സൊകോതോ ഖിലാഫത്തിലെ അടിമത്തവും കർമ്മശാസ്ത്ര വ്യവഹാരങ്ങളും

 

ആഫ്രിക്കൻ മുസ്‌ലിം സമൂഹങ്ങളിൽ നിയമപരമായും നിയമവിരുദ്ധമായും നിലനിന്നിരുന്ന അടിമത്തത്തെ പറ്റി പതിനഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ ചർച്ചകൾ ഉടലെടുത്തിരുന്നു. വെസ്റ്റ് ആഫ്രിക്കയിലെ സുഡാനിന്റെ മധ്യ മേഖലകളിലും പാശ്ചാത്യൻ മേഖലകളിലും ഇത്തരം വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. സൊകോതോ ഖിലാഫത്ത് ഗവൺമെന്റിനെ സംബന്ധിച്ചെടുത്തോളം സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളെ നിയമ വിരുദ്ധമായി അടിമയാക്കപ്പെടുന്നത് തടയുക എന്നത് പോളിസിയുടെ പ്രധാന ഭാഗമായിരുന്നു. സെൻട്രൽ ഗവൺമെന്റിന്റെ ആപേക്ഷിക ശക്തിയും പോരായ്മയും വിലയിരുത്താൻ നിയമ വിരുദ്ധമായ അടിമത്തത്തെ കുറിച്ച് കൂടുതൽ അറിയുന്നതിലൂടെ മനസ്സിലാക്കാം. മറിച്ച്, മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ നിയമവിരുദ്ധമായ അടിമത്തത്തോടുള്ള ഔദ്യോഗിക പ്രതികരണങ്ങളുടെ വൈരുദ്ധ്യ സ്വഭാവം ചൂണ്ടിക്കാണിക്കുന്നതിനേക്കാൾ അത് നടപ്പിലാക്കാനുള്ള കഴിവില്ലായ്മയും തടവുകാരന്റെ അപഹരിച്ച വസ്തുക്കൾക്ക് മേലുള്ള സാമ്പത്തിക ആശ്രയത്തവും ബന്ദികളുടെയും അടിമത്തവത്കരണത്തിന്റെയും കാര്യങ്ങൾ അർത്ഥമാക്കുന്നത് കൂടുതൽ പരിഷ്‌കരണം അംഗീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതുമുണ്ട് എന്നാണ്. ഒരാളെ ബന്ധനസ്ഥനാക്കപ്പെടുന്ന സമയത്തോ അല്ലെങ്കിൽ പിന്നീടോ പിഴ അടച്ച് മോചിപ്പിക്കുന്നതിനാണ് അടിമ മോചനം എന്ന് പറയുന്നത്. സാധാരണ നിലയിലുള്ള മോചനത്തിൽ നിന്ന് വ്യത്യസ്തമാണ് ബന്ധനത്തിൽ നിന്നുള്ള മോചനം. സാധാരണ നിലയിൽ ഒരു അടിമ മോചിപ്പിക്കപ്പെട്ടാലും അത് അയാളിൽ ഒരു പോരായ്മയായി എപ്പോഴും നില നിൽക്കും. പക്ഷേ, അതേ സമയം ബന്ധനത്തിൻ നിന്ന് മോചനം ലഭിച്ചാൽ അയാൾ തന്റെ പഴയ അഭിമാനത്തിലേക്ക് തന്നെ മടങ്ങും.

