ഖാജാർ സാമ്രാജ്യത്തിന്റെ ഉത്ഭവവും രാഷ്ട്രീയ വളർച്ചയും

പുരാതന കാലം മുതൽ ലോക ചരിത്രത്തിൽ പ്രത്യേക ഇടം നേടിയ പേർഷ്യ (ഇന്നത്തെ ഇറാൻ) അനേകം ചരിത്ര ശേഷിപ്പുകളുടെ ഉറവിടമാണ്. ബിസി 550 മുതലേ നിലനിന്നു പോരുന്ന ഇറാൻ ദേശം നിരവധി സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ഭരണ ഭൂമികയാണ്. അറബ്, മംഗോൾ ബ്രിട്ടൻ,റഷ്യൻ അധിനിവേശങ്ങൾ നടന്ന ചരിത്രത്തിലെ ഉത്ഥാനപതനങ്ങളുടെ ഭൂമിക കൂടിയാണത്. അക്കൂട്ടത്തിൽ 1796 മുതൽ 1925 വരെയുള്ള കാലഘട്ടത്തിൽ ഇറാൻ അടക്കി ഭരിച്ചിരുന്ന സാമ്രാജ്യമാണ് ഖാജർ (Qajar Empire). അതിന്റെ രാഷ്ട്രീയവും നയതന്ത്രവുമായ നിലപാടുകൾ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. മറ്റനേകം സവിശേഷതകളും ഈ ഭരണ കാലഘട്ടത്തിൽ ദർശിക്കാനാകും. പതിനാലാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ നിന്ന് പേർഷ്യയിലേക്ക് (ഇന്നത്തെ ഇറാൻ) കുടിയേറിയ തുർകിക് ഗോത്ര വർഗമാണ് ഖാജാർ (Qajar). ഇറാന്റെ ഭാഗമായിരുന്ന അസർബൈജാനിലാണ് അവർ അന്ന് താമസിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ഖാജാറുകൾ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 1501 – 1722 കാലയളവിൽ ഇറാൻ ഭരിച്ച സഫവിയ്യ രാജകുടുംബത്തെ(Safavid dynasty) ഭരണത്തിൽ അവരോധിച്ചതിൽ, അന്നത്തെ തുർക്കി ഗോത്രങ്ങളോടൊപ്പം ഖാജാറുകൾക്കും പങ്കുണ്ട്. ചുവന്ന തലകൾ എന്നർത്ഥം വരുന്ന ഖിസിലിബാഷ് (Qizilibash) എന്ന പേരിലാണ് ആ ഗോത്രസഖ്യം അറിയപ്പെട്ടിരുന്നത്. സഫവീ ഭരണകൂടത്തിന്റെ പ്രധാന പദവികൾ അലങ്കരിച്ച ഖാജാറുകൾ, അവർക്ക് ഏൽപ്പിക്കപ്പെട്ട ചുമതലകൾ കാരണം ഇറാന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഭജിക്കപ്പെട്ടു.

ഖാജർ ഭരണ പ്രദേശങ്ങൾ

ചിലർ മറ്റ് വിഭാഗങ്ങളുമായി ലയിക്കുകയും, മറ്റു ചിലർ ചരിത്രത്തിൽ നിന്ന് ക്രമേണ അപ്രത്യക്ഷരാവുകയും ചെയ്തതായി കാണാം. പിന്നീട് ഇറാന്റെ മധ്യ- ഉത്തര മേഖലയായ മസന്തരാനിലേക്ക് പറഞ്ഞയച്ച ഖാജാറുകളാണ് ചരിത്രത്തിൽ വീണ്ടും ഇടം നേടുന്നത്. 1722 ൽ അഫ്ഗാൻ അക്രമത്തിൽ സഫവിയ്യ ഭരണകൂടം തകർന്നപ്പോൾ ദീർഘകാലം രാഷ്ട്രീയവും സാമൂഹികവുമായ അധഃപതനത്തിന് ഇറാൻ സാക്ഷിയായി. അധികാര ലബ്ധിക്കു വേണ്ടി അവിടെയുണ്ടായിരുന്ന ഗോത്രങ്ങൾ പരസ്പരം പോരടിച്ചു. 1796 ൽ, നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ മുഴുവൻ പ്രതിയോഗികളെയും പരാജയപ്പെടുത്തി,
ഖാജാർ തലവൻ ആഖാ മുഹമ്മദ് ഖാൻ ഇറാൻ ഭരണം ഏറ്റെടുത്തതോടെ ഖാജാർ രാജവംശം (Qajar dynasty) പിറവി കൊണ്ടു.

