സൗമ്യതയില്‍ ഇസ്‌ലാം പകര്‍ന്ന സൂഫിഗുരു

മിക്കവരും സ്‌നേഹത്തെ റൊമാന്‍സിനോടും ലൈംഗികതയോടുമാണ് കൊളുത്തിയിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഒരു ഉത്തമ പുരുഷനുമായി മത്ത് പിടിച്ച പ്രണയത്തിലകപ്പെടുമെന്ന് ഞാന്‍ സ്വപ്‌നേപി നിനച്ചതല്ല. ആകര്‍ഷണീയമായ, പാണ്ഡിത്യമുള്ള, കണ്ണടവെച്ച, നിരതെറ്റിയ പല്ലുകളുള്ള, എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരിക്കുന്ന സാന്‍സിബാറില്‍ നിന്നുള്ള ഒരു കറുത്ത മനുഷ്യന്‍. ലുങ്കിക്ക് മേല്‍ നീളമുള്ള കോട്ട് ധരിച്ചിട്ടുണ്ട് അദ്ദേഹം. സമ്പന്നമായ എഡ്വാര്‍ഡിയന്‍ ഇംഗ്ലീഷിലാണ് സംസാരം. ആരെയും വീഴ്ത്തുന്ന പുഞ്ചിരിയുമായി ഒരു ഊന്നുവടിയും പിടിച്ചാണ് നടത്തം. എന്റെ ഉപ്പയെയും ഉമ്മയെയും അങ്ങേക്കായ് സമർപ്പിക്കട്ടെ എന്ന തിരുനബി(സ)യുടെ അനുചരന്മാരുടെ പ്രയോഗത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോഴാണ്. എങ്ങനെയാണ് അവർക്ക് മാതാപിതാക്കളെപ്പറ്റി ഇവ്വിധം പറയാന്‍ സാധിക്കുന്നതെന്ന് സയ്യിദ് ഉമര്‍ അബ്ദുല്ലയെ കണ്ടുമുട്ടുന്നത് വരെ എനിക്ക് അചിന്തനീയമായിരുന്നു.

എന്റെ കണ്ണ് ആ മനുഷ്യനില്‍ പതിഞ്ഞ മാത്രയിൽ എന്നില്‍ നിന്നും അവിടുത്തേക്ക് സ്‌നേഹം പരന്നൊഴുകി. ജീവിതത്തില്‍ അദ്ദേഹത്തോട് തോന്നിയ പ്രണയത്തോളം മറ്റൊരാളോടും തോന്നിയിട്ടില്ലെന്ന് എനിക്ക് പറയാനാകും. സ്‌നേഹത്തിന്റെയും പരസ്പരധര്‍മത്തിന്റെയും അകപ്പൊരുള്‍ എനിക്ക് പകര്‍ന്നത് അദ്ദേഹമാണ്. എനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് എന്നോടുമുള്ള സ്‌നേഹം അന്യോന്യം അറിയാമായിരുന്നു. അദ്ദേഹത്തെ കാണാന്‍ കൊതിക്കുമ്പോഴൊക്കെ എന്റെ ഹൃദയം തിളച്ചുമറിയും. അദ്ദേഹം അകലെയായിരിക്കുമ്പോള്‍ അങ്ങേയറ്റത്തെ ശൂന്യത ഞാനനുഭവിക്കും. ഇടതടവില്ലാതെ അദ്ദേഹത്തെ പറ്റി ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടോപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ആനന്ദം കണ്ടെത്തി. അദ്ദേഹം എനിക്ക് സര്‍വ്വതുമായിരുന്നു. എന്റെ ആത്മസുഹൃത്തായിരുന്നു. ഈ ലോകത്ത് ആ മനുഷ്യന്‍ ജീവിക്കുന്നുണ്ടെന്ന ബോധം എന്നില്‍ പച്ചപ്പ് നിലനിർത്തി. അവര്‍ പരലോകം പൂകിയപ്പോള്‍ ഞാന്‍ തരിശുഭൂമിയായിത്തീര്‍ന്നു. വീണ്ടെടുക്കാന്‍ ഞാന്‍ പറ്റേ അശക്തനാണെന്ന അഗാധമായ നഷ്ടബോധം എന്നെ കീഴടക്കി.

