കസ്തൂരി; സുഗന്ധവും അല്പം അകംപൊരുളും

അറിയപ്പെടാതെ കിടക്കുന്ന ഒരു പ്രസിദ്ധമായ വസ്തുവിനെ കുറിച്ചാണ് ഈ കുറിപ്പ്. കസ്തൂരി; പ്രാചീനവും ആധുനികവുമായ സുഗന്ധവസ്തുക്കളോടൊപ്പം നമ്മള്‍ ഇതിന്റെ ഉത്ഭവത്തെയും വിശേഷണങ്ങളെയും ക്‌സ്തൂരിയുടെ വിവിധ വകഭേദങ്ങളെയുംഅവയുടെ ഉപയോഗത്തെ കുറിച്ചെല്ലാം അറിഞ്ഞിട്ടുണ്ടാകും. എന്നാലും അതിന്റെ ചരിത്രത്തെക്കുറിച്ചും പിന്നെ നിങ്ങളൂഹിച്ച പോലെ അതിന്റെ ആത്മീയത/ അദ്ധ്യാതിമികതയെക്കുറിച്ചും ആഴത്തില്‍ ഒന്ന് വായിക്കുന്നത് രസകരമായിരിക്കും. കസ്തൂരിയുടെ മതകീയമായ മാനത്തെക്കുറിച്ച് പ്രതിപാദിക്കാതെ കസ്തൂരിയെക്കുറിച്ച് സംസാരിക്കുക അസാധ്യമാണ്. ഇസ്‌ലാമില്ലായിരുന്നെങ്കില്‍ ക്‌സതൂരി ഇത്രമേല്‍ പ്രസിദ്ധമാവില്ലായിരുന്നുവെന്നത് തീര്‍ച്ചയാണ്.
ഇസ്‌ലാമിക ലോകത്ത് കസ്തൂരി അത്രമേല്‍ വാഴ്ത്തപ്പെട്ട ഒന്നാണ്. എങ്കിലും കാളിദാസന്‍ തന്റെ ്ഋതുസംഹാരയില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കസ്തൂരിയുടെ ജന്തുജന്യമായ ഇരുണ്ടനിറത്തെക്കാളും ഇന്ത്യ എല്ലാക്കാലത്തും ഇഷ്ടപ്പെട്ടത് കര്‍പ്പൂരത്തിന്റെ പരിശുദ്ധിയായിരുന്നു. വേദകാലത്തെ ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങളെ കുറിച്ച് നിങ്ങള്‍ക്കു വായിച്ചുനോക്കാം. അതില്‍ സ്വയം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് പേര്‍ഷ്യന്‍ കവിതകളില്‍ കസ്തൂരിയെ വല്ലാതെ വാഴ്ത്തിപ്പാടുന്നത്? മുസ്‌ലിം തത്വചിന്തകരതിനെ എന്തുകൊണ്ടാണ് വളരെയധികം സ്തുതിക്കുന്നത്? സുഗന്ധമെന്നതിന് പര്യായമായി കസ്തൂരി മാറുന്നത്രയും നിലയില്‍, കസ്തൂരിയില്ലാതെയൊരു മുസ്‌ലിം ആചാരനുഷ്ഠാനങ്ങളും ആര്‍ക്കും സങ്കല്‍പ്പിക്കാനേ കഴിയാത്ത രീതിയില്‍ എന്തുകൊണ്ടാണിത് ഇസ്‌ലാമുമായി അന്തര്‍ലീനമായിക്കിടക്കുന്നത്? നമുക്ക് കസ്തൂരിയുടെ ഗൂഢമായ ആ ഇസ്‌ലാമിക സത്തയെ ഒന്നു പരിശോധിക്കാം.
