മുഹമ്മദ്‌ അലി : ആദർശ ധീരനായ താര പ്രതിഭ

മുഹമ്മദ്‌ അലിയുടെ ജനാസ ഖബറടക്കത്തിന് കൊണ്ട് പോകുന്ന കാഴ്ച

കായിക ലോകത്തെ ഒന്നാകെ മാറ്റി മറിച്ച മഹാ പ്രതിഭയായിരുന്നു മുഹമ്മദ് അലി. 1964 ൽ പ്രമുഖ ബോക്‌സറായിരുന്ന സോണി ലിസ്റ്റണിനെ അതിജയിച്ചാണ് മുഹമ്മദ്‌ അലി ഇടിക്കൂട്ടിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. അതോടെ നിലവിലെ ഹെവിവെയ്റ്റ് ചാമ്പ്യനെ പുറത്താക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോക്സറായി മുഹമ്മദ് അലി മാറി. ജോ ലൂയിസിനും ഷുഗർ റേ റോബിൻസണുമൊപ്പം എക്കാലത്തെയും മികച്ച ബോക്സർമാരിൽ ഒരാളായി കായിക ലോകം അദ്ദേഹത്തെ ആദരിച്ചു. ലോക ഹെവിവെയ്റ്റ് കിരീടം മൂന്ന് തവണ നേടി ബോക്സിങിൽ മുഹമ്മദലി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

മാൽകം എക്‌സിനോടൊപ്പം

അക്കാലത്തെ അദ്ദേഹത്തിന്റെ ബോക്സിങ് ശൈലി പാരമ്പര്യേതരവും നിലവിലുള്ള ബോക്സിംഗ് പ്യൂരിസ്റ്റുകളോടുള്ള അവഹേളനവുമായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ അസാമാന്യ വേഗതയും ശക്തിയും സമന്വയിപ്പിച്ചുള്ള നീക്കങ്ങൾ കാണികളിൽ വിപ്ലവം സൃഷ്ടിച്ചു. അത് കൊണ്ട് തന്നെ മിക്ക ബോക്സിംഗ് നിരീക്ഷകരും അലിയെ ‘എക്കാലത്തെയും മികച്ച ചാമ്പ്യൻ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇടിക്കൂട്ടിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ കാരണമായി 1999ൽ Sports illustrated “സ്പോർട്സ്മാൻ ഓഫ് ദി സെഞ്ച്വറി” എന്ന പദവി നൽകിയെങ്കിലും, കളിക്കളത്തിനു പുറത്തെ അലിയുടെ ആകർഷകമായ പെരുമാറ്റവും ശൈലിയുമാണ് അദ്ദേഹത്തെ ഏറ്റവും അറിയപ്പെടുന്നവനും ജനപ്രിയനുമാക്കി മാറ്റിയത്.

തന്റെ മുഷ്ടിയേക്കാൾ വേഗതയുള്ള രണ്ടു കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സും നാവും മാത്രമായിരുന്നു. അമേരിക്കൻ മുഖ്യധാര കേൾക്കാൻ തയ്യാറല്ലാത്ത പല സത്യങ്ങളും ഒരു കറുത്ത യുവാവിന്റെ വായിൽ നിന്ന് ധീരമായി പുറത്തുവരുന്നത് ലോകം ശ്രദ്ധയോടെ വീക്ഷിച്ചു. ആഫ്രിക്കൻ അമേരിക്കക്കാരുടെ നിരവധി തലമുറകൾക്ക് അന്തസ്സിന്റെയും അഭിമാനത്തിന്റെയും അഭിമാന പ്രതീകമായി മുഹമ്മദ് അലി മാറിയിരുന്നു. മാത്രമല്ല, അദ്ദേഹം ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത് ‘പീപ്പിൾസ് ചാമ്പ്യൻ’ എന്നായിരുന്നു. ഒരേസമയം, ഇസ്‌ലാമിന്റെ ആദർശ നിലപാടും കറുപ്പിന്റെ ശക്തിയും അമേരിക്കക്ക് എന്ന് മാത്രമല്ല, ലോകത്തിന് തന്നെ കാണിച്ചു കൊടുത്ത ഇതിഹാസം കൂടിയാണ് അദ്ദേഹം.

സണ്ണി ലിസ്റ്റണും മുഹമ്മദ്‌ അലിയും തമ്മിൽ നടന്ന പ്രസിദ്ധമായ ബോക്സിങ് മത്സരം.

