പലസ്തീൻ രാഷ്ട്രീയവും റംസി ബറൂദിന്റെ എഴുത്തുകളും

“ഒരൊറ്റ അഭയാർത്ഥിയും തിരിച്ചുവരില്ല. വയസ്സന്മാർ മരിക്കും, ചെറുപ്പക്കാർ മറന്നേക്കും.” പലസ്തീനികളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് തുടച്ചുനീക്കി 110 രാജ്യങ്ങളിൽ നിന്നുള്ള ജൂതന്മാരെ അവിടങ്ങളിൽ പ്രതിഷ്ഠിക്കുന്ന ‘വംശശുദ്ധീകരണ’ പരിപാടിയുടെ വലിയൊരു ഭാഗം പൂർത്തീകരിച്ച ശേഷം ബെൻ ഗൂറിയൻ 1948 പറഞ്ഞ വാക്കുകളാണിത്. വംശ ഹത്യയെ കൂട്ടുപിടിച്ചുള്ള വംശീയ ശുദ്ധീകരണം ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കണ്ടതാണ്. ഇസ്രായേലി ചരിത്രകാരൻ ശ്ലോമോ സൻഡ് ഒരിക്കൽ പറയുകയുണ്ടായി ‘ചരിത്രം ആഗ്രഹിക്കാത്തത് ഒഴിവാക്കപ്പെടും, ഒഴിവാക്കപ്പെടുന്നതോട് കൂടി തുടച്ചു നീക്കപെടും, ആഗ്രഹിച്ചാലും ഇല്ലെങ്കിലും സത്യത്തെ അഭിമൂഖരിക്കേണ്ടി വരും’. 1896 യിൽ തിയോഡോർ ഹെർസൽ എഴുതിയ Der Judenstaat (ജൂത രാഷ്ട്രം) എന്ന കൃതിയാണ് ജൂത സമൂഹത്തോട് പലസ്തീനിയൻ മണ്ണിൽ ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള ആഹ്വാനം നൽകിയത്. അക്കാലത്ത് പലസ്‌തീൻ ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു. ഇന്ത്യയെ വിഭജിച്ച പോലെ ഫലസ്തീനിനെയും രണ്ടാക്കുക എന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് സയണിസ്റ്റുകൾ നൽകിയത്. അവർക്ക് പിറന്ന മണ്ണിൽ മതപരമായും രാഷ്ട്രീയപരമായും ഒരു അധികാരവും ബ്രിട്ടീഷ് ഭരണകൂടം നൽകിയിരുന്നില്ല.

പ്രമുഖ അറബ് പത്ര പ്രവർത്തകൻ റംസി ബാറൂദിന്റെ My Father Was a Freedom Fighter; Gaza’s Untold Story എന്ന ആത്മകഥയുടെ പരിഭാഷയാണ് ‘ഗാസ പറഞ്ഞു തീരാത്ത കഥകൾ’. The Second Palestinian Intifada: A Chronicle of a People’s Stuggle ആണ് അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം. പുസ്തത്തിലൂടെ മൂന്നു തലമുറ നീളുന്ന കുടുംബചരിത്രവും, ഇസ്രായീൽ പലസ്തീനിനെ എങ്ങനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നുവെന്നും, പലസ്തീനിയൻ അഭയാർത്ഥി ജീവിതങ്ങളും, അടിച്ചമർത്തലിന്റെ രാഷ്ട്രീയവും വളരെ ആഴത്തിൽ തന്നെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. സയണിസ്റ്റ് -ഇടത് സംവാദങ്ങളെ പലസ്തീനിയൻ വീക്ഷണകോണിലൂടെ നോക്കികാണുകയാണ് റംസി ബറൂദ്. അറബ് ദേശീയത, ഇസ്‌ലാം, കമ്മ്യൂണിസം എന്നിവ പലസ്തീനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശകലനമാണ് കൃതി. വൈകാരികതയും കോപവും നർമ്മവും ബറൂദിന്റെ എഴുത്തുകളിൽ നമുക്ക് കാണാൻ സാധിക്കും. ഭൗമരാഷ്ട്രീയത്തിന്റെ ഇരയാകാൻ വിധിക്കപ്പെട്ട പലസ്തീനിയൻ ജനത അടിച്ചമർത്തലുകളെ സധൈര്യം നേരിട്ട് കൊണ്ടിരിക്കുകയാണ്.

