ഇമാം ശാമില്‍: കോക്കസ് മലനിരകളിലെ ധീര പോരാളി

കരിങ്കടലിന്റെയും കാസ്പിയന്‍ കടലിന്റെയും ഇടയിലുള്ള പ്രദേശങ്ങളാണ് ഡാഗിസ്ഥാന്‍, കൊക്കേഷ്യ എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി സ്വതസിദ്ധമായ ശൈലിയില്‍ വര്‍ഗ്ഗ-ഭാഷാ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിയുള്ള ഈ ഗോത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. രണ്ടു പ്രദേശങ്ങളിലൂടെയാണ് ഇവിടെ ഇസ്‌ലാം ആഗതമാകുന്നത്.
കോക്കസില്‍ താമസിച്ചിരുന്ന ജോര്‍ജിയന്‍സ്, ലാസ്, സര്‍ക്കാസിയന്‍സ് എന്നീ ഗോത്രങ്ങള്‍ ഓട്ടോമന്‍ സാമ്രാജ്യം മുഖേനയാണ് മുസ്‌ലിംകളായത് . ഇസ്‌ലാമികോദയത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ അറേബ്യന്‍ വ്യാപാരികളിലൂടെ ഡാഗിസ്ഥാന്‍ ഇസ്‌ലാമിനെ പരിചയപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി റഷ്യന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ആയിരുന്ന ഡാഗിസ്ഥാനും കോക്കസും ഉസ്മാനികളുമായി (ottomans) കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. റഷ്യയുടെ സാമ്രാജ്യത്വ നീക്കങ്ങളോട് പൊരുത്തപ്പെടാനാവാതെ കോക്കസിലെ മുസ്‌ലിംകള്‍ 1864ല്‍ അനാത്തോലിയയിലേക്ക് കുടിയേറി. ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഡാഗിസ്ഥാനും മുസ്‌ലിംകളും തമ്മില്‍ പഴക്കമേറിയ ബന്ധമുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ ഡാഗിസ്ഥാന്‍ ഒരു ഓട്ടോമന്‍ പ്രവിശ്യ ആയിരുന്നു. 1747 മുതല്‍ റഷ്യ ഡാഗിസ്ഥാനെ ആക്രമിക്കാന്‍ തുടങ്ങി. ജനറല്‍ അലക്‌സി പെട്രോവിച്ച് യെന്‍മോലോവിന്റെ കീഴിലുള്ള റഷ്യന്‍ സൈന്യം 1819ല്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ അടിച്ചമര്‍ത്തി.
പിന്നീട് 1830-ല്‍ ഗോത്രക്കാര്‍ റഷ്യക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു. റഷ്യക്കെതിരെയുള്ള ഈ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുത്ത ഇതിഹാസ വ്യക്തിത്വമായിരുന്നു ഇമാം ശാമില്‍.
മഹത്തായ അവാര്‍ കുടുംബത്തിലെ സന്തതിയായി 1797ലാണ് ഇമാം ശാമില്‍ ജനിച്ചത്. കരിങ്കടലിനും കാസ്പിയന്‍ കടലിനുമിടയിലുള്ള വടക്കന്‍ കോക്കസില്‍ താമസിക്കുന്ന കൊക്കേഷ്യന്‍ വംശജരായിരുന്നു അവാറുകള്‍.
ആറാം നൂറ്റാണ്ടില്‍ മധ്യേഷ്യ മുതല്‍ മധ്യയൂറോപ്പ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രവിശ്യ (Khanate) സ്ഥാപിച്ച തുര്‍ക്കി സമൂഹമായിരുന്നു ആദ്യ കാല അവാറുകള്‍. ഇവര്‍ ഇസ്താംബൂള്‍ ഉപരോധിക്കുകയും കുതിരപ്പുറത്ത് ബോസ്ഫറസ് കടക്കുകയും ചെയ്തു.
