ഇസ്‌ലാമിക വാസ്തുവിദ്യയിലെ സ്വർഗ സങ്കൽപം
സ്വർഗത്തെ കുറിച്ചുള്ള ഖുർആനിക ആഖ്യാനങ്ങളും പ്രയാസമേറിയ ജീവിത സാഹചര്യങ്ങളെ മറികടക്കുന്നതിന് പ്രചോദനമാകുന്ന സ്വർഗ്ഗത്തിലെ ആത്മീയവും ഇന്ദ്രിയവുമായ സുഖാനുഭൂതികളെ കുറിച്ചുള്ള പ്രവാചക വചനങ്ങളിലെ വർണ്ണനകളും ഇസ്‌ലാമിക പൂന്തോട്ടങ്ങളുടെ അലങ്കാര രൂപങ്ങളിലും നിർമ്മിതികളിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദ്യാനങ്ങൾ പൊതുവേ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെങ്കിലും, ഇസ്‌ലാമിക ചുറ്റുപാടിൽ സ്വർഗ്ഗത്തിന്റെ ചെറിയൊരു പതിപ്പും അനുകരണവും കൂടിയാണ് ഉദ്യാനങ്ങൾ. പ്രതികൂല കാലാവസ്ഥകളിൽ പരിസ്ഥിതിയെ കൂടുതൽ മെച്ചപ്പെടുത്തുക/ ഭംഗിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉദ്യാന നിർമ്മാണത്തെ തന്നെ സ്വാധീനിക്കുന്ന “അന്നള്റിയ്യത്തുൽ ഫിർദൗസിയ്യ, അല്ലെങ്കിൽ അന്നള്റിയ്യത്തു തളാദുൽ ബീഇയ്യ്” (ദുനിയാവിലെ കഷ്ടപ്പാടുകളെയും പ്രതികൂല ജീവിതസാഹചര്യങ്ങളെയും മറികടക്കാനുള്ള ഏറ്റവും വലിയ വഴിയാണ് ഇസ്‌ലാമിക ലോകത്ത് മരണാനന്തരം പ്രതീക്ഷിക്കപ്പെടുന്ന സ്വർഗ സങ്കൽപമെന്ന പോലെ പ്രകൃതിയുടെ പ്രതികൂലമായ അന്തരീക്ഷത്തെ മറികടക്കാനുള്ള ഒരു മാർഗ്ഗമാണ് കൃത്രിമമായ ഉദ്യാന നിർമ്മാണം എന്നതാണ് ഈ സങ്കൽപം) എന്നൊക്കെ വിളിക്കാവുന്ന സങ്കൽപമാണ് ഇസ്‌ലാമിക വാസ്തുവിദ്യയെ വേറിട്ടുനിർത്തുന്നത്.
ഇസ്‌ലാമിക കാലഘട്ടങ്ങളിലെ ഉദ്യാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത സ്വകാര്യതയായിരുന്നു. അതുകൊണ്ട് തന്നെ ആന്തരിക കാഴ്ചകളെ തടയുകയെന്നോണം ഉയർന്ന മതിലുകളാലോ ഈന്തപ്പനകളാലോ ഉദ്യാനങ്ങൾ വലയം ചെയ്യപ്പെട്ടതായി കാണാം. ഉദ്യാനങ്ങളിലെ വൈവിധ്യവും വ്യത്യസ്തവുമാർന്ന ജലത്തിന്റെ ഉപയോഗങ്ങൾ പോലെ, ഇതിലും എൻജിനീയറിങ് വൈദഗ്ദ്ധ്യത്തിന്റെ അതിബാഹുല്യം കണ്ടെത്താൻ സാധിക്കും. ഇസ്‌ലാമിക കലയുടെയും വാസ്തുശിൽപത്തിന്റെയും വളർച്ചക്കും വികസനത്തിനുമനുസൃതമായി ഉദ്യാനങ്ങളുടെ അലങ്കാര മാതൃകകൾ ഖുർആനിലെ സ്വർഗത്തെ കുറിച്ചുള്ള വർണ്ണനകളോട് കൂടുതൽ ബന്ധം പുലർത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഉദ്യാനങ്ങളെ പവിത്രമായ സ്വർഗ്ഗത്തിന്റെ ചെറിയൊരു പതിപ്പായിട്ടും അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ ഒരു മുസ്‌ലിമിന്, തൻറെ ചുറ്റുപാടിൽ നിന്നും ദൈവിക സൃഷ്ടിപ്പിന്റെ മഹാത്മ്യം വരച്ചുകാട്ടുന്ന ദൃഷ്ടാന്തങ്ങളിൽ നിന്നും താൻ മനസ്സിലാക്കിയെടുത്ത അല്ലാഹുവിൻറെ ചെയ്തികളെ അനുകരിക്കാനുള്ള ശ്രമവുമായിട്ടെ നിർവചിക്കാൻ സാധിക്കുകയുള്ളൂ.
