മഖാമാത് ഹാലാത്, സംതൃപ്തിയെ മുൻ നിർത്തിയുള്ള സൂഫി ആലോചനകൾ

പ്രമുഖ സൂഫിവര്യൻ ദുന്നൂനുൽ മിസ്‌രി യാത്രാവേളയിൽ ഒരു ശൈഖിനെ കാണാനിടയായി.
അവർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ആദ്യഭാഗം ഇങ്ങനെയാണ്,
മിസ്‌രി: അല്ലാഹു നിങ്ങൾക്ക് കരുണ നൽകട്ടെ, അവനിലേക്കുള്ള വഴി ഏതാണ് ?
ശൈഖ്: നിങ്ങൾ അവനെ അറിയുന്നെങ്കിൽ, നിങ്ങൾ അവനിലേക്കുള്ള വഴിയും കണ്ടെത്തും.
മിസ്‌രി: അവനെ അറിയാത്ത ആരെങ്കിലും അവനെ ആരാധിക്കുമോ ?
ശൈഖ്: അറിയുന്ന ആരെങ്കിലും അവന് അനുസരണക്കേട് കാണിക്കുമോ ?
മിസ്‌രി: ആദം (അ) പൂർണ്ണമായും അവനെ അറിഞ്ഞിട്ടും അനുസരണക്കേട് കാണിച്ചില്ലേ ?
ശൈഖ്: നിങ്ങൾ വ്യത്യാസവും വിയോജിപ്പും അനുവദിക്കുക.
മിസ്‌രി: പണ്ഡിതരുടെ വിയോജിപ്പിൽ കാരുണ്യമുണ്ടോ ?
ശൈഖ്: തീർച്ചയായും, അല്ലാഹുവിന്റെ ഏകതയിൽ നിന്ന് വേറിട്ടു നിൽക്കുന്നതാണ് പ്രതിഭാസിക ഗുണങ്ങളെല്ലാം എന്നതിലൊഴികെ.
ഇസ്‌ലാമിലെ വിവിധ സൂഫിധാരകളിൽ ഓരോന്നിനും പരിശീലന (മുജാഹദ:) ത്തെയും ധ്യാന (മുശാഹദ:)ത്തെയും സംബന്ധിക്കുന്ന പ്രവിശാലമായ തത്വങ്ങളും വ്യവസ്ഥകളുമുണ്ട്. ഇവയിലെല്ലാം ആണ്ട് കിടക്കുന്ന വൈജാത്യങ്ങൾ ഒഴിച്ചു നിർത്തിയാൽ അടിസ്ഥാനപരമായ ആശയങ്ങളിലും കർമ്മവിധികളിലും അവർ യോജിപ്പ് പുലർത്തുന്നുമുണ്ട്. മേലുദ്ധരിച്ച അതേ ആശയം വരുന്ന വാക്യത്തെ അബൂയസീദ് അൽ ബിസ്താമിയിൽ നിന്ന് ഉദ്ധരിച്ച് കൊണ്ടാണ് ശൈഖ് ഹുജ് വീരി വിവിധ സൂഫി വിഭാഗങ്ങളെ പരിചയപ്പെടുത്താൻ തന്റെ കശ്ഫുൽ മഹ്ജൂബ് എന്ന ഗ്രന്ഥത്തിൽ ശ്രമിക്കുന്നത്.
സൂഫി അവസ്ഥകളെയും, ഭാവങ്ങളെയും അനുഭവ യാഥാർത്ഥ്യത്തിലൂടെ അവതരിപ്പിക്കുമ്പോൾ അവയെ ആവിഷ്കരിക്കുന്ന, പ്രയോഗിക്കുന്ന തത്വങ്ങളിലും ശൈലികളിലും അതേ വ്യത്യാസം നിലനിൽക്കാൻ സാധ്യതയുണ്ട്. ഓരോ വ്യക്തികളുടെയും അനുഭവമണ്ഡലങ്ങൾ വ്യത്യാസപ്പെടുന്നത് നിത്യജീവിതത്തിൽ നമുക്ക് സുപരിചിതമായ ഒന്നാണ് എന്നിരിക്കെ അവയെ മനസ്സിലാക്കൽ ശ്രമകരവുമല്ല. പലപ്പോഴായി ഇങ്ങനെയുള്ളവ്യത്യാസങ്ങളിലൂടെ തന്നെയാണ് ഇസ്‌ലാമിലെ സൂഫിധാരകളെയും വിഭാഗങ്ങളെയും അറിയാൻ സാധിക്കുന്നതും.