അദ്ദേഹവുമായി ഞാന്‍ മാത്രമല്ല പ്രണയവീഥിയിലെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞിരുന്നു. സൗദി അറേബ്യയിലെ പഴയ ജിദ്ദാ തെരുവില്‍ ഞങ്ങളൊരുമിച്ച് ഒരിക്കല്‍ നടക്കുമ്പോള്‍ ചിലര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഒരാള്‍ സയ്യിദ് ഉമറിന്റെ അരിക് ചേര്‍ന്ന് നിന്ന് അറബിയില്‍ അത്യുച്ചത്തില്‍ വിളിച്ചു. യാ ഹബീബ്! (സൗത്ത് യമനിലെ ആദരണീയ ഹള്‌റമീ മഹത്തുക്കളാണ് ഹബീബ്. അല്ലാഹു അവരുടെ ആത്മീയ ഗുരുക്കന്മാരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കട്ടെ) ഞാന്‍ നിങ്ങളെ പ്രിയം വെക്കുന്നു! പിന്നെ അദ്ദേഹം തന്നെ സ്വയം ചോദിച്ചു, ‘എന്തിനാണ് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നത്, ഹബീബ്?’ വിനയപൂര്‍വ്വം ചിരിച്ച് തലകുലുക്കി കൊണ്ട് സയ്യിദ് ഉമര്‍ കണ്ണുകള്‍ പാതി താഴ്ത്തി. ‘എന്റെ ദൈവത്തില്‍ നിന്നുള്ള സമ്മാനം,’ അയാള്‍ ആവേശഭരിതനായി. ഈ പെരുമാറ്റരീതിക്ക് പലതവണ ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദൈവപാതയെക്കുറിച്ച് ജ്ഞാനം സിദ്ധിച്ചവരുടെ യശസ്സിന്റെ വിശേഷലക്ഷണങ്ങളിലൊന്ന് സകല സൃഷ്ടികളോടുമുള്ള അവരുടെ വാത്സല്യമാണെന്ന് വിശ്രുത പണ്ഡിതന്‍ ഇമാം ഗസാലി(റ) എഴുതുന്നുണ്ട്. സയ്യിദ് ഉമര്‍ പോകുന്നിടത്തൊക്കെ സ്‌നേഹത്തെ മുദ്രണം ചെയ്തു.

അദ്ദേഹത്തെ ഞാനാദ്യം നേരില്‍ കണ്ടപ്പോള്‍ കൊമോറോസ് ദ്വീപില്‍ നിന്നുമുള്ള പൂര്‍ണ്ണാധികാര സ്ഥാനപതിയായി സേവനം ചെയ്യുകയായിരുന്നു. ഒരു കൊച്ചുദ്വീപിന്റെ അംബാസിഡര്‍ മാത്രമാണ് അദ്ദേഹമെന്നായിരുന്നു ഞാന്‍ കരുതിയത്. കൊമോറോസിന് വേണ്ടി അദ്ദേഹം ഉലകം ചുറ്റി. ദശലക്ഷക്കണക്കിന് ഡോളര്‍ വിദേശ സഹായങ്ങള്‍ അദ്ദേഹം തന്റെ വ്യക്തിപ്രഭാവം ഉപയോഗിച്ച് രാജ്യത്തേക്ക് കൊണ്ടുവരാന്‍ പ്രയത്‌നിച്ചു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഇഷ്ടസ്ഥലമായ ഗള്‍ഫ് നാടുകളില്‍ നിന്ന്.

നയതന്ത്ര ആവരണങ്ങള്‍ക്കപ്പുറത്ത് അയാളൊരു മികവുറ്റ ആഫ്രിക്കന്‍ അധ്യാപകനാണ്, അതിനുമപ്പുറം അദ്ദേഹം സൂഫി ദിവ്യപുരുഷനായിരുന്നു. ഒരിക്കല്‍ തന്റെ നയതന്ത്ര ദൗത്യനിര്‍വഹണത്തിനിടെ, അദ്ദേഹം ലണ്ടനില്‍ വസിക്കുന്ന സൂഫിപാതയിലെ യാത്രികരെ കുറിച്ച് അറിയാനിടയാവുകയും ഞങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു.

ഒരു പ്രകൃതി ശക്തിയെപ്പോലെ അദ്ദേഹം ഞങ്ങളെ മിന്നലാക്രമണത്തിലൂടെ വശീകരിച്ചു. സ്വാദൂറുന്ന പലഹാരങ്ങള്‍ തിങ്ങിനിറഞ്ഞ ടേബിളിന് മുമ്പിലെ വിരുന്നുകാരനെപ്പോലെ അയാള്‍ ജ്ഞാനത്തില്‍ മുഴുകി. സൂഫിസം രുചിയെക്കുറിച്ചുള്ളതാണെന്ന് അദ്ദേഹം പലയാവര്‍ത്തി പറയാറുണ്ട്. ‘ദിക്‌റിന്റെയും അറിവിന്റെയും മാധുര്യം രുചിച്ചറിയാതെ സൂഫിപാതയില്‍ തുടരുന്നത് അത്ര എളുപ്പമല്ല.’ വിഷയ ദാരിദ്ര്യമെന്നത് തീരെ ഇല്ല. അദ്ദേഹം അനായാസേന പുഞ്ചിരിതൂകി. അദ്ദേഹത്തിന്റെ ചിരിയും നര്‍മ്മബോധവും ചുറ്റുമുള്ളവരിലേക്ക് പടര്‍ന്ന് പിടിക്കും.

