ഇസ്‌ലാമിക് കാലിഗ്രഫിയുടെ വൈജ്ഞാനിക കൈമാറ്റങ്ങൾ

ഒരാള്‍ എങ്ങനെയാണ് കാലിഗ്രഫര്‍ ആകുന്നത് ?, അതിനുള്ള മാര്‍ഗ്ഗം എന്താണ്? എന്നീ മര്‍മ്മപ്രധാന ചോദ്യങ്ങളാണ് ”എന്താണ് കാലിഗ്രഫി” എന്ന് മനസ്സിലാക്കുന്നതില്‍ കൂടുതല്‍ പ്രസക്തം. അതിനാല്‍ ഈ ചോദ്യങ്ങളെ അഭിമുഖീകരിച്ചു തുടങ്ങാമെന്ന് തോന്നുന്നു.

ഒരു കാലിഗ്രഫറെ സംബന്ധിച്ചിടത്തോളം ആദ്യമായി തനിക്ക് യോഗ്യനായ ഒരു ഗുരുവിനെ കണ്ടെത്തുക എന്നതാണ് പ്രധാനം. തന്റെ ഗുരുവിന്റെ മരണത്തിന് മുമ്പോ, അദ്ദേഹത്തില്‍ നിന്നും സമ്മതം ലഭിക്കുന്നത് വരെയോ മറ്റൊരു ഗുരുവിനെ സമീപിക്കാന്‍ പാടില്ല എന്നതിനാല്‍ ഈ തിരഞ്ഞെടുപ്പ് വളരെ ഗൗരവമുള്ളതും നന്നായി ശ്രദ്ധിക്കേണ്ടതുമാണ്. ഇവിടെ ഗുരുവിന് അവനെ സ്വീകരിക്കാനും, നിരസിക്കാനും അവസരമുണ്ട്. രണ്ട് പേരും പരസ്പരം സ്വീകരിച്ചതിന് ശേഷമാണ് പഠനം ആരംഭിക്കുന്നത്. ആദ്യമായി ഗുരു തന്റെ ശിഷ്യന് കാലിഗ്രഫി ഉപകരണങ്ങള്‍ സമ്മാനിക്കുകയും ശേഷം ”അല്ലാഹുവേ ഇത് നീ എളുപ്പമാക്കണേ…, പ്രയാസത്തിലാക്കരുതേ…, നന്മയോടെ ഇത് പൂര്‍ത്തീകരിച്ചു തരണേ” എന്നര്‍ത്ഥമുള്ള ”റബ്ബി യസ്സിര്‍ വലാ തുഅസ്സിര്‍, റബ്ബി തമ്മിം ബില്‍ ഖൈര്‍” എന്ന് തുടങ്ങുന്ന വരികള്‍ എഴുതി കാണിച്ചു കൊടുക്കുന്നു. ആ സമയം ശിഷ്യന്‍ വളരെ സൂക്ഷ്മതയോടെ എങ്ങനെയാണ് ഓരോ അക്ഷരങ്ങള്‍ക്കും അദ്ദേഹം മഷി പുരട്ടുന്നതെന്നും എങ്ങനെയാണ് ഓരോ അക്ഷരവും എഴുതുന്നതെന്നും വീക്ഷിച്ച് മനസ്സിലാക്കണം. ശേഷം ആ ചിത്രത്തില്‍ ചില വരകളും, പുള്ളികളും ചേര്‍ക്കുന്നു. അതില്‍ നിന്നും ഓരോ അക്ഷരങ്ങളുടെയും നാല് ഭാഗങ്ങളും കൃത്യമായി ചിട്ടപ്പെടുത്തിയ പുള്ളികള്‍ക്ക് (നുഖ്ത- dot) അടിസ്ഥാനമാക്കിയാണ് വരച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാം . ഉദാഹരണത്തിന്, അറബി അക്ഷരമായ അയ്ന്‍ (ع) ന്റെ മുകള്‍ ഭാഗം മൂന്ന് പുള്ളികള്‍ക്ക് സമാനമാണെന്ന് കാണാം.

 

ഇതിലൂടെ, കാലിഗ്രഫി എന്നത് കേവലം ഗുരുവിന്റെ സൗന്ദര്യ ഭാവനയില്‍ നിന്ന് ഉത്ഭവിക്കുന്നതല്ല. മറിച്ച്, സമഗ്രമായ ഒരു അത്മീയവശവും, പ്രത്യേകമായ അധ്യാപന രീതി വഴി കാലഘട്ടങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കണിശമായ ആനുപാതിക രീതിയും അടങ്ങിയതാണ് എന്ന അടിസ്ഥാന പാഠം തുടക്കത്തില്‍ തന്നെ ഗുരു ശിഷ്യന് കൈമാറുന്നു.

ആ ”റബ്ബി യസ്സിര്‍” കാലിഗ്രഫി ശിഷ്യന് നല്‍കിക്കൊണ്ട്, ഒരാഴ്ച പരിശീലനം നടത്തി തിരിച്ചു വരാന്‍ പറഞ്ഞ് അവര്‍ പിരിയും. ഒരാഴ്ച്ചത്തെ പരിശീലനത്തിന് ശേഷം ആ വരകളുമായി വീണ്ടും ഗുരുവിന്റെ അടുക്കല്‍ തിരിച്ചു വന്ന് ചിത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കും. ചിത്രത്തില്‍ ഗുരു ആവശ്യമായ തിരുത്തലുകള്‍ ചുവപ്പ് മഷിയില്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ”റബ്ബി യസ്സിര്‍” എന്ന ഈ കാലിഗ്രഫിയില്‍ അദ്ദേഹം ഇതേ രീതിയില്‍ പരിശീലനം നേടുന്നു. അഥവാ, ഒരു വര്‍ഷത്തിലെ മുഴുവന്‍ ആഴ്ചകളിലും ഗുരുവിനെ സമീപിക്കുന്ന വിദ്യാര്‍ത്ഥി 52 തവണ ”റബ്ബി യസ്സിര്‍” കാലിഗ്രഫി എഴുതിയിരിക്കും. ഇങ്ങനെയുള്ള ആവര്‍ത്തനങ്ങളും, തിരുത്തലുകളും ചേര്‍ന്ന ഒരു ചാക്രികമായ രീതിയാണ് കാലിഗ്രഫി പഠനം തുടരുന്നത്.

