ഇസ്‌ലാമും പ്രകൃതിയും: ഹുസൈൻ നസ്ർ സംസാരിക്കുന്നു

Bulletin of Atomic Scientist എന്ന സംഘടനയുടെ പ്രതിനിധി എലിസബത്ത് ഈവ്സ്, പ്രശസ്ത ചിന്തകനും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറുമായ സയ്യിദ് ഹുസൈൻ നസ്റുമായി പരിസ്ഥിതിയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് എന്ന വിഷയത്തിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.

ഭൗതികശാസ്ത്ര (physics ) ത്തിൽ ബിരുദാനന്തര ബിരുദം നേടിയ നസ്ർ പിന്നീട് ഫിലോസഫിയിലേക്കാണ് തിരിഞ്ഞത്. 1960 കളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് എഴുതാൻ തുടങ്ങി.  ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനും, ഹദീസും പ്രവാചകൻ മുഹമ്മദ് നബി (സ) രേഖപ്പെടുത്തിയ മാർഗങ്ങളും വാക്കുകളും അടിസ്ഥാനമാക്കി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഖുർആനിക ആയത്തായ (അല്ലാഹു മനുഷ്യനെ തന്റെ ഖലീഫയായി തിരഞ്ഞെടുക്കുന്നു. അഥവാ പ്രതിനിധിയായിട്ട്. എന്തിനെന്നാൽ അവനെ ദൈവത്തിന്റെ സൃഷ്ടിയുടെ രക്ഷാധികാരിയാക്കുന്നു). മുസ്‌ലിം രാജ്യങ്ങളിൽ, രാഷ്ട്രീയ/മത നേതാക്കളേക്കാൾ പരിസ്ഥിതി പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുന്നതും അതിന് വേണ്ടി സംസാരിക്കുന്നതും സ്വതന്ത്ര വ്യക്തികളും സർക്കാരിതര സംഘടനകളുമാണെന്നാണ് നസ്ർ പറയുന്നത്. സൗദി അറേബ്യയിലായാലും കാലിഫോർണിയയിലായാലും വരണ്ട കാലാവസ്ഥയാണ് ജല ഉപയോഗത്തോടുള്ള ജനങ്ങളുടെ മനോഭാവത്തെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വത്തിക്കാനിലേക്കുള്ള തന്റെ സമീപകാല യാത്രയെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഏതാണ്ട് 50 വർഷം മുമ്പാണ് ഇസ്‌ലാമിക ഫിലോസഫർ ആയ സയ്യിദ് ഹുസൈൻ നസ്ർ The Encounter of Man and Nature, The Spiritual Crisis of Modern Man എന്നിവ പ്രസിദ്ധീകരിക്കുന്നത്. ഒരേ കാലഘട്ടത്തിലെ എഴുത്തുകാരായ റേച്ചൽ കാർസൺ, ചരിത്രകാരൻ ലിൻ വൈറ്റ് എന്നിവരെപ്പോലെ, നസ്റും ലോകത്തെ ബാധിക്കുന്ന ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ തിരിച്ചറിഞ്ഞിരുന്നു. അതിനുശേഷമുള്ള പത്തുവർഷം മതം, ശാസ്ത്രം, പരിസ്ഥിതി എന്നിവയെ കുറിച്ച് ഏകദേശം 50 പുസ്തകങ്ങൾ അദ്ദേഹം എഴുതുകയുണ്ടായി.

Philosophy-യിലേക്ക്  ശ്രദ്ധ തിരിക്കുന്നതിന് മുമ്പ് അദ്ദേഹം Massachusetts Institute of Technology യിൽ പഠിക്കുകയും  അവിടെ ബിരുദധാരിയായി പ്രവേശനം നേടിയ ആദ്യത്തെ ഇറാനിയൻ വിദ്യാർത്ഥിയെന്ന പദവി നേടുകയും ചെയ്തു. ശേഷം ജിയോളജി, ജിയോഫിസിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ശാസ്ത്ര ചരിത്രത്തിൽ ഡോക്ടറേറ്റും നേടിയ അദ്ദേഹം പിന്നീട് സ്വദേശമായ ഇറാനിലേക്ക് മടങ്ങി. അവിടെ അദ്ദേഹം അക്കാദമിക് ജീവിതം ആരംഭിച്ചു, പക്ഷേ 1979 ൽ ഇസ്‌ലാമിക വിപ്ലവത്തിന്റെ സമയത്ത് ഇറാനിൽ നിന്നും  അമേരിക്കയിലേക്ക് തിരിക്കേണ്ടി വന്നു. നിലവിലെ മുസ്‌ലിം-ക്രിസ്ത്യൻ ഡയലോഗിന്റെ അടിസ്ഥാനമായി നിൽക്കുന്ന 2007 ൽ നടന്ന “ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ ഒരു പൊതു വാക്ക്” എന്ന പേരിൽ ക്രിസ്ത്യൻ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിൽ ഒപ്പിട്ട 138 
മുസ്‌ലിം ചിന്തകരിൽ ഒരാളായിരുന്നു നസ്ർ.

