ഓട്ടോമൻ പ്രതാപവും ആധുനിക വൈജ്ഞാനിക വെല്ലുവിളികളും

ഭാഗം മൂന്ന്

ഹംസ: സാമൂഹിക ശൃംഖലകളും അവയുടെ പ്രാധാന്യവും എന്താണ് ? Narrative Social Structure എന്ന കൃതിയിൽ താങ്കൾ എന്താണ് വാദിക്കാൻ ശ്രമിക്കുന്നത്?

ഡോ. ഷെൻതുർക്ക്: ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ സംവേദനം ചെയ്യപ്പെട്ട കാലഘട്ടങ്ങളിൽ മുഴുവനും ഗുരുശിഷ്യ ശൃംഖലകൾ തുടർക്കണ്ണികൾ ആയിരുന്നുവെന്നാണ് പ്രസ്തുത കൃതിയിൽ പറയുന്നത്. അതിന് ഇടർച്ച വന്നിട്ടില്ല. സ്റ്റാറ്റിസ്റ്റിക്കൽ, സോഷ്യൽ നെറ്റ്‌വർക്ക് വിശകലനങ്ങളിലൂടെ വിശ്വസനീയമെന്ന് തെളിഞ്ഞ ശൃംഖല ആണത്. ഓരോ തലമുറയിലും ആവർത്തിക്കുന്ന ബന്ധങ്ങളുടെ വിതരണത്തിൽ കൃത്യമായ പാറ്റേണുകൾ ഉണ്ട്. അതിലുൾപ്പെട്ട വ്യക്തികൾക്ക് ഈ പാറ്റേണുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. ഈ വർക്കിലൂടെയാണ് അവ ആദ്യമായി കണ്ടെത്തപ്പെടുന്നത്. അടിസ്ഥാനപരമായി, മുൻകാലത്തും പിന്നീടും വന്ന തലമുറകളിൽ തിരമാലകൾ കണക്കെ വിതരണം ചെയ്യപ്പെട്ട ബന്ധങ്ങളെ കാണിക്കുന്ന ഒരു തരംഗ ഗ്രാഫ് ഉണ്ട്. ഒരേ തലമുറയിലെ ഘട്ടം ഘട്ടമായ കണക്ഷനുകളിലേക്ക് വരുമ്പോൾ ബന്ധം കുറഞ്ഞു വരുന്നു. ശേഷമുള്ള തലമുറയിലേക്ക് വരുമ്പോൾ കൂടുകയും ചെയ്യുന്നു. വന്നും പോയുമിരിക്കുന്ന തിരമാലകൾ പോലെയാണത്. 1376 ഹാഫിളുകൾ, പ്രമുഖ ഹദീസ് പണ്ഡിതർ, 14000 ത്തോളം സനദുകൾ ഉൾക്കൊള്ളുന്ന കർമ്മ ശാസ്ത്ര വിശാരദൻമാർ എന്നിവരുടെയൊക്കെ ശൃംഖലകൾ ഞാൻ വിശകലനം ചെയ്തിട്ടുണ്ട്. ഇമാം ദഹബി, സുയൂത്വി എന്നിവരുടെ ‘ത്വബഖാത്തുൽ ഹുഫ്ഫാള്’ എന്ന കൃതിയാണ് പ്രധാനമായും അവലംബിച്ചത്. മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഗഹനമായ സാമൂഹ്യ ശൃംഖലയാണിത്. മറ്റു നാഗരികതകളിലൊന്നും ഇങ്ങനെയൊന്ന് കാണാനാവില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ ‘ഇസ്നാദിൻ്റെ നാഗരികത’ എന്നു ഞാൻ പറയുന്നു. ഖുർആനിൻ്റെയും ഹദീസിൻ്റെയും കൈമാറ്റ വിശ്വാസ്യതക്കു വേണ്ടി രൂപീകരിച്ചതാണ് ഇസ്നാദ് സിസ്റ്റം. ഖുർആനിൽ (15:9) തന്നെ ഇക്കാര്യം ഉണർത്തുന്നുണ്ട്. ഖിറാഅത്, ലഫ്ളുകൾ എന്നിവയുടെ സംരക്ഷണം മാത്രമല്ല ഖുർആനിൻ്റെ സംരക്ഷണം കൊണ്ടുള്ള ഉദ്ദേശ്യം, മറിച്ച് ഹദീസുകളെയാണ്. അവയാണ് ഖുർആനിൻ്റെ വ്യാഖ്യാനങ്ങൾ. അവ കൂടാതെ ഖുർആൻ യഥാതഥാ മനസ്സിലാക്കാൻ കഴിയില്ല. ആയത്തുകൾ ഉള്ളതു കൊണ്ട് അർത്ഥം ഉൾക്കൊള്ളാൻ കഴിയില്ല. അതാണ് സംരക്ഷണം. ഖുർആനിനെ വികലമായി മനസ്സിലാക്കുന്നതിൽ നിന്നുള്ള സംരക്ഷണം. ആ ദൗത്യം ഇസ്നാദ് കൃത്യമായി നിർവ്വഹിക്കുന്നു.