നിയമപരമായി ശരിയും പൊതുവെ അംഗീകരിക്കപ്പെട്ടതുമായ സൗജന്യ അടിമ മോചന രീതി നടപ്പിലാക്കാനാവാതെ മോചനദ്രവ്യം സ്വീകരിച്ച്, സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്ന രീതിയെ സ്വീകരിക്കേണ്ടി വന്നത് സോകൊതോ ഖിലാഫത്തിന്റെ ആപേക്ഷിക ബലഹീനതയെ പ്രകടമാക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മധ്യ സുഡാനിലെ നിയമപരവും അല്ലാത്തതുമായ അടിമത്തത്തെ പറ്റിയുള്ള ചർച്ചകൾ ഒന്ന് പരിശോധിച്ചാൽ തന്നെ ഇത് പ്രകടമാകും. രണ്ടാമതായി, രാഷ്ട്രത്തിന്റെ സംസ്ഥാപന ലക്ഷ്യമെന്ന നിലക്കും സൊകോതോ ജിഹാദിന്റെ പ്രേരകം എന്ന നിലക്കും നിയമ വിരുദ്ധ അടിമത്തത്തിന്റെ പ്രതിരോധം ചർച്ച ചെയ്യുന്നതിലൂടെ ഇത് മനസ്സിലാകും. മൂന്നാമതായി, സ്വതന്ത്രരായി ജനിക്കുന്ന മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ നിന്ന് സൊകോതോ ഖിലാഫത്തിനെ തടഞ്ഞു നിർത്താൻ കാരണമായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഘടനകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും.
അവസാനമായി, സൗജന്യമായ അടിമ മോചനം നടപ്പിലാക്കാൻ കഴിയാതെ വന്നതിനാൽ സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രായോഗിക മാർഗമായി മോചനദ്രവ്യത്തെ വില കൊടുത്ത് വാങ്ങൽ സൊകോതോ ഖിലാഫത്ത് തങ്ങളുടെ കടമയായി കണ്ടെന്നുമാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.

ഇതിന്റെ പ്രാധാന്യം പരിഗണിക്കുമ്പോൾ കഴിഞ്ഞ നാൽപ്പത് വർഷമായിട്ട് ഇക്കാര്യം ഒരു പ്രധാന പഠന വിഷയമായിരുന്നു എന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. 1804 ലാണ് സൊകോതോ ഖിലാഫത്ത് സ്ഥാപിക്കപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഉപ സഹാറൻ ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഇത്. എട്ട് മുതൽ പത്ത് മില്യൺ വരെ ജനങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയിൽ ഖലീഫ ഇതിലേക്ക് 15,0000 സ്‌ക്വയർ മൈൽ കൂടി കൂട്ടിച്ചേർത്തു.

 

സൊകോതോ സാമ്രാജ്യത്തിന്റെ ഭരണപ്രാദേശങ്ങൾ

ഇന്നത്തെ വടക്കൻ നൈജീരിയയിലെ ഹൗസ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഈ രാഷ്ട്രം നിലനിന്നിരുന്നത്. ഇന്നത്തെ ബുർക്കിന ഫാസോയുടെ പടിഞ്ഞാറു വരെയും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ കിഴക്കും നിഗറിലേക്ക് വടക്കും യൊരുബലണ്ടിലേക്ക് തെക്കും വരെയും നീളുന്നതാണ് ഈ സാമ്രാജ്യം. കർമ്മശാസ്ത്രത്തിൽ മാലികി മദ്ഹബും സൂഫി ധാരയിൽ ഖാദിരിയ്യ ത്വരീഖത്തും പിന്തുടരുന്ന പൂർണ്ണമായും​ ​ഇസ്‌ലാമിക ചട്ടക്കൂടിന് കീഴിലുള്ള ഒരു രാഷ്ട്രമായിരുന്നു അത്. ഓട്ടോമൻ സാമ്രാജ്യത്തിലും അറേബ്യൻ ഉപഭൂഖണ്ഡത്തിലും വെസ്റ്റ് ആഫ്രിക്കയിലുമുള്ള മുസ്‌ലിം, അമുസ്‌ലിം ആളുകളോട് ഖലീഫക്ക് സാമൂഹികപരമായും സാമ്പത്തികപരമായും നല്ല ബന്ധമുണ്ടായിരുന്നു. ഖിലാഫത്തിന്റെ വിജയവും കീഴടക്കലുകൾ, ഇങ്ങനെ ഒരു സാമ്രാജ്യത്തിന്റെ നിലനിൽപ്പും പിന്നീടുള്ള വെസ്റ്റ് ആഫ്രിക്കൻ പരിഷ്‌കരണ പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. അതോടൊപ്പം ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അടിമ സമൂഹവുമായിരിക്കും സൊകോതോ ഖിലാഫത്ത്. 1860ൽ അമേരിക്കൻ സിവിൽ യുദ്ധത്തിന്റെ പരിണിത ഫലമെന്നോണം അമേരിക്കയിൽ ഉള്ളത് പോലെ തന്നെ ഈ സാമ്രാജ്യത്തിന് കീഴിലും ഒരുപാട് അടിമകൾ ഉണ്ടായിരുന്നു.