ഐഹികവും പാരത്രികവുമായ പൂന്തോപ്പുകളെ കുറിച്ചുള്ള ഖുർആനിക സൂക്തങ്ങളിലേയും പ്രവാചക വചനങ്ങളിലേയും വർണ്ണനകളുടെ കൃത്യതയെക്കുറിച്ച് അത്ഭുതപ്പെടാതിരിക്കാനാവില്ല. ഇത്തരം വർണ്ണനകളിൽ നിന്നാണ് മുസ്‌ലിം സമൂഹം ഉദ്യാനങ്ങളുടെ നിർമിതികളിലും അതിന്റെ ഭൂമിശാസ്ത്രം നിർണ്ണയിക്കുന്നതിലുമുള്ള സൗന്ദര്യാത്മകവും അടിസ്ഥാനപരവുമായ ഘടകങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങൾ നെയ്തെടുക്കുന്നത്.
“അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ സത്യവിശ്വാസം ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവർ ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടം (ജന്നത്) പോലെയാണ്”.
ഉദ്യാനങ്ങൾക്കും പൂന്തോപ്പുകൾക്കും അനുയോജ്യമായ സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നൽകുന്നുണ്ട് ഈ ഖുർആനിക സൂക്തം.
“അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു”. (ബഖറ:265)
ഉദ്യാന നിർമ്മിതിക്ക് ഏറ്റവും അനുയോജ്യമായത് കുന്നുകളെ പോലെ ഭൗമോപരിതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളാണന്ന് ഈ ഖുർആനിക സൂക്തം വ്യക്തമാക്കുന്നുണ്ട്. ഫലഭുഷ്ടിയെയും വളർച്ചയെയും മുരടിപ്പിക്കുന്ന ഘടകങ്ങളിൽ നിന്നും രോഗകാരണങ്ങളിൽ നിന്നും ഇത്തരം സ്ഥലങ്ങൾ മരങ്ങളെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന് കാരണം. വേരുകളുടെ ഈർപ്പവും വളർച്ചയും ഇല്ലാതാക്കുന്ന ഭൂഗർഭജലവുമായിട്ടുള്ള വേരുകളുടെ സംഗമം ഇത്തരം ഘടകങ്ങളിൽ ഒന്നാണ്. അതുപോലെതന്നെ കുന്നുകൾക്കു ചുറ്റുമുള്ള മികച്ച ഡ്രൈനേജ് സിസ്റ്റം കാരണത്താൽ വൻ തോതിലുള്ള ജലമൊഴുക്കിനും ഒരിക്കലും കൃഷിയെ നശിപ്പിക്കാൻ കഴിയില്ല. മഴയുടെ അഭാവത്തിൽ പോലും നേരിയ മഞ്ഞുവീഴ്ചകളാൽ തോപ്പുകൾക്ക് ജലസേചനം ലഭ്യമാകുന്നു.
