ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ ഖൽദൂനിയൻ അടിയൊഴുക്കുകള്‍

അറിവിന്റെ പ്രഭയുമായി ലോകം ചുറ്റിയ ജ്ഞാനനൗകകളായിരുന്നു മധ്യകാല മുസ്‌ലിം പണ്ഡിതന്മാര്‍. തങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രാചീന ഗ്രീക്ക്-റോമന്‍ തത്വശാസ്ത്രജ്ഞരുടെ പൊള്ളയായ വാദങ്ങളെ തിരുത്തി പുതിയ ഒരു ജ്ഞാനപദ്ധതിക്ക് തുടക്കമിടുകയായിരുന്നു അവര്‍.

ഇമാം ഗസ്സാലിയും ഇബ്‌നു സീനയും ജാബിര്‍ ബ്‌നു ഹയ്യാനും ഇബ്‌നു അറബിയും ഇബ്‌നു ഖല്‍ദൂനും അടങ്ങുന്ന ഈ പട്ടിക ഏറെ നീളമുള്ളതാണ്. ഇവരില്‍ പ്രധാനിയാണ് 1332- ല്‍ തൂനിസില്‍ ജനിച്ച ഇബ്‌നു ഖല്‍ദൂന്‍. അറിവന്വേഷിച്ചുള്ള യാത്രയില്‍ പലയിടങ്ങളിലും നിയമജ്ഞനായും അധ്യാപകനായും അദ്ദേഹം നിയമിതനായി.

തന്റെ ലോകത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും സഞ്ചാരത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ആശയങ്ങളെയും നിഗമനങ്ങളെയും വരച്ചിട്ട  മുഖദ്ദിമഃ അദ്ദേഹത്തിന്റെ ജ്ഞാന പ്രഭാവം മനസ്സിലാക്കാന്‍ ധാരാളമാണ്. ലോകത്ത് ഇന്നുവരെ രൂപപ്പെട്ടു വന്ന പല വിജ്ഞാന ശാഖകള്‍ക്കും അതൊരു ആമുഖം കൂടിയാണ്.

പ്രമുഖ ചരിത്രകാരന്‍ എ.ബി ടോയന്‍ബി ഖല്‍ദൂനിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ‘മുഖദ്ദിമഃ മുതല്‍ കിതാബുല്‍ ഇബര്‍ വരെയുള്ള ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ചരിത്രത്തിന്റെ ഫിലോസഫി ആവിഷ്‌കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അത് സന്ദേഹമന്യേ ഒരു സ്ഥലത്തും ഒരു കാലത്തും ഒരു മനസ്സാലും രൂപപ്പെടുത്താത്ത തരത്തിലുള്ള ഒരു മഹത്തായ പഠനമാണ്‌ . വൈക്കം മുഹമ്മദ് ബഷീര്‍ മാനവ ചരിത്രത്തിന് ഒരാമുഖം എന്ന് വിശേഷിപ്പിച്ച മുഖദ്ദിമഃ, ചരിത്രത്തെ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള ആദ്യത്തെ ശ്രമമായി കണക്കാക്കപ്പെടുന്നു.

അദ്ദേഹം ചരിത്രത്തെ ആവിഷ്‌കരിക്കുമ്പോള്‍ തന്നെ സമൂഹശാസ്ത്രം (Sociology), രാഷ്ട്രമീമാംസ (Political science),  സാമ്പത്തിക ശാസ്ത്രം (Economics) തുടങ്ങി നിരവധി വിജ്ഞാന ശാഖകളേയും ചര്‍ച്ചക്കെടുക്കുന്നുണ്ട്. സോഷ്യോളജിക്ക്  നല്‍കിയ മഹത്തായ സംഭവനകളാല്‍ സമൂഹ ശാസ്ത്രത്തിന്റെ പിതാവ് (father of sociology) എന്നറിയപ്പെടാറുണ്ട്.

അക്കാദമിക തലത്തില്‍ ചരിത്രത്തെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന ശൈലിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ഫ്രഞ്ച് ചിന്തകനായ മോണ്ടസ്‌ക്യൂ ആണ്. അദ്ദേഹത്തിന്റെ Spirit of law എന്ന പ്രസിദ്ധമായ പുസ്തകത്തിലൂടെ ചരിത്രവും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്നുണ്ട്.

