ഇസ്‌ലാമിലെ ചിന്തയുടെ പ്രാധാന്യം
പ്രമുഖ മുസ്‌ലിം ചിന്തകനും പണ്ഡിതനുമായ സയ്യിദ് ഹുസൈൻ നസ്റുമായി സാഹിൽ ബദ്റുദ്ധീൻ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗം.
പാശ്ചാത്യ സർവകലാശാലകളിൽ മതം പഠിപ്പിക്കുന്നതിന്റെ ചരിത്രം
സാഹിൽ ബദ്റുദ്ധീൻ: 2014ൽ ബർണബിയിലെ ഇസ്മായിലി സെന്ററിൽവെച്ചു നടന്ന പ്രഭാഷണത്തിൽ “മതത്തെ കുറിച്ചുള്ള പഠനം മതേതരമായി തീർന്നിരിക്കുന്നു” എന്ന പരാമർശം താങ്കൾ ഉന്നയിച്ചുവല്ലോ. വിശേഷിച്ച്, ‘അമേരിക്കൻ കനേഡിയൻ’ സർവകാലാശാലകളിൽ ഇപ്പോൾ സംഭവിക്കുന്നത് എന്തെന്നാൽ, താങ്കൾക്ക് വിശ്വാസമില്ലാത്ത ഒരു വ്യവസ്ഥയിൽ നിന്ന് കൊണ്ടാണ് മതം പഠിപ്പിക്കുന്നത് എന്ന് താങ്കൾ അന്ന് പറഞ്ഞിരുന്നു. ബധിരനായിരിക്കെ സംഗീതം പഠിപ്പിക്കുന്നതിന് തുല്യമാണത്. മതത്തിൽ അല്ലാതെ മറ്റൊരു വ്യവസ്ഥയിലും ഇത് സംഭവ്യമല്ല.
ഡോ.ഹുസൈൻ നസ്ർ: അത് ശരിയാണ്.
സാഹിൽ: എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തുടർന്ന് എന്തൊക്കെ മാറ്റങ്ങളാണ് താങ്കൾ നിർദേശിക്കുന്നത്?
നസ്ർ: ഇതിന്റെ ഉത്തരം വളരെ വ്യക്തമാണ്. മന്ത്രിമാരെയും പുരോഹിതരെയും വാർത്തെടുത്ത വിശുദ്ധവിദ്യാലയങ്ങളും പിന്നെ ചില ക്രിസ്തീയ സർവകലാശാലകളും ഒഴികെയുള്ള മറ്റു പശ്ചാത്യ സർവകലാശാലകളൊക്കെയും ക്രമേണ മതേതരത്വത്തിന്റെ വളത്തടമായി മാറി കഴിഞ്ഞിരുന്നു. മുൻകാലങ്ങളിൽ മതത്തെ കുറിച്ചുള്ള പഠനം, പ്രത്യേകിച്ചും പാശ്ചാത്യ മതങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. പരമാർത്ഥങ്ങൾക്കും വിശ്വാസങ്ങൾക്കുമതീതമായി വസ്തുനിഷ്ഠമായ നിഷ്പക്ഷ ചരിത്ര വസ്തുതകളായി മതത്തെ പഠിച്ചിരുന്നുവെങ്കിൽ മാത്രമേ ഹിന്ദുയിസം, ബുദ്ധിസം, താവോയിസം, ഇസ്‌ലാം പോലുള്ള മതങ്ങളെ യുക്തിഭദ്രമായി കണക്കാക്കിയിരുന്നുള്ളു. ‘റിലീജിയൻസ് വിസ്സെൻശാഫ്റ്റ്’ അല്ലെങ്കിൽ ‘മതശാസ്ത്രം’ എന്ന് അറിയപ്പെടുന്ന ഒന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ ജർമനിയിൽ രൂപം കൊണ്ടു. പിന്നീടത് ഇംഗ്ലണ്ടിലേക്കും ഫ്രാൻസിലേക്കും തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും വ്യാപിച്ചു. സസ്യശാസ്ത്രം പോലുള്ള ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നത് പോലെ, മതത്തെയും ‘വസ്തുനിഷ്ഠമായി’ പഠനവിധേയമാക്കുകയും അതിനെ ഒരു പുതിയ ‘വിജ്ഞാനശാഖയായി’ വികസിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു ആശയം. ഈയൊരു വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഞാൻ ആ വിമർശനം നടത്തിയത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അവരുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ യുണൈറ്റഡ് സ്റ്റേറ്സിന്റെ പല ഭാഗങ്ങളിലുമുള്ള മതവകുപ്പുകളിൽ മതം പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥയായി ഈ കാഴ്ചപ്പാട് മാറി. ഒരാൾക്ക് തനിക്ക് വിശ്വാസമില്ലാത്ത വ്യവസ്ഥയിൽ നിന്ന് കൊണ്ട് തന്നെ മതം പഠിപ്പിക്കാമെന്ന സ്ഥിതി വിശേഷമുണ്ടായി. ഞാൻ നേരത്തെ പറഞ്ഞത് പോലെ, ലോകത്തിലേറ്റവും യുക്തിരഹിതമായ പ്രവർത്തിയായിരിക്കും ഇത്!