രിള്വ (സംതൃപ്തി) യെ മുൻനിർത്തിയുള്ള ആലോചനകളിലൂടെ സൂഫി മഖാമാതി (സ്ഥാനങ്ങൾ) ന്റെയും അഹ്‌വാലി (അവസ്ഥകൾ) ന്റെയും വിശദീകരണമാണ് ഈ എഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥാനം, അവസ്ഥ ഇവകൾ എങ്ങനെയാണ് സംതൃപ്തിയുടെ സൂഫിഭാവങ്ങളിൽ നിലനിൽക്കുന്നത് എന്ന ആലോചന.
സംതൃപ്തി;സൂഫി ആഖ്യാനങ്ങൾ
സംതൃപ്തിയെ പണ്ഡിതന്മാർ വിശദീകരിക്കുന്നത് രണ്ട് ഇനങ്ങളിലായാണ്. (സുറത് മാഇദ 119, ഫത്ഹ് 18, തുടങ്ങിയ സൂറതുകളിൽ രിള്വയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്). ആദ്യ ഇനം, മനുഷ്യന്റെ കാര്യങ്ങളിൽ അല്ലാഹുവിനുള്ള സംതൃപ്തി. (രിള്വാ ഉല്ലാഹി അനിൽ അബ്ദി) രണ്ട്, അല്ലാഹുവിൽ മനുഷ്യനുണ്ടാകുന്ന സംതൃപ്തി (രിള്വാഉൽ അബ്ദി അനില്ലാഹി തആല). മനുഷ്യ കർമ്മങ്ങൾക്ക് പ്രതിഫലം നൽകുക (സവാബ്), അനുഗ്രഹം നൽകുക (നിഅമത്) ഇവയാണ് അല്ലാഹുവിന്റെ സംതൃപ്തി. അബ്ദിന്റെ സംതൃപ്തി തുടങ്ങുന്നത് ദൈവിക കൽപനകൾ പൂർണ്ണമായി അംഗീകരിക്കുകയും, അവയെ പ്രാവർത്തിക രീതിയിലൂടെ നിത്യമാക്കുന്നതിന്റെയും സമ്പൂർണ്ണതയിലാണ്. ഇവിടെ സൂഫി പണ്ഡിതൻമാർ കൊണ്ട് വരുന്ന മറ്റൊരു ആലോചന സംതൃപ്തിയുടെ മുന്തൽ (തഖ്ദീം)/ പിന്തലുകളെ (തഅഖീർ) കുറിച്ചാണ്. അവരുടെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ സംതൃപ്തിയാണ് അടിമയുടേതിനേക്കാൾ മുൻ കടക്കുന്നത് (മുഖദ്ദം). അതിന്റെ കാരണത്തെ അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ് ;
“അല്ലാഹുവിന്റെ സഹായമില്ലാതെ മനുഷ്യന് അള്ളാഹുവിനായി സ്വയം സമർപ്പിക്കാനോ , അവന്റെ ആജ്ഞകൾ അനുസരിക്കാനോ സാധിക്കുകയില്ല.” ഈ വിശദീകരണത്തിന്റെ ആകത്തുക, അബ്ദിന്റെ രിള്വാ അല്ലാഹുവിന്റെ രിള്വായുമായി ബന്ധപ്പെട്ടിരിക്കുന്നു (മഖ്റൂർ) എന്നാണ്.
