വിശുദ്ധ ഖുർആൻ: ഒട്ടോമൻ സാമ്രാജ്യത്തിന്റെ ആധാരശില

ഇസ്‌ലാമിക ചരിത്രത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക ഭൂമികയിലെ സുപ്രധാന അധ്യായങ്ങളിലൊന്നാണ് ഒട്ടോമൻ സാമ്രാജ്യം. ആറു നൂറ്റാണ്ടിലേറെക്കാലം
സംസ്കാരത്തിന്റെയും കലാ ചരിത്രത്തിന്റെയും മേഖലയിൽ വ്യത്യസ്തവും മഹത്തരവുമായ സംഭാവനകൾ കൊണ്ട് ഉജ്ജ്വലമായ ഭാഗധേയത്വം അടയാളപ്പെടുത്താൻ ഒട്ടോമൻ സാമ്രാജ്യത്തിനായിട്ടുണ്ട്. സാമ്രാജ്യത്തിന്റെ വളർച്ചയിലും വികാസത്തിലും മതാധ്യാപനങ്ങൾക്കും ആത്മീയമേഖലകൾക്കും വലിയ പങ്കുണ്ടെന്നു തിരിച്ചറിഞ്ഞ് അതിന് ഉന്നതമായ പ്രാധാന്യം നൽകാൻ ഒട്ടോമൻ സുൽത്താൻമാർ അഹോരാത്രം പരിശ്രമിച്ചിരുന്നു.
ഖുർആനിന്റെയും കലയുടെയും പശ്ചാത്തലത്തിൽ ഒട്ടോമൻ ചരിത്രം പരിശോധിക്കുമ്പോൾ, ഈ പുണ്യ ഗ്രന്ഥത്തോടുള്ള ബഹുമാനവും സ്നേഹവും കൊണ്ട് രൂപപ്പെടുത്തിയ ഗംഭീരമായ ഒരു നിയമവ്യവസ്ഥ നമുക്ക് കാണാനാവും.
നാനൂറ് വർഷമായി ടോപ്കാപ്പി കൊട്ടാരത്തിൽ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും തുടർച്ചയായി ഖുർആൻ പാരായണം ചെയ്യുന്നത് ഈ ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വ്യക്തമായ നിദർശനമാണ്.
പ്രശസ്ത തുർക്കി എഴുത്തുകാരനും കവിയുമായ യഹ്‌യ കെമാൽ ബെയാത് ലി 1920 കളിൽ ഇങ്ങനെ പറയുകയുണ്ടായി.”ഞാൻ ഒരു യാഥാർഥ്യം കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയ, ധാർമികാടിത്തറയായി വർത്തിച്ചത് രണ്ട് കാര്യങ്ങളാണ്, സുൽത്താൻ മുഹമ്മദ് രണ്ടാമൻ (Mehmed the Conquer) ആഹ്വാനം നൽകി ഇന്നും തുടർന്ന് പോരുന്ന ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്കിന്റെ മിനാരത്തിലുള്ള വാങ്ക് വിളിയും ടോപ്കാപ്പി കൊട്ടാരത്തിലെ ഹിർകയെ സാദെത് ദായിറെസിയിൽ (തിരുശേഷിപ്പുകളുടെ സൂക്ഷിപ്പുകേന്ദ്രം) പാരായണം ചെയ്യാൻ സുൽത്താൻ സെലിം ഒന്നാമൻ ഉത്തരവിട്ട ഖുർആൻ പാരായണവുമാണവ.”
പവിത്ര ശേഷിപ്പുകൾ
ഇസ്‌ലാമിക ചരിത്രത്തിൽ നാനൂറ് വർഷത്തിലേറെയായി തുടർന്നുകൊണ്ടിരിക്കുന്നതായി ഈ ഖുർആൻ പാരായണമല്ലാതെ സമാനമായ ഒരു പാരമ്പര്യം നമുക്ക് കണ്ടെത്താൻ കഴിയില്ല. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ആത്മീയതയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സവിശേഷതകൾ ഖുർആനിനോടുള്ള അതിയായ താൽപ്പര്യവും മുഹമ്മദ് നബിയോടുള്ള സ്നേഹവുമാണെന്ന് ടോപ്കാപ്പി കൊട്ടാരത്തിലെ ഖുർആൻ പാരായണത്തിന്റെ ഈ മഹത്പാരമ്പര്യം ബോധ്യപ്പെടുത്തുന്നുണ്ട്.
