മതം, രാഷ്ട്രീയം: മുഹമ്മദ് അസദിനെ വായിക്കുമ്പോള്‍
2011 ഏപ്രിലില്‍ റിയാദില്‍ വെച്ച് ഒരു അന്താരാഷ്ട്ര സിമ്പോസിയം നടന്നിരുന്നു. കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസും സൗദി അറേബ്യയിലെ ഓസ്ട്രിയന്‍ എംബസിയും സംയുക്തമായി ചേര്‍ന്നാണ് പരിപാടി നടത്തിയത്. ‘മുഹമ്മദ് അസദ്; ഒരു സംവാദാത്മക ജീവിതം’ എന്ന പേരില്‍ എന്റെ പിതാവിന്റെ ജീവിതത്തെയും കര്‍മ പരിസരത്തെയും ഇഴ കീറി പരിശോധിക്കുന്നതായിരുന്നു അത്. ‘Muhammad Asad between Religion and Politics’ എന്നതായിരുന്നു സംഘാടകര്‍ എന്നെ എഴുതാനേല്‍പ്പിച്ച വിഷയം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്ന് എനിക്ക് ആ സംഗമത്തില്‍ പങ്കെടുക്കാനായില്ല. എങ്കിലും അവര്‍ ഏല്‍പിച്ചത് എഴുതി അയച്ചു. അവിടെ വെച്ച് മറ്റാരെയെങ്കിലും വായിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. അന്ന് ഞാനയച്ചതിന്റെ തിരുത്തിയ ചുരുക്ക രൂപമാണിത്.എന്റെ പിതാവിന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും തല്‍പരരായ ചിലര്‍ തെറ്റിദ്ധരിച്ച ഒരു കാര്യം തിരുത്തി കൊണ്ട് തുടങ്ങാം. അദ്ദേഹത്തിന്റെ മതം മാറ്റം ഇസ്‌ലാമും പടിഞ്ഞാറും തമ്മില്‍ ഒരു പാലം പണിതുവെന്നാണ് അവര്‍ കരുതുന്നത്.
ഇസ്‌ലാമിനെ ലിബറലാക്കുക എന്ന ലക്ഷ്യത്തോടെ മതത്തിലേക്ക് കടന്നുവന്ന യൂറോപ്യന്‍ ബുദ്ധിജീവികള്‍ ഉള്‍പ്പടെ ചിലര്‍ അദ്ദേഹത്തെ അതിയായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. എന്നാല്‍ അവർ പറയുന്നതില്‍ അത്ര സത്യമുണ്ടെന്ന് പറയാനാകില്ല. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ (കീഴ്‌പ്പെടുക എന്നര്‍ത്ഥം വരുന്ന ‘അസ്‌ലമ’ എന്ന അറബി പദമാണ് ഇതിന് ഉപയോഗിക്കുക), അദ്ദേഹം കാലെടുത്ത് വെച്ചത് സമ്പന്നവും അതേ സമയം സങ്കീര്‍ണ്ണവുമായ ഒരു മതത്തിലേക്കായിരുന്നു.
ആയിരത്തി അഞ്ഞൂറ് വര്‍ഷക്കാലം കൊണ്ട് വികസിച്ചു വന്ന വിഭിന്നങ്ങളായ വഴികളുണ്ടതില്‍. അവയോരോന്നും പരസ്പരം പൊരുത്തപ്പെട്ടു പോവുകയും പോരാടുകയും ചെയ്യുന്നവയാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അലച്ചിലുകള്‍ ആയിരുന്നു. മധ്യകാല സ്പാനിഷ് ദൈവശാസ്ത്രജ്ഞനായ മുഹമ്മദ് ഇബ്‌നു ഹസ്മിന്റെ രീതിശാസ്ത്രം അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ വിപ്ലവകാരിയായ മുഹമ്മദ് അബ്ദുവിന്റെ ആശയങ്ങളും കടം കൊണ്ടിട്ടുണ്ട്.