എന്നാല്‍ നൂറ്റാണ്ടുകള്‍ മുമ്പ് തന്നെ ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക ശാസ്ത്രപരമായ വീക്ഷണത്തിലൂടെ ചരിത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

എന്നാല്‍ കാള്‍ മാര്‍ക്‌സ്, എംഗല്‍സ്, ഹെഗല്‍ തുടങ്ങിയവര്‍ ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ഏക ഘടകമായി സാമ്പത്തിക ശാസ്ത്രത്തെ സ്വീകരിച്ചതിന് പകരമായി, അദ്ദേഹം വ്യത്യസ്ത ഘടകങ്ങളിലെ പ്രധാനപ്പെട്ട ഒന്ന് എന്ന നിലക്കാണ് സാമ്പത്തിക ശാസ്ത്രത്തെ സമീപിക്കുന്നത്.

ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അനുമാനങ്ങളുടെയും സങ്കല്‍ങ്ങളുടെയും പിന്‍ബലത്തിലാണ് സിദ്ധാന്തങ്ങള്‍ തയ്യാറാക്കുന്നത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി സ്വന്തം അനുഭവങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും പണിതുയര്‍ത്തിയതാണ് ഖല്‍ദൂനിയന്‍ സാമ്പത്തിക വീക്ഷണങ്ങള്‍.
                       സോഷ്യലിസ്റ്റ് വീക്ഷണ കോണിലൂടെയാണ് ഇബ്‌നു ഖല്‍ദൂന്‍ സാമ്പത്തിക തലങ്ങളുമായി ബന്ധപ്പെടുന്നത്. ജീവിതവും ജീവിതോപാധിയും (meaning of life) തമ്മില്‍ അഭേദ്യമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായി ആധുനിക ലോകം അംഗീകരിക്കുന്ന ആദം സ്മിത്ത്, ഡേവിഡ് റിക്കാര്‍ഡോ, വില്ല്യം ബെറ്റി തുടങ്ങിയവരുടെ സിദ്ധാന്തങ്ങളിലും നിലപാടുകളിലും ഖല്‍ദൂനിന്റെ ആശയങ്ങളുമായി സമാനതകള്‍ കണ്ടെത്താനാകും.

ആധുനിക സാമ്പത്തിക പാഠപുസ്തകങ്ങളിലെ പ്രധാന പ്രയോഗങ്ങളാണ് പ്രദാനവും (supply) ചോദനവും (demand). അവകള്‍ എങ്ങനെയാണ് ഒരു നാഗരികതയിലെ ജനങ്ങളുടെ സാമ്പത്തിക പെരുമാറ്റത്തെ ബാധിക്കുന്നതെന്നും വില നിലവാരത്തിലുള്ള അവയുടെ സ്വാധീനത്തേക്കുറിച്ചും ഇബ്‌നു ഖല്‍ദൂന്‍ പരാമര്‍ശിക്കുന്നുണ്ട്.

കൂടാതെ അന്താരാഷ്ട്രാ വ്യാപാരത്തിന് നാഗരികതകള്‍ക്കിടയിലെ ഡിമാന്റ് വ്യത്യാസം കാരണമാകുന്നതിനെയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.

കാള്‍ മാര്‍ക്‌സ് തന്റെ Political economy എന്ന പുസ്തകത്തില്‍ അധ്വാനത്തെ രണ്ടായി തരംതിരിക്കുന്നത് കാണാം. ജീവിതോപാധി കണ്ടെത്താന്‍ അനിവാര്യമായ അധ്വാനത്തെ അനിവാര്യ അധ്വാനമെന്നും (necessary labor) അതല്ലാത്തതിനെ മിച്ച അധ്വാനമെന്നും (surplus labor) മാര്‍ക്‌സ് വിളിക്കുന്നു.

അതേസമയം ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ ഉപയോഗിച്ച ഉപജീവനം (രിസ്ഖ്, subsistence) മൂലധന സ്വരൂപണം (capital accumulation) എന്നീ പ്രയോഗങ്ങള്‍ ഇതിനോട് സമാനത പുലര്‍ത്തുന്നതായി കാണാം.