ആഗോള പാരിസ്ഥിതിക തകർച്ച തടയുന്നതിന് പ്രകൃതിയോടുള്ള പവിത്രമായ ആശങ്ക പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നാണ് നസ്‌റിന്റെ സ്വന്തം കാഴ്ചപ്പാട്.  2014 ലെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറയുകയുണ്ടായി “ഇസ്‌ലാം മനുഷ്യർക്ക് മാത്രമുള്ളതല്ല, ഇത് ഒരു പ്രപഞ്ച യാഥാർത്ഥ്യമാണ്; എല്ലാ സൃഷ്ടികളും ഇസ്‌ലാമിൽ പങ്കെടുക്കുന്നു”

ഈ അഭിമുഖത്തിൽ, പരിസ്ഥിതിയെക്കുറിച്ച് ഖുർആൻ എന്താണ് പറയുന്നതെന്നും, മുസ്‌ലിം രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തോടുള്ള മനോഭാവത്തെക്കുറിച്ചും നസ്ർ ഉള്ളു തുറക്കുന്നു.

  • എലിസബത്ത് ഈവ്സ്: ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ  പാരിസ്ഥിതിക മേൽനോട്ടത്തെക്കുറിച്ച് എന്താണ് പറയുന്നത്?

നസ്ർ: ഇസ്‌ലാമിക വെളിപ്പെടുത്തലിന്റെ ഭാഗമായി പ്രകൃതിയെ പരാമർശിക്കുന്ന നിരവധി വാക്യങ്ങൾ ഖുർആനിലുണ്ട്. സൂര്യനും ചന്ദ്രനും ദൈവത്തിന് മുമ്പാകെ സ്വയം പ്രണമിക്കുന്നുവെന്ന്. അതായത് പ്രപഞ്ചത്തിൽ വ്യാപകമായി തന്നെ മതബോധമുണ്ട്. ചില സമയങ്ങളിൽ ദൈവം ഒലിവ്, കാരക്ക മുതലായ പഴങ്ങളാൽ സത്യം ചെയ്യുന്നു. ദൈവം പർവതങ്ങളോടും അരുവികളോടും നക്ഷത്രങ്ങളോടും സംസാരിക്കുന്നു.

മുസ്‌ലിം ലോകത്തെ സമകാലിക ചിന്തകർ മിക്കപ്പോഴും കൈകാര്യം ചെയ്യുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഖുർആനിലെ ഒരു വാക്യമായ ദൈവം മനുഷ്യനെ തന്റെ ഖലീഫയായി തിരഞ്ഞെടുത്തു എന്ന ആയത്ത് നോക്കാം: “നാം മനുഷ്യനെ ഭൂമിയിൽ എന്റെ ഖലീഫയായി പ്രതിഷ്ഠിക്കുന്നു.” ഖലീഫയുടെ ഏറ്റവും ബാഹ്യമായ രാഷ്ട്രീയ അർത്ഥം “ഇസ്ലാമിക ലോകത്തെ ഭരിക്കുന്ന വ്യക്തി” എന്നതാണ്, എന്നാൽ അത് വ്യത്യസ്ത അർത്ഥങ്ങളിൽ ഒന്ന് മാത്രമാണ്. എന്നാൽ പരമ പ്രധാനമായ അർത്ഥം മറ്റൊരാളുടെ പ്രവർത്തനം നിറവേറ്റുന്ന ഒരാൾ എന്നാണ്. അതാണ് ഖലീഫ എന്നതിന്റെ ആഴത്തിലുള്ള അർത്ഥം. ദൈവം തന്റെ സൃഷ്ടിയുടെ സ്രഷ്ടാവും സംരക്ഷകനുമായതിനാൽ, ദൈവത്തിന്റെ ഖലീഫ എന്ന നിലയിൽ, മനുഷ്യർ ഇവിടെ ഭൂമിയിലെ ആ പ്രവർത്തനം നിറവേറ്റണം. അതവന്റെ ബാധ്യതയാണ്. അതിനാൽ മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയുടെ രക്ഷാധികാരിയാണ്. മൃഗങ്ങളെ എങ്ങനെ വളർത്തണം, എങ്ങനെ അറുക്കണം, മരങ്ങൾ എങ്ങനെ മുറിക്കരുത്, വെള്ളം 
എങ്ങനെ പാഴാക്കരുത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രവാചകൻ മുഹമ്മദ്‌ (സ) യുടെ വാക്കുകൾ ധാരാളം ഉണ്ട്. ഫലം കായ്ക്കുന്ന മരങ്ങൾ അത്യാവശ്യത്തിനല്ലാതെ മുറിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. നേരിട്ട് തന്നെ പ്രത്യേകമായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനേകം ഹദീസുകൾ ഉണ്ട്.

