മസ്കറ്റ് : അറബ് ലോകം ഇന്ത്യൻ മഹാസമുദ്രത്തെ കണ്ടുമുട്ടുന്ന ഇടം

അറബ് ലോകം ഇന്ത്യൻ മഹാസമുദ്രവുമായി സംഗമിക്കുന്ന ഒരു പ്രധാന ഇടമാണ് ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റ്. നൂറ്റാണ്ടുകളുടെ ഒമാനി സമുദ്രസഞ്ചാരം, സാമ്രാജ്യം, വ്യാപാരം എന്നിവ കാരണം മസ്കറ്റ് ആധുനിക ലോകത്തിന് വിശ്രുതമാണ്. കിഴക്കും വടക്കും തെക്കും കടലിനോട്‌ മനോഹരമായി അഭിമുഖം നിൽക്കുന്ന ഒരു തുറമുഖ നഗരം കൂടിയാണ് മസ്‌കറ്റ്. സിന്ധ്, സാൻസിബാർ, ബലൂചിസ്ഥാൻ, ഇറാൻ, യെമൻ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇന്ത്യൻ മഹാസമുദ്ര ലോകങ്ങളുടെ ഒരു രൂപ ദർശിനി കൂടിയാണ് ഇവിടം. പേർഷ്യൻ ഗൾഫിലെ മറ്റ് അറബ് രാജ്യങ്ങളിൽ വംശീയ വൈവിധ്യം ഏകീകൃത അറബ് ഐഡന്റിറ്റിക്ക് അനുകൂലമായി കാണപ്പെടുന്ന അവസരങ്ങൾ കുറവാണെങ്കിൽ, മസ്‌കറ്റിൽ, ഭൂതകാലത്തിന്റെ ബഹുതല പൈതൃകവും – അത് നഗരത്തിന്റെ വർത്തമാനത്തെ രൂപപ്പെടുത്തിയ രീതിയും ആഘോഷിക്കപ്പെടുകയും അനിഷേധ്യമായി തുടരുകയും ചെയ്യുന്നു.

നഗരത്തിലെ ഏറ്റവും പഴക്കമുള്ള നിർമിതികളുള്ള മുത്റയിലെ സൈക്ലിങ്. ഇന്നിവിടമൊരു കിഴക്കനേഷ്യൻ അധിവാസ മേഖലയാണ്.

മറഞ്ഞിരിക്കുന്ന തുറമുഖം

മസ്‌കറ്റിനെ പുരാതന ഗ്രീക്കുകാർ ക്രിപ്‌റ്റസ് പോർട്ട് അഥവാ ‘മറഞ്ഞിരിക്കുന്ന തുറമുഖം’, എന്നാണ് വിളിച്ചിരുന്നത്. ഉയർന്ന പാറക്കെട്ടുകളാൽ കടലിൽ നിന്ന് സുരക്ഷിതമായ ഇടമാണ് തുറമുഖം. തുറമുഖത്തെ വൈദേശിക അക്രമങ്ങളിൽ നിന്ന് പ്രതിരോധിക്കാനും കടൽക്കൊള്ളക്കാർക്ക് പതിയിരിക്കാവുന്ന മികച്ച ഒളിത്താവളമായിരുന്നു മസ്കറ്റ്. സസ്സാനിയൻ പേർഷ്യൻ ഭരണത്തിന്റെ ഒരു ഹ്രസ്വകാലത്തിനുശേഷം, എഴുന്നൂറുകളിൽ ഇസ്‌ലാമിന്റെ ആഗമനത്തോടെ ഇവിടം അബ്ബാസികളുടെ അധീനതയിലായി.

അബ്ബാസികൾക്ക് മുമ്പ്, ഒമാനിൽ ഭൂരിഭാഗവും അറബിയുടെ വകഭേദമായ തെക്കൻ അറേബ്യൻ ഭാഷകളായിരുന്നു സംസാരിച്ചിരുന്നത്. മെഹ്‌രി പോലെയുള്ള ഇവയിൽ പലതും ഒമാന്റെ ദക്ഷിണഭാഗത്ത് ഇപ്പോഴും സംസാരിക്കപ്പെടുന്നുണ്ട്.