സൊകോതോ ഖിലാഫത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ചുള്ള പഠനങ്ങൾ ഒരുപാട് നടന്നിട്ടുണ്ട്. ഈ പഠനങ്ങളൊക്കെ തന്നെ സൊകോതോ ഖിലാഫത്തിന്റെ ആപേക്ഷിക ശക്തിയെയാണ് എടുത്തു കാണിക്കുന്നത്. ഖലീഫ, അമീർ എന്നീ സ്ഥാനങ്ങൾക്ക് വേണ്ടി മികച്ചതെന്ന് സ്വയം കരുതുന്ന സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മത്സരിക്കുന്ന രാഷ്ട്ര പ്രതിനിധികൾ അടങ്ങുന്ന സങ്കീർണ്ണമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയെ ആണ് അവർ വരച്ചു കാണിച്ചത്. അതി ശക്തമായ കേന്ദ്രീകൃത രാഷ്ട്രം അവിടത്തെ പരിഷ്‌കാരികൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് മുറയ് ലാസ്റ്റും മെർവിൻ ഹിസ്‌കെറ്റും വാദിക്കുന്നുണ്ട്. സൊകോതോ ഖിലാഫത്തിലെ ഉദ്യോഗസ്ഥരുടെ ഡോക്യുമെന്റുകൾ അറബി ആയതിനാൽ തന്നെ അതെല്ലാം പരിശോധിച്ചു കൊണ്ട് മുറയ് ലാസ്റ്റ്, ഗവൺമെന്റ് അധികാരത്തിലെ പ്രധാന വ്യക്തികളെക്കുറിച്ചും വ്യത്യസ്ത ഓഫീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളെക്കുറിച്ചും സൊകോതോ ഖിലാഫത്തിന്റെ രാഷ്ട്രീയ പുരോഗമനത്തെ കുറിച്ചും ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. മന്ത്രി(വസീർ) മാരുടെ പങ്കുകളെ കൂടുതൽ കേന്ദ്രീകരിച്ച് കൊണ്ട്, അതിശക്തവും കേന്ദ്രീകൃത രീതിയിലുള്ള ആധിപത്യവും ഖലീഫ ഗവൺമെന്റ് അംഗീകരിച്ചു നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം വാദിക്കുന്നു. യുദ്ധത്തിലേക്ക് നയിച്ച രാഷ്ട്രീയവും സാമൂഹികവും മതപരവുമായ പരിഷ്‌കാരികളുടെ ലക്ഷ്യങ്ങളെ കുറിച്ചും ഹൗസ സിറ്റിയെ ഈ പരിഷ്‌കാരികൾ പൂർണമായിട്ടും ഇസ്ലാമിക ശരീഅത്ത് നടപ്പിൽ വരുത്താൻ സാധിക്കുന്ന വിധത്തിൽ ഒരു കേന്ദ്രീകൃത ഇസ്ലാമിക ഗവൺമെന്റ് ആക്കിയിട്ടുണ്ട് എന്നും ഹിസ്‌കെറ്റ് വാദിക്കുന്നുണ്ട്.

സൊകോതോ ഖിലാഫത്ത് വലിയ ശക്തിയേറിയ രാഷ്ട്രമാണ് എന്ന വാദത്തോട് എതിർത്ത് കൊണ്ട് എം.ജി സ്മിത്തും ജെ.എസ് ട്രിമുങ്ഹാമും കൂടി നടത്തിയ പഠനത്തിൽ ഹൗസ ഭരണ രീതിയിൽ കാര്യമായ പരാജയം ഉണ്ടായിരുന്നു എന്നാണ് വാദിക്കുന്നത്. കാനോ സംഭവത്തിൽ പ്രത്യേകമായ ഹൗസ ടൈറ്റിലുകളുടെ പുനർ സ്വീകരണവും ഇബ്രാഹിം ദാബോയുടെ (1819-1846) ഭരണത്തിന് കീഴിൽ 1820കളിലെ രാഷ്ട്രീയ സ്ഥാപനങ്ങളും പുതിയ ഭരണ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ ആയിരുന്നു എന്ന് സ്മിത്ത് വാദിക്കുന്നു. ട്രിമിങ്ഹാം ഖിലാഫത്ത് ഭരണത്തെയും സംഘടനയെയും ഒരു പരാജയമായി ചിത്രീകരിക്കുകയും ജിഹാദ് ആശയത്തിന്റെ കേന്ദ്രികരിച്ചു കൊണ്ട് ഈ അമീറത്തി(Emirate)ൽ ഉന്നതർക്ക് ഒരു പുതിയ ഗവൺമെന്റ് സ്ഥാപിക്കാൻ അസാധ്യമാണ് എന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. സമീപകാലത്ത് സീൻ സ്റ്റിൽവെൽ എന്ന് പറയുന്ന ഗവേഷകൻ കാനോ എമിറേറ്റിന്റെ ഗവൺമെന്റിനെ കൂടുതൽ ഫോക്കസ് ചെയ്തും അറിയപ്പെടുന്ന കാര്യങ്ങൾ വെച്ച് ഖിലാഫത്തിനെ മൊത്തമായി പഠിച്ചും ഗവൺമെന്റിന്റെ ഉചിതമായ നടത്തിപ്പിൽ രാജകീയ അടിയന്മാരുടെ ആവശ്യകത വേണമെന്ന് വാദിച്ചു. രാഷ്ട്രീയ അധികാരം പ്രയോഗിക്കുന്നതിലെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരവും രണ്ടിനും ഇടയിലെ പ്രകൃതവും രാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗാർഹിക രീതിയും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നു.