നിങ്ങൾ ഒരിക്കലും ബധിരരായ സംഗീതധ്യാപകരുടെ കീഴിൽ ഒരു സംഗീതവകുപ്പ് സൃഷ്ടിക്കുകയില്ല. സംഗീതകുറിപ്പുകളും, സ്വരചിഹ്ന രേഖയും മറ്റും അവരെ കൊണ്ട് വായിക്കാൻ പറ്റിയെന്നു വരാം, എന്നാൽ ഒരിക്കലും സംഗീതത്തെ വിലമതിക്കാൻ അവർക്കാവില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അവരുടെ അധ്യാപനങ്ങളെല്ലാം ആത്മനിഷ്ഠമാണെന്ന് നമുക്ക് അനുമാനിക്കാം. ബാഷ്, ബീതോവീൻ, ബ്രഹ്‌മ എന്നിവരെ അറിയലും, അംഗീകരിക്കലുമെല്ലാം അവരുടെ ശ്രേണികളെ ആത്മനിഷ്ഠമാക്കും. ഞാൻ മുമ്പ് പറഞ്ഞത് പോലെ എത്ര യുക്തിഹീനമാണിത്. ഞാൻ എം.ഐ.ടി യിലാണ് ഭൗതികശാസ്ത്രം പഠിച്ചത്. അവിടുത്തെ ഭൗതിക ശാസ്ത്ര വകുപ്പിൽ, പ്രൊഫസർമാർക്ക് തങ്ങളുടെ വിജ്ഞാന ശാഖയോട് ഒരു കൂറുണ്ടായിരുന്നതായി കാണാം. ലബോറട്ടറിയിൽ അവർ അതിനെ നിരുപാധികം വസ്തുനിഷ്ഠമായി വീക്ഷിച്ചു. മിക്കവരുടെയും പ്രാപഞ്ചിക വീക്ഷണം പോലും ഭൗതികശാസ്ത്രത്തിനാൽ നിശ്ചയിക്കപ്പെട്ടു. അവർക്ക് ആ പ്രാപഞ്ചിക വീക്ഷണത്തിനോട് ആഴത്തിൽ വ്യക്തിഗതമായ ഒരു അടുപ്പമുണ്ടായിരുന്നു. അവർ ലോകത്തെ കണ്ടത് ഭൗതിക ശാസ്ത്രത്തിന്റെ കണ്ണിലൂടെയായിരുന്നു. അതിനർത്ഥം അത്രയും അവർ അതുമായി ഇഴുകിച്ചേർന്നിരുന്നുവെന്നതാണ്. തീർച്ചയായും ശാസ്ത്രം പൂർണമായി വസ്തുനനിഷ്ഠമാണെന്ന് അവകാശപ്പെടുന്നു. പക്ഷെ ആ അവകാശവാദം പോലും താത്വികമായി തെറ്റാണ്.