അതേ സമയം പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിറിയന്‍ ദൈവശാസ്ത്രജ്ഞനായ ഇബ്‌നു തൈമിയ്യയുടെ പല ആശയങ്ങളോടും കടുത്ത വിയോജിപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. എങ്കിലും ബുദ്ധി (അഖ്‌ല്/ reason), പുരാവൃത്തം (നഖ്‌ല്/ tradition), സ്വതന്ത്ര ചിന്ത (ഇറാദ/ free-will) എന്നിവയെ കോര്‍ത്തിണക്കി ഇസ്‌ലാമിനെ പറ്റി യുക്തിസഹവും വ്യത്യസ്തവുമായ ഒരു ദര്‍ശനമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. സന്ദര്‍ഭവശാല്‍, സൂഫിസത്തെ പറ്റിയുള്ള നിലപാട് രൂപീകരിക്കുന്നതില്‍ അദ്ദേഹത്തില്‍ ഇബ്‌നു തൈമിയ്യന്‍ സ്വാധീനം കാണാനാവുന്നതാണ്.
ഇബ്‌നു തൈമിയ്യയെ സംബന്ധിച്ചിടത്തോളം സൂഫിസമല്ല, സൂഫികളുടെ അമിത പ്രവര്‍ത്തികളാണ് അധിക്ഷേപിക്കപ്പെടാന്‍ ഹേതുവായത്. യഥാര്‍ത്ഥത്തില്‍, അദ്ദേഹത്തിന്റെ തുടക്ക കാലത്ത് എഴുതി പ്രസിദ്ധീകരിച്ചവയില്‍ മിക്കതും (Islam at the Crossroads, സ്വഹീഹുല്‍ ബുഖാരിയുടെ വിവര്‍ത്തനം, അറഫാത്ത് എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ വന്ന പ്രബന്ധങ്ങള്‍, തുടങ്ങിയവ) സംബോധന ചെയ്തിരുന്നത് മുസ്‌ലിംകളോടാണ്, പാശ്ചാത്യരോടല്ല.
ഇതില്‍ നിന്നെല്ലാം ഞാന്‍ മനസ്സിലാക്കുന്നത് മുസ്‌ലിം- പാശ്ചാത്യ പാലം പണിയാന്‍ അദ്ദേഹം ഉദ്ദേശിച്ചിട്ടില്ലെന്നു തന്നെയാണ്. എന്നാല്‍ തന്റെ പാരമ്പര്യമായി മാറിയ ഇസ്‌ലാമിക പൈതൃകത്തെ ആഴത്തില്‍ നിരൂപിക്കുകയും മുസ്‌ലിം സഹോദരങ്ങളെ ഇസ്‌ലാമിന്റെ അന്തസ്സത്ത നെഞ്ചേറ്റാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. അമുസ്‌ലിംകളെ അഭിസംബോധന ചെയ്യുന്ന ആദ്യ രചന അദ്ദേഹത്തിന്റെ ആത്മകഥയാണ് (അത് മുസ്‌ലിംകളോടും സംവദിച്ചിരുന്നുവെന്നത് തീര്‍ച്ച). ഒരു പൊതു സമൂഹത്തോട് താനെങ്ങനെ മുസ്‌ലിമായി എന്ന് മാത്രമല്ല അതില്‍ പറയുന്നത്. ഇസ്‌ലാമിനെ കുറിച്ച് ഏവര്‍ക്കും അത്ഭുതം തോന്നുന്ന കാര്യങ്ങളും കൂടെ പങ്കുവെക്കുന്നുണ്ട്.
എന്റെ പിതാവ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനൊന്നും ആയിരുന്നില്ല. മറിച്ച് ഒരു മത ചിന്തകന്‍ ആയിരുന്നുവെന്ന് പറയാം. ഖുര്‍ആനും നബി ചര്യയും ചേര്‍ന്നാലത് ‘മനുഷ്യന് എറ്റവും അനുയോജ്യമായ ജീവിത പദ്ധതി’യാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തെ ഇതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം വികസിപ്പിക്കുന്നത്. പാകിസ്ഥാനിലെ ഇസ്‌ലാമിക ഭരണ ഘടനക്ക് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത് പോലും ഇതിനെ തുടര്‍ന്നാണെന്ന് പറയാനാകും.

