യൂറോപ്പിനെ ഒന്നടങ്കം ഭയപ്പെടുത്തിയ ഒട്ടോമൻ സുൽത്താൻ

പ്രഭാതത്തിൽ തങ്ങൾ കുടിക്കുന്ന കാപ്പിക്ക് ഒട്ടോമൻ സാമ്രാജ്യവുമായുള്ള ബന്ധത്തെ പറ്റി മിക്ക അമേരിക്കക്കാർക്കും വലിയ ധാരണയൊന്നുമില്ല. അമേരിക്കയിലെ പ്രബല ക്രിസ്തുമത വിഭാഗമായ പ്രൊട്ടസ്റ്റന്റ മതത്തിന്റെ ബീജാവാപത്തിന് പ്രസ്തുത മുസ്‌ലിം സാമ്രാജ്യം സഹായിച്ചുവെന്നോ, അല്ലെങ്കിൽ ‘അമേരിക്കയെ കണ്ടെത്തിയ’ യൂറോപ്യൻ പര്യവേക്ഷകരെ അതിന് പ്രേരിപ്പിച്ചത് ഒട്ടോമൻ‌മാരും മറ്റ് മുസ്‌ലിംകളും യൂറോപ്പും ഏഷ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത കണ്ണി ആണെന്നോ ചുരുക്കം ചിലർക്കേ അറിയൂ. വാസ്തവത്തിൽ, ഒട്ടോമൻ സാമ്രാജ്യം എന്താണെന്ന് പോലും അറിയാത്ത അമേരിക്കക്കാരുണ്ട്. അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം അമേരിക്കൻ യുദ്ധങ്ങളുടെ ഒരു അരങ്ങായും എണ്ണസമ്പത്ത് കാരണം തന്ത്രപ്രധാനമായ ഒരു പ്രദേശവുമാണ് മിഡിൽ ഈസ്റ്റ്‌. എന്നാൽ നാമും നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രധാനഘട്ടങ്ങളുമെല്ലാം മിഡിൽ ഈസ്റ്റേൺ ചരിത്രത്തിലെ സുപ്രധാന സാമ്രാജ്യമായ ഒട്ടോമൻ സാമ്രാജ്യത്തോട്, വിശേഷിച്ചും അഞ്ഞൂറ് വർഷം മുമ്പ് ജീവിച്ചിരുന്നൊരു സുൽത്താനോടാണ് കടപ്പെട്ടിരിക്കുന്നത്.

ഈ സെപ്തംബറോടെ ഒരു അപൂർവ്വവും, എന്നാൽ വിസ്മരിക്കപ്പെട്ട ചരിത്ര നായകന്റെ വിയോഗത്തിന് അഞ്ഞൂറ് വാർഷികം തികയുകയാണ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒമ്പതാമത്തെ സുൽത്താൻ സലീം ഒന്നാമന്റേതാണത്. സുൽത്താൻ സലീമിന്റെ ജീവിതവും വാഴ്ചയും നമ്മുടെ കാലത്തടക്കം മാറ്റൊലി സൃഷ്ടിച്ച ലോകചരിത്രത്തിലെ ഏറ്റവും അനന്തരഫലങ്ങൾ ഉളവാക്കിയ അരനൂറ്റാണ്ടായാണ് കണക്കാക്കപ്പെടുന്നത്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, കോക്കസ് എന്നിവിടങ്ങളിലെ യുദ്ധങ്ങളിലൂടെ അദ്ദേഹം ഒട്ടോമൻ അധീനപ്രദേശങ്ങൾ ഏകദേശം മൂന്നിരട്ടിയാക്കി. ഇറ്റാലിയൻ പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസ്, ജർമ്മൻ കത്തോലിക്കാ പുരോഹിതൻ മാർട്ടിൻ ലൂഥർ, ഇറ്റാലിയൻ നയതന്ത്രജ്ഞനും രാഷ്ട്രീയ തത്ത്വചിന്തകനുമായ നിക്കോളോ മാക്യവെല്ലി തുടങ്ങിയ അദ്ദേഹത്തിന്റെ സമകാലികരെക്കാൾ സലീമിന്റെ വിജയങ്ങൾ അക്ഷരാർത്ഥത്തിൽ ലോകത്തെ തന്നെ മാറ്റിമറിച്ചു.