  • എലിസബത്ത്: പരിസ്ഥിതിയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം മറ്റ് മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതുല്യമാണോ അതോ മറ്റ് ഏകദൈവ വിശ്വാസങ്ങളുമായി സാമ്യമുണ്ടോ?

നസ്ർ: മുൻ ഏകദൈവ വിശ്വാസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളേക്കാൾ കൂടുതൽ ഖുർആൻ പ്രകൃതി ലോകത്തെ പരാമർശിക്കുന്നു. തീർച്ചയായും, ഇവ്വിഷയത്തിൽ ദൈവശാസ്ത്രപരമായി ഇസ്‌ലാമിന് മറ്റു മതങ്ങളുമായി വളരെയധികം സാമ്യതകളുണ്ട്. എന്നാൽ ദൈവത്തിന്റെ 
മുഴുവൻ സൃഷ്ടികളിലേക്കും വഹ്‌യിനെ വ്യാപിപ്പിക്കുന്നതിൽ അബ്രഹാമിക പാരമ്പര്യത്തിൽ ഇസ്‌ലാമിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ‘ബറകത്ത്’ എന്ന ആശയം വളരെ പ്രധാനമാണ്. അഥവാ അല്ലാഹുവിന്റെ അനുഗ്രഹം. ഇസ്‌ലാമിക വീക്ഷണത്തിൽ പ്രപഞ്ചത്തിലഖിലം ബറകത്ത് ഉണ്ട്. അല്ലാഹു തന്റെ മുഴുവൻ സൃഷ്ടികൾക്കും നൽകുന്ന അനുഗ്രഹമാണത്. അതോടൊപ്പം ക്രിസ്തുമതത്തിലെയും യഹൂദമതത്തിലെയും ഹിന്ദുമതത്തിലെയും താവോയിസത്തിലെയും സമാനതകളുള്ള പ്രകൃതി സമവാക്യങ്ങളോട് സമാനതയുള്ള അനേകം സമവാക്യങ്ങൾ ഇസ്‌ലാമിലുമുണ്ട്.

  • എലിസബത്ത്: പരിസ്ഥിതിവാദം ഇന്ന് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായി കണക്കാക്കുന്നത് എങ്ങനെയെന്ന് സാമാന്യവൽക്കരിക്കാൻ സാധിക്കുമോ?  