ഹംസ: Istanbul Foundation for Research and Education (ISAR) എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർ ആണു താങ്കൾ. അവിടെ, പരമ്പരാഗത ഓട്ടോമൻ മദ്രസ്സകളുടെ കരിക്കുലത്തെ കുറിച്ച് പഠിക്കാൻ തുർക്കിഷ് സർവ്വകലാശാല വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. അതിനിത്രത്തോളം പ്രാധാന്യമെന്താണ് ? നിങ്ങളുടെ അനുഭവങ്ങൾ പറയാമോ ?

ഡോ. ഷെൻതുർക്ക്: ആദ്യം തന്നെ പറയട്ടെ ഞങ്ങൾ ഇൽമ് ആണ് നൽകുന്നത്, സ്കോളർഷിപ്പ് അല്ല. തുടക്കത്തിൽ ഉണ്ടായിരുന്നു. അതിപ്പോൾ നിർത്തി. ഞങ്ങളവരിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നില്ല. വളരെ മോശം സാമ്പത്തിക ചുറ്റുപാടിൽ നിന്ന് വരുന്നവർക്ക് ആവശ്യത്തിനനുസരിച്ച് പണം നൽകുന്നു. അത് സ്ഥാപനവുമായുള്ള അവരുടെ ആത്മാർത്ഥത നിലനിർത്താൻ വേണ്ടിയാണ്. രണ്ട് തരത്തിലുള്ള പണ്ഡിതരെ വാർത്തെടുക്കുക എന്നതാണ് ISAR ൻ്റെ ലക്ഷ്യം. മുസ്‌ലിം പണ്ഡിതരും(Muslim Scholars), ഇസ്‌ലാമിക പണ്ഡിതരും(Scholars of Islam). ഇസ്‌ലാമിക ജ്ഞാനങ്ങളെ തങ്ങളുടെ പഠന ശാഖകളിൽ പ്രയോഗിക്കുന്നവരാണ് Muslim Scholars എന്നതിൻ്റെ ഉദ്ദേശ്യം. ഇസ്‌ലാമിക വിജ്ഞാനങ്ങൾ അക്കാദമികവൽക്കരിക്കപ്പെടുന്ന ഇന്ന് അതിന് ഒത്തിരി വിപരീത ഫലങ്ങൾ ഉണ്ടായിരിക്കെ ഇത്തരമൊരു സംരംഭം വളരെ അത്യാവശ്യമാണ്. അത് പണ്ഡിതരെ നിർമ്മിക്കുന്നില്ല. ഒന്നാമതായി അതിൽ ഇസ്നാദ് ഇല്ല. തഖ്‌വയിലും അഖ്ലാഖിലും അമലുകളിലും കാര്യമായ പരിചരണം നൽകാതെ ഒരു വലിയ വിഭാഗം വിദ്യാർത്ഥികളെ സൃഷ്ടിക്കുകയാണ് അത്. ആർക്കും വന്ന് പഠിച്ച് റാങ്കും ഗ്രേഡും വാങ്ങാം. പക്ഷേ, ക്വാളിറ്റി ഉറപ്പിക്കേണ്ടെന്നു മാത്രം. അതുകൊണ്ടു തന്നെ, അവരുടെ വിദ്യാ സമ്പന്നതയിലും, സമൂഹത്തോടുള്ള കാഴ്ചപ്പാടുകളിലും ജനങ്ങൾക്ക് അത്ര മതിപ്പ് പോര.

യൂണിവേഴ്സിറ്റി അക്കാദമിക്കുകളെ നിർമ്മിക്കുമെങ്കിലും നമുക്ക് ഉലമയെ ആണു വേണ്ടത്. അവ പരസ്പരം വിഭിന്നമാണ്. ഈ സ്ഥാപനത്തിൻ്റെ ഉദ്ദേശ്യം ഉലമയെ വളർത്തിക്കൊണ്ടു വരികയെന്നാണ്. മോഡേൺ- ക്ലാസ്സിക്കൽ അറബി, പേർഷ്യൻ ഭാഷകളുടെ പ്രാധാന്യം, പരമ്പരാഗത മദ്രസ സമ്പ്രദായത്തെ കുറിച്ചുള്ള പഠനം തുടങ്ങിയവയിലൊക്കെ ഊന്നൽ നൽകി ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൻ്റെ ബാലപാഠങ്ങൾ സുദൃഢമാക്കാൻ സാധിക്കും. ഇസ്‌ലാമിക വിജ്ഞാനങ്ങളുമായി ഉടലെടുക്കുന്ന സംവാദങ്ങളെ മുൻനിർത്തി, സാമൂഹ്യശാസ്ത്രത്തെ വിമർശനാത്മകമായി പഠിക്കാനും അവസരമുണ്ട്.

