ദൈവിക തലങ്ങളുടെ നിഗൂഢതയും മനുഷ്യ മനസ്സിന്റെ അപ്രാപ്യതയും

‘ജ്ഞാനികളുടെ ഹൃദയം ദൈവത്തിന്റെ ആത്മ പ്രകാശന വേദിയാകുന്നു. ഓരോ ആത്മ പ്രകാശനവും സമ്പൂര്‍ണവും അനന്യവുമാകുന്നു’-

ഇബ്‌നു അറബി

നമുക്ക് ചുറ്റും നിലകൊള്ളുന്ന ചലനവും നിശ്ചലനവുമായ പരകോടി വസ്തുക്കളുടെ അന്ത:സത്തയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍, ഇത്രയും കൃത്യമായ നിലയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്ന ഒരദൃശ്യ ശക്തിയുടെ ചേതനയെ, ചിന്തിക്കുന്ന ഏതൊരു മനുഷ്യനും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. കേവലം നേത്ര ദര്‍ശനങ്ങള്‍ക്കപ്പുറത്ത് ഉള്‍ക്കാഴ്ചയുടെ അനന്യമായ തലങ്ങള്‍ ഒളിഞ്ഞിരിക്കുന്നതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ നിരവധി തവണ ‘യാ ഉലുല്‍ അല്‍ബാബ്’ എന്ന്നമ്മെഅഭിസംബോധന ചെയ്യുന്നത്. ഒരു പൂമൊട്ട് വളര്‍ന്ന് പൂവാവുന്നത് വരെയുള്ള കാലം, അല്ലെങ്കില്‍ ഒരു വിത്ത് വളര്‍ന്ന് പടുവൃക്ഷമാവുന്നത് വരെയുള്ള കാലം.

രണ്ടിടത്തും മൊട്ടിനെയും പൂവിനെയും വിത്തിനെയും വൃക്ഷത്തെയും അതിന്റേതായ ദൃശ്യതയില്‍ നാം കാണുന്നുണ്ടെങ്കിലും വിത്തില്‍ നിന്നും വൃക്ഷത്തിലേക്കും മൊട്ടില്‍ നിന്നും പൂവിലേക്കുമുള്ള വളര്‍ച്ചയുടെ ആന്തരിക തലങ്ങള്‍ നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമാണ്. ഇവിടെ അദൃശ്യത സൃഷ്ടിക്കുന്ന ഇരുമ്പു മറ ദൈവിക കാലമാണ്. അഥവാ ദൈവിക കാലവും മനുഷ്യ കാലവും അന്തരമാക്കുന്ന മറ. ഇത്തരത്തില്‍ ദൈവത്തിന്റെ ദൃശ്യതയിലും മേല്‍നോട്ടത്തിലും സദാ അനുഗ്രഹീതമാകുന്ന സൃഷ്ടി വൈഭവങ്ങളുടെ ചുരുളഴിയാത്ത രഹസ്യങ്ങള്‍ കേവലം ആരാധനക്ക് വേണ്ടി മാത്രം പടക്കപ്പെട്ട മനുഷ്യവര്‍ഗത്തിന് അജ്ഞാതമാണ്.

ദൈവ നിഷേധത്തിന്റെ മൂടുപടമണിഞ്ഞു ഗീര്‍വാണം മുഴക്കുന്ന സര്‍വ്വ ഇടമുറകുകളും തങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവിക ചേതനയുടെ വ്യവഹാര പ്രക്രിയകള്‍ തിരിച്ചറിയാത്തതാണ് അവര്‍ക്ക് പിണഞ്ഞ ഏറ്റവും വലിയ ആപത്ത്. ആന്തരികാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ കോണുകളിലൊക്കെയും വ്യാപിച്ചു കിടക്കുന്ന ദൈവിക ശക്തിയുടെ അനന്യമായ തലങ്ങളാണ് മനുഷ്യരെന്ന ദൈവത്തിന്റെ ഇഷ്ട ദാസന്മാരിലേക്ക് തന്നുടെ സൃഷ്ടി വൈഭവത്തിന്റെ മനോഹാരിതയെ പ്രതിഫലിപ്പിക്കുന്നത്. ഒരു ക്യാമറക്കും പകര്‍ത്തിയെടുക്കാന്‍ കഴിയാത്തത്ര ചിത്രം പകര്‍ത്തുന്ന അവന്റെ കണ്ണുകളിലൂടെ ദൈവമാണ് അതിനെ പകര്‍ത്തിയെടുക്കുന്നത്.