നസ്ർ: ഈ ആമുഖത്തോടെ ഞാൻ ആരംഭിക്കാം. വളരെക്കാലമായി, പാരിസ്ഥിതിക വാദത്തെ പ്രായോഗികമായി ഒരു പാശ്ചാത്യേതര രാജ്യവും ഗൗരവമായി എടുത്തിരുന്നില്ല. കാരണം പാശ്ചാത്യർ അവരെ കോളനിവത്കരിക്കുകയാണെന്നും അവരുടെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും അതിന്റെ ഫലമായി പശ്ചാത്യർ വളരെ സമ്പന്നരാണെന്നും അതിന്റെ ഫലമായി അവർക്ക് പ്രകൃതിയെക്കുറിച്ച് ശ്രദ്ധാലുവാകേണ്ടതില്ലെന്നും പശ്ചാത്യേതര രാഷ്ട്രങ്ങൾ പറയുന്നു. പാശ്ചാത്യേതര രാജ്യങ്ങൾ ഇപ്പോൾ പറയുന്നത് വ്യാവസായികവൽക്കരണത്തിലൂടെയും മറ്റും സമ്പന്നരാകാനുള്ള തങ്ങളുടെ അവസരമാണെന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ഒരു പാശ്ചാത്യ പ്രശ്‌നമാണെന്നാണ് ഈ രാജ്യങ്ങൾ പറയുന്നത്. പരിസ്ഥിതിയെ നശിപ്പിച്ചത് പടിഞ്ഞാറാണ് അതുകൊണ്ട് അത് സംരക്ഷിക്കേണ്ട കടമയും അവർക്ക് തന്നെയാണ് എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു മനോഭാവമായിരുന്നു ഇത്. മുസ്‌ലിംകളിൽ മാത്രമായിരുന്നില്ല, ഹിന്ദുക്കളിലും ബുദ്ധമതക്കാരിലും കൺഫ്യൂഷ്യസ് മതക്കാരിലുമെല്ലാം ഈ മനോഭാവം ഉണ്ടായിരുന്നു. കമ്മ്യൂണിസത്തിന് കീഴിൽ പോലും പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശയം ആരും അംഗീകരിച്ചിരുന്നില്ല. ഇത് മുതലാളിത്ത പ്രശ്‌നമാണെന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ സങ്കൽപമായിരുന്നു അത്.  സോവിയറ്റ് യൂണിയൻ തകർന്നതോടെ ഉണ്ടായ വൻ പാരിസ്ഥിതിക ദുരന്തങ്ങൾ അവർ തിരിച്ചറിഞ്ഞു. പക്ഷേ ഞാൻ അക്കാര്യത്തിലേക്ക് കടക്കുന്നില്ല.

മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും, ഗവൺമെന്റിന്റെ നയത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയെക്കുറിച്ചുള്ള ആലോചന സമീപകാല പ്രതിഭാസം മാത്രമാണ്. മാത്രമല്ല, ഒരുപാട് രാജ്യങ്ങളിൽ, സർക്കാരിതര സംഘടനകളും സ്വകാര്യ ഗ്രൂപ്പുകളുമാണ് ഇപ്പോൾ ഇത്തരം പ്രകൃതി സംരക്ഷണ കൂട്ടായ്മകൾ രൂപീകരിക്കുന്നത്. ദേശീയ പാർക്കുകൾ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇറാൻ. വിപ്ലവത്തിന് മുമ്പ് ചെയ്തതാണ് അത്. അപൂർവം ചില സന്ദർഭങ്ങളിൽ സർക്കാരിന്റെ പങ്കുണ്ടെങ്കിലും വളരെ വ്യാപകമായിട്ടൊന്നും ഇല്ലായിരുന്നു.

മിക്ക രാജ്യങ്ങളിലും, പ്രത്യേകിച്ച് മുസ്‌ലിം രാജ്യങ്ങളിൽ, പൊതുജനങ്ങൾ കൂടുതലും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ധാരണ ഇല്ലാത്തവരാണ്. തെരുവിൽ മാലിന്യം വലിച്ചെറിയുക. മരങ്ങൾ മുറിക്കുക ഇവയൊക്കെയാണ് അവരെ സംബന്ധിച്ചിടത്തോളം കാര്യമായ പരിസ്ഥിതി പ്രശ്നങ്ങൾ. എന്നാൽ ആഴത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ശരിക്കും അറിവില്ല.

  • എലിസബത്ത്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചോ സംസാരിക്കുന്ന ആഗോള ഇസ്‌ലാമിക സമൂഹത്തിലെ ചില നേതാക്കളെ കുറിച്ച്?