സുൽത്താൻ സെലിം ഒന്നാമൻ (Selim the Grim, Selim the Resolute എന്നീ പേരുകളിൽ അറിയപ്പെടുന്നു) ആയിരുന്നു ഈ മഹത്തായ സംസ്‍കാരത്തിന് നാന്ദി കുറിച്ചത്. “മക്കയുടെയും മദീനയുടെയും ദാസൻ” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഒട്ടോമൻസിന്റെ ഈജിപ്ത് സൈനിക നീക്കത്തോടെ മംലൂക്ക് സുൽത്താനേറ്റ് തകർന്നു. തുടർന്ന് ഒട്ടോമൻ ഭരണത്തിനു കീഴിലായ മക്കയുടെയും മദീനയുടെയും അമീർ നഗരങ്ങളുടെ താക്കോൽ സുൽത്താൻ സെലിം ഒന്നാമന് ഒരു കത്തിനോടൊപ്പം അയച്ച് അദ്ദേഹത്തോടുള്ള വിധേയത്വം പുലർത്തി. അബുൽ ബറകാതിന്റെ മകൻ ഷെരീഫ് അബു നുമൈ എന്നറിയപ്പെടുന്ന ഈ അമീർ, പവിത്രമായ ശേഷിപ്പുകളുടെ ഒരു പ്രധാന ഭാഗം സുൽത്താന് അയച്ചുകൊടുത്തു. മുഹമ്മദ് നബി, അനുചരർ, മറ്റു പ്രവാചകർ എന്നിവരുടെ ശേഷിപ്പുകളെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു.
സുൽത്താൻ സെലിം ഒന്നാമന് പ്രവാചകനോടുള്ള ബഹുമാനവും സ്നേഹവും തീവ്രമായിരുന്നു. വിശുദ്ധ ശേഷിപ്പുകളുടെ ആഗമനവും അമീറിന്റെ അനുരഞ്ജന സമീപനവും അദ്ദേഹത്തെ അതീവ സന്തുഷ്ടനാക്കി. പ്രസ്തുത അമീറിനു പകരം ഇസ്താംബൂളിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നത് കൂടുതൽ ഉചിതമാവുമെന്ന ചില രാഷ്ട്രനേതാക്കളുടെ ആവശ്യത്തിന് സുൽത്താന്റെ മറുപടി ഇപ്രകാരമായിരുന്നു:
“മുഹമ്മദ് നബിയുടെ മതം ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട് ഒൻപതു നൂറ്റാണ്ടിലേറെയായി. മക്കതുൽ മുകർറമയും മദീന അൽമുനവറയുമാണ് പ്രവാചകന്റെ സിംഹാസനങ്ങൾ. ഈ സമയം വരെ ഏതെങ്കിലും ഭരണാധികാരിയെ പുറത്തുനിന്ന് അയച്ചിട്ടുണ്ടോ? മക്കയിലെയും മദീനയിലെയും സുൽത്താനേറ്റ് പ്രപഞ്ച പ്രഭുവിന്റെ മാന്യരായ മക്കളുടെ കൈയിലാണ്. ഞാൻ ആ സംസ്ഥാനങ്ങളെ സൈനികനീക്കം കൊണ്ട് നേടിയിട്ടില്ല. നല്ല മാന്യതയും കൃപയും കാരണം അവർ എന്നോട് അനുസരണയും ദയയും പക്വതയോടും കൂടിയാണ് പെരുമാറിയത്. ഇത് എനിക്ക് ലഭിച്ച മഹത്തായ പാരിതോഷികമാണ്. മക്കയിലെയും മദീനയിലെയും ഈദ്, ജുമുഅ ദിവസങ്ങളിൽ പാരായണം ചെയ്യുന്ന പ്രഭാഷണങ്ങളിൽ എന്റെ പേര് പരാമർശിക്കുന്നത് എനിക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചത് കൊണ്ട് മാത്രമാണ്. ഇതിനായി ഞാൻ രാവും പകലും പ്രാർത്ഥിച്ചാലും എനിക്ക് വേണ്ടത്ര നന്ദി പറയാൻ കഴിയില്ല. ലോകം മുഴുവനുമുള്ള സുൽത്താനേറ്റിന് വേണ്ടി ഈ സന്തോഷത്തെ ഞാൻ മാറ്റം വരുത്തുകയില്ല. അമീറിന്റെ ജനങ്ങളോട് എല്ലാത്തരത്തിലുമുള്ള ഇടപെടലുകൾ നടത്തിയാലും മക്കയുടെയും മദീനയുടെയും കാര്യങ്ങളിൽ ഇടപെടാൻ ഞാൻ തയ്യാറല്ല.”