പ്രശസ്ത ക്ലാസിക്ക് സാമ്പത്തികജ്ഞനായ ഡേവിഡ് റിക്കാര്‍ഡോയുടെ ലേബര്‍ തിയറി ഓഫ് വാല്യൂ എന്ന സിദ്ധാന്തവും മുഖദ്ദിമയിലൂടെ നമുക്ക്  വായിക്കാന്‍ കഴിയും.

ഇതനുസരിച്ചു ഒരു വസ്തുവിന്റെ വില അത് ഉത്പാദിപ്പിക്കാന്‍ ആവശ്യമായി വന്ന അധ്വാനത്തിന്റെ അനുപാതം ആയിരിക്കും (അസംസ്‌കൃത വസ്തുക്കള്‍, യന്ത്രസംവിധാന ചിലവ് എല്ലാം ഉള്‍പ്പെടെ).

ഖല്‍ദൂനിയന്‍ വീക്ഷണ പ്രകാരം ഒരു വസ്തുവിന്റെ വില അത് ഉത്പാദിപ്പിക്കാന്‍ ആവശ്യമായി വന്ന അധ്വാനത്തില്‍ നിന്ന് യഥാര്‍ത്ഥ മൂല്യം (Real value) ആണ്.

ആധുനിക സാമ്പത്തിക ശാസ്ത്ര ചരിത്രത്തില്‍ മാക്രോ ഇക്കണോമിക്സ് കടന്നു വരുന്നത് 1929 ലെ Great depression(വന്‍ സാമ്പത്തിക പ്രതിസന്ധി) ന് ശേഷം മാത്രമാണ്.അതിനു മുമ്പുള്ള ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത് ചോദനം അതിന്റെ പ്രദാനത്തെ നിര്‍മിക്കുന്നു എന്നായിരുന്നു (demand creates its own demand).

അതുകൊണ്ട് തന്നെ വിശാലമായ അന്വേഷണങ്ങള്‍ ഒന്നും തന്നെ മാക്രോ ഇക്കണോമിക്സില്‍ നടന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ 1929- ലെ സാമ്പത്തിക പ്രതിസന്ധി കാരണമായി അത്തരം അന്വേഷണങ്ങള്‍ ആവശ്യമാണ് എന്ന വസ്തുത തിരിച്ചറിയുകയും ജോണ്‍ മെയ്‌നാഡ് കെയ്ന്‍സ് The general theory of employment, interest and money എന്ന പുസ്തകത്തിലൂടെ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയിലൂടെ ഇത്തരം ആലോചനകള്‍ നടത്തുന്നുണ്ട്. ഒരു ഭരണകൂടത്തിന് അവിടുത്തെ സാമ്പത്തിക വ്യാപാര മേഖലയിലുള്ള പങ്കിനെ അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

ഗവണ്‍മെന്റിന്റെ ആരോഗ്യപരമല്ലാത്ത ഇടപെടലുകള്‍ ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മോശമായ രീതിയില്‍ ബാധിക്കും എന്നദ്ദേഹം ‘ഭരണാധിപര്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് ദോഷകരമാണ’ എന്ന തലവാചകത്തിലൂടെ തന്നെ സൂചിപ്പിക്കുന്നുണ്ട്.

അദ്ദേഹം തൊഴില്‍ വിഭജനത്തെ വിശദീകരിക്കുമ്പോള്‍ തന്നെ രാജ്യാന്തര വ്യാപാരങ്ങളില്‍ അതിനുള്ള സ്വാധീനത്തെയും കുറിച്ചും സംസാരിക്കുന്നുണ്ട്. ഇന്ന് മാക്രോ ഇക്കണോമിക്സ് പുസ്തകങ്ങളില്‍ കാണുന്ന പോലെ, ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കാര്‍ഷികം- വ്യവസായികം- സേവനം എന്നീ മൂന്ന് മേഖലകളായി വര്‍ഗീകരിക്കുന്നതിനു സമാനമായ വര്‍ഗീകരണം മുഖദ്ദിമയിലും കാണാം.