മുഹമ്മദ് അസദ്
അദ്ദേഹം മുന്നോട്ട് വെച്ച ഈ നിര്‍ദേശങ്ങളെല്ലാം വിശദമായി തന്റെ വിശ്രുത പുസ്തകമായ Principles of State and Government in Islam ല്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ മുഴുകിയ ശേഷം അദ്ദേഹം പക്ഷേ ഇവ്വിഷയത്തില്‍ അത്ര താല്‍പര്യം കാണിച്ചിട്ടില്ല. കൂടുതല്‍ കാലം ജീവിച്ച ബുദ്ധിജീവികളെ പോലെ പിതാവിന്റെയും നിരീക്ഷണങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം 92 ആം വയസ്സില്‍ മരണപ്പെടും വരെ അതങ്ങനെ വികസിച്ചു. അദ്ദേഹത്തിന്റെ പുരോഗതിയുടെ ഓരോ ഘട്ടവും വായിച്ചെടുക്കാന്‍ ഞാനൊരിക്കലും പ്രാപ്തനല്ല. എന്നിരുന്നാലും, പിതാവിന്റെ മരണത്തിന് രണ്ട് ദശകങ്ങള്‍ക്ക് ശേഷം, അദ്ദേഹം എന്താണ് പറഞ്ഞിരുന്നത്, എഴുതിയിരുന്നത് എന്നൊക്കെ ഞാന്‍ ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഇസ്‌ലാമിനെ പറ്റിയുള്ള മൗലിക നിരീക്ഷണങ്ങള്‍ നിരൂപിക്കാനും പുനര്‍നിര്‍മിക്കാനും ഞാന്‍ ശ്രമിച്ചു. ഇതിനിടെ എനിക്ക് ചിലപ്പോള്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ അന്തര്‍ലീനമായ എന്നാല്‍ അമൂല്യമെന്ന് ഞാന്‍ കരുതുന്ന ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരേണ്ടിയുമുണ്ടായിട്ടുണ്ട്.
പ്രഥമവും പ്രധാനവുമായ എന്റെ പിതാവിന്റെ ഒരു നിരീക്ഷണം, ഇസ്‌ലാം യുക്തിയില്‍ അധിഷ്ഠിതമാണെന്നതാണ്. ഒരു മുസ്‌ലിമായിരിക്കാന്‍ യുക്തി അനിവാര്യമാണ് എന്നും ഇതിനെ വായിക്കാവുന്നതാണ്. അവിശ്വാസികളെയും നാമമാത്ര മുസ്‌ലിംകളെയും പ്രബോധനം നടത്തേണ്ടത് ബലപ്രയോഗത്തിലൂടെയല്ല, യുക്തി പ്രയോഗിച്ചാണെന്ന് എന്റെ ചെറുപ്പത്തില്‍ അദ്ദേഹം എന്നോട് പറയുമായിരുന്നു. ഇത് തന്നെയായിരിക്കണം ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്നത് കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിച്ചത്. ദൈവം എപ്പോഴും ഖുര്‍ആനിലൂടെ മനുഷ്യനെ അഭിസംബോധന ചെയ്യുന്നത് ചിന്തിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ശ്രദ്ധയോടെ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍ മതി, അത് നമ്മോട് നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മനസ്സിലാകും.
അതൊരു പക്ഷേ നമ്മെ ചൊടിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചേക്കാം. യുക്തി എന്നാല്‍ കേള്‍വിക്കാരന് മൂല്യവത്തായി തോന്നുന്നവയാണല്ലോ. ചിലപ്പോഴത് മനുഷ്യരോട് പൊതുവായോ (അയ്യുഹ ന്നാസ്), മുസ്‌ലിംകളോട് പ്രത്യേകമായോ (അയ്യുഹല്‍ മുഅ്മിനൂന്‍) തര്‍ക്കിച്ചെന്നിരിക്കും. ഒരു പക്ഷേ മറ്റൊരു ജീവിത ബോധ്യത്തിലേക്ക് കേള്‍വിക്കാരനെ അനുനയിപ്പിക്കാനാകുമത്. ഈ വാദങ്ങളൊന്നും ഉന്നം വെക്കുന്നത് അനിഷേധ്യ തെളിവുകള്‍ നിരത്താനല്ല. മറിച്ച്, ഒരു അസാധാരണ സാധ്യതയിലേക്ക് കേള്‍വിക്കാരനെ ആകര്‍ഷിക്കാനാണ്. ഒരു അവിശ്വാസിക്ക് ജീവിത ദുരിതങ്ങളെ പറ്റിയുള്ള ഖുര്‍ആനിക പരാമര്‍ശം ഒന്നുമല്ലായിരിക്കാം. പക്ഷേ അത് വിശ്വാസിയുടെ ബോധ്യത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്.