1517-ൽ സലീമും സൈന്യവും ഇസ്താംബൂളിൽ നിന്ന് കെയ്‌റോയിലേക്ക് സൈനിക നീക്കം നടത്തികൊണ്ട് മുസ്‌ലിം ലോകത്തെ തന്റെ മുഖ്യ എതിരാളിയായ മംലൂക്ക് സാമ്രാജ്യത്തെ പരാജയപ്പെടുത്തി. മറ്റേതൊരു പരമാധികാരിയേക്കാളും കൂടുതൽ പ്രദേശം സലീം അടക്കി വാണിരുന്നു. ആഗോള ആധിപത്യത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ കയ്യിലേക്ക് വന്നു ചേർന്നു. ലോകത്തിന്റെ മധ്യഭാഗം അദ്ദേഹം നിയന്ത്രിച്ചു തുടങ്ങി. മെഡിറ്ററേനിയൻ, ഇന്ത്യ, ചൈന എന്നിവയ്ക്കിടയിലുള്ള വ്യാപാര മാർഗങ്ങളിൽ അദ്ദേഹത്തിന്റെ കണ്ണുപതിഞ്ഞു. പഴയ ലോകത്തിലെ എല്ലാ പ്രധാന സമുദ്രങ്ങളും കടലുകളിലെ തുറമുഖങ്ങളും തന്റെ വരുതിയിലാക്കി. മുസ്‌ലിം ലോകത്ത് അദ്ദേഹത്തിന്റെ മതപരമായ അധികാരം അപ്പോൾ സമാനതകളില്ലാത്തതായിരുന്നു. പണം, ഭൂമി, മനുഷ്യാദ്ധ്വാനം എന്നിവയുടെ ധാരാളം വഴികൾ അദ്ദേഹത്തിന്റെ അധികാരത്തിന് കീഴിലുണ്ടായിരുന്നു. വലിയ ആധിപത്യങ്ങളിലൂടെ “ഭൂമിയിലെ ദൈവത്തിന്റെ നിഴൽ” (ഖലീഫ) എന്ന പദവിക്ക് അദ്ദേഹം യോഗ്യനായി.

മംലൂക്കുകളുടെ പരാജയത്തോടെ ആഗോളധികാരത്തിന്റെ തുലാസ് പൂർണ്ണമായും അക്കാലഘട്ടത്തിലെ രണ്ട് പ്രധാന ഭൗമാധികാര ശക്തികൾക്കിടയിലായിത്തീർന്നു. അഥവാ ഇസ്‌ലാമും ക്രിസ്തുമതവും. ഈ കാലഘട്ടത്തിൽ, മതം കേവലം വ്യക്തിപരമായ വിശ്വാസത്തിന്റെ വിഷയമായിരുന്നില്ല, മറിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രീയത്തിന്റെ സംഘടിത യുക്തി കൂടിയായിരുന്നു. 1517-ൽ ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും സലീം അധീനതയിലാക്കുകയും തന്റെ ക്രിസ്ത്യൻ ഭൂരിപക്ഷ ജനസംഖ്യയുള്ള സാമ്രാജ്യത്തെ മുസ്‌ലിംഭൂരിപക്ഷ സാമ്രാജ്യമാക്കി മാറ്റുകയും, തന്റെ സാമ്രാജ്യത്തിന്റെ മുഖ്യരാഷ്ട്രീയനേതാവും സുൽത്താനുമായ അദ്ദേഹം മുസ്‌ലിം സമൂഹത്തിന്റെ ആഗോളതലവനും ഖലീഫയുമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

1500 ലും 1600 കളിലും ഇറാനിലെ ഒട്ടോമൻമാരും ശിയാ സഫവി ഭരണാധികാരികളും യുദ്ധത്തിലേർപ്പെട്ടു. ഇസ്‌ലാമിലെ സുന്നി-ശിയ മത-രാഷ്ട്രീയ വിഭജനത്തിന്റെ ആദ്യകാല ആവർത്തനങ്ങൾ ഇന്നും മുസ്‌ലിം ലോകത്തെ ചുറ്റിത്തിരിയുന്നുണ്ട്. സലീമിന്റെ ഭരണകാലത്താണ് ആദ്യമായി ഒരു രാഷ്ട്രം സുന്നി രാജ്യമായും മറ്റൊന്ന് ശിയാ രാജ്യമായും സ്വയം അറിയപ്പെടുന്നതും മിഡിൽ ഈസ്റ്റിൽ ആധിപത്യത്തിനായി പോരാട്ടങ്ങൾ നടക്കുന്നതും. ഒട്ടോമൻ‌മാരുടെ ദ്രുതഗതിയിലുള്ള വികാസത്താൽ ഇസ്‌ലാം വിവിധ ദിക്കുകളിലെത്തി. സലീമിന്റെ പ്രാദേശിക ആധിപത്യം ക്രിസ്ത്യൻ യൂറോപ്പിനും തുടർന്ന് ചെറിയ നാട്ടുരാജ്യങ്ങൾക്കും പാരമ്പര്യ നഗര-രാഷ്ട്രങ്ങൾക്കും ഒരു ആത്മീയ വെല്ലുവിളി ഉയർത്തി. ഐച്ഛികമായോ അല്ലെങ്കിൽ ഒരുമിച്ചു പോലും അവർ ബൃഹത്തായ മുസ്‌ലിം സാമ്രാജ്യവുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു. ഈ അധികാര അസന്തുലിതാവസ്ഥ വിശദീകരിക്കാൻ ശ്രമിച്ച പല യൂറോപ്യന്മാരും ഉത്തരങ്ങൾ കണ്ടെത്തിയത് കേവലം രാഷ്ട്രീയത്തിൽ മാത്രമല്ല , അവരുടെ ധാർമ്മിക പരാജയങ്ങളിലുമായിരുന്നു. മതവും രാഷ്ട്രീയവും ഒത്തുചേർന്ന ഒരു ലോകത്ത്, ഭാഗ്യത്തിന്റെ വിപരീതഫലങ്ങൾ ദൈവത്തിൽ നിന്നുള്ള ന്യായവിധികളെയായിരുന്നു പ്രതിനിധീകരിച്ചത്.