1964 ഫെബ്രുവരി 25ന് ലിസ്റ്റണിനെ പരാജയപ്പെടുത്തിയതിന് ശേഷം, കാഷ്യസ് ക്ലേ എന്ന തന്റെ ‘അടിമ നാമം’ മാറ്റി മുഹമ്മദ് അലി എന്ന് ആക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ മിക്ക സ്പോർട്സ് റിപ്പോർട്ടർമാരും (അലിയുടെ ചില ബോക്സിംഗ് എതിരാളികളും) അദ്ദേഹത്തെ പുതിയ പേരിൽ അഭിസംബോധന ചെയ്യാൻ വിസമ്മതിച്ചു, മാത്രവുമല്ല, കേഷ്യസ് ക്ലേ എന്ന വിളി തുടർന്ന് കൊണ്ടേയിരുന്നു. “ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയാം, സത്യം എന്താണെന്നും എനിക്കറിയാം, നിങ്ങളുടെ വഴി ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രവ‍‍ർത്തിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്”. തന്റെ ആദ്യ ചാമ്പ്യൻഷിപ്പ് പത്രസമ്മേളനത്തിൽ ആദർശ ധീരതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

തുടർന്നുള്ള വർഷങ്ങളിൽ കേവലം ഒരു ബോക്സിംഗ് ചാമ്പ്യനിൽ നിന്ന് മാറി ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ഒരു ചാമ്പ്യനിലേക്ക് അലി രൂപാന്തരപ്പെടുകയായിരുന്നു. അനീതിക്കും വംശീയ അസമത്വത്തിനുമെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. പിൽക്കാല ജീവിതത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച അലി 1975ൽ നാഷൻ ഓഫ് ഇസ്‌ലാം ഉപേക്ഷിച്ച് മുഖ്യധാരാ സുന്നി പ്രസ്ഥാനത്തിൽ പ്രവേശിച്ചു. 9/11 ഭീകരാക്രമണം നടന്നപ്പോൾ തീവ്രവാദ പ്രവർത്തനങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും തന്റെ എതിർപ്പ് ശക്തമായി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. “ഇത് എന്നെ ശരിക്കും വേദനിപ്പിക്കുന്നു, ഇസ്‍ലാം സമാധാനമാണ്, അക്രമാസക്തമല്ല” ചുരുക്കം ചിലരുടെ പ്രവർത്തനങ്ങൾ ഒരു മതത്തെ മൊത്തത്തിൽ മോശമായി ചിത്രീകരിക്കപ്പെടാൻ കാരണമാവുകയാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

1966 മാർച്ചിൽ, സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ യോഗ്യത നേടിയ ചെയ്ത ശേഷം, യുഎസ് സായുധ സേനയിൽ നിർബന്ധ സൈനിക സേവനം നടത്താൻ വിസമ്മതിച്ചത് വീണ്ടും അദ്ദേഹത്തിലേക്ക് മാധ്യമ ശ്രദ്ധ ആകർഷിക്കപ്പെടാൻ കാരണമായി. സേവനം നിരസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനായി അദ്ദേഹം ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. വിയറ്റ്നാം യുദ്ധത്തെ അക്കാലത്ത് ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണച്ചിരുന്നു. ഇതിനെതിരെ സംസാരിക്കാനുള്ള അലിയുടെ തീരുമാനം വൻ വിവാദങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തെ ഒരു ഭീരുവും രാജ്യദ്രോഹിയുമാക്കി ചിത്രീകരിക്കാനുള്ള എല്ലാ അവസരങ്ങളും രാഷ്ട്രീയക്കാരും മാധ്യമങ്ങളും അടക്കമുള്ള ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളും നന്നായി മുതലെടുത്തു. എന്നാൽ അലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു “എനിക്ക് എങ്ങനെ ആ പാവങ്ങളെ വെടിവെയ്ക്കാൻ കഴിയും? പകരം എന്നെ ജയിലിലേക്ക് കൊണ്ടുപോകൂ”.