മസ്‌കറ്റ് പോലുള്ള തുറമുഖ പട്ടണങ്ങൾ ഉൾപ്രദേശങ്ങളിൽ നിന്ന് വളരെയധികം മാറിനിൽക്കുന്നു. ചരിത്രപരമായി, ‘ഒമാൻ’ എന്നത് കൊണ്ടുള്ള ഉദ്ദേശം ഉൾപ്രദേശം മാത്രമാണ്. മസ്‌കറ്റ് എന്നായിരുന്നു നഗരത്തിന്റെയും ചുറ്റുമുള്ള തീരത്തിന്റെയും ആദ്യ പേര്.

ഓൾഡ് മുത്റയിലെ കടലോരത്തിനു സമീപമുള്ള ഒരിടവഴി

 

സൗത്ത് ഏഷ്യൻ ആർക്കിടെക്ചറിൽ നിർമ്മിച്ച മുത്റയിലെ താലിബ് ബിൻ മുഹമ്മദ് മസ്ജിദിന്റെ മിനാരം.

1970 ലാണ് രാജ്യം മുഴുവൻ ഒമാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. മസ്‌കറ്റ് സമൃദ്ധമായ തീരപ്രദേശത്തിന്റെ ഫലമായി പെട്ടെന്ന് തന്നെ അഭിവൃദ്ധി പ്രാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാര ശൃംഖലകൾ മൂലം ഒരു സാംസ്‌കാരിക കേന്ദ്രമായി അത് മാറി. സുഗന്ധദ്രവ്യങ്ങൾ, ആനക്കൊമ്പ്, ഗ്രാമ്പൂ, കപ്പൽ നിർമ്മാണത്തിനുള്ള മരം, പഴങ്ങൾ, അടിമകൾ എന്നിവ ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് കച്ചവടം വഴി എത്തിച്ചേർന്നു. മൊസാംബിക്, ഇന്തോനേഷ്യ, കേരളം, ഇറാഖ്, ബലൂചിസ്ഥാൻ, സുഡാൻ എന്നിങ്ങനെ നീണ്ടു പോയ ഈ ശൃംഖലകൾ വിജ്ഞാനം, വിദ്യാഭ്യാസം, മതം എന്നിവയുടെ വിനിമയം സുഗമമാക്കി. തുറമുഖ നഗരങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളായി മാറി. വ്യാപാരികൾ ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ സ്ഥിരതാമസമാക്കുകയും പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനായി സഹോദരങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിദൂര സ്ഥലങ്ങളിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ത്യൻ മാമ്പഴ അച്ചാറുകൾ ഇറാഖിലെത്തിയത്. ആഫ്രിക്കൻ സംസ്കാരം ഇറാനിലെത്തുന്നത്. ബാഗ്ദാദി സിനഗോഗുകളും സിറിയക് പള്ളികളും ഇന്ത്യയിലേക്ക് വന്നത്. മൺസൂൺ കാറ്റിനെ മറികടന്നു കൊണ്ട് ഒമാനിൽ നിന്നുള്ള വ്യാപാരികൾ സൂറത്ത്, സാൻസിബാർ, മലാക്ക എന്നിവിടങ്ങളിൽ സാന്നിധ്യം അറിയിച്ചു. അങ്ങനെ ദക്ഷിണേഷ്യയിൽ നിന്നും കിഴക്കൻ ആഫ്രിക്കയിൽ നിന്നുമുള്ള വ്യാപാരികളുടെ ആസ്ഥാനമായി മസ്‌കറ്റ് മാറുകയായിരുന്നു.

പാറക്കൂട്ടങ്ങൾക്കിടയിലെ മുത്റ ഹാർബർ.

മുത്റയിലെ പോർട്ടിനു മുകളിലുള്ള മലയിൽ നിന്നുള്ള കാഴ്ച്ച. ഹാർബറിൽ ഒരു വിനോദക്കപ്പലും സുൽത്താന്റെ പ്രൈവറ്റ് ബോട്ടും നങ്കൂരമിട്ടത് കാണാം.