സൂഫി മാര്‍ഗ്ഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം സര്‍വ്വവിജ്ഞാനകോശ സമാനമാണ്. ക്ലാസ്സിക്കല്‍ സൂഫി സിദ്ധാന്തങ്ങളെ അത്രമേല്‍ വ്യക്തതയോടെയും ഉള്‍ക്കാഴ്ചയോടെയും രസകരമായ നര്‍മ്മം കലര്‍ത്തി ഇംഗ്ലീഷില്‍ പകര്‍ന്നുനല്‍കുന്ന ഒരാളെയും ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം വായുമണ്ഡലത്തെ പ്രസന്നമാക്കി. ജീവിതത്തിന്റെ ഉത്കടമായ സന്തോഷത്തെ അദ്ദേഹം പ്രകടിപ്പിച്ചു. ജനങ്ങളെ സ്‌നേഹിച്ചു. അദ്ദേഹം തന്റെ ഉറ്റസുഹൃത്ത് സയ്യിദ് ഹാദി അല്‍ ഹദ്ദാറിനൊപ്പമാണ് വന്നത്. ഇരുവരും ഞങ്ങളോടൊന്നിച്ച് നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയും സൂഫി തത്ത്വങ്ങളെക്കുറിച്ചും അതിന്റെ അഭ്യാസത്തെക്കുറിച്ചും മിണ്ടിപ്പറയുകയും ചെയ്തു. ഹര്‍ഷോന്മത്തനായിരുന്ന സയ്യിദ് ഹാദി ഭക്തിപുരസ്സരം സദസ്യരോട് പറഞ്ഞു, ‘നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആത്മാഭിമാനം കൊള്ളുന്നു’. സയ്യിദ് ഉമര്‍ പരമാനന്ദത്തിനും സമചിത്തതക്കുമിടയില്‍ തൂക്കമൊപ്പിക്കാന്‍ ശ്രമിച്ചു. സമൃദ്ധമായ സംസാരത്തില്‍ തന്റെ വശീകരണശക്തിയെ ഇഴുകിച്ചേര്‍ത്തു. ഉള്‍ക്കാഴ്ചകളും ആഖ്യാനങ്ങളും സാമര്‍ത്ഥ്യ വാക്കുകളും ഉപയോഗിച്ച് അദ്ദേഹം കേള്‍വിക്കാരെ ഊര്‍ജ്ജസ്വലരാക്കി. സംസാരിക്കുമ്പോള്‍ കൂഫിയ(ചിത്രങ്ങളില്‍ നെയ്‌തെടുക്കപ്പെട്ട മേല്‍തട്ടം) തലയുടെ പിന്‍ഭാഗത്തേക്ക് തെന്നാന്‍ തുടങ്ങും. അത് പൂര്‍ണ്ണമായും വീഴുന്നതിന് മുന്‍പ് സയ്യിദ് ഉമര്‍ തത്സ്ഥാനത്തേക്ക് മാറ്റുകയും അദ്ദേഹം സംസാരം തുടരുകയും ചെയ്യും.

നമസ്‌കാര സമയമായപ്പോള്‍ ഞാന്‍ അവസരം കൈമുതലെടുത്ത് വുദൂഅ് ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു. ഞാന്‍ പാത്രത്തില്‍ വെള്ളം നിറക്കുകയും മുകള്‍ത്തട്ടിലെ എന്റെ റൂമില്‍ നിന്ന് അദ്ദേഹത്തിന് വെള്ളം ചൊരിഞ്ഞു നല്‍കുകയും ചെയ്തു. അദ്ദേഹം എന്നെ ആശീര്‍വദിച്ചു. നാസ്തയ്ക്ക് ശേഷം ചായ കുടിക്കുമ്പോള്‍ സയ്യിദ് ഉമര്‍ എന്നെ അഭിമുഖീകരിച്ചു. ഞാന്‍ എവിടെ നിന്നാണെന്ന് ആരാഞ്ഞു. ഈ വഴിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ ഹോളിവുഡ് നടനായിരുന്നു. ബാല്യ കാലം മുതല്‍ക്കേ തിയേറ്ററിലായിരുന്നു. മികച്ച അഭിനേതാവാകുക എന്നതാണ് എന്റെ ഏക ജീവിതാവശ്യമെന്ന് ഞാന്‍ കരുതിപ്പോന്നു. പൊടുന്നനെ എന്റെ ഭാവി കരിയറിനെയും കുടുംബത്തെയും കൂട്ടുകാരെയും ഞാന്‍ നാടകീയമായി വിട്ടേച്ചുപോന്നു. ഒരു സൂഫി ത്വരീഖയില്‍ കണ്ണിചേരുകയും ഗതകാലത്തെക്കുറിച്ചുള്ള ഓര്‍മകളെ മുഴുക്കെ മായ്ച്ചുകളയും ചെയ്തു. ഞാന്‍ അമേരിക്കയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഏത് സ്‌റ്റേറ്റില്‍ നിന്നാണെന്ന് ചോദിച്ചു. കാലിഫോര്‍ണിയയില്‍ നിന്നാണെന്ന് ഞാന്‍ ഉത്തരം നല്‍കി. അദ്ദേഹം പല്ലുകാട്ടി ചിരിക്കുകയും പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ചെയ്തു, ‘അപ്പോള്‍ നിങ്ങളാണ് ഹോളിവുഡിനോട് വിടപറഞ്ഞ് ഇവിടെ വന്നയാള്‍!’ ഞാനാകെ ചൂളിപ്പോയി. സദസ്സാകെ പൊട്ടിച്ചിരിയിലേക്ക് വഴുതിമാറി. എന്റെ പോയകാലത്തെക്കുറിച്ച് കൂട്ടുകാര്‍ അറിഞ്ഞിരിക്കുന്നു. ഹോളിവുഡിലെ നടന്‍ ആയിരുന്നതും ഈ പാതയ്ക്ക് വേണ്ടി അതെല്ലാം വിട്ടെറിഞ്ഞു പോന്നതുമൊക്കെ ഞാനൊരു പുരാണകഥകളായി ഭാരം വഹിക്കുകയായിരുന്നു. തമാശയും അമ്പരപ്പും കൂടിച്ചേര്‍ന്ന നിമിഷം(കുറഞ്ഞത് എനിക്കെങ്കിലും) അദ്ദേഹം എന്റെ വ്യാജവേഷത്തെ മൂടിപ്പുതച്ചു.

