കലാ സാഹിത്യങ്ങളിലെ റമളാൻ ആഘോഷങ്ങൾ

കൊറോണ വൈറസ് ഉണ്ടാക്കിയ ആഘാതം അത്ര സുഖകരമല്ലാത്ത റമളാനിനെയാണ് ലോകമുസ്‌ലിംകൾക്ക് ഈ വർഷം വരവേൽക്കേണ്ടിവന്നത്. മുൻവർഷങ്ങളിലെ വർണാഭമായ റമളാൻ ഓർമകൾക്ക് പകരം ഇപ്പോൾ തിരക്കൊഴിഞ്ഞ മസ്ജിദുകളും അടച്ചിടപ്പെട്ട വിശ്വാസികളുമാണ് കാഴ്ച. ചരിത്രത്തിലുടനീളം വിശുദ്ധ റമളാനിന് ഇസ്‌ലാമിക സംസ്കാരത്തിൽ കനപ്പെട്ട സ്വാധീനമുണ്ട്. മുസ്‌ലിം സാമൂഹിക ജീവിതത്തിൽ ഈ പരിശുദ്ധ മാസം കൊണ്ട് വരുന്ന ഝടിതിയായ മാറ്റം കലകളിലും സാഹിത്യത്തിലും റമളാന് പ്രത്യേക മുദ്ര തന്നെ നേടിക്കൊടുത്തിട്ടുണ്ട്.

മുൻകാലങ്ങളിൽ റമളാനിലെ ആത്മീയാന്തരീക്ഷം മുസ്‌ലിം സമൂഹത്തിൻ്റെ ദൈനംദിന ജീവിതത്തിൽ സമൂലമായ മാറ്റത്തിനു വഴിവെച്ചിരുന്നു. റമളാനിൽ മുസ്‌ലിംങ്ങൾക്കിടയിലുള്ള ഉത്സവാന്തരീക്ഷത്തെ പറ്റി ഒട്ടോമൻ കാലത്ത് നിരവധി യൂറോപ്യൻ യാത്രികരും ഒട്ടോമൻ പ്രദേശങ്ങൾ സന്ദർശിച്ച യൂറോപ്യൻ ഭരണപ്രതിനിധികളും വാചാലരായിട്ടുണ്ട്. റമളാൻ മറ്റിതര ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാവുന്നതിനെ പറ്റി ഓട്ടോമൻ ചക്രവർത്തി സുലൈമാൻ ഒന്നാമൻ്റെ സമകാലികനായ ഓഗ്ലേർ ഹിസ്‌ലൈൻ പറയുന്നുണ്ട്. പാശ്ചാത്യൻ രാജ്യങ്ങളിലെ ആർപ്പുവിളികളും പേക്കൂത്തുകളും നിറഞ്ഞ ആഘോഷങ്ങൾ പോലെയല്ല വിശ്വാസികൾ റമളാനിനെ തികഞ്ഞ പവിത്രതയോടെയും ആദരവോടെയുമാണ് കൊണ്ടാടുന്നത്.

ഓരോ കാലഘട്ടങ്ങളിലും റമളാൻ അനുഭവങ്ങൾ വ്യത്യസ്തങ്ങളായിരുന്നെന്ന് പല യാത്രികരുടെയും മറ്റും എഴുത്തുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച ജർമൻ നയതന്ത്രജ്ഞനും തത്വചിന്തകനുമായ സോളമൻ ഷ്വയ്ഗർ അദ്ദേഹത്തിൻ്റെ റമളാൻ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. റമളാനിൽ മുസ്‌ലിംകൾ, വിശന്ന് അലഞ്ഞ് നടക്കുന്ന തെരുവ് മൃഗങ്ങളെ പരിചരിക്കുന്നതും അവയുടെ വിശപ്പടക്കുന്നതുമെല്ലാം അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ പള്ളികൾക്ക് സമീപം തെരുവ് പൂച്ചകളും നായ്ക്കളുമെല്ലാം തടിച്ചു കൂടുകയും ജനങ്ങൾ അവക്ക് പൊരിച്ച മാംസവും മറ്റുമെല്ലാം നൽകുകയും ചെയ്യുന്ന കാഴ്ച അദ്ദേഹത്തെ ഹഠാദാകർഷിച്ചു. റമളാനിൽ ചിലയാളുകൾ കൂട്ടിലടക്കപ്പെട്ട പക്ഷികളെ വിലക്കു വാങ്ങി സ്വതന്ത്രരാക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

