ശൈഖ് എദബലിയും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ആത്മീയ നാൾ വഴികളും

അറുനൂറ് വർഷത്തോളം ലോകത്തിന്റെ വലിയൊരു ഭൂപ്രദേശം തന്നെ അടക്കി ഭരിച്ച, ചരിത്രത്തിൽ ഏറെ അടയാളപ്പെടുത്തപ്പെട്ട സാമ്രാജ്യമാണ് ഉസ്മാനിയ(ഓട്ടോമൻ) ഖിലാഫത്ത്. ഒട്ടോമൻ ചരിത്രത്തിലുടനീളം ആത്മീയതയോട് ഉണ്ടായിരുന്ന പ്രതിബദ്ധതയും ആദരവും ശ്രദ്ധേയമാണ്. പ്രവാചക സ്നേഹവും ആത്മീയ നായകരോടും പണ്ഡിതരോടുമുള്ള ആദരവും നിലനിർത്തി കൊണ്ടു പോകാൻ എക്കാലത്തെയും ഒട്ടോമൻ സുൽത്താന്മാർ ശ്രമിച്ചിരുന്നു.

സൂഫിസത്തോടുള്ള അദമ്യമായ ആഭിമുഖ്യവും ആദരവും ഇത്രമേൽ രൂഢമൂലമായതിനു പിന്നിൽ സാമ്രാജ്യത്തിന്റെ പ്രാരംഭദശ മുതലുള്ള വിവിധ അദ്ധ്യാത്മിക നേതൃത്വങ്ങളുടെ ശ്രദ്ധേയമായ പങ്കുണ്ട്. ഇവ്വിധം മതാധിഷ്ഠിതമായി ഭരണം നടത്തിയ ഒരു സാമ്രാജ്യത്തിന്റെ സംസ്ഥാപനത്തിൽ കാർമികത്വം വഹിച്ച സൂഫി പണ്ഡിതരിൽ പ്രധാനിയാണ് ശൈഖ് എദബലി.

ഓട്ടോമൻ സാമ്രാജ്യത്തിലെ ആത്മീയ നേതൃത്വമായ ശൈഖ് എദബലി സെൽജൂക് സാമ്രാജ്യത്തിൽ പെട്ട കരാമനിൽ 1206 ലാണ് ജനിക്കുന്നത്. തുർക്കിയിലെ അഹി സൂഫി ( അഹി എവ്റാൻ എന്ന് സൂഫി ശൈഖ് സ്ഥാപിച്ച ഒരു ത്വരീഖത്ത് )കളോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ബനൂ തമീം, അൽഖത്ർ കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. കരമനിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനാർത്ഥം മഹാൻ അന്നത്തെ പ്രമുഖ വൈജ്ഞാനിക നഗരമായിരുന്നു ഡമാസ്കസിലേക്ക് യാത്രയായി. അവിടെനിന്ന് ഇസ്‌ലാമിക നിയമ, തത്വശാസ്ത്രങ്ങളും ഹദീസ്, തഫ്സീർ പഠനങ്ങളിലും ആഴത്തിലുള്ള വിജ്ഞാനം കരസ്ഥമാക്കി. സ്വദ്റുദ്ദീൻ സുലൈമാൻ, ജമാലുദ്ദീൻ ഹുസൈരി തുടങ്ങിയ പ്രമുഖ പണ്ഡിതരുടെ ശിഷ്യനായിരുന്നു ഇദ്ദേഹം.

ബിലെചിക്കിലെ ശൈഖ് എദബലിയുടെ ദർഗ

ഡമസ്കസിൽ നിന്നും തിരിച്ചെത്തിയ ശൈഖ് എദബലി ഹമ്പലീ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതരിൽ ഒരാളായിത്തീർന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ ഉന്നതവക്താവും അക്കാലത്തെ പ്രമുഖ ഹദീസ് പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായി മഹാനവർകൾ മാറി. സൂക്ഷ്മതയും ജീവിത പരിത്യാഗവും മുഖമുദ്രയാക്കിയ ശൈഖ് അക്കാലത്തെ തുർക്കിയിലെ പ്രമുഖ പണ്ഡിതരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു.