ആത്മീയ ഉള്‍ക്കാഴ്ചയുള്ള (ഫിറാസ) ഒരാളുമായി ഞാന്‍ സംവദിക്കുന്നത് ഇതാദ്യമായിരുന്നു. നിരന്തര പരിശീലനങ്ങള്‍ക്കൊടുവില്‍ ആര്‍ജ്ജിച്ചെടുക്കുന്ന ദൈവികപ്രഭയായ ഫിറാസ എന്റെ മനം കവര്‍ന്നിരുന്നു. പ്രവാചകര്‍ മുഹമ്മദ്(സ) പറയുന്നുണ്ട്, ‘വിശ്വാസിയുടെ ഫിറാസയെ ഭയപ്പെടുക. അവന്റെ കണ്ണുടക്കുന്നത് ദിവ്യ തെളിച്ചത്തിലാണ്.’

ഒരുവേള സയ്യിദ് ഉമര്‍ ആകസ്മികമായി സാവിയയിലേക്ക് വന്നു. ഒരു ഉച്ചസമയമായിരുന്നു അത്. ഞാന്‍ എന്റെ ഒരു കൂട്ടുകാരനൊപ്പം ഇരിക്കുകയായിരുന്നു. ഫലസ്തീനില്‍ മാസങ്ങളോളം ഒരു സൂഫി ശൈഖിന്റെ ശിക്ഷണത്തിലായിരുന്ന അവന്‍ തിരിച്ചുവന്നിട്ടേയുള്ളു. ശൈഖ് അവന് കഠിനമായ പരിശീലന മുറകള്‍ നല്‍കിയിരുന്നു. അത് മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിയപ്പോള്‍ അവന്‍ പിന്തിരിഞ്ഞു. ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോന്ന അവന്‍ ആകെ അയഞ്ഞ അവസ്ഥയിലായിരുന്നു.

സയ്യിദ് ഉമര്‍ കടന്നുവന്ന നേരത്ത് മിന്‍സയില്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിവിന് വിപരീതമായി അദ്ദേഹം സാവിയയുടെ അകത്തേക്ക് അതിശീഘ്രം നടന്നുവന്ന് എന്റെ സുഹൃത്തിന് നേരെ മുന്‍വശത്ത് ഇരുന്നു. സലാമിന് ശേഷം അദ്ദേഹം പേര് ചോദിച്ചു. ‘അബ്ദുല്‍ ലത്വീഫ്’, എന്റെ സുഹൃത്ത് മറുപടി നല്‍കി. വെല്‍ അബ്ദുല്‍ ലത്വീഫ്, ഞാന്‍ നിങ്ങളെ താക്കീത് ചെയ്യുന്നു. കാര്യങ്ങള്‍ തിടുക്കത്തില്‍ ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കരുത്.’ അബ്ദുല്‍ ലത്വീഫ് പരിഭ്രമിക്കാതെ കേട്ടിരുന്നു. സയ്യിദ് ഉമര്‍ ഗൗരവത്തോടെയും സൗമ്യതയോടെയും തുടര്‍ന്നു, ‘നിങ്ങള്‍ അതിവേഗം ഒരു ശീലമാക്കുകയാണെങ്കില്‍ നിങ്ങളുടെ സമചിത്തത നഷ്ടമായേക്കും.’ അബ്ദുല്‍ ലത്വീഫ് നിശബ്ദനായി. ഇക്കാലമത്രയും നേരില്‍ കണ്ടിട്ടില്ലാത്ത ഒരു അപരിചിതനായ വൃദ്ധനില്‍ നിന്നും ഏതാണ്ട് ഇത്തിരി കടുപ്പത്തിലുള്ള ശാസന കൈപ്പറ്റുകയാണ്. അദ്ദേഹം മിഴിച്ചുനോക്കി, സ്തബ്ധനായി നിന്നു. സയ്യിദ് ഉമര്‍ അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു, ‘ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് നിങ്ങള്‍ക്കറിയാമല്ലോ,’ സയ്യിദ് സാധാരണ മട്ടില്‍ കൂട്ടിച്ചേര്‍ത്തു, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? പാചകക്കാരന്‍ ആണോ?’ തരിച്ചുനിന്ന എന്റെ ചങ്ങാതി പരിഭ്രാന്തനായി തലയാട്ടി, ‘ആഹ്, അതെ, ഞാന്‍…ഞാന്‍ ഈസ്റ്റ് ലണ്ടനിലെ ജോണ്‍ സ്ലാഡ് ആര്‍ട്ട് സ്‌കൂളിലെ പാചകക്കാരനാണ്.’ താന്‍ വെറുതെ വല്ലതും ഊതി നോക്കുകയല്ലെന്നും എന്റെ കണ്ണ് നിന്റെ ഹൃദയത്തിലാണെന്നും ഉണര്‍ത്താനുള്ള സയ്യിദ് ഉമറിന്റെ ഒരു ഉപായമായിരുന്നു ഇത്. അദ്ദേഹം വീണ്ടും ഊന്നിപ്പറഞ്ഞു, ‘ത്വരിതഗതിയില്‍ ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കരുത്. കാര്യങ്ങളെ സാവകാശത്തോടെ സമീപിക്കുക.’ എന്റെ ചങ്ങാതി അദ്ദേഹത്തിന്റെ ഉപദേശത്തെ മാറോടണക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു. പിന്നീട് അവന്റെ സമനിലക്ക് അശേഷം ഇളക്കം തട്ടിയില്ല.