ഗാസയിലുള്ള ബെയ്ത് ദറാസ് എന്ന ഗ്രാമത്തിലാണ് ബറൂദ് കുടുംബം ജീവിച്ചിരുന്നത്. ഡേവിഡ് ബെൻഗൂറിയന്റെ War Diaries, ബെന്നി മോറിസിന്റെ The Birth of The Phalastinia Refugee Problem എന്ന പുസ്തകങ്ങളുടെ അടിസ്ഥാനമായ ഗ്രാമം. ബ്രിട്ടീഷ് പിന്തുണയോട് കൂടി സായുധരായ സയണിസ്റ്റുകൾ പലസ്തീനികൾക്ക് എതിരായ ആക്രമണം തുടങ്ങിയതും ഈ ഗ്രാമത്തിൽ തന്നെ. യുദ്ധം കാരണം അമൂല്യ ചരിത്രത്തിന്റെ ശേഷിപ്പ് പോലും ഇന്ന് അവിടെ കാണാൻ സാധിക്കില്ല. അവിടത്തെ പൂർവികർ അവരുടെ നല്ല കാലങ്ങൾ കുട്ടികൾക്ക് കഥകളായി പറഞ്ഞുകൊടുക്കുന്നതിനൊപ്പം തങ്ങൾക്ക് വന്നു ചേർന്ന അവസ്ഥയെ, അതായത് ഇസ്രായേലീ പട്ടാളത്തെ ധൈര്യത്തോടെ തന്നെ നേരിടുന്നു. തങ്ങളുടെ വംശ പരമ്പരയിലൂടെ അവർക്ക് ബെയ്ത് ദാറാസിലെ ആരെയും തിരിച്ചറിയാൻ സാധിക്കുമായിരുന്നു. ആറ് തലമുറകളുടെ പ്രമേയങ്ങൾ വരെ പലരുടെയും കൈവശം ഉണ്ടായിരുന്നു. യുദ്ധം കാരണമുള്ള പാലായനത്തിൽ അവർക്ക് എല്ലാം നഷ്ട്ടപ്പെട്ടു. തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൃഷിയിലൂടെ നേടിയിരുന്ന ഒരു ജനത ഇന്ന് യൂറോപ്യൻ രാജ്യങ്ങളുടെയോ ഐക്യ രാഷ്ട്രസഭയോ നൽകുന്ന ഭക്ഷണം കഴിച്ചു ക്യാമ്പുകളിൽ കഴിയുന്നു. 1948 ന് മുന്നേ ജനിച്ചവർക്ക് കൃത്യമായ ജനന തീയതി ഇല്ല എന്നത് അഭയാർത്ഥി ക്യാമ്പുകളിലും അവർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ജനന തീയതി നിർബന്ധമായിരുന്നു. ‘താബു’ എന്നറിയപ്പെടുന്ന പ്രമാണ രേഖകളാണ് ഉടമസ്ഥാവകാശം നിർണയിച്ചിരുന്നത്. തുർക്കികൾ തുടങ്ങിവെച്ചത് ബ്രിട്ടീഷുകാർ തുടർന്നുപോരുകയായിരുന്നു.