തുർക്കിഷ് പെയിന്റർ സ്മാൻ ഹംദി ബേയുടെ “ഖുർആൻ പാരായണം” എന്ന പെയിന്റിംഗ്. സാകിപ് സബാൻചി മ്യൂസിയത്തിൽ നിന്നുള്ള ശേഖരം. ഇസ്‌തംബൂൾ . (Getty Images.)
വാസ്തവത്തിൽ, മക്കയുടെയും മദീനയുടെയും ഭരണനിർവഹണത്തിനുള്ള ഈ പദവികൾ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെട്ടിരുന്നു. ഈജിപ്തിലായിരിക്കെ, തന്റെ എമിറേറ്റിനെ അംഗീകരിച്ചതിന്റെ ഭാഗമെന്നോണം നഗരത്തിന്റെ താക്കോലുകളും വിശുദ്ധശേഷിപ്പുകളും അയച്ചതിനുള്ള നന്ദിയറിയിച്ച് സുൽത്താൻ സെലിം ഒന്നാമൻ ഷെരീഫ് അബു നുമെയ്ക്ക് വിവിധ സമ്മാനങ്ങൾ അയച്ചുകൊടുക്കുകയും 200,000 സ്വർണവും ധാരാളം ധാന്യങ്ങളും നിറച്ച കപ്പലുകൾ ആ പ്രദേശത്തെ ജനങ്ങൾക്ക് വിതരണം നടത്തുകയും ചെയ്തിരുന്നു.
മുമ്പ് മംലൂക്ക് ഭരണാധികാരികളുടെ സംരക്ഷണത്തിലായിരുന്ന ഈ പവിത്ര ശേഷിപ്പുകൾ ഇസ്താംബൂളിലേക്ക് കൊണ്ടുവരാൻ സുൽത്താൻ തീരുമാനിച്ചു. ഇവയിൽ ചിലത് കെയ്‌റോ, സിറിയ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ചതായിരുന്നു.
തിരുശേഷിപ്പുകൾ കപ്പലുകളിൽ കയറ്റി രാജ്യത്തേക്ക് കൊണ്ടുവരുന്നതോടെ ഇരുപത്തി നാല് മണിക്കൂറും വിശുദ്ധ ഖുർആൻ പാരായണം ചെയ്യണമെന്ന് അദ്ദേഹം ഉത്തരവിടുകയും സുൽത്താൻ തന്നെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാൻ നേതൃത്വം നൽകുകയും ചെയ്തു. അവർ ഇസ്താംബൂളിൽ എത്തിയപ്പോൾ, ടോപ്‌കാപ്പി കൊട്ടാരത്തിൽ ഈ ഇനങ്ങൾക്കായി ഒരു ഭാഗത്ത് സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും സുൽത്താൻ അത് നിരസിക്കുകയായിരുന്നു. പകരം, തന്റെ ഇരിപ്പിടമടങ്ങുന്ന സ്വന്തം മുറി അദ്ദേഹം ഇതിനായി അനുവദിക്കുകയും അന്ന് മുതൽ മുറിയെ “ഹിർകയെ സാദെത് ദായിറെസി” (പവിത്രശേഷിപ്പുകളുടെ
കേന്ദ്രം) എന്ന് വിളിക്കുകയും ചെയ്തു. ഈ മുറിയിൽ സദാ സമയവും ഖുർആൻ പാരായണം നിലനിൽക്കണമെന്ന് അദ്ദേഹം കൽപ്പിച്ചു.