അദ്ദേഹം വ്യവസായത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് Craft എന്നായിരുന്നു. അദ്ദേഹം തന്റെ കാലത്തു നിലനിന്നിരുന്ന വ്യാപാര ബന്ധങ്ങളെ നിരീക്ഷിച്ച് കൊണ്ട് അന്താരാഷ്ട്രാ വ്യാപാരം രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍ക്കിടയിലെ വ്യത്യാസം കാരണമായിരിക്കും എന്നും അദ്ദേഹം നിഗമനത്തിലെത്തുന്നുണ്ട്.

ഇത്തരത്തില്‍ കെയ്നീഷ്യന്‍ വിപ്ലവത്തിന് കാലങ്ങള്‍ക്കു മുമ്പ് തന്നെ അദ്ദേഹം നാഗരികതകളുടെ സാമ്പത്തിക പെരുമാറ്റത്തേയും മാക്രോ ഇക്കണോമിക്സ് സിദ്ധാന്തങ്ങളെയും ചര്‍ച്ച ചെയ്യുന്നുണ്ട്.

ആഡം സ്മിത്തും ഇബ്‌നു ഖല്‍ദൂനും

ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആഡം സ്മിത്ത് തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ ഒരുപാട് പ്രശസ്തമായ സാമ്പത്തിക സിദ്ധാന്തങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

എന്നാല്‍ അതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സമാനമായ സിദ്ധാന്തങ്ങള്‍ ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയിലൂടെ അവതരിപ്പിക്കുന്നതായി കാണാം.

സ്മിത്ത് തന്റെ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായത്തില്‍ തന്നെ തൊഴില്‍ വിഭജനത്തെയും (division of labor) അതിന്റെ ഗുണകരമായ വശങ്ങളെയും കുറിച്ച് ഒരു പിന്‍ നിര്‍മാതാവിന്റെ ഉദാഹരണത്തോടെ വിശദീകരിക്കുന്നുണ്ട്.

അതിന്റെ ആശയം ഇപ്രകാരമാണ്; യന്ത്രസംവിധാനങ്ങള്‍ ഒന്നും ഉപയോഗപ്പെടുത്താത്ത വിദ്യാസമ്പന്നനല്ലാത്ത ഒരു വ്യക്തി തനിച്ചാണ് ജോലി ചെയ്യുന്നതെങ്കില്‍, അയാള്‍ക്ക് ഒരു പക്ഷേ പരമാവധി 20 പിന്നുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം.

എന്നാല്‍ ആ ജോലിയിലെ വിവിധ ഘട്ടങ്ങളെ വിഭജിച്ച് കൊണ്ട് നിര്‍മാണം നടത്തുകയാണെങ്കില്‍ ഒരു ദിവസം കൊണ്ട് ഏകദേശം 48000- ത്തോളം പിന്‍ നിര്‍മ്മാണം നടത്തുവാന്‍ സാധിക്കും.

അതേ സമയം, ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയുടെ ആദ്യ അധ്യായത്തില്‍ കൊണ്ട് വരുന്നത് ഇതിനേക്കാള്‍ വളരെ പ്രായോഗിക തലത്തിലുള്ള ഒരു ഉദാഹരണത്തോടെയാണ്.

‘ഉദാഹരണത്തിന്, ഒരു ദിവസത്തേക്ക് വേണ്ട ഒരാളുടെ ഭക്ഷണം അല്‍പ്പം ഗോതമ്പ്, അതുപോലും വളരെയധികം പാചക ക്രിയകളിലൂടെ മാത്രമേ ഭക്ഷ്യയോഗ്യമാവുകയുള്ളൂ. പൊടിക്കല്‍,കുഴക്കല്‍, വേവിക്കല്‍ എന്നിവ.ഈ മൂന്ന് പ്രവര്‍ത്തികളില്‍ ഓരോന്നിനും ഉപകരണങ്ങളും സാമഗ്രികളും ആവശ്യമാണ്.

