പുതിയ കാല റൂമി വായനകൾ: കോള്‍മന്‍ ബാര്‍ക്‌സും ജനപ്രിയ വായനയുടെ പ്രശ്നങ്ങളും

നീ തീര്‍ച്ചയായും ആ പരിപാടി കാണണമായിരുന്നു. അതില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഞാനൊരിക്കലും ഇങ്ങനെയൊരാള്‍ റൂമിയെ വായിക്കുമെന്നോ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നോ കരുതിയിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ബൗസ് പബ്ലിക്ക് ലൈബ്രറിക്ക് കീഴില്‍ നടത്തപ്പട്ട ‘റൂമി നൈറ്റി’നെക്കുറിച്ചുള്ള ചര്‍ച്ചക്ക് ചൂടുപിടിക്കവെ എന്റെ സുഹൃത്തിന്റെ ഉമ്മയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത്.

അയാളുടെ അരയില്‍ ഒരു വലിയ ബെല്‍റ്റുണ്ടായിരുന്നു-ഏകദേശം ഒരമേരിക്കന്‍ കൗ ബോയിയെപ്പോലെ. റൂമിയെ വായിച്ചതിലൂടെയാണത്ര അയാളുടെ ജീവിതം മാറിയത്. ഉമ്മയുടെ സംസാരം അയാളിലേക്ക് ചുരുങ്ങി. അമേരിക്കക്കാരും റൂമിയെ വായിക്കാന്‍ തുടങ്ങിയോ എന്ന ഞെട്ടലില്‍ നിന്ന് ഉമ്മ പതിയെ കരക്ക് കയറുന്നേ ഉണ്ടായിരുന്നുള്ളൂ.

പാശ്ചാത്യ വായനക്കാര്‍ക്കിടയില്‍ റൂമിയെന്ന പേരില്‍ പ്രസിദ്ധനായ, ജലാലുദ്ദീന്‍ ബല്‍ഖിയെക്കുറിച്ചുള്ള വായനകളില്‍ സ്വാഭാവികമായി ഏതെങ്കിലും ഇംഗ്ലീഷ് പരിഭാഷകള്‍ കടന്നു വന്നാല്‍ കോള്‍മന്‍ ബാര്‍ക്‌സിന്റെ പരിഭാഷകളാകുവാനാണ് ഏറെ സാധ്യത. ഈയൊരു ആധുനിക കാലത്ത് ഒരുപാട് സാഹിത്യ പരിഭാഷകള്‍ എഴുതപ്പെടുകയുണ്ടായെങ്കിലും, അവയ്‌ക്കെല്ലാം ലഭിച്ച കുറഞ്ഞ വായനക്കാരില്‍ നിന്നെല്ലാം വ്യത്യസ്തമായി കോള്‍മന്റെ പരിഭാഷക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. അതിനെ തുടര്‍ന്ന് ഒരുപാട് ഫെസ്റ്റിവലുകളില്‍ അഥിതിയായും മറ്റും ക്ഷണം ലഭിക്കുകയും ഔദ്യേഗികമായി തന്നെ അഫ്ഗാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്തു. അതിനെല്ലാം പുറമെ ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്ന് റൂമി കവിതകളെക്കുറിച്ചുള്ള തന്റെ മുപ്പത് വര്‍ഷത്തെ പഠനത്തിനുള്ള അംഗീരകാരമെന്നോണം ഹോണററി ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറും കവിയുമായ ഇദ്ദേഹത്തിന്റെ ജനപ്രീതി ഇത്തരം പരിഭാഷകളിലൂടെ വളരെ വേഗം കുതിച്ചുയര്‍ന്നു.

വലിയ രീതിയില്‍ തന്നെ ജനങ്ങള്‍ കോള്‍മന്റെ എഴുത്തിനെ സ്വീകരിക്കുകയും എഴുത്തുകളെല്ലാം ഏറെ വായിക്കപ്പെടുകയും ചെയ്തു. അത്തരം എഴുത്തിന്റെ ഫലമെന്നോണമായിരിക്കണം പതിനായിരം കോപ്പികളില്‍ അച്ചടിയവസാനിപ്പിക്കുന്ന ഇംഗ്ലീഷിലെ തന്നെ മറ്റിതര സാഹിത്യ പരിഭാഷ കൃതികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി കോള്‍മന്റെ പരിഭാഷ അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടത്. അതില്‍പരം റൂമിയുടെ വചനങ്ങളെന്ന പേരില്‍ ഒരുപാട് കോട്ടിങ്ങുകള്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രാധാന്യ ത്തോടെ കൈമാറ്റം ചെയ്യപൊടുന്നുണ്ട്.

