സെലിബ്രിറ്റി കൾച്ചർ; ആധുനികതയുടെ പകർച്ച വ്യാധി

ഈ വർഷത്തിലെ പരിശുദ്ധവും പരിപാവനവുമായ റമളാനിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആത്മ നിയന്ത്രണത്തിന്റെയും ക്ഷമയുടെയും പരമ പ്രധാനമായ പാഠങ്ങള്‍ നമുക്ക് റമളാന്‍ പകര്‍ന്നു തരുന്നുണ്ട്. അതുകൊണ്ട് കേവലം ഉപവസിക്കുന്നതിനും നിശ്ചിതമായ ബാഹ്യ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതിനുമപ്പുറം നോമ്പ് എന്നത് ആന്തരികമായ ചേഷ്ടകളെയും പ്രവര്‍ത്തനങ്ങളെയും പരിത്യജിക്കലും അത്തരം കാര്യങ്ങളെ നിയന്ത്രിക്കലും കൂടിയാണ്. ഈ മാസത്തില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുന്നു. അഥവാ വിശ്വാസികളെ ബാഹ്യമായി പ്രലോഭിപ്പിക്കുന്നതിന് പുറമെ ആന്തരിക ബലഹീനതകളിലേക്ക് എത്തിക്കാനും അവരെ വഴികേടിലാക്കാനും ഒരളവോളം പിശാചിന് കഴിയുകയില്ല എന്ന് സാരം.
എന്റെ കാഴ്ചപ്പാടില്‍ ലോകത്തെ ബാധിച്ചിട്ടുള്ള വലിയൊരു പ്രശ്‌നമെന്തെന്ന് വെച്ചാല്‍ ജനങ്ങള്‍ സ്വയം പ്രശംസിക്കപ്പെടാനും പുകഴ്ത്തപ്പെടാനും ആഗ്രഹിക്കുന്നു എന്നതാണ്. പ്രയോഗികമായും ആധുനികതിയിലാണ് ഈയൊരു പ്രവണത വളര്‍ന്നുകൊണ്ടിരിക്കുന്നത്. എല്ലാം സ്വന്തത്തിലേക്കൊതുങ്ങുന്നു. ജനങ്ങൾ ആത്മ പ്രശംസകളില്‍ സന്തോഷം കണ്ടെത്തുന്നു. അത്തരത്തില്‍ അവര്‍ സമൂഹത്തില്‍ ശ്രദ്ധാ കേന്ദ്രമാകാനും (Qibla of mankind) ആരാധനാ മൂര്‍ത്തികളാകാനും കിണഞ്ഞു പരിശ്രമിക്കുന്നു. അതുകൊണ്ട് സ്വന്തത്തെ വിലമതിച്ചു കാണുന്ന ഇത്തരം പ്രവണതകള്‍ തീര്‍ത്തും അപകടകരമാണ്.
വ്യത്യസ്ഥരായ ജനങ്ങള്‍ നമുക്കിടയിലുണ്ട്. ആ വ്യത്യസ്ഥതയെ മാനിച്ച് കൊണ്ട് തന്നെ നമ്മുടെ പെരുമാറ്റ രീതിയും വ്യത്യസ്ഥമായിരിക്കണം. അല്ലാതെ ന്യൂനതകളെ കവച്ച് വെച്ച് കൊണ്ട് ആത്മ പ്രശംസയെ തേടി ഒരിക്കലും പെരുമാറാന്‍ പാടില്ല. പ്രവാചകര്‍ (സ) യോടും പറയപ്പെട്ടത് അപ്രകാരമാണ്. നബി തങ്ങള്‍ പറയുന്നു, “ഞാന്‍ ജനങ്ങളുടെ അവസ്ഥാന്തരങ്ങള്‍ പരിഗണിച്ച് കൊണ്ട് അവരോട് പെരുമാറാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു”. അതുകൊണ്ട് സ്വഭാവികമായും ഒരു പുതു മുസ്‌ലിമിനോട് സംസാരിക്കുന്നതും ഒരു പണ്ഡിതനോട് സംസാരിക്കുന്നതും അവരുടെ അവസ്ഥകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. അല്ലാതെ അറിവുണ്ടെന്ന് തെളിയിക്കാൻ വേണ്ടി ആരോടും എന്തും വിളിച്ചു കൂവരുത്. പരമപ്രധാനമായും മനുഷ്യര്‍ക്കുണ്ടാവേണ്ട പ്രായോഗികമായ (practical wisdom) അറിവാണിത്. ഒപ്പം പ്രശംസിക്കപ്പെടാന്‍ വേണ്ടി ആഗ്രഹിക്കുന്നതും കാട്ടിക്കൂട്ടുന്നതുമെല്ലാം അപകടകരവും സല്‍സ്വഭാവത്തിന്റെ മൂല്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതുമാണ്.