സൊകോതോ കേന്ദ്ര ഗവണ്മെന്റിന്റെ ആപേക്ഷിക ശക്തിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറ്റൊരു തലം കൂടി ചേർത്തു കൊണ്ട് പോൾ ലോവെജോയ് സൊകോതോ ഖിലാഫത്തിന്റെ സാമ്പത്തികവും സാമൂഹ്യപരവുമായ ചരിത്രത്തിനെ കുറിച്ചുള്ള തന്റെ രചനകളിൽ രാഷ്ട്രത്തിന്റെ രാഷ്ട്രീയ സാമ്പത്തിക അടിത്തറക്ക് അടിമത്തത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യപരവും സാമ്പത്തികവുമായ അടിസ്ഥാനത്തിന് അടിമത്തം അത്യാവശ്യമാണ് എന്ന് അദ്ദേഹം വാദിക്കുകയും അതാണ് ഗവൺമെന്റും മത പണ്ഡിതന്മാരും ഉൾപ്പടെയുള്ള പങ്കാളികളുമായുള്ള പ്രധാന ആശങ്കയായി നിന്നിരുന്നതെന്നും അദ്ദേഹം വാദിച്ചു. അത്തരത്തിൽ അടിമത്തത്തിന്റെ പ്രശ്‌നം ദൈനംദിന ജീവിതത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും എല്ലാ വശങ്ങളെയും ബാധിച്ചു. ഖിലാഫത്തിന്റെ അനധികൃത അടിമത്തത്തെ ബന്ധപ്പെടുത്തിയുള്ള ലക്ഷ്യങ്ങളുടെയും നേട്ടങ്ങളുടെയും പരീക്ഷണം ഉയരുകയും സെൻട്രൽ ഗവൺമെന്റിന്റെ ശക്തിക്കും ഉന്മേഷത്തിനും അത് ഒരുപാട് സംഭാവന ചെയ്യുകയും ചെയ്തു.