ഇത്തരം വ്യത്യസ്ത തരം വിനിമയങ്ങള്‍ ഞാന്‍ പലതവണ കണ്ടറിഞ്ഞിട്ടുണ്ട്. ഒരു മുന്നറിവും കൂടാതെ പൊടുന്നനെ അദ്ദേഹം പുറത്തെടുക്കുന്ന അകക്കണ്ണ് എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്. ഞാനിത് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചു, ‘നേരാണോ ഈ പറയുന്നത്?’ തനിക്ക് പെട്ടെന്ന് ഉണ്ടായ അവസ്ഥകള്‍ അദ്ദേഹം വിവരിച്ചു. ചിലത് പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അവബോധത്തിനുമപ്പുറം അതൊരു അന്തര്‍ജ്ഞാനമായിരുന്നു. ഈയൊരു ശേഷിയില്‍ മേനി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

ക്ലാസ്സിക്കല്‍ സൂഫി സിദ്ധാന്തങ്ങളെ അത്യധികം ചാരുതയോടെ ഇംഗ്ലീഷ് ഭാഷയില്‍ ആവിഷ്‌കരിക്കുന്ന വ്യാഖ്യാതാവുമായിരുന്നു സയ്യിദ് ഉമര്‍. കൂടാതെ അതിഗംഭീരമായി സംസാരിക്കുന്ന വ്യക്തിപ്രഭാവവുമായിരുന്നു. പ്രവാചകര്‍(സ)ക്ക് ഒന്നിലധികം തവണ സ്വലാത്ത് അര്‍പ്പിക്കാതെ അദ്ദേഹം ഇന്നോളം ഒരു സദസ്സില്‍ നിന്നും പിരിഞ്ഞുപോയിട്ടില്ല. സുബ്ഹാനക അല്ലാഹുമ്മ വ ബി ഹംദിക അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത അസ്തഗ്ഫിറുക വ അതൂബു ഇലൈക. (‘അല്ലാഹുവെ, നീയെത്ര പരിശുദ്ധന്‍. സ്തുതികളത്രയും നിനക്ക് തന്നെ. നീയല്ലാതെ മറ്റാരുണ്ട് ഇലാഹ്- ഞാന്‍ സാക്ഷി. നീയെനിക്ക് മാപ്പാക്ക് റബ്ബേ, എന്റെ മടക്കം നിന്നിലൊതുക്കം.’) ഈ ദിക്‌റിനെച്ചൊല്ലി പ്രവാചകര്‍(സ) പറയുന്നു: ‘ഒന്നിച്ചിരുന്ന് വെറുതെ സൊറ പറഞ്ഞവന്‍ പിരിയും മുമ്പ് സുബ്ഹാനക..(മുകളിലെ) മൊഴിഞ്ഞാല്‍ അവന്റെ സംസാരം തീര്‍ച്ചയായും വിമലീകരിക്കപ്പെടും.’ അദ്ദേഹത്തിന്റെ അത്യധികം മതിപ്പുളവാക്കുന്ന സ്വഭാവങ്ങളിലൊന്നായി ഞാനിത് ആസ്വദിച്ചു. ദൈവത്തിന്റെ സന്നിധിയിലാണെന്നതിനെ മറന്ന് അദ്ദേഹം അശേഷം അശ്രദ്ധനായില്ല. ഈയൊരു മാതൃകയെ അനുഗമിക്കാന്‍ ഞാന്‍ ശ്രമം ആരംഭിച്ചിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞുപോയി. പക്ഷെ, അന്നത്തെ സമാഗമാനന്തരം മുതല്‍ ഈ ലളിതമായ മന്ത്രണം ചൊല്ലിക്കൊണ്ട് ദൈവത്തെ മനസ്സില്‍ ആവാഹിക്കാന്‍ ഞാനിപ്പോഴും ശണ്ഠകൂടുകയാണ്.