റമളാനിൻ്റെ മനോഹാരിതയിൽ മനം മയങ്ങിയ നിരവധി പാശ്ചാത്യൻ പ്രമുഖരിൽ ഒരാളാണ് ഫ്രഞ്ച് കവിയും സാഹിത്യനിരൂപകനുമായ തിയോഫിൽ ഗൂച്ചി. അദ്ദേഹത്തിൻ്റെ ‘കോൺസ്റ്റാൻ്റിനോപ്പിൾ ഓഫ് ടുഡേ’ എന്ന പുസ്തകത്തിൽ ‘എ നൈറ്റ് ഇൻ റമളാൻ’ എന്ന അധ്യായം റമളാൻ അനുഭവങ്ങളുടേതാണ്. ഈ അധ്യായത്തിൽ ഇസ്താംബൂളിലെ ബെയോഗ്ലു പട്ടണത്തിലെ പെറ്റിറ്റ് ചാംസ് കെട്ടിടത്തിൽ നിന്നും അദ്ദേഹം കണ്ട കാഴ്ചകളെ അദ്ദേഹം വർണിക്കുന്നത് ഇപ്രകാരമാണ്:
“ഈ കെട്ടിടത്തിൽ നിന്നുള്ള കാഴ്ച്ച നയനസുഭഗമായിരുന്നെന്ന് പറയാതെ വയ്യ. ഗോൾഡൻ ഹോൺ അഴിമുഖത്തു നിന്നും ഇസ്താംബൂൾ, പൗരസ്ത്യ രാജാവിൻ്റെ കിരീടം പോലെ ജ്വലിച്ചു. പള്ളികളുടെ ബാൽക്കണികളും മിനാരങ്ങളും എണ്ണവിളക്കുകളാൽ പ്രഭാപൂരിതമായിരുന്നു. ചില ഖുർആൻ സൂക്തങ്ങളുടെ ദീപാവിഷ്കാരം മിനാരങ്ങൾക്കിടയിൽ തൂങ്ങിനിൽപ്പുണ്ടായിരുന്നു. നക്ഷത്രാങ്കിത വിണ്ണിൽ തെളിഞ്ഞു നിൽക്കുന്ന അർധചന്ദ്രൻ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ മുദ്രപോലെ തോന്നി. കുത്തിയൊലിക്കുന്ന ജലപാതങ്ങൾ പാതിയുരുക്കിയ രത്നകല്ലുകളാൽ നിർമിതമെന്ന പോലെ തിളങ്ങി. ഗോൾഡൺ ഹോൺ ഉൾക്കടലിലെ ജലം ലക്ഷക്കണക്കിന് ഫ്ലൂറസൻ്റ് വിളക്കുകളെ നിഷ്പ്രഭമാക്കും വിധം പ്രതിഫലിച്ചു. ഇസ്താംബൂളിൽ റമദാൻ മാസം സ്വാതന്ത്ര്യ പൂർണ്ണമാണ്. മറ്റു മാസങ്ങളിലേത് പോലെ രാത്രികാലങ്ങളിൽ വിളക്ക് വഹിക്കണമെന്നില്ല. തെരുവുകൾ വിളക്കുകളാൽ തിളങ്ങുന്നത് കൊണ്ട്, ആർക്കും യഥേഷ്ടം, വിളക്കില്ലാതെ നടക്കാം.