മുഹമ്മദ് ഖാൻ( 1796-1797), ഫത്ഹ് അലി ഷാ(1797-1834), മുഹമ്മദ് ഷാ (1834-1848),
നാസറുദ്ധീൻ ഷാ(1848-1896), മുസഫറുദ്ധീൻ ഷാ (1896-1907), മുഹമ്മദ് അലി ഷാ(1907-1909)അഹ്മദ് ഷാ (1909-1925) എന്നിവരാണ് ഖാജാർ ഇറാൻ ഭരിച്ചത്. ആഖാ മുഹമ്മദ് ഖാൻ ഇറാന്റെ തലസ്ഥാനം തെഹ്റാനിലേക്ക് മാറ്റുകയും ഇറാന് നഷ്ടപ്പെട്ട കോക്കസ് ഭൂപ്രദേശങ്ങളിൽ (Caucusas territories) ആധിപത്യം പുന:സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ദീർഘ കാലം ഭരണം നടത്താൻ അദ്ദേഹത്തിനായില്ല.1797 ൽ സൈന്യവുമായി ജോർജിയയിലേക്ക് പോകുന്ന വഴിയിൽ കൂടെയുണ്ടായിരുന്ന ഭൃത്യന്മാർ അദ്ദേഹത്തെ വധിക്കുകയും പിന്നീട് സഹോദര പുത്രൻ ഫത്ഹ് അലി ഷാ ഭരണമേറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന് കീഴിൽ, ചില സുപ്രധാന സംഭവങ്ങൾക്ക് ഇറാൻ സാക്ഷ്യം വഹിച്ചു. യൂറോപ്യൻ ശക്തികളുമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ച്, അവരുടെ സഹായത്താൽ സൈനിക ശക്തി നവീകരിക്കുകയും ആയുധ ശേഖരം വർദ്ധിപ്പിക്കുകയും ചെയ്തത് ഫത്ഹ് അലി ഷാ ആണ്.