ആധുനികകാല വായനക്കാരോട് ചേര്‍ന്നു നില്‍ക്കുന്ന റൂമിയുടെ സത്ത നഷ്ടപ്പെടാത്ത പരിഭാഷകളാണ് തന്റേത് എന്ന് ബാര്‍ക്‌സ് വാദിക്കുന്നുണ്ട്. എന്നിരുന്നാലും റൂമിയുടെ വരികളാണോ അതോ ബാര്‍ക്‌സിന്റെ എഴുത്താണോ ആധുനികമെന്നത് സംശയമാണ്.

1990 കളില്‍ അമേരിക്കയില്‍ ഏറെ വായിക്കപ്പെടുന്ന കവിയായി റൂമി മാറി. എങ്കിലും, റൂമിയുടെ തന്നെ ആശയങ്ങളോട് കൂറ് പുലര്‍ത്തുന്ന പരിഭാഷകളായിരുന്നില്ല ഇത്തരം പുസ്തകങ്ങള്‍ പകര്‍ത്തിപ്പോന്നത് എന്നത് യാഥാര്‍ഥ്യമാണ്. മുഖ്യധാരാ വായനക്കാരെ വശത്താക്കാനുള്ള പൊടിക്കൈകളൊക്കെ ഇത്തരം ആഖ്യാനങ്ങളില്‍ കടന്നുവന്നിരുന്നു. ക്രമേണയുള്ള ആത്മീയതക്കപ്പുറം പെട്ടന്നുള്ള ആത്മീയസാന്ത്വനം മാത്രം ആവശ്യമായിരുന്ന അമേരിക്കന്‍ പൊതുബോധത്തിനു മുന്നില്‍ ഇത്തരം തര്‍ജ്ജമകള്‍ തന്നെയായിരുന്നു ആവശ്യം. ഇത്തരം കാര്യങ്ങളുടെ പരിണിതഫലം ഊഹിക്കാവുന്നതേയുള്ളു. കാരണം ഇതിന്റെ അനുരണനങ്ങളായിരുന്നു ബാര്‍ക്‌സിന്റെ വിവര്‍ത്തനങ്ങളില്‍ മുഴച്ചുനിന്നത്. റൂമിയുടെ ആഖ്യാനങ്ങളുടെ അന്തസത്തയായിരുന്ന ദൈവഭയവും ക്ലാസിക്കല്‍ പേര്‍ഷ്യന്‍ സാഹിത്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ സൗന്ദര്യവും ബാര്‍ക്‌സിന്റെ എഴുത്തുകളില്‍ നിന്ന് അന്യം നിന്ന് പോയിരുന്നു.

താന്‍ നിര്‍വഹിച്ച എഴുത്തുകളെല്ലാം തന്നെ ഒരു അക്കാദമിക് നിലവാരത്തിലുള്ളതായി പരിഗണിക്കരുത് എന്ന് പൊതുപ്രസ്താവന നടത്തിയ ബാര്‍ക്‌സിനെ അദ്ദേഹത്തിന്റെ തര്‍ജ്ജമകളുടെ അക്കാദമിക പ്രാധാന്യത്തിന്റെ പേരില്‍ വിമര്‍ശിക്കുകയെന്നത് നിരര്‍ഥകമാണ്. മാത്രവുമല്ല ‘Rumi: bridge to the soul’ എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം തുറന്നെഴുതുകയും ചെയ്തു.’ എന്റെ തര്‍ജ്ജമകള്‍ അക്കാദമിക പിൻബലത്തില്‍ എഴുതപ്പെട്ടതല്ല. അവ അക്കാദമിക വ്യവഹാരങ്ങള്‍ക്കപ്പുറത്ത് സ്വതന്ത്രമായ ആഖ്യാനങ്ങളാണ്.’ ഇപ്രകാരം വാദിക്കുന്നതോടൊപ്പം പുസ്തകത്തിന്റെ കവറില്‍ റൂമിയെ അമേരിക്കക്ക് പരിചയപ്പെടുത്തിയ വ്യക്തി എന്ന് സ്വയം പരിചയപ്പെടുത്തുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. പല വിവര്‍ത്തകരും അവരുടെ വിവര്‍ത്തന കൃതികളുടെ ആമുഖത്തില്‍ ബാര്‍ക്‌സിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഇത്തരം അനൗദ്യോഗിക പഠനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയെ കവച്ചുവെക്കുന്ന രീതിയില്‍ വളരെ കുറച്ച് വിമര്‍ശനങ്ങള്‍ മാത്രമാണ് വന്നിട്ടുള്ളത്.