വിചിന്തനമില്ലായ്മയുടെ അംഗീകാരവും മുസ്‌ലിങ്ങൾക്കിടയിലെ ധിഷണാ വിരുദ്ധതയും
സാഹിൽ: നമ്മൾ പലപ്പോഴും ഇസ്‌ലാമിന്റെ യുക്തി/ഭൗതിക പാരമ്പര്യത്തെ കുറിച്ച് വാചാലരാകാറുണ്ട്. മുസ്‌ലിങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന യുക്തിവിരോധ പ്രവണതകൾ, “യുക്തിയില്ലായ്മയുടെ അംഗീകാരം(The great honor of not thinking)” എന്നിവയെ കുറിച്ച് ആധുനികതയും ഇസ്‌ലാമും എന്ന പ്രഭാഷണത്തിൽ താങ്കൾ സംസാരിച്ചിരുന്നു. ഇസ്‌ലാമിൽ വളരെ അടുത്തിടെയാണ് ഇത് സംഭവ്യമായതെന്ന് നിങ്ങൾ പറഞ്ഞുവല്ലോ. ഇൽമ്, വിജ്ഞാനം, വിജ്ഞാനം കരഗതമാക്കൽ, പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന മുഴുവൻ ഇസ്‌ലാമിക സംസ്കാരത്തിനും എതിരാണിത്.
“വിചിന്തനമില്ലായ്മയുടെ അല്ലെങ്കിൽ യുക്തിയില്ലായ്മയുടെ അംഗീകാരം ” എന്നത് കൊണ്ട് താങ്കൾ എന്താണ് അർത്ഥമാക്കുന്നതെന്ന് വിശദീകരിക്കാമോ?
നസ്ർ: മറ്റു മതങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിന്താധാരകളെ പോലെ, ‘ദൈവങ്ങൾ’ എന്താണോ പറയുന്നത് അത് മാത്രം പിന്തുടരാനും അതിനെ കുറിച്ച് മറ്റൊന്നും ചിന്തിക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നതും മതകാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും ധ്യാനിക്കുന്നതിനും തടസ്സം നിൽക്കുന്നതുമായ എന്തോ ഒരു ഘടകം നമ്മുടെ ഇസ്‌ലാമിക ലോകത്തും വികസിതമായിരിക്കുന്നുവെന്നാണ് ഞാൻ ഉദ്യേശിച്ചത്. അതിനാൽ ഇത്തരത്തിലുള്ള പ്രതിഭാസം ഇസ്‌ലാമിനകത്തും രൂപം കൊള്ളുന്നതായി ഞാൻ നിരീക്ഷിക്കുന്നു. എന്നാലോ, ആധുനിക കാലഘട്ടത്തിന് മുൻപ് ഇത് എല്ലായ്പ്പോഴും വെറുമൊരു ന്യൂനപക്ഷ ശബ്ദം മാത്രമായിരുന്നു. പണ്ടുകാലത്ത് മുസ്‌ലിംകൾ എപ്പോഴും ഖുർആനിന്റെയും ഹദീസിന്റെയും അനുശാസനങ്ങൾക്കനുസൃതമായി ചിന്ത, വിജ്ഞാനം, ഗൃഹണശക്തി എന്നിവയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയിരുന്നു. യഥാർത്ഥത്തിൽ ഒരാൾ ദൈവവുമായി അടുക്കുന്നതിനെ ഖുർആൻ നമ്മുടെ അഖ്ൽ ഉപയോഗിക്കുന്നതിനോട് സമീകരിക്കുന്നുണ്ട്. മതത്തിന്റെ യാഥാർഥ്യം മനസിലാക്കാത്തവർ ഒരിക്കലും അവരുടെ ബുദ്ധി ഉപയോഗിക്കുന്നില്ല. അവർ ശരിയായ ദിശയിൽ ചിന്തിക്കുന്നില്ല. അതിനാൽ അവർക്കത് മനസിലാക്കാൻ കഴിയുന്നില്ല. അറിവിന്റെ പ്രാമുഖ്യം വിശ്വാസവുമായി ഏകീകരിച്ചാണ് ഖുർആൻ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. അതിൽ തന്നെ ഏറ്റവും പരോമോന്നതമായ “ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസൂലുല്ലാഹ്” (അല്ലാഹു അല്ലാതെ ആരാധനക്ക് അർഹൻ
മറ്റാരുമില്ല) എന്ന ഈ ഒരു ആശയത്തിൽ നിന്നാണ് മറ്റെല്ലാ തരത്തിലുമുള്ള ആധികാരിക വിജ്ഞാനങ്ങളും ഒഴുകിയെത്തുന്നത്. ഇന്ന് ഇസ്‌ലാമിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമേരിക്കൻ ബോംബുകളോ സാമ്രാജ്യത്വ ആധിപത്യമോ അല്ല. ആശയങ്ങളുടെ വെല്ലുവിളിയാണ്. ആശയങ്ങളാണ് ഇസ്‌ലാമിന്റെ മുഴുവൻ നിലനിൽപ്പിനും വെല്ലുവിളിയായി ഉയരുന്നത്. അതായത്, നമുക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ‘യുക്തി’ തന്നെയാണ്. അതിനെ യുക്തി വിരുദ്ധത കൊണ്ടല്ല നേരിടേണ്ടത്. ഒരുവശത്ത്, പാശ്ചാത്യരോട് ചെറുത്തു നിൽപ്പ് നടത്തുമ്പോൾ മതത്തിന്റെ ഭദ്രത ഉറപ്പാക്കപ്പെടുന്നു. എന്നാൽ ചില സമൂഹങ്ങളിൽ ഇത് ദുർബലപ്പെടുന്നതായി കാണാം. മറുവശത്തു ഭൗതിക/യുക്തി വിരുദ്ധത കൊടികുത്തി വാഴുന്നു.
സാഹിൽ: അതേ ശൈലിയിൽ പുതിയ ചിന്തകളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാതെ നമ്മളിൽ ശരിക്കും അവശേഷിക്കുന്നത് നിലവിലുള്ള മുൻകാല അറിവുകൾ മാത്രമാണ്. ഒടുവിലത് പ്രമാണികമായ യാഥാസ്ഥിതികതയുടെ ചോദ്യം ചെയ്യപ്പെടാനൊക്കാത്ത പരമ്പരാഗത അനുശാസനമായി അധഃപതിക്കുന്നു. ഇത്തരം അനാരോഗ്യകരമായ പ്രവണതകളെ അപജയിക്കാൻ എന്താണ് നമുക്ക് ചെയ്യാൻ കഴിയുക?
നസ്ർ: ഒന്നാമതായി തന്നെ ‘താത്വിക യാഥാസ്ഥിതികത’ എന്ന പ്രയോഗത്തിന്റെ പ്രതികൂല ഉപയോഗത്തിനോട് ഞാൻ നിങ്ങളോട് വിയോജിക്കുന്നു. നിങ്ങൾ എന്താണ് ഉദ്യേശിക്കുന്നത് എന്ന് എനിക്കറിയാം. എന്നാൽ അത് ആധുനികതയോടുള്ള മുൻവിധിയാണ്. പ്രമാണം/സിദ്ധാന്തം എന്നത് ഒരു മധ്യകാല ക്രിസ്തീയ പദമാണ്. യഥാർത്ഥത്തിൽ അത് ഉണ്മയെ അടിസ്ഥാനമാക്കിയുള്ളതും മറ്റു മതസിദ്ധാന്തങ്ങളെയും ദൈവത്തെയും കുറിച്ചുള്ള ആധികാരിക വിശ്വാസമാണ്.