ഒട്ടുമിക്ക സാഹിത്യങ്ങളിലും കസ്തൂരി വളരെ കുറവ് മാത്രം പരാമര്‍ശിക്കപ്പെട്ടതെങ്ങനെയെന്ന് നമ്മളാദ്യം പരിശോധിക്കണം. വെളുത്ത കസ്തൂരി മാനുകളുള്ള ഹിമാലന്‍ സാനുക്കളില്‍ നിന്നുരുവം കൊണ്ട കസ്തൂരിയെക്കറിച്ച് വേദങ്ങളിലും മുഴുവന്‍ സംസ്‌കൃത സാഹിത്യങ്ങളിലും വളരെ അപൂര്‍വമായി മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്നത് അത്ഭുതം തന്നെ. വേദ പാരമ്പര്യത്തില്‍ കസ്തൂരിക്ക് പ്രതീകാത്മകമായ പ്രാധാന്യം മാത്രമേ കല്‍പിച്ചിട്ടുള്ളുവെന്ന വസ്തുത മനസിലാകുന്നു. കൂടാതെ കസ്തൂരിമാന്‍ തന്റെ സ്വന്തം ഗന്ധത്തില്‍ മത്തുപിടിച്ച്, ആ ഗന്ധത്തിന്റെ ഉറവിടം തേടി ഹിമാലയന്‍ കാടുകളും മലകളും ചുറ്റിക്കറങ്ങുകയാണെന്നും വിശ്വാസമുണ്ട്. ആ മനംമയക്കുന്ന സുഗന്ധം തന്റെയുള്ളില്‍ തന്നെ ഒളിഞ്ഞിരിക്കുകയാണെന്ന സത്യം അതൊരിക്കലും മനസിലാക്കുകയില്ലെന്ന കാര്യം മനുഷ്യന്‍ ഈ ലോകത്തെ ലൗകിക സുഖങ്ങള്‍ക്ക് പിന്നാലെ പായുന്നതുമായി പ്രതീകവല്‍ക്കരിക്കുന്നുമുണ്ട്. ഏറ്റവും നല്ല സുഗന്ധം ഗൂഢമായി അവനവന്റെയുള്ളില്‍ തന്നെ മറഞ്ഞിരിക്കുന്ന ആത്മാവിന്റെ ഗന്ധമാണെന്നതാണ് ഇന്ത്യന്‍ വിശ്വാസം. ഒരാളുടെ ആത്മാവിലേക്കിറങ്ങി നിന്നുകൊണ്ട് സ്വന്തത്തെ നോക്കുന്നത് – അത്തരമൊരു ആത്മീയാനുഭൂതി യാഥാസ്ഥിതിക എഴുത്തുകാര്‍ക്ക് പ്രിയപ്പെട്ടതാണ്- ഇസ്‌ലാമിന് അത്ര അന്യമുള്ള കാര്യമല്ല. സാമ്പ്രാണിയോ കുന്തിരിക്കമോ റോസോ ഇന്ത്യയില്‍ നിന്നുള്ള മറ്റേതെങ്കിലും സുഗന്ധവ്യജ്ഞനങ്ങളോ പോലെ കസ്തൂരി പ്രശസ്തമായിരുന്നില്ലയെന്ന് പറയാന്‍ കഴിയും.
“ഹിമാലയന്‍ പര്‍വ്വത ശിഖിരങ്ങള്‍ കസ്തൂരി ഗന്ധത്താല്‍ നിബിഡമാണ്” എന്നൊരു പരാമര്‍ശം മാത്രമാണ് മേധദൂതയില്‍ കാളിദാസന്‍ (നാലാം നൂറ്റാണ്ട്) നടത്തിയിട്ടുള്ളത്. മിഡില്‍ ഈസ്റ്റിലേക്കുള്ള ചരക്കുകളില്‍ കസ്തൂരിയുണ്ടായിരുന്നെന്ന വിവരവും അതേ കാലത്തു തന്നെ സോഗ്ദിയന്‍ രേഖകളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സോഗ്ദിയയുടെ തൊട്ടടുടത്ത രാജ്യമായ ഖോതാനുമായി കസ്തൂരി ബന്ധപ്പെട്ടു കിടന്നിരുന്നുവെന്നത് ഗൂഢമായ ഒന്നിനോടുള്ള പേര്‍ഷ്യന്‍ കവികളുടെ പ്രണയം ഉണര്‍ത്താന്‍ കാരണമായെന്ന് നമുക്ക് ചിന്തിക്കാം. മറ്റൊരു ലോകത്തിന്റെ സൗന്ദര്യവും അതിനോടുള്ള തീവ്രമായ ആസക്തിയും കസ്തൂരി കൊണ്ട് സൂചിപ്പിക്കുന്നതിനെക്കുറിച്ച് പേര്‍ഷ്യന്‍ കവിതകള്‍ വായിച്ചിട്ടുള്ള ആര്‍ക്കും അറിയുന്ന കാര്യമാണ്. “ഗ്രാമത്തിലെ മുഴുവന്‍ പ്രകാശവും നിന്റെ മുഖത്തും നിന്റെ മുടിയിഴകള്‍ നിറയെ കസ്തൂരിയും” എന്ന് പത്താം നൂറ്റാണ്ടില്‍ തിര്‍മിദി പറയുന്നു. ഒരു നൂറ്റാണ്ടിനിപ്പുറം മസ്ഊദ് സഅദ് പറയുന്നു: “നിന്റെ സുന്ദര ഗന്ധമാര്‍ന്ന കാര്‍കൂന്തലിനടുത്ത് ഖോതാനിലെ ഒരു കസ്തൂരിയും എത്തുകയില്ല”. പതിമൂന്നാം നൂറ്റാണ്ടില്‍ തന്റെ ഗുലിസ്താനിലൂടെ സഅ്ദി പറയുന്നു, “ഇത്ര മനം മയക്കുന്ന രമ്യമായ സുഗന്ധം കസ്തൂരിയുടെതോ അതോ ആംബര്‍ഗ്രിസിന്റെതോ” (തിമിംഗലം പുറന്തള്ളുന്ന സുഗന്ധമുള്ള വസ്തു).
കാഴ്ച്ചയുമായി ബന്ധപ്പെട്ടല്ല അതിന്റെ സൗന്ദര്യം കുടികൊള്ളുന്നത്. കുളിപ്പുരയിലെ ആവിയുടെ മറവിലും, ഇളം തെന്നലിന്റെയൊപ്പവും എന്നുതുടങ്ങി എന്തിനോടും അടുപ്പമുള്ളൊരു സുഗന്ധമാണ് കസ്തൂരി. സുഗന്ധദ്രവ്യങ്ങളുടെ പാരമ്പര്യത്തില്‍ കസ്തൂരിയുടെ സാന്നിധ്യം തുലോംതുഛമായിരുന്നുവെന്ന വസ്തുതയോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ഇസ്‌ലാമിക ലോകത്തെ അതിന്റെ ഉയര്‍ന്ന സ്ഥാനം. കസ്തൂരിയുടെ കടന്നുവരവിനെ മനസിലാക്കാന്‍ ഒരാള്‍ക്ക് ഹദീസുകളിലൂടെ ആഴത്തില്‍ സഞ്ചരിക്കേണ്ടിവരും. സൂറ: മുത്വഫിഫീനില്‍ ആണ് ഖുര്‍ആനില്‍ ഒരേയൊരു തവണ കസ്തൂരിയെക്കുറിച്ച പരാമര്‍ശമുള്ളത്. “മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്നവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്റെ ചേരുവ കസ്തൂരിയായിരിക്കും”. ഭൂമിയും സ്വര്‍ഗവും, മാനവികതയും അനശ്വരതയും തമ്മിലുള്ള വിപരീതാത്മക ബന്ധത്തെ സൂചിപ്പിക്കുന്ന മനോഹരമായ സൂഫി കവിതകളാണ് പില്‍ക്കാലത്ത് ഈ സൂക്തത്തിലെ മദ്യവും കസ്തൂരിയും തമ്മിലുള്ള ബന്ധത്തെ എടുത്തുദ്ധരിച്ചത്. പരിശുദ്ധമായ ദിവ്യമായ സത്തയുടെ അടയാളമായി അങ്ങനെ ശുദ്ധമോ അപൂര്‍വ്വമോ ആയ വീഞ്ഞ് അടയാളമാക്കപ്പെട്ടു. അങ്ങനെയാണ് അലവി “ആദമിനെക്കാള്‍ മുമ്പ് വീഞ്ഞ് മുദ്രവെക്കപ്പെട്ടു” എന്ന തരത്തില്‍ പരാമര്‍ശിക്കുന്നത്.