ലോകത്ത് ഇന്നേ വരെ കണ്ടുപിടിച്ച ഒരു മെമ്മറിക്കും സാധിക്കാത്ത വിധത്തിലാണ് ഓരോ ഞെരമ്പിന് 8ജിബി എന്ന നിലയില്‍ 10 കോടിയോളം ഞെരമ്പുകളില്‍ ഡാറ്റ സൂക്ഷിക്കാനുതകുന്ന തരത്തില്‍ തലച്ചോറിനെ ദൈവം സജ്ജീകരിച്ചത്. ഏറ്റവുമുപരി മനുഷ്യപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജകേന്ദ്രമായി വര്‍ത്തിക്കുന്ന മസ്തിഷ്‌ക -ഹൃദയ കൈമാറ്റ പക്രിയക്ക് ദൈവം കണക്കാക്കുന്ന വേഗത സങ്കല്‍പ്പങ്ങള്‍ക്ക് പോലും അധീതമാണ്. ബുദ്ധിയെ ചലനാത്മകവും ശക്തവുമാക്കുന്ന ഹൃദയ -മസ്തിഷ്‌ക സക്രിയ ബന്ധുത്വം ചിന്തയുടെയും ഭാവനയുടെയും വൈദ്യുത കേന്ദ്രമായി മനുഷ്യ മനസ്സുകളെ ഉത്തേജിപ്പിക്കുകയാണ്.

ഹൃദയവും മസ്തിഷ്‌കവും ലംബ തലത്തില്‍ നിര്‍ത്തി ശ്വസന ക്രമത്തിലൂടെ രക്തപ്രവാഹം ഗാഢമാക്കി തീര്‍ത്ത് ഏകാഗ്രതയില്‍ ദൈവത്തിന് സ്‌ത്രോത്രമര്‍പ്പിക്കുന്നതാണ് ആത്മജ്ഞാനികളുടെ ധ്യാനത്തിന്റെ ശാരീരിക കര്‍മം. ലോകത്തിലെ മനുഷ്യ നിര്‍മിതമായ ഏതൊരു റോബോട്ടും ദൈവം സൃഷ്ടിച്ച മനുഷ്യനോളം സമ്പൂര്‍ണ്ണമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

അങ്ങനെ ചുരുളഴിയാത്ത രഹസ്യമായി ദൈവവും ദൈവികതയും മാറുമ്പോള്‍ അദൃശ്യതയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ദൈവം തന്റെ പ്രിയ സ്‌നേഹിതനെ സൃഷ്ടിക്കുകയാണ്. ആരംഭമില്ലാത്ത ദൈവം തന്റെ ഇഷ്ടദാസന്റെ പ്രകാശത്തെ, നേരത്തെ പടച്ചു വെച്ചത് കാലേ കൂട്ടിയായിരിക്കണം. ആ ഒരു പ്രകാശത്തില്‍ നിന്നും സകല ഉണ്മകളെയും സൃഷ്ടിച്ച റബ്ബ് എത്ര മേല്‍ സ്‌നേഹമാണ് തന്റെ അനുരാഗിയില്‍ ചൊരിഞ്ഞത്.