അവ ലഭ്യമാക്കാന്‍ പലതരം കൈത്തൊഴിലുകളിനിയും വേണം, എന്നാല്‍ പാകപ്പെടുത്താതെ പച്ചക്ക് തന്നെ ഗോതമ്പ് അയാള്‍ തിന്നുന്നു എന്ന് കരുതുക, അപ്പോള്‍ അതിനും അതായത് ആ ധാന്യം ഉണ്ടാക്കാന്‍ വേണ്ടി തന്നെയും മറ്റു ജോലികള്‍ ആവശ്യമായി വരുന്നു, -നേരത്തെ പറഞ്ഞതിനേക്കാള്‍ അധികം പണികള്‍- വിത്തുവിത, കൊയ്ത്ത് , കതിരില്‍ നിന്ന് ധാന്യം വേര്‍പ്പെടുത്തല്‍, മെതി ഇത്യാദി പ്രവര്‍ത്തനങ്ങള്‍.

ഈ ഓരോ പണിക്കും പലതരം ഉപകരണങ്ങളും വളരെയധികം കൈത്തൊഴിലുകളും ആവശ്യമാണ്’.

ഈ ഉദാഹരണത്തിലൂടെ തൊഴില്‍ വിഭജനം ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ എത്രത്തോളം ആഴത്തില്‍ നിലനില്‍ക്കുന്നു എന്ന് സമര്‍ത്ഥിക്കുന്നതോടൊപ്പം സഹകരിച്ചു ജീവിക്കാന്‍ മാത്രം കഴിയുന്ന ഒരു പ്രകൃതിയിലാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചതെന്നും ബോധ്യപ്പെടുത്തുന്നു.

ഇത്തരത്തില്‍ തൊഴില്‍ വിഭജനം നടക്കുമ്പോഴുണ്ടാകുന്ന മിച്ചോല്‍പാദനത്തെയും ഇബ്‌നു ഖല്‍ദൂന്‍ കുറിക്കുന്നുണ്ട്; ‘അപ്പോള്‍ അവനും അവര്‍ക്കും ഭക്ഷണം ലഭിക്കുകയായി. അങ്ങനെ പരസ്പര സഹകരണം കൊണ്ടു മാത്രം എണ്ണത്തിൽ ഈ രീതിയിൽ ഉൽപ്പാദിപ്പിക്കാം

ഇത്തരത്തിലുണ്ടാകുന്ന അമിതോല്‍പന്നത്തെ ഉപയോഗപ്പെടുത്തി അയല്‍ രാജ്യങ്ങളുമായി കച്ചവടം നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ (പ്രത്യേകിച്ച് ആഡംബരമായ) പൂര്‍ത്തീകരിക്കാനും ഈ സഹകരണം കാരണമാവുന്നു.

ഒരു രാജ്യത്തിന്റെ സമ്പത്തുകള്‍ എങ്ങനെയാണ് കണക്കാക്കുയെന്ന് വിശദീകരിക്കുന്നതിലും സമാനതകള്‍ കാണാം.

ആഡം സ്മിത്ത് തന്റെ വെല്‍ത്ത് ഓഫ് നേഷന്‍സില്‍ എഴുതുന്നു: ‘സ്വര്‍ണം കൊണ്ടോ വെള്ളി കൊണ്ടോ അല്ല, മറിച്ചു അധ്വാനം കൊണ്ടാണ് ലോകത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് കണക്കാക്കേണ്ടത്’.

സമാനമായി കൊണ്ട് തന്നെ ഇബ്‌നു ഖല്‍ദൂനും ഇതിനെ ആവിഷ്‌കരിക്കുന്നുണ്ട്. ജനസംഖ്യയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക മേഖലയെ ബാധിക്കുന്ന രൂപം വിശദീകരിക്കുന്നതിലും ഇവരുടെ ആശയങ്ങള്‍ യോജിച്ചു വരുന്നതായി കാണാം.

ഖല്‍ദൂന്‍ ഒരു ചരിത്രകാരന്‍ കൂടി ആയതിനാല്‍ തന്നെ, നാഗരികതയിലുണ്ടാകുന്ന ജനസംഖ്യ വര്‍ധനവിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടാണ് സമര്‍ത്ഥിക്കുന്നത്:

‘ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ലഭ്യമാകുന്ന അധ്വാനം വീണ്ടും വര്‍ദ്ധിക്കും, തുടര്‍ന്ന് ധാരാളിത്തം വര്‍ദ്ധിക്കുന്നു.