തീർച്ചയായും പശ്ചിമാഫ്രിക്കയിലെ പടിഞ്ഞാറിലെയും മധ്യ സുഡാൻ പ്രദേശങ്ങളിലയും മുസ്‌ലിം പണ്ഡിതന്മാർ നിയമപരവും നിയമവിരുദ്ധവുമായ അടിമത്തത്തെക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ട് മുതൽക്ക് തന്നെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളെ ജോൺ ഹൻവിക്കും ലോവെജോയിയും ഹംഫ്രേ ഫിഷറും അഭിമുഖീകരിച്ചിട്ടുണ്ട്. അടിമത്തം ഉൾപ്പടെ വെസ്റ്റ് ആഫ്രിക്കൻ മുസ്‌ലിം സമൂഹങ്ങളിൽ നിരവധി സാമൂഹികവും നിയമപരവുമായ കാര്യങ്ങളിലും പ്രധാന ചർച്ചകൾ ഉണ്ടായിരുന്നു എന്ന് ഹൻവിക് വാദിച്ചു. അടിമത്ത വിഷയവുമായി ബന്ധപ്പെട്ട മുഹമ്മദ് ബെല്ലോയുടെ പോളിസികളും അഹ്മദ് ബാബയുടെ അഭിപ്രായങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന ലോവെജോയുടെ ലേഖനത്തിൽ അദ്ദേഹം നിയമപരമായ അടിമത്തത്തിനുള്ള വാദങ്ങളുടെയും വ്യാപാരത്തെ സംബന്ധിച്ച ചർച്ചകളുടെ സ്വാധീനത്തിന്റെയും രീതിയിൽ ഈ സംവാദങ്ങളുടെ സങ്കീർണ്ണതകളും മാറ്റങ്ങളും കാണിക്കുന്നുണ്ട്. നിയമപരവും നിയമ വിരുദ്ധവുമായ അടിമത്ത ചർച്ചകൾ സൊകോതോ ജിഹാദിന് വലിയ തോതിലുള്ള പ്രേരണയാണ് നൽകിയതെന്ന് ഫിഷർ വാദിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബ്രിട്ടനിലേക്കാൾ കൂടുതലായി സൊകോതോ ഖിലാഫത്തിലും അടിമത്ത ചർച്ച ഉണ്ടായിരുന്നു എന്ന് ഫിഷറും ലോവെജോയും ഒരുപോലെ പറയുന്നുണ്ട്. അത്തരത്തിലാണെങ്കിലും ബ്രിട്ടനും സൊകോതോ ഖിലാഫത്തിനും ഇടയിൽ ചില അന്തരങ്ങൾ ഉണ്ടായിരുന്നു എന്ന് ലോവെജോയ് തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ആദ്യമായി ബ്രിട്ടീഷ് അടിമത്ത വിരുദ്ധ പ്രസ്ഥാനം അറ്റ്ലാന്റിക് സമുദ്രത്തിനപ്പുറമുള്ള അടിമക്കച്ചവടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷെ സൊകോതോ ഖിലാഫത്ത് മുസ്‌ലിംകളുടെ വിമോചനത്തിലും സംരക്ഷണത്തിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രണ്ടാമതായി, യൂറോപ്പിലൊക്കെ നടന്നതിൽ നിന്ന് വിപരീതമായി വെസ്റ്റ് ആഫ്രിക്കയിലെ മുസ്‌ലിം ചേരികളിൽ മതപരമായ സ്വത്വത്തിന്റെ പേരിൽ സാമൂഹികവും സാംസ്‌കാരികവുമായിട്ടായിരുന്നു അടിമത്ത ചർച്ചകൾ കേന്ദ്രീകൃതമായിരുന്നത്.

പ്രാദേശിക ഇസ്‌ലാമിക നിയമമനുസരിച്ച് ഒരു അടിമയെയോ തടവു പുള്ളിയെയോ സ്വതന്ത്രമായ രാഷ്ട്രത്തിലേക്ക് തിരികെ വിടലാണ് ശരിയായ രീതി. മദ്ഹബീ പ്രമാണങ്ങൾ അനുസരിച്ച് നിയമപരമായി ജിഹാദിലൂടെ പിടിക്കപ്പെടുന്ന അമുസ്‌ലിംകൾ അടിമകളായി പരിഗണിക്കപ്പെടും. മുസ്‌ലിം ജനവിഭാഗത്തെ രക്ഷിച്ചു കൊള്ളുക എന്നത് മുസ്‌ലിം രാജാക്കന്മാരുടെയും സാധാരാണക്കാരുടെയും ഉത്തരവാദിത്തം ആണെന്ന് പതിനഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതനായ മുഹമ്മദ് അൽ മഗീലി പറയുന്നുണ്ട്. ഇസ്‌ലാമിനെയും മാലികി മദ്ഹബിനെയും ഹൗസലാന്റുകാർക്ക് ഇടയിൽ പരിചയപ്പെടുത്തിയതിൽ അദ്ദേഹം ഇന്നും അതിന്റെ ബഹുമതി അർഹിക്കുന്നുണ്ട്. ദീനിന്റെ വ്യാപനം ഒരു സങ്കീർണ്ണമായി മാറിയപ്പോൾ അദ്ദേഹത്തിന്റെ ഈ അംഗീകാരങ്ങൾ പാരമ്പര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു. കർമ്മ ശാസ്ത്രത്തിലും അടിയുറച്ച് നിന്ന പണ്ഡിതനായിരുന്നു അൽ മഗീലി. അതിനാൽ ഒരുത്തൻ അടിമയാണെന്ന് തെളിയിക്കപ്പെടുന്നില്ലെങ്കിൽ അയാൾ സ്വതന്ത്രനാണെന്ന് കരുതപ്പെടണം.