‘യാഥാസ്ഥിതികത്വം’ എന്നാൽ സ്വിറാത്തുൽ മുസ്തഖീം’ അഥവാ ‘നേരായ മാർഗ്ഗം’, ‘നേരായ പ്രമാണം( ortho- docta)’ എന്നാണ്. ഞാൻ എന്നെ പൂർണ്ണമായി ഒരു യാഥാസ്ഥിതികനായി കണക്കാക്കുന്നു, എന്നാൽ എന്റെ ആശയങ്ങളെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിച്ചു കൊണ്ട് ഞാൻ എന്നെ തന്നെ കർക്കശ വിശ്വാസമുള്ള ഒരാളായി കണക്കാക്കുന്നില്ല.
മതവിശ്വാസത്തിനു പുറമെ, എന്റെ വിശ്വാസങ്ങൾക്കായി വാദങ്ങൾ ഉന്നയിക്കാൻ എനിക്ക് കഴിയും. എന്റെ ദർശനത്തെ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ എനിക്കാവില്ല. കാരണം നിരന്തരമായ പഠനങ്ങളിലൂടെയും ഉറച്ച ആസ്ഥിക്യത്തിലും ധൈഷണികതയിലൂടെയും അതിന്റെ ഉന്മയിൽ ദൃഢത ആർജ്ജിച്ചെടുത്ത ഒരു വ്യക്തിയാണ് ഞാൻ. അതിനെ കുറിച് അനേകം വായിക്കുകയും എഴുതുകയും അതിൽ അടങ്ങിയിരിക്കുന്ന സത്യ നിശ്ചയത്തിന്റെ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകളായി അറിവുകൾ പകർന്നു കൊടുക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുമുണ്ട്.
സമകാലിക ഭാഷയിൽ പാരമ്പരാഗത ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യൽ
നസ്ർ: ജീവനുള്ള മതം യഥാർത്ഥത്തിൽ ഒരു നീരുറവ പോലെയാണ്. അതിൽ നിന്ന് തെളിനീര് ഒഴുകുന്നു. അത് പിന്നീട് ചുറ്റുമുള്ള വയലുകളെ കുളിരണിയിക്കുന്നു. വയലുകളുടെ ദാഹം ശമിപ്പിക്കുന്നു. അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കലും നീരുറവ സ്വയം മാറേണ്ടതില്ല. എന്നാൽ അതിന് ചെയ്യാൻ കഴിയുക, ഉത്തേജിപ്പിക്കുന്ന തെളിനീരുറവയായി സജീവമായി ഒഴുകുക എന്നതാണ്. എന്താണ് ഇന്നത്തെ ഇസ്‌ലാം, എന്താണ് ആധുനികത, എന്താണ് പരിഷ്കരണം, എന്നിവ പലപ്പോഴും നിർവചിക്കപ്പെടുക ഇസ്‌ലാമിക പാരമ്പര്യത്തെ കുറിച്ച് ദുർബല യുക്തിപരിജ്ഞാനമുള്ള ആളുകളിലൂടെയാണ്.
ഇരുപത് വർഷത്തിനിടയിൽ, അവരുടെ എഴുത്തുകൾക്ക് വായനക്കാരുണ്ടോ?
എനിക്കുറപ്പാണ് മൂപ്പത് വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധരായ പല പരിഷ്കർത്താക്കളും പാക്കിസ്ഥാനിലോ മറ്റു ഇസ്‌ലാമിക രാജ്യങ്ങളിലോ എഴുതിയിരുന്നതായും നിരവധി വൈജ്ഞാനിക വ്യവഹാരങ്ങൾ നടത്തിയിരുന്നതുമായുള്ള ഉദാഹരണങ്ങൾ നിങ്ങൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ അവരെ കുറിച്ച് ഇന്ന് കേട്ടുകേൾവിപോലുമില്ല. ആരും അതിനെ കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും വിസ്‌മൃതിയിലാണ്ട് പോയി. പരമ്പരാഗത ഇസ്‌ലാമിനെ സമകാലീന ഭാഷയിൽ അവതരിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. അനന്തമായ യാഥാർഥ്യങ്ങളെ സമകാലിക ഭാഷയയിൽ എഴുതാൻ നമുക്ക് കഴിയണം. എന്നാൽ പാരമ്പര്യ ഇസ്‌ലാമിന്റെ സത്ത ചോർന്നു പോകാനും പാടില്ല.