റമളാനും കലാസാഹിത്യങ്ങളും

വർണാഭമായ റമളാൻ ദിനങ്ങൾ നൂറ്റാണ്ടുകളോളം കലക്കും സാഹിത്യത്തിനുമെല്ലാം വിഷയീഭവിച്ചിട്ടുണ്ട്. റമളാൻ മനുഷ്യ ജീവിതത്തിൻ്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതാണെന്ന് പല കവികളും അഭിപ്രായപ്പെടുന്നു. റമദാൻ സംബന്ധിയായി അനേകം കവികൾ റമദാനിയ്യ എന്നറിയപ്പെടുന്ന സാഹിത്യ വർഗ്ഗത്തിന് കീഴിലായി നിരവധി ഖണ്ഡകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. റമളാനിനോടനുബന്ധിച്ച് ധാരാളം ലഘുലേഖകളും പല ഭാഷകളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ഖുർആൻ സൂക്തങ്ങളുടെ ദീപാവിഷ്കാരം ചാർത്തിയ മിനാരങ്ങൾക്കിടയിലാവും നോമ്പ്തുറ വിഭവങ്ങൾ സജ്ജീകരിക്കുക . അതിനെ മാഹിയ എന്ന് വിളിക്കുന്നു.

റമളാനിൽ ജനങ്ങളിൽ ഉണ്ടാകുന്ന ആത്മീയ പരിവർത്തനങ്ങൾ ഇത്തരം ഖണ്ഡകാവ്യങ്ങളിൽ വർണിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ കവിയായിരുന്ന സാബിത്ത് ഇപ്രകാരം എഴുതുന്നു:
“ഈ പരിശുദ്ധ മാസത്തെ ആദരിക്കുകയെന്നോണം മുഴുകുടിയൻമാർ പോലും അവരുടെ പാനപാത്രങ്ങളെ വുളൂ ചെയ്യുന്ന വിശ്വാസികൾക്ക് വെള്ളം ചൊരിയാനായി ഉപയോഗിച്ചു!!!”.

കാവ്യകുലപതികളായ ശൈഖ് ഗാലിബ്, സുറൂറി, എൻദെറുൻ വാസിഫ്, ഫുസൂലി തുടങ്ങിയവർക്കെല്ലാം ഇത്തരത്തിലുള്ള റമളാനിയ്യ ഖണ്ഡകാവ്യങ്ങൾ ഉണ്ട്. പതിനൊന്നാം നൂറ്റാണ്ടോടെ സാഹിത്യലോകം കൂടുതലും ഗദ്യരചനകളിലേക്ക് തിരിഞ്ഞപ്പോഴും ഈ വിശുദ്ധമാസത്തെ കുറിച്ച് നിരവധി ലേഖനങ്ങളും മറ്റും എഴുതപ്പെട്ടിട്ടുണ്ട്. ഇസ്താംബൂൾ പോലെയുള്ള നഗരങ്ങളിൽ റമളാൻ മാസത്തിലുണ്ടാവാറുള്ള അമിതമായ ഉത്സവാന്തരീക്ഷത്തെ പല സാഹിത്യകാരൻമാരും ദോഷൈകദൃഷ്ടിയോടെ കണ്ടെങ്കിലും അധികമാളുകളും അതിൻ്റെ സൗന്ദര്യത്തെയാണ് വർണിച്ചത്. റമളാനിലെ മാത്രം വിശിഷ്ട സംഭവങ്ങളായ റമളാൻ മാസപ്പിറവി ദർശനവും ഇഫ്ത്താറുകൾക്കും അത്താഴങ്ങൾക്കുമുള്ള ക്ഷണങ്ങളും നാട്ടിൻപുറങ്ങളിലെ പള്ളികൾക്ക് സമീപം ഉയർന്നു പറക്കുന്ന പട്ടങ്ങളും പ്രദോഷം വരെ നിലനിൽക്കുന്ന ആഹ്ലാദപൂര്‍ണ്ണമായ അന്തരീക്ഷവും തീൻമേശയിലെ വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും പല നോവലുകളിലും ചിത്രീകരണങ്ങളിലും നമുക്ക് കാണാനാവും.

തുർകിഷ് ലിറ്ററേച്ചർ എന്ന മഹാകൃതിയിൽ ഒട്ടോമൻ ഭരണകാലത്തെ റമളാനിനെപ്പറ്റി അഹ്മദ് വാസിം സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ റമളാൻ സൊഹ്ബത് ലെരി (Ramadan talks) എന്ന പുസ്തകത്തിൽ റമളാനനുബന്ധിയായ ഒരു കൂട്ടം കഥകളും ഓർമകളും ലേഖനങ്ങളുമാണുള്ളത്. ഈയൊരു ക്ലാസിക് കൃതി ലോക മുസ്ലിംകൾക്കായി വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടാനിരിക്കുകയാണ്.

ഈ കൃതികളിലെല്ലാം വിവരിച്ചിരിക്കുന്ന ശൈത്യകാല റമളാനുകളിൽ ജനങ്ങളെല്ലാം അവരിലാരുടെയെങ്ങിലും വീടുകളിൽ ഒത്തുകൂടുകയും തറാവീഹ് നിസ്കരിക്കുകയും അത്താഴം വരെയും ആരാധനകളിലായി സമയം ചിലവിടുകയും ചെയ്യുമായിരുന്നു. ഈ ഒത്തുകൂടലുകളിൽ അവർ സ്വഹീഹുൽ ബുഖാരി, ഖസസുൽ അംബിയാ പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും ജലാലുദ്ദീൻ റൂമി (റ)യുടെ കൃതികളും പാരായണം ചെയ്യൽ പതിവായിരുന്നു.
അക്കാലത്ത് റമളാനിൽ രാജകൊട്ടാരങ്ങളിൽ സുൽത്താന്റെ സാന്നിധ്യത്തിൽ നടക്കാറുള്ള ആത്മീയ പാഠശാലകളിൽ ശാസ്ത്രവും സംസ്കാരങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെടാറുണ്ടായിരുന്നുവെത്ര. ചിത്രകാരൻ ഹുസൈൻ ഔനി ലിഫിജിന്റെ ഒരു ചായാഗ്രഹണം ഇത്തരം പാഠശാലകളെ കുറിച്ചുള്ള തെളിഞ്ഞ ധാരണ നമുക്ക് നൽകുന്നുണ്ട്.
പ്രശസ്ത ഫ്രഞ്ച് ചരിത്രകാരനായ ഫ്രാങ്കോയിസ് ജോർജിയൻ തുർക്കിയിലെ ഓട്ടോമൻ ഭരണം മുതൽ റിപ്പബ്ലിക് ആവുന്നത് വരെയുള്ള വിവിധ റമളാനുകളുടെ ചരിത്രപരമായ വശങ്ങളെ സവിസ്തരം എഴുതിയിട്ടുണ്ട്.

ഇസ്താംബൂളിലെയും ചില അയൽ പ്രവിശ്യകളിലെയും ജനങ്ങൾ റമളാനിനെ സ്വാഗതം ചെയ്യുന്നതും അവരുടെ ദൈനംദിന ജീവിതത്തിൽ റമദാൻ വരുത്തുന്ന മാറ്റങ്ങളും അദ്ദേഹം വിവരിച്ചിട്ടുണ്ട്. റമളാനിൻ്റെ മതപരമായ സവിശേഷതകളും പാരമ്പര്യരീതികളിലെ പരിവർത്തനങ്ങളും വ്യാപാരബന്ധങ്ങളിൽ റമളാനിനുള്ള സ്വാധീനവും വിശിഷ്യാ, ആധുനിക യുഗത്തിൽ ഇതു നേരിട്ട മാറ്റങ്ങളുമെല്ലാം അദ്ദേഹം ഗവേഷണാത്മകമായി വിശകലനം ചെയ്യുന്നുണ്ട്.