“ഹദീഖ” എന്ന പദത്തിൻറെ ഭാഷാപരമായ അർത്ഥവും ഖുർആനിക സുക്തത്തിലുള്ള പദത്തിനോട് പൂർണ്ണാർത്ഥത്തിൽ യോജിക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. “ഹാഇത്വ്”, “റൗള”, “ബുസ്താൻ”എന്നൊക്കെ അർത്ഥം വരുന്ന “ഹദീഖ” എന്നതിൻറെ ബഹുവചനമാണ് “ഹദാഇഖ്”. എന്നാൽ ഈന്തപ്പനകളും മറ്റിതര മരങ്ങളും കൃഷി ചെയ്യപ്പെട്ട ഉയർന്ന ഭൗമോപരിതലമുള്ള സ്ഥലങ്ങൾക്കാണ് പൊതുവേ “ഹദീഖ” എന്ന് പറയുന്നത്. അതേസമയം ജലസേചന സൗകര്യമുള്ള പച്ചപുതച്ച ഇടങ്ങളാണ് “റൗള” എന്ന് പറയപ്പെടുന്നത്. ചുറ്റുമതിലുകളോടു കൂടെയുള്ള ഈന്തപ്പന തോട്ടങ്ങൾക്കാണ് “ഹാഇത്വ് “എന്ന് പറയുന്നത്. സുഗന്ധപൂരിതമായ സ്ഥലം എന്നർത്ഥം വരുന്ന ഫാരിസി പദമായ “ബുസ്താൻ” പിന്നീട് മതിലുകളാൽ വലയം ചെയ്യപ്പെട്ട കൃഷിയിടങ്ങൾക്ക് ഉപയോഗിച്ചു. ഇതുപ്രകാരം ചെടികളും മരങ്ങളും കൃഷി ചെയ്യപ്പെട്ട ഉയർന്ന സ്ഥലങ്ങൾക്കാണ് പൊതുവെ “ഹദീഖ”എന്നു പറയുന്നത്. ഇത് ഖുർആൻ സൂചിപ്പിച്ച കാര്യങ്ങളോട് പൂർണ്ണാർത്ഥത്തിൽ യോജിക്കുന്നു. ചുരുക്കത്തിൽ ഉദ്യാനങ്ങളെയും തോപ്പുകളെയും കുറിച്ചുള്ള ഖുർആനിലെ ആഖ്യാനങ്ങളിൽ നിന്ന് (അത് ഇഹലോക സങ്കൽപത്തിലുള്ളതോ പരലോക സങ്കൽപത്തിൽ ഉള്ളതോ ആവട്ടെ) ഉദ്യാനങ്ങളെ അലങ്കരിക്കുന്നതിനാവശ്യമായ സൗന്ദര്യാത്മകവും അടിസ്ഥാനപരവുമായ ഘടകങ്ങളെ വായിച്ചെടുക്കാൻ സാധിക്കും. ഉയർന്ന ഇടങ്ങളിലുള്ള ഉദ്യാനങ്ങളെ കുറിച്ചുള്ള പരാമർശം അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഇന്ന് സ്വീകാര്യമായ പരിസ്ഥിതി – വാസ്തുവിദ്യ ശാസ്ത്രങ്ങളുടെ ക്രിട്ടിക്കലിലൂടെ നമുക്ക് ബോധ്യമാവും. ഇസ്‌ലാമിക പൂന്തോട്ട (Islamic Garden) ത്തിലെ ഘടകങ്ങൾ ഇത്തരത്തിൽ സംഗ്രഹിക്കാവുന്നതാണ്.
സസ്യലതാദികൾ
ഇസ്‌ലാമിക വീക്ഷണപ്രകാരം തണലിനും ദൃശ്യാനന്ദത്തിനും വേണ്ടിയുള്ളതാണ് മരങ്ങളും ചെടികളും. തൻറെ സജ്ജനങ്ങളായ അടിയാളുകൾക്ക് അല്ലാഹു തയ്യാറാക്കിവെച്ച സ്വർഗാസ്വാദനങ്ങളെ കുറിച്ചുള്ള മനോഹരമായ ധാരാളം വർണ്ണനകൾ ഖുർആനിൽ നമുക്ക് കണ്ടെത്താനാകും. ഉദാഹരണത്തിന്; “മുള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണല്‍,
സദാ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളം,
ധാരാളം പഴവര്‍ഗങ്ങള്‍, നിലച്ചു പോവാത്തതും തടസ്സപ്പെട്ടു പോവാത്തതുമായ” (സൂറത്തുൽ വാഖിഅ)
നയനാസ്വാദനങ്ങളെയും സൗന്ദര്യാത്മക തലങ്ങളെയും സാധ്യമാകുന്നു എന്നതിലപ്പുറം മരങ്ങൾക്കും ചെടികൾക്കും മറ്റു ഉപകാരങ്ങളും ഉണ്ട്. ചിലത് ഫലദായകവും മറ്റു ചിലത് ഉദ്യാനങ്ങൾക്ക് സ്വകാര്യത നൽകുന്നതും നേരിട്ടുള്ള സൂര്യ കിരണങ്ങളിൽ നിന്ന് ചുവരുകളെ സംരക്ഷിക്കുന്നതും സൂര്യ പ്രകാശത്തിൻറെ തീവ്രത കുറച്ച് തണൽ വിരിക്കുന്നുതുമാണ്.
ഉദ്യാനങ്ങളിലെ സൗന്ദര്യത്തെക്കുറിച്ചുള്ള മുസ്‌ലിങ്ങളുടെ ബോധ്യം ചിലപ്പോഴെങ്കിലും, മരക്കൊമ്പുകളെ സ്വർണ ഫോയിലുകൾ കൊണ്ട് പൊതിയുന്നിടത്തേക്ക് വരെ എത്തിച്ചിട്ടുണ്ട്. ഖുമാർ വൈഹി അഹ്മദ് ഇബ്നു ത്വൂലൂൻ താൻ സ്വയം രൂപകൽപ്പന ചെയ്ത സൃഷ്ടിച്ചെടുത്ത രാജകീയ ഉദ്യാനങ്ങൾ നന്നായി പരിപാലിക്കുമായിരുന്നെന്നും ഈത്തപ്പനയോലകളെ സ്വർണ്ണം പൂശിയ ചെമ്പ് പൊതിഞ്ഞിരുന്നെന്നും പറയപ്പെടുന്നുണ്ട്. സ്വർഗ്ഗത്തിലെ സകല മരങ്ങളുടെയും തണ്ടുകൾ സ്വർണത്തിനാലാണെന്ന പ്രവാചക വചനത്തിൽ നിന്നായിരിക്കാം മുസ്‌ലിം സമൂഹം ഇത്തരമൊരു പ്രവണതയിലേക്ക് പ്രചോദിതരായത്.
ജലോപയോഗത്തിലെ വൈവിധ്യങ്ങൾ
വിശുദ്ധിയുടേയും തെളിമയുടെയും പ്രതീകമാണെന്നതുപോലെ ജീവോത്ഭവത്തിന്റെ പ്രതീകം കൂടിയാണ് ഇസ്‌ലാമിക ദർശനത്തിൽ ജലം. മരങ്ങൾ തണൽ വീഴ്ത്തുന്ന ജലാശയങ്ങൾ, പ്രതിഫലനങ്ങൾ ഇല്ലാതെ ചലനാത്മകമായ ഉപരിതലങ്ങളോട് കൂടിയ ജലധാരകൾ, കളകളവാരത്തോടെ തെറിച്ചുവീഴുന്ന ഓവർഹെഡ് ട്യൂബുകൾ, സൽസബീലുകൾ തുടങ്ങിയ വൈവിധ്യപൂർണ്ണമായ ശൈലിയിലാണ് ഇസ്‌ലാമിക ഗാർഡനിലെ ജലത്തിൻറെ ഉപയോഗങ്ങൾ. വെള്ളത്തിൻറെ മനോഹാരിത എടുത്തു കാണിക്കാനും കഴിയുന്നത്ര തെളിമ നിലനിർത്തുന്നതിനും വേണ്ടി ജലപാതകളുടെയും ജലധാരകളുടെയും ഇരുവശങ്ങളിലും മുസ്‌ലിങ്ങൾ വർണാഭമായ മൊസൈക്കുകൾ കൊണ്ട് അലങ്കരിച്ചു. ചില ജല തടാകങ്ങളിൽ മത്സ്യങ്ങൾക്കും ബത്ത് പോലോത്ത പക്ഷികൾക്കും കൂടി ഇടം കണ്ടെത്തുന്നു എന്നതും ശ്രദ്ധേയമാണ്. അതുപോലെ ജലധാരകളുടെ ഉപയോഗം ദൃശ്യ ശ്രവണ സ്വാധീനങ്ങൾക്ക് പുറമേ ജലോപരിതലത്തിൽ ഉള്ള കീടങ്ങളെ കൂടി ഇല്ലായ്മ ചെയ്യുന്നുണ്ട്.