ശരിയായ മാര്‍ഗനിര്‍ദേശം ആവശ്യമുള്ളവര്‍ക്ക് വഴികാട്ടി (ഹുദ) തന്നെയാണ് ഖുര്‍ആന്‍. ഖുര്‍ആനിക പ്രേരണ ഫലം ചെയ്യുന്നില്ലെങ്കില്‍ മറ്റു മതസ്ഥരോട് കൂടെ പരസ്പര സഹകരണത്തോടെ ജീവിക്കുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്: ‘ലകും ദീനുകും വ ലിയ ദീന്‍’ (നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം). ഈയൊരു അവസരത്തില്‍ പിതാവ് ഓതാറുള്ള ഒരു സൂക്തം ഓര്‍മ്മ വരുന്നു: ‘മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ ജൂതരോ ക്രിസ്തീയരോ സ്വാബിഉകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റബ്ബിൽ നിന്നുണ്ട്.
അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല.’ (സൂറത്തുല്‍ ബഖറ 62) ഹീബ്രു ബൈബിളിലോ സുവിശേഷത്തിലോ ഇത്തരം സൂക്തങ്ങള്‍ കാണാനാകില്ല. ഈ സൂക്തം ഊന്നിപ്പറയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്: ഇസ്‌ലാമിക അധ്യാപനത്തില്‍ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും (അഹ്‌ല് കിതാബ്) പാരമ്പര്യം ഒന്നു തന്നെയാണ്, ഇസ്‌ലാം അതിന്റെ ഉച്ചാവസ്ഥ പ്രാപിച്ചത് ഈ വഴികളിലൂടെ കടന്നുവന്നാണ്. ഇവ രണ്ടും മുന്‍കാല ദിവ്യ വെളിപാട് തന്നെയാണ്. പക്ഷേ, കാലാന്തരങ്ങളില്‍ അവ വക്രീകരിക്കപ്പെടുകയായിരുന്നു. എന്നിരുന്നാലും, അവയില്‍ സ്വല്‍പം സത്യമുണ്ടെന്ന് അംഗീകരിക്കേണ്ടതുണ്ട്. സൈദ്ധാന്തികമായി അവ പിഴച്ചതായിരിക്കാം. പക്ഷേ, അവ പിറവി കൊണ്ടത് ബഹുമാനിക്കപ്പെടേണ്ട ഒരു പൊതു പാരമ്പര്യത്തില്‍ നിന്നാണ്(അഥവാ, അബ്രഹാമിക പാരമ്പര്യം).
ISALM AT THE CROSSROADS
ക്രിസ്ത്യന്‍ ചരിത്ര വീക്ഷണത്തില്‍ നിന്ന് വിഭിന്നമായി, മുമ്പുള്ള ഒരു ഏക ദൈവ മതത്തിനുള്ള വിശ്വാസികളുടെ തുടര്‍ച്ചയായ സാന്നിധ്യം ഇസ്‌ലാം ഒരപവാദമായി കണക്കാക്കുന്നില്ല. മറിച്ച്, തെറ്റായ ഒരാശയത്തില്‍ ധാര്‍ഷ്ട്യത്തോടെ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നത് എത്ര അനായാസകരമാണെന്ന് സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. പിതാവിന്റെ നിരീക്ഷണമനുസരിച്ച് ‘യഥാര്‍ത്ഥ ഇസ്‌ലാമിക പാരമ്പര്യ’ത്തില്‍ ശത്രു/മിത്രം എന്നീ വേര്‍തിരിവുകളില്ല, മനുഷ്യരെ നല്ലവരെന്നോ ചീത്തവരെന്നോ വര്‍ഗീകരിക്കാനാകില്ല. അദ്ദേഹം ഉദ്ദേശിക്കുന്നത്, ഇസ്‌ലാമിക പാരമ്പര്യം മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത് മറ്റു മതസ്ഥരുമായി സഹകരിച്ച് ഒന്നിച്ചു കഴിയുക എന്നതിലുപരി എല്ലാവരെയും ഒരു പോലെ ബഹുമാനിക്കണമെന്ന് കൂടെയാണ്. ബഹുമാനം കൊണ്ടുദ്ദേശിക്കുന്നത്, അവര്‍ക്കവരുടെ പ്രതീക്ഷകളെയും പ്രതിബദ്ധതയെയും പറ്റി എന്താണ് പറയാനുള്ളത് എന്ന് കാതുകൂര്‍പ്പിച്ച് കേള്‍ക്കലാണ്.