നസ്ർ: ഇന്ന് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്  ശബ്ദിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നതിൽ സംശയമില്ല. സിറിയയിലെ ഗ്രാൻഡ് മുഫ്തിയായിരുന്നു ശൈഖ് അഹമ്മദ് കുഫ്താരോ; തന്റെ രാജ്യത്ത് ഈ ദുരന്തങ്ങൾ സംഭവിക്കുന്നതിനു മുമ്പേ അദ്ദേഹം വിട പറഞ്ഞു. ഈ കാര്യത്തിൽ വളരെ ശ്രദ്ധേയനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മറ്റ് മതങ്ങളോട് വളരെയധികം താൽപര്യം കാണിക്കുകയും ക്രിസ്തുമതവും യഹൂദമതവുമായി ചങ്ങാത്തം കൂടുകയും ചെയ്തിരുന്നു. ഓർത്തഡോക്സ് സഭയിലെ പാത്രിയാർക്കീസ് ​​ബാർത്തലോമി (ഹരിത പാത്രിയർക്കീസ്” എന്ന പേരിൽ അറിയപ്പെട്ടു) നെപ്പോലെ പ്രകൃതിയോടും പരിസ്ഥിതിയോടും അദ്ദേഹത്തിന് വലിയ താൽപര്യമുണ്ടായിരുന്നു. മറ്റുചിലർ കൂടിയുണ്ട്. ഇറാൻ വൈസ് പ്രസിഡൻറ് മസൂമെ എബ്റ്റേക്കർ എന്ന സ്ത്രീ ഈ വിഷയത്തിൽ വളരെ കഠിനമായി പരിശ്രമിക്കുന്നുണ്ട്.  മാത്രമല്ല, ഫസ്ലുൻ ഖാലിദിനെപ്പോലുള്ള ചില പണ്ഡിതന്മാരുണ്ട്.[യുകെ ആസ്ഥാനമായുള്ള Islamic Foundation for Ecology and Environmental Sciences സ്ഥാപകനാണ് അദ്ദേഹം ]. എന്നാൽ ഇപ്പോൾ യഥാർത്ഥത്തിൽ മത-രാഷ്ട്രീയ നേതാക്കൾ ഈ രംഗത്ത് പ്രവർത്തിക്കുന്നില്ല. ഇസ്‌ലാമിക ലോകത്തെ പരിസ്ഥിതി സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, പ്രൊഫസർമാർ, പണ്ഡിതന്മാർ, ചിലപ്പോൾ എഞ്ചിനീയർമാർ, മറ്റുള്ളവർ എന്നിവരാണ് നിലവിൽ ഇതിന് മുൻകൈ എടുക്കുന്നത്.

  • എലിസബത്ത്: കത്തോലിക്കക്കാരെ ശക്തമായി സ്വാധീനിച്ചേക്കാവുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ മാർപ്പാപ്പ മാർഗനിർദേശം നൽകുന്നു. ഒന്നോ അതിലധികമോ ഇസ്‌ലാമിക നേതാക്കൾക്ക് ഒത്തുചേർന്ന് അത്തരം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് നിങ്ങൾ കാണുന്നുണ്ടോ?

നസ്ർ: ഇസ്‌ലാമിക ലോകത്ത്, കത്തോലിക്കാസഭയിൽ ഉള്ളതുപോലെ കേന്ദ്രീകൃത ശ്രേണിയില്ല. സംഭവിക്കുന്നതും സംഭവിച്ചതുമെല്ലാം ഇപ്പോൾ വിവിധ വ്യക്തികളുടെ രചനകളിലൂടെ മാത്രമാണ്. ഇപ്പോൾ ഇതിനെക്കുറിച്ച് എഴുതുന്ന ഒരു യുവതലമുറ ആളുകളുണ്ട്. പക്ഷേ അവർ രാഷ്ട്രീയമായോ മറ്റു രീതിയിലോ സംഘടിതർ അല്ല.

  • എലിസബത്ത്: വരണ്ട, മരുഭൂമിയുള്ള അന്തരീക്ഷത്തിലാണ് ഇസ്‌ലാം സ്ഥാപിതമായത്. പ്രകൃതിയെയും ജലത്തെയും സംരക്ഷിക്കുന്നതിനുള്ള മുസ്‌ലിം മനോഭാവത്തെ ഇത് എങ്ങനെ സ്വാധീനിക്കുന്നു?

