ഖുർആൻ; ബാഹ്യ സൗന്ദര്യവും ആന്തരിക സ്പർശങ്ങളും

മനുഷ്യഹൃദയം തീയടങ്ങിയ കല്ല് പോലെയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. സ്വരലയങ്ങൾ കൊണ്ട് ഇതിലെ ഉഷ്‌ണം പുതിയൊരു അവസ്ഥാന്തരത്തിന് ആത്മാവിനെ പ്രേരിപ്പിക്കുന്നു. അത്യുൽകൃഷ്ടമായ ഈ ആന്തരിക മാറ്റൊലികളുടെ സൗന്ദര്യാത്മക ലോകത്തെ ചേതനയുടെ ലോകമെന്നാണ് വിളിക്കപ്പെടുന്നത്. വിശുദ്ധ ഖുർആനിന്‍റെ പാരായണരീതി അനുവാചകരുടെ ഹൃദയതലങ്ങളെ ഇത്തരത്തിൽ അനുഭൂതി ദായകമാക്കാൻ പ്രാപ്തിയുള്ളതാണ്. മനക്ലേശങ്ങൾ അകറ്റി, ആത്മാവിന് ആശ്വാസത്തിന്‍റെ തിരിനാളങ്ങള്‍ നല്‍കുന്ന ഖുർആനിന്‍റെ വശ്യമായ അലൗകിക ശക്തിയാണ് അതിനു പിന്നിൽ. പൊരുളുകള്‍ക്കപ്പുറം മനുഷ്യ ജീവിതത്തെ എങ്ങനെയാണ് ഖുര്‍ആന്‍ സ്വാധീനിക്കുന്നതെന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്. ഇന്ദ്രിയാവയവങ്ങളുടെ ശക്തിയിൽ കാഴ്ചക്ക് മുൻഗണന കൊടുത്തിരുന്നവരാണ് ജ്ഞാനോദയ ചിന്തകർ. പത്തൊമ്പതാം നൂറ്റാണ്ടിൽ പൗരസ്ത്യ ലോകത്ത് നിന്നവർ ഖുർആൻ കേൾക്കാൻ തുടങ്ങി. അങ്ങനെയാണ് അവിടെ ചില തിരുത്തലുകളുണ്ടാവുന്നത്. ബീഥോവന്‍റെ സംഗീതത്തിൽ ദൈവികതയുടെ അനുരണനമുണ്ടെന്ന് വിശ്വസിച്ചിരുന്ന യൂറോപ്യൻ നാഗരികത പിന്നീട് ഈജിപ്തിലും മറ്റു പൗരസ്ത്യ നാടുകളിലും പാരായണം ചെയ്യപ്പെടുന്ന ഖുർആൻ പഠിക്കാൻ ആരംഭിച്ചു. ആധുനിക സാഹചര്യത്തിൽ ഇന്ദ്രിയങ്ങളുടെ ഇടത്തെക്കുറിച്ച് പഠനം നടത്തിയ സ്റ്റീവൻ കോണർ(Steven Corner)പറയുന്നത് കാഴ്ച്ച നമ്മുടെ നയനങ്ങളിൽ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ആയ കാര്യങ്ങള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്നതിനാൽ അവ കൂടുതൽ സംവേദനാത്മകമായിത്തീരണമെന്നില്ല. എന്നാൽ കേൾവി കൂടുതലും ആന്തരികമായി സംവദിക്കാനാണ് വിനിയോഗിക്കപ്പെടുന്നത്. ഇതര ഇന്ദ്രിയ അനുഭവങ്ങളിൽ നിന്ന് വ്യതിരിക്തമായി നാവിലൂടെ മൊഴിയുമ്പോൾ അവ വീണ്ടും വീണ്ടും നമ്മിൽ പാരായണം ചെയ്യാനുള്ള വ്യഗ്രത സൃഷ്ടിക്കുന്നു. ചില സന്ദർഭങ്ങളിൽ അതിന് പ്രത്യേക ഉൾപ്രേരണകൾ ഒന്നും ഉണ്ടാകണമെന്നില്ല. മൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് കൂടുതൽ സംവേദനാത്മകമാണെന്ന് ചുരുക്കം. ധാർമ്മികത മനുഷ്യന്‍റെ സാർവത്രിക യുക്തിയുടെ ഉല്പന്നമാണെന്ന കാന്റിയന്‍(Immanuel kant) തത്വമനുസരിച്ച് ധാർമ്മികമായ വ്യക്തിത്വ രൂപീകരണത്തിൽ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യമില്ല. എന്നാൽ തലാൽ അസദ്(Talal Asad), സബാ മഹ്‌മൂദ്‌(Saba Mahmood), ചാൾസ് ഹിർശ്കിന്ദ്(Charles Hrischkind) തുടങ്ങിയ നരവംശ ശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകൾ കാന്റിയൻ ചിന്താധാരയെ തീർത്തും നിരാകരിക്കുന്നുണ്ട്. ഇവരുടെ വീക്ഷണത്തിൽ അനുഷ്ടാനങ്ങൾ വ്യക്തിത്വ രൂപീകരണത്തിന്‍റെ കേന്ദ്രമായി വർത്തിക്കുന്നു. പൊരുളറിയാത്ത പാരായണം ഉമ്മയുടെ ജീവിതത്തില്‍ നിർമ്മിക്കുന്ന നന്മകളെക്കുറിച്ച് കെ ഇ എൻ വാചാലനായതിന് സമാനമായ അനുഭവം തലാൽ അസദ് അദ്ദേഹത്തിന്‍റെ ഉമ്മയിൽ നിന്നും പങ്കുവെക്കുന്നുണ്ട്. ബാഹ്യമായ അസ്തിത്വം പ്രതിനിധീകരിക്കുന്ന വസ്തുക്കളെ നാം നമ്മുടെ ചിന്തയിൽ അവരോധിക്കുന്നതിലൂടെ അവ ആന്തരികമായ ഉണ്മയുടെ പടർപ്പുകളിൽ അലിഞ്ഞു ചേരുന്നതായി കാണാം. അത്തരത്തിൽ ഖുർആൻ അവരുടെ ആത്മാവിന്റെ ഭാഗമായിത്തീരുമ്പോൾ ജീവിതം പ്രകാശിതമാകുമെന്ന് തലാൽ അസദ് പറഞ്ഞു വെക്കുന്നു. ദൈവിക വചനങ്ങളോടുള്ള നിഷ്കളങ്കമായ ബന്ധമാണ് (naive relationship) അവരിൽ ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കുന്നത്. അവർക്ക് ധാർമ്മികതയുടെയും നൈതികതയുടെയും കൽപ്പടവുകൾ താണ്ടാൻ വിധി വിലക്കുകൾ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. കാരണംഅത്തരം ഒരു ഉൾപ്രേരണക്ക് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതും അവ ശ്രദ്ധിക്കുന്നതും നിദാനമാകും. ഖുർആൻ പാരായണം ചെയ്യുന്നത് ആരെങ്കിലും ശ്രദ്ധിച്ച് കേട്ടാൽ അത് അവനൊരു പ്രകാശമായിത്തീരും’ എന്ന ഹദീസും ഈ ആശയത്തെയാണ് സൂചിപ്പിക്കുന്നത്.