സുൽത്താൻ ആഖാ മുഹമ്മദ് ഖാൻ

സൈനിക അഭ്യാസങ്ങൾ ഉൾപ്പെടെ മറ്റു വിജ്ഞാനങ്ങൾ നേടുന്നതിനായി അദ്ദേഹം യൂറോപ്പിലേക്ക് വിദ്യാർത്ഥികളെ അയച്ചിരുന്നു. 1814ൽ ബ്രിട്ടനുമായി നടത്തിയ കരാർ പ്രകാരം, ബ്രിട്ടനുമായി യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങളോടുള്ള പിന്തുണ പിൻവലിച്ച്, അത്തരം ശക്തികൾ ഇറാനിലൽ നടത്തുന്ന മുന്നേറ്റങ്ങൾക്ക് തടയിടുകയും
മറ്റ് യൂറോപ്യൻ ശക്തികളുമായി യുദ്ധമുണ്ടാകുമ്പോൾ ഇറാനെ സഹായിക്കുമെന്നും ധാരണയായി. എന്നാൽ തങ്ങളുടെ വാഗ്ദത്തം പാലിക്കാൻ ബ്രിട്ടന് കഴിഞ്ഞില്ല. കോക്കസ് മേഖലകൾക്ക് വേണ്ടി റഷ്യയുമായി ഇറാൻ രണ്ട് തവണ യുദ്ധത്തിലേർപ്പെട്ടു . ഒന്നാം യുദ്ധം ചരിത്രപരമായി തങ്ങളുടെ സ്വാധീനത്തിലുള്ള വടക്ക് മുതൽ കോക്കസ് മലനിരകൾ (Caucasus mountain) വരെ വ്യാപിക്കുകയും സൈനികമായി ഇറാൻ വൻ തിരിച്ചടി നേരിടുകയും ചെയ്തു. 1813 ൽ ഇരുകൂട്ടരും ഒപ്പുവെച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം, വടക്ക് കോക്കസ് മേഖലകൾ ഇറാൻ റഷ്യക്ക് വിട്ടുകൊടുക്കേണ്ടി വന്നു. 1820 ൽ നടന്ന രണ്ടാം യുദ്ധം ഇറാന് വ്യാപകമായ നാശങ്ങൾ ഉണ്ടാക്കുകയും ,ആറസ് നദി(Aras river) യുടെ വടക്ക് സ്ഥിതി ചെയ്യുന്ന മുഴുവൻ ഭാഗങ്ങളും റഷ്യക്ക് വിട്ടുകൊടുത്തുള്ള തുർക്മാഞ്ചെ ഉടമ്പടിയിൽ (Turkmanchai Treaty) ഒപ്പ് വെക്കാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. ഇറാനിലെ റഷ്യൻ നിവാസികളുടെ സ്വത്തവകാശവും സുരക്ഷയും ഉറപ്പ് വരുത്തുക ,പേർഷ്യൻ നഗരങ്ങളിൽ വാണിജ്യത്തിന് വേണ്ടി റഷ്യൻ പ്രതിനിധികൾക്ക് അനുമതി നൽകുക, അവരുടെ സാമഗ്രികൾ സൂക്ഷിക്കാൻ സംഭരണ ശാലകൾ ഒരുക്കുക തുടങ്ങിയവയാണ് ഈ ഉടമ്പടി പ്രകാരം ധാരണയായത്. ഇതു മൂലം ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമിതമായി ഇടപെടാൻ റഷ്യക്ക് അവസരം ലഭിക്കുകയും ചെയ്തു.

ആമിർ കബീർ

പിന്നീട് നാസറുദ്ധീൻ ഷാ യുടെ കാലത്ത്, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഭരണകൂടം ബലഹീനമാവുകയും ചെയ്തു. തദ്ദേശീയ മേഖലകളിൽ പ്രദേശികമായ സ്വയംഭരണാധികാരമുള്ള നിരവധി സമൂഹങ്ങൾ ഇറാനിലുണ്ടായിരുന്നു. രാജ്യവ്യാപകമായ ഒരു ഭരണം ( State-wide bureaucracy) നടത്താൻ ഇത് തടസ്സമാവുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ആമിർ കബീർ, ഭരണകൂടത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തൽഫലമായി, അദ്ദേഹം വിദേശ വ്യാപാരത്തിന് ഊന്നൽ നൽകുകയും, ബസാറുകൾ (Bazzar ) ഉൾപ്പെടെയുള്ള പൊതുവായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇങ്ങനെ ഇറാന്റെ ആഭ്യന്തര വിഷയങ്ങളിലുള്ള വൈദേശിക ഇടപെടലുകൾ കുറച്ചു കൊണ്ടു വരാൻ ആമിർ കബീറിനു സാധിച്ചു. ഇക്കാലയളവിലാണ് പാശ്ചാത്യൻ വിജ്ഞാനങ്ങൾ, സാങ്കേതിക വിദ്യകൾ, വിദ്യഭ്യാസ സമ്പ്രദായങ്ങൾ എന്നിവ ഇറാൻ സമൂഹം പരിചയപ്പെടുന്നതും ആധുനികവൽക്കരണത്തിന്റെ പാതയിലേക്ക് കാലെടുത്തു വെക്കുകയും ചെയ്യുന്നത്.