സമൂഹത്തിനിടയില്‍ നമ്മുടെ പദവിയെന്താണെന്നും സമൂഹം എന്തായിരിക്കും നമ്മളെ കുറിച്ച് ചിന്തിക്കുന്നതെന്നുമെല്ലാം പ്രത്യേകമായും ആധുനിക കാലത്ത് പടര്‍ന്നുപിടിച്ച ഒരു മാറാവ്യാധിയാണ്. ഒരുപക്ഷെ അതിനിയും അധികരിച്ചേക്കാം. പ്രത്യേകിച്ചും കൗമാരക്കാരും യൂടൂബേര്‍സുമെല്ലാം ലൈക്കുകള്‍ വാരിക്കൂട്ടാന്‍ പെടാപ്പാട് പെടുകയും അവർ സ്വയം മനുഷ്യരാണെന്ന് കരുതപ്പെടാനുള്ള മാനദണ്ഡമായി ഇത്തരം പ്രശംസകളെ കണക്കാക്കുകയും ചെയ്യുന്നു. അങ്ങനെ ബഹുജനാംഗീകാരത്തെ (public adulation) തീവ്രമായി ആഗ്രഹിക്കുകയും പിന്നീട് അതവര്‍ക്ക് കിട്ടാതെ വരുമ്പോൾ അവർക്ക് മാനസികമായി തളര്‍ച്ച നേരിടുകയും ചെയ്യുന്നു.
ഇവിടെയെല്ലാം ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന സ്വഭാവ സവിശേഷത താഴ്മയുടെയും വിനയത്തിന്റെതുമാണ്. നബി തങ്ങള്‍ പറയുന്നു, “എല്ലാ മതങ്ങള്‍ക്കും അവരുടേതായ സ്വഭാവ സവിശേഷതകളുണ്ട്, ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആ സവിശേഷ മൂല്യം ലജ്ജയുടെയും (حياء) വിനയത്തിന്റെയുമാണ്. ഇസ്‌ലാമിന്റെ ഇത്തരം മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ലോകമാന്യത്തിനും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നതിനെയുമെല്ലാം ഹദീസിലൂടെ പ്രവാചകര്‍ കണിശമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവയെ വിലക്കുകയും ചെയ്യുന്നുണ്ട്. ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം, ‘ “എന്റെ സമുദായത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ലോകമാന്യത്തെയും (showing off, رياء) മറഞ്ഞു കിടക്കുന്ന ആഗ്രഹങ്ങളെ (hidden passion, شهوة الخفية) യുമാണ്’. ലോകമാന്യത്തെ കുറിച്ച് പ്രവാചകര്‍ പറഞ്ഞത് അത് ചെറിയ ശിര്‍ക് (شرك الاصغر ) ആണെന്നാണ്. കാരണം അനശ്വരനും സര്‍വേശ്വരനുമായ പടച്ചവനില്‍ നിന്ന് ലഭിക്കേണ്ട അംഗീകാരത്തേക്കാള്‍ അവര്‍ വിലമതിച്ചു കാണുന്നത് നശ്വരനും പടച്ചവന്റെ കേവലം അടിമകള്‍ മാത്രമായ മനുഷ്യരുടെ അംഗീകാരത്തെയും പ്രശംസകളെയുമാണ്.