റൂമിയുടെ യഥാര്‍ഥ വരികളല്ല ബാര്‍ക്സ് വിവര്‍ത്തനം ചെയ്തത്. എങ്കിലും, ജനസ്വാധീനം നേടിയ ഹാഫിസിന്റെയും, ഖയ്യാമിന്റെയും പേര്‍ഷ്യന്‍ ക്ലാസിക്കല്‍ കൃതികളെ വിവര്‍ത്തനം ചെയ്തവരില്‍ നിന്നും ഏറെ വ്യത്യസ്തമായി ബാര്‍ക്‌സിന്റെ വിവര്‍ത്തനങ്ങള്‍ വേറിട്ടുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ വരികളിലെ ലാളിത്യമാണ്. മറ്റിതര വിവര്‍ത്തകരെല്ലാം അവരുടെ വിവര്‍ത്തനങ്ങളില്‍ ഒരുപാട് പര്‍വതീകരിച്ചപ്പോള്‍, അതിനു വിരുദ്ധമായിയിരുന്നു ബാര്‍ക്‌സിന്റെ വിവര്‍ത്തനങ്ങള്‍. നേരിട്ടുള്ള വിവര്‍ത്തനങ്ങളായിരുന്നില്ല ബാര്‍ക്‌സിന്റെതെന്ന് സൂചിപ്പിക്കുമ്പോള്‍ തന്നെ അത് വിവര്‍ത്തനത്തിന്റെ വിവര്‍ത്തനമായിരുന്നുവെന്ന് മനസ്സിലാക്കാം. ഇത്തരം വിവര്‍ത്തന വിവര്‍ത്തനങ്ങളിലൂടെ അക്കാദമിക വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ഒരു യഥാര്‍ഥ റൂമിയെ അനാവരണം ചെയ്യപ്പെടുന്നുവെന്ന് ബാര്‍ക്‌സ് വാദിക്കുന്നു. ഒപ്പം വിവശമായ റൂമിയുടെ വരികളില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിക്കുമെന്ന് ബാര്‍ക്‌സ് വാദിക്കുന്നു. ഇത്രയൊക്കെ പ്രശ്‌നങ്ങളുള്ള എഴുത്തുകളാണെങ്കില്‍ കൂടെ റൂമിയുടെ പേരില്‍ മുതലെടുക്കുകയാണ് ബാര്‍ക്‌സ്.

1976 കളിലാണ് ബാര്‍ക്‌സ് റൂമിയെ അടുത്തറിയുന്നത്. കവിയും വിവര്‍ത്തനകനുമായ റോബര്‍ട്ട് ബ്ലെയാണ് ബാര്‍ക്‌സിന് റൂമിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എ.ജെ ആര്‍ബെറിയുടെ ഒരു റൂമി കവിതകളുടെ വിവര്‍ത്തനം അദ്ദേഹം ബാര്‍ക്‌സിന് കൈമാറുകയും,’ഈ കവിതകളെ’ അതിന്റെ കാരാഗ്രഹത്തില്‍ നിന്നും മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു മുമ്പ് റൂമിയെ അറിയുക പോലുമില്ലാതിരുന്ന ബാര്‍ക്‌സിനു മുന്നില്‍ അദ്ദേഹം വലിയൊരു വാതില്‍ തുറന്നു കൊടുത്തു. പിന്നീട് തന്റെ കാവ്യ ക്ലാസുകള്‍ക്കുശേഷം അദ്ദേഹം ആര്‍ബെറിയുടെ റൂമി വിവര്‍ത്തനങ്ങളെ മോടിപിടിപ്പിക്കാനും അവയെ സര്‍ഗാത്മക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനും തുടങ്ങി.