ഒരു ഭൂപടം നോക്കുമ്പോൾ, സൗദി അറേബ്യയുടെ തൊട്ടടുത്താണ് ഒമാൻ എന്നതിനാൽ, അവർ തമ്മിൽ സാംസ്കാരികമായോ സാമൂഹികമായോ ബന്ധപ്പെട്ടിരിക്കാമെന്ന് കരുതുന്നത് സാധാരണമാണ്. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ മരുഭൂമികളും പർവതങ്ങളും നിറഞ്ഞതിനാൽ ചലനം ഏതാണ്ട് അസാധ്യമാണ്. രാഷ്ട്രീയമായി വേർതിരിക്കുന്ന അതിർത്തികൾക്ക് ഊന്നൽ നൽകുന്ന ഭൂപടങ്ങൾ, ദേശ-രാഷ്ട്രങ്ങളും സൈനിക നിയന്ത്രണത്തെയുമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ ചലനത്തിനും ഭൂപ്രകൃതിക്കും പകരം, സാംസ്‌കാരിക കൈമാറ്റത്തിന് കൂടുതൽ പ്രാധാന്യമുണ്ട് എന്ന് നാം മനസ്സിലാക്കണം. കൈമാറ്റങ്ങൾക്ക് സമുദ്രം ഒരു തടസ്സമായി സങ്കൽപ്പിക്കപ്പെടുന്നതിൽ നിന്ന് നാം മോചിതരാകണം.

ചരിത്രപരമായി ജലയാത്ര കരയിലൂടെയുള്ള യാത്രയെക്കാൾ വേഗമേറിയതും വിലകുറഞ്ഞതുമായിരുന്നു. എല്ലാ തുറമുഖ നഗരങ്ങളെയും പോലെ മസ്‌കറ്റും അതിന്റെ സമുദ്ര ബന്ധങ്ങളാൽ നിർവചിക്കപ്പെട്ട ഒരു സ്ഥലമാണ്. ഇരുപതാം നൂറ്റാണ്ട് വരെ, മസ്‌കറ്റിൽ നിന്ന് ഒമാന്റെ ഉൾവശത്തേക്ക് പോകാൻ ആഴ്‌ചകളോളം കഠിനവും അപകടകരവുമായ കരയാത്ര തന്നെ വേണ്ടിവന്നിരുന്നു. നേരെമറിച്ച്, മസ്‌കറ്റിനെ വടക്ക് പേർഷ്യയുമായോ കിഴക്ക് ഇന്ത്യയുമായോ ബന്ധിപ്പിക്കുന്ന ജലപാതകൾ, എളുപ്പമായിരുന്നു. അവർ എത്തിയ സ്ഥലങ്ങൾ സമ്പന്നവും കൂടുതൽ രസകരവുമാണ്.

നാഷണൽ മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ച ‘ഒമാനി ലോകത്തിന്റെ ഭൂപടം’ (Map of the Omani world).

നമ്മുടെ ഭൂമിശാസ്ത്ര സങ്കൽപ്പം എത്രത്തോളം ചരിത്രപരമായ വൈരുധ്യമാണെന്ന് മസ്‌കറ്റും അത് അടയാളപ്പെടുത്തുന്ന ഇന്ത്യൻ മഹാസമുദ്ര ലോകവും എടുത്തുകാണിക്കുന്നുണ്ട്. 1900 കളുടെ തുടക്കം മുതൽ, ട്രെയിൻ ട്രാക്കുകൾ സ്ഥാപിക്കുകയും ആധുനിക സംസ്ഥാനങ്ങൾ ഗതാഗത പാത അടക്കമുള്ള ഇൻഫ്രാസ്ട്രക്ചറിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്തപ്പോൾ – ഹൈവേകൾ നിർമ്മിക്കാൻ മലകളും പാറകളും പോലുള്ള പ്രകൃതിദത്ത അത്ഭുതങ്ങളെ ബുൾഡോസിംഗ് ചെയ്യുന്നതിൽ യാതൊരു മടിയുമില്ലായിരുന്നു. സഹസ്രാബ്ദങ്ങളായി, ഇന്ത്യ, പേർഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവയോട് മറ്റ് ഉൾനാടൻ അറേബ്യയേക്കാൾ വളരെ അടുത്ത ബന്ധമായിരുന്നു മസ്‌കറ്റിന് ഉണ്ടായിരുന്നത്. ഈ ബന്ധങ്ങളാണ് അതിൻ്റെ സൗന്ദര്യം നിലനിർത്തിയിരുന്നതും.