മാർട്ടിൻ ലൂഥറിന്റേത് ഈ വിമർശനങ്ങളിൽ ഏറ്റവും സമഗ്രവും ദൂരവ്യാപകവുമായ ഫലമുണ്ടാക്കി. ഇസ്‌ലാമിനെതിരായ ക്രിസ്തുമതത്തിന്റെ ബലഹീനത കത്തോലിക്കാസഭയുടെ ധാർമ്മിക അധ:പതനത്തിൽ നിന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാർപ്പാപ്പയുടെ അഴിമതി ക്രൈസ്തവതയുടെ ആത്മാവിനെ ആന്തരികമായി ദുർബലപ്പെടുത്തി. ഇത് ക്രൈസ്തവലോകത്തെ മുഴുവൻ എളുപ്പത്തിൽ നശിപ്പിക്കുന്നതും ബാഹ്യ ശത്രുക്കൾക്ക് ഇരയാകുന്നതുമാക്കിത്തീർത്തു. ഒരു പ്രത്യയശാസ്ത്ര എതിർ ചേരി എന്നതിനൊടൊപ്പം സലീമിന്റെ ഒട്ടോമൻ‌മാർ അവർക്കിടയിൽ അഭിപ്രായഭിന്നത വിതക്കാൻ ലൂഥറിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. ഒട്ടോമൻ‌മാർക്കെതിരെ പ്രതിരോധത്തിനായി സൈനികരെ അണിനിരത്താൻ ഒരുങ്ങുകയായിരുന്നു പൊട്ടസ്റ്റന്റുകൾ. എന്നാൽ അവർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ സൈനിക നീക്കത്തിനായി കൂടുതൽ സൈനികരെ അയയ്ക്കുന്നതിൽ നിന്ന് കത്തോലിക്കാ ശക്തികൾ പിന്തിരിയുകയായിരുന്നു. തദ്ഫലമായി, ജർമ്മൻ പട്ടണങ്ങളിലും പിന്നീട് ലോകമെമ്പാടും പ്രൊട്ടസ്റ്റന്റ് വിശ്വാസം വ്യാപിപ്പിക്കുന്നതിലൂടെ ലൂഥറിനും അനുയായികൾക്കും വേരുറപ്പിക്കാൻ സാധിച്ചു.