ഈ ദൃഷ്ട്യേന നോക്കിയാല്‍ നാം ഒരാളെ ബഹുമാനിക്കുന്നു എന്നതിനര്‍ത്ഥം നാം അവനെ/ അവളെ നമ്മുടെ സൗഹൃദ വൃന്ദത്തില്‍ ഉള്‍ച്ചേര്‍ക്കുന്നുവെന്നാണ്. (ഇത് നാം പറയുന്ന അദ്വൈത/ അബ്രഹാമിക മതങ്ങള്‍ക്ക് പരിമിതമാണെങ്കില്‍ പോലും) അതേ സമയം ഖുര്‍ആനില്‍ തന്നെ ജൂതന്മാരെയും ക്രിസ്ത്യാനികളെയും തള്ളിപ്പറഞ്ഞുള്ള സൂക്തങ്ങളുമുണ്ട്. പക്ഷേ, അവയെല്ലാം പ്രവാചക ചരിത്രത്തിലെ പ്രത്യേക സാഹചര്യങ്ങളോടുള്ള പ്രതികരണമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചിലപ്പോഴത് അവര്‍ക്കും വളര്‍ന്നു വരുന്ന മുസ്‌ലിം സമുദായത്തിനും ഇടയില്‍ പ്രയാസം സൃഷ്ടിക്കും വിധം പെരുമാറിയവരോടുള്ള പ്രതികരണമായിരുന്നുവത്രേ. അദ്ദേഹം ഊന്നിപ്പറയുന്നു: എതിര്‍ത്തു പറയുന്ന ഈ സൂക്തങ്ങളൊന്നും ഇസ്‌ലാമിക വ്യവസ്ഥയിലെ എല്ലാ പാരമ്പര്യങ്ങളോടുള്ള പ്രാമാണിക നിലപാടല്ല.
പാശ്ചാത്യര്‍ ഇസ്‌ലാമിനെ അക്രമാസക്തമായ, സഹിഷ്ണുത തൊട്ട് തീണ്ടാത്ത മതമായി കണക്കാക്കുന്നത് പിതാവിന് ഏറെ സങ്കടകരമായ കാര്യമായിരുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷമുള്ള നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിലേക്കുണ്ടായ മതം മാറ്റം ബലപ്രയോഗത്തിന്റേത് ആയിരുന്നുവെന്നാണ് അവര്‍ കരുതുന്നത്. അതങ്ങനെ അല്ലായിരുന്നുവെന്ന് ഉറപ്പാണ്. അരികുവല്‍കരണത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പുറത്തു കടക്കാനുള്ള ഒരു പോം വഴിയായിരുന്നു മതം മാറിയവര്‍ക്ക് ഇസ്‌ലാം. ഇസ്‌ലാമിലേക്കുള്ള മത പരിവര്‍ത്തനം, അധികാരവുമായി അവക്കുള്ള ബന്ധം എന്നിവയെല്ലാം ഇപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പലപ്പോഴും, അവക്ക് പിറകിലുള്ള കാരണങ്ങളെ പറ്റി ഭയം, ഭൗതിക താല്‍പര്യങ്ങള്‍ എന്നിങ്ങനെയുള്ള വക്രീകരിച്ച പദപ്രയോഗമാണ് നടത്തപ്പെടാറുള്ളത്. മതം മാറ്റത്തെ ഒരു ചിന്താ ധാരയില്‍ നിന്നുള്ള സമ്പൂര്‍ണ പിന്‍വാങ്ങലും മറ്റൊന്നിലേക്കുള്ള പ്രവേശനവും ആയി പരികല്‍പന ചെയ്യുന്നതില്‍ വ്യാവഹാരിക പദവി തന്നെയാണ് പ്രശ്‌നവല്‍കരിക്കുന്നത്.
എങ്ങനെ നോക്കിയാലും പടിഞ്ഞാറിന്റെ കണ്ണില്‍ ഇപ്പോഴുമുള്ളത് ഇസ്‌ലാമിലേക്കുള്ള മതം മാറ്റം ബലം പ്രയോഗിച്ചാണെന്ന് തന്നെയാണ്. ഈ വാദത്തെ സാധൂകരിക്കുന്നതാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മനിയിലെ റേഗന്‍സ്ബര്‍ഗില്‍ (Regensburg) വെച്ച് ബെനഡിക്റ്റ് മാര്‍പാപ്പ നടത്തിയ പ്രഭാഷണം. അതില്‍ അദ്ദേഹം അന്ന് വാദിച്ചത് ക്രിസ്ത്യന്‍ ചരിത്രം മുഴുവന്‍ യുക്തി കേന്ദ്രീകൃതമായിരുന്നുവെന്നും ഇസ്‌ലാമിന്റെ നിഘണ്ടുവില്‍ അങ്ങനൊന്ന് കാണാനേ സാധിക്കില്ലെന്നുമാണ്. ഇസ്‌ലാം വളര്‍ന്നു പന്തലിച്ചത് ബലാല്‍ക്കാരത്തെയും ഹിംസയെയും കൂട്ടുപിടിച്ചായിരുന്നുവത്രെ.