ഭൂരിഭാഗ ഇസ്‌ലാമിക രാജ്യങ്ങളും ഭൂമിശാസ്ത്രപരമായി മരു പ്രദേശങ്ങളിലും വരണ്ടുണങ്ങിയ ഇടങ്ങളിൽ ആണെങ്കിൽ പോലും ചില പ്രത്യേക രീതികളിൽ ഇസ്‌ലാമിക് ഗാർഡന്റെ വാസ്തുവിദ്യയുടെ അടിസ്ഥാന ഘടകമായി വെള്ളത്തെ പരിഗണിക്കുന്നതോടെ ഇത്തരം കാലാവസ്ഥാ പ്രശ്നങ്ങളെ അതിജയിക്കാൻ മുസ്‌ലിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം രീതികളിൽ ചിലത് താഴെ ചേർക്കുന്നു
കാഴ്ച്ചകളെ മറക്കാത്ത വിധം ഉഷ്ണമേറിയ പൊടി കാറ്റുകളിൽ നിന്നും സംരക്ഷണം നൽകുന്ന രീതിയിൽ മുഴുവശങ്ങളും ഉയർന്ന മതിലുകളാൽ വലയം ചെയ്യപ്പെട്ട അകത്തളങ്ങളിൽ നിർമിക്കപ്പെട്ട ജലാശയങ്ങളും ജലധാരകളും
ജലത്തിൻറെ ഉപഭോഗത്തെ കുറിച്ചുള്ള ഇസ്‌ലാമിക ഫിലോസഫിയുമായും ആത്മീയവും ഇന്ദ്രിയവുമായ സുഖാനുഭൂതികളുമായും ക്രിയാത്മക തലങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ടുതന്നെ ഇത്തം ഡിസൈനിങ്ങുകൾ അഹന്തയുടെയും അഹംഭാവങ്ങളുടെയും പ്രകടനങ്ങളോട് കൂടുതൽ അനുഭാവം പുലർത്തുന്ന നവോത്ഥാനാനന്തര യൂറോപ്യൻ സംസ്കാരത്തോട് യാതൊരുവിധത്തിലും സമരസപ്പെടുന്നില്ല.
വെള്ളത്തിൻറെ സഞ്ചാരപഥങ്ങളിലുള്ള തണൽവൃക്ഷങ്ങൾ മുഖേന സൂര്യകിരണങ്ങളിൽ നിന്നുള്ള സംരക്ഷണം, ഇത് ജല നഷ്ടത്തിന്റേയും ബാഷ്പീകരണത്തിന്റേയും തോത് കുറക്കുകയും വശ്യമായ റിഫ്ലക്ഷനുകൾക്ക് കാരണമാവുകയും ചെയ്യുന്നു.
ജലത്തിൻറെ സഞ്ചാരപദങ്ങളെ ലോട്ടസ് ആകൃതിയിലോ അർദ്ധഓവൽ ആകൃതിയിലോ ഡിസൈനിങ് ചെയ്യുന്നതിലൂടെ കാഴ്ചയിൽ വിശാലമായ ജലോപരിതലം നിലനിർത്തുന്നതോടൊപ്പം ജലോപയോഗത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. മറ്റൊന്ന് കുറഞ്ഞ ജലംകൊണ്ട് അന്തരീക്ഷത്തെ തണുപ്പിക്കുന്നതോടൊപ്പം ശ്രവണ സുന്ദരമായ ശബ്ദവും അഭൗമമായ അനുഭവം നൽകുന്നത് വാട്ടർ ജെറ്റുകളുടെ ഉപയോഗമാണ്. സെവില്ലയിലെ ഓറഞ്ച് തോട്ടത്തിൽ ഉള്ളതുപോലെ ജലാശയങ്ങളിൽ നിന്ന് പുറംതള്ളുന്ന വെള്ളം ജലസേചനങ്ങൾക്കായി പുനരുപയോഗം ചെയ്യുന്നു. സൗന്ദര്യശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെയും കുറഞ്ഞ അളവിലുള്ള ജലംകൊണ്ട് കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നു എന്ന നിലക്കും ഉന്നതമായ ഡിസൈനിങ് ആവിഷ്കാരമാണ് ഇസ്‌ലാമിക് ഗാർഡനിലെ ജലോപയോഗം.
സകല വസ്തുക്കളിലുമുള്ള പ്രത്യേകിച്ച് ജീവിതത്തിൻറെ പ്രതീകമായി കണക്കാക്കപ്പെടുന്ന ജലത്തിലുള്ള അമിതവ്യയത്തോട് ഒരുനിലക്കും സന്ധിയാവാത്ത ഇസ്‌ലാമിക അധ്യാപനങ്ങളുടെ അക്ഷരാർത്ഥത്തിലുള്ള പ്രായോഗിക വൽക്കരണമാണ് ഇത്തരം ഡിസൈനിങ്ങുകൾ.