അദ്ദേഹത്തിന് മാറ്റമില്ലാത്ത നിലപാട് ഉണ്ടെങ്കില്‍ അത് നൈതികസന്ദേശങ്ങളായിരുന്നു. മാനുഷിക ദുര്‍ബലതയ്ക്ക് വേണ്ടി, ഇതര വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടി, അപരരുടെ വൈകല്യത്തിനും പാളിച്ചകള്‍ക്കും വേണ്ടി. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, ആരെയെങ്കിലും അവിശ്വാസിയെന്ന്(കാഫിര്‍) മുദ്രകുത്തുമ്പോള്‍ നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രവാചകസന്ദേശം സ്വീകരിക്കുകയും ഗ്രഹിക്കുകയും തുടര്‍ന്ന് അതിനെ നിരസിക്കുകയും ചെയ്തവരാണ് കാഫിര്‍. മിക്ക അമുസ്‌ലിംകള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടില്ല, അതിനെ ഗ്രഹിച്ചവര്‍ ചുരുക്കമാണ്. പല മുസ്‌ലിംകള്‍ പോലും സന്ദേശം സ്വീകരിക്കുകയും സന്ദേശത്തെ ഉള്‍ക്കൊള്ളുകയും ചെയ്തിട്ടില്ല.’

ഞങ്ങളൊരുമിച്ച് ഇരിക്കെ അദ്ദേഹം പറഞ്ഞു, ‘വളരെയധികം ഔത്സുക്യത്തോടെ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ സ്വര്‍ഗസ്ഥരെ കുറിച്ചുള്ള പിടിപാട് നിങ്ങള്‍ക്ക് കിട്ടും.’ അദ്ദേഹം സകലര്‍ക്കും മുന്നില്‍ വഴങ്ങിക്കൊടുത്തിരുന്നു. ഒരു പ്രഭാഷണ പര്യടനത്തിന് വേണ്ടി ഞങ്ങള്‍ അദ്ദേഹത്തെ ഒരിക്കല്‍ അമേരിക്കയയിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം അവസാനിച്ച ഉടന്‍ ഒരമേരിക്കന്‍ യുവതി അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു, നിങ്ങളുടെ വാക്കുകളെ ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് എന്തായാലും മുസ്‌ലിമാകണം. പക്ഷെ, നിങ്ങള്‍ കാണുന്നത് പോലെ ഞാന്‍ അര്‍ദ്ധനഗ്നയാണ്. ചമ്മലൊന്നും കൂടാതെ സയ്യിദ് ഉമര്‍ ചെറുചിരിയോടെ പറഞ്ഞു, ‘അതൊരു പ്രശ്‌നമല്ലല്ലോ.’ അവള്‍ ആഹ്ലാദപൂര്‍വ്വം മൊഴിഞ്ഞു, ‘അതെ, ഞാന്‍ മുസ്‌ലിമാകട്ടെ. ഇത് ഞാന്‍ പാടെ ഉപേക്ഷിച്ചിരിക്കും.’ അദ്ദേഹം അവളോട് നീരസം കാണിച്ചില്ല. പകരം സര്‍വ്വശ്രേഷ്ഠമായതിനെ പുണരാന്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നു.

ഒരിക്കല്‍ സയ്യിദ് ഉമര്‍ പറഞ്ഞു, ‘ഇക്കാലത്ത് ഈ മാര്‍ഗ്ഗത്തെ സ്വീകരിക്കാനും അനുഗമിക്കാനുമുള്ള പ്രാപ്തി പാശ്ചാത്യര്‍ക്കുണ്ട്. കാരണം, അവര്‍ മുന്‍വിധികളില്‍ കണ്ണടക്കുന്നില്ല. സമയമൂല്യത്തെ അവര്‍ മനസ്സിലാക്കുന്നു. അവര്‍ തങ്ങളുടെ ധിഷണാശക്തിയെ പ്രയോഗിക്കുന്നു. അവര്‍ക്കെതിരെ അവര്‍ തന്നെ ഉയര്‍ത്തുന്ന ഒരേയൊരു പ്രശ്‌നമെന്നത് അവര്‍ കൊള്ളരുതാത്ത സമ്പ്രദായങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നു എന്നതാണ്.’ ഇത് പരമാര്‍ത്ഥമാണെന്ന് ഞാന്‍ കണ്ടെത്തി. സൂഫി തത്ത്വങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും ചിട്ടകള്‍(സുലൂക്) പരിശീലിക്കാനും എനിക്ക് ലളിതമായിരുന്നുവെങ്കിലും വൃഥാവിലായിപ്പോയ യൗവ്വനകാലത്ത് എന്നില്‍ രൂഢമൂലമായ പ്രേരണകള്‍ എന്നെ ഞെരുക്കിക്കളഞ്ഞിരുന്നു. ഹബീബ് ഉമറും ഞാനും ഒരുമിച്ച് ഗള്‍ഫിലൂടെ യാത്ര ചെയ്യുകയായിരുന്നു. എന്റെ ഭാര്യയുടെ അസാന്നിധ്യം കാരണം ലൈഗിംകാസക്തി എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരു സായാഹ്ന നേരത്ത് പ്രാതല്‍ കഴിക്കുന്നതിനിടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു, യൂറോപ്പില്‍ ജീവിക്കുന്ന ഒരു യുവാവാണെങ്കില്‍ അദ്ദേഹം ലൈഗിംകാസക്തിയെ എപ്പോഴും അതിജയിക്കില്ലേ. എന്റെ പതര്‍ച്ചയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു ഈ ചോദ്യം. എന്നെ നോക്കി യാതൊരു മടിയും കൂടാതെ പറഞ്ഞു, ‘ഇല്ല.’ അദ്ദേഹത്തിന്റെ ശിക്ഷണം എനിക്ക് ശക്തി പകര്‍ന്നുകൊണ്ടിരുന്നു.

