തുർക്കിയിലെ മൗലിദ് വാരങ്ങൾ

റബീഉൽ അവ്വൽ 12 വരെ മാത്രം ഒതുങ്ങി നിൽക്കുന്ന പോലെയല്ല തുർക്കിയിലെ മൗലിദ് ആഘോഷങ്ങൾ. പകരം മൗലിദ് വാരങ്ങൾ അഥവാ Mevlid Haftası ആണ് ഇവിടെ ഉണ്ടാവാറ്. അഥവാ ഒരാഴ്ച്ച നീണ്ട് നിൽകുന്ന വിപുലമായ ആഘോഷങ്ങൾ. സർക്കാർ നിശ്ചയിക്കുന്ന ഒരു തീമിൽ സർക്കാറിന്റെ തന്നെ പിന്തുണയോടെയായിരിക്കും പരിപാടികൾ നടത്തപ്പെടുക. എന്നാൽ പൊതു അവധികൾ ഇവിടെ പതിവില്ല. നബിദിന രാവിൽ (Mevlid-Kandili) ബാങ്കിന് മുന്നേ പളളികളിൽ സ്വലാത് ചൊല്ലപ്പെടും. ബാങ്ക് പോലെ തന്നെ ഉച്ചത്തിലാണ് സ്വലാത്ത് ചൊല്ലൽ ഉണ്ടാവുക.

Peygamber Efendimiz ve vefa toplumu (പ്രവാചകരും വിശ്വാസ സമൂഹവും) എന്നതായിരുന്നു ഈ വർഷത്തെ മൗലിദ് ആഘോഷങ്ങളുടെ സർക്കാരിന്റെ തീം. മുൻ വർഷങ്ങളിൽ മുത്ത് നബിയും കുടുംബവും, യുവാക്കളും കുട്ടികളും എന്നൊക്കെ ആയിരുന്നു വിവിധ തീമുകൾ. തുർക്കിക്ക് ഒരു മതേതര ചരിത്ര പശ്ചാത്തലം ഉള്ളത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള ആഘോഷങ്ങൾ എല്ലാ സ്ഥലങ്ങളിലും നടക്കാറില്ല. എന്നാൽ ചില പ്രത്യേക ആചാരങ്ങൾ ഇവിടെ നടക്കാറുമുണ്ട്. മീലാദിന്റെ അന്ന് നോമ്പ് എടുക്കുന്നവർ പോലും ഉണ്ട്. ഒരിക്കൽ ക്ലാസ്സിൽ വന്ന ടീച്ചർ, ‘ഇന്ന് നോമ്പ് എടുത്തവർക്ക് ബാർബിക്യു ഇഫ്താർ ഉണ്ടാകും’ എന്ന് പറഞ്ഞ രസകരമായ ഒരനുഭവമൊക്കെ ഉണ്ടാകാറുണ്ട്.

മീലാദ് ദിവസങ്ങളിൽ മിക്ക പ്രദേശങ്ങളിലും പെരുന്നാൾ ആഘോഷങ്ങളുടെ പ്രതീതിയാണ്. ബക് ലാവയും ഐറനും മറ്റ് വിശിഷ്ട വിഭവങ്ങൾ കൊണ്ടും തീൻ മേശകൾ നിറയും. കൂടുതലും അവിടെയുള്ള റെഫ്യൂജീ കമ്മ്യൂണിറ്റികളാണ് സജീവമായി ഇടപെടാറുള്ളത്.

നബിദിനം അടുക്കുന്ന ദിവസങ്ങളിൽ മനോഹരമായ മൗലിദ് ആലാപനങ്ങൾ പള്ളികളിൽ നടക്കാറുണ്ട്. മഗ്‌രിബ് നമസ്കാര ശേഷമുള്ള മൗലിദ് സദസ്സുകളിൽ ഒട്ടോമൻ ടർകിഷിലുള്ള (old Turkish) സുലൈമാൻ ചെലബിയുടെ വസീലതുന്നജാത് ഖസീദ (Vesiletü-Necat Kasidesi) എന്ന മൗലിദ് പാരായണം ചെയ്യപ്പെടുന്നു. മൗലാന ജലാലുദ്ദീൻ റൂമി (റ) യുടെ മസ്‌നവിയിൽ നിന്നുള്ള നബി കീർത്തനങ്ങൾ, ഖിസീദത്തുൽ ബുർദ എന്നിവയും ആലപിക്കപ്പെടാറുണ്ട്.

ഫാതിഹ് മസ്ജിദ്, സുലൈമാനിയെ മസ്ജിദ്, ചാംലിച മസ്ജിദ് തുടങ്ങിയ
പ്രധാന പള്ളികളിലാണ് വലിയ ആഘോഷങ്ങൾ നടക്കാറുള്ളത്. പ്രധാന ടെലിവിഷനുകളിൽ പരിപാടികളുടെ തത്സമയ സംപ്രേഷണവും ഉണ്ടാവാറുണ്ട്. കടുത്ത സെകുലർ ബാധകൾക്കിടയിലും ഒരു നാട് പ്രവാചക പ്രണയത്തിലേക്ക് ഹൃദയം ചേർത്തു വെക്കാൻ നടത്തുന്ന ശ്രമത്തിന്റെ കാഴ്ചകളാണ് തുർക്കിയിലെ മീലാദ് കാലം നമുക്ക് സമ്മാനിക്കുന്നത്.

കടപ്പാട് : Dervish al Kandi