തന്റെ കൃത്യമായ ബോധ്യത്തിന്റെ കരുത്തിലാണ് അലി മുന്നോട്ട് ചലിച്ചത്. ഭയം തെല്ലും ആ വ്യക്തിത്വത്തെ അലട്ടിയിരുന്നില്ല. എന്നാൽ തന്റെ ധീരമായ പല തീരുമാനങ്ങൾക്കും പിന്നീട് അദ്ദേഹത്തിന് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്. 1967 മാർച്ചിൽ, ഹെവിവെയ്റ്റ് പദവിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. ജൂൺ മാസത്തിൽ ഡ്രാഫ്റ്റ് ഒഴിവാക്കിയ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും അഞ്ച് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൂടാതെ മൂന്നര വർഷത്തേക്ക് ബോക്സിംഗിൽ നിന്ന് വിലക്കുകയും അദ്ദേഹത്തിന്റെ പാസ്പോർട്ട് മരവിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഒരു സംസ്ഥാനത്തും ബോക്‌സിങ് ചെയ്യാനുള്ള ലൈസൻസ് നൽകിയതുമില്ല. ഔദ്യോഗിക ജീവിതത്തിന്റെ പ്രധാന വർഷങ്ങൾ ത്യജിച്ചതിലൂടെ അദ്ദേഹത്തിന് കോടിക്കണക്കിന് രൂപ ചിലവാകുകയും അതിനെ തുടർന്ന് കടക്കെണിയിലാവുകയും ചെയ്തു. പിന്നീട് ജീവിതത്തിന്റെ അവസാന മൂന്ന് പതിറ്റാണ്ടുകളിൽ ശക്തമായ പാർക്കിൻസൺ രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു.

എന്നാൽ അലിയുടെ ഇസ്‌ലാമിക ആദർശത്തിൽ അധിഷ്ഠിതമായ നിലപാടുകൾ അറുപതുകളിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്നു. 1967 ഏപ്രിലിൽ വിയറ്റ്നാമിലെ യുദ്ധത്തിനെതിരെ രംഗത്തിറങ്ങാൻ ഇറങ്ങാൻ മാർട്ടിൻ ലൂതർ കിംഗിനെ ഇത് പ്രോത്സാഹിപ്പിച്ചു. എന്നാൽ ബോക്സിങ് റിങ്ങിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് അലി കാമ്പസുകളിലെ യുവ തലമുറക്ക് ആവേശോജ്വലമായ വാക്കുകളിലൂടെ ഊർജ്ജം നൽകി കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം ഒരു ജനപ്രിയ പ്രഭാഷകൻ കൂടിയായിരുന്നു.

തന്റെ വിശ്വാസ- ആദർശത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. “ബോക്സിംഗ് റിംഗിലെ എന്റെ പോരാട്ടം എന്നെ ജനപ്രിയനാക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു. ഞാൻ ഒരിക്കലും ബോക്സിംഗ് ആസ്വദിച്ചിരുന്നില്ല. ആളുകളെ വേദനിപ്പിക്കുന്നതും വേഗതയേറിയ പഞ്ചുകളിലൂടെ ഇടിച്ചു വീഴ്ത്തുന്നതൊന്നും ഞാൻ ഒരിക്കലും ആസ്വദിച്ചിതേയില്ല. എന്നാൽ ഈ ലോകം അധികാരം, സമ്പത്ത്, പ്രശസ്തി എന്നിവയെ മാത്രമേ തിരിച്ചറിയുന്നുള്ളൂ. പക്ഷേ, ഇസ്‌ലാമിന്റെ സൗരഭ്യമാർന്ന ആശയതലങ്ങളും മുസ്‌ലിംകൾക്കിടയിലെ ഐക്യവും ഒത്തൊരുമയും എന്നിൽ അത്യധികം സ്വാധീനം ചെലുത്തി. അവർ കുട്ടികളെ വളർത്തുന്ന രീതികളും ഇസ്‌ലാമിലെ പ്രാർത്ഥനകളുടെ മനോഹരമായ നടപടി ക്രമങ്ങളും അവരുടെ ഭക്ഷണ രീതികളും, വസ്ത്രധാരണ ശൈലികളും തികച്ചും മനോഹരമായിരുന്നു. ഇത് കൂടുതൽ
ജനങ്ങളിലേക്ക് ഒഴുകിപ്പരക്കേണ്ടതാണെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ അവരതിനെ അംഗീകരിക്കുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്യും. നിങ്ങളുടെ നിറം കറുപ്പോ വെള്ളയോ ചുവപ്പോ മഞ്ഞയോ തവിട്ടു നിറമോ ആകട്ടെ, ക്രിസ്ത്യൻ, ജൂതൻ, ഹിന്ദു, ബുദ്ധൻ, നിരീശ്വരവാദി, ആരുമാകട്ടെ ഇസ്‌ലാമിനെ കേൾക്കുകയോ ഖുർആൻ വായിക്കുകയോ പ്രവാചകരെക്കുറിച്ചുള്ള വ്യക്തമായ സത്യം കേൾക്കുകയോ ചെയ്താൽ അത് ഒരു മനുഷ്യനെ തീർച്ചയായും ഏതെങ്കിലും ഒരു വിധത്തിൽ സ്വാധീനിക്കുക തന്നെ ചെയ്യും”.