സാധാരണക്കാരായ മനുഷ്യര്‍ക്ക് മുമ്പില്‍ അദ്ദേഹം തന്മയത്വത്തിന്റെ മൂര്‍ത്തീഭാവം പ്രകടമാക്കി. സയ്യിദ് ഉമറിനെ അറിയുന്ന, ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരു കൊമോറിയന്‍ ചെറുപ്പക്കാരന്‍ എന്നോട് പങ്കുവെക്കുകയുണ്ടായി, അദ്ദേഹം മൊറോണിയില്‍(Capital of Comoros) പ്രഭാഷണം നടത്തുമ്പോള്‍ മുഴുവന്‍ കഫേകളും റസ്‌റ്റോറന്റുകളും വിജനമാകും, അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാന്‍ അസംഖ്യം യുവാക്കളുടെ നിരകളൊഴുകും. കിഴക്കന്‍ ആഫ്രിക്കയിലെ ആത്മീയലോകത്തെ സമാനതകളില്ലാത്ത വെള്ളിനക്ഷത്രമാണ് സയ്യിദ് ഉമര്‍.

മറ്റൊരിക്കല്‍ അദ്ദേഹം ലണ്ടനിലായിരിക്കെ, റീജന്റ് പള്ളിയിലെ ഇമാം അദ്ദേഹത്തെ വിളിച്ചുവരുത്തി. ഇമാം പറഞ്ഞു, ‘ഞങ്ങള്‍ കാര്യമായ ഒരു പ്രശ്‌നത്തിലാണ് ഉള്ളത്. നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. എന്ത് ചെയ്യണമെന്ന് അറിയില്ല. ഞങ്ങളോടൊപ്പം വരാന്‍ നിങ്ങള്‍ തയ്യാറാണോ?’ ഹാര്‍ലി തെരുവിലെ ഒരു ഭിഷഗ്വരന്റെ ഓഫീസിലേക്ക് അവര്‍ സയ്യിദ് ഉമറിനെ കൊണ്ടുപോയി. പ്രായം അമ്പതുകള്‍ പിന്നിട്ട ഒരു വയോവൃദ്ധന്‍. ഹബീബ് അയാളുടെ മുമ്പില്‍ ചെന്നിരുന്ന് പറഞ്ഞു, ‘ഞാന്‍ നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത്?’ ഭിഷഗ്വരന്‍ പറഞ്ഞു, കാലങ്ങളോളം ഞാന്‍ ധാരാളം മുസ്‌ലിംകളെ പരിചരിച്ചിട്ടുണ്ട്. അവരിലൂടെ എനിക്ക് ഇസ്‌ലാമിനോട് സ്‌നേഹവും ബഹുമാനവും അനുഭവപ്പെട്ടു. അതാണ് സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്തായാലും ഒരു മുസ്‌ലിമായിത്തീരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.’ സയ്യിദ് ഉമര്‍ പറഞ്ഞു, ‘നല്ല തീരുമാനം. പക്ഷെ, പ്രശ്‌നമെന്താണ്?’ എന്തോ പറയാനുണ്ടെന്ന പോല്‍ ഇമാം സയ്യിദ് ഉമറിനെ നോക്കി, നിങ്ങളിത് കേള്‍ക്കുന്നത് വരെ ഒന്ന് കാത്തിരിക്കൂ.’ ഭിഷഗ്വരന്‍ പ്രതികരിച്ചു, ‘ദിനേന അഞ്ച് നേരം നമസ്‌കരിക്കേണ്ടവനാണ് ഒരു മുസ്‌ലിമെന്ന് എനിക്കറിയാം. പക്ഷെ, ഞാന്‍ പ്രായം ചെന്നവനാണ്, ഞാനെന്റെ വഴികളുമായി പൊരുത്തപ്പെട്ട് പോയി, ഈ പ്രാക്ടീസുമായി ഞാന്‍ തിരക്കുപിടിച്ചു. അതുകൊണ്ട് എല്ലാവിധ ആദരവുകളോടെയും ഞാന്‍ പറയുന്നു, ഈ അഞ്ച് നമസ്‌കാരവും കൃത്യസമയത്ത് നിര്‍വഹിക്കാന്‍ എന്നെക്കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല.’ സയ്യിദ് ഉമര്‍ പറഞ്ഞു, ‘തുടര്‍ന്നോളൂ.’ ഭിഷഗ്വരന്‍ വീണ്ടും, ‘അതോടൊപ്പം വിശ്വാസി റമദാന്‍ മാസം വ്രതം അനുഷ്ഠിക്കണമെന്നും എനിക്കറിയാം. സത്യം പറഞ്ഞാല്‍ നോമ്പെടുക്കാന്‍ ഞാന്‍ അശക്തനാണ്.’ സയ്യിദ് ഉമറിന്റെ മുഖത്തേക്ക് ഇമാം വീണ്ടുമൊന്ന് നോക്കി, ഞാനുദ്ദേശിച്ചത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ?’ സയ്യിദ് ഉമര്‍ ചോദിച്ചു, ‘മറ്റെന്തെങ്കിലും ഉണ്ടോ?’ ഡോക്ടര്‍ പറഞ്ഞു, ‘അതെ, മുപ്പത് വര്‍ഷത്തോളമായി ഞാന്‍ സായാഹ്ന നേരത്ത് സ്ഥിരം വീഞ്ഞ് കുടിക്കാറുണ്ട്. ഇതൊരു നിസ്സാര കാര്യമാണെന്ന് എനിക്കറിയാം. മുസ്‌ലിംകള്‍ക്ക് ഇത് അനുവദനീയമല്ലെന്നും അറിയാം. എങ്കിലും വൈകുന്നേരങ്ങളില്‍ ഒരു ഗ്ലാസ്സ് വീഞ്ഞ് ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ല. ക്ഷമിക്കണം.’ സയ്യിദ് ഉമര്‍ വീണ്ടും ചോദിച്ചു, ഇനിയും എന്തെങ്കിലും ഉണ്ടോ?’ ഡോക്ടര്‍ പറഞ്ഞു, ‘ഇല്ല, അത്രയേ ഉള്ളൂവെന്നാണ് തോന്നുന്നത്. നിങ്ങളുടെ അഭിപ്രായമെന്താണ്?’ സയ്യിദ് ഉമര്‍ പറഞ്ഞു, ‘അഞ്ച് നമസ്‌കാരവും നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട അനേകം മുസ്‌ലിംകളുണ്ട്. റമദാന്‍ മാസം നോമ്പിനെ ഗൗനിക്കാത്തവരുണ്ട്. പ്രവാചകര്‍ മുഹമ്മദ്(സ)യുടെ കാലം മുതല്‍ക്കെ മദ്യപാനീയം നുകരുന്ന എത്രയോ മുസ്‌ലിംകളെ കാണാം. ഈ പുരുഷന്മാരും സ്ത്രീകളുമൊക്കെ ജനിച്ചത് ഇസ്‌ലാമില്‍ വിശ്വസിക്കുന്ന, മുസ്‌ലിംകളായി അംഗീകരിക്കപ്പെട്ട വിശ്വാസികളായി തന്നെയാണ്. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവരിക. കഴിവിന്റെ പരമാവധി യത്‌നിക്കുക. ഇസ്‌ലാമിലേക്ക് നിങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതം.’ അങ്ങനെ ഡോക്ടര്‍ ഇസ്‌ലാം സ്വീകരിച്ചു.