ഈ ഒരു ഘട്ടം പൂര്‍ത്തിയാകുന്നതോടെ അറബി അക്ഷരമാലകളിലേക്ക് കടന്ന് ഓരോ അക്ഷരങ്ങളും ഇതേ രീതിയില്‍ ആവര്‍ത്തിച്ച് പരിശീലനം നേടുന്നു. ശേഷം ”മുറക്കബ” ഘട്ടത്തിലേക്ക് കടക്കുന്നു. അഥവാ, രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്ത് വരച്ച് പരിശീലനം നേടുന്നു. ഈ ഘട്ടവും മുകളില്‍ പറഞ്ഞ രീതിയിലുള്ള ആവര്‍ത്തനങ്ങളും, തിരുത്തലുകളും ചേര്‍ന്നതാണ്. അവസാനമായി, വര്‍ഷങ്ങളുടെ പരിശീലനങ്ങള്‍ക്ക് ശേഷം ഗുരു തന്റെ ശിഷ്യന് ‘തമ്മതില്‍ ഹുറൂഫു ബി ഔനില്ലാഹ്’ എന്ന് എഴുതി നല്‍കുകയും അതോടെ വാക്യങ്ങള്‍ എഴുതുന്നതിലേക്ക് കടക്കുകയും ചെയ്യും. അങ്ങനെ, വര്‍ഷങ്ങളായുള്ള ഗുരു സന്ദര്‍ശനത്തിന്റെയും, പരിശീലനത്തിന്റെയും ഭാഗമായി ഗുരു അദ്ദേഹത്തിന് ‘ഇജാസ’ നല്‍കും. ഈ ഇജാസ ലഭിക്കുന്നതോടെ ശിഷ്യന് താന്‍ പഠിച്ച കാലിഗ്രഫി പാഠങ്ങള്‍ തന്റെ വിദ്യാര്‍ത്ഥിക്ക് പഠിപ്പിച്ച് കൊടുക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നു. അതോടെ അദ്ദേഹത്തിന് തന്റെ ചിത്രത്തില്‍ ആദ്യമായി തന്റെ അടയാളം (sign) പതിപ്പിക്കാന്‍ അനുവാദം ലഭിക്കുന്നു. എന്നാല്‍ ഇജാസ ലഭിക്കുന്നതോടെ അദ്ദേഹത്തിന് തന്റെ ഗുരുവുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ഗുരുവിന്റെ മരണം വരെ ഗുരുവുമായുള്ള സന്ദര്‍ശനം അദ്ദേഹം തുടരണം.

നുഖ്തകള്‍

10-11 നൂറ്റാണ്ടുകളിലാണ് നുഖ്തകള്‍ കാലിഗ്രഫിയില്‍ ചേര്‍ക്കപ്പെടുന്നത്. മേല്‍ പറയപ്പെട്ട രീതിയില്‍ പഠനം നടത്തിയ വിദ്യാര്‍ത്ഥിക്ക്, കാലങ്ങളായി കൈമാറി വന്ന കൃത്യമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കലയാണ് കാലിഗ്രഫി എന്ന് ബോധ്യമാകും. ആ ഒരു രീതിയില്‍ പൂര്‍ണമായ പരിജ്ഞാനം നേടിക്കഴിഞ്ഞതിന് ശേഷം മാത്രമേ തന്റെ സ്വന്തം ഭാവനയിലും രൂപത്തിലുമുള്ള കാലിഗ്രഫികള്‍ രൂപപ്പെടുത്തുന്നതിലേക്ക് അദ്ദേഹം കടക്കുന്നുള്ളൂ.

ഏഴാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് പരിശുദ്ധ ഖുര്‍ആനിന്റെ ആദ്യ കയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നത്. ഖുര്‍ആനിന്റെ മഹത്വത്തിന് അനുഗുണമായി വളരെ മനോഹരമായ കൂഫിക് ലിപിയിലാണ് അത് തയ്യാറാക്കപ്പെട്ടത്. കൂഫിക് ലിപി ഇസ്ലാമിന് മുന്‍പേ നിലവിലുണ്ടെങ്കിലും, ഇസ്ലാം വേദ ഗ്രന്ഥങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യം ഉള്‍ക്കൊണ്ട് കൂടിയാണ് ഖുര്‍ആനിന്റെ ആദ്യപ്രതി കൂഫിക് ലിപിയില്‍ അവര്‍ വികസിപ്പിച്ചെടുത്തത്. ഹര്‍കത്തുകള്‍ ഉപയോഗിക്കാത്ത ഒരു രീതിയാണത്. ഖുര്‍ആന്‍ മന:പാഠമാകുന്നവര്‍ക്ക് ഉപയോഗിക്കാനും, അവര്‍ക്ക് പ്രചോദനം നല്‍കുന്നതിന് വേണ്ടിയും ആയതിനാല്‍ ഖുര്‍ആന്‍ മന:പാഠം ഇല്ലാത്തവര്‍ക്ക് അത് പാരായണം ചെയ്യല്‍ പ്രയാസമായിരുന്നു. ശേഷം ഇസ്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചപ്പോള്‍ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തില്‍ അതിന്റെ എഴുത്ത് പ്രതികള്‍ നിര്‍മ്മിക്കേണ്ടതായി വന്നു. അങ്ങനെയാണ് ഇന്ന് നാം ഉപയോഗിക്കുന്ന, മേല്‍ പറയപ്പെട്ട നുഖ്തകളെ അടിസ്ഥാനമാക്കിയ ആനുപാതിക രീതിയിലുള്ള പ്രതികള്‍ നിര്‍മ്മിക്കപ്പെടുന്നത്. പത്താം നൂറ്റാണ്ടില്‍ ഇബ്‌നു മുഖ്‌ലയും (Ibn Muqla) ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ഇബ്‌നുല്‍ ബവ്വാബും (Ibn al Bawwab) ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. അത് തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് അബ്ബാസീ കാലിഗ്രഫര്‍ ആയിരുന്ന യാഖൂതുല്‍ മുസ്തഅ്‌സിമി (Yaqut al-Musta’simi) അതിനെ അടുത്ത ഒരു ഘട്ടത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നുണ്ട്.

കൂഫിക് കാലിഗ്രഫി

പിന്നീട് ഓട്ടോമന്‍ കാലത്തിലേക്ക് വരുമ്പോള്‍, സുല്‍ത്താന്‍ ബായസീദ് രണ്ടാമന്‍ തന്റെ കൊട്ടാര കാലിഗ്രഫര്‍ ആയിരുന്ന ശൈഖ് ഹംദുള്ളയോട് ‘എന്ത് കൊണ്ട് നമ്മള്‍ ഓട്ടോമന്‍മാര്‍ക്ക് പ്രത്യേകമായി ഒരു എഴുത്ത് രീതി നിര്‍മിച്ചുകൂടാ’ എന്ന് ചോദിക്കുകയും യാഖൂതുല്‍ മുസ്തഅ്‌സിമിയുടെ മുഴുവന്‍ കാലിഗ്രഫിയും നല്‍കുകയും ചെയ്തു. ശൈഖ് ഹംദുള്ളയാകട്ടെ, ഏകാന്ത ജീവിതം നയിക്കുന്ന ഒരു സൂഫി കൂടിയായിരുന്നു. ആ കൈപ്പടകളുമയി അദ്ദേഹം തന്റെ ഏകാന്തതയിലേക്ക് പോയി. നാല്‍പത് ദിവസവും അവിടെ ചെലവഴിച്ചെങ്കിലും ഒന്നും തയ്യാറാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശേഷം അദ്ദേഹം വീണ്ടും ഒരു നാല്‍പത് ദിവസവും കൂടി അവിടെ ചെലവഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം പറയുന്നു: ആ സമയത്ത് ഹിള്ര്‍(അ) തന്റെ അടുക്കല്‍ വരികയും തന്റെ കൈ പിടിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഒട്ടോമന്‍മാരുടെ മനോഹരമായ ആ പുതിയ കാലിഗ്രഫിയുമായി അദ്ദേഹം പുറത്തേക്ക് വരുന്നത്. ഒട്ടോമന്‍ കാലിഗ്രഫിയുടെ സ്ഥാപകനായി അറിയപ്പെടുന്നതും അദ്ദേഹമാണ്. ചില പുതുമകള്‍ കൂട്ടിച്ചേര്‍ക്കുമെങ്കിലും, ഈ ഒരു മൂലരൂപത്തെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള മുഴുവന്‍ ഒട്ടോമന്‍ കാലിഗ്രഫര്‍മാരും തങ്ങളുടെ കാലിഗ്രഫി തയ്യാറാക്കുന്നത്.

ഗുരുശിഷ്യ ബന്ധവും കാലിഗ്രഫിയും

കാലിഗ്രഫി പഠന രീതിയിലെ ഗുരുശിഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം സംഭവങ്ങള്‍ നമുക്ക് ചരിത്രത്തില്‍ ദര്‍ശിക്കാന്‍ കഴിയും. നേരത്തെ ഉണര്‍ത്തിയ ഗുരു ശിഷ്യര്‍ക്കിടയിലെ പരസ്പരമുള്ള കൂറിനെ ഒന്നാമതായി എണ്ണാം. ഒട്ടോമന്‍ കാലത്തെ കാലിഗ്രഫര്‍മാരില്‍ പലരെയും തങ്ങളുടെ ഗുരുക്കന്മാരുടെ ഖബറിന് അടുക്കലായാണ് മറവു ചെയ്യപ്പെട്ടത്. അതുപോലെ, മിക്ക ശിഷ്യന്മാരും തങ്ങളുടെ ഖബര്‍ തിരഞ്ഞെടുക്കുന്നതില്‍ കുടുംബക്കാരേക്കാളും, തന്റെ സൂഫി വഴിയിലെ ശൈഖിനേക്കാളും (അവരില്‍ പലര്‍ക്കും ഒരു സൂഫി ശൈഖ് ഉണ്ടാവല്‍ പതിവാണ്) പരിഗണന നല്‍കിയത് കാലിഗ്രഫി ശൈഖിനായിരുന്നു. കാലിഗ്രഫിയെ പ്രഥമമായും, പ്രധാനമായും ഗണിക്കപ്പെടുന്നത് ഖുര്‍ആനിന് സേവനം ചെയ്യുക എന്ന നിലക്കാണ്. ആ ഒരു പരിഗണനയില്‍ നിന്നാണ് ഗുരു ശിഷ്യര്‍ക്കിടയിലെ ഈ ബന്ധം നിലനില്‍ക്കുന്നത്. ജീവിത കാലത്ത് ഒരു ഖുര്‍ആന്‍ എങ്കിലും തന്റെ കൈപ്പടയില്‍ എഴുതി തയ്യാറാക്കണം എന്നത് ഓരോ കാലിഗ്രഫറുടെയും ആഗ്രഹമാണ്. സ്വന്തമായി ഒരു ഖുര്‍ആന്‍ എഴുതിയ ശേഷമേ അവര്‍ കാലിഗ്രഫര്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തുക പോലും ഉള്ളൂ.