നമ്മുടെ മുന്‍ഗാമികളെല്ലാം ബഹുജനമധ്യേ പ്രത്യക്ഷപ്പെടുന്നത് പോലും ഇഷ്ടപ്പെടാത്തവരായിരുന്നു. അത്തരത്തിലൊരു പണ്ഡിതനായിരുന്നു മഹാനായ ഖാലിദ് ബിന്‍ മഹ്ദാന്‍ (റ). പ്രമുഖ ഹദീസ് പണ്ഡിതനായ അദ്ദേഹം തന്റെ ഹദീസ് ക്ലാസില്‍ ചുറ്റും ആളുകൂടിയാല്‍ താന്‍ പ്രസിദ്ധമാവുമെന്ന് ഭയന്ന് സദസ്സില്‍ നിന്ന് എഴുന്നേറ്റ് പോകുമായിരുന്നു. നബി തങ്ങളുടെ സുന്നത്തിനെ സംരക്ഷിക്കുക മാത്രം ലക്ഷ്യമാക്കിയിരുന്ന അദ്ദേഹം സെലിബ്രിറ്റി ആങ്കിളിലൂടെ തന്നെ കാണപ്പെടലിനെ വെറുത്തു.
വേറൊരു സംഭവം പറയുകയാണെങ്കില്‍, മഹാനായ ഉബയ്യ് ബിന് കഅ്ബ് (റ) ഒരിക്കല്‍ നടന്നു പോകുകയായിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ പുറകിലുണ്ട്. ഇത് കണ്ട ഉമര്‍ (റ) അദ്ദേഹത്തിന്റെ വടി അവര്‍ക്ക് നേരെ ഉയര്‍ത്തി. ഇത് കണ്ട ഉബയ്യ് ബിന് കഅ്ബ് തങ്ങള്‍ ഉമര്‍ (റ) വിനോട് ചോദിച്ചു. ‘എന്ത് പറ്റി ഉമര്‍ തങ്ങളേ..’. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു. ‘ഈ രൂപത്തിലുള്ള നടത്തം പിന്തുടരുന്നവര്‍ക്ക് ന്യൂനതയും പിന്തുടരപ്പെടുന്നവര്‍ക്ക് അപകടകരവുമാണ്’.
ഇത്തരത്തില്‍ മുന്‍ കഴിഞ്ഞുപോയ കറ കളഞ്ഞ വിശ്വാസികളില്‍ നിന്നെല്ലാം നമുക്ക് ലഭിക്കുന്ന പാഠം, അവരെല്ലാം സെലിബ്രിറ്റി കള്‍ചറിനെ വെറുക്കുന്നവരും പ്രശസ്തി പത്രം ആഗ്രഹിക്കാത്തവരുമായിരുന്നു. കാരണം ഇത്തരം പ്രവണതകളെ അവരെ ശിര്‍ക്കിലേക്ക് നയിക്കുമെന്ന് അവര്‍ ഭയന്നു. അവരില്‍ ചിലര്‍ അവരുടെ യശസ്സ് കുറച്ചുകാണിക്കാന്‍ വേണ്ടി പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു. ഉദാഹരണത്തിന് വെള്ളത്തില്‍ മായം കലര്‍ത്തി അവര്‍ കള്ള് കുടിക്കുകയാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും അതു വഴി പ്രസിദ്ധിപ്പെടാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഇത്തരം പ്രവര്‍ത്തികള്‍ അനുവദനീയമാകുന്നത് മറ്റൊരാളും ഇത്തരം ശ്രമങ്ങളെ അന്ധമായി അനുകരിക്കുന്നില്ല എങ്കില്‍ മാത്രമാണ്. നേരെ വിപരീതമായി വരുമ്പോള്‍ ഒരു പക്ഷെ അനുയായികളുടെ ഇടയില്‍ തെറ്റിദ്ധാരണ പരക്കുകയും അവര്‍ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യും.