അഭയാർത്ഥി ക്യാമ്പുകളിലെ ജീവിതം ദുസ്സഹമായിരുന്നു. ഈജിപ്തിലും ലബനാനിലെ പലസ്തീനിന്റെ ചില ഭാഗങ്ങളുമാണ് ക്യാമ്പുകൾ. പാലായനത്തിന്റെ ദുരിതം സഹിച്ചവർ. ദീർഘമായ യാത്രയിൽ പലർക്കും തങ്ങളുടെ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടിരുന്നു. കുട്ടികൾക്ക് നഷ്ടപെട്ടത് അവരുടെ ബാല്യമായിരുന്നു. കളിച്ചു നടക്കേണ്ട പ്രായത്തിൽ ഉമ്മമാർ അവർക്ക് പഠിപ്പിച്ചുകൊടുത്തത് മറ്റുള്ളവരുടെ മുന്നിൽ ഭക്ഷണത്തിന് വേണ്ടി യാചിക്കാനായിരുന്നു. കുട്ടികളിൽ പലരും അർധനഗ്നരായിരുന്നു. പലർക്കും ചെരിപ്പ് പോലുമുണ്ടായിരുന്നില്ല. ശൈത്യകാലം എങ്ങനെ കഴിച്ചുകൂട്ടണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഈജിപ്തായിരുന്നു യുദ്ധത്തിന്റെ തുടക്ക കാലങ്ങളിൽ അഭയാർത്ഥികൾക്കുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നത്. യുദ്ധം അവസാനിക്കുന്നത് വരെ പലസ്തീനിയൻ അഭയാർത്ഥികൾ ഐക്യരാഷ്ട്ര സഭക്ക് ഒരു വിഷയമായിരുന്നില്ല. ജന്മനാട്ടിലേക്ക് അവരെ മടങ്ങാൻ സഹായിക്കുന്നതിന് വേണ്ടി 1950 ൽ U.N Relief for Palestine Refugees എന്ന താൽക്കാലിക ഏജൻസിക്ക് ഐക്യരാഷ്ട്ര സഭ രൂപം നൽകി. ഗാസയിൽ തിരിച്ചെത്തിയവർക്ക് ആ മണ്ണ് സമ്മാനിച്ചത് നഷ്ടദുഖങ്ങളും നിരാശകളുമാണ്. പലപ്പോഴും ഭക്ഷണത്തിന് വേണ്ടി മുൾവേലി കടന്ന് ഇസ്രയേലിലെത്തിയതിന് മരണമായിരുന്നു ശിക്ഷ. പുതുതായി രൂപം കൊണ്ട ഇസ്രായേലിൽ തങ്ങൾ നട്ടുവളർത്തിയ ഫലവർഗങ്ങൾ പറിച്ചു മടങ്ങിയെത്തുന്നവർക്ക് വീര പരിവേഷമാണ് ലഭിച്ചിരുന്നത്. അതിന് പുറമെ അന്താരാഷ്ട്ര സ്‌ഥാപനങ്ങൾ അവർക്ക് ‘അഭയാർത്ഥി’ പദവി നൽകാത്തത് കാരണം പല സഹായങ്ങളും അവർക്ക് ലഭിച്ചിരുന്നില്ല.