നസ്ർ: ഖുർആനിൽ ജലത്തെ വളരെ പ്രത്യേകമായി പരാമർശിക്കുന്നു: എല്ലാ ജീവജാലങ്ങളും വന്നത് വെള്ളത്തിൽ നിന്നാണ്. ജലം എല്ലായ്പ്പോഴും വളരെ വിലപ്പെട്ടതായിരുന്നു. കൂടാതെ ജലസംരക്ഷണം ഇസ്‌ലാമിക നാഗരികതയുടെ വലിയ നേട്ടങ്ങളിലൊന്നാണ്. ഖാനത്ത് സമ്പ്രദായ (പുരാതന ജലവിതരണ സമ്പ്രദായം)ത്തിൽ വെള്ളം മണ്ണിനടിയിലൂടെ ഒഴുകുന്നു. അതിനാൽ താഴ്‌വരയിലെ പട്ടണങ്ങളിൽ എത്തുന്നതുവരെ അത് ബാഷ്പീകരിക്കപ്പെടുന്നില്ല. ഇസ്‌ലാമിക നാഗരികത അവിശ്വസനീയമായ ചില സാങ്കേതിക കണ്ടുപിടിത്തങ്ങൾ അവതരിപ്പിച്ചു. കാരണം വെള്ളം വളരെ കുറവായതിനാൽ അത് ഒരു പ്രധാന ചരക്ക് തന്നെയായിരുന്നു.

അന്തരിച്ച തത്ത്വചിന്തകനായ ഇവാൻ ഇല്ലിച്ച് ഒരിക്കൽ പറഞ്ഞു, ലോകമെമ്പാടും പാശ്ചാത്യ ശൗചാലയങ്ങളുണ്ടെങ്കിൽ ലോകത്തിലെ ജലസംവിധാനം തകരുമെന്ന്. നിങ്ങൾ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു എന്ന് പോലും ചിന്തിക്കാതെയാണ് നിങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള മനോഭാവവും ഉപയോഗവും പരമ്പരാഗത ഇസ്‌ലാമിക സംസ്കാരത്തിന്റെ മാനസികാവസ്ഥയിൽ പെട്ടതല്ല. 

ഒരു നീണ്ട വരൾച്ച ഉണ്ടാവുകയാണെങ്കിൽ ആളുകൾക്ക് വെള്ളത്തെയും പുല്ലിനെയും കുറിച്ചുള്ള മനോഭാവത്തിൽ പൂർണ്ണമായ മാറ്റം ഉണ്ടാകും, കൂടാതെ നമ്മുടെ അനാവശ്യമായ വെള്ളം പാഴാക്കലിനും.

എലിസബത്ത്: ലോകമെമ്പാടുമുള്ള ആധുനിക മുസ്‌ലിം രാജ്യങ്ങളെ വീക്ഷിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ ശക്തമായ വ്യത്യാസം നിങ്ങൾ കാണുന്നുണ്ടോ?

  • നസ്ർ: ഒരു പരിധിവരെ. ഉദാഹരണത്തിന്, ബംഗ്ലാദേശിൽ, വെള്ളപ്പൊക്കം വരുമ്പോൾ കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് അവർ പറയുന്നു. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ, ശാസ്ത്രജ്ഞർ ഉൾപ്പടെ, പലരും കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്നവരാണ്.

ഇസ്‌ലാമിക ലോകത്തെ പല സർക്കാരുകളും ഈ നിഷേധികളെ പിന്തുണക്കുകയും അവരുടെ സഹായം തേടുകയും ചെയ്യുന്നു.  തങ്ങളുടെ രാജ്യങ്ങളുടെ സാമ്പത്തിക പദ്ധതിയെ ഭീഷണിപെടുത്തുന്ന ഒരു കാര്യവും ചെയ്യാതിരിക്കാനുള്ള കാരണമായി ഈ സംശയത്തെ അവതരിപ്പിക്കുകയാണ് ഇതു വഴി അവർ ചെയ്യുന്നത്.

സൗദി അറേബ്യയെപ്പോലെ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ, തീർച്ചയായും അവർ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കില്ല. വിരോധാഭാസമെന്നു പറയട്ടെ, സൗദി അറേബ്യയിൽ പോലും, ഇപ്പോൾ സ്ത്രീകൾ നയിക്കുന്ന രസകരമായ ഒരു പാരിസ്ഥിതിക പ്രസ്ഥാനമുണ്ട്. ഇന്റർനെറ്റിൽ എഴുതുകയും ലഘുലേഖകളും പുസ്തകങ്ങളും നിർമ്മിക്കുകയും പരിസ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തെക്കുറിച്ചും വൃക്ഷങ്ങളുടെയും വെള്ളത്തിന്റെയും സംരക്ഷണത്തെക്കുറിച്ചും മറ്റും സംസാരിക്കുന്ന നിരവധി സ്ത്രീകൾ അവിടെയുണ്ട്. ഇത് കുറച്ച് സ്വാധീനം ചെലുത്തുന്നതാണ്. വളരെയധികം ഒന്നും ഇല്ലെങ്കിൽ പോലും, നേരിയ സ്വാധീനമെങ്കിലും അവർക്ക് ചെലുത്താൻ സാധിക്കുന്നുണ്ട്.