രണ്ടാമതായി, തന്റെ ശിഷ്യന്റെ സ്വഭാവ രൂപീകരണത്തില്‍ ഗുരു ഇടപെടുന്നത് കാണാം. കാലിഗ്രഫിയുടെ ഒരു പ്രധാന ഭാഗം തന്നെയാണത്. തന്റെ ഗുരുവിനോടുള്ള ബഹുമാനം, അദ്ദേഹത്തിന് സേവനങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത, അദ്ദേഹത്തോട് അനാദരവ് തോന്നിക്കുന്ന വാക്കുകള്‍ പറയാതിരിക്കുക, തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. അഥവാ, തന്റെ ഗുരുവിന്റെ മനസ്സില്‍ തന്നെക്കുറിച്ച് മോശം ചിന്ത വരുത്തുന്ന ഒരു കാര്യങ്ങളും ഉണ്ടാവാന്‍ പാടില്ല.

രണ്ടു വ്യക്തികള്‍ക്കിടയില്‍ രൂപപ്പെടുന്ന ആത്മീയമായ ബന്ധമാണ് മൂന്നാമത്തേത്. ഗുരുവിനോടുള്ള ശിഷ്യന്റെ കൂറ് കാരണമായി അദ്ദേഹത്തിന്റെ കാലിഗ്രഫിയില്‍ ഗുരുവിന്റെ ആത്മീയമായ ഇടപെടലുകള്‍ ഉണ്ടാവുന്നത് പോലോത്ത സംഭവങ്ങള്‍. ഒട്ടോമന്‍ കാലത്തെ പല സംഭവങ്ങളിലും നമുക്ക് ഇത് കാണാം. പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്ത ഒട്ടോമന്‍ കാലിഗ്രഫര്‍ ആയിരുന്ന സാമി എഫെന്ദിയുടെ (ഇസ്താംബൂളിലെ പല പള്ളികളിലും, പൊതു സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ കാലിഗ്രഫി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്) പഠന കാലത്ത് തന്റെ ഗുരുവുമായി കൂടുതല്‍ കൂറ് പുലര്‍ത്തിയവരായിരുന്നു. തങ്ങളുടെ ഗുരു പ്രശസ്തനായ കാലിഗ്രഫര്‍ അല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹപാഠി, ഇസ്മായില്‍ ഹഖ് എന്ന മറ്റൊരു ഗുരുവിനെ സ്വീകരിക്കുന്നുണ്ട്. ഇസ്മായില്‍ ഹഖ് എന്ന ഗുരു പല തവണ സാമി എഫെന്ദിയോട് തന്റെ അടുക്കലേക്ക് വരാന്‍ പറഞ്ഞിട്ടും അദ്ദേഹം തന്റെ ഗുരുവിനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. തന്റെ ഗുരുവിന്റെ കാലശേഷം ഇസ്മായില്‍ ഹഖിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്തുകൊണ്ട് താങ്കള്‍ ഇതുവരെ എന്റെ അടുക്കല്‍ വന്നില്ല. എന്റെ ഗുരുവിനോടുള്ള അനാദരവ് ആകും എന്ന ഭയന്നതിനാലാണ് ഞാന്‍ വരാത്തത് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതേസമയം, തന്റെ സഹപാഠി പിന്നീട് കൂടുതല്‍ പ്രയാസത്തില്‍ അകപ്പെടാന്‍ ഈ സംഭവം കാരണമായി എന്ന് അദ്ദേഹം തന്നെ പിന്നീട് പറയുന്നുണ്ട്. ഗുരുവിന്റെ ആത്മീയമായ ഇടപെടലുകളാണ് തന്റെ കാലിഗ്രഫികള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കാലിഗ്രഫിയും പ്രശസ്തമാകുന്നത്/വിജയിക്കുന്നത് ഗുരുവിന്റെ പ്രാര്‍ത്ഥന ഫലമാണ് എന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട് തന്നെ തങ്ങളുടെ ഗുരുവിന്റെ പ്രാര്‍ത്ഥന ലഭിക്കണം എന്നതാണ് ഓരോ കാലിഗ്രഫര്‍മാരുടെയും സ്വപ്നം. ശിഷ്യന്റെ ഭാവി കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഗുരുവിന് കഴിയും എന്ന് വിശ്വസിക്കുന്നതിനാല്‍ അവരുടെ സ്വഭാവഗുണങ്ങളിലും ഇത് സ്വാധീനം ചെലുത്തി. ധാര്‍മ്മികത കാലിഗ്രഫി പാരമ്പര്യത്തിന്റെ പ്രധാന ഭാഗം തന്നെയാണ്.