സംതൃപ്തിയെ ഏറ്റവും നല്ല രൂപത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു സംഭവം ശൈഖ് ഹുജ്‌വീരി പറയുന്നുണ്ട്. പ്രമുഖ സ്വഹാബിവര്യനായ അബൂദർറുൽ ഗിഫാരി (റ) പറഞ്ഞു: “സമ്പന്നതയേക്കാൾ ദാരിദ്ര്യത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ആരോഗ്യത്തേക്കാൾ രോഗത്തേയും”. ഈ അഭിപ്രായത്തെ കുറിച്ച് സയ്യിദ് ഹുസൈൻ (റ) ന്റെ അടുക്കൽ അന്വേഷിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. “അബൂദർറുൽ ഗിഫാരിയോട് അല്ലാഹു കരുണ കാണിക്കട്ടെ, എന്റെ അഭിപ്രായത്തിൽ, അല്ലാഹു ഒരാൾക്ക് എന്താണോ നൽകുന്നത് അതല്ലാതെ മറ്റൊന്ന് ആഗ്രഹിക്കാതിരിക്കുകയാണ് വേണ്ടത്.” പൂർണ്ണതയുടെയും ഭൗതിക സന്തുഷ്ടഭാവങ്ങളുടെയും മാനങ്ങൾ ഉപേക്ഷിച്ച് നീങ്ങലല്ല, മറിച്ച് അള്ളാഹുവിന്റെ അടുക്കൽ നിന്ന് എന്താണോ ലഭിക്കുന്നത് അതിൽ ചിന്ത കേന്ദ്രീകരിക്കുകയും, മറ്റൊന്ന് മറുത്ത് ചിന്തിക്കാനോ ആഗ്രഹിക്കാനോ നിൽക്കാതെ അതിനെ പുൽകലുമാണ് സംതൃപ്തി. പ്രശസ്ത സൂഫി പാഠ ഗ്രന്ഥമായ മുഹമ്മദ്‌ബ്നു അതാ ഇല്ലാഹിസിക്കന്ദരി (റ) യുടെ ‘അൽഹികം’ എന്ന തത്വോപദേശ ഗ്രന്ഥത്തിലെ രണ്ടാം പാഠം ഇതിനോട് ചേർത്ത് വായിക്കാം. “സകല ഏർപ്പാടുകളിൽ നിന്നും മോചിതനായി അല്ലാഹു തആല നിന്നെ നിർത്തിയ ഇടത്ത് നിന്ന് വ്യതിചലിക്കാൻ നീ ആഗ്രഹിക്കൽ പരോക്ഷമായ ശരീരേച്ഛയാകുന്നു (ശഹവതുൻ ഖഫിയ്യ).
മനുഷ്യൻ നിലകൊള്ളുന്ന ഇടം അല്ലാഹുവിന്റെ താൽപര്യത്തിലാണ് നൽകിയിട്ടുള്ളത്. അതിൽ നിന്നുമുള്ള വ്യതിചലനം പിശാചിന്റെ ദുർബോധനത്തിന്റെ ഭാഗമാണെന്ന വിശദീകരണം പണ്ഡിതരിൽ നിന്നും കാണാൻ കഴിയും. നൽകുന്നവനും, നിഷേധിക്കുന്നവനും അല്ലാഹുവാണെന്ന ബോധവും അവ എന്ത് തന്നെ ആണെങ്കിലും സമ്മതിക്കലുമാണ് സംതൃപ്തി. അധികാരത്തിന്റെയോ, നേതൃസ്ഥാനത്തിന്റെയോ ആഗ്രഹങ്ങൾ ഇല്ലാത്ത സ്വിദീഖ് തങ്ങൾ നേതാവായത് സംതൃപ്തിയിലൂടെയാണെന്ന് സാരം. നൽകപ്പെടുന്ന പദവി ദരിദ്രന്റെതായാലും, രാജാവിന്റെതായാലും വ്യത്യാസമില്ലാതെ സ്വീകരിക്കാനുള്ള കഴിവ്. മറ്റൊരു കാര്യം, സംതൃപ്തി വിധേയപ്പെടലിലാകുമ്പോൾ മനുഷ്യന് എത്രത്തോളം സാധ്യമാണത് എന്നതാണ്. ഇവിടെയും വിശദീകരണങ്ങൾ പലതുമുണ്ട്. അതിലൊന്ന്, അല്ലാഹുവിന്റെ സംതൃപ്തിയിലാണ് അടിമയുടെ അഭയം എന്ന വിചാരമാണ്. അല്ലാഹു പറയുന്നു: “ഇംറാന്റെ മകനെ, എന്റെ ആജ്ഞയിൽ നീ സംതൃപ്തനാവുമ്പോഴാണ് ഞാൻ സംതൃപ്തനാവുക”. ദൈവസാന്നിദ്ധ്യം കൊതിക്കുന്ന അനുരാഗികളുടെ ഈ അവസ്ഥ ഇവിടെ സമ്പൂർണ്ണമാണ്. സാധ്യതയുടെ മാനദണ്ഡങ്ങളുടെ അപ്രസക്തിയിലേക്കും ഈ ദൈവിക വചനം വിരൽ ചൂണ്ടുന്നുണ്ട്.