തണൽവിരിക്കുന്ന തുറന്ന ഇരിപ്പിടങ്ങൾ
നന്നായി ആസ്വദിക്കാൻ പലപ്പോഴും ജലാശയങ്ങൾക്കും ചെടികൾക്കും സമീപങ്ങളിൽ തുറസ്സായ തണലിരിപ്പിടങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിക് ഗാർഡനിലെ മറ്റൊരു സൗന്ദര്യം ഇരിപ്പിടങ്ങളിലെ “അരീക”കളാണ്. സ്വർഗ്ഗത്തിലെ ഇരിപ്പിടങ്ങളെ കുറിച്ചുള്ള ഖുർആനിൻ്റെ ആഖ്യാനം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് “നിശ്ചയം പുണ്യവാന്മാര്‍ സുഖാഡംബരങ്ങളിലും കട്ടിലുകളിലും ഇരുന്ന് എല്ലാം നോക്കിക്കാണുന്നവരുമായിരിക്കും” (മുത്വഫ്ഫിഫീൻ).
വർണാഭമായ ഫൈൻ ടൈലുകൾ, കല്ലുകൾ, മരക്കൊമ്പുകൾ എന്നിവ കൊണ്ടായിരുന്നു ഇവകളുടെ നിർമ്മിതി. ഉഷ്ണ കാലങ്ങളിലും ചൂടുകൂടിയ പകലുകളിലും പുറംകാഴ്ചകൾ കാണാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ള മരത്തിന്റെ കുടിലുകൾ ആയിരുന്നു പലപ്പോഴും ഇരിപ്പിടങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. റിയാദ് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന സുവൈദി പാർക്കിലെ ഇരിപ്പിട കൂടാരങ്ങൾ ഇവകളുടെ സമീപകാല ഉദാഹരണങ്ങൾ ആണ്. ഒരുപക്ഷേ, സ്വർഗ്ഗത്തിൽ ഓരോരുത്തർക്കും 60 മൈൽ നീളമുള്ള പൊള്ളയായ മുത്തുകളാൽ നിർമിതമായ ഖൈമകളുണ്ടന്ന പ്രവാചക വചനമായിരിക്കാം ഇതിൻ്റെ പ്രചോദനമായി വർത്തിച്ചത്.
സൗരഭ്യങ്ങളും ഹൃദ്യമായ സ്വരങ്ങളും
സന്തോഷവും ആനന്ദവും ഇന്ദ്രിയാനുഭൂതിയും നൽകുന്ന പ്രധാന ഘടകമാണ് സുഗന്ധങ്ങൾ. ഖുർആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും സ്വർഗ്ഗ ലോകത്തെ സുഗന്ധത്തെ കുറിച്ചുള്ള വിവരണങ്ങൾ നൽകുന്നുണ്ട് (വാഖിഅ: 88,89).
ഇതുകൊണ്ട് തന്നെയായിരിക്കാം ഇസ്‌ലാമിക ഗാർഡനിലെല്ലാം നിർമിതികളെ സദാസമയവും സുഗന്ധപൂരിതമാക്കുന്ന ഇന്ദ്രിയാനുഭൂതിയുടെ പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്ന സുഗന്ധദായക സസ്യങ്ങൾ ഇടംപിടിച്ചത്.
മനോഹരമായ ശബ്ദങ്ങളെ സംബന്ധിച്ചിടത്തോളം അപശബ്ദങ്ങളുടെ അഭാവം എന്നതിനപ്പുറം ആത്മാവിനെ പ്രശാന്തമാക്കാനുള്ള ഒരു കഴിവ് കൂടിയുണ്ട് അതിന്. “യാതൊരു അനാവശ്യവാക്കും അവർ അവിടെ കേള്‍ക്കുകയില്ല”എന്ന ഖുർആനിക സൂക്തങ്ങളും അതിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. മനുഷ്യ ശബ്ദങ്ങളോട് കൂടിക്കലരുന്ന ജലധാരകളുടെ കളകളാരവങ്ങളും മരങ്ങളിൽ പതിയിരിക്കുന്ന പറവകളുടെ കളകൂജനങ്ങളും ഉദ്യാനങ്ങളിൽ പുതിയൊരു സംഗീതം തന്നെ തീർക്കുന്നു.