 

അഹ്‌മദ്‌ ബാബയുടെ മിഅറാജ് അൽ സുഊദ്

നിയമപരവും നിയമ വിരുദ്ധവുമായ അടിമത്തത്തിന്റെ വിഷയത്തിൽ ഒരുപാട് കൃതികൾക്ക് ഉടമയും തിമ്പുക്തു കർമശാസ്ത്ര പണ്ഡിതനുമായ അഹ്മദ് ബാബയും ഇത്തരം വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രരായി ജനിച്ച എല്ലാ മുസ്‌ലിംകൾക്കും ഫ്രീഡം ഉറപ്പ് വരുത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെയും നിലപാട്. ഒരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം?, അടിമയാക്കപ്പെട്ട ഒരുത്തന്റെ ബാധ്യതയാണോ ഒരുത്തൻ സ്വതന്ത്ര മുസ്‌ലിം ആണോ അല്ലയോ എന്ന് അന്വേഷിക്കൽ? അടിമകൾ സ്വതന്ത്രരായി ജനിച്ചവരല്ല എന്ന് പറയാനുള്ള അധികാരം തടവിലാക്കുന്നവർക്കുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ബാബ തന്റെ മിഅ്‌റാജൽ സുഊദ് എന്ന ഗ്രന്ഥത്തിൽ ചോദിക്കുന്നുണ്ട്. അബുൽ അസ്ബാഗ് ബിൻ സഹൽ മുഹമ്മദ് ബിൻ യഹ്യ ബിൻ സുർബ്, മുഹമ്മദ് ബിൻ ഉമർ ബിൻ മുഹമ്മദ് അഖിത്, മഖ്ലൂഫ് ബിൻ അലി ബിൻ സാലിഹി അൽ ബൽബാലി തുടങ്ങിയ പണ്ഡിതന്മാരെ പരിഗണിച്ച് കൊണ്ട് ഉടമകൾക്കാണ് അവരുടെ അടിമ സ്വതന്ത്രനായി ജനിച്ച മുസ്‌ലിം ആണോ എന്നതിൽ അഭിപ്രായം പറയാൻ അവകാശം ഉള്ളത് എന്നു പറയുന്നുണ്ട്.

സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളുടെ പ്രത്യേക പദവിയെ അറിയുന്നതിലും അടിമത്തവൽക്കരണത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിലും പത്തൊൻപതാം നൂറ്റാണ്ടിനു മുമ്പുള്ള ഹൗസ രാഷ്ട്രങ്ങൾക്ക് സംഭവിച്ച പരാജയമാണ് പ്രധാനമായും സൊകോതോ ജിഹാദിന് തന്നെ കാരണമായത്. അവരെ സ്വയം തന്നെ മുസ്‌ലിംകൾ ആയി ഹൗസ രാഷ്ട്രത്തിന്റെ രാഷ്ട്രീയ നേതൃത്വം പരിഗണിച്ചിട്ടുണ്ടങ്കിലും പ്രാഗ് ഇസ്‌ലാമിക പാരമ്പര്യ മൂല്യങ്ങളിലാണ് അവർ അതിന്റെ നിയമ സാധുത തേടിയത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഫുലാനി ജനതയുടെ നിഖില മേഖലകളിലും ഇസ്‌ലാം വ്യാപിച്ചിരുന്നു. അതോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മതത്തെയും പാരമ്പര്യ ആചാരങ്ങളെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവന്നു.