സബാ മഹ്മൂദ്

ശബ്ദം അനുഭൂതിയായി മനുഷ്യമനസ്സുകളിൽ മാത്രമല്ല സ്വാധീനം ചെലുത്തുന്നത്; ഇതര ജീവികളിലും ഇത്തരം അവസ്ഥ കാണാം. തങ്ങളുടെ പുറത്ത് സവാരി നടത്തുന്നവരുടെ അറബി ഗാനങ്ങൾ കേട്ട് പലപ്പോഴും ഒട്ടകങ്ങൾ ശക്തമായ വികാരം കൊള്ളാറുണ്ടത്രേ. തത്ഫലമായി കനത്ത ഭാരങ്ങൾ പേറി തളർന്ന് വീഴുന്നത് വരെ അവ അതിവേഗം ഓടികൊണ്ടിരിക്കും. പക്ഷേ ആശയങ്ങൾ മനുഷ്യ സാഹചര്യങ്ങൾക്ക് അനുസൃതമായി വിലയിരുത്തപ്പെടുന്നവയാണ്. അവ അനുഭവജ്ഞാനമായി പരിവർത്തിക്കപ്പെടുന്നതിൽ ചില പരിമിതികളുണ്ട്. ആശയങ്ങളുടെ നിരന്തരമായ ആവർത്തനലോകം അവനിൽ ആനന്ദദായകമായി വർത്തിക്കണമെന്നില്ല. മക്കയിലേക്ക് തീർത്ഥാടനത്തിന് വരുന്ന ആളുകൾ കൂടുതൽ കാലം അവിടെ ചെലവഴിക്കുന്നതിനെ ഉമർ (റ) വിലക്കുമായിരുന്നു. വിശുദ്ധ ഭൂമിയോടുള്ള അവരുടെ മനോഭാവങ്ങൾക്ക് മങ്ങലേൽക്കുമോ എന്ന ഭയമായിരുന്നു അതിന് പ്രേരകം. ചിലർക്ക് തമാശ പറയുമ്പോൾ എന്താണ് വിഷയം എന്ന് ശരിയായി മനസ്സിലായില്ലെങ്കിലും അവർ കൂടെ ചിരിക്കും. എന്നാൽ അത് എന്താണെന്ന് മറ്റുള്ളവരോട് ചോദിച്ചറിഞ്ഞാൽ അവർക്ക് ചിരി വരണമെന്നില്ല. വാക്കുകൾ അർത്ഥങ്ങളായി പരിണമിക്കുമ്പോൾ യുക്തിയെ പ്രതിഷ്ഠിക്കേണ്ടി വരുന്നതിനാൽ അവക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുകയില്ല എന്നാണ് ഇത ര്‍ത്ഥമാക്കുന്നത്. അർത്ഥത്തിന്റെ ചില മാനങ്ങൾ ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഖുർആനിന്‍റെ ഘടന ശബ്ദരേഖക്ക് അനുസൃതമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. പരസ്പരം ആശയ ബന്ധിതമായ സൂക്തങ്ങൾ ചേർത്ത് പാരായണം ചെയ്യുന്നതിന് പകരം വഖ്ഫ് ചെയ്ത് (നിർത്തി നിർത്തി) ഓതാനാണ് ഖുര്‍ആന്‍ പാരായണ നിയമങ്ങൾ അനുശാസിക്കുന്നത്. മാത്രമല്ല, അവയെ ഉത്തമ കർമമായും(സുന്നത്ത്)കരുതുന്നു. വാക്യങ്ങൾക്ക് പകരം ചില അധ്യായങ്ങളുടെ തുടക്കത്തിൽ അക്ഷരങ്ങൾ മാത്രം പാരായണം ചെയ്യാനുള്ള സൂക്തങ്ങൾ കാണാം. ഈ സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ മിക്ക പണ്ഡിതരും അവകളെ അല്ലാഹുവിന്റെ അറിവിലേക്ക് മാത്രം ചേർത്തിക്കൊണ്ടാണ് വിശദീകരിച്ചിട്ടുള്ളത്. അത്തരം സൂക്തങ്ങളില്‍ നിന്നും ഉദ്ഭൂതമാകുന്ന ആന്തരിക സൗന്ദര്യം തീര്‍ത്തും വേറിട്ട അനുഭവമാണ്. ഖുർആന്‍ പാരായണം ചെയ്യുന്നത് അവധാനതയോടെയായിരിക്കണം. വേഗത്തിൽ പാരായണം ചെയ്യുന്നതിനെ വിലക്കിയിട്ടില്ലെങ്കിലും അവ പൂർണ്ണമായും പാരായണ ശാസ്ത്രം അനുസരിച്ച് കൊണ്ടായിരിക്കണം. ഖുർആനിന്‍റെ മറ്റൊരു സ്വഭാവമാണ് നിരന്തരമായി അല്ലാഹുവിന്‍റെ തിരു നാമങ്ങൾ കൊണ്ട് വരികയെന്നത്. ദൈവിക സ്മരണയിലായി സദാ നിലകൊള്ളാൻ ഇത് അവനെ പ്രേരിപ്പിക്കുന്നു. ഖുർആൻ പാരായണം ചെയ്യുമ്പോൾ കരയല്‍ പ്രത്യേകം സുന്നത്താണെന്ന് ഇമാം അബൂഹാമിദ് അൽ ഗസാലി (റ) ഇഹ്‌യാ ഉലൂമുദ്ദീനിൽ പറയുന്നുണ്ട്. ഖുർആൻ ശ്രോദ്ധാക്കളിൽ ഇമ്പം ഉളവാക്കുന്ന രീതിയിൽ പാരായണം ചെയ്യുമ്പോൾ കണ്ണുകൾ ഈറനണിയുന്നത് അതിന്‍റെ മാധുര്യത്തിൽ നിന്ന് ഹൃദയം ആനന്ദം കണ്ടെത്തുമ്പോഴാണ്. ഇതര ഗ്രന്ഥങ്ങൾ നിരന്തരമായി വായിക്കുമ്പോൾ ഉണ്ടാകുന്ന മുഷിപ്പ് ഖുർആൻ പാരായണം ചെയ്യുന്ന വ്യക്തിയിൽ സംജാതമാവുകയില്ല.