തന്റെ പൂർവ്വികർ അമേരിക്കയെ തിരഞ്ഞെടുത്തതല്ല, അടിമക്കപ്പലുകളിൽ അടിമവേലക്ക് കൊണ്ടുവന്നതായിരുന്നു എന്ന് അദ്ദേഹത്തിന് ബോധ്യം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം അമേരിക്കയെ അങ്ങേയറ്റം സ്നേഹിച്ചു. വേർതിരിക്കപ്പെട്ട വംശീയത അരങ്ങു വാഴുന്ന സ്കൂളുകളിൽ ചേരാൻ നിർബന്ധിതനായിരുന്നിട്ടും അദ്ദേഹം അമേരിക്കയെ സ്നേഹിച്ചു. ഗവണ്മെന്റ് തന്നെ കയ്യൊഴിഞ്ഞിട്ടും അദ്ദേഹം അമേരിക്കയെ സ്നേഹിച്ചു. ഡ്രാഫ്റ്റ് ഡോഡ്ജിംഗിന് ശിക്ഷിക്കപ്പെട്ട് മൂന്നര വർഷം ബോക്സിംഗിൽ നിന്ന് വിലക്കപ്പെട്ടിട്ടും അദ്ദേഹം അമേരിക്കയോടുള്ള സ്നേഹം കുറഞ്ഞിരുന്നില്ല. കാരണം, അമേരിക്കയെ അലി സ്നേഹിച്ചത് ഒരു പോരാളി എന്ന നിലക്കാണ്. അത് താഴേക്ക് പതിച്ച പോരാളികളെ വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലോകമെമ്പാടും വൻ ഖ്യാതിയുള്ള വ്യക്തി ആയിരുന്നു അദ്ദേഹം. മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള നിരവധി അമേരിക്കൻ അഭയാർഥികൾ, വിവിധ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത ആളുകൾ, എന്നിവരുമായി അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. വർഷങ്ങളായി സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾക്കിടയിലും, വ്യക്തിപരമായി നേരിട്ട വംശീയതയും മത വിവേചനവും ഉണ്ടായിരുന്നിട്ടും, ലോകമെമ്പാടുമുള്ള തന്റെ പ്രേക്ഷകർക്ക് മുമ്പിൽ അലി തന്റെ രാജ്യ സ്നേഹം പ്രകടിപ്പിക്കാൻ സന്നദ്ധത കാണിച്ചിരുന്നു.

ചെറുപ്പകാലത്ത് തന്നെ വിമതനായിരുന്നു അലി. അധികാരം ജനങ്ങളുടേതാണെന്ന തത്വത്തിൻ മേൽ അദ്ദേഹം വിശ്വസിച്ചു. രാജ്യത്തിന്റെ മഹത്വം അതിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ ആകെത്തുകയിൽ നിന്നാണെന്ന് അദ്ദേഹം മനസ്സിലാക്കി. അടിമകൾ, അഭയാർഥികൾ, കുടിയേറ്റക്കാർ, തീവ്രവാദികൾ, സൈനികർ, ഡ്രാഫ്റ്റ് ഡോഡ്ജർമാർ, തുടങ്ങി എല്ലാ രാഷ്ട്രീയ വിശ്വാസത്തിലെയും മതവിശ്വാസത്തിലെയും ആളുകളാൽ പടുത്തുയർത്തിയ രാജ്യമാണ് അമേരിക്ക എന്ന് അദ്ദേഹം വിശ്വസിച്ചു.

1971ൽ അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം ഏകകണ്ഠമായ വോട്ടെടുപ്പിലൂടെ സുപ്രീംകോടതി അസാധുവാക്കി. മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുന്നത് അലിയെ രാഷ്ട്രീയ ബോധമുള്ള കായികതാരത്തിന്റെ ഏറ്റവും മികച്ച മാതൃകയാക്കി മാറ്റിയിരുന്നു. പൊതുജനാഭിപ്രായത്തെ മറികടന്ന് സ്വന്തം ബോധ്യത്തിലും മനസ്സാക്ഷിക്കും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരാൾക്കും മുഹമ്മദ് അലിയുടെ ജീവിതം ഇന്നും പ്രചോദനമാണ്.

മൊഴിമാറ്റം: ഷെഫിന്‍ ഫര്‍ഹാദ്