മുസ്‌ലിംകള്‍ അമുസ്‌ലിംകളോട് പെരുമാറേണ്ടത് ‘യുക്തി’യിലൂന്നിയാകണമെന്ന് മാത്രമല്ല, വിശ്വാസി എന്ന നിലക്കും യുക്തിയെ ഗൗരവ പൂര്‍വം സമീപിക്കണം എന്നായിരുന്നു എന്റെ പിതാവിന്റെ നിലപാട്. മുസ്‌ലിംകള്‍ക്കിടയിലെ വിയോജിപ്പുകളെ കൈകാര്യം ചെയ്യേണ്ടത് യുക്തിയിലധിഷ്ഠിതമായി ആയിരിക്കണം. പൊതു കാര്യങ്ങളില്‍ ആയാലും വ്യക്തി ജീവിതത്തില്‍ ആയാലും അതങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍, മുസ്‌ലിംകള്‍ തമ്മിലുള്ളത് തീവ്ര വിയോജിപ്പ് ആണെങ്കിലും അവ പരസ്പരം കാഫിറാ (തക്ഫീര്‍)ക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നില്ല എന്നാണ്.
ഒരു സമവായത്തില്‍ എത്തിയില്ലെങ്കിലും ഓരോ വിഭാഗവും പരസ്പരം ആദരിച്ചാണ് വാദ പ്രതിവാദത്തില്‍ ഏര്‍പ്പെടേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ‘പണ്ഡിതര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം സമുദായത്തിന് അനുഗ്രഹമാണെ’ന്ന പ്രവാചകാധ്യാപനം ദ്യോതിപ്പിക്കുന്നതും മറ്റൊന്നല്ലല്ലോ. ഇസ്‌ലാമിക സിദ്ധാന്തങ്ങളെയും വ്യവഹാരങ്ങളെയും കര്‍ക്കശമായി ആവിഷ്‌കരിക്കുന്നതിന് എന്റെ പിതാവ് എതിരാണ്. തീവ്രമത ചിന്താഗതിയോടും (religious bigotry/ തഅസ്സുബ്, തശദ്ദുദ്) മതാധിക്യത്തോടും (religious excess/ ഗുലുവ്വ്) നീരസം പ്രകടിപ്പിക്കുകയാണദ്ദേഹം ചെയ്തത്. മതത്തിന്റെ പേരിലുള്ള ക്രൂരമായ ശിക്ഷാ രീതിയെ അദ്ദേഹം വെറുത്തു. അത് നടത്തുന്നത് രാഷ്ട്രം, വ്യക്തി, ജനങ്ങള്‍ എന്നിവര്‍ ആരായാലും ഈ നിലപാട് തന്നെയായിരുന്നു. ഒരാള്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിച്ചാല്‍ അയാള്‍ മുസ്‌ലിം തന്നെ. പ്രഖ്യാപനത്തിലെ ആത്മാര്‍ത്ഥത അവനും/അവളും ദൈവവും തമ്മിലുള്ള കാര്യമാണ്.