അവസാനം ആ പ്രകാശം ഭൂമിയില്‍ നിക്ഷേപിക്കണമെന്നുള്ള നിയോഗത്തിലാണ് അണ്ഡകടാഹങ്ങളെ ദൈവം തമ്പുരാന്‍ പടച്ചു വെക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം ആദമെന്ന മനുഷ്യനിലൂടെ ആദി ലോകത്തെ ആദ്യ മനുഷ്യ സൃഷ്ടിയെ തന്റെ പ്രേമ പ്രവാചകന്റെ നിയോഗത്തിന് സഹായ വര്‍ത്തിയെന്ന നിലയില്‍ ഉടയ തമ്പുരാന്‍ സൃഷ്ടിക്കുകയാണ്. ഒടുവില്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനാല്‍ സ്വര്‍ഗ ബഹിഷ്‌കൃതനാവുന്ന ആദം പ്രവാചകന് തന്റെ ഇഷ്ട ദാസന്റെ നാമത്തിന്റെ ഉത്തുംഗതയില്‍ ക്ഷമ ചോദിച്ചതിനാല്‍ പാപമോക്ഷം നല്‍കുന്ന ദൈവം മനുഷ്യവര്‍ഗ്ഗത്തിന്റെ സക്രിയമായ നവോന്മേഷത്തിന്റെ ഉപോല്‍ബലകമായി ഭൂമിയില്‍ വര്‍ത്തിക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കുകയാണുണ്ടായത്.

ആദ്യ പ്രവാചകന്റെ മുതുകില്‍ തന്റെ പ്രിയ സ്‌നേഹിതന്റെ പ്രകാശം നിക്ഷേപിക്കുന്ന ദൈവം സാഷ്ടാംഗം നമിക്കുന്നവരുടെ പരമ്പരയിലൂടെ ആ പ്രകാശത്തിന്റെ കൈമാറ്റം അറേബ്യയിലെ മക്കാ മണല്‍ത്തരിയിലെ ഉന്നതകുല ഗോത്രമായ ഖുറൈശി ഗോത്രത്തലവന്‍ അബ്ദുല്‍മുത്വലിബ് എന്നിവരിലൂടെയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇളയ പുത്രന്‍ അബ്ദുള്ള എന്നിവരിലൂടെയും സാധ്യമാക്കുകയായിരുന്നു. തുടര്‍ന്ന് വഹബിന്റെ മകള്‍ ആമിനയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ആ പ്രകാശനത്തിന്റെ പരിസമാപ്തിയെന്നോണം AD 571ന് റബീഉല്‍ അവ്വല്‍ 12 ന്റെ പുതു പുലരിയില്‍ പ്രവചിത പ്രവാചകന്‍ മക്കാ ദേശത്ത് ഭൂജാതനാവുകയാണുണ്ടായത്. സത്യത്തിന്റെ മനോഹാരിതയില്‍ അല്‍ അമീനായി കളങ്കമറ്റ ജീവിതം നയിച്ച പ്രവാചകന്‍ തെറ്റുകള്‍ക്ക് പിടികൊടുക്കാതെ സത്യത്തിലൂന്നിയായിരുന്നു പിന്നീടുള്ള കാലമത്രയും ജീവിച്ചത്.

നാല്‍പതാം വയസ്സില്‍ ദിവ്യസന്ദേശം ലഭിച്ച പ്രവാചകന് ഉടയ തമ്പുരാന്‍ അദൃശ്യതയുടെ ഖജനാവിന്റെ താക്കോല്‍ സമ്മാനിക്കുകയായിരുന്നു. അവസാനം കാലേ കൂട്ടിയുള്ള നിയോഗമെന്നോണം സ്‌നേഹ പ്രവാചകന്‍ ഏഴാനാകാശവും ഭേദിച്ചു കൊണ്ട് ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് കുതിക്കുന്നതും പരമാര്‍ത്ഥത്തെ നേരില്‍ കണ്ട് സംസാരിക്കുന്നതുമെല്ലാം ഒരൊറ്റ രാത്രിയുടെ യാമത്തിലായിരുന്നു.