അടിമത്തത്തിൽ നിന്ന് മുസ്‌ലിംകളെ പൂർണ്ണമായും മോചിപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണ് മുസ്‌ലിംകൾക്ക് ഹൗസ രാഷ്ട്രവുമായുള്ള ഏറ്റവും പ്രധാന പ്രശ്‌നം. പതിനെട്ടാം നൂറ്റാണ്ടുകളിൽ രാഷ്ട്രീയ ഇടപെടലുകൾ വളരെ അധികം സങ്കീർണമായിരുന്നു. ഗോബിർ, കാനോ, കാട്‌സിന, റാനോ, സാര്യ എന്നിങ്ങനെ ഒരുപാട് ചേരികളായി ആ സ്ഥലം വിഭജിക്കപ്പെട്ടു. അതിനാൽ തന്നെ ഈ കാലങ്ങളിൽ ഒരുപാട് കലഹങ്ങൾ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം നടമാടിയിരുന്നു. ഇതിന്റെ പരിണിതഫലമെന്നോണം ഒരുപാട് തടവുകാരെ സൃഷ്ടിക്കപ്പെട്ടു. അതിൽ തന്നെ കൂടുതലും സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളായിരുന്നു. യൊറുബലണ്ടിലും അസന്റെയിലുമായി ഈ അടിമകളെ വിറ്റഴിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോയേകും ഹൗസ സംസ്ഥാനങ്ങൾക്കിടയിലെ സംഘർഷം കാരണത്താൽ സ്വതന്ത്ര മുസ്‌ലിംകളുടെ അടിമത്തം മുസ്‌ലിം മത പണ്ഡിതന്മാരെ വല്ലാതെ ചൊടിപ്പിച്ചു. സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളെ ബന്ധിയാക്കുന്നതിൽ കഠിനമായി പ്രതിഷേധിച്ച രണ്ട് പണ്ഡിതരായിരുന്നു തുഅർഗ് പണ്ഡിതനായ ജിബ്രീൽ ബിൻ ഉമറും അദ്ദേഹത്തിന്റെ ശിഷ്യൻ ഉസ്മാൻ ദാൻ ഫൗദിയോയും. സോകോതോ ജിഹാദ് നടന്ന് കൊണ്ടിരിക്കുന്ന കാലത്ത് ഉടനീളം മത പണ്ഡിതന്മാർ ഇത്തരത്തിലുള്ള അടിമത്തത്തെ എതിർത്തു കൊണ്ടേയിരുന്നു.

സ്വതന്ത്രരായി ജനിച്ച മുസ്‌ലിംകളെ സംരക്ഷിക്കൽ ഓരോ രാജ്യത്തിന്റെയും ബാധ്യതയാണ് എന്ന് മനസ്സിലാക്കിയ രണ്ട് പണ്ഡിതരായിരുന്നു ഉസ്മാനും അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുല്ലാഹിയും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അവരുടെ ഗുരു ജിബ്രീൽ ബിൻ ഉമറും ഇതിനെതിരെ സംസാരിച്ചിരുന്നു. നിയമപരവും അല്ലാത്തതുമായ അടിമത്തത്തിന്റെ വിഷയത്തിൽ ഒരുപാട് ചർച്ചകൾ നടത്തിയ മാലികി മദ്ഹബിലെ പണ്ഡിതരുടെയും ഖാദിരിയ്യഃ തരീഖത്തിന്റെ സൂഫികളുടേതുമായ ഒരുപാട് കാര്യങ്ങൾ ഈ സഹോദരങ്ങൾ അവരുടെ തീവ്ര പഠനങ്ങളുടെ ഭാഗമായി അവർ കണ്ടെത്തിയിരുന്നു. അൽ മഗീലിയിലിയുടെയും ബാബയുടെയും രചനകളിൽ ഉസ്മാനും അബ്ദുല്ലാഹിയും നന്നായി മനസ്സിലാക്കിയിരുന്നു. അവരുടെ എഴുത്തുകളൊക്കെ തന്നെ പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ മാലികി മദ്ഹബിലെ ഗ്രന്ഥ ശേഖരണത്തിൽ ഖലീൽ ബിൻ ഇസ്ഹാഖിലൂടെ ചേർത്തിട്ടുണ്ട്. ജിബ്രീൽ ബിൻ ഉമറും ഇതിൽ കണിശത പാലിച്ചതിനാൽ തന്നെ ഉസ്മാനും അദ്ദേഹത്തിന്റെ ജിഹാദ് നേതൃത്വവും സ്വതന്ത്രരായ മുസ്‌ലിംകളെ അടിമത്തത്തിൽ നിന്ന് തടയുന്നത് അവരുടെ മേൽ നിർബന്ധമാണ് എന്ന് വിശ്വാസിക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.

(തുടരും)

മൊഴിമാറ്റം: ജുറൈസ് പൂതനാരി