ഹാലും മഖാമും
തസ്വവ്വുഫിൻ്റെ പണ്ഡിതന്മാർ പലപ്പോഴായി ചർച്ച ചെയ്തിട്ടുള്ള രണ്ട് പദാവലികളാണ് അവസ്ഥ (ഹാല്) സ്ഥാനം (മഖാം). ആകെയുള്ള ചർച്ചയിലാണ് ഇവകൾ കടന്നു വരുന്നത് എങ്കിലും സംതൃപ്തിയെ മുൻനിർത്തിയുള്ള ചർച്ചയാണ് ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത്. അതു കൊണ്ട് തന്നെ അവ രണ്ടും അർത്ഥമാക്കുന്ന ആശയത്തെ മാത്രം ധ്വനിപ്പിക്കാനെ ശ്രമിക്കുന്നുള്ളൂ .
അല്ലാഹുവിൽ നിന്നുമുള്ള തൃപ്തി കാംക്ഷിച്ചു കൊണ്ട് ഒരാൾ സ്വന്തത്തോട് സമരം ചെയ്യുമ്പോൾ (മുജാഹദ) ഒരു പ്രത്യേക അവസ്ഥയിൽ അവൻ്റെ മനസ്സ് സ്ഥിരമാകുന്നു. ഇതിനെയാണ് മഖാം (station) എന്ന് വിളിക്കുന്നത്. ഈ വിശേഷണം തന്നെയാണ് അവസ്ഥയിൽ നിന്നുമുള്ള മഖാമിൻ്റെ വ്യത്യാസവും രൂപപ്പെടുത്തുന്നത്. അതായത് അവസ്ഥയുടെ ഉണ്മ മുജാഹദയിലൂടെ ഉണ്ടാകുന്നതല്ല. അതൊരിക്കലും കാരണം (cause) കൊണ്ടോ, കൈവശപ്പെടുത്തൽ (acquisition) കൊണ്ടോ ഉണ്ടാകുന്നതല്ല. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, അത് ലഭിക്കുന്ന വിഷയത്തിൽ അടിമക്ക് ഒരു പങ്കുമില്ല.
മറ്റൊരു വ്യത്യാസം മനുഷ്യനിൽ സ്ഥിരമായതും കൂടെയുള്ളതു (മുസ്തമിർ) മായിരിക്കും മഖാം. മഖാമുകളിൽ നിന്നും ഓരോ പടിയും കയറുമ്പോഴും താഴെയുള്ളതിലെ വിശേഷണങ്ങൾ (അത് നേടാൻ ചെയ്ത പ്രവൃത്തികൾ) അവനിൽ നിന്നും വേർപിരിയുന്നില്ല. മുകളിലെ ഓരോ പടിയും അടിയിലെ മഖാമിനെ ഉൾകൊള്ളുന്നത് (മുശ്തമിൽ) ആയിരിക്കും. ഇക്കാരണത്താൽ ഒരു സ്ഥാനത്തെ മറികടന്ന് മുന്നോട്ട് നീങ്ങുക എന്നത് സാധ്യമല്ല താനും. എന്നാൽ, അവസ്ഥയുടെ പദ നിഷ്പത്തി തന്നെ മാറുക (യഹൂൽ) എന്നതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അതുകൊണ്ട് തന്നെ അത് സ്ഥിരമാകാതെ (മുസ്തമിർ) കടന്നുപോയിക്കൊണ്ടിരിക്കുന്നു (മുൻസ്വരിഫ്). ദൈവത്തിൽ നിന്നുള്ള ഒരു ദാനമായിട്ടാണ് (ജാഇസ) ഇതിനെ കാണുന്നത്.