ഹംസ: അബുസ്സുഊദ് അഫെന്ദി(Ebussuud Effendi) ഇന്നുണ്ടായിരിക്കുകയും ഇസ്‌ലാമിക് സയൻസുകൾക്കു വേണ്ടിയുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മാതൃകാരൂപം അദ്ദേഹത്തിൽ നിന്നും ആവശ്യപ്പെടുകയുമാണെങ്കിൽ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്നാണ് താങ്കൾ താങ്കൾ കരുതുന്നത് ?

ഡോ. ഷെൻതുർക്ക്: തീർച്ചയായും അദ്ദേഹം ISAR പോലെയൊന്ന് നിർദ്ദേശിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അറബിയിലും ഇംഗ്ലീഷിലും കൂടുതൽ ഊന്നൽ നൽകുന്ന സ്കോളർഷിപ്പുകൾ രൂപീകരിക്കുമായിരിക്കും. അതാണല്ലോ ആധുനിക ലോകത്തിൻ്റെ പൊതുഭാഷകൾ. ഇസ്‌ലാമിക സാഹിത്യത്തിൻ്റെ മറ്റൊരു പ്രധാന ഭാഷ പേർഷ്യൻ ആണ്. ഫിഖ്ഹിനെയും സമൂഹത്തിൽ എങ്ങനെ പ്രയോഗിക്കാമെന്നതിനെ കുറിച്ചും കൂടുതൽ പഠിക്കാൻ അത് താൽപ്പര്യപ്പെടും. പഠിച്ചത് പ്രാവർത്തികമാക്കുന്നതിനെ കൂടുതൽ ശ്രദ്ധ നൽകുമെന്ന് കരുതുന്നു. ഇതൊക്കെ ഊഹങ്ങൾ മാത്രമാണ്. അദ്ദേഹം എന്തിന് പ്രാമുഖ്യം നൽകുമെന്ന് തീർച്ചയായും നമുക്ക് ഉറപ്പിക്കാൻ കഴിയില്ലല്ലോ. മറ്റൊന്ന് മദ്രസ സിസ്റ്റം പോലെ വൺ-ടു-വൺ ശ്രമമായി വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുക എന്നായിരിക്കും. കാരണം ഇഷ്‌ടാനുസൃതവും വേർതിരിച്ചതുമായ സിസ്റ്റമാണ് നമുക്ക് നല്ലത്. ഇജാസ സമ്പ്രദായത്തെ പ്രതിരോധിക്കുകയും ഇസ്നാദ് സിസ്റ്റത്തെ പുനർനിർമ്മിക്കുകയും ചെയ്യും. ഇതൊക്കെയായിരിക്കും അദ്ദേഹം ചെയ്യുകയെന്നാണ് ഞാൻ ധരിക്കുന്നത്.

ഹംസ: പരമ്പരാഗത മദ്രസ സയൻസ് ഓഫ് ഡയലക്റ്റിക്സിനെ (Ilm al-bahth wa al-munazara) പുനരുജ്ജീവിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾ സംസാരിച്ചു. അതെന്തുകൊണ്ടിത്ര പ്രാധാന്യമർഹിക്കുന്നു ?

ഡോ. ഷെൻതുർക്ക്: ബഹ്സ്, മുനാളറ (സംസാരം,സംവാദം) അല്ലെങ്കിൽ തർക്കശാസ്ത്രം ഇന്ന് കൂടുതൽ ശ്രദ്ധയുള്ള മേഖലയാണ്. എങ്ങനെ വാദിക്കണമെന്നും, പ്രതിരോധിക്കണമെന്നും, മറ്റുള്ളവരുടെ ആശയങ്ങളോട് എങ്ങനെ വിയോജിക്കാമെന്നും അവയെ ഏതൊക്കെ തരത്തിൽ വിശകലനം ചെയ്യാമെന്നും പഠിച്ചിരിക്കേണ്ടത് ഓട്ടോമൻ കാലത്ത് നിർബന്ധമായിരുന്നു. മറ്റുള്ളവരുമായി സംവാദത്തിൽ ഏർപ്പെടുന്ന സമയത്ത് അദബ് പാലിച്ചില്ലെങ്കിൽ അത് കലഹത്തിലേക്ക് നയിക്കും. അവ വെറും പണ്ഡിത തർക്കങ്ങൾ അല്ലാതായി മാറും. നേരെ മറിച്ച്, എതിരാളിയോടുള്ള മര്യാദകൾ മാനിച്ച് സംവാദത്തിൽ ഏർപ്പെടുമ്പോൾ കാര്യമായ ഫലങ്ങൾ നിർമ്മിക്കപ്പെടുകയും പണ്ഡിത വിയോജിപ്പുകൾ മാത്രമായി നിലനിൽക്കുകയും ചെയ്യും.