ദൈവികതയുടെ നിഗൂഢ തലങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന പ്രവാചകന്‍, ദൈവിക ചേതനയിലലിയാനുള്ള ധാരാളം മാര്‍ഗങ്ങളും പിടിവള്ളികളുമെല്ലാം തന്റെ സ്‌നേഹിതരായ ഉമ്മത്തിനും പറഞ്ഞു കൊടുത്തു. ആ പിടിവള്ളികളെ മുറുകെ പിടിച്ചവരാണ് ആത്മജ്ഞാനികള്‍. അവരുടെ നിശ്വാസത്തില്‍ നിന്നും പുറപ്പെടുന്ന ഓരോ ശ്വാസ കണികകളിലും അല്ലാഹ് എന്ന നാമം നിരന്തരം പ്രതിപ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

സൂക്ഷ്മതയുടെ അതി പ്രസരം അവരെ എപ്പോഴും കീഴ്പ്പെടുത്തി കൊണ്ടേയിരിക്കും. ഒരു സൂഫി ഗുരുവിനോട് താങ്കള്‍ എന്താണ് അല്ലാഹ് എന്ന് മാത്രം പറയുന്നത്. എന്ത് കൊണ്ട് ലാഇലാഹ ഇല്ലല്ലാഹ പറഞ്ഞ് കൂടാ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ലാഇലാഹ എന്ന് പറഞ്ഞയുടന്‍ എന്റെ ആത്മാവിനെ അല്ലാഹു തിരിച്ചു വിളിച്ചാല്‍ ഞാന്‍ ദൈവ നിഷേധിയാവില്ലേ എന്നായിരുന്നു മറുപടി. ദൈവത്തിന്റെ ആത്മപ്രകാശന വേദിയായി അവരുടെ ഹൃദയങ്ങള്‍ രൂപാന്തരം പ്രാപിക്കും.

അവസാനം ഏകീഭാവത്തിന്റെ കൊടുമുടിയില്‍ ദൈവമവരെയും അവര്‍ ദൈവത്തെയും മാറോടണക്കി ഒറ്റ സ്വത്വമെന്ന മഹത്തായ സൂഫി ദര്‍ശനത്തിലേക്ക് സൃഷ്ടാവിന്റെ എല്ലാവിധ ബഹുമാനങ്ങളും അര്‍പ്പിക്കലോടു കൂടി പ്രവേശിക്കുകയും ചെയ്യും. അങ്ങനെയാണ് അവര്‍ തീരുമാനിക്കുകയും ദൈവം നടപ്പിലാക്കുകയും ചെയ്യുന്നത്.

അല്ല, അവര്‍ കരുതുന്നത് നടത്തപ്പെടാനുള്ള ദൈവ തീരുമാനം സാക്ഷാത്കൃതമാവുന്നത്. അവരുടെ കണ്ണുകളായും കാതുകളായും കൈകളായും കാലുകളായും മനസ്സ് പോലുമായും ദൈവം അവരില്‍ അനുഗ്രഹം ചൊരിയുന്നത്. അത് കൊണ്ടാണ് സത്യമായ ദൈവത്തെ പുല്‍കിയ തങ്ങളും സത്യമാണെന്ന് വാദിക്കാന്‍ അവരെ പ്രേരിപ്പിച്ചതും ദൈവികതയിലേക്കുള്ള പലായനം ഉത്തുംഗതയിലേക്കുള്ള ഉഡ്ഡയനമായി സ്വീകരിക്കാന്‍ അവരുടെ മനസ്സുകള്‍ക്ക് ധൈര്യം ലഭിച്ചതുമെല്ലാം.

അവരുടെ ഇഷ്ടം ദൈവത്തിന്റെ ഇഷ്ടവും അവരുടെ അനിഷ്ടം ദൈവത്തിന്റെ അനിഷ്ടവുമാവുന്നത് അവരുടെ മനസ്സിന്റെ അകത്തളങ്ങളില്‍ സ്‌നേഹത്തിന്റെ പരകോടി മാതൃകകള്‍ ദൈവം ദര്‍ശിക്കുന്നതിനാലാണ്. സ്രഷ്ടാവിന്റെ അലംഘനീയമായ സൃഷ്ടിയെന്ന പദവിയില്‍ നിന്ന് കൊണ്ട് തന്നെ സ്രഷ്ടാവില്‍ അലിഞ്ഞു ചേരുന്നതിന് അവര്‍ക്ക് സഹായകമേകുന്നത്ഏകാഗ്രതയില്‍ അടിയുറപ്പിച്ച ദൈവ സ്‌നേഹവും മന്ത്രോച്ചാരണങ്ങളുടെയും സ്തുതി ഗീതങ്ങളുടെയും അലൗകീകമായ ശക്തീ വൈഭവമാണെന്നത് തീര്‍ച്ചയാണ്.