സമുദ്ര സംസ്കാരങ്ങൾ

1500 കളുടെ തുടക്കത്തിൽ ഇന്ത്യൻ മഹാസമുദ്ര വ്യാപാര ശൃംഖലകളുടെ സ്വഭാവം ഗണ്യമായി മാറി. മുമ്പ്, ഒരു ശക്തിയും വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്നില്ല. വ്യാപാരികളുടെ അടുത്ത ശൃംഖലകളും തുറമുഖ നഗരങ്ങളും സ്വതന്ത്രവും പരസ്പരബന്ധിതവുമായിരുന്നു. അങ്ങനെയിരിക്കെയാണ് പോർച്ചുഗീസ് യുദ്ധക്കപ്പലുകൾ കച്ചവട- രാഷ്ട്രീയ ആധിപത്യ ദൗത്യവുമായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നതും തന്ത്രപ്രധാനമായ തുറമുഖങ്ങൾ നിയന്ത്രിച്ചും പ്രാദേശിക വ്യാപാര പ്രവർത്തനങ്ങൾ തടഞ്ഞും, പ്രദേശത്തിന്റെ എല്ലാ കോണുകളിലും നിയന്ത്രണം ഏർപ്പെടുത്തിയും പേർഷ്യൻ ഗൾഫിന്റെയും ചെങ്കടലിന്റെയും വ്യാപാര കുത്തക പിടിച്ചെടുക്കുന്നത്. ഗോവയും കേരളവും കീഴടക്കുന്നതിന് മുമ്പേ തന്നെ അവർ മസ്‌കറ്റ് പിടിച്ചെടുത്തിരുന്നു. അവിടെ അവർ മുസ്‌ലിംകളെയും ജൂതന്മാരെയും വാളിനിരയാക്കി. മസ്‌കറ്റ് തീരം പോർച്ചുഗീസുകാർ പിടിച്ചെടുത്തു. എന്നാൽ ഒമാനിൻ്റെ ഉൾപ്രദേശങ്ങൾ താരതമ്യേന ഒറ്റപ്പെട്ട നിലയിലായിരുന്നു.

പേർഷ്യൻ ഗൾഫിൽ ഒരു നൂറ്റാണ്ട് നീണ്ട പോർച്ചുഗീസ് ഭരണത്തിന് ശേഷം, യാരിബ രാജവംശം ഉയർന്നുവരികയും പേർഷ്യക്കാരുടെയും ബലൂച്ചിന്റെയും സഹായത്തോടെ കോളനിവാസികളെ പുറത്താക്കി, ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ ഒരു യുദ്ധം ആരംഭിക്കുകയും ചെയ്തു. സാൻസിബാർ, മൊംബാസ, ഗുജറാത്ത് എന്നിവിടങ്ങളിലെ പോർച്ചുഗീസ് തുറമുഖങ്ങളെ ആക്രമിച്ച അവർ മസ്‌കറ്റിന്റെ ഹൃദയഭാഗത്ത് ഒമാനി സമുദ്ര സാമ്രാജ്യം കെട്ടിപ്പടുക്കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ തുറമുഖങ്ങളുമായി വാണിജ്യബന്ധങ്ങൾ ആഴത്തിലാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മസ്‌കറ്റ് അതിന്റെ സമുദ്രബന്ധങ്ങൾ പുനർനിർമ്മിച്ചു തുടങ്ങി. അതോടെ വ്യാപാരികൾ വീണ്ടും മസ്‌കറ്റിലേക്ക് മടങ്ങി.