ഏറ്റവും ഉയര്‍ന്ന ആത്മീയാവസ്ഥകളെയും ദൈവത്തില്‍ നിര്‍മൂലനം ചെയ്യപ്പെടുന്നതിനെ(ഫനാഫില്ലാഹ്)യും ദൈവത്തില്‍ നിലനില്‍ക്കുന്നതിനെ(ബഖാഇല്ലാഹ്)യും ഉയര്‍ത്തപ്പെട്ട പദവി(മഖാമാത്ത്)യെയും കുറിച്ച് സൂഫി സാഹിത്യങ്ങളിലും ഔലിയാഇന്റെ ദീവാനുകളിലും ജ്ഞാനികള്‍ക്കിടയിലും ധാരാളം ചര്‍ച്ചകളുണ്ട്. ഇതെല്ലാം എനിക്ക് നഷ്ടമായതില്‍ ഞാന്‍ സഹതപിച്ചു. ഈയൊരു ആത്മീയോന്നതി പ്രാപിക്കാന്‍ എനിക്ക് കഴിയുമെന്ന് ചെറുപ്പ കാലത്ത് ഞാന്‍ ഒരിക്കലും സങ്കല്‍പിച്ചിട്ടില്ല. മിക്ക ജനങ്ങളും അപ്രാപ്യമെന്ന് കരുതുന്ന ജ്ഞാനത്തെ നമ്മളെന്ത് കൊണ്ടാണ് ആഗ്രഹിച്ചതെന്ന് ഞാന്‍ സയ്യിദ് ഉമറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ദൈവം വളരെയധികം ഔദാര്യവാനാണ്. ദാസന്മാര്‍ അഭിലഷിക്കുന്നതൊക്കെ അവന്‍ നല്‍കും. അത് മരണവേള ആണെങ്കില്‍ പോലും. താന്‍ ആദ്ധ്യാത്മികമായ ജ്ഞാനം ആര്‍ജ്ജിച്ചെടുത്ത ശൈഖിന്റെ മൊഴിയെ പലപ്പോഴും സയ്യിദ് ഉമര്‍ പരാമര്‍ശിക്കും: ‘കാത്തിരിപ്പിനൊടുക്കം ശോഭയേറും.’

 

 

 

 

വിവര്‍ത്തനം: സൈദ് അബ്ദുല്‍ മജീദ്