ഈയൊരു ശാഖ എല്ലാ വിഭാഗം സ്കൂളുകളും പിന്തുടരണമെന്നന്നാണ് എൻ്റെ അഭിപ്രായം. നിത്യ ജീവിതത്തിൽ എത്രയോ തവണ വാദിക്കുകയും,എതിർക്കുകയും ചെയ്യേണ്ടതിനാൽ അതിൻ്റെ അദബുകൾ പാലിക്കാതിരുന്നാൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകും. ഉദാഹരണത്തിന്, ഒരാളുടെ വാദത്തിന് എതിർവാദമുന്നയിക്കുമ്പോൾ അതെന്തുകൊണ്ടാണെന്ന് അദ്ദേഹത്തിനോട് പറയണമെന്നാണ് തർക്കശാസ്ത്രതിൻ്റെ അടിസ്ഥാന തത്വം. കേംബ്രിഡ്ജ് ആണ് മികച്ച യൂണിവേഴ്സിറ്റി എന്ന് നിങ്ങൾ പറയുകയും, അല്ല ഓക്സ്ഫോർഡ് ആണെന്ന് ഞാൻ മറിച്ചു പറയുകയുമാണെങ്കിൽ അതെന്തുകൊണ്ടാണെന്ന് ഞാൻ വിശദീകരിക്കൽ എൻ്റെ കടമയാണ്. മറിച്ച് കാരണങ്ങളൊന്നും നിരത്താതെ ഞാനെൻ്റെ വാദത്തിന്മേൽ ഉറച്ചു നിൽക്കുന്നതിനെ ‘ഗസ്ബ്’ (അപഹരണം) എന്ന് വിളിക്കുന്നു. സ്വയം വിശദീകരിക്കാനും മറുവാദത്തിലൂടെ നിങ്ങളുടെ വാദത്തെ സംരക്ഷിക്കുകയും ചെയ്യാനുള്ള അവകാശത്തെ അപഹരിച്ചതു മൂലമാണത്. ഞാൻ നിങ്ങളെ നിശ്ശബ്ദനാക്കി എന്നർത്ഥം. ഈയൊരു തത്വം മാത്രം ജീവിതത്തിൽ നിത്യമാക്കിയാൽ ഒരുപാട് കലഹങ്ങൾ ഇല്ലാതാകും. നിങ്ങളുടെ ഭാര്യയാണെങ്കിലും മക്കളാണെങ്കിലും മാതാപിതാക്കളാണെങ്കിലും തൊഴിലാളിയാണെങ്കിൽ കൂടിയും അവർക്കവസരം നൽകാതെ കടന്നാക്രമിക്കരുത്. അവരുടെ വിശദീകരണങ്ങൾ കഴിഞ്ഞ് നിങ്ങളും എതിർക്കുക.

ഗസ്സാലി ഇമാം പറയുന്നുണ്ട്: ഒരാൾ നിങ്ങളോട് ചോദ്യം ചോദിക്കുകയാണെങ്കിൽ ആദ്യം അതെത്രത്തോളം ആത്മാർഥതയുള്ളതാണെന്ന് നിരീക്ഷിക്കുക. ആത്മാർത്ഥമല്ലെങ്കിൽ അയാളെ ഒഴിവാക്കാൻ വേണ്ടി ‘ilzami’ (മതിപ്പുളവാക്കുന്ന) ഉത്തരം നൽകി അദ്ദേഹത്തെ മടക്കുക. അയാളത് വെറുതെ ചോദിക്കുകയാണ്. യാഥാർത്ഥ്യമറിയണമെന്ന് അയാൾക്ക് നിർബന്ധമില്ല. മറിച്ചാണെങ്കിൽ, ശരിയായ ഉത്തരം ഉൾക്കൊള്ളാൻ മാത്രം ബുദ്ധി അദ്ദേഹത്തിന് ഉണ്ടോയെന്ന് നോക്കുക. കല്ലിമുന്നാസ അലാ ഖദ് രി ഉഖൂലിഹിം ( ആളുകളോട് അവരുടെ യുക്തിക്കനുസരിച്ച് സംസാരിക്കുക). എന്നിട്ട് അവന് അർത്ഥം നൽകുന്ന ഉത്തരം കൊടുക്കുക. ഇതൊക്കെയാണ് അദബുൽ ബഹ്‌സ് വൽ മുനാളറ.

ഹംസ: കലാം എന്തുകൊണ്ടാണ് കാലികപ്രസക്തമാകുന്നത് ?

ഡോ. ഷെൻതുർക്ക്: മാനവ രാശിയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ നിരീശ്വരവാദം ശക്തിയാർജ്ജിച്ച കാലഘട്ടമാണിത്. അതിലുപരി, വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ മൊത്തം വീക്ഷണകോൺ ഭൗതികവാദമായിട്ടുണ്ട്. അത് മതത്തിനെതിരാണ്. മിക്ക യൂണിവേഴ്സിറ്റികളും ആ കാഴ്ചപ്പാടാണ് വെച്ചുപുലർത്തുന്നത്. ദൈവത്തിനോ, ദൈവശാസ്ത്രത്തിനോ ഇടമില്ല. മുസ്‌ലിംകൾ പോലും പോസ്റ്റ് മോഡേണിസത്തെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. താമസിയാതെ, അതും അപകടകരം തന്നെയാണെന്ന് അവർ മനസ്സിലാക്കും. ആപേക്ഷികതയിലേക്കാണത് നയിക്കുന്നത്. മോഡേണിസത്തെയും പോസ്റ്റ് മോഡേണിസത്തെയും നമുക്കെങ്ങനെ വിലയിരുത്താൻ കഴിയും ? മതപരമായ വിഷയങ്ങളല്ലെങ്കിലും ഒരു മതമായി അവയെ ആൾക്കാർ സ്വീകരിക്കുകയും ഇസ്‌ലാമിക പാരമ്പര്യങ്ങളെ വിരോധാഭാസമായി കാണുകയും ചെയ്യുന്നു.