1700 കളിൽ സൂർ അൽ ലവതിയ എന്ന് വിളിക്കപ്പെടുന്ന മതിലുകളാൽ ചുറ്റപ്പെട്ട അയൽപക്കത്ത് താമസമാക്കിയ ലവതികൾ മസ്‌കറ്റിലെ ഏറ്റവും അറിയപ്പെടുന്ന വ്യാപാര സമൂഹത്തിൽ ഉൾപ്പെട്ടവരായിരുന്നു. ലവതിയക്ക് പുറമെ ആയിരക്കണക്കിന് പേർഷ്യക്കാർ മസ്‌കറ്റിലും അയൽ തുറമുഖ പട്ടണങ്ങളിലും തങ്ങളുടെ ഭവനങ്ങൾ ഉണ്ടാക്കി. മറ്റ് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെന്ന പോലെ, ഈ പേർഷ്യൻ വ്യാപാരികളെയും അവരുടെ പിൻഗാമികളെയും അജം എന്ന് വിളിക്കപ്പെട്ടു . അജം തെക്കൻ ഇറാനിൽ നിന്നുള്ളവരാണ്. പ്രത്യേകിച്ച് ഷിറാസിന് ചുറ്റുമുള്ള പട്ടണങ്ങൾ, ബന്ദർ അബ്ബാസ് പോലുള്ള തുറമുഖ നഗരങ്ങൾ. ചിലർ യഥാർത്ഥത്തിൽ അറബി സംസാരിക്കുന്നവരായിരുന്നു. ഇറാനിലെ അറബ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവർ പലരും ആഫ്രോ-ഇറാനികളായിരുന്നു. എന്നിരുന്നാലും പേർഷ്യൻ അറബി വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. പേർഷ്യൻ, അറബിക്, പോർച്ചുഗീസ് എന്നിവയുടെ മിശ്രിതമാണ് ഒമാനിലെ ഭാഷകളിലൊന്നായ കുംസാരി. 1600 കളിൽ പേർഷ്യൻ ഗൾഫിലെ വ്യാപാരികൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള ഒരു മാർഗമായി ഉയർന്നുവന്ന തുറമുഖ ഭാഷയും ഇവിടെ സ്മര്യമാണ്.

ആയിരക്കണക്കിന് ബലൂച്ചുകൾ മസ്‌കറ്റിലേക്കും ഗൾഫിന് ചുറ്റുപാടും മാറിത്താമസിച്ചു. ചിലർ സുൽത്താന്റെ സൈന്യത്തിൽ സൈനികരായും മറ്റുള്ളവർ വ്യാപാരികളായും ജോലി ചെയ്തു. ഇന്ന്, ഓരോ 5 ഒമാനികളിൽ ഒരാൾ ബലൂച്ച് വംശജരായിരിക്കും. അതിനാൽ ബലൂചി ഭാഷ അവിടെ വ്യാപകമായി സംസാരിക്കപ്പെടുന്നു.

1800 കളുടെ തുടക്കത്തിൽ, സെയ്ദ് ബിൻ സുൽത്താൻ ആയിരുന്നു മസ്‌കറ്റ് ഭരണാധികാരി. 1833 ൽ വ്യാപാരം മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിനായി സാൻസിബാറിനെ മസ്‌കറ്റിന്റെ രണ്ടാമത്തെ തലസ്ഥാനമായി അദ്ദേഹം സ്ഥാപിച്ചു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും പോർച്ചുഗീസുകാർക്ക് പകരം സമുദ്രവ്യാപാരം കുത്തകയാക്കി മാറ്റിയതോടെ ആപേക്ഷിക ദാരിദ്ര്യത്തിലേക്ക് വീണ മസ്‌കറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, സാൻസിബാർ ഒമാൻ സാമ്രാജ്യത്തിന്റെ സമ്പന്നമായ രത്ന നഗരമായിരുന്നു. ഒമാനിലെ സുൽത്താൻ പോർച്ചുഗീസ് കൊളോണിയൽ നയങ്ങൾ പിന്തുടരുകയും ആഴത്തിലാക്കുകയും ചെയ്തു. അടിമക്കച്ചവടവും തോട്ട സമ്പദ്‌വ്യവസ്ഥ(plantation economy) യും വിപുലീകരിച്ചു. ഈ പ്രക്രിയയിൽ തദ്ദേശീയരായ ആളുകളുടെ കൃഷിഭൂമി അവഗണിക്കപ്പെട്ടു.