സാഹിൽ: അതെ, ഞാൻ അതിനോട് പൂർണ്ണമായും യോജിക്കുന്നു.
നസ്ർ: നാം ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. അതിനാൽ ഈ പഴയ ആശയങ്ങളൊക്കെ ദൂരെ കളയാമെന്ന് നമ്മളിൽ ആരും പറയാറില്ല. പഴമയെ തന്നെയാണ് എല്ലാവരും ഇപ്പോഴും പിന്തുടരുന്നതും. രണ്ടും രണ്ടും കൂട്ടിയാൽ നാല് എന്ന സംഖ്യ ലഭിക്കും എന്ന സങ്കലന പ്രക്രിയ പൈത്തഗോറസിന്റെ കാലം മുതൽ ഉള്ളതാണ്. പക്ഷേ അത് പഴയത് ആണെന്ന് പറഞ്ഞു ആരും അതിനെ ഒഴിവാക്കുന്നതായി കാണുന്നില്ലല്ലോ. പകരം സങ്കലനത്തിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അടിസ്ഥാന തത്വത്തിൽ നിന്ന് മാറ്റങ്ങൾ വരുന്നില്ല താനും. അതേപോലെ തന്നെയാണ് മതത്തിന്റെ കാര്യവും.
സാഹിൽ: തീർച്ചയായും.
നസ്ർ: മുസ്‌ലിങ്ങൾ എന്ന നിലയിൽ ഇന്ന് ഇസ്‌ലാമിക ലോകം നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളുടെ ഉത്തരവാദിത്വം നാം ഓരോരുത്തരും പങ്കിടേണ്ടതുണ്ട്. നമ്മുടെ ഇന്നത്തെ അവസ്ഥയെ സൃഷ്ടിക്കുന്നതിൽ പടിഞ്ഞാറിന് ഒരു പ്രധാന പങ്കുണ്ട്. എന്നിരുന്നാലും പശ്ചാത്യരെ മാത്രം അധിക്ഷേപിക്കാൻ നമുക്കാവില്ല. നാം ഓരോരുത്തരും സ്വയം നമ്മുടെ തെറ്റുകളെ അംഗീകരിക്കണം. അതിനെ തിരുത്താനും തയ്യാറാവണം. നമ്മളിലെ നല്ലൊരു ശതമാനം ബുദ്ധിജീവി വിഭാഗവും ഇസ്‌ലാമിക ചിന്തയിലും സംസ്കാരത്തിലും താൽപര്യം ഇല്ലാത്തവരായി തീർന്നിരിക്കുന്നു. മറിച്ച് അവർ പാശ്ചാത്യ ആശയങ്ങൾ, ചിന്തകൾ, ഭാഷകൾ തുടങ്ങിയവ പഠിക്കാൻ ശുഷ്കാന്തി കാണിക്കുകയും, അതിന് പിന്നാലേ പോകാൻ ആരംഭിക്കുകയും ചെയ്തു. അത്തരം ആളുകൾ മുസ്‌ലിം നാമങ്ങൾ പേറി മൂന്നാം കിട പാശ്ചാത്യ ബുദ്ധിജീവികളായി മാറി. നമ്മുടെ ബുദ്ധിജീവി സമൂഹത്തിന്റെ മറ്റൊരു വിഭാഗം പരമ്പരാഗത ബുദ്ധിജീവികളായിരുന്നു. അവർക്കാകട്ടെ പത്തൊൻപതാം നൂറ്റാണ്ട് മുതൽ ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയാനോ അതിനോട് വേണ്ടവിധത്തിൽ പ്രതികരിക്കാനോ സാധിച്ചില്ല. പരമ്പരാഗത മുസ്‌ലിം ബുദ്ധിജീവികളിൽ കുറച്ച് പേരൊഴികെ ബാക്കി എല്ലാവരും മുഖ്യധാരയിൽ നിന്നും അകന്ന് നിന്നു. കുറച്ചാളുകൾ മിതവാദികളായ ആധുനിക വാദികളോ അല്ലെങ്കിൽ മൗലികവാദികളോ ആയി മാറി. ഇസ്‌ലാമിന്റെ കേന്ദ്രമാതൃകകളെ പുനഃസ്ഥാപിക്കാൻ മാത്രമുള്ള ധൈഷണിക ശക്തി അവർക്കില്ലായിരുന്നു. അവരിൽ ചിലർ ശക്തരായിരുന്നു. ചിലരോ ദുർബലരും. എന്നാൽ ആർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ, ഇസ്‌ലാമിക പാരമ്പര്യത്തിൽ ആഴത്തിൽ വേരുറപ്പിക്കേണ്ടതും സമകാലികരാകേണ്ടതുമായ ഒരു സാഹചര്യത്തിലാണ് നാമിപ്പോൾ നിലകൊള്ളുന്നത്. ചില ആളുകൾ കരുതുന്നത് പോലെ സമകാലികതയും പാരമ്പര്യവും പരസ്പരവിരുദ്ധങ്ങളല്ല.