മെറ്റാഫിസിക്കൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യുക്തിവാദത്തിന് കണ്ടെത്താൻ കഴിയില്ല. ‘ഇസ്‌ലാമിൽ മനുഷ്യാവകാശങ്ങൾ വകവെച്ചു നൽകുന്നില്ല’ പോലോത്ത സാമൂഹ്യ സന്ദേഹങ്ങളാണ് അത് വിഷയീഭവിക്കുന്നത്. അത് സ്വീകരിക്കുന്നവർ വിശ്വാസശാസ്ത്രപരമായി ഒരുപാട് പ്രതിസന്ധികൾ നേരിടുന്നു. ഖുർആനും, സുന്നത്തും, ശരീഅത്തും സ്ത്രീകൾക്ക് തുല്യപരിഗണന നൽകുന്നില്ലെന്ന് ഒരാൾ വാദിക്കുമ്പോൾ അയാളുടെ വിശ്വാസം (അഖീദ) ശരിയല്ലെന്ന് പറയാം. ഇസ്‌ലാമിക അഖീദക്കു നേരെയുള്ള ആക്രമണങ്ങൾ മുഴുവൻ സാമൂഹിക വിഷയങ്ങളിലൂടെയാണ്. അതിനെ പ്രതിരോധിക്കുന്നതിലും സംശയ ദൂരീകരണത്തിലും തന്ത്രങ്ങൾ നിർമ്മിക്കുന്നത് ഇൽമുൽ കലാമാണ്.

ഹംസ: ഇമാം റബ്ബാനി അഹമദ് സർഹിന്ദി സൂഫി ത്വരീഖത്തിലാണ് താങ്കൾ പരിശീലനം നേടിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങൾ അധികവും കലാമിനെ അടിസ്ഥാനപ്പെടുത്തിയാണ് ! എന്തു കൊണ്ടാണ് അദ്ദേഹത്തെ പോലെയൊരു സൂഫീവര്യൻ കലാമിന് ഇത്രത്തോളം മുൻഗണന നൽകിയത് ?

ഡോ. ഷെൻതുർക്ക്: അഖീദ ശരിയാക്കലാണ് സൂഫി വഴിയിലെ ആദ്യ കർമ്മമെന്ന് വിശ്വസിച്ചിരുന്ന മുതശർരിആയ സൂഫിയായിരുന്നു ഇമാം റബ്ബാനി. അഖീദ നേരെയല്ലെങ്കിൽ ആത്മീയമായി ഉയരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഇൽമുൽ കലാം മുഖേനെ അഖീദയും പിന്നെ ഫിഖ്ഹ് വഴി അമലുകളും കുറ്റമറ്റതാക്കണം. ഇവ ആർജ്ജിച്ചാലെ മറ്റു തലങ്ങളും പഠിക്കാനാവൂ എന്നദ്ദേഹം പ്രസ്താവിച്ചു. ഇൽമ്, അമൽ, ഇഖ്ലാസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ശരീഅത്ത് നിലനിൽക്കുന്നത്. ത്വരീഖതും ഹഖീഖത്തും ശരീഅത്തിൻ്റെ മുന്നുപാധികളാണ്. അവ രണ്ടുമാണ് ഇഖ്ലാസ് ഉണ്ടാക്കാൻ സഹായിക്കുന്നത്. പ്രത്യക്ഷ പരോക്ഷ ശിർക്കുകളിൽ നിന്ന് ഇഖ്‌ലാസ് മുഖേനെ മനുഷ്യൻ രക്ഷപ്പെടുന്നു. വിഗ്രഹങ്ങളെയും മനുഷ്യരെ തന്നെയും ആരാധിക്കുന്നതാണ് പ്രത്യക്ഷ ശിർക്ക്. ക്ഷണിക ബുദ്ധിയുടെയും മനശ്ചാഞ്ചല്യത്തിൻ്റെയും (ഹവ) പ്രേരണ മൂലമുണ്ടാകുന്നതാണ് പരോക്ഷ ശിർക്ക്. ഹവ ഉള്ള ആൾക്ക് ഒരിക്കലും ഇഖ്ലാസ് ഉണ്ടാകില്ല. ശിർക്ക് ളാഹിറിനെ കുറിച്ച് എല്ലാരും അവബോധവാന്മാരാണെങ്കിലും ആരും അത് ഗൗനിക്കുന്നില്ല എന്നതാണ് സത്യം. ദൈവീക ചിന്തകളിൽ നിന്ന് മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പണം, ആഗ്രഹങ്ങൾ, വികാരം പോലുള്ള മാനുഷിക ഇച്ഛകളെ നഫ്സിൽ നിന്ന് ഉന്മൂലനം ചെയ്യാനാണ് തസവ്വുഫ് പഠിപ്പിക്കുന്നത്. നിന്ദ്യവും കുറ്റകരമായ എല്ലാ ആവശ്യങ്ങളിൽ നിന്നും ഹൃദയം പരിശുദ്ധമായിരിക്കണം. തസ്‌ഫിയ, തസ്കിയ എന്നിവയാണത്. തുടർന്ന്, ശരിയായ അഖീദയെയും ഇഖ്ലാസിനെയും മനസ്സിൽ നട്ടുപിടിപ്പിക്കുന്ന തഹ്‌ലിയ കടന്നു വരുന്നു. ഇതെല്ലാമാണ് ഇമാം റബ്ബാനി പ്രത്യേകം ഊന്നൽ നൽകി പറയുന്നത്. സുന്നത്തിൽ നിന്നും ശരീഅത്തിൽ നിന്നും അണുവിട വ്യതിചലിക്കരുതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ഹംസ: നമ്മുടെ ഉലമാക്കളിൽ ചിലർ, കലാമും സൂഫിസവും തമ്മിൽ അപകടകരമായ ചില ബന്ധങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. അതെന്താണ് ? ഈ രണ്ട് മേഖലകളും എങ്ങനെയാണ് പരസ്പരം പ്രവർത്തിക്കുന്നത് ?