1960കളിലാണ് പലസ്തീനിയൻ ദേശീയത ശക്തിപ്പെടുന്നത്. അറബ് രാജ്യങ്ങളുടെ തണലിലല്ലാതെ സ്വതന്ത്രമായി കഴിയണമെന്ന ബോധം അവർക്കുണ്ടായിരുന്നു. സ്വതന്ത്ര പലസ്തീൻ എന്ന ആശയം 1964 ൽ കൈറോയിൽ വെച്ച്‌ പ്രഖ്യാപിക്കപ്പെട്ടു. അതെ വർഷം മെയ് മാസത്തിൽ ജറുസലേമിൽ വെച്ച് Palestine Liberation Organization രൂപീകരിച്ചു. പാൻ അറബിസമെന്ന ആശയത്തിൽ നില കൊണ്ട് സായുധ സമരത്തിലൂടെ നഷ്ടപെട്ട ഭൂമി തിരിച്ചുപിടിച്ച് ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായിരുന്ന അതിരുകൾക്കിടയിലുള്ള സമ്പൂർണ്ണ പലസ്‌തീൻ ആയിരുന്നു ലക്ഷ്യം. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ വെച്ച് ചേർന്ന അറബ് ലീഗ് യോഗം പി.ൽ.ഓ യെ അംഗീകരിക്കുകയും സ്വതന്ത്ര പലസ്തീനിന് പരിപൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. പി.ൽ.ഓക്ക് പിറകെ രൂപം കൊണ്ട പി.എൻ.സി, പി.ൽ.എ തുടങ്ങിയ ഫലസ്തീനി ദേശീയ സംഘടനകളുടെ ആസ്‌ഥാനം ഗാസ ആയതിനാൽ മേഖലയിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക് പുതിയ ഉണർവ്വ് നൽകി. അതോടുകൂടി പലസ്തീനിയൻ സ്വതന്ത്ര സമരത്തിൽ നിർണ്ണായകമായ സ്‌ഥാനം ഗാസക്ക് ലഭിച്ചു. ജനങ്ങൾക്ക് വൻ പ്രതീക്ഷയോടെയാണ് ഈ സംഘടനകളുടെ രൂപീകരണം നോക്കികണ്ടത്. ആ കാലത്ത് പല യുവാക്കളും വിവിധ സംഘടനകളുടെ ഭാഗമായത് തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെക്കാൾ സ്വതന്ത്ര പലസ്തീൻ എന്ന ആശയത്തിന്റെ സാക്ഷാത്കരണത്തിന് മുൻഗണന നൽകിക്കൊണ്ടായിരുന്നു. ഗാസക്ക് പുറമെ സിറിയ, ജോർദ്ദാൻ എന്നിടങ്ങളിലെ താവളങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന സൈനിക നീക്കങ്ങൾ നടത്തിയത്. 1967 ൽ പലസ്തീനെ സഹായിക്കുന്നതിന്റെ പേരിൽ ഈജിപ്ത്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങൾക്കെതിരെ വൻ സൈനിക നീക്കമാണ് ഇസ്രായീൽ നടത്തിയത്. തിരിച്ചടിക്കുന്നത് ആലോചിക്കുന്നതിന് മുന്നേ തന്നെ മൂന്നുരാജ്യങ്ങളുടെയും സൈനിക ശക്തിയെ നിലംപരിശാക്കി.

1967 ലെ യുദ്ധത്തിന് ശേഷം പലസ്തീൻ കണ്ട ജനകീയ പ്രക്ഷോഭം 1980 കളിലെ ഇൻതിഫാദയിലൂടെ ആയിരുന്നു. തങ്ങൾ അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ പലസ്തീനിയൻ ജനത നയിച്ച പ്രക്ഷോഭമാണ് ഇൻതിഫാദ. ഇൻതിഫാദയിലൂടെ ചെറുത്തുനിൽപ്പ് വർധിച്ചു. തുടർക്കഥകൾ എന്ന പോലെ വിദ്യാർത്ഥികളും ഇസ്രായേലി സൈനികരും ഏറ്റുമുട്ടി. സൈന്യം തിരഞ്ഞു പിടിച്ചു പലരെയും നാട് കടത്തി. എല്ലാവിധ ആക്രമണ സജ്ജീകരണങ്ങളോട് കൂടി വരുന്ന സൈന്യത്തെ അവർ നേരിട്ടിരുന്നത് കവണകളും കല്ലുകളും ഉപയോഗിച്ചായിരുന്നു. ടാങ്കുകൾ നീങ്ങുന്ന പാതകളിൽ പുതപ്പ് വിരിച്ചു. ചങ്ങല പുതപ്പിൽ കുടുങ്ങിയാൽ ടാങ്കുകൾക്ക് മുന്നോട്ട് നീങ്ങാൻ കഴിയുമായിരുന്നില്ല. ഇൻതിഫാദക്ക് പിന്നിൽ പി.