മറ്റൊരു സംഭവം പറയുകയാണെങ്കില്‍, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ ബുര്‍സയിലെ പ്രമുഖ മുഫ്തിയും ഒട്ടോമൻ സുൽത്താൻമാരുടെ ഉപദേഷ്ടാവും ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പ്രധാനിയുമായ അസീസ് മഹ്മൂദ് ഹുദായി അവർകൾ ആത്മീയ സരണിയില്‍ ഒരു ശൈഖിനെ പിന്തുടരാന്‍ തീരുമാനിച്ചു. വലിയ തലപ്പാവും വില കൂടിയ വസ്ത്രവും ധരിച്ച് അഹങ്കാരത്തോടെ രാജാവിനോടൊപ്പം ഉലാത്തുന്ന മുഫ്തിയെ കണ്ട് ശൈഖ് അദ്ദേഹത്തിന്റെ സ്വാഭിമാനം എടുത്ത് കളയാന്‍ വേണ്ടി മുഫ്തിയെ ഒന്ന് പരീക്ഷിച്ചു. ശൈഖ് മുഫ്തിയോട് പറഞ്ഞു. “നീ എന്റെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നീ നിന്റെ ഖാളി വസ്ത്രത്തില്‍ തന്നെ അങ്ങാടിയിലേക്ക് പോകുകയും അവിടെ ചെന്ന് കുടല്‍ വില്‍ക്കുകയും ചെയ്യണം. പുറമെ കുടല്‍ വില്‍പനക്കാരന്‍…. കുടല്‍ വില്‍പനക്കാരന്‍ എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്യണം”. ഇത് കേട്ട് മുഫ്തി അമ്പരന്നുപോയി. മുഫ്തിയുടെ അഹംഭാവം മാറ്റാന്‍ ശൈഖ് നല്‍കിയ ആദ്യ പാഠമായിരുന്നു അത്. പക്ഷെ തന്റെ ഗുരുവിന്റെ വാക്ക് മുഫ്തി പാലിക്കുകയാണ് ചെയ്തത്. അനന്തരം ഗുരു മുഫ്തിയെ തന്റെ ശിഷ്യനായി സ്വീകരിക്കുകയും തുടര്‍ന്ന് തന്റെ താഴ്മയുടെ ഫലമായി മുഫ്തി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാകുകയും ചെയ്തു.
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നമ്മെ ഒരിക്കലും സ്വാഭിമാനികളാക്കരുത്. ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരിക്കലും അഹങ്കരിക്കുകയും അരുത്. നബി (സ) പറഞ്ഞു, ‘ഒരു മനുഷ്യന്ന് തിന്മയായി അവനിലേക്ക് ചൂണ്ടപ്പെടുന്ന വിരലുകള്‍ തന്നെ മതിയാകും’. പരിശുദ്ധിയുടെ ഈ മാസത്തില്‍ അല്ലാഹു നമ്മെ ബാഹ്യമായ പ്രലോഭനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യട്ടെ.
»Ramdhan moment എന്ന സീരീസിലെ Seeking status എന്ന തലക്കെട്ടിൽ ശൈഖ് അബ്ദുൽ ഹകീം മുറാദ് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിത രൂപം.
വിവർത്തനം: സൽമാൻ കൂടല്ലൂർ

Dean of Cambridge Muslim College in the United Kingdom, was educated at Cambridge, Al-Azhar, and the Free University of Amsterdam. He is currently University Lecturer in Islamic Studies in the Faculty of Divinity at Cambridge University.