സുൽത്താന്റെ നീക്കത്തെ തുടർന്നുള്ള ദശകങ്ങളിൽ, ആയിരക്കണക്കിന് ഒമാനികൾ അറേബ്യയുടെ തീരം വിട്ട് ആഫ്രിക്കയുടെ തീരത്തേക്ക് പോയി. അവർ സാൻസിബാറിന്റെ പ്രധാന നഗരമായ സ്റ്റോൺ ടൗണിലെത്തി. ആധുനിക ടാൻസാനിയ, കെനിയ, റുവാണ്ട, ബുറുണ്ടി, കോംഗോ എന്നിങ്ങനെ കിഴക്കൻ ആഫ്രിക്കയിലുടനീളം വ്യാപിച്ചുകിടക്കുന്ന പലരും കാലക്രമേണ ഉൾനാടുകളിലേക്ക് നീങ്ങി. കൂടാതെ തുറമുഖങ്ങളുമായുള്ള അവരുടെ ബന്ധങ്ങൾ ഉപയോഗിച്ച് ചരക്കുകൾ ഉൾനാടുകളിലേക്ക് വിതരണം ചെയ്യുന്നതിനായി വ്യാപാരികളായി പ്രവർത്തിക്കുകയും ചെയ്തു.

ഒമാനി പുരുഷന്മാർ സ്വാഹിലി പഠിക്കുകയും കാലക്രമേണ അറബി ഭാഷ ഉപേക്ഷിക്കുകയും പ്രാദേശിക സ്ത്രീകളെ വിവാഹം കഴിക്കുകയും ഒരു സങ്കര സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്തു. ‘സ്വാഹിലി’ എന്ന വാക്ക് യഥാർത്ഥത്തിൽ ഒരു അറബി പദമാണ്. അത് ‘സവാഹേൽ’, ‘തീരങ്ങൾ’ എന്നതിൽ നിന്നാണ് വന്നത്, സ്വാഹിലി എന്നാൽ ‘തീരങ്ങളുടെ ഭാഷ’ എന്നാണ്. അറബ്, പേർഷ്യൻ വ്യാപാരികൾ പ്രദേശവാസികളുമായുള്ള ആശയവിനിമയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഹൈബ്രിഡ് വ്യാപാര ഭാഷയാണിത്. സാൻസിബാറിൽ, പ്രത്യേകിച്ച് ഷിറാസിൽ നിന്നുള്ള പേർഷ്യൻ സ്വാധീനം വളരെ ശക്തമായിരുന്നു.

ഒമാൻ : അസ്ഥിത്വങ്ങളുടെ വേരുകൾ

മധ്യ പൗരസ്ത്യ മേഖലയിലെ മറ്റ് പല രാജ്യങ്ങളെയും പോലെ ഒമാനും ഇന്ന് അറബ് സ്വത്വത്തിന് ഊന്നൽ നൽകുന്നു. ‘സഹിഷ്ണുത’ എന്ന ദേശീയ വ്യവഹാരത്തിന് ഇത് മികച്ച ഉദാഹരണമാണ്. അത് ഒമാന്റെ വൈവിധ്യത്തെ ഊന്നിപ്പറയുകയും രാജ്യത്തിന്റെ തനതായ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒമാന്റെ ചരിത്രത്തെ വെള്ളപൂശുക മാത്രമല്ല, വർത്തമാനകാലത്തെ കാല്പനികമാക്കുകയും കൂടിയാണ് ചെയ്യുന്നത്.

മസ്‌ക്കറ്റിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിലെ മിഹ്റാബ്. താഴെയുള്ള ഇറാനിയൻ സ്റ്റൈൽ നീല ടൈലുകളും മുകളിൽ ഒമാനി മരപ്പണികളും ചേർത്തുള്ള നിർമിതി ശ്രദ്ധേയം.