ഇജാസ നൽകുന്ന പരിപാടിയുടെ ഫയൽ ചിത്രം

പതിനെട്ടാം നൂറ്റാണ്ടിലെ കാലിഗ്രഫര്‍മാരുടെ ചരിത്രം പറയുന്ന തന്റെ ഗ്രന്ഥത്തില്‍ മുസ്തഖീം എന്ന ചരിത്ര പണ്ഡിതന്‍ കാലിഗ്രഫര്‍മാര്‍ക്കുള്ള ചില മാര്‍ഗരേഖകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇതില്‍ നിന്നും ”കാലിഗ്രഫര്‍” ആവുക എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും, എന്തുകൊണ്ട് കാലിഗ്രഫിയില്‍ ഇത്രത്തോളം ധാര്‍മിക നിയമങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രാധാന്യവും മനസ്സിലാക്കാന്‍ കഴിയും. കാരണം കാലിഗ്രഫി കേവലം ഒരു കലാരൂപമോ, നിങ്ങള്‍ക്ക് സ്വയം മനോഹരമായി നിര്‍മിച്ച് ചുമരില്‍ പതിക്കാവുന്ന കലയോ അല്ല. ഇതൊക്കെ കാലിഗ്രഫി പാരമ്പര്യത്തോട് യോജിക്കാത്ത കാര്യങ്ങളാണ്. മറിച്ച് അതൊരു ‘ഇല്‍മ്’ അഥവാ വിജ്ഞാന ശാഖയായാണ് പരിഗണിക്കപ്പെടുന്നത്. കാരണം, മനുഷ്യകുലത്തിന് ആദ്യമായി അവതരിച്ച ഖുര്‍ആനിക വചനം ”അല്ലമ ബില്‍ ഖലം” എന്നതാണ്. ഖുര്‍ആന്‍ പൂര്‍ണമായും എഴുതി തയ്യാറാക്കുന്നതോടൊപ്പം, പ്രവാചക വചനങ്ങള്‍, മറ്റു പ്രധാന വാക്യങ്ങള്‍ കൂടി സ്വന്തം കൈപടയില്‍ എഴുതി തയ്യാറാക്കുന്നതിലൂടെയാണ് ‘ഉലമ’ എന്ന പദവിയിലേക്ക് അവര്‍ എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ അവര്‍ നിലനിര്‍ത്തി പോരേണ്ട ധാരാളം നിയമങ്ങളും കാണാന്‍ കഴിയും. ഖുര്‍ആന്‍, സുന്നത്ത് എന്നിവ അനുസരിക്കുക, ഭാഷാ വ്യാകരണ നിയമങ്ങളില്‍ അറിവുള്ളവനായിരിക്കുക എന്നിവ അതില്‍ പെട്ടതാണ്. മറ്റൊരു രസകരമായ കാര്യം അവന്‍ തീവ്രമായ വിശ്വാസം പുലര്‍ത്തുന്നവനോ (extreme in faith), അമിതമായി സുഹ്ദ് ഉള്ളവനോ (extreme in ascetic), തീവ്രമായ അക്ഷരമാത്ര വാദിയോ (extreme in literalist) ആവാന്‍ പാടില്ല എന്നതാണ്. അതുപോലെ, സന്ദര്‍ഭോചിതമായി ഖുര്‍ആനിക വചനങ്ങള്‍, പണ്ഡിത വാക്യങ്ങള്‍ എന്നിവ സമൂഹത്തിലേക്ക് കൈമാറുകയും വേണം. അഥവാ, ഒരു പരമ്പരാഗത പണ്ഡിതന്റെ കര്‍ത്തവ്യം തന്നെ അവന്‍ അവിടെ നിറവേറ്റുന്നു.

പതിനാറാം നൂറ്റാണ്ടിലെ കാലിഗ്രഫര്‍ ആയിരുന്ന ഹാഫിസ് സാദ (Hafiz Sadeh) യുടെ ഓട്ടോമന്‍ കാലിഗ്രഫിയെ കുറിച്ചുള്ള പ്രശസ്തമായ വരികള്‍ കാണാം. ‘ഈ ലോകത്ത് ധാരാളം ജ്ഞാനശാഖകളും കരവിരുതുകളും കാണാം. എന്നാല്‍ കാലിഗ്രഫിയുടെ മനോഹാരിതയെ വെല്ലാന്‍ അവക്കൊന്നും സാധിക്കുന്നില്ല. മത വിജ്ഞാനങ്ങള്‍ കൂടി ചേര്‍ന്നതാണ് കാലിഗ്രഫി വിജ്ഞാനശാഖ. മതത്തിലുള്ള കാലിഗ്രഫിയുടെ പ്രാധാന്യത്തെ ഉന്നതര്‍ പോലും അംഗീകരിച്ച് സംസാരിക്കുന്നുണ്ട്.” ആ കാലഘട്ടത്തില്‍ ഓട്ടോമന്‍ കാലിഗ്രഫിയെ മുന്നോട്ട് നയിച്ച അടിസ്ഥാന ആശയം ഇതായിരുന്നു. തന്റെ ഗുരുവിനോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ മഷി വിദ്യാര്‍ത്ഥിയുടെ അടുക്കല്‍ സൂക്ഷിച്ചു വെക്കുന്ന രീതി കാലിഗ്രഫിയെ ഈ രീതിയില്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്. ഖുര്‍ആന്‍ പൂര്‍ണമായും തന്റെ കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കിയ പതിനേഴാം നൂറ്റാണ്ടിലെ കാലിഗ്രഫര്‍ ആയിരുന്ന ദര്‍വേശ് അലിയുടെ വീട്ടുമുറ്റത്ത് രാജസഭയിലെ ആളുകള്‍ വരെ അവസരം കാത്ത് നില്‍ക്കാറുണ്ടായിരുന്നു. ഒട്ടോമന്‍ കാലത്ത് സമൂഹം കാലിഗ്രഫിക്കും, കാലിഗ്രഫര്‍മാര്‍ക്കും നല്‍കിയ പരിഗണനയുടെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഈ രീതിയില്‍ തന്റെ ശേഷമുള്ളവര്‍ക്കും കാലിഗ്രഫിയെ കൈമാറുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്. നെഗറ്റീവ് കാര്യങ്ങള്‍ കൈമാറുന്നതിന് പകരം സമൂഹത്തെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന കാലിഗ്രഫികള്‍ നിര്‍മ്മിക്കുക എന്നതും പ്രാധാനമാണ്.