അവരുടെ നാവുകളിലൂടെ ദൈവം സംസാരിക്കുമ്പോള്‍ സാമാന്യ ജനങ്ങള്‍ക്ക് അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാവണമെന്നില്ല. അത് കൊണ്ടാണ് മന്‍സൂര്‍ ഹല്ലാജ് ക്രൂശിക്കപ്പെട്ടതും ഇബ്‌നു അറബി പീഡിപ്പിക്കപ്പെട്ടതുമെല്ലാം. തങ്ങളുടെ ദൗത്യവും ഭരണനിര്‍വ്വഹണവുമായി ഭരണകര്‍ത്താക്കള്‍ ഇവരുടെ അരുംകൊലയെ കാണുമ്പോള്‍ ഉള്‍കണ്ണിലൂടെയുള്ള കാഴ്ചക്ക് മങ്ങലേറ്റതാണ് അല്ലാഹുവില്‍ അലിഞ്ഞു ചേര്‍ന്ന പലരും നിഷ്‌ക്കരുണം വധിക്കപ്പെടാന്‍ ഹേതുവായത്.

ദൈവം കെട്ടിപ്പടുത്ത മനുഷ്യ മനസ്സിന്റെ ഓരോ ചലനങ്ങളും ഏറ്റവും ശക്തിയുള്ള നിരീക്ഷണ ക്യാമറയായി ദൈവം വീക്ഷിക്കുമ്പോഴും ഹല്ലാജിനെ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുത്താതിരുന്നത് നിഷ്‌കളങ്കമായ ആ ഉടമത്വത്തിന് മേലൊപ്പ് ചാര്‍ത്തുന്നതായിരുന്നു. ഓരോ അനല്‍ഹഖിനും ചാട്ടവാര്‍ കൊണ്ട് നിരന്തരം പ്രഹരങ്ങള്‍ ഏറ്റു വാങ്ങിയ ശഹീദ് ഹല്ലാജ് ഒലിച്ചിറങ്ങിയ രക്തത്തില്‍ അംഗസ്‌നാനം ചെയ്ത് തന്റെ നാഥനിലേക്കണയാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. അവസാന നിമിഷങ്ങളത്രയും ഇലാഹീ സ്മരണയില്‍ വ്യാപൃതനായ ഹല്ലാജ് തന്നെ ആക്രമിച്ചവര്‍ക്ക് മാപ്പിരക്കുക കൂടിയായിരുന്നു ചെയ്തത്.

കണ്ണ് ചൂഴ്‌ന്നെടുത്ത് കാതും കയ്യും കാലുമെല്ലാം ഛേദിച്ചു ആളിക്കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞ ഹല്ലാജിന്റെ കരിഞ്ഞ ചിതാ ഭസ്മത്തെ കാറ്റിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അന്ന് വരെ ലഭിക്കാത്ത ഒരാത്മ സംതൃപ്തി കാറ്റിന് ലഭിച്ചിരിക്കണം. ആകാശവും ഭൂമിയും തെല്ലിട നേരത്തേക്ക് നിശബ്ദമായി ആ മഹാത്മാവിന് അന്തിമോപചാരം അര്‍പ്പിച്ചിട്ടുണ്ടാവണം. അങ്ങനെ മനുഷ്യമനസ്സിന്റെ അപ്രാപ്യതക്ക് ഏറ്റവും വലിയ തെളിവായി ലോകാവസാനം വരെ മന്‍സൂര്‍ ഹല്ലാജ് ഓര്‍മിക്കുമെന്നതില്‍ സംശയമില്ല. ഹാ.. ആ പ്രകാശത്തിലലിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാര്‍. ഹൃദയത്തിന്റെ കണ്ണുകള്‍ കൊണ്ട് ആത്മാവിന്റെ ജാലകങ്ങള്‍ക്കപ്പുറം നാഥനെ ദര്‍ശിക്കുന്ന മഹാത്മാക്കളത്രെ ആത്മജ്ഞാനികള്‍.