കിഴക്കൻ ആഫ്രിക്കൻ അടിമക്കച്ചവടത്തിൽ മസ്‌കറ്റിന്റെ പ്രധാന പങ്ക്, സാൻസിബാറിന്റെ സമ്പദ്‌വ്യവസ്ഥയിൽ മസ്ക്കറ്റ് നടത്തിയ കുത്തകവൽക്കരണം എന്നിവയാണ് ദേശീയ ആഖ്യാനത്തിൽ നിന്നും വൈവിധ്യത്തെ നിരാകരിക്കപ്പെടാൻ കാരണമായാത്. കൂടാതെ ആയിരക്കണക്കിന് സാൻസിബാരി ഒമാനികൾ, ഉദാഹരണത്തിന്, കിഴക്കൻ ആഫ്രിക്കയിൽ രാഷ്ട്രരഹിതരായി തുടരുന്നു. അവർക്ക് അവരുടെ മാതൃരാജ്യവുമായുള്ള ബന്ധം തെളിയിക്കാൻ കഴിയാത്തതിനാൽ മടങ്ങിവരുന്നതും തടയപ്പെട്ടിരിക്കുന്നു.

പാസ്‌പോർട്ടുകളും കസ്റ്റംസ് നിയന്ത്രണങ്ങളും പോലെയുള്ള, അന്താരാഷ്‌ട്ര യാത്രകളെ നിയന്ത്രിക്കുന്ന ആധുനിക സംവിധാനങ്ങൾ വന്നതോടെ, സമുദ്രത്തിനു കുറുകെയുള്ള കണക്ഷനുകൾ നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. വ്യാപാര സമുദായങ്ങൾക്ക് മറ്റെവിടെയെങ്കിലും സ്ഥിരതാമസമാക്കാനും ഇനി സാധ്യമല്ല. ദേശീയ സ്വത്വത്തെകുറിച്ച് വ്യത്യസ്ത ആശയങ്ങളുള്ള കേന്ദ്ര ഗവൺമെന്റ് ആണ് ഭരിക്കുന്നത്. യാത്രകൾ മുമ്പത്തേക്കാൾ എളുപ്പമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മുമ്പ് ഉള്ളതിനേക്കാൾ കൂടുതൽ യാത്രകൾ നിയന്ത്രിക്കപ്പെടുന്നു.

മസ്ക്കറ്റിലെ ഹൈന്ദവ ക്ഷേത്രത്തിലെ മതകീയ ചടങ്ങുകൾ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രമാണെങ്കിലും കൂടുതൽ സന്ദർശകരെത്തിത്തുടങ്ങുന്നത് ഈ അടുത്ത കാലത്താണ്.