ഖലം അഥവാ കാലിഗ്രഫി പേന

കാലിഗ്രഫി എഴുതാന്‍ ഉപയോഗിക്കുന്ന പേന, പൊതുവെ മുള, കാട്ടുചൂരല്‍ എന്നിവ കൊണ്ടാണ് നിര്‍മിക്കാറുള്ളത്. പേനയെ കുറിച്ചുള്ള ധാരാളം ഉദ്ധരണികള്‍ കാണാം. പ്രത്യേകിച്ച് പരിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായം തന്നെ തുടങ്ങുന്നത് ”നൂന്‍…വല്‍ഖലം വമാ യസ്തുറൂന്‍.” എന്നാണ്. അതുപോലെ പ്രവാചകന് ആദ്യമായി അവതരിച്ചതും ”അല്ലമ ബില്‍ഖലം” എന്ന വചനങ്ങളാണ്. അതുകൊണ്ട് തന്നെ കാലിഗ്രഫര്‍മാര്‍ അതിനെ ഒരു പരിശുദ്ധ വസ്തുവായിട്ടാണ് കാണുന്നതും. വിജ്ഞാന പ്രസരണത്തിന് ഉപയോഗിക്കപ്പെടുന്നതും പേന തന്നെ ആണ്. പതിനാറാം നൂറ്റാണ്ടിലെ ഒട്ടോമന്‍ പണ്ഡിതനായിരുന്ന മുസ്തഫ അലി കാലിഗ്രഫിയെ കുറിച്ച് പറയുന്നിടത്ത് പരാമര്‍ശിക്കുന്നത് കാണാം. ‘പേന ഇല്ലായിരുന്നെങ്കില്‍ പ്രവാചകനും, അവിടുത്തെ അനുചരര്‍ക്കും ദിവ്യ വെളിപാടുകളും, മറ്റ് ധാര്‍മിക ജ്ഞാന മൂല്യങ്ങളും കൈമാറല്‍ അസാധ്യമായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് ശരി എന്താണ് തെറ്റ് എന്ന് നിര്‍ണയിക്കുന്നതില്‍ പേന ഒരു അടിസ്ഥാന ഘടകമാണ്. നിത്യമായി പേന ഉപയോഗിക്കുന്ന കാലിഗ്രഫര്‍ക്കും, പകര്‍പ്പെഴുത്തുകാരനും ജനങ്ങളുടെ ബഹുമാനം ലഭിക്കുന്നതും ഇത് കാരണമാണ്.’ ദൈവിക വചനങ്ങളും, വെളിപാടുകളും കൈമാറ്റം ചെയ്യുന്നതിനാല്‍ വലിയൊരു പവിത്രത തന്നെ പേനക്കുണ്ട്. തങ്ങള്‍ക്ക് ബഹുമതി ലഭിക്കുന്നതിന്റെ കാരണം പേന ആണെന്ന് കാലിഗ്രഫര്‍മാരും മനസ്സിലാക്കുന്നുമുണ്ട്.

പേനയുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ കൂടിയുണ്ട്. ഇന്ന് കടകളില്‍ നിന്ന് വാങ്ങി ഉപയോഗം കഴിഞ്ഞാല്‍ വെലിച്ചറിയുന്ന രീതിയിലേക്ക് പേനയോടുള്ള നമ്മുടെ പെരുമാറ്റം മാറിയിട്ടുണ്ട്. എന്നാല്‍, പണ്ടു കാലത്ത്, പ്രത്യേകിച്ചും ഒട്ടോമന്‍ കാലത്ത്, വളരെ വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. മുളയോ മറ്റോ മുറിച്ചെടുത്ത് പേനയുടെ രൂപത്തില്‍ ചീകിയെടുക്കുമായിരുന്നു. ഇങ്ങനെ മുറിച്ചെടുക്കുന്നതിനെ പുണ്യമുള്ള ഒരു കാര്യമായും കണക്കാക്കിയിരുന്നു. ബാക്കിയായ മരചീളുകള്‍ വലിച്ചെറിയാനും പാടില്ല. എന്നല്ല, ഇസ്ലാമിന്റെ തുടക്ക കാലം മുതല്‍ക്കേ ഈ മരചീളുകള്‍ക്ക് പ്രത്യേക പവിത്രത നല്‍കി വരുന്നത് കാണാം. ബഹുമാനപ്പെട്ട അലി (റ) വിന്റെ കാലത്ത് ധാരാളം പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അദ്ദേഹം പറയുന്നത് കാണാം: ”ഞാനിതുവരെ ഒരു ആട്ടിന്‍ കൂട്ടത്തെയും വേര്‍പിരിച്ചിട്ടില്ല. ഇതുവരെ മരചീളുകളിലും(ഖലം നിര്‍മ്മിച്ച് ബാകി വന്ന ചീളുകള്‍) ഇരുന്നിട്ടില്ല. എന്റെ കാലിന് ഇതുവരെ പാന്റ് ധരിച്ചിരുന്നില്ല. എന്നിട്ടും എന്തെ എനിക്ക് ഇത്ര പ്രശ്‌നങ്ങള്‍ വരുന്നു.” നാം പേനയോട് കാണിക്കുന്ന ആദരവ് കേട് നമ്മുടെ വീട്ടിലും, ജീവിതത്തിലും ബാധിക്കും എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. നേരത്തെ പരാമര്‍ശിച്ച മുസ്തഖീം പറയുന്നു: ”പേന നിര്‍മാണത്തിന് ഉപയോഗിച്ച മരത്തിന്റെ ബാക്കി വന്ന ചീളുകള്‍ വലിച്ചെറിയാത്തതാണ് കാലിഗ്രഫര്‍മാര്‍ക്ക് ലഭിക്കുന്ന ബഹുമതിയുടെ രഹസ്യം. മാത്രമല്ല, ആ ചീളുകള്‍ തന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്കുള്ള വെള്ളം ചൂടാക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് വേണ്ടി മാറ്റിവെക്കുകയും ചെയ്യും. ഹദീസ് പണ്ഡിതരുടെയും, മറ്റ് ഇസ്ലാമിക പണ്ഡിതന്മാരുടെയും ജീവ ചരിത്രവും മറ്റും അടങ്ങിയ ‘വഫയാതുല്‍ അഅയാന്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇമാം ഇബ്‌നു ഖല്ലികാന്‍ ഹദീസ് പണ്ഡിതനായ ഇമാം അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഹദീസ് എഴുതാന്‍ ഉപയോഗിച്ചിരുന്ന പേനയുടെ ചീളുകള്‍ സൂക്ഷിച്ചു വെച്ച് തന്റെ മരണാനന്തരം കര്‍മ്മങ്ങള്‍ക്കുള്ള വെള്ളം തിളപ്പിക്കാന്‍ അത് ഉപയോഗിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. അഥവാ, ഈ രീതി മുന്‍കാല പണ്ഡിതന്‍മാരില്‍ നിന്ന് തുടര്‍ന്ന് വന്നതാണെന്ന് മനസ്സിലാക്കാം.

പുതുതായി ഒരു പേന നിര്‍മ്മിച്ചാല്‍ അത് ഒട്ടോമന്‍ കാലിഗ്രഫി ഗുരുക്കളുടെ ഖബറിനരികില്‍ മറവ് ചെയ്തു പിന്നീട് ഉപയോഗിക്കുന്ന ഒരു രീതിയും നമുക്ക് കാണാം. അത് മുഖേന തന്റെ എഴുത്തുകളില്‍ പ്രത്യേകമായ ബറകത്ത് ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മുസ്തഖീം പറയുന്നു: ”പേന ഒരു കടലാസില്‍ പൊതിഞ്ഞ് പ്രാര്‍ത്ഥന കര്‍മ്മങ്ങളോടെ ഖബറിനരികില്‍ രണ്ട് വിരല്‍ ആഴത്തില്‍ മറവ് ചെയ്യും, ഒരു ആഴ്ചക്ക് ശേഷം തിരിച്ച് വന്ന് പ്രാര്‍ത്ഥിച്ച ശേഷം തിരിച്ചെടുക്കും. പിന്നീട് തന്റെ എഴുത്തുകളില്‍ ആദ്യ വരി ആ പേന ഉപയോഗിച്ചും, ബാക്കി സാധാരണ പേന ഉപയോഗിച്ചുമാണ് എഴുതുക (ഉപയോഗിച്ച് നശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത് സൂക്ഷിക്കുന്നത്). അതിന്റെ ബറകത്ത് മുഴുവന്‍ വരികളിലും ഉണ്ടാവുകയും ചെയ്യും.” ഈ രൂപത്തില്‍ നിര്‍മിച്ച എഴുത്തുകള്‍ക്ക് അതിന്റെ കലാമൂല്യം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. കാലിഗ്രഫി പാരമ്പര്യത്തിന്റെ പ്രധാന ഘടകങ്ങളാണ് ഇതൊക്കെയും. എന്നാല്‍ അവര്‍ പുലര്‍ത്തിപ്പോന്ന ഇത്തരം ചര്യകളെ തുടര്‍ത്തുന്നതില്‍ കാലിഗ്രഫര്‍മാര്‍ പരാജയപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക ചരിത്രത്തിലെ കരകൗശല സംസ്‌കാരം