സാഹിൽ: തീർച്ചയായും. പക്ഷേ താങ്കൾ ഈ പറയുന്നതിന് സാധ്യത എങ്ങനെയായിരിക്കും?
നസ്ർ: ഞാൻ ഒരു പരമ്പരാഗത മുസ്‌ലിമാണ്. അതെ സമയം ആധുനികവും സമകാലികവും ആയ ഭാഷയിൽ ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. ഇത് സാധ്യമാണ്. മുസ്‌ലിം ലോകത്ത് ജീവിക്കുന്ന ഇനി വരാനിരിക്കുന്ന യുവ മുസ്‌ലിം സമൂഹം പ്രത്യേകിച്ച്, പടിഞ്ഞാറിനെ നന്നായി അറിയുന്ന അവിടങ്ങളിലെ മുസ്‌ലിം യുവത്വം ഒരിക്കലും പടിഞ്ഞാറൻ രാജ്യങ്ങൾ പടച്ചു വിടുന്ന ഉപരിപ്ലവമായ കാര്യങ്ങളിൽ വഞ്ചിതരാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇൻ ഷാ അല്ലാഹ്. ഇസ്‌ലാമിനെ ആധികാരികമായി പരമ്പരാഗത വീക്ഷണകോണിലൂടെ നോക്കികാണാനും മതത്തെ സമകാലികമായി അവതരിപ്പിക്കാനും കാര്യങ്ങളെ ആഴത്തിൽ പഠിക്കാനും അവർക്ക് സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ശരത്കാലത്ത് വൃക്ഷങ്ങൾ മരണത്തെ പുൽകുന്നുവെന്ന ഭാവത്തിൽ ഇലകൾ പൊഴിക്കുകയും നഗ്നമായ അതിന്റെ ശാഖകളെ വെളിപ്പെടുത്തുകയും ചെയുന്നു. എന്നാൽ വസന്തം വന്നെത്തിയാൽ അതിന്റെ ചില്ലകൾ പച്ചിലാകളാൽ സമ്പുഷ്‌ടമാകുന്നു. ഒരു പക്ഷെ അതേ വൃക്ഷം പുതുതായി തോന്നാമെങ്കിലും പുതിയ തളിരുകൾ വന്ന പഴയ വൃക്ഷം തന്നെയാണത്. കാലാനുസൃതമായ ചക്രങ്ങളിലൂടെ വൃക്ഷം കടന്ന് പോകുമ്പോൾ അത് അതിന്റെ യഥാർത്ഥ സ്വഭാവം വീണ്ടെടുക്കുന്നു. അത് അതിന്റെ സ്വത്വവുമായി തുടരുന്നു. കഴിഞ്ഞു പോയ ഋതുക്കളിലേതുപോലുള്ള ഫലങ്ങൾ അത് പുറപ്പെടുവിക്കുന്നു. എന്നാൽ ഇത് അതിന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടമാണ്.
വിവർത്തനം: സമീഹ സലീം അൽ ഫിഹ്‌രി