സാമ്പത്തികമായി ഓട്ടോമൻ സാമ്രാജ്യം അക്കാലത്ത് വൻ ശക്തികേന്ദ്രം തന്നെയായിരുന്നു. മാത്രമല്ല, അത്തരം വിശാലമായ ഭൂമിശാസ്ത്രപരമായ പ്രദേശം നിയന്ത്രിക്കുന്നതിൽ നേതൃസാമർഥ്യം സലീം പ്രകടമാക്കുകയും ചെയ്തിരുന്നു. സലീമിന്റെ കാലം മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെ സാമ്രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കടിഞ്ഞാണായിരുന്നു ആഗോള കോഫി വ്യാപാരത്തിന്റെ നിയന്ത്രണം. വാസ്തവത്തിൽ യെമനിലേക്കുള്ള കടന്നുകയറ്റത്തിനിടയിൽ ചുവന്ന സരസഫലങ്ങളുള്ള ചെടിയെ ആദ്യമായി കണ്ടെത്തിയത് സലീമിന്റെ സൈന്യമാണ്. ഈ കുരുവില്ലാത്ത പഴത്തെ എങ്ങനെ ഉണ്ടാക്കാമെന്ന് ഓട്ടോമൻ‌മാർ മനസ്സിലാക്കി. അതോടൊപ്പം കാപ്പി കുടിക്കാൻ മാത്രമായി പ്രത്യേകം കോഫി പുരകൾ നിർമ്മിച്ചു: സ്റ്റാർബക്സ് ഉടമ ഹോവാർഡ് ഷുൾട്സിനും കോഫിഹൗസ് എന്ന സങ്കൽപത്തിന് സലീമിനോട് നന്ദി പറയേണ്ടതുണ്ട്. ലോകത്തിലെ യഥാർത്ഥ ബഹുജന ഉപഭോഗവസ്തുക്കളിൽ ഒന്നിന്റെ വിതരണം കുത്തകയാക്കിയ വാണിജ്യത്തെ ഭൗമരാഷ്ട്രീയമാക്കി മാറ്റിയ ഒരു ഒട്ടോമൻ സുൽത്താനെയാണ് ഞങ്ങളിൽ കുറച്ചുപേർ അഭിനന്ദിക്കുന്നത്.

സലീം വൻശക്തിയായി മാറി. അദ്ദേഹത്തിന്റെ സ്വാധീനം യൂറോപ്പിനും മിഡിൽ ഈസ്റ്റിനും അപ്പുറം, അറ്റ്ലാന്റിക് കടന്ന് വടക്കേ അമേരിക്ക വരെ എത്തി. 1517-ൽ കെയ്‌റോയെ കീഴടക്കാൻ സലീം തന്റെ ഒട്ടോമൻ സൈന്യത്തെ അണിനിരത്തിയതിന് ആഴ്ചകൾക്കുള്ളിൽ, ആദ്യത്തെ യൂറോപ്യന്മാർ മെക്സിക്കോയിൽ വന്നിറങ്ങി. അടിച്ചുപൊങ്ങിയ തിരകൾ അവരെ യുകാതൻ(Yucatán) ഉപദ്വീപിലേക്ക് തള്ളിവിട്ടപ്പോൾ ക്യൂബയിൽ നിന്ന് കപ്പൽ കയറിയ മൂന്ന് സ്പാനിഷ് കപ്പലുകൾ ഇതുവരെ കണ്ടതിനെക്കാളും വിസ്തൃതിയുള്ള ഒരു വലിയ മായൻ നഗരം അകലെയായി കണ്ടു. ഈ നഗരം ഇന്നത്തെ കാൻ‌കോണി(Cancún)നടുത്തുള്ള കേപ് കാറ്റോച്ച്(Cape Catoche)ആണ്. 1517-ൽ ഈ സ്പെയിൻകാർ അതിന് ഗ്രേറ്റ് കൈറോയിലെ എൽ ഗ്രാൻ കെയ്‌റോ എന്ന സ്ഥലത്തിന്റെ പേര് നൽകി.

രണ്ട് കെയ്‌റോകളെ – ഒന്ന് മായനും മറ്റൊന്ന് മംലൂക്കും, കീഴടക്കിയ ആ വർഷം സലിം യൂറോപ്യൻ ഭാവനകളെ എത്രമാത്രം ആഴത്തിൽ വേട്ടയാടി എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ലോകത്തിന്റെ മറുവശത്ത് പോലും സ്പാനിഷുകാർക്ക് ആഡംബരത്തിന്റെ മഹത്തായ ഒരു മഹാനഗരത്തിന്റെ ചിത്രം പകർന്നുനൽകിയ, നിഗൂഢതകളെയും അക്രമവാസനയെയും ജാഗ്രതപ്പെടുത്തിയ ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ നഗരം ഒരു മാനദണ്ഡമാണ് തെളിയിച്ചത്. നൂറ്റാണ്ടുകളോളം വടക്കേ ആഫ്രിക്കയിലെയും ഐബീരിയൻ ഉപദ്വീപിലെയും സ്പാനിഷ് വാസസ്ഥലങ്ങളെ ആക്രമിക്കാൻ കെയ്‌റോയിൽ നിന്ന് കപ്പലുകൾ അയച്ചിരുന്നു. അത് ക്രിസ്ത്യാനികളെ പിടികൂടി ജയിലിലടയ്ക്കുകയും യൂറോപ്യൻ തലസ്ഥാനങ്ങളിലേക്ക് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. കെയ്‌റോ വിശുദ്ധ ജറുസലേം നിയന്ത്രിക്കുകയും യൂറോപ്യന്മാരെ ഇന്ത്യയുമായും ചൈനയുമായും വ്യാപാരം നടത്തുന്നത് തടയുകയും ചെയ്തു. ഈ ശക്തിയെല്ലാം അപ്പോൾ സലീമിന്റെ കൈയിലായിരുന്നു. വിശാലമായ ഒരു മായൻ നഗരം പിടിച്ചടക്കിയത് സ്പാനിഷുകാർക്ക് ഒരു വലിയ വിജയമായിരുന്നിട്ടും, സലീമിന്റെ മുസ്‌ലിം സ്വാധീനത്തിന്റെ ശക്തിയുമായി തുല്യമാവാൻ കഴിഞ്ഞില്ല. കരീബിയൻ പ്രദേശങ്ങളിൽ പോലും ക്രിസ്ത്യാനികൾ ഇപ്പോഴും ഒട്ടോമൻ പ്രേതങ്ങളെ ഭയക്കുന്നുണ്ട്.