  • എലിസബത്ത്: പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇസ്‌ലാമിക സമൂഹവും മറ്റ് വിശ്വാസങ്ങളും തമ്മിൽ സഹകരണമുണ്ടോ?

നസ്ർ: പൊതുവായ പാരിസ്ഥിതിക ആശങ്കകളിൽ ക്രിസ്ത്യാനികളോടും ജൂതന്മാരോടും കൂടെ പങ്കെടുത്ത നിരവധി മുസ്‌ലിംകൾ ഉണ്ട്. നവംബറിൽ, ഞാൻ ഇസ്‌ലാമിക പ്രതിനിധി സംഘത്തെ വത്തിക്കാനിലേക്ക് നയിച്ചു. ഞങ്ങൾ മത സൗഹാർദ്ദം എന്ന ആഭിമുഖ്യത്തിൽ കർദിനാൾ [ജീൻ ലൂയിസ്] തൗറനുമായി കൂടിക്കാഴ്ച നടത്തി. സാമൂഹ്യ സ്വാധീനം ചെലുത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ മുസ്‌ലിംകളും കത്തോലിക്കരും തമ്മിലുള്ള സഹകരണമാണ് ഞങ്ങൾ ചർച്ച ചെയ്ത ഒരു വിഷയം.  സൈബീരിയയിലെ ഒരു നദിയുടെ ഗതി അല്ലെങ്കിൽ അതുപോലെയുള്ള എന്തെങ്കിലും മാറ്റണമെന്നല്ല ഞാൻ അർത്ഥമാക്കുന്നത്. എന്നാൽ രണ്ട് മതങ്ങളും ഉള്ള രാജ്യങ്ങളിലെ നിലനിൽക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ തീരുമാനം ഉണ്ടാകണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

  • എലിസബത്ത്: A Common Word എന്ന പ്രമാണത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാമോ ?

നസ്ർ: ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയായപ്പോൾ അദ്ദേഹം ജർമ്മനിയിൽ ഒരു പ്രസംഗം നടത്തി. ബൈസന്റൈൻ ചക്രവർത്തി ഇസ്‌ലാമിനെ ഏറ്റവും മോശമായി വിമർശിച്ചതിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.  ഇത് ഇസ്‌ലാമിക ലോകത്ത് ഒരു കോളിളക്കമുണ്ടാക്കി. അതിനെ തുടർന്ന് ഉണ്ടായി കലാപത്തിൽ ചിലർ കൊല്ലപ്പെട്ടു. എന്നാൽ കത്തോലിക്കാസഭയെയോ അല്ലെങ്കിൽ അതുപോലെയോ ആക്രമിക്കുന്നതിനുപകരം ധാരാളം ആളുകൾ എന്നെ ബന്ധപ്പെട്ടു.  ക്രിസ്‌ത്യാനിസവും ഇസ്‌ലാമും പങ്കിടുന്ന പൊതുവായ ആശങ്കകൾ കാണിക്കുന്നതിനായി “138 മുസ്‌ലിം നേതാക്കൾ A Common Word എന്ന പേരിൽ ഒരു പ്രമാണം സൃഷ്‌ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു, കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്‌സ് തുടങ്ങി എല്ലാ ക്രിസ്തീയ വിഭാഗങ്ങൾക്കും ഞങ്ങൾ ഈ പ്രമാണം അയച്ചു.

പക്ഷേ, കത്തോലിക്കർ ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചു. എങ്കിലും അവസാനം കത്തോലിക്കകാരുടെയും പ്രതികരണം വന്നു, ഞങ്ങൾ തന്നെയാണ് അവരെ അഭിസംബോധന ചെയ്തത്. പിന്നീട് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരുടെയും കർദിനാൾമാർ, മോൺസൈനർമാർ, ബെനഡിക്ട് മാർപ്പാപ്പ എന്നിവരുടെ നേതൃത്വത്തിൽ വത്തിക്കാനിൽ നിരവധി മീറ്റിംഗുകൾ ആരംഭിച്ചു.ഞാൻ മുസ്‌ലിങ്ങൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു.