ഇക്കാലത്ത് ബാര്‍ക്‌സ് വിശദീകരിക്കുന്നത് പ്രകാരം അദ്ദേഹത്തിന് സ്വപ്‌നത്തില്‍ ഒരു സൂഫിയായ മനുഷ്യന്‍ വരികയും അദ്ദേഹത്തോട് താനേറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ സ്വപ്‌നത്തില്‍ കണ്ട സൂഫിയുമായി അദ്ദേഹം കണ്ടുമുട്ടി. ഫിലാഡല്‍ഫിയയില്‍ താമസമാക്കിയ ശ്രീലങ്കക്കാരനായ ബാവ മുഹ്‌യദ്ദീന്‍ എന്നിവരായിരുന്നു അത്. തന്റെ സൂഫീ കവിതകളിലേക്കുള്ള ചുവടുവെപ്പുകള്‍ക്ക് ഊര്‍ജ്ജം ലഭിച്ചത് ഇദ്ദേഹവുമായിട്ടുള്ള കണ്ടുമുട്ടലിലൂടെയാണെന്ന് ബാര്‍ക്‌സ് പറയുന്നുണ്ട്. പരിചയപ്പെട്ടതില്‍ പിന്നെ വര്‍ഷത്തില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും, 1986ല്‍ ബാവ മുഹ്‌യദ്ദീന്‍ മരിക്കുന്നത് വരെ അവര്‍ പരസ്പരം കണ്ടുമുട്ടിയിരുന്നു. എന്നിരുന്നാലും, ബാര്‍ക്‌സിന്റെയും മുഹ്‌യദ്ദീന്റെയും ഇടയില്‍ ഉടലെടുത്ത ഈ വലിയ സൗഹൃദത്തെ റൂമിയും, ശംസെ തബ്‌രീസിയുമായുള്ള അഗാധമായ സൗഹൃദത്തോട് ചേര്‍ത്ത് വെക്കുന്ന ചിലരെങ്കിലുമുണ്ട്. പിന്നീടാണ് അദ്ദേഹം ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഭാഷാ വകുപ്പ് മേധാവിയായ ജോണ്‍ മോയ്‌നെക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. അക്കാലത്ത് മോയ്‌നെയുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത റൂമി കവിതകളുടെ വിവര്‍ത്തനങ്ങളെ തന്റെതായ ഭാഷയില്‍ പകര്‍ത്തുകയായിരുന്നു ബാര്‍ക്‌സിന്റെ പ്രധാന ഉദ്യമം.

ലെഹ് എറിക് ഷിമ്മറ്റ് തന്റെ അമേരിക്കന്‍ ആത്മീയതയുടെ ചരിത്രത്തില്‍ ബാര്‍ക്‌സിനെ ഒരു പ്രൊട്ടസ്റ്റന്റ് ആയും, ഒരു അതീന്ദ്രിയജ്ഞാനിയായും ആഖ്യാനിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏതൊരു കവിക്കും കിട്ടുന്ന വായനക്കാരെക്കാള്‍ കുറവായ വായനക്കാരനില്‍ നിന്ന് റൂമിയെ മാറ്റിയെടുത്തത് ബാര്‍ക്‌സിന്റെ ആഖ്യാനങ്ങളാണെന്ന് ഷിമ്മിറ്റ് വ്യാഖ്യാനിക്കുന്നു.

ബാര്‍ക്‌സിന്റെ ആഖ്യാനങ്ങളില്‍ പല ചിത്രങ്ങളും മനഃപൂർവം ഒഴിവാക്കപ്പെടുകയും ചിലതിന്റെ ആഖ്യാന ശൈലിയിൽ കാതലായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. മാത്രവുമല്ല, റൂമിയുടെ കവിതകളിലെ വരികളെക്കാള്‍ ബാര്‍ക്‌സിന്റെ വരികള്‍ ചുരുങ്ങി. ചെറിയ ഒരു ഉദാഹരണം കാണാം. റൂമിയുടെ പതിനാല് വരികളുള്ള ഒരു മിസ്‌റഇല്‍ (കവിതാശകലം) ഒരു ഭാഗത്ത് സൃഷ്ടാവിന്റെ പ്രത്യേകതകളില്‍ പെട്ട അവസ്ഥയില്ലായ്മയെ സൂചിപ്പിക്കുന്ന ഭാഗത്ത് Howlessness എന്ന പദത്തിന് പകരം പാശ്ചാത്യര്‍ക്കിടയിലെ ഏറെ നിലവിലുള്ള പദമായ How are you എന്നതാക്കി മാറ്റുകയും ദൈവമെന്ന സങ്കല്‍പത്തെത്തന്നെ അപ്പാടെ അടര്‍ത്തിയെടുത്ത് അതിന്റെ സത്തയെ വെല്ലു വിളിക്കുന്ന രീതിയിലുള്ള സമീപനമാണ് ബാര്‍ക്‌സ് സ്വീകരിച്ചത്. റൂമിയുടെ ആഖ്യാനങ്ങളില്‍ പാശ്ചാത്യര്‍ക്കിടയില്‍ പൊതുവെ സ്വീകരിച്ചു വരുന്ന ഒരു തരം നിഷേധാത്മക വായനകളുടെ രൂപമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇപ്രകാരം റൂമി പ്രതിനിധീകരിച്ചിരുന്ന ഇസ്‌ലാമിക പരസരത്തു നിന്ന് മെല്ലെ റൂമിയെ പടിയിറക്കുവാനും റൂമിക്ക് മാത്രം സാധ്യമായിരുന്ന ആഖ്യാനങ്ങളുടെ ഭംഗി നശിപ്പിക്കുവാനും ബാര്‍ക്‌സിനെപ്പോലുള്ളവരുടെ ആഖ്യാനങ്ങള്‍ ശ്രദ്ധചെലുത്തി.