സലീമിന്റെ കാലം മുതൽ ആറു നൂറ്റാണ്ടിലേറെയുള്ള ഭരണത്തിനുശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ മരിക്കുന്നതുവരെ ഒട്ടോമൻ‌മാർ ലോക വേദിയിൽ പ്രധാന കളിക്കാരായി തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്യൻ ശക്തികൾ സാമ്രാജ്യത്തെ മറികടക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ ലോകം എങ്ങനെയുണ്ടായി എന്നതിന്റെ ചരിത്രത്തിൽ നിന്നും അവർ ഒട്ടോമൻ‌മാരെ എഴുതിതള്ളി. സ്വന്തം ഉയർച്ചയെ എങ്ങനെയെങ്കിലും അനിവാര്യമാണെന്ന് ചിത്രീകരിക്കാൻ യൂറോപ്പുകാർ വർത്തമാനകാലത്തെ ഒട്ടോമൻ ബലഹീനതയെ മുൻകാലങ്ങളിലേക്ക് കൽപ്പിച്ചു വെച്ചു .

ഈ കാഴ്ചപ്പാടിനെ മറികടക്കുന്നത് ‘പുതിയ ലോകത്തിലും’ ലോകവ്യാപകമായ സാമ്രാജ്യത്തിന്റെ പ്രതിഫലനങ്ങൾ കാണുന്നതിനും ഒട്ടോമൻ സ്വാധീനത്തിന്റെ സർവ്വവ്യാപിത്വം മനസ്സിലാക്കാനും ഞങ്ങളെ സഹായിക്കുന്നു. നൂറ്റാണ്ടുകളായി യൂറോപ്യന്മാർ മനസ്സിലാക്കിയത് തിരിച്ചറിയാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.സലീമിന് നന്ദി, ഒട്ടോമൻ‌മാർ കൂടുതൽ ശക്തി പ്രയോഗിക്കുകയും അനവധി പ്രദേശങ്ങൾ നിയന്ത്രിക്കുകയും അസംഖ്യം ജനങ്ങെള ഭരിക്കുകയും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കാളും ദീർഘ കാലം നിലനിൽക്കുകയും ചെയ്തു. ഈ ചരിത്രാവബോധം, നാം പങ്കിട്ട ഭൂതകാലത്തിൽ സാധാരണയായി അവഗണിക്കപ്പെട്ടതോ നിരസിക്കപ്പെട്ടതോ ആയ മുസ്‌ലിംകളുടെ സ്ഥാനം സമഗ്രമായി കാണാൻ സഹായിക്കുന്നുണ്ട്. ഇസ്‌ലാമിനെ ഇന്ന് അമേരിക്കയിൽ ഭയം സൃഷ്ടിക്കുന്ന അപരനായി ചിത്രീകരിക്കുമ്പോൾ, ‘പടിഞ്ഞാറ്’ എന്ന് നാം വേഗത്തിൽ അംഗീകരിക്കുന്നതിന് തികച്ചും വിരുദ്ധമായി, ഇക്കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണ് എന്നതാണ് വാസ്തവം. അമേരിക്ക, പ്രൊട്ടസ്റ്റന്റ് മതം, കോഫി എന്നിവയ്‌ക്കെല്ലാം മുസ്‌ലിം ചരിത്രമുണ്ട്. നമ്മുടെ രാഷ്ട്രവും ലോകവും ഒട്ടോമൻ സാമ്രാജ്യവുമായി പല നിലക്കും ബന്ധപ്പെട്ടു കിടക്കുന്നു.

വിവർത്തനം: സിറാജ് റഹ്മാൻ

കടപ്പാട് : Washington Post