പിന്നീട് ഫ്രാൻസിസ് മാർപാപ്പ മാർപ്പാപ്പയായപ്പോൾ, ഈ പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.  കഴിഞ്ഞ നവംബറിൽ ഞങ്ങൾ വീണ്ടും റോമിലേക്ക് പോയി. ഞാൻ വീണ്ടും മുസ്‌ലിം പ്രതിനിധി സംഘത്തെ നയിച്ചു. കർദിനാൾ തൗറാൻ കത്തോലിക്കാ പ്രതിനിധി സംഘത്തെ നയിച്ചു. ഞങ്ങൾ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു പക്ഷേ ഇത്തവണ പ്രധാനപ്പെട്ട ഒന്ന് പരിസ്ഥിതി ആയിരുന്നു.

  • എലിസബത്ത്: ചെറുപ്പത്തിൽ നിങ്ങൾ ശാസ്ത്രം (science )പഠിച്ചു.  പിന്നീട് നിങ്ങൾ മതവും തത്ത്വചിന്തയും( religion and philosophy)പഠിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.  എന്താണ് നിങ്ങളെ മാറ്റാൻ പ്രേരിപ്പിച്ചത്?

നസ്ർ: ഞാൻ അമേരിക്കയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുമ്പോൾ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വളരെ നല്ല വിദ്യാർത്ഥിയായിരുന്നു. അതിനാൽ ഞാൻ എം‌ഐ‌ടിയിലേക്ക് പോയി.  ഞാൻ 
ഭൗതികശാസ്ത്രം പഠിക്കണമെന്ന് എല്ലാവരും പറഞ്ഞു. ഭൗതികശാസ്ത്രം പഠിക്കുമ്പോൾ, യാഥാർത്ഥ്യത്തിന്റെ സ്വഭാവം, കുറഞ്ഞത് ശാരീരിക യാഥാർത്ഥ്യമെങ്കിലും ഞാൻ കണ്ടെത്തുമെന്ന് എനിക്ക് തോന്നി. എന്നാൽ ആധുനിക ഭൗതികശാസ്ത്രം ഭൗതികതയുടെ സ്വഭാവവുമായി കൈകാര്യം ചെയ്യുന്നില്ല, മറിച്ച് ഗണിതശാസ്ത്ര ഘടനയുമായി മാത്രമാണ് അത് ബന്ധപ്പെട്ടിട്ടുള്ളത് എന്ന് ഞാൻ താമസിയാതെ കണ്ടെത്തി. സത്യം തിരിച്ചറിഞ്ഞതിനാൽ ഞാൻ അതിനെ മാറ്റി നിർത്തി സയൻസിൽ നിന്നും പിൻവാങ്ങി. പിന്നീട് ഞാൻ അതിനെ കുറിച്ച്  അന്വേഷിക്കുകയായിരുന്നു. പക്ഷേ ശാസ്ത്രത്തിന്റെ ആധുനിക തത്ത്വചിന്തയിൽ സത്യത്തിന് അർത്ഥമില്ല. ഇത് ഇപ്പോൾ ഉപയോഗത്തിലില്ലാത്ത ഒരു വിഭാഗമായിരിക്കുന്നു. ഇത് എന്നെ ആഴത്തിലുള്ള ആത്മീയവും ദാർശനികവുമായ പ്രതിസന്ധിയിലാക്കി.  
എം‌ഐ‌ടിയിൽ പഠനം തുടരുന്നതിനിടയിൽ ഞാൻ പാശ്ചാത്യ തത്ത്വചിന്ത, കിഴക്കൻ തത്ത്വചിന്ത, മിസ്റ്റിസിസം എന്നിവയെക്കുറിച്ച് വായിക്കാൻ തുടങ്ങി, അവസാനം ഞാൻ ഒരു ഭൗതികശാസ്ത്രജ്ഞനാകാൻ ആഗ്രഹിക്കുന്നില്ലെന്ന് തീരുമാനിച്ചു.  ഞാൻ തത്ത്വചിന്തയെയും ശാസ്ത്രചരിത്രത്തെയും കുറിച്ചുള്ള പഠനത്തിലേക്ക് തിരിഞ്ഞു, എന്തുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളിൽ ശാസ്ത്രം വികസിപ്പിച്ചെടുത്തത് എന്ന് മനസിലാക്കാൻ ശ്രമിച്ചു.

വിവർത്തനം: സഫൂറ ഹാദിയ