പറുദീസയുമായുള്ള കസ്തൂരിയുടെ ബന്ധമാണ് അതിന്റെ കല്‍പ്പിത മൂല്യത്തിനു നിദാനമെന്ന് നമുക്കപ്പോള്‍ മനസിലാകുന്നു. കിതാബുല്‍ അഹ്വാല്‍ വല്‍ ഖിയാമ ഇങ്ങിനെകൂടി പറഞ്ഞുപോകുന്നു.”ഏദന്‍ തോട്ടത്തിന്റെ ചുമരുകള്‍ സ്വര്‍ണമാണ്. വെള്ളി ഇഷ്ടികകളാലാണ് അതിന്റെ കൂട്ട് കസ്തൂരിയും മണല്‍പ്പൊടി കുങ്കുമവുമാകുന്നു.” ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇമാം ഗസാലി പറയുന്നുണ്ട് “അതിന്റെ (ഏദന്‍) നിലം കുങ്കുമവും നിലത്തെ മണ്ണ് കസ്തൂരിയുമാണ്.” ഒടുവില്‍ ഇമാം ബുഖാരി പറയുന്നതുകൂടി കാണുക “അവിടെയൊരു കസ്തൂരിയുടെ വന്‍മലയുണ്ട്. അതില്‍ നിന്നാണ് സല്‍സബീല്‍ അരുവിയായൊഴുകുന്നത്”. “സ്വര്‍ഗത്തിലെ ഹൂറികളുടെ മേനി കുങ്കുമവും ആംബര്‍ഗ്രിസും കസ്തൂരിയും കര്‍പ്പൂരവും ചേര്‍ന്നുണ്ടായതാണ്. അവരുടെ മുടിയിഴകള്‍ കരയാമ്പൂവാലും” എന്ന വിശേഷണം കൂടി ചേര്‍ത്തു വായിക്കാം. മറ്റു മതങ്ങളെയപേക്ഷിച്ച് സ്വര്‍ഗവും സുഗന്ധവും തമ്മിലെ ഇഴപിരിയാത്ത ബന്ധത്തെ കണ്ട ദര്‍ശനമാണ് ഇസ്‌ലാം. മസ്ഊദി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ വരെ കാണാം. ആദം സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട് നേരെ വന്നു വീണത് ഇന്ത്യയിലത്രെ. വീഴ്ച്ചയില്‍ അദ്ദേഹത്തിന്റെ ഇലവസ്ത്രം ചതറിവീഴുകയും ഏദനിലെ നഷ്ടപ്പെട്ട സുഗന്ധങ്ങളാല്‍ ഇന്ത്യന്‍ വനങ്ങള്‍ നിറയുകയും ചെയ്തുവത്രെ.