റിപ്പബ്ലിക്കിന്റെ പ്രഖ്യാപനത്തോടെ ടോപ്കാപ്പി കൊട്ടാരത്തിലെ ഈ പാരമ്പര്യം അൻപതു വർഷത്തേക്ക് നിലക്കുകയുണ്ടായി. എന്നിരുന്നാലും, ഒട്ടോമൻ ചരിത്രകാരനും ക്ലാസിക്കൽ ടർക്കിഷ് സംഗീത വിദഗ്ധനുമായ യിൽമാസ് ഓസ്റ്റുന, (തുർക്കിയിൽ “ആളുകളെ ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ച മനുഷ്യൻ” എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്)1969 ൽ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ സംസ്കാരത്തിന്റെ പുനരുജ്ജീവനത്തിനായി ശ്രമിക്കുകയും സർക്കാറിന്റെ പിന്തുണയോടെ പുനരാരംഭിക്കുകയും ചെയ്തു. ഇപ്പോൾ ഇത് രാഷ്ട്രപതിയുടെ മതകാര്യവകുപ്പിന്റെ മേൽനോട്ടത്തിൽ സജീവമായി നടക്കുകയും ചെയ്യുന്നുണ്ട്.
വഴിത്തിരിവായ സ്വപ്നം
ഒട്ടോമൻ ഭരണകൂടത്തിന്റെ സംസ്ഥാപനത്തിന്റെ കേന്ദ്രചരിത്രത്തിൽ പോലും വിശുദ്ധ ഖുർആനിന്റെ സാന്നിധ്യമുണ്ട്. ഈ പ്രസിദ്ധമായ കഥ എല്ലാ ഒട്ടോമൻ ചരിത്രകാരന്മാരുടെയും പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്.
ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന എർതുറൂൽ ഗാസിയുടെ മകൻ ഉസ്മാൻ ബേ, പിതാവിന്റെ സുഹൃത്തും മേഖലയിലെ ആത്മീയ നേതാവായി കണക്കാക്കപ്പെടുന്ന ശൈഖ് എദബലിയുമായി അധ്യാപക-വിദ്യാർത്ഥി ബന്ധമുണ്ടായിരുന്നു.
ഒരിക്കൽ ശൈഖ് എദബലിയുടെ വീട്ടിൽ അതിഥിയായി താമസിച്ച ഉസ്മാൻ ബേ, ആതിഥേയത്വം വഹിച്ച മുറിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു ഖുർആൻ കണ്ടു. അതിനുശേഷം അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹം മുസ്‌ഹഫ് (ഖുർആന്റെ രേഖാമൂലമുള്ള പകർപ്പ്) എടുത്ത് മുട്ടുകുത്തി രാവിലെ വരെ ഭക്തിപൂർവ്വം ചൊല്ലാൻ തുടങ്ങി. ഒടുവിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹം ഉറങ്ങിപ്പോയി.
ഉസ്മാൻ ബേ ആ നിമിഷം ദിവ്യ ശബ്ദം കേട്ടതായി ചരിത്രകാരൻ നെശ്ർ വിവരിക്കുന്നുണ്ട്. പ്രസ്തുത ശബ്ദം ഇങ്ങനെ വിളിച്ചുപറഞ്ഞു. “ഉസ്മാൻ, ഞാൻ വെളിപ്പെടുത്തിയ വാക്കുകൾക്ക് നിങ്ങൾ ഒരു മൂല്യവും ബഹുമാനവും നൽകിയതിനാൽ, ഞാൻ നിങ്ങളെയും നിങ്ങളുടെ മക്കളെയും നിങ്ങളുടെ സമൂഹത്തെയും വസ്തുക്കളെയും (നിങ്ങളുടേത് എല്ലാം) മഹത്തരവും മാന്യവും ആദരണീയവുമാക്കിയിരിക്കുന്നു.”
സ്വപ്നത്തിനുശേഷം ഉസ്മാൻ ബേ ശൈഖ് എദബലിയുടെ ദർവീഷ് സത്രം സന്ദർശിക്കാൻ തുടങ്ങി. അവരുടെ മതപരമായ സംഭാഷണങ്ങൾ രാത്രിവരെ നീളുകയും അദ്ദേഹം പലപ്പോഴും സത്രത്തിൽ തന്നെ താമസിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു രാത്രി അദ്ദേഹം വീണ്ടും ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഗുരുവായ ശൈഖ് എദബലിയുടെ നെഞ്ചിൽ നിന്ന് പെട്ടെന്ന് ഒരു ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടു. അത് ആകാശത്തേക്ക് കയറി ഒരു പൂർണ്ണചന്ദ്രനായി വളർന്ന് സ്വന്തം നെഞ്ചിലേക്ക് തിരിച്ചു. പിന്നെ ഒരു വൃക്ഷം വലുതായി വളരുന്നത് അദ്ദേഹം കണ്ടു. ഈ വൃക്ഷത്തിന്റെ തണൽ, വേരുകൾ, ശാഖകൾ, ഇലകൾ എന്നിവ അതിവേഗം വളർന്ന് മൂന്ന് ഭൂഖണ്ഡ ചക്രവാളങ്ങളുടെ അവസാനം വരെ കരകളെയും കടലുകളെയും വളഞ്ഞു. ടൈഗ്രിസ്, യൂഫ്രട്ടീസ്, നൈൽ, ഡാനൂബ് തുടങ്ങിയ നദികൾ മരത്തിന്റെ വേരുകളിൽ നിന്ന് ഉയർന്നുവന്നു. വലിയ വനങ്ങളാൽ മൂടപ്പെട്ട വിളകളും പർവതങ്ങളും നിറഞ്ഞ സമതലങ്ങളും പ്രസ്തുത സ്വാപ്നത്തിലുണ്ടായിരുന്നു.