ൽ.ഓ ആണെന്ന് ഇസ്രായീൽ ആരോപിക്കുമ്പോഴും യഥാർത്ഥത്തിൽ ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇൻതിഫാദയെ അതിന്റെ ഊർജ്ജം നഷ്ടപ്പെടാതെ സംഘടിതമായി മുന്നോട്ട് കൊണ്ട് പോകാൻ പി.ൽ.ഓ ശ്രമിച്ചു. യുവാക്കൾ പോരാടുമ്പോൾ പ്രായമായവരും സ്ത്രീകളും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. പ്രക്ഷോഭത്തിൽ പങ്കെടുത്തു പരിക്കേറ്റവരെ അറസ്റ്റ് ചെയ്യാനായി ആശുപത്രിയിൽ സൈന്യം എത്തിയപ്പോൾ മനുഷ്യച്ചങ്ങല തീർത്തു പ്രതിരോധിച്ചു. സമരങ്ങളെ പ്രതിരോധിക്കാൻ തുടക്കത്തിൽ ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റും ഉപയോഗിച്ചിരുന്ന സൈന്യം പിന്നീട് വെടിയുണ്ടകൾ തന്നെ ഉപയോഗിച്ചു. ഇൻതിഫാദക്കാലത്ത് രാത്രിയിലുള്ള കർഫ്യു വർഷങ്ങളോളം നിലനിന്നു. ആ കാലങ്ങളിലാണ് ഹമാസ് രൂപം കൊണ്ടത്.
തങ്ങളുടെ മക്കൾക്ക് നല്ല ഒരു ഭാവി വേണമെന്ന് സ്വഭാവികമായും മാതാപിതാക്കൾ ആഗ്രഹിച്ചു. പലസ്തീനിൽ നിന്ന് അതിനു കഴില്ല എന്ന ഉത്തമ ബോധ്യം അവർക്കുണ്ടായിരുന്നു. മക്കളെ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് വിട്ടു. യുവാക്കളെ മറ്റു രാജ്യങ്ങളിൽ ജോലി നോക്കാൻ നിർബന്ധിച്ചു. പലർക്കും പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നില്ല. പലസ്തീനിയൻ സമാധാന കരാറിനായി യു.എന്നും അറബ് രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ 1994 ൽ ഓസ്ലോ കരാർ പ്രകാരം പ്രത്യക്ഷത്തിൽ ഗാസ മുനമ്പിൽ നിന്ന് ഇസ്രായീൽ സൈന്യം പിൻവാങ്ങി. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ഉൾക്കൊള്ളിച്ച പലസ്തീൻ അതോറിറ്റി രൂപീകരിക്കപ്പെട്ടു. അപ്പോഴും പലസ്ഥലങ്ങളിൽ നിയന്ത്രണം ഇസ്രയേലിന്റെ കൈവശമായിരുന്നു. നാടുനീളെ അവരുടെ ചെക്ക്പോയിൻ്റുകൾ സ്‌ഥാപിച്ചു. ഓസ്ലോ കരാർ പലസ്തീനികളെ സംബന്ധിച്ചു ശരിക്കും ഒരു ചതിക്കുഴിയായിരുന്നു. സാധാരണക്കാരുടെ ജീവിതം ‘After Oslo’ എന്ന പുസ്തകത്തിലൂടെ ഗിയാകാമാനും ലോണിങ്ങും വരച്ചു കാട്ടുന്നു. ഇതിനിടയിൽ പല നേതാക്കളെയും ഇസ്രായീൽ വധിച്ചു. 