ഇറാനിലെ ആദ്യത്തെ മോഡേൺ യൂണിവേഴ്സിറ്റി ദാറുൽ ഫുനൂൻ(Darul-fonoon) ന്റെ നിർമ്മാണം ആമിറിൻ്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. പുതിയ ഒരു ഭരണനിർവ്വഹണ വിഭാഗത്തെ സൃഷ്ടിക്കുകയും അവർക്ക് പാശ്ചാത്യൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തലുമായിരുന്നു ഇതിന്റെ ലക്ഷ്യം. ഭാഷ, വൈദ്യശാസ്ത്രം, ഭൂമി ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, എഞ്ചിനിയറിംഗ്, നിയമം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി ആമിർ കബീർ ഫ്രാൻസിലെയും, റഷ്യയിലെയും അദ്ധ്യാപകരെ ദാറുൽ ഫുനൂനിൽ നിയമിച്ചു. ഭരണകൂട വിരുദ്ധ ശക്തികൾ ഇത്തരം പരിഷ്കരണങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തിനെതിരെ സഖ്യം രൂപീകരിക്കുകയും ചെയ്തു. രാജ്ഞിയുടെ മാതാവ് ഉൾപ്പെടെ അതിൽ അംഗമായിരുന്നു. ആമിർ കബീർ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് അവർ നാസറുദ്ധീൻ ഷാ യെ തെറ്റിദ്ധരിപ്പിക്കുകയും അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യിക്കുകയും കാശാനിലേക്ക് നാട് കടത്തുകയും അവിടെ വെച്ച് അദ്ദേഹം ഷായുടെ കൽപനപ്രകാരം വധിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ്- റഷ്യൻ കുത്തകയായിരുന്ന തേയില (tea), പുകയില (tobacco) തുടങ്ങിയ ഉൽപന്നങ്ങൾ തുഛമായ വിലക്ക് കയറ്റുമതി ചെയ്ത് അവ വിതരണം ചെയ്യാൻ നാസറുദ്ധീൻ ഷാ അനുമതി നൽകി.

ദരിദ്രരായ ആളുകളുടെ ജീവിത നിലവാരം ആപൽക്കരമായ ഈ സാഹചര്യത്തിൽ, അന്നത്തെ പണ്ഡിതൻമാർ (UIama) ഷായുടെ നടപടിക്കെതിരെ രംഗത്ത് വരികയും പുകയില ഉൽപന്നങ്ങൾ നിരോധിച്ചു കൊണ്ടുള്ള മതവിധി( Fatwa) പുറപ്പെടീക്കുകയും ചെയ്തു. ശക്തമായ എതിർപ്പിനെ തുടർന്ന് അനുമതി പിൻവലിക്കാൻ ഷാ നിർബന്ധിതനായി. ഉലമയുടെ കാര്യക്ഷമമായ ഈ നീക്കത്തെ പുകയില സമരം (Tobacco Protest 1891-1892) എന്നറിയപ്പെടുന്നു.