1805-ലെ ഫ്രാങ്ക് അക്രമത്തിന് ശേഷം അവാറുകള്‍ കിഴക്കന്‍ യൂറോപ്പിലേയും ബാല്‍ക്കണിലേയും പ്രദേശവാസികള്‍ക്കിടയില്‍ ചേര്‍ന്നു. അവരില്‍ ഡാഗിസ്ഥാനില്‍ സ്ഥിരതാമസമാക്കിയവര്‍ ലസ്ജി ജനതയുടെ പ്രാദേശിക ഭാഷ പഠിക്കുകയും പതിമൂന്നാം നൂറ്റാണ്ടില്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഒരു വംശത്തിലെ അംഗത്വം ഇമാമിന്റെ ശോഭനമായ ജീവിതത്തിലേക്കുള്ള ഒരു പടിയായിരുന്നു. അവരുടെ നാടോടി പാരമ്പര്യം അനുസരിച്ച് ഒരാളുടെ പേര് മാറ്റുന്നത് ആളുടെ ആരോഗ്യ സംരക്ഷണത്തിന് നിദാനമാകുമായിരുന്നത്രെ. അതുകൊണ്ടു തന്നെ രോഗിയായ അദ്ദേഹത്തിന്റെ പേര് അലി എന്നതില്‍ നിന്ന് ശാമില്‍ ആക്കി മാറ്റുകയാണുണ്ടായത്.
തന്റെ ഗ്രാമത്തില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നഖ്ശബന്ദി സൂഫി മാര്‍ഗത്തിലെ ശൈഖ് ജമാലുദ്ദീന്‍ അല്‍ ഗുമുഖിയില്‍ നിന്ന് ആത്മീയ മാർഗം തേടി. ഇമാം ശാമില്‍ ഖുമുകിയുടെ മകളെ വിവാഹം കഴിക്കുകയും പിന്നീട് ഗുമുഖിയുടെ പ്രമുഖ ഗുരു ഖാലിദ് അല്‍ ബാഗ്ദാദിയെ സന്ദര്‍ശിക്കാന്‍ ഡമസ്‌കസിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
അവിടെ നിന്ന് മത വിജ്ഞാനങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും നാട്ടിലേക്ക് മടങ്ങിയ ശേഷം തന്റെ ബാല്യകാല സുഹൃത്ത് ഗാസി മുഹമ്മദിന്റെ നേതൃത്വത്തില്‍ റഷ്യന്‍ സാമ്രാജ്യത്വത്തിനെതിരെ പടയൊരുക്കിയ ചെറുത്തുനില്‍പ്പില്‍ പങ്കെടുക്കുകയും ചെയ്തു.
1832ല്‍ സുഹൃത്തിനെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തി. ഗാസി മുഹമ്മദിന്റെ മരണശേഷം പ്രത്യാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹംസ ബെക്ക് 1834ല്‍ മരണപ്പെട്ടപ്പോള്‍ ഡാഗിസ്ഥാന്‍ പോരാളികള്‍ 39 വയസ്സുകാരനായ ശാമിലിനെ തങ്ങളുടെ ഇമാമായി തെരഞ്ഞെടുത്തു.
ശാമില്‍ മുജാഹിദിനെ പുനസംഘടിപ്പിച്ചു. രണ്ട് മീറ്ററിലധികം ഉയരവും കായിക കരുത്തും അറിവും അചഞ്ചലമായ വിശ്വാസവും കൊണ്ട് അദ്ദേഹം അണികളുടെ വിശ്വാസവും ശ്രദ്ധയും നേടി.
റഷ്യക്കാര്‍ക്കെതിരെ അദ്ദേഹം സര്‍വ്വ സംഘടിതമായ ഒരു സൈനിക വിഭാഗത്തെ രൂപീകരിച്ചു. ഈ പോരാളികള്‍ റഷ്യന്‍ സൈന്യത്തിന്റെ പേടിസ്വപ്നമായി മാറി. 1834 മുതല്‍ 1859 വരെ ഇമാം ശാമിലിന്റെ ലളിതമായ ആയുധ പോരാട്ടത്തിന് മുന്നില്‍ റഷ്യ പ്രതിരോധിച്ചത് വിശാലവും ശക്തവുമായ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു.
കോക്കസസിലെ ഈ മഹത്തായ ചെറുത്തുനില്‍പ്പ് ലോക ശ്രദ്ധയാകര്‍ഷിച്ചു. ഒരു പ്രവിശ്യയില്‍ അഞ്ചു പ്രതിനിധി (നാഇബ്) എന്ന തോതിൽ തന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്രദേശങ്ങളിലും അദ്ദേഹം നാഇബുകളെ സ്ഥാപിച്ചു. ഓരോ പ്രവിശ്യയിലും മത-ജീവിത കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ഒരു അമീറിനെ നിയോഗിച്ചു. നാഇബുകള്‍ നികുതി പിരിക്കുകയും സൈനികര്‍ ന്യായാധിപരെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു,
ഓരോ ഗ്രാമത്തിലെയും സുരക്ഷ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഖാളിമാർക്കായിരുന്നു (ഇസ്‌ലാമിക് ജഡ്ജി). അവർ നാഇബിന് കത്തയക്കുകയും വിവരങ്