പുതിയ കാലത്തെ റമളാൻ

ഓട്ടോമൻ സാമ്രാജ്യത്തിന്റ പതനത്തോടെയുണ്ടായ ആധുനികവൽക്കരണം റമളാനിന്റെ ആത്മീയപ്പെരുമയിൽ മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. മുൻകാലങ്ങളിലെ റമളാനിലുണ്ടായ ഉത്സവപ്രതീതി ഇപ്പോഴില്ല തന്നെ. സമൂഹത്തിലെ ആധുനികരീതികളും ദ്രുതഗതിയിലുള്ള പശ്ചാത്യവൽക്കരണവുമെല്ലാം മൂലം റമളാനിന്റെ മാഹാത്മ്യത്തെ വിലകുറച്ചു കാണുന്ന രീതിയിൽ ആയിട്ടുണ്ട് ഏറെപേരും. എങ്കിലും പൂർവ്വകാലങ്ങളിലെ റമളാൻ ഓർമകളും പാരമ്പര്യവുമെല്ലാം സ്മരിക്കപ്പെടുക തന്നെ ചെയ്യും. റമളാൻ ഒരു പ്രാപഞ്ചിക സത്യമാണ്. പുതിയ കാലത്തെ സെക്കുലർ രീതികൾ വലിയ വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും ലോക മുസ്‌ലിംകൾ റമദാനിന്റെ പെരുമ കാത്തു സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.

എമി ഹാക്ക്നി ബ്ലാക്ക് വെൽസിന്റെ “റമളാൻ” എന്ന കൃതി ഈ വിശുദ്ധമാസം മുസ്‌ലിം ലോകത്തിൽ ചെലുത്തുന്ന സ്വാധീനം വിവരിക്കുന്ന മികച്ച കൃതികളിലൊന്നാണ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മീഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ആസ്ത്രേലിയ തുടങ്ങി നിരവധി പ്രദേശങ്ങളിലെ മുസ്‌ലിം ജീവിതങ്ങൾക്കിടയിൽ നിന്നൊപ്പിയെടുത്ത നിരവധി ഫോട്ടോഗ്രാഫുകളാൽ സമ്പന്നമാണ് ഈ കൃതി. മാത്രമല്ല,ഓരോ പ്രദേശങ്ങളിലെയും റമളാൻ വ്യത്യാസപ്പെട്ടിരിക്കുന്ന വിധത്തെ പറ്റിയുള്ള താരതമ്യപഠനവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു

മൊത്തത്തിൽ, റമളാനിന്റെ പൊതുസ്വഭാവങ്ങളും ലോക മുസ്‌ലിംകൾക്കിടയിലെ ഏകതകളും സുവ്യക്തം പ്രതിപാദിക്കുന്ന പരാമൃഷ്ട പുസ്തകം നല്ലൊരു വായനാനുഭവം നിങ്ങൾക്ക് സമ്മാനിക്കും. ഇന്ന് മുസ്‌ലിം ജീവിത കാഴ്ചകൾ ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടവിഷയമാണല്ലോ. റമളാനുമായി ബന്ധപ്പെടുന്ന നിരവധി രൂപങ്ങളും ചിഹ്നങ്ങളും നമുക്കറിയാം (റമളാൻപിറവിയറിയിക്കുന്ന അർധചന്ദ്രകല പോലെ). ചിത്രകാരന്മാർക്കുo ശിൽപികൾക്കും അവ വിഷയീഭവിക്കാറുണ്ടല്ലോ. മുൻ കാലങ്ങളിലുണ്ടായിരുന്നതു പോലെ ഇപ്പോഴും കലാസാഹിത്യ സൃഷ്ടികളിൽ റമളാൻ കടന്നുവരാറുണ്ട്.
ദൈനംദിന ജീവിതം കലയുമായും പ്രത്യേകിച്ച് സാഹിത്യവുമായും സമന്വയിക്കുന്നിടത്തോളം കാലം റമളാൻ അതിന്റെ പരമാർത്ഥത്തെ സംരക്ഷിക്കുന്നത് തുടരും. ഓരോ പതിനൊന്ന് മാസത്തിന്റെയും ഒടുവിൽ മുസ്ലിം സാമൂഹികജീവിതം സമൂലം മാറുന്നിടത്തോളം കാലം റമളാൻ കലയുടെ പ്രചോദനാത്മക ഉറവിടമായി തുടരും

വിവർത്തനം: കെ സി അമീൻ അഷ്റഫ്