തുർക്കിയിലെ സുപ്രധാന സൂഫിനേതൃത്വമായിരുന്ന അഹീ പരമ്പരയോട് അഭേദ്യമായ ബന്ധം പുലർത്തിയ എദബലി അതിന്റെ സ്ഥാപകനായ അഹീ എവ്റാനിൽ നിന്ന് നേരിട്ട് ആത്മീയശിക്ഷണം ലഭിച്ച ആളായിരുന്നു. അഹീ എവ്റാൻ എന്ന മുസ്‌ലിം പണ്ഡിതനും ആത്മീയനേതാവും മംഗോളിയക്കാരുടെ ഖുറാസാൻ ആക്രമണത്തിന് മുമ്പ് അനറ്റോലിയയിലെത്തുകയും ഖായ്‌സേരിയിൽ മൃഗത്തോൽ ഇടപാടുകാരനായി ജോലി ചെയ്തിരുന്നു. അദ്ദേഹം വ്യത്യസ്ത നാടുകളിലുള്ള മുസ്‌ലിം കരകൗശല വിദഗ്ധരെ സംഘടിപ്പിച്ചു സൂഫി സംസ്‌കാരങ്ങളെ ചേർത്തു നിർത്തി ആരംഭിച്ച സംഘടനയാണ് മരണാനന്തരം തന്റെ പേരിൽ അറിയപ്പെട്ട അഹിലാർ എന്ന സൂഫി കൂട്ടായ്‌മയായി മാറിയത്.

സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്ന എദബലി മത വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസകേന്ദ്രങ്ങളും താമസസൗകര്യവും സ്വന്തം ചെലവിൽ നിർമ്മിച്ചിരുന്നു. ദരിദ്രർക്കും പാവപ്പെട്ടവർക്കും ഭക്ഷണം നൽകുകയും ആശ്വാസമാവുകയും ചെയ്ത ശൈഖ് അനറ്റോലിയൻ ജനതയുടെ ആത്മീയ നേതൃത്വമായി മാറി. അനറ്റോലിയൻ തുർക്കികളെ ഇസ്‌ലാമിന്റെ തത്ത്വങ്ങൾ പഠിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിയമ പരിപാടികൾക്ക് ധാരാളമായി ധനസഹായം നൽകുകയും ചെയ്തു.

ശൈഖ് എദബലിയുടെ ഖബർ

പ്രശസ്ത കവി റൂമിയുമായി എദബലി കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വിരുദ്ധത നിലനിൽക്കുന്നുണ്ട്. റൂമിയും എദബലിയും സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നെങ്കിലും, രണ്ട് വ്യക്തികളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വാദങ്ങളെ പിന്തുണക്കുന്നതിൽ ചരിത്രപരമായ സ്രോതസ്സുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഗാസിയുടെ പിതാവായ എർത്തുറുൽ ഗാസി എദബലിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. എർതുറൂലുമായുള്ള സംഭാഷണത്തിൽ ശൈഖ് പലപ്പോഴും ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമിലെ രാഷ്ട്ര സംസ്ഥാപന വ്യവസ്ഥയെ കുറിച്ചും ധാരാളം ചർച്ച ചെയ്തിരുന്നു. അനറ്റൊലിയയിലെ ഇസ്‌ലാമിക സംസ്കാരവും അവിടെയുള്ള രാഷ്ട്രനിർമ്മാണത്തിലെ ആവശ്യകതയും അവരുടെ ചർച്ചകളിൽ പലപ്പോഴായി ഇടംപിടിച്ചു.