ഏദനിലെ ആ നഷ്ടപ്പെട്ട സുഗന്ധമാണ് ഇസ്‌ലാമില്‍ കസ്തൂരിയുടെ പരമമായ പൊരുള്‍. തന്റെ സൃഷ്ടാവുമായി മുഖത്തോടുമുഖം നില്‍ക്കുന്ന ആദമികാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായി, മനുഷ്യന്റെ സ്വതസിദ്ധമായ പവിത്രതയിലേക്കാണ് കസ്തൂരിയുടെ സൂചകം. ഇമാം മുസ്‌ലിം തന്റെയൊരു ഹദീസില്‍ പറയുന്നത് സ്വര്‍ഗത്തില്‍ രക്തസാക്ഷികളുടെ ശരീരം കസ്തൂരിയായി മാറുമെന്നാണ്. മറ്റൊരിടത്ത്, അനുഗ്രഹീതരായ മനുഷ്യരെക്കുറിച്ചു പറയുന്നത് അവര്‍ മലമൂത്രവിസര്‍ജനം നടത്തുകില്ല, അവരുടെ മാലിന്യങ്ങള്‍ കസ്തൂരിയായി പരിവര്‍ത്തിച്ച് ശരീരമാസകലം സുഗന്ധം പരത്തുമെന്നാണ്. മുഹമ്മദ് (സ)ന്റെ വിയര്‍പ്പിന് കസ്തൂരിയുടെ ഗന്ധമായിരുന്നുവെന്ന ഒരു ഹദീസ് മേല്‍പ്പറഞ്ഞതിനെ ഊട്ടിയുറപ്പിക്കുന്നുണ്ട്. മുഹമ്മദിന്റെ വിസര്‍ജ്യം ഭൂമി സ്വീകരിക്കുന്ന മുറയ്ക്ക് ആ സ്ഥലത്ത് കസ്തൂരി ഗന്ധം പടരുമെന്ന് വരെ ഇമാം സുയൂത്വി പറഞ്ഞിരിക്കുന്നു. ഇവിടെ ഈ ഭൂമിയില്‍ ആത്മാവിന്റെ പരമോന്നത പരികല്‍പ്പനയാണ് കസ്തൂരി. മരണത്തിന്റെയും നാശത്തിന്റെയും അടയാളത്തെ അനശ്വരമായ ഒന്നിലേക്ക് മാറ്റുവാനുള്ള പടച്ചവന്റെ കഴിവാണ് വിസര്‍ജ്യവും വിയര്‍പ്പും കസ്തൂരിയായി മാറുന്നത് കാണിക്കുന്നത്. ഒടുക്കത്തോടെ പരിശുദ്ധിയാര്‍ജിക്കുന്ന കളങ്കപ്പെട്ട മാനവികതയുടെ ദിവ്യമായ വീണ്ടെടുപ്പിനായാണ് കസ്തൂരിയെ സൂഫികള്‍ ഉപമിക്കുന്നത്. കസ്തൂരിമാനിന്റെ മലിന രക്തം കസ്തൂരിയായി മാറുന്നതു കണക്കെ, മനുഷ്യന്റെ ദുഷിച്ച ചെയ്തികളില്‍ നിന്നും നല്ല ചെയ്തികളെ ഊറ്റിയെടുക്കാന്‍ കഴിയും.
പതനത്തിനു മുമ്പുള്ള മനുഷ്യന്റെ സത്തയായാണ് കസ്തൂരിയെ പ്രതീകവല്‍ക്കരിച്ചിട്ടുള്ളതെന്നു സാരം. മുവഷ്ഷഹയുടെ ഒടുവിലത്തെ അദ്ധ്യായം “ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും മധുരവും കസ്തൂരിയുമാണെന്ന്” ഇബ്‌നുല്‍ മുല്‍ക്ക് പറയുന്നു. സത്തയെയാണ് അദ്ദേഹം സൂചിപ്പിച്ചത്. കവി മുതനബ്ബി പറയുന്നത് “കസ്തൂരിമാനിന്റെ രക്തമാണ് കസ്തൂരി”. പൂര്‍വ്വികരുടെ സത്ത തങ്ങളുടെ പിന്‍ഗാമികളിലുണ്ടെന്നദ്ദേഹം ഇതിലൂടെ അര്‍ഥമാക്കുന്നു.
പതനത്തിനു മുമ്പുള്ള മാനവികതയുടെ നഷ്ടപ്പെട്ട അതിമനോഹരമായ സത്ത, ശുദ്ധവും യഥാര്‍ഥവുമായ സത്ത. രാജാക്കന്‍മാരുടെയോ നായകരുടെയോ സത്തയല്ലത്. അസംഖ്യം നന്‍മകള്‍ ചെയ്ത പാവങ്ങളും അശരണരും പരിശുദ്ധരുമായ ജനങ്ങളുടെ, ആദമിന്റെ ഞരമ്പുകളിലൊഴുകിയ അതേ സത്തയാണത്. സൂഫികളുടെയും സാത്വികരുടെയും മഹോന്നതമായ സത്ത!
വിവര്‍ത്തനം: റമീസുദ്ധീൻ വി എം

He is a Writer, Perfume Expert and a Perfume critic too. He is also a
Contributor at CaFleureBon. In addition, he also possess Copywrite for selected niche brands.