ഡോ. ഷെൻതുർക്ക്: ഏത് ഇസ്‌ലാമിക പാഠ്യ ശാഖയുടെയും ലക്ഷ്യം മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയ രീതിയിൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് പഠിപ്പിക്കുകയും അത് അനുധാവനം ചെയ്യുക എന്നുമാണ്. അവയെല്ലാം ഖുർആനിൽ നിന്നും ഹദീസിൽ നിന്നും രൂപം കൊണ്ടവയുമാണ്. ഫിഖ്ഹും കലാമും തസവ്വുഫും ഇസ്‌ലാമിലെ വിവിധ മാനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കലാം അഖീദയെയും ഫിഖ്ഹ് ശരീഅത്തിൻ്റെ ബാഹ്യ തലത്തെയും തസവ്വുഫ് ആന്തരിക തലത്തേയും. തസവ്വുഫിനെ ഫിഖ്ഹുൽ ബാത്വിൻ/ ഫിഖ്ഹുൽ വിജ്ദാനി എന്ന് പറയുന്നത് ഇത് കൊണ്ടാണ്. ഇവയിലൊന്നു മാത്രം പഠിച്ച് ഞാനൊരു ഉത്തമ മുസ്‌ലിമാണെന്ന് പറയാൻ പറ്റില്ല. എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയണം. ഈ മൂന്നും ഇസ്‌ലാം എന്ന ഏക ധാതുവിനെ മാത്രമാണ് ഉൾക്കൊള്ളുന്നത്. ‘തസ്‌ഫിയത്തു വ തസ്കിയത്തുന്നഫ്‌സ്’ കൂടാതെ ഇസ്‌ലാം പൂർണ്ണമാവില്ല. തസ്കിയത്തുന്നഫ്‌സ് ഫർള് ഐൻ ആയ കാര്യമാണ്. ആത്മാവിനെ സ്വഭാവ ദൂഷ്യങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുക്കുന്നതാണിത്. തസവ്വുഫ് ഇല്ലാത്ത ഇസ്‌ലാമിനെ ചിന്തിക്കാൻ കൂടി കഴിയില്ല. കലാമും അത്രപോലെ തന്നെ പ്രാധാന്യമുള്ളതാണ്. ‘എനിക്ക് തസവ്വുഫ് നല്ലപോലെ വശമുണ്ട്. അതുകൊണ്ട് അഖീദയുടെ ആവശ്യമില്ല’ എന്ന് പറയുന്നത് എത്ര മണ്ടത്തരമാണ്. അത് സാധ്യമല്ല താനും.

ഹംസ: ഓട്ടോമൻ കാലത്തെ കലാം പാരമ്പര്യത്തെ കുറിച്ചും പ്രത്യേകിച്ച്, ഇസ്‌ലാമിക പരിപ്രേഷ്യത്തിൽ നിന്നുകൊണ്ട് ആധുനിക ചിന്തയുമായി സംവദിച്ച അവസാന കാല ഒട്ടോമൻ മുസ്‌ലിം ദൈവശാസ്ത്ര പണ്ഡിതരെ പറ്റിയുമുള്ള പഠനങ്ങൾ കാര്യമായ രീതിയിൽ നടന്നിട്ടില്ല. അക്കാലത്തെ പ്രധാന വ്യക്തികളെയും അവരുടെ രചനകളെ കുറിച്ചും പറയാമോ ?