പുകയില സമരം

1896 ൽ നാസറുദ്ധീൻ ഷാ വധിക്കപ്പെടുകയും അദ്ദേഹത്തിൻ്റെ മകൻ മുസഫറുദ്ധീൻ ഷാ അധികാരത്തിലെത്തുകയും ചെയ്തു. അപ്രാപ്യനും ദുർവിനിയോഗിയുമായ അദ്ദേഹം, റഷ്യയിൽ നിന്ന് ഭീമമായ സാമ്പത്തിക വായ്പകൾ സ്വീകരിക്കുകയും യൂറോപ്പിലേക്ക് യാത്രകൾ സംഘടിപ്പിക്കുകയും ചെയ്തു. തങ്ങൾക്ക് ലഭിച്ച സാമ്പത്തിക സഹായത്തിന് പ്രത്യുപകാരമായി യൂറോപ്പുകാർക്ക് അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ അദ്ദേഹം അനുമതി നൽകിയത് പൊതുജനത്തിൻ്റെ രോഷത്തിന് ഇടയാക്കി. ഭരണകൂടത്തിൻ്റെ സാമ്പത്തിക ദുർവ്യയവും വരുമാനത്തിൻ്റെ അഭാവവും വൻ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കി. രാജഭരണം അവസാനിപ്പിച്ച് ഭരണഘടന (constitutioin) ക്ക് കീഴിലുള്ള ഒരു പാർലമെൻ്റ് നിർമ്മിക്കാൻ ജനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. 1906 ൽ ഉലമയും വ്യാപാരികളുമടങ്ങുന്ന വൻ ജനാവലി തങ്ങളുടെ ആവശ്യമുന്നയിച്ച് സമരം നയിച്ചതിൻ്റെ ഫലമായി ഒരു ഭരണഘടന നിർമാണത്തിന് വാഗ്ദാനം നൽകാൻ ഷാ നിർബന്ധിതനായി. ആ വർഷം ഒക്ടോബറിൽ തിരഞ്ഞെടുപ്പ് യോഗം കൂടി, രാജഭരണത്തിന് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിശാലാധികാരമുളള ഒരു പാർലമെൻറ് (Majlis) നിലവിൽ വന്നു. ഡിസംബർ 30 ന് ഷാ ഭരണഘടനയിൽ ഒപ്പുവെക്കുകയും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ പിൻഗാമിയായ മുഹമ്മദ് അലി ഷാ റഷ്യയുടെ സഹായത്തോടെ ഭരണഘടന റദ്ദാക്കാനും പാർലമെൻ്റ് അസാധുവാക്കാനും ശ്രമം നടത്തി.1908-ൽ അദ്ദേഹം നിരവധി ഭരണഘടനാ അനുകൂലികളെ പിടികൂടുകയും കൊസ്സാക്ക് സൈന്യത്തെ (Cossack Brigades) ഉപയോഗിച്ച് പാർലമെന്റെ തകർക്കുകയും ചെയ്തു . തിബ് രീസ്, ഇസ്ഫഹാൻ, റശ്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഭരണഘടനാ അനുകൂലികൾ പ്രതിരോധം തീർത്തു.1909 ൽ അവർ ടെഹ്റാനിലേക്ക് മാർച്ച് നടത്തി ഷായെ പുറത്താക്കുകയും ഭരണഘടന പുന:സ്ഥാപിക്കുകയും ചെയ്തു.