The Principles of State and Government in Islam Paperback
ധാര്‍മിക പരമായി ശരിയേത് തെറ്റേത് എന്ന് വേര്‍തിരിച്ചറിയാന്‍ മതം അനിവാര്യമാണെന്ന് വിശ്വസിച്ച ഒരാളായിരുന്നു എന്റെ പിതാവ്. ഒരു മുസ്‌ലിം എന്ന നിലക്ക് വിശേഷിച്ചും വേര്‍തിരിച്ചറിയാന്‍ ഇസ്‌ലാം മതം അനിവാര്യമെന്ന് ഉറപ്പിച്ചിരുന്നു. ഇങ്ങനെയാണ് ഒരു ഇസ്‌ലാമിക് സ്റ്റേറ്റിനുള്ള ന്യായീകരണം അദ്ദേഹം കണ്ടെത്തുന്നത്. ഇതിനെ പറ്റി അദ്ദേഹം എഴുതിയത് കാണുക: ‘രാഷ്ട്രത്തിനും സമുദായത്തിനും സന്തോഷമെന്തെന്ന് അറിയാനാകുന്നത് അത് പൂര്‍ണാര്‍ഥത്തില്‍ ഒന്നിക്കുമ്പോഴാണ്. പൂര്‍ണാര്‍ത്ഥത്തില്‍ ഒന്നിക്കുന്നത് പൗരന്മാരുടെ വ്യവഹാരങ്ങളില്‍ തെറ്റേതെന്നും ശരിയേതെന്നും ഏകാഭിപ്രായം ഉണ്ടാകുമ്പോഴാണ്. സ്ഥായിയും സമ്പൂര്‍ണവുമായ ധാര്‍മിക നിയമങ്ങളെ അനുവര്‍ത്തിക്കാതെ ഒരു രാഷ്ട്രത്തിനും സമൂഹത്തിനും എകാഭിപ്രായം സാധ്യമാകുകയുമില്ല. തീര്‍ച്ചയായും മതത്തിന് മാത്രമെ, അത്തരം നിയമങ്ങള്‍ കൊണ്ടുവരാനാകുകയൊളളൂ. അതു കൊണ്ടേ ഒരു സംഘത്തിലെ സകലരെയും കൂട്ടിയിണക്കുന്ന പൊതു ധാര്‍മിക വ്യവസ്ഥ നിര്‍മിച്ചെടുക്കാനാകൂ.’ (Principles of State and Government in Islam, 1961, p. 6) ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അനിവാര്യതയെ പറ്റി അദ്ദേഹം പറയുന്നത് പോലും ‘യുക്തി’ ഉപയോഗിച്ചാണെന്നത് ശ്രദ്ധേയമാണിവിടെ. അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നത് പോലെ തന്നെ ഭൂതകാലത്തെ അന്ധമായി അനുകരിച്ചിട്ടില്ല അദ്ദേഹമിവിടെ. യുക്തി ഉപയോഗിച്ചാണ് ഇസ്‌ലാമിക് സ്റ്റേറ്റിനെ ന്യായീകരിച്ചത്. അതേ യുക്തി തന്നെ ഇതിന്റെ അനിവാര്യതയെ ചോദ്യം ചെയ്യും. അതാണിനി ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതും.
നൈതികതയും (ethics) നിയമവും (law) ഒന്നു തന്നെയാണെന്നാണ് എന്റെ പിതാവ് നിരീക്ഷിച്ചത്. ദൈവേച്ഛ അനുസരിച്ച് ജീവിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതിങ്ങനെ തന്നെയായിരിക്കും. മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാകണം രാഷ്ട്രം പടുത്തുയര്‍ത്തേണ്ടത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. നിയമം നിയമമാകണമെങ്കില്‍ അത് ദൈവികമായിരിക്കണം (ദൈവേച്ഛ/ God’s will). അതാണല്ലോ യഥാര്‍ത്ഥ നീതിയുടെയും സന്തോഷത്തിന്റെയും ഉറവിടം. സ്വാഭാവികമായും വ്യാകുലപ്പെടേണ്ട ഒരു ചോദ്യമിവിടെ ഉയര്‍ന്നു വരുന്നുണ്ട്: അമുസ്‌ലിംകള്‍ക്ക് ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന് കീഴില്‍ ജീവിക്കാനൊക്കുമോ? രാഷ്ട്ര നിയമത്തിന് വഴങ്ങുമ്പോള്‍ അവര്‍ക്കവരുടെ വിശ്വാസങ്ങളുമായി മുന്നോട്ട് പോകുന്നതിന് പരിമിതികളുണ്ടോ?