കേവലം ആ വരയോ, നിര്‍മ്മിതിയോ അല്ല, അതിനപ്പുറം അത് മുന്നോട്ട് വെക്കുന്ന ആശയങ്ങളും, അതിനുള്ള നടപടിക്രമവുമാണ് ഇവിടെ പ്രധാനം. ഒട്ടോമന്‍ കാലത്ത് മദ്‌റസാ പാഠ്യപദ്ധതിയുടെ ഒരു ഭാഗം ആയിരുന്നു കാലിഗ്രഫി. ഇസ്ലാമിക സമൂഹം ഈ രൂപത്തില്‍ പ്രോത്സാഹനം നല്‍കിയത് ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഒരു വസ്തു നിര്‍മ്മിക്കുക എന്നത് കൊണ്ട് മാത്രമല്ല. ക്ഷമ, ഗുരുവിനോടുള്ള ആദരവ്, അഹങ്കാരം ഇല്ലായ്മ ചെയ്യുക, സ്വയം സമര്‍പ്പണം, തുടങ്ങിയവയ്ക്കുള്ള പരിശീലനം കൂടിയാണത്. കൂടാതെ താന്‍ ഉപയോഗിക്കുന്ന കേവലം അചേതനമായ ഒരു മരത്തടിക്ക് വലിയ അര്‍ത്ഥങ്ങളും മൂല്യങ്ങളും ഉണ്ടാവുന്ന രൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക കൂടി ചെയ്യുന്നു. നിര്‍മ്മാതാവിന്റെ ഉദ്ദേശ്യം, സാമഗ്രികളുടെ ഉറവിടം, പ്രക്രിയ എന്നിവ അറിഞ്ഞുകൊണ്ട് ആ ഉത്പന്നത്തെ സമീപിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥവും, പ്രാധാന്യവും, ധാര്‍മിക മൂല്യവും ഒരാള്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. അതുവഴി ആ വസ്തുവിനോടുള്ള അവന്റെ താല്‍പര്യവും വര്‍ദ്ധിക്കും.

ഇസ്ലാമിക കരകൗശല സമ്പ്രദായത്തിലെ രീതിയും പ്രയോഗവും നിരീക്ഷിച്ചാല്‍ രണ്ട് പ്രധാന ഘടകങ്ങള്‍ കാണാന്‍ കഴിയും. ഒന്നാമത്തേത്, നൈതികതയാണ്. ഇത് ഗില്‍ഡ് പാരമ്പര്യത്തിന്റെ (guild tradition) ഭാഗമാണ്. ഗവണ്‍മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു യൂണിയന് സമാനമായ ഈ പാരമ്പര്യത്തിന് സോഷ്യോ-ഇക്കണോമിക് പ്രാധാന്യം കൂടി ഉണ്ട്. ഒരു ഗുരുവിന് തന്റെ ശിഷ്യരുടെ സ്വഭാവത്തെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുക എന്നതും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രാഥമിക ശിക്ഷണം, മുകളില്‍ സൂചിപ്പിച്ച രീതിയിലുള്ള ജ്ഞാന കൈമാറ്റങ്ങള്‍, വിശിഷ്ടമായ കര്‍മങ്ങള്‍, വിദ്യാര്‍ത്ഥിയുടെ സ്വഭാവ രൂപീകരണം തുടങ്ങിയവ ഗില്‍ഡ് പാരമ്പര്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയും. രണ്ടാമത്തേത് അംഗീകാരമാണ്. ഇത് വിജ്ഞാനത്തിന്റെ പവിത്രമായ ഒരു ഘടകം ആണ്.

കാര്‍പെന്ററി, ഹെയര്‍ ഡ്രസ്സിംഗ്, കാലിഗ്രഫി, ജോമെട്രി, ഇല്ലുമിനേഷന്‍ തുടങ്ങിയ ഗുരുവില്‍ നിന്ന് ശിഷ്യന്മാരിലേക്ക് അനന്തരമായി കൈമാറി വരുന്ന ജ്ഞാനപ്രക്രിയകളൊക്കെയും ഗില്‍ഡ് സിസ്റ്റത്തിലെ വിജ്ഞാനങ്ങളില്‍ പരിശുദ്ധമായ ഘടകങ്ങളാണ്. ഓരോ ഗില്‍ഡ് ഘടകങ്ങള്‍ക്കും പാലക പുണ്യാളന്മാര്‍ (patron saint) ഉണ്ടാകും. ഉദാഹരണം, കാര്‍പെന്ററി ചെന്ന് ചേരുന്നത് നൂഹ് നബി(അ)യിലേക്ക് അല്ലെങ്കില്‍ ഈസ(അ) ലേക്ക് ആണ്. ഓരോ ഗില്‍ഡ് അംഗവും തന്നിലേക്ക് ഈ വിജ്ഞാനം പ്രവാചകരില്‍ നിന്നും കൈമാറി ലഭിച്ചതാണെന്ന് മനസ്സിലാക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആ വിജ്ഞാനം മുന്നോട്ട് വെക്കുന്ന അര്‍ത്ഥത്തെയും അതിന്റെ പ്രാധാന്യത്തെയും ഉള്‍ക്കൊള്ളാനും, ഈ ലോകത്ത് തന്റെ ഇടം എന്താണെന്ന ബോധ്യം ഉണ്ടാകാനും കാരണമാകുന്നു. അത് താന്‍ ഉപയോഗിക്കുന്ന സാമഗ്രികളോടും, നിര്‍മ്മിക്കുന്ന വസ്തുക്കളോടും അദ്ദേഹത്തിന് ഗാഢമായ ബന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രണ്ട് പ്രധാന ഘടകങ്ങളാണ് ഇസ്ലാമിക കരകൗശലത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്നത്.

*’ഇസ്ലാമിക കാലിഗ്രഫിയുടെ ബോധനശാസ്ത്രവും രീതിയും’ എന്ന വിഷയത്തില്‍ PhD പൂര്‍ത്തിയാക്കിയ ഡോ. ബിലാല്‍ ബാദത്തുമായി, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് മുസ്ലിം കോളേജ് ലക്ചറര്‍ ആമിന നവാസ് നടത്തിയ സംഭാഷണത്തിന്റെ ലിഖിത രൂപം.

 

 

 

 

 

വിവർത്തനം: മുഹമ്മദ് സി എ