ചാൾസ് ഹിഷ്‌കിന്ദ്

ഖുര്‍ആനിന്‍റെ ശബ്ദം തീർക്കുന്ന ഈ സൗന്ദര്യാത്മക ലോകത്തിന്‍റെ പിന്നിൽ വർത്തിക്കുന്ന പ്രധാന ഘടകം ഖുർആനിന്‍റെ ഭാഷ തന്നെയാണ്. ചുരുങ്ങിയ വാക്കുകളിൽ ആശയങ്ങളുടെ വലിയ ജാലകം നമ്മുടെ മുന്നിൽ തുറന്നിടുന്ന അറബി ഭാഷ എന്തുകൊണ്ടും ഇവിടെ ഔന്നിത്യമർഹിക്കുന്നു. ഓരോ അക്ഷരങ്ങളും എങ്ങനെ ഉച്ചരിക്കണം, എവിടെ നിന്ന് മൊഴിയണം എന്ന് തുടങ്ങി സർവ്വ നിയമങ്ങളും പാരായണശാസ്ത്രത്തിൽ വളരെ വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഭാഷകളുടെ സൗന്ദര്യശാസ്ത്രം വലിയ പഠന മേഖലയായി കാണപ്പെടുന്നത് അറബി ഭാഷയുടെ മാത്രം പ്രത്യേകതയാണ്. ആദ്യ നൂറ്റാണ്ടുകളിൽ പ്രവാചകരുടെ ഉൽകൃഷ്ടമായ വ്യക്തി പ്രഭാവത്തിൽ ഓറിയന്റലിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും മുസ്ലിം നാടുകൾ ഖുർആനിന്‍റെ പവിത്രത കൈമാറ്റം ചെയ്യുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന അറബ് ഗോത്രങ്ങളിൽ പ്രാദേശിക ഭാഷക്കപ്പുറം ഒരു പൊതു തിരിച്ചറിവായി അറബി ഭാഷ തനതുരൂപത്തിൽ നിലനിന്നതില്‍ അത്ഭുതം കൂറുന്ന ഓറിയന്‍റലിസ്റ്റ് പഠനങ്ങളെക്കുറിച്ച് ജര്‍മന്‍ ചിന്തകനായ നവീദ് കിർമാനി(Navid Kermani) തന്‍റെ കവിതയും ഭാഷയും(poetry and language) എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഖുർആൻ ഗദ്യവുമല്ല പദ്യവുമല്ല. ഗദ്യം, പദ്യം എന്നീ ദ്വന്ദ്വങ്ങൾക്കിടയിൽ(bynaries) ഒതുങ്ങാത്തത് ഖുർആൻ ദിവ്യ സൗന്ദര്യത്തിന്‍റെ മൂർത്തമായ പ്രതിബിംബങ്ങൾ ആണെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഖുർആനിനെതിരെ ഉയർന്നു വന്ന പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു ഖുർആൻ കവിതയാണെന്നത്. എന്നാൽ അറേബ്യയിലെ ഉന്നത കവിയായിരുന്ന ലബീദിന്‍റെ ഇസ്‌ലാമാശ്ലേഷണം ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുന്നു. ഖുറൈശി പ്രമുഖനും പണ്ഡിതനും ആയിരുന്ന വലീദ് ബ്‌നു മുഗീറ പറയുന്നു; “അറബി സാഹിത്യം സമ്പന്നമാണ്. അതിന്‍റെ സമസ്ത ശിഖരങ്ങളെക്കുറിച്ചും ഞാൻ സാമാന്യം മനസ്സിലാക്കിയിട്ടുണ്ട്. അവയുടെ ശക്തിയും ദൗർബല്യവും ഞാൻ അറിയുന്നു. എന്നാൽ ഖുർആനിലെ വചനങ്ങൾ അനവദ്യമായ സൗന്ദര്യത്തെ അടയാളപ്പെടുത്തുന്നു. ആ വാക്കുകൾ മനസ്സിൽ മുഴക്കവും പൊട്ടിത്തെറിയുമുണ്ടാക്കുന്നു. ഞാൻ ഇന്നോളം കേട്ട വാക്കുകളേക്കാൾ അവ ഉൽകൃഷ്ടമാണ്. അതിനാൽ തന്നെ ശ്രോതാക്കൾക്ക് തങ്ങളുടേതായ സ്വകാര്യ വ്യാഖ്യാനത്തിന് മുതിരാൻ പറ്റുന്ന കവിതയല്ല ഖുർആൻ, മറിച്ച് അനാദിയായ അല്ലാഹുവിൽ നിന്ന് പ്രവഹിച്ച ദിവ്യ വചസ്സുകളാണവ.

പരമ്പരാഗത രീതിയിലുള്ള ഖുർആനിക് സ്കൂൾ

ഖുർആനും പാരമ്പര്യവും

ഖുർആൻ പ്രഥമമായി പാരായണം ചെയ്യുന്നതിനാണ് സംവിധാനിക്കപ്പെട്ടത്. ഖുർആൻ എന്ന പദാവലിയുടെ അർത്ഥം തന്നെ പാരായണം ചെയ്യപ്പെടുന്നതെന്നാണ്. ഇതര ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി അത് ഹൃദയസ്പർശിയായിട്ടാണ് പാരായണം ചെയ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ വിശുദ്ധ ഖുർആൻ എളുപ്പത്തിൽ ഹൃദിസ്ഥമാക്കാൻ അവയുടെ അർത്ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതില്ല. ഖിറാഅത്തിന് വായിക്കുക എന്ന അർഥം കുറിക്കുന്നത് അനുയോജ്യമല്ല. മാത്രമല്ല ഖുർആൻ വായിക്കുക എന്ന പ്രയോഗത്തെ മുസ്‌ലിം പണ്ഡിതന്മാർ ഗൗരവമായി വിലക്കിയിട്ടുമുണ്ട്. വായന എന്ന പദത്തിന്റെ ചില ഭൗതികതയെ അപേക്ഷിച്ച് ഖിറാഅത് എന്ന പദം കൂടുതൽ ധന്യതയുള്ളതാണ്. ഖുർആനിന്‍റെ പാരായണ ശാസ്ത്രം(തജ്‌വീദ്) പാരമ്പര്യത്തിലധിഷ്ഠിതമായ ആധികാരിക വിജ്ഞാനീയമാണ്. നബി(സ)യിൽ നിന്ന് സ്വഹാബത്ത് വഴി പരമ്പരകളിലൂടെ അനുസ്യൂതമായി പ്രവഹിച്ച ഈ വിജ്ഞാനീയം അനുസരിച്ചാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അക്ഷരങ്ങൾക്ക് അവയുടെ അവകാശങ്ങൾ നൽകാനാണ് ഈ ജ്ഞാനശാസ്ത്രം പ്രാപ്തിനൽകുന്നത്. ഖുർആനിന്റെ പ്രതികൾ ഉസ്മാൻ(റ)വിന്‍റെ കാലത്ത് മറ്റു ദേശങ്ങളിലേക്ക് അയച്ചപ്പോൾ കൂടെ ഖുർആൻ പഠിച്ചറിഞ്ഞ ഖാരിഉകളെയും അയച്ചിരുന്നു. ദിവ്യ സന്ദേശത്തിന്റെ പരിശുദ്ധിയായിരുന്നു അതിന്‍റെ താല്പര്യം. മധ്യ കാല ഇസ്ലാമിക നാഗരികതകളുടെ അലങ്കാരമായിരുന്നു തജ്‌വീദ് പഠന കേന്ദ്രങ്ങൾ. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ഖുര്‍ആനിക സാക്ഷര ലോകം രൂപപ്പെടുത്തുന്നതിൽ മുസ്ലിം നഗരങ്ങൾ ശ്രദ്ധേയമായിരുന്നെന്ന് ഇബ്നു ഖൽദൂൻ തന്‍റെ മുഖദ്ദിമയിൽ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് കുട്ടികൾ മൂന്നോ അഞ്ചോ വർഷത്തിൽ കവിഞ്ഞ് ഭൗതിക വിദ്യാഭാസം നേടാറില്ല, മറിച്ച് തുടര്‍ന്നുള്ള കാലം ഖുർആൻ മനഃപ്പാഠമാക്കുന്നതിനും മറ്റു ആത്മീയ വിദ്യകള്‍ നേടുന്നതിനുമാണ് ചെലവഴിക്കാറുള്ളത്. ഖുർആൻ ഇളം മനസ്സുകളിൽ ആഴ്ന്നിറങ്ങുന്നതോടെ അവർ മനുഷ്യത്വത്തെ ഉൾവഹിക്കുകയും സാമൂഹ്യവൽക്കരണത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യും. എന്നാൽ പിൽക്കാലത്ത് മുസ്‌ലിം വിശ്വാസങ്ങളുടെ ആന്തരിക ചോദന തിരിച്ചറിഞ്ഞ പാശ്ചാത്യർ ചെറിയ കുട്ടികളിൽ ഭൗതിക വിദ്യാഭ്യാസത്തിനുള്ള സംവിധാനം ഒരുക്കി. ഇന്ന് നിലവില്‍ ചുരുക്കം ചില ദേശങ്ങളിൽ മാത്രമേ ഈ സമ്പ്രദായം കണ്ടുവരുന്നുളളൂ.
ദിക്ർ മജ്‌ലിസുകൾ, വിവാഹ സംഗമങ്ങൾ, മരണാനന്തര മുറകൾ തുടങ്ങിയ വേളകളിൽ ഖുർആനിന്റെ അലയൊലികൾ കൊണ്ട് സജീവമാക്കാൻ പാരമ്പര്യം അനുശാസിക്കുന്നു. നമ്മുടെ ദിവസേനയുള്ള നിരവധി പ്രവർത്തനങ്ങൾ ഖുർആൻ വചനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ബിസ്മി ചൊല്ലലും, ഹംദ് പറയലും എന്നിങ്ങനെ തുടങ്ങി നമ്മുടെ ജീവിതത്തിന്റെ അനിഷേധ്യമായ ഭാഗം ഇവ വഹിക്കുന്നുണ്ട്. ഖുർആനിനെ വളരെ അധികം ബഹുമാനിക്കണമെന്ന ഇസ്‌ലാമിക അധ്യാപനങ്ങള്‍ ഒരുപാടുണ്ട്. പണ്ഡിതന്മാരെ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്നത് പോലെ വിശുദ്ധ ഖുർആൻ മുന്നിലേക്ക് വരുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്നാണ് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത്. ഖുർആനിനെ രോഗ ശമനത്തിനുള്ള ഉപാധിയായും മുസ്‌ലിം ലോകത്ത് വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഗർഭിണികൾ ഖുർആൻ എഴുതിയ പാത്രത്തിൽ വെള്ളം ഒഴിച്ച് കുടിക്കുന്നതും, രോഗികൾ ഖുർആനിൽ നിന്നുള്ള ആയത്തുകൾ രോഗ ശമനത്തിനായി ഓതുന്നതും ഇതിന്‍റെ ചില ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ ആശയങ്ങള്‍ക്കപ്പുറം വിശ്വാസി ശരീരങ്ങളിലുടനീളം സഞ്ചരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ അഭയകേന്ദ്രമാണ്.