ഡോ. ഷെൻതുർക്ക്: ശരിയാണ്. ഓട്ടോമൻ കാലത്തെ കലാം മാത്രമല്ല, ആ നാഗരികത തന്നെ വിസ്മരിക്കപ്പെട്ടു പോയി. യൂറോപ്പിലെ നവോത്ഥാനം (Renaissance) പോലെ ഇസ്‌ലാമിലെ ഒന്നാണ് ഓട്ടോമൻ കാലം എന്നാണെൻ്റെ അഭിപ്രായം. കല, വാസ്തുശിൽപം, സംഗീതം, തത്വശാസ്ത്രം എന്നുവേണ്ട സകല മേഖലകളിലും അതിൻ്റെ നിമ്ന്നോന്നതങ്ങളിൽ എത്തിപ്പെടാൻ ഇസ്‌ലാമിന് അക്കാലത്ത് സാധിച്ചു. ക്ലാസിക്കൽ ഓട്ടോമൻ പിരീഡ് പോലെ തന്നെ അവസാന കാലഘട്ടത്തിൽ ഉലമാക്കൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടു എന്നതു മൂലം അതും വളരെ പ്രാധാന്യം ഉള്ളതാണ്. പാശ്ചാത്യൻ വികാസം അക്കാലത്താണ് ഉണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണത്. അവർ മദ്രസ്സ സമ്പ്രദായത്തെ പരിഷ്കരിച്ചു. അവയിലെ പാഠ്യപദ്ധതിയുടെ ഭാഗമായി പാശ്ചാത്യ ഭാഷകൾ കൂട്ടിച്ചേർത്തു. ആദ്യമായി മദ്രസകളിൽ സോഷ്യോളജി പാഠ്യവിഷയമായി. ഈ വെല്ലുവിളികൾക്കിടയിലും ഉലമാക്കൾ അബ്ദുൽ ഹമീദ് രണ്ടാമൻ്റെ കാലത്ത് മദ്റസത്തു ദാറുൽ ഖിലാഫ സ്ഥാപിച്ചു. ആധുനികശാസ്ത്രവും പാശ്ചാത്യ നാഗരികതയും ഉയർത്തുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാൻ തയ്യാറാക്കിയ പഠിതാക്കളാണ് അതിൽ നിന്ന് പുറത്തു വന്നത്. അക്കാലത്ത് തന്നെയാണ് ഇസ്‌ലാമിക നിയമങ്ങളിൽ ചില ഭേദഗതികൾ നിലവിൽ വന്നത്. ‘ദിമ്മിയ്യ്’ സമ്പ്രദായം റദ്ദാക്കി. ജിസ് യയും അടിമ സമ്പ്രദായവും നിർത്തലാക്കി. മൾട്ടി പാർട്ടി തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന ഭരണഘടനാ സമ്പ്രദായം സ്വീകരിച്ചു. അത്തരത്തിൽ അഞ്ച് ഇലക്ഷനുകൾ അക്കാലത്ത് നടന്നു. ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ പതനത്തിനു ശേഷമാണ് ഇസ്‌ലാമിൽ ജനാധിപത്യ പ്രക്രിയക്ക് സ്വീകാര്യത വന്നതെന്ന് നാം കരുതുന്നു. പക്ഷേ, ഖിലാഫത്താണ് അതാദ്യമായി പരിചയപ്പെടുത്തിയത്. അക്കാലത്തെ ശൈഖുൽ ഇസ്‌ലാമിൻ്റെയും ഉലമയുടെയും അംഗീകാരത്തോടെ ഖലീഫയുടെ മേൽനോട്ടത്തിലുള്ള ശരീഅ ഡെമോക്രസി ആയിരുന്നു അത്.