അറബിക് കാലിഗ്രാഫി
അല്ലാഹുവിൻറെ അനുഗ്രഹങ്ങളെയും ഔദാര്യങ്ങളേയും ഓർമ്മിപ്പിക്കാൻ ഉദ്യാന കവാടങ്ങളിലും മറ്റുഭാഗങ്ങളിലും വ്യത്യസ്ത രീതികളിലുള്ള ഖുർആനിക സൂക്തങ്ങളുടെ എഴുത്തുകുത്തുകൾ നടത്താറുണ്ട്. “നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചതാണിത്; അവൻ മൂലം മാത്രമേ ഏതൊരു ശക്തിയും ഉണ്ടാകൂ എന്ന് എന്തുകൊണ്ട് നീ പറഞ്ഞില്ല?” എന്ന ഖുർആനിക സൂക്തങ്ങളുടെ പൊരുളുകളായിരിക്കാം ഒരുപക്ഷേ ഇതിലേക്ക് അവരെ നയിച്ചത്. ഇതിനുപുറമേ “ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്” എന്ന് സ്വർഗ കവാടത്തിൽ എഴുതപ്പെട്ടിരിക്കുന്നു” എന്ന ഹദീസും കാണാം. “അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല, അല്ലാഹു ഏകനും സർവാധിപതിയുമാണ്, അല്ലാഹുവാണ് ഏറ്റവും വലിയ വിജയി, അല്ലാഹു സഹായത്തിനായി ഉണ്ടെങ്കിൽ നിങ്ങളെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല” എന്നൊക്കെ അർത്ഥം വരുന്ന ഖുർആനിക വാക്യങ്ങളും ഉദ്യാനങ്ങളുടെ കവാടങ്ങളിൽ കൊത്തി വെക്കപ്പെട്ട “സമാധാനത്തോടെ പ്രവേശിച്ചുകൊള്ളുക, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന തോപ്പുകൾ അവർക്കുണ്ട്” എന്ന ലിഖിതങ്ങളും അസൂയ വാഹകരിൽ നിന്ന് സംരക്ഷണം നേടുന്നതിനായി എഴുതപ്പെട്ട “യാ ഹാഫിള്” അല്ലാഹു വലിയസരക്ഷകനും കരുണ്യവാനുമാകുന്നു “തുടങ്ങിയ വാക്യങ്ങളും ഇസ്‌ലാമിക് ഗാർഡനിലെ കൊത്തു ലിഖിതങ്ങളുടെ ചില ഉദാഹരണങ്ങളാണ്.
ഗ്രനഡയിലെ ചെങ്കോട്ടയിലെ റൈഹാൻ അങ്കണത്തിൽ “അസ്സആദ:”, “അൽ ബറക”, “അൽ ഇസ്ദിഹാർ”, ” അസ്വിഹത്തുൽ ബാഖിയ”, അൽ ഹംദുലില്ലാഹി അലാ നിഅമത്തിൽ ഇസ്‌ലാം” തുടങ്ങിയ തിളക്കമാർന്ന അറബി കൊത്തു ലിഖിതങ്ങൾ കാണാം.
ഖുർആനിന്റെ സൂക്തങ്ങളിൽ നിന്നും പ്രവാചക വചനങ്ങളിൽ നിന്നുമാണ് ഇസ്‌ലാമിക ഗാർഡന്റെ അടിസ്ഥാന ഘടകങ്ങളുടെ പ്രചോദനം എന്ന് ഇതു വരെ വിവരിച്ചതിൽ നിന്ന് വ്യക്തമാണ്. മുസ്‌ലികളെ സംബന്ധിച്ചിടത്തോളം “ഉദ്യാനങ്ങൾ ഇസ്‌ലാമിലെ പരലോക സങ്കൽപത്തിലെ ഉദ്യാനത്തിന്റെ ചിത്രികരണമാണ്” എന്ന പ്രസ്താവനയിലൂടെ ജോൺ എഡ്ഡി സ്ഥാപിക്കുന്നതും ഇതു തന്നെയാണ്.
വിവർത്തനം: അബ്ദുൽ ബാസിത് അരീക്കോട്
Assistant professor of Islamic Architecture in the Department of Architecture,
High Institute of Engineering & Technology, Al Arish, Egypt.