2000 ൽ നടന്ന യാസർ അറഫാത്-യഹൂദ് ബാരക്കും നടന്ന ചർച്ച പരാജയപ്പെട്ടതോടെ ഇസ്രായീൽ വീണ്ടും പലസ്തീന് എതിരെ തിരിഞ്ഞു. ഇതോടുകൂടി രണ്ടാം ഇൻതിഫാദക്ക് തുടക്കമായി. ഇൻതിഫാദക്ക് കാരണം അറഫാത്താണെന്ന ഇസ്രായേലി ആരോപണം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചില്ല. പല ഉപരോധങ്ങളും പലസ്തീന് മേൽ ഇസ്രായീൽ കൊണ്ടുവന്നു. Days of Penitence എന്ന പേരിൽ ഇസ്രായീൽ നടത്തിയ ആക്രമണം ഇൻതിഫാദ കാലത്ത് പ്രധാനപെട്ടതാണ്. ആയിടക്ക് 2004 ൽ യാസർ അറഫാത്ത് കൊല്ലപ്പെട്ടു . വിപ്ലവകാരിയിൽ നിന്ന് ഭരണ നേതൃതലത്തിലേക്ക് ഉയർന്ന നേതാവാണദ്ദേഹം. തുടന്ന് ഹമാസ് നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാൻ ഇസ്രയേലും, അമേരിക്കയും, യൂറോപ്യൻ യൂണിയനും തയ്യാറായില്ല. അവർ ഫതഹ് (Palestine National liberation Movement എന്ന പേരിലായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നത്) എന്ന സംഘടനയെ ഹമാസിനെതിനെ പോരാടാൻ നിയോഗിച്ചു. പക്ഷേ, ആ പോരാട്ടത്തോട് കൂടി ഫതഹ് എന്ന സംഘടനക്ക് ഫലസ്തിനികൾക്കിടയിൽ സ്ഥാനം കുറഞ്ഞു. നിലവിൽ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഈ സംഘടനയിൽ അംഗമാണ്.

കയ്യേറ്റവും യുദ്ധവും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. അതിന് ലോകരാജ്യങ്ങളുടെ മൗന പിന്തുണയും. ഉടുതുണിയില്ലാതെ കാൽനടയായും കുത്തിനിറച്ച കപ്പലിൽ വന്നിറങ്ങിയവരും ഇന്ന് ആ നാട്ടിലെ ജനങ്ങളെ ആട്ടിയോടിക്കുന്നു. ജൂത-ക്രിസ്ത്യൻ-മുസ്‌ലിം സമൂഹം തുല്യ പ്രാധാന്യം കൽപ്പിക്കുന്ന മസ്ജിദുൽ അഖ്‌സയിൽ സാമാധാനത്തോട് കൂടി ഒരു പുണ്യ മാസവും കടന്നുപോയിട്ടില്ല. ജീവിതം തന്നെ പോരാട്ടമാക്കേണ്ടി വന്നവരാണ് പലസ്തീനികൾ. കല്ലുകളെ പേടിക്കുന്ന ടാങ്കറുകൾ. UN കരാറുകളെ തള്ളി കളഞ്ഞ് കുട്ടികളെ അടക്കം അവരുടെ വീടുകളിൽ നിന്നും പിടിച്ചു കൊണ്ടുപോകുന്നു. ഇതെല്ലാം നിത്യ കാഴ്ചകളാണ്. സമാധാനത്തിന് രണ്ട് രാജ്യങ്ങൾ എന്നതാണ് ഭൂരിപക്ഷ ലോകരാജ്യങ്ങളുടെയും നിലപാട്. സ്വതന്ത്ര ഫലസ്‌തീന്‌ എന്നും തുരങ്കം വെക്കാനാണ് ഇസ്റായീൽ ശ്രമിച്ചിട്ടുള്ളത്.

പലസ്തീൻ പോരാട്ടത്തെ കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങളിലെ ഏറ്റവും മികച്ച ഒരു ഗ്രന്ഥം തന്നെയാണ് റംസി ബറൂദിന്റെ രചനകൾ. ‘The Last Earth, a Palestinian Story’ എന്നതാണ് ബറൂദിന്റെ അവസാന കൃതി. ഫ്രഞ്ച്, സ്പാനിഷ് പോർച്ചുഗീസ്, ഗ്രീക്ക്, ടർക്കിഷ് കൊറിയൻ, അറബിക്, മലയാളം തുടങ്ങി വിവിധ ഭാഷകളിലേക്ക് പുസ്തകങ്ങൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.