റൂമിയുടെ ആഖ്യാനങ്ങളെ വെറും അക്കാദമിക പരിസരത്തു നിന്നുമാത്രം നോക്കിക്കണ്ടുവെന്ന രീതിയില്‍ ഏറെ വിമര്‍ശിക്കപ്പെട്ട വ്യക്തിയാണ് ഫ്രാന്‍ക്ലിന്‍ ലേവിസ്. എന്നിരുന്നാലും അദ്ദേഹം തന്റെ Swallowing the Sun എന്ന കവിതാ വ്യാഖ്യാനത്തില്‍ വളരെ ലഘൂകരിച്ചുള്ള ഒരു വിവര്‍ത്തനത്തിനു തയ്യാറെടുക്കുന്നതായി കാണാം. ഈയൊരര്‍ഥത്തില്‍ ചിലപ്പോഴൊക്കെയായി ലെവിസും ബാര്‍ക്‌സിന്റെ പാത പിന്തുടര്‍ന്നുവെന്ന് പറയാം. എന്നാലും ബാര്‍ക്‌സും ലെവിസും തമ്മില്‍ വലിയ അന്തരം തന്നെയുണ്ട്. ഏകദേശം റൂമിയുടെ വരികളോടൊട്ടി നില്‍ക്കുന്ന രീതിയിലുള്ള ആഖ്യാനങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. വളരെ സമ്പുഷ്ടവും വ്യക്തവുമായ ഭാഷയും ഒപ്പം പലവരികള്‍ക്കും ഫൂട്ട് നോട്ടുകളും അതില്‍ തന്നെ ഖുര്‍ആന്‍ വചനങ്ങളും കൊണ്ടുവന്നത് അതിന്റെ ഇസ്‌ലാമിക പ്രാധാന്യത്തെ പരിഗണിച്ചുവെന്ന് തെളിയിക്കുന്നതാണ്.

ഇതുവരെ എഴുതിയതൊന്നും നല്ല വ്യാഖ്യാനങ്ങളെയും ചീത്തവ്യാഖ്യാനങ്ങളെയും തരം തിരിക്കാനുദ്ദേശിച്ചോ അല്ലെങ്കില്‍ യഥാർഥ വരികളിലും വ്യാഖ്യാനങ്ങളിലെ വരികളിലും സംശയം പ്രകടിപ്പിക്കാനോ അല്ല. മറിച്ച് ഇദാഹോയിലെ എന്റെ സുഹൃത്തിന്റെ അമ്മ പറഞ്ഞത് പോലെ അവര്‍ക്കും ബാര്‍ക്‌സിന്റെ വ്യാഖ്യാനങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ചാണ്. വരികള്‍ വളരെ മനോഹരമാകുക എന്നതില്‍ കവിഞ്ഞ് പേര്‍ഷ്യന്‍ ഭാഷയില്‍ വളരെ നിപുണനായ ഇംഗ്ലീഷിലെഴുതുന്ന ഒരു നല്ല കവി റൂമിയുടെ ആശയങ്ങളെ ഉലക്കാതെ കവിതകളെഴുതണമെന്ന ആഗ്രഹത്തിന്റെ പുറത്ത് പറഞ്ഞു വെച്ചുവെന്ന് മാത്രം.

മറ്റിതര വിവര്‍ത്തന സാഹിത്യകാരന്മാരെപ്പോലെ തന്നെ ബാര്‍ക്‌സും ഒരു മുഖ്യധാരാ അമേരിക്കന്‍ വായനക്കാരന് മനസ്സിലാകുന്ന രൂപത്തിലുള്ള ലളിതമായ വിവര്‍ത്തനമാണ് നടത്തിയത്. കാവ്യാത്മകാവിഷ്കാരങ്ങളുടെ ശക്തി വളരെ ഇരട്ടിയാണ്. ചിന്തയുടെ പുതിയ വാതായനം തുറക്കാനും നമ്മിലെല്ലാം അടങ്ങിയരിക്കുന്ന നമ്മള്‍ തിരിച്ചറിയാത്ത ഒന്നിനെ കാണിക്കാന്‍ കവിതകള്‍ക്ക് വലിയ മിടുക്കുണ്ട്.

വിവർത്തനം: അഫ്സൽ കെ മേൽമുറി