സ്വപ്നം ഇസ്താംബൂൾ പിടിച്ചടക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പലരും എഴുതിയിട്ടുണ്ട്. ഉസ്മാൻ ബേ തന്റെ സ്വപ്നം ശൈഖ് എദബലിയോട് പറഞ്ഞപ്പോൾ, മഹാൻ സന്തോഷവാർത്തയറിയിച്ചു “സർവശക്തനായ ദൈവം നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും സുൽത്താനേറ്റ് നൽകിയിരിക്കുന്നു. അഭിനന്ദനങ്ങൾ, കൂടാതെ എന്റെ മകൾ നിങ്ങളുടെ ഭാര്യയാകും.”
ഹുസുർ ദർസെ
ഖുർആനോടുള്ള താൽപര്യം അവസാന കാലഘട്ടങ്ങൾ വരെ ഒട്ടോമൻ സുൽത്താന്മാരിൽ എല്ലായ്പ്പോഴും സജീവമായിരുന്നു. ഉദാഹരണത്തിന്, സാമ്രാജ്യ പാരമ്പര്യത്തിനനുസൃതമായി ഉലമകൾ (മുസ്‌ലിം പണ്ഡിതന്മാർ) കൊട്ടാരത്തിൽ സുൽത്താന്റെ സാന്നിധ്യത്തിൽ ഒത്തുകൂടി ഖുർആനിക വചനങ്ങൾക്ക് വ്യാഖ്യാനം നൽകിയിരുന്നു. ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, ഉസ്മാൻ ബേയുടെ കാലം മുതൽ ഈ പാരമ്പര്യം നിലനിൽക്കുന്നുണ്ട്. ക്ലാസിക്കൽ കാലഘട്ടത്തിൽ, സമാനമായ വ്യാഖ്യാന പഠനങ്ങളും സംവാദങ്ങളും സുൽത്താൻ മുഹമ്മദ് രണ്ടാമന്റെ സാന്നിധ്യത്തിൽ നടത്തിയതായി കാണാന്നുണ്ട്.
1758 ലെ ഔദ്യോഗിക തീരുമാനത്തിലൂടെ സുൽത്താൻ മുസ്തഫ മൂന്നാമൻ ഈ പാഠ്യ പദ്ധതിക്ക് വ്യവസ്ഥാപിത രൂപം കൊണ്ട് വന്നു. പ്രസ്തുത തീരുമാനപ്രകാരം റമദാൻ മാസത്തിലെ ആദ്യ ദിവസം മുതൽ ആഴ്ചയിൽ രണ്ടുതവണ സുൽത്താന്റെ സാന്നിധ്യത്തിൽ പാഠങ്ങൾ നടന്നിരുന്നു. ഇസ്‌ലാമിക ശാസ്ത്ര ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള ‘തഫ്സീറുൽ ബൈളാവി’ എന്നറിയപ്പെടുന്ന ഗ്രന്ഥത്തിൽ നിന്നുള്ള വാക്യങ്ങളാണ് തിരഞ്ഞെടുത്ത് വിശദീകരിച്ചിരുന്നത്. ഈ പഠനസപര്യ “ഹുസുർ ദർസെ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സുൽത്താന്റെ സാന്നിധ്യത്തിൽ നടന്നതിനാൽ ‘സാന്നിധ്യത്തിലുള്ള പാഠങ്ങൾ’ എന്നാണ് ഇത്കൊണ്ട് അർഥമാക്കുന്നത്.