അക്കാലത്തെ മത പണ്ഡിതർ യൂറോപ്പിലെ സംഭവ വികാസങ്ങൾ സശ്രദ്ധം വീക്ഷിക്കുമായിരുന്നു. പ്രശസ്ത ഫ്രഞ്ച് ഫിലോസഫറായിരുന്ന ഏണെസ്റ്റ് റെനാൻ (Ernest Renan) പാരീസിലെ സർവ്വകലാശാലയിൽ പ്രഭാഷണം നടത്തി. അതിനു മറുപടിയായി ഓട്ടോമൻ പണ്ഡിതർ ഒട്ടേറെ ഖണ്ഡനങ്ങൾ എഴുതി അയച്ചു. പാശ്ചാത്യരുമായി സമ്പർക്കം പുലർത്തുമ്പോഴും യൂറോപ്പിനെ നിരീക്ഷിക്കുന്നതിൽ അവർ സജീവമായിരുന്നു. ഇക്കാര്യത്തിൽ നമ്മൾ വളരെ പിറകിലാണ്. Namik Kemal (1840–1888) റെനാന് മറുപടി അയച്ചവരിൽ പ്രമുഖനാണ്. യുവാവായിരുന്നു അദ്ദേഹം. അതെഴുതുമ്പോൾ അദ്ദേഹം ജയിലിലായിരുന്നു. അഴിക്കുള്ളിലായിരിക്കുമ്പോഴും ഇത്രത്തോളം നിരീക്ഷണ ജാഗ്രത കാണിച്ചിരുന്നു എന്നു സാരം ..! ക്ലാസ്സിക്കൽ പിരീഡിനേക്കൾ കൂടുതലായി അവസാന കാലഘട്ടത്തിലെ പണ്ഡിതരെ കുറിച്ച് പഠിക്കണമെന്നാണ് എൻ്റെ അഭിപ്രായം. അബുസ്സൂഊദ് എഫെന്ദിയുടെ കാലത്തൊന്നും പാശ്ചാത്യൻ ഉദയം കൊണ്ടിട്ടില്ല. പക്ഷേ, ‘മജെല്ല’ രൂപപ്പെടുത്തിയ അഹ്മദ് പാഷയുടെ (Ahmed Cevdet Pasha) കാലത്ത് അവരുണ്ട്. ഒരു ഇസ്‌ലാമിക നിയമശാസ്ത്ര വിദ്യാർത്ഥിക്ക് എഫെന്ദിയുടെ കൃതികളെക്കാൾ കൂടുതൽ ഫലപ്രദം പാഷയുടെത് ആയിരിക്കും. അദ്ദേഹം ഫ്രഞ്ചും വെസ്റ്റേൺ നിയമവും പഠിച്ച് ആധുനികവൽക്കരണവും പാശ്ചാത്യവൽക്കരണവും ഉയർത്തുന്ന വെല്ലുവിളികൾക്ക് ഉപായങ്ങൾ കണ്ടെത്തിയ വ്യക്തിയാണ്. കൂടാതെ, ഫ്രഞ്ച് സിവിൽ കോർട്ടിലെ നിയമ വ്യവസ്ഥകൾ ഓട്ടോമൻ സമ്പ്രദായത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്തു. അന്നത്തെ പണ്ഡിതരെല്ലാം നമ്മുടെ കാലത്തെ വിദ്യാർഥികൾക്ക് ഉത്തമ വാർപ്പു മാതൃകകളാണ്. വെസ്റ്റേൺ ഭാഷകൾ മുഴുവൻ അവർ അഭ്യസിച്ചു. യുവാക്കൾ വിദ്യ തേടി പാരീസിലേക്ക് ഹിജ്റ ചെയ്തു. ഫ്രഞ്ച് ഭാഷയിൽ മാസികകൾ പ്രസിദ്ധീകരിച്ചു. അവിടെ നിന്ന് ലണ്ടനിലേക്ക് പലായനം ചെയ്ത് അവിടെയും ഇംഗ്ലീഷിൽ മാഗസിൻ പുറത്തിറക്കി. ഈജിപ്തിൽ അവർ അറബി മാഗസിൻ തയ്യാറാക്കി. പടിഞ്ഞാറിൻ്റെ വികാസത്തോടൊപ്പം അവരും ഉൽബുദ്ധരായി. ഇസ്‌ലാമിക ധൈഷണിക പാരമ്പര്യത്തെ സജീവമായി നിലനിർത്തി. അറബി, പേർഷ്യൻ ഭാഷകൾക്കു പുറമെ ഫ്രഞ്ചും ഇംഗ്ലീഷും ജർമനും അവർ സ്വായത്തമാക്കി. ഇസ്‌ലാമിക പാരമ്പര്യത്തെ വിച്ഛേദിക്കുന്നതിനുപകരം, അതിനെ മുറുകെപ്പിടിച്ച് പടിഞ്ഞാറൻ സംസ്കാരവുമായി മത്സരിച്ചു. അതവരുടെ ബൗദ്ധിക തൃഷ്ണയെ ഉദ്ദീപിപ്പിച്ചു.

ഇന്നത്തെ മുസ്‌ലിം പണ്ഡിതർക്കും ഇത് ബാധകം തന്നെയാണ്. പാശ്ചാത്യൻ പണ്ഡിതരേക്കാൾ രണ്ടിരട്ടി പ്രവർത്തിക്കണം. ഇസ്‌ലാമും പടിഞ്ഞാറും അവർ പഠിക്കണം. എന്നാൽ കേംബ്രിഡ്ജിലോ ഓക്സ്ഫോർഡിലോ പഠിക്കുന്ന ഒരു മുസ്‌ലിം, പ്രശ്നങ്ങളുടെ പാശ്ചാത്യ വാദം മാത്രം പഠിച്ചാൽ പൂർത്തിയായെന്ന് ധരിക്കുന്നു. പക്ഷേ, നാം അതിനും പുറമെ നമ്മുടെ പാരമ്പര്യം പഠിക്കണം. മുഹമ്മദ് സാഹിദുൽ കൗസരി(1879–1951), മുസ്തഫ സ്വബരി (1869–1954) പോലോത്ത ഓട്ടോമൻ കാലത്തെ പണ്ഡിതർ കാണിച്ചു തന്ന നവോത്ഥാന പ്രവർത്തനങ്ങൾ ഇക്കാലത്തും അനുധാവനം ചെയ്യുക എന്ന വലിയ കടമ്പ തന്നെ നമുക്കു മുന്നിലുണ്ട്.

(അവസാനിച്ചു)

വിവർത്തനം: ശറഫുദ്ധീൻ അഹ്‌മദ്‌