ലിം ലോകം മനസ്സിലാക്കേണ്ട ചില പാഠങ്ങളുണ്ട് ഇവിടെ. ആദ്യമായി, നമ്മെ ബാധിച്ചേക്കാവുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് കേവലം രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ മാത്രമല്ല. പരിഹാരങ്ങള്‍ ആവശ്യപ്പെടുന്നത് ഗൗരവമായ ധൈഷണിക പരിശ്രമങ്ങളെയും പണ്ഡിതോചിതമായ ജ്ഞാനത്തോടും അവബോധത്തോടുമുള്ള പ്രതിജ്ഞാബദ്ധതയെയുമാണ്. കാര്യബോധത്തോടെ വൈജ്ഞാനിക ധൈഷണിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതിന് രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങള്‍ പര്യവസാനിക്കാന്‍ കാത്തിരിക്കുന്നത് തികച്ചും നിരര്‍ത്ഥകമാണ്. മറ്റൊരു വശത്ത്, ഭരണകൂടങ്ങളും വിദ്യാസമ്പന്നമായ സമൂഹങ്ങളും ഇത്തരം ഗൗരവമാര്‍ന്ന ശാസ്ത്രീയ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവോളം പിന്തുണ നല്‍കേണ്ടതുണ്ട്.

രണ്ടാമതായി, രാഷ്ട്രീയ കലഹങ്ങള്‍ വ്യക്തി- സമൂഹത്തിന്റെ ബൗദ്ധിക ജീവിതത്തിന് അപകടം സൃഷ്ടിക്കുന്ന അത്ര തന്നെ അതിന് ഉത്തേജക ശക്തിയുമുണ്ട്. അതുകൊണ്ട് തന്നെ തുറവിയും ജിജ്ഞാസയുമുള്ള ബോധമണ്ഡലങ്ങള്‍ക്ക് പ്രതിസന്ധികളെ അവസരങ്ങളിലേക്ക് തിരിച്ചുവിടാന്‍ സാധിക്കും. സമ്മര്‍ദങ്ങള്‍ക്ക് കീഴൊതുങ്ങിയുള്ള ഉദ്യമങ്ങള്‍ അത്രമേല്‍ സുഖകരമല്ലെങ്കിലും ആശ്വാസമരുളിയേക്കും.

മൂന്നാമതായി, സമകാലിക മുസ്‌ലിംകള്‍ ഇതുവരേക്കും അവരുടെ സമ്പന്നമായ ബൗദ്ധിക പൈതൃകത്തെ കണ്ടെടുത്തിട്ടില്ല. സഹസ്രാബ്ദങ്ങളോളമുള്ള മുസ്‌ലിംകള്‍ ചെയ്തുവെച്ച വൈജ്ഞാനിക, ശാസ്ത്രീയ, കലാ സൃഷ്ടികളുടെ കുഞ്ഞോളം മാത്രമാണ് വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടുകയും പ്രകാശിതമാവുകയും ചെയ്തിട്ടുള്ളൂ. ഒട്ടനേകം സൃഷ്ടികളിപ്പോഴും മറയത്ത് അവശേഷിക്കുന്നുണ്ട്. ഇത് പ്രാധാന്യമര്‍ഹിക്കുന്നതിന്റെ കാരണം, നമ്മള്‍ ജീവിക്കുന്ന യുഗത്തിലെ യാഥാര്‍ത്ഥ്യങ്ങളെ തിരസ്‌കരിക്കാതെ തന്നെ പുതിയൊരു പാഠ്യക്രമം ക്രമപ്പെടുത്താന്‍ ഇവ സഹായിക്കും എന്നതാണ്.

നമ്മുടെ പാരമ്പര്യത്തിലും സങ്കേതത്തിലും അടിയുറച്ച് നിന്നു കൊണ്ട് തന്നെ ലോകത്തേക്കുള്ള ചക്രവാളത്തെക്കുറിച്ച് നമുക്ക് വീക്ഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പാരമ്പര്യം മുറുകെപ്പിടിക്കാതെ സമുദായത്തിന് ശാശ്വതമായ നിലനില്‍പ്പ് സാധ്യമല്ല. ഇന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യവും ലാഘവത്തോടെ കാണാന്‍ പാടില്ലാത്തതുമാണ്. ഗൗരവമായ, ദീര്‍ഘകാല ബൗദ്ധിക കലാ പ്രവര്‍ത്തനങ്ങളുമായി വ്യവഹരിക്കുന്നതില്‍ പരാജയപ്പെടുന്നതിന് ഇതൊന്നും ഒരു ഒഴിവുകഴിവല്ല.

വിവർത്തനം: മുഹമ്മദ്‌ സാബിത് ടി. പി