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഒട്ടു മിക്ക വക്താക്കളെയും പോലെ എന്റെ പിതാവും സമര്‍ത്ഥിച്ചത് ഒന്നായിരുന്നു: അമുസ്‌ലിം പൗരന് ഇസ്‌ലാമിക സ്റ്റേറ്റിന് നേതൃത്വം നല്‍കാനാവില്ലെങ്കിലും അതവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ട്. ഇതിന് കൃത്യമായ ന്യായം അദ്ദേഹം കണ്ടെടുക്കുന്നുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ചിന്താ ഗതി ഉള്ളില്‍ വെക്കുന്ന അമുസ്‌ലിമിന് ആ സ്‌റ്റേറ്റിനോട് പൂര്‍ണമായും പ്രതിബദ്ധതയുണ്ടാവുക സാധ്യമല്ല. ഒരു രാഷ്ട്രമായിരിക്കുമ്പോള്‍ അതിന്റെ നേതൃ നിരയിലുള്ളവക്ക് പൂർണ്ണ പ്രതിബദ്ധതയുണ്ടാകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രാഷ്ട്രം മുന്നോട്ട് വെക്കുന്ന പ്രത്യയ ശാസ്ത്രം പൂര്‍ണമായും അനുവര്‍ത്തിച്ച ആളാകണം ഒരു നേതാവ്. ഒരു ഇസ്‌ലാമിക് സ്റ്റേറ്റില്‍ ഇപ്പറഞ്ഞ രണ്ട് കാര്യവും അമുസ്‌ലിമില്‍ സമ്മേളിക്കുക സാധ്യമല്ല. യുക്തിപരമല്ലേ കാര്യങ്ങള്‍?
ഇവ്വിഷയത്തിലുള്ള എന്റെ പ്രതികരണം, ഇപ്പറഞ്ഞ സ്റ്റേറ്റിന്റെ ഡിമാന്റുകളെല്ലാം തികച്ചും ആധുനികമാണെന്ന് ഊന്നിപ്പറഞ്ഞാണ്. പൗരന്മാരെല്ലാവരും രാഷ്ട്രീയമായി ഒന്നിക്കുക എന്നതും അവര്‍ക്ക് സ്റ്റേറ്റിനോട് നിരുപാധികം പ്രതിബദ്ധതയുണ്ടാകണം എന്നതും ഭരണകൂടത്തിന് ശത്രുക്കളെ (അത് ശത്രു രാഷ്ട്രമായാലും ചാരന്മാരായാലും) പ്രതിരോധിക്കാനുള്ള രാഷ്ട്ര തന്ത്രമാണ്. പൂർവ്വാധുനിക സ്റ്റേറ്റുകള്‍ ഇത്തരത്തിലൊന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് ആവശ്യമായിട്ടുമില്ല. പൂർവ്വാധുനിക സ്‌റ്റേറ്റുകളില്‍ പ്രഭു, സേനാധിപതി, ഗവര്‍ണര്‍ എന്നിവരുടെ ആത്മാര്‍ഥതയേ കണക്കിലെടുക്കേണ്ടിയിരുന്നുള്ളൂ. സാധാരണ വിഷയങ്ങളിലെല്ലാം ജനങ്ങളെ നോക്കിയിരുന്നില്ല. എന്നാല്‍ മോഡേണ്‍ സ്റ്റേറ്റിന്റെ ഉൽഭവം തന്നെ ആന്തരികവും ബാഹ്യവുമായ ശത്രുക്കളോടുള്ള ഭയമാണ്. അതു കൊണ്ടു തന്നെയാണ് അധികാരം ഐക്യം ആവശ്യപ്പെടുന്നതും. പൗരന്മാരുടെ ഭാഗത്ത് നിന്ന് പ്രതിബദ്ധത ഉണ്ടാകുന്നില്ലെങ്കില്‍ സ്റ്റേറ്റ് ബലപ്രയോഗത്തിലൂടെ അവരുടെ വിധേയത്വം ഉറപ്പാക്കുന്നു. അവിടെ പൗരന് സന്ദേഹമുണ്ടോ വിയോജിപ്പുണ്ടോ എന്നൊന്നും നോക്കില്ല. ഇത്തരമൊരു രാഷ്ട്രീയ സംവിധാനത്തില്‍, മറ്റു രാഷ്ട്രീയ സമൂഹങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശത്രുവായി തീരുന്നു. മറ്റേത് രാഷ്ട്രത്തേയും പോലെ അതിജീവനത്തെ സര്‍വ്വശ്രേഷ്ഠമായി കാണുകയും ചെയ്യും. എല്ലാ അര്‍ത്ഥത്തിലും പിന്നെ അതിനെ പ്രതിരോധിക്കാനാകും ശ്രമിക്കുക.

മൊഴിമാറ്റം : നിസാം തങ്ങൾ മുതുതല
An anthropologist at the City University of New York. He is the author of Genealogies of Religion. Asad has made important theoretical contributions to Post-Colonialism, Christianity, Islam, and Ritual studies and has recently called for, and initiated, an anthropology of Secularism