മഖാമിൻ്റെ വഴികളിൽ മൂന്ന് തരം ഉറപ്പുകൾ (യഖീൻ) അടിമയിൽ ഉണ്ടായിരിക്കും. മഖാമുകൾ എപ്പോഴും ഹൃദയത്തിലുള്ളതായ ദൃഢതയുടെ ശക്തിയുമായി (ഖുവ്വതുൽ യഖീൻ) ബന്ധപ്പെട്ടിരിക്കും. ഐനുൽ യഖീൻ ( Eye of certainty), ഇൽമുൽ യഖീൻ (Knowledge of certainty), ഹഖുൽ യഖീൻ (Reality of certainty) ഇവകൾ ഈമാനുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഓരോ മഖാമും രൂപം പ്രാപിക്കുന്നത്.
സംതൃപ്തി (രിള്വ) അവസ്ഥയാണോ (State) അതോ സ്ഥാനമാണോ (station) എന്ന ചർച്ചയാണ് ഇനി ബാക്കിയുള്ളത്. ശൈഖ് ഹുജ്‌വീരിയുടെ കശ്ഫുൽ മഹ്ജൂബ്, ഇമാം അൽ ഖുശൈരിയുടെ രിസാല, ഇബ്നു അറബിയുടെ ഫുതൂഹാതുൽ മക്കിയ്യ തുടങ്ങിയ തസ്വവ്വുഫ് പഠനഗ്രന്ഥങ്ങളിലെല്ലാം ഈ ചർച്ച നടന്നിട്ടുണ്ട്.
രിസാലതുൽ ഖുശൈരിയ്യയിൽ ഇറാഖുകാരുടെയും ഖുറാസാൻകാരുടെയും ഇടയിലുള്ള വ്യത്യസമായിട്ടാണ് ഇതിനെ അവതരിപ്പിച്ചിട്ടുള്ളത്. ഖുറാസാൻകാരുടെ വീക്ഷണത്തിൽ അത് മഖാമാതിൽ ഉൾപ്പെടുന്നതാണ്. തവക്കുലിൻ്റെ പാരമ്യതയാണ് (നിഹായതു തവക്കൽ) സംതൃപ്തി എന്നാണ് അവരുടെ വാദം. ആ സ്ഥാനത്തേക്ക് എത്തിച്ചേരാൻ വേണ്ടി അടിമ ബ്എല്ലാം ത്യജിക്കുന്നു എന്നതാണ് അവരുടെ വിശദീകരണം .
ഇറാഖുകാർ പറയുന്നത് മറ്റുള്ള അവസ്ഥകൾ പോലെ തന്നെ സംതൃപ്തിയും ഹൃദയത്തിൽ ഉളവാക്കുന്ന ഒരു പ്രത്യേകതരം അവസ്ഥയാണ് എന്നതാണ്. സ്ഥാനം പോലെ അടിമ നേടുന്ന ഒന്നല്ല അത് (രിസാല തുൽ ഖുശൈരിയ്യ, ബാബ് രിള്വാ 338). ശേഷം ഈ രണ്ട് അഭിപ്രായത്തെയും അദ്ദേഹം സംയോജിപ്പിക്കുന്നുണ്ട് (ജംഅ). അദ്ദേഹം പറയുന്നു: സംതൃപ്തിയുടെ തുടക്കം അടിമ നേടിയെടുക്കുകയും, അത് ഒരു സ്ഥാനവുമാകുന്നു. അതുപോലെ തന്നെ, അതിൻ്റെ അവസാനം ഒരു അവസ്ഥയും നേടിയെടുക്കൽ സാധ്യമല്ലാത്തതും.