ജൂലൈ 16ന് ഷായുടെ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള മകൻ അഹ്മദ് ഷായെ ഭരണാധികാരിയായി പാർലമെന്റെ തിരഞ്ഞെടുത്തു. 1907 ൽ നടന്ന ആംഗ്ലോ- റഷ്യൻ ഉടമ്പടിയനുസരിച്ച് ബ്രിട്ടനും റഷ്യയും തങ്ങളുടെ സ്വാധീനത്തിൻ്റെ അടിസ്ഥാനത്തിൽ ഇറാനെ രണ്ടായി വിഭജിക്കുകയും ഉത്തരമേഖലയിൽ റഷ്യയും ദക്ഷിണ ഭാഗത്ത് ബ്രിട്ടനും അവകാശം സ്ഥാപിച്ചു അതിനിടെ, രാജ്യത്തിന്റെ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അമേരിക്കൻ ഉദ്യോഗസ്ഥനായ മോർഗൻ ഷസ്സ്റ്ററിനെ ഇറാൻ നിയമിച്ചു. അദ്ദേഹം റഷ്യൻ ഉദ്യോഗസ്ഥരിൽ നിന്ന് നികുതി പിരിക്കാനുള്ള ചുമതലയുടെ ഭാഗമായി റഷ്യൻ മേഖലയിലേക്ക് പോലീസിനെ അയക്കുകയും ചെയ്തു. ഈ നടപടിയിൽ അതൃപ്തരായ റഷ്യ അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കാൻ ആവശ്യപ്പെടുകയും മജ്ലിസ് അത് നിരസിക്കുകയും ചെയ്തു. തദ്ഫലമായി, റഷ്യൻ സൈന്യം തലസ്ഥാനം കൈക്കലാക്കാനുള്ള നീക്കം നടത്തി.ഇത് തടയുന്നതിന് വേണ്ടി ബക്തിയാരി പ്രമുഖരും അവരുടെ സൈന്യവും പാർലമെന്റെ വളഞ്ഞ് റഷ്യയുടെ ആവശ്യം അംഗീകരിക്കാൻ പാർലമെന്റിനെ നിർബന്ധിച്ച് പാർലമെന്റ് യോഗം പിരിച്ച് വിട്ടു. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടൻ, റഷ്യ, ഒട്ടോമൻ എന്നിവരുടെ അക്രമം ചെറുക്കാൻ അഹ്മദ് ഷായുടെ ഭരണത്തിന് സാധിച്ചില്ല.1925ൽ പാർലമെന്റെ അദ്ദേഹത്തെ പിരിച്ചു വിട്ടതോടെ ഖാജാർ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ടു. ഖാജാർ ഭരണകാലത്ത്, ഒട്ടേറെ വികസനങ്ങൾക്ക് ഇറാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പൊതുഖജനാവ്, നാണയ ശാല, ആയുധപ്പുരകൾ, പാണ്ടികശാലകൾ എന്നിവ അവർ നിർമ്മിച്ചു. എങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം വിശാലവും വിജയപ്രദവുമായ ഭരണകൂടമോ സൈനിക ശക്തിയോ സ്ഥാപിക്കാൻ അവർക്കായില്ല.

ആഗോളവൽക്കരണത്തിന്റെ ഭാഗമായി സാമ്പത്തികമായി അഭിവൃതി പ്രാപിച്ചെങ്കിലും അത് ജനസംഖ്യാ വർദ്ധനവുമായി ഒത്തു പോകാൻ പര്യാപ്തമായിരുന്നില്ല. ഗവൺമെന്റെ തസ്തികകളിലേക്ക് ആവശ്യത്തിൽ കൂടുതൽ ആളുകളെ നിയമിക്കുകയും, ഗവർണർ പദവികളിൽ ഖാജാർ കുടുംബാംഗങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തു. ചില ഖാജാർ ചക്രവർത്തിമാർ തങ്ങൾ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധികളാണെന്ന് സ്വയം വാദിച്ചു. എന്നാൽ അവർ ദൈവത്തിന്റെ ആജ്ഞ കൈയേറ്റം ചെയ്തവരാണെന്നായിരുന്നു മത പണ്ഡിതരുടെ വിമർശനം. പക്ഷപാതവും സ്വേച്ഛാധിപത്യവും കൈമുതലാക്കിയ ഖാജാറുകൾ അപകടകരമായ എതിർപ്പുകൾ നേരിടുമ്പോൾ അവർ തന്ത്രപരമായി പിൻമാറുകയും, പ്രജകളെ അടിച്ചമർത്തുകയും, വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ ആഭ്യന്തര കലഹങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അത് മൂലം രാജ്യഭരണത്തിനെതിരെ ഭരണ ഘടന ആവശ്യവുമായി ജനങ്ങൾ രംഗത്ത് വരികയും ചെയ്തു. ഇറാനിലെ മത നേതാക്കൾ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. അക്കാലത്തെ ഉലമ-വ്യാപാരി സഖ്യം ഇറാൻ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ്.

References :

  1.  Abraham Ian, Ervand ; Iran between two revolutions, (1982)
  2. The Cambridge History Of Iran, Edited by, Peter Avery
  3. Rizvi, N.Zahra; Politics, Protest and Piety in Qajar iran (2014)
  4.  Rashid vash, Vahid; The Qajar Dynasty in Iran: The Most Important Occurence Evented in the Qajars Monarchy (2012)