അധ്വാനത്തില്‍ നിന്നും ഉണ്ടാകുന്ന ലാഭത്തിന്റെ വര്‍ദ്ധനവില്‍ നിന്നുമാണിത്. അതുകൊണ്ട് ആഢംബരത്തിന്റെ സൃഷ്ടിയായ ആവശ്യങ്ങളും ആചാരങ്ങളും വീണ്ടും വര്‍ദ്ധിക്കുന്നു. കരകൗശലപ്പണികള്‍, ആ ആഢംബര ആവശ്യങ്ങളെ നേരിടാന്‍ നിര്‍മിക്കപ്പെടുന്നു.

അധ്വാനത്തില്‍ നിന്നും ഈടാക്കപ്പെടുന്ന അതിന്റെ വിലയും തത്ഫലമായി നഗരങ്ങളില്‍ ലാഭം വീണ്ടും ശതഗുണീഭവിക്കുന്നു’. ഇതിനു വളരെ സമാനമായ ഒരാശയമാണ് ആഡം സ്മിത്ത് അവതരിപ്പിക്കുന്നത്.

‘When the market is very small, no person can have any encouragement to dedicate himself entirely to one employment, for want of the power to exchange all the surplus part of the produce of his own labor, which is over and above his own consumption, for such parts of the produce of other men’s labor as he has occasion for. There are some sort of industry, even of the lowest kind, which can be carried on nowhere but in great town’.

അതുപോലെ തന്നെ മൂല്യ സിദ്ധാന്തത്തിലും നമുക്ക് സമാനതകള്‍ കാണാന്‍ കഴിയും. തൊഴിലാണ് എല്ലാ വസ്തുക്കളുടെയും കൈമാറ്റ മൂല്യം കണക്കാക്കാനുള്ള യഥാര്‍ത്ഥ ഏകകം’ എന്ന് ആഡം സ്മിത്ത് പറയുമ്പോള്‍ ഖല്‍ദൂന്‍ അതിനെ  വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘ഒരു വ്യക്തിയുടെ സമ്പത്ത് എന്നുള്ളത് അദ്ദേഹം തന്റെ അധ്വാനത്തിലൂടെ യാഥാര്‍ഥ്യമാക്കിയ മൂല്യമാണ്’.

സ്മിത്തിന്റെ ആശയങ്ങളുടെ മൗലികതയെക്കുറിച്ച് (originaltiy) അക്കാദമിക തലത്തില്‍ ഇപ്പോഴും സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മുകളില്‍ ഉദാഹരിച്ചവയെല്ലാം അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങളുമായി മാത്രം സമാനത പുലര്‍ത്തുന്ന ഖല്‍ദൂനിയന്‍ ആശയങ്ങള്‍ മാത്രമാണ്. ഇമാം ഗസ്സാലിയെ പോലുള്ളവരുടെ ഗ്രന്ഥങ്ങളിലുള്ള ആശയങ്ങളും വെല്‍ത്ത് ഓഫ് നേഷന്‍സില്‍ കാണാന്‍ കഴിയും.

എന്നാല്‍ അദ്ദേഹം ഒരിടത്തുപോലും തന്നെ ഇവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ല.ഇബ്‌നു ഖല്‍ദൂന്‍ എന്ന ബഹുമുഖ പ്രതിഭ തന്റെ മുഖദ്ദിമയിലൂടെ അവതരിപ്പിച്ച സാമ്പത്തിക ആശയങ്ങളില്‍ പ്രധാനപ്പെട്ട ചിലതു മാത്രമാണ് ഈ ലേഖനത്തിലൂടെ ചര്‍ച്ച ചെയ്തത്.

അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആധുനിക കാലത്തു പ്രാബല്യത്തിലുള്ള ഒരുപാട് സിദ്ധാന്തങ്ങളുമായി സമാനതകള്‍ പുലര്‍ത്തുന്നതും കണ്ടു. എന്നാല്‍ എവിടെയും തന്നെ അദ്ദേഹത്തിന്റേത് എന്നറിയപ്പെടുന്ന ഒരു സിദ്ധാന്തങ്ങള്‍ പോലുമില്ലെന്നതാണ് ഏറെ ഖേദകരം.