ശൈഖ് ഹുജ്‌വീരി തൻ്റെ കിതാബിൽ ഈ ചർച്ചകൊണ്ട് വരുന്നത് സൂഫി വിഭാഗങ്ങളെ പരിചയപ്പെടുത്തുന്ന അദ്ധ്യായത്തിലാണ് (ബാബുൻ ഫിൽ ഫർഖി ബയ്ന ഫിറഖിഹിം വ മദാഹിബിഹിം വ മഖാമാതിഹിം വ ഹികായാതിഹിം). ആദ്യമായി പരിചയപ്പെടുത്തുന്ന മുഹാസിബികളുടെ പ്രധാന സിദ്ധാന്തമായി ശൈഖ് ഹുജ്‌വീരി അവതരിപ്പിക്കുന്നത് സംതൃപ്തിയുടെ അവസ്ഥ വാദത്തെയാണ്. ഇവരുടെ എതിരെ വാദിക്കുന്നവർ മുമ്പ് വിശദീകരിച്ച ഇറാഖീ വിഭാഗമാണ്. ഈ ചർച്ചയുടെ അനുബന്ധ വിവരണ ഭാഗത്ത് ഖുശൈരിയുടെ രിസാലയെ പരാമർശിച്ചു കൊണ്ട് ആ കാര്യം വ്യക്തമാക്കുന്നുമുണ്ട് ശൈഖ് ഹുജ്‌വീരി. എന്നാൽ അവർ അവസാനമായി ചർച്ചയിൽ പറയുന്നത് സംതൃപ്തി സ്ഥാനങ്ങളുടെ അന്ത്യവും അവസ്ഥയുടെ തുടക്കവുമാണെന്നാണ് (നിഹായതുൽ മഖാമാത് വ ബിദായതുൽ അഹ്‌വാൽ). അതായത് അതിൻ്റെ ആരംഭം അബ്ദിൻ്റെ പരിശ്രമങ്ങളുടെ നേട്ടത്തിൻ്റെ ഭാഗവും (മുകാസിബ്) അന്ത്യം അല്ലാഹുവിൽ നിന്നുമുള്ള ദാനവുമായി (മഹാസിബ്) പരിഗണിക്കുന്നു.
ഇബ്നു അറബി ഇവ രണ്ടിൽ നിന്നും വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് നടത്തിയിട്ടുള്ളത്. ഇത്തരം അഭിപ്രായങ്ങളെ അംഗീകരിക്കുന്നതോടൊപ്പം അദ്ദേഹം പറയാൻ ശ്രമിക്കുന്നത് സംതൃപ്തി എന്നത് ഒരു ദൈവിക വിശേഷണ (നഅതുൻ ഇലാഹിയ്) മാണെന്നാണ്. എല്ലാ ദൈവിക വിശേഷണങ്ങളും അല്ലാഹുവിലേക്ക് ചേർത്ത് നോക്കുമ്പോൾ പിന്നെ അവിടെ വഹ്ബിന്റെയും കസ്ബിന്റെയും പ്രസക്തിയില്ലാതാകുന്നു. എന്നാൽ സൃഷ്ടികളിലേക്ക് അതിനെ ചേർത്ത് നോക്കുമ്പോൾ മറ്റൊരു അർത്ഥത്തെയാണ് കാണാൻ കഴിയുക എന്ന് അദ്ദേഹം പറയുന്നു. ആ സമയത്ത് അത് സ്ഥിരപ്പെടുന്നതാണെങ്കിൽ മഖാമും, നീങ്ങി പോകുന്നതാണെങ്കിൽ ഹാലും ആയിരിക്കും. അതായത് രണ്ടിൽ ഒന്നിനെ മാത്രം നിരുപാധികം ഉറപ്പിക്കാതെ രണ്ടിന്റെയും സാധ്യതയെ ഓരോ വ്യക്തികളിൽ അവർക്കനുസൃതമായിട്ടാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
ഈ പറഞ്ഞ ചർച്ചകളൊക്കെയും സൂഫി വിചാരങ്ങളുടെ ഭാഗമായി അവതരിപ്പിച്ചിട്ടുള്ളതാണ്. നിരവധി കിതാബുകളിൽ ഇത്തരം നിരീക്ഷണങ്ങളെ പരിചയപ്പെടുത്താനും ആശയ വ്യക്തത നടത്താനും പണ്ഡിതന്മാർ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. അവർ തന്നെ അതിന് കാരണമായി പറയാറ് പഠനാവശ്യങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ആ വിവരണങ്ങൾ ഉപകരിക്കുകയും തെറ്റിദ്ധാരണകളുടെയും ആശയക്കുഴപ്പത്തിന്റെയും വഴികളെ ഇല്ലായ്മ ചെയ്യാനും സാധിക്കുന്നു എന്നാണ്. ആ ഒരു ദൗത്യത്തിന്റെ ഭാഗമാകാനുള്ള ശ്രമം മാത്രമാണിത്.

Studying Madeenathunnoor College Of Islamic Science, Islamic Studies And Culture