ടോപ്കാപി കൊട്ടാര ത്തിലെ തിരുശേഷിപ്പുകൾ അടങ്ങിയ മുറിയുടെ ദൃശ്യം. ഇസ്‌തംബൂൾ, തുർക്കി, July 17, 2014. (Photo: Recai Kömür)
ഈ പഠനരീതികൾ ഒരു അദ്ധ്യാപകൻ തിരഞ്ഞെടുത്ത ചില വാക്യങ്ങൾ വിശദീകരിക്കുകയും പങ്കെടുത്തവർ അവയെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്ന സംവാദരീതിയിലായിരുന്നു നടന്നിരുന്നത്. എന്നാൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾ അധ്യാപകനെ സമ്മർദ്ദത്തിലാക്കാനോ കുടുക്കാനോ ലക്ഷ്യമിട്ടായിരുന്നില്ല. പകരം, സൂക്തങ്ങളുടെ ആശയങ്ങൾ നന്നായി മനസിലാക്കാൻ വേണ്ടി എല്ലാവർക്കും ഈ ചോദ്യങ്ങളെ പ്രയോജനപ്പെടുത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. പാഠമവസാനിപ്പിക്കാനുള്ള സുൽത്താന്റെ സൂചന വരുന്നത് വരെ ചോദ്യങ്ങൾ തുടരുമായിരുന്നു. അതിനുശേഷം, പ്രാർത്ഥന നടത്തുകയും അവസാനം സുൽത്താൻ അധ്യാപകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്ത് ആഖ്യാതാക്കൾക്കുള്ള അഭിനന്ദന സൂചകമായി തന്റെ സ്വകാര്യ സ്വത്തിൽ നിന്നുള്ള സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നതായിരുന്നു പതിവ്.
ഹാതിം ആഘോഷം
കൊട്ടാരത്തിലുണ്ടായിരുന്നത് പോലുള്ള സമാനമായ ആചാരങ്ങൾ ഒട്ടോമൻ ജനതയുടെ എല്ലാ വിഭാഗങ്ങളിലും കാണപ്പെട്ടിരുന്നു. ഓരോ ഒട്ടോമൻ പൗരന്റെയും ലളിതമായ ജീവിതത്തിലെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിശുദ്ധ ഖുർആൻ ഒരു ഉന്നതസ്ഥാനം തന്നെ നൽകിയിരുന്നു.
മനോഹരമായ ശബ്ദമുള്ളവർ ഗർഭിണികളായ സ്ത്രീകൾക്ക് ഖുർആൻ പാരായണം ചെയ്ത് കൊടുക്കുമായിരുന്നു. പാരായണം കുഞ്ഞിന് കേൾക്കാനും മാതാവിന് ആശ്വാസമാവാനുമാണ് ഇങ്ങനെ ചെയ്തിരുന്നത്. വാങ്കും, ഖുർആൻ വാക്യങ്ങളും നവജാതശിശുവിന്റെ ചെവിയിൽ മന്ത്രിച്ചിരുന്നു. നാലാം വയസിലെത്തിയ കുട്ടികൾ പ്രാഥമികമായി വീട്ടിൽ നിന്നും പിന്നീട് ഒരു പള്ളിയിൽ നിന്നുമാണ് ഖുർആൻ പാരായണം പഠിച്ചിരുന്നത്. ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ പഠിക്കാൻ തുടങ്ങുമ്പോൾ “ഹാതിം” എന്നു വിളിക്കുകയും, “ആമിൻ റെജിമെന്റ്” (“ആമീൻ ഘോഷയാത്ര”) എന്ന പേരിൽ ഒരു ആഘോഷ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.
തുലിപ് കാലഘട്ടത്തിലെ പ്രശസ്ത ചിത്രകാരനായ ജീൻ ബാപ്റ്റിസ്റ്റ് വാൻമോർ ഈ ഘോഷയാത്രയെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ കലാസൃഷ്ടിയിൽ, കുട്ടികൾ ഖുർആനിന്റെ പകർപ്പുകൾ കൈവശം വച്ചിരിക്കുന്നതും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഉറക്കെ പ്രാർത്ഥിക്കുമ്പോൾ അവരുടെ ഹാതിം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതും കാണാം.