ഇന്ന്, മധ്യപൗരസ്ത്യ ദേശക്കാരും തെക്ക് അല്ലെങ്കിൽ കിഴക്കൻ ഏഷ്യക്കാരും മസ്‌കറ്റിൽ വരുമ്പോൾ, അവർ താൽക്കാലിക കരാർ തൊഴിൽ വിസയിലാണ് വരുന്നത്. ആധുനിക യുഗത്തിന് മുമ്പുള്ളവരിൽ നിന്ന് വ്യത്യസ്തമായി അവർ ഒമാനിൽ ജീവിതം നയിക്കാൻ ശ്രമിച്ചേക്കാം. ഒമാനി നിയമം വിദേശികളെ പൗരത്വം നേടുന്നതിൽ നിന്ന് വലിയ തോതിൽ തടയുന്നതിനാൽ അവരുടെ താമസം താൽക്കാലികമായിരിക്കും. അവരിൽ പലർക്കും അടിസ്ഥാന സിവിൽ അല്ലെങ്കിൽ തൊഴിൽ അവകാശങ്ങൾ ഇല്ലായിരിക്കും. എന്നാൽ പല ഒമാനികൾക്കും, അവരുടെ ദൈനംദിന ജീവിതത്തിൽ, ഒമാൻ സൃഷ്ടിക്കുന്ന ചരിത്രങ്ങളുടെയും ഐഡന്റിറ്റികളുടെയും കഥകളുടെയും അഭിരുചികളുടെയും ബാഹുല്യവും തമ്മിൽ വൈരുദ്ധ്യമില്ല. ദേശീയ സംസ്‌കാരത്തിന്റെ ഈ ദർശനം ഒമാനി റെസ്റ്റോറന്റുകളിൽ ഇന്നും ഒത്തുചേരുന്നുണ്ട്: ബിരിയാണി ഇന്ത്യയിൽ നിന്നാണ് അവിടെ എത്തിയത്. മന്തി യെമനിൽ നിന്നാണ് എത്തുന്നത്. ഉഗാലി സാൻസിബാറിൽ നിന്നുമാണ് വന്നത്. ഈ വിഭവങ്ങളെല്ലാം ‘ഒമാനി റെസ്റ്റോറന്റിൽ’ പാചകം ചെയ്യപ്പെടുന്നു. ഒമാനിൽ അവർ ‘അറബ് അല്ലെങ്കിൽ ഫിനീഷ്യൻ’,’അറബ് അല്ലെങ്കിൽ കുർദിഷ്’ എന്നിങ്ങനെ വാദിക്കുന്നതിനുപകരം, ‘ഒമാനി, അറബ്, പിന്നെ മറ്റെന്താണ്?” എന്ന ചോദ്യമാണ് യഥാർത്ഥത്തിൽ ഉന്നയിക്കേണ്ടത്.

ബിരിയാണി, ചപ്പാത്തി, കറി, തണ്ണിമത്തൻ സോസ്; ഒമാനിലെ ഒരു റെസ്റ്ററന്റിൽ നിന്നുള്ള ദൃശ്യം.

പേർഷ്യൻ, സ്വാഹിലി, ഉർദു എന്നിവയിൽ നിന്നുള്ള പദപ്രയോഗങ്ങളാൽ ഒമാനി അറബിയിലും ഈ വൈവിധ്യം ദൃശ്യമാണ്. മസ്‌കറ്റിലെ സൂക്കിൽ, ‘തികഞ്ഞത്’ എന്നർത്ഥം വരുന്ന ‘ബറാബർ’ എന്ന് നിങ്ങൾക്ക്‌ നിരന്തരം കേൾക്കാം. ഉറുദു ഭാഷയിൽ ‘തുല്യം’ എന്നതിൽ നിന്നാണ് ആ പദം വരുന്നത്. അതിനുമുമ്പ് പേർഷ്യൻ ഭാഷയിൽ നിന്ന്, അതിന്റെ അർത്ഥം ‘ഒരുമിച്ച്’ എന്നാണ്.

കടൽ കടന്നുപോയ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ഇപ്പോഴും ഉണ്ട്. പലപ്പോഴും പുതിയ വഴികളിൽ പുനരുജ്ജീവിക്കുന്നു. മസ്‌കറ്റിലും ഇറാനിലെ ചബഹാറിലും ശാഖകളുള്ള ബലൂച്ചി കുടുംബങ്ങളുണ്ട്. അവർ വിവാഹങ്ങൾക്കായി പതിവായി ഒത്തുകൂടുന്നു. തീർത്ഥാടനത്തിനോ ആരോഗ്യ വിനോദസഞ്ചാരത്തിനോ വേണ്ടി ഇറാൻ പതിവായി സന്ദർശിക്കുന്ന അജമികളുണ്ട്. ഒരു സാധാരണ ഒമാനി വിവാഹത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിന്ധിയുടെ ഭാഷയും വൈവിധ്യമാർന്ന വസ്ത്രങ്ങളും ഭക്ഷണവും സംഗീതവും സംസാരിക്കുന്നത് തുടരുന്ന ലവതികളുണ്ട്. മസ്‌കറ്റിനെ ഇന്നും നിർവചിക്കുന്നത് സമുദ്രം തന്നെയാണ്.

Source : Ajam Media Collective

വിവർത്തനം: നൂറ ഹാദിയ മഞ്ചേരി