ചെറുപ്രായത്തിൽതന്നെ പിതാവിനോടൊപ്പം ശൈഖ് എദബലിയുമായുള്ള സാമീപ്യം ഉസ്മാനെ അദ്ദേഹത്തിലേക്ക് ആകർഷിച്ചു. പിതാവും ശൈഖുമായും ഉള്ള സംഭാഷണങ്ങളും സൗഹൃദങ്ങളും മത വിഷയങ്ങളിൽ ഉള്ള കണിശതയും ആത്മീയ ജീവിതവും ഉസ്മാന്റെ മനസ്സിൽ വലിയ സ്വാധീനം സൃഷ്ടിച്ചു.

ഒരിക്കൽ ആരാധനയിലായിരുന്ന ഉസ്മാൻ ഒരു സ്വപ്നം കാണുകയുണ്ടായി. തന്നെ ആത്മീയ ഗുരുവായ ശൈഖ് എദബലിയുടെ നെഞ്ചിൽ നിന്നും ഒരു പൂർണ്ണചന്ദ്രൻ ഉയർന്നുവന്ന് ആകാശത്തിൽ നിന്ന് തന്റെ നെഞ്ചിലേക്ക് ഇറങ്ങി അപ്രത്യക്ഷമാകുന്നു. അതിന്റെ പിറകെയായി തന്റെ നെഞ്ചിലൊരു ചിനാർ മരം മുളക്കുന്നു. അത് തഴച്ചുവളർന്ന് അതിന്റെ ശിഖരങ്ങൾ ലോകത്തിന്റെ മൂന്നു ഭൂഖണ്ഡങ്ങളിലും ഉൾക്കൊള്ളുന്ന രൂപത്തിൽ വ്യാപിച്ചുകിടക്കുന്നു, മരത്തിന്റെ വിശാലമായ മേലാപ്പിനിടയിൽ നാലു പർവ്വതനിരകൾ അദ്ദേഹം കണ്ടു. വൃക്ഷത്തിന്റെ വേരുകളിൽ നിന്ന് ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നീ മഹാനദികൾ പൊട്ടിയൊഴുകുന്നു.
അതിലെ ജലം എല്ലാത്തരം കപ്പലുകളും കൊണ്ട് നിറഞ്ഞിരുന്നു. പാടങ്ങൾ പഴുത്ത വിളകളാൽ നിറഞ്ഞിരുന്നു. ദേശം പച്ചയും ആകാശം തിളങ്ങുന്ന നീലയുമായി തിളങ്ങി. ഈ സമൃദ്ധിയിൽ സൈപ്രസുകളുടെയും റോസാപ്പൂക്കളുടെയും തോട്ടങ്ങളിലൂടെ ഒഴുകുന്ന അരുവികളും ജലധാരകളും. താഴ്‌വരകളിൽ, ഉസ്മാൻ മികച്ച വാസ്തുവിദ്യയുടെ തിളങ്ങുന്ന നഗരങ്ങൾ കണ്ടു. പള്ളികളുടെ സുവർണ്ണ താഴികക്കുടങ്ങൾ, അവയുടെ അഗ്രങ്ങളിൽ തിളങ്ങുന്ന സ്വർണ്ണ ചന്ദ്രക്കലകൾ. ഉയർന്ന മിനാരങ്ങളിൽ നിന്ന് മുഅദ്ദിനുകൾ പ്രാർത്ഥനയിലേക്കുള്ള വിളി ചൊല്ലുന്നു. ഭീമാകാരമായ വൃക്ഷത്തിൽ എല്ലാത്തരം പാടുന്ന പക്ഷികളും ഉണ്ടായിരുന്നു. അവയുടെ നാദം വാങ്കിന്റെ ശബ്ദങ്ങളുമായി കൂടിച്ചേർന്നു. പെട്ടെന്നുതന്നെ ഒരു വലിയ കാറ്റ് വീശാൻ തുടങ്ങി. അത് ലോകത്തിലെ വലിയ നഗരങ്ങളിലേക്ക്, പ്രത്യേകിച്ച് കോൺസ്റ്റാന്റിനോപ്പിലേക്ക് വ്യാപിക്കുന്നു .

അത്ഭുത സ്തബ്ധനായി എഴുന്നേറ്റ ഉസ്മാൻ, തന്റെ സ്വപ്നത്തെക്കുറിച്ച് ശൈഖിനോട് പറഞ്ഞു. ഈ സ്വപ്നം താങ്കളുടെ ജീവിതത്തിലെ ഒരു പുത്തൻ വഴിത്തിരിവാകുമെന്ന ശുഭസൂചന ശൈഖ് ഉസ്മാനെ അറിയിച്ചു. സ്വപ്നത്തിൽ കണ്ട ചന്ദ്രൻ തന്റെ മകൾ റാബിയ ബല ഹാത്തൂന്റെ പ്രതീകമാണെന്നും അവരെ നിങ്ങൾ വിവാഹം കഴിക്കുമെന്നും മഹാൻ പറഞ്ഞു. നെഞ്ചിൽ പ്രത്യക്ഷപ്പെട്ട മരം പരമാധികാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ലോകമൊട്ടാകെ അടക്കിവാഴുന്ന ഒരു സാമ്രാജ്യം നിങ്ങൾ സ്ഥാപിക്കുമെന്നും നിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും ഭരിക്കാനുള്ള അധികാരം നാഥൻ നൽകുമെന്നും ശൈഖ് സന്തോഷവാർത്ത അറിയിച്ചു.

 

ശൈഖ് എദബലി ഉസ്മാൻ ഗാസിക്ക് നൽകിയ ഉപദേശം

ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു നൂറ്റാണ്ടുകളോളം വിശാലമായ മേഖലകൾ ഭരണം നടത്തിയ ഒട്ടോമൻ സാമ്രാജ്യം. ഉസ്മാന്റെ സ്വപ്നം പിന്നീട് യാഥാർഥ്യമായി. അദ്ദേഹം വലിയ പോരാട്ട നായകനായി മാറി. ഓരോ പ്രവിശ്യകളും ഒന്നിനു പിറകെ ഒന്നായി കൈയടക്കി.

ഉജ്ജ്വലമായ പോരാട്ടങ്ങൾക്കും തുല്യതയില്ലാത്ത ഭരണത്തിനും പിന്നിൽ പ്രവർത്തിച്ച ആത്മീയ ഗുരുവായിരുന്നു ശൈഖ് എദബലി. ഉസ്മാനിയ ഖിലാഫത്ത് രൂപീകരണത്തിനും നയ നിർമ്മാണങ്ങളിലും ശൈഖ് ഉദാത്തമായ മാതൃകകളും ശിക്ഷണങ്ങളും നൽകി. സാമ്രാജ്യത്തിന്റെ ആദ്യത്തെ ഖാളിയായി മഹാനവർകൾ തെരഞ്ഞെടുക്കപ്പെട്ടു. അധികാരം ലഭിച്ച തന്റെ ശിഷ്യനും മരുമകനുമായ ഉസ്മാന് ശൈഖ് ഉന്നതമായ ഉപദേശങ്ങൾ നൽകി. പ്രൗഢിയോടെയുള്ള തന്റെ രാജകീയ ജീവിതത്തിലൊരിക്കലും സൃഷ്ടാവിനോടുള്ള കടമകൾ തിരസ്കരിക്കപ്പെടരുതെന്ന് ശൈഖ് നിരന്തരം മുന്നറിയിപ്പ് നൽകി. ആത്മീയമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും സൃഷ്ടാവ് അനുവദിക്കാത്ത പ്രവർത്തനങ്ങളും ഭരണരീതികളും ഒരിക്കലും സ്വീകരിക്കരുതെന്നും കർശനമായി നിർദ്ദേശിച്ചു. ചെറിയൊരു പ്രദേശത്തിന്റെ അമീറായി ചുമതലയേറ്റ ഉസ്മാനോട് നടത്തിയ ശൈഖ് അദബലിയുടെ ഉപദേശങ്ങൾ പ്രസിദ്ധമാണ്.

“മകനേ!
ഇപ്പോൾ നീ അമീറാണ്!
ഇനി മുതൽ കോപം നമുക്കുള്ളതാണ്. ശാന്തത നിനക്കുള്ളതാണ്… അസ്വസ്ഥരാകുന്നത് ഞങ്ങളാണ്, ആത്മാക്കളെ ആശ്വസിപ്പിക്കേണ്ടത് നീയാണ്,
കുറ്റപ്പെടുത്തൽ ഞങ്ങൾക്കുള്ളതാണ്,
അവ പരിഹരിക്കേണ്ടത് നീയാണ്, ബലഹീനതയും തെറ്റുകളും ഞങ്ങളിൽ നിന്നുണ്ടാകും,
സഹിഷ്ണുത നിന്നിൽനിന്നും, അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും വാദങ്ങളും ഞങ്ങൾക്ക് വേണ്ടിയാണ്,
നീതി കാക്കേണ്ടത് നീയാണ്…
തിന്മയുടെ നോട്ടങ്ങളും അന്യായമായ വ്യാഖ്യാനവും ഞങ്ങൾ ചെയ്യുന്ന പണിയാണ്,
ക്ഷമിക്കേണ്ടത് നീയാണ്… ”

“മകനേ!
ഇപ്പോൾ മുതൽ ഞങ്ങളിൽ വിഭജനമുണ്ടാകുമ്പോൾ
ഐക്യപ്പെടുത്തേണ്ടത് നീയാണ്,
ഞങ്ങൾക്ക് അലസത വന്നേക്കാം
മുന്നറിയിപ്പ്, പ്രോത്സാഹനം, ആസൂത്രണം എന്നിവ നൽകേണ്ടത് നീയാണ്… ”

“മകനേ!
നിന്റെ കർത്തവ്യം ഭാരമുള്ളതാണ്,
നിന്റെ ജോലി കഠിനമാണ്,
സർവ്വശക്തനായ അല്ലാഹു നിന്നെ സഹായിക്കുകയും നിന്റെ സാമ്രാജ്യത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
അവൻ സത്യത്തിന്റെ പാതയെ നല്ലതാക്കുകയും
അതിന്റെ പ്രകാശം പ്രകാശിപ്പിക്കുകയും വിദൂരത്തുനിന്നു കാണുകയും ചെയ്യട്ടെ. നിങ്ങളുടെ ഭാരം വഹിക്കാനുള്ള ശക്തിയും
നിങ്ങളുടെ പാത മായ്‌ക്കാനുള്ള
ജ്ഞാനവും ഹൃദയവും
അവൻ നിങ്ങൾക്ക് നൽകട്ടെ. ”

“മകനേ!
നീ ശക്തനും ബുദ്ധിമാനും മികച്ച പ്രഭാഷകനുമാണ്;
എന്നാൽ അവ എങ്ങനെ, എവിടെ ഉപയോഗിക്കണമെന്ന് നീ തിരിച്ചറിഞ്ഞില്ലെങ്കിൽ പ്രഭാതത്തിലെ ആദ്യത്തെ കാറ്റിനൊപ്പം തന്നെ നീ വലിച്ചെറിയപ്പെടും.

കോപവും സ്വന്തത്തോടുള്ള അഭിനിവേശവും നിന്റെ ജ്ഞാനത്തെ പരാജയപ്പെടുത്തുന്നതിനെ സൂക്ഷിക്കണം. അതുകൊണ്ടാണ് നീ എല്ലായ്പ്പോഴും ക്ഷമയും നിശ്ചയദാർഢ്യവും പുലർത്തണമെന്ന് പറയുന്നത്. ”

“ക്ഷമ വളരെ പ്രധാനമാണ്.
ഒരു അമീറിന് ക്ഷമിക്കാൻ അറിഞ്ഞിരിക്കണം.
ഒരു പുഷ്പവും അതിന്റെ സമയത്തിന് മുമ്പ് പൂക്കുന്നില്ലല്ലോ…
ഉണങ്ങി വാടിയ പഴങ്ങൾ കഴിക്കാൻ കഴിയില്ലല്ലോ…
ഇനി, അത് കഴിച്ചാലും അത് നിന്റെ തൊണ്ടയിൽ കുടുങ്ങും.
അറിവില്ലാത്തവന്റെ അധികാരാരോഹണം ഇത്തരത്തിലുള്ള ഒരു വാടിയ പഴം പോലെയാണ്… ”

“രാജ്യത്ത് അറിവ് വസിക്കട്ടെ.
ഇതിനോട് നിങ്ങൾ പുറം തിരിയരുത്.
എല്ലായ്പ്പോഴും അതിന്റെ അസ്തിത്വം കേൾക്കുക.
ഈ അറിവാണ് പൊതുജനങ്ങളെ നിയന്ത്രിക്കുകയും സജീവമായി നിലനിർത്തുകയും ചെയ്യുന്നത്… ”

“മകനേ! അതിരാവിലെ ജനിച്ച് രാത്രിയിൽ മരിക്കുന്നവരുണ്ട്. “

“ലോകം നിങ്ങളുടെ കണ്ണുകൾ കാണുന്നത്ര വലുതല്ല.
വിജയിക്കാത്ത എല്ലാ രഹസ്യങ്ങളും അജ്ഞാതമാണ്.
നിങ്ങളുടെ കൃപയിലൂടെയും
നീതിയിലൂടെയും മാത്രമേ അവ വെളിപ്പെടുകയുള്ളൂ. ”

“നിങ്ങളുടെ മാതാപിതാക്കളെ അങ്ങേയറ്റം ബഹുമാനിക്കുക,
അനുഗ്രഹങ്ങൾ പ്രായമെത്തിയവരുടെ വാക്കിലൂടെയാണെന്ന് അറിയുക. ”

“നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങൾ പച്ചപ്പിൽ നിന്ന് മരുഭൂമികളിലേക്കോ വരണ്ട ദേശങ്ങളിലേക്കോ തിരിയുന്നുവെന്ന് തീരിച്ചറിയണം.

മനസ്സ് തുറന്നു സംസാരിക്കുക! ധൃതികാണിച്ചു അസ്വസ്ഥരാകരുത്!
ഉയർന്ന സ്ഥലങ്ങളിൽ ഉള്ളവർ
താഴ്ന്ന സ്ഥലങ്ങളിലെപ്പോലെ സുരക്ഷിതരല്ലെന്ന് മറക്കരുത്.”

“നിങ്ങളുടെ ശരികൾ വാദിക്കാൻ ഭയപ്പെടരുത്,
നിങ്ങളെ സ്വയം തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വിജയം.
ഒരാളുടെ യഥാർത്ഥ ശത്രു അവന്റെ ശരീരം തന്നെയാണ്, ”

“ഒരു ദിവസം ഒരു വ്യക്തിയുടെ ശക്തി തീർന്നുപോകുമെങ്കിലും തന്റെ വിജ്ഞാനത്തിലൂടെ അയാൾ ജീവിക്കുന്നു. അറിവിന്റെ വെളിച്ചം അടഞ്ഞ കണ്ണുകളിലൂടെ പോലും കടന്നുപോകുന്നു. ”
പോരാട്ടം നിർത്താനും വിശ്രമിക്കാനുംനമുക്ക് അവകാശമില്ല;
കാരണം നമുക്ക് കൂടുതൽ സമയമില്ല… ”

“സ്നേഹമാണ് നമ്മുടെ ദൗത്യത്തിന്റെ അടിസ്ഥാനം.
സ്നേഹിക്കുക എന്നാൽ ശാന്തതയാണ്, ആക്രോശിച്ചോ, ശാസിച്ചോ നിങ്ങളുടെ സ്നേഹം വെളിപ്പെടുത്താൻ കഴിയില്ല… ”

“ഓ ഉസ്മാൻ! തങ്ങളുടെ ഭൂതകാലത്തെ അംഗീകരിക്കാത്തവർക്ക് അവരുടെ ഭാവി അറിയാൻ കഴിയില്ല.
നിങ്ങളുടെ ഭൂതകാലത്തെ നന്നായി അറിയുക,
നിങ്ങൾക്ക് ഭാവിയിലേക്ക് ശക്തമായി നടക്കാൻ കഴിയും.
നിങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് മറക്കരുത്,
എവിടേക്കാണ് മടക്കമെന്നും വിസ്മരിക്കരുത്.
നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ…”.

തന്റെ ആത്മീയഗുരുവിന്റെ ഈ അതുല്യമായ നിർദ്ദേശം ഉസ്മാൻ ഗാസിയുടെ നിരവധി ഭൗതികവും ആത്മീയവുമായ ഔന്നിത്യങ്ങൾക്ക് ചാലക ശക്തിയായി മാറി.
ചുരുങ്ങിയ ഒരു പ്രദേശത്തിന്റെ അമീർ പദവിയിൽ നിന്ന് പതിനാറാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയ്ക്ക് മൂന്നു ഭൂഖണ്ഡങ്ങൾ വ്യാപിച്ചുകിടന്ന തെക്കുകിഴക്കൻ യൂറോപ്പ്, മദ്ധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക എന്നീ വിസ്തൃതമായ പ്രദേശങ്ങളുടെ ഭൂരിഭാഗവും അധികാരത്തിലാക്കിയ തുല്യതയില്ലാത്ത ഒരു മഹാസാമ്രാജ്യത്തിന്റെ സ്ഥാപകനും അജയ്യമായ നേതൃത്വവുമാകാൻ ഉസ്മാൻ ഗാസിക്ക് ഉത്തേജകമായത് എദബലിയുടെ ഈ ആത്മീയ ശിക്ഷണവും ഉപദേശങ്ങളുമായിരുന്നു എന്നതിൽ സന്ദേഹമില്ല. ഒട്ടോമൻ സാമ്രാജ്യത്തിലെ നാനോന്മുഖമായ മേഖലകളിലും ശൈഖ് എദബലി അടക്കമുള്ള ആത്മീയ നേതാക്കളുടെ മഹത്തായ ഭാഗധേയത്വങ്ങളും ഇടപെടലുകളും തുല്യതയില്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഉസ്മാൻ ഖാസി ബിലെചിക് കീഴടക്കിയതിനുശേഷം, എദബലി തന്റെ ഖാൻഗാഹി(പർണ്ണശാല)യിലേക്ക് മാറി. ബിലെചിക്കിലെ വിവിധ പ്രദേശങ്ങളിൽ അദ്ദേഹം മതപ്രചരണം തുടർന്നു. എന്നിരുന്നാലും ഉസ്മാൻ ഗാസിയോടൊപ്പം പല യുദ്ധങ്ങൾക്കും മാർഗദർശിയായും മറ്റും എദബലി തുടർന്നും പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. എദബലി പലപ്പോഴും ‘ബാലെഹ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം, മധ്യ അനറ്റോലിയയിലെ കൊർക്കലെ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണത്തിനും ജില്ലയ്ക്കും ബാലെഹ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

120 വയസ്സ് വരെ ജീവിച്ച എദബലി 1326ൽ ബിലെചിക്കിൽ വെച്ചുതന്നെ വഫാത്തായി. തന്റെ ഖാൻഗാഹിനോട് ചേർന്നാണ് മഖ്‌ബറ സ്ഥിതി ചെയ്യുന്നത്. തുർക്കിയിലെ ടൂറിസ്റ്റ്കേന്ദ്രങ്ങളിലൊന്നായ ബിലെചിക്കിലെ ശൈഖിന്റെ മഖ്ബറ ഇന്നും വിശ്വാസികളുടെ മുഖ്യ തീർത്ഥാടന കേന്ദമാണ്.