ടോപ്കാപി കൊട്ടാര ത്തിലെ ചില തിരുശേഷിപ്പുകളുടെ ചിത്രം. ഇസ്‌തംബൂൾ തുർക്കി, July 17, 2014. (Photo: Recai Kömür)
ഓരോ ഒട്ടോമൻ കലാകാരന്മാർക്കും ഖുർആനുമായി ഒരുതരം നിരന്തരമായ ബന്ധവും സമ്പർക്കമുണ്ടായിരുന്നു. ഉപദേശഭാഗങ്ങൾ ഉൾപ്പെടെയുള്ള ഖുർആൻ വാക്യങ്ങൾ കൊണ്ട് കൊട്ടാരങ്ങളും മാളികകളും അലങ്കരിച്ചിരുന്നു. വാസ്തവത്തിൽ, കലയും കരകൗശലവും ഒട്ടോമൻ സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകം തന്നെയായിരുന്നു. ഉദാഹരണത്തിന്, കാലിഗ്രാഫി ഒരു കല എന്നതിലുപരി ഒരു തൊഴിലായും പരിശീലിച്ചിരുന്നു. ഈ തൊഴിലിലെ ഏറ്റവും പ്രധാനപ്പെട്ട ജോലി ഖുർആൻ എഴുത്ത് തന്നെയായിരുന്നു. വിശുദ്ധ ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ എഴുതുക എന്നതായിരുന്നു ഒട്ടോമൻ കാലിഗ്രാഫിയുടെ ആചാരവും അലിഖിത വ്യവസ്ഥയുമായി നിലനിന്നിരുന്നത്. ഒരിക്കലും ഖുർആൻ എഴുതിയിട്ടില്ലാത്ത കാലിഗ്രാഫർമാരോട് ജനങ്ങൾക്ക് താൽപ്പര്യമുണ്ടായിരുന്നില്ല.
അച്ചടിശാലകളുടെ വരവിനു ശേഷവും, ഖുർആനിന്റെ കൈയ്യെഴുത്തു പ്രതി പാരമ്പര്യം വളരെക്കാലം തുടർന്നുപോന്നിരുന്നു. കാരണം, ഖുർആനിന്റെ പകർപ്പ് അതുല്യമായ ഒരു കലാസൃഷ്ടിയാകണമെന്ന് മുസ്‌ലിംകൾ ആഗ്രഹിച്ചു. പ്രത്യേക ഖുർആൻ പലപ്പോഴും അലങ്കാര ബൈൻഡിംഗുകളിൽ പൊതിഞ്ഞ് സൂക്ഷിക്കുകയും ഉടമ പലപ്പോഴും ഇത് പാരായണം ചെയ്യുകയും ചെയ്തിരുന്നു. ബൈന്റിങിനും പുറം ചട്ടകൾക്കും കേടുപാടുകൾ സംഭവിക്കുമ്പോൾ ഖുർആനിന്റെ ഉടമസ്ഥൻ തന്നെ അത് നന്നാക്കുകയും ദീർഘകാലം ഒരേ മുസ്ഹഫ് തന്നെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അവർ ആ വിശുദ്ധ ഗ്രന്ഥവുമായി ഒരു ആത്മീയ ബന്ധം സ്ഥാപിക്കുകയായിരുന്നു. അത്കൊണ്ട് തന്നെ കാലിഗ്രാഫർമാരായ ശൈഖ് ഹംദുള്ള, ഹാഫിസ് ഉസ്മാൻ എന്നിവരുടെ പ്രത്യേക ശൈലി കാരണം അവർ പ്രശസ്തരായിത്തീരുകയും ചെയ്തു.
ചുരുക്കത്തിൽ, ഒട്ടോമൻ ചരിത്രത്തിലെ വിദ്യാഭ്യാസം മുതൽ കലാസാഹിത്യമടക്കമുള്ള സാംസ്കാരിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ വിശുദ്ധ ഗ്രന്ഥത്തിനോടുള്ള അതിയായ അഭിനിവേഷവും സ്ഥാനവും നമുക്ക് കാണാനാവും. ടോപ്കാപ്പ് കൊട്ടാരത്തിലെ ഇന്നും തുടർന്ന് പോരുന്ന ഖുർആൻ പാരായണ സമ്പ്രദായം ഇതിന്റെ മഹത്തായ ശേഷിപ്പുകളിലൊന്നാണ്.
വിവർത്തനം: മുജ്തബ കുമരംപുത്തൂർ

Associate Professor in Music – Interpretation and works as a “Ney” lecturer at the ITU Turkish Music State Conservatory. He has a book titled Exploring Ney Techniques. History, poetry and music cultures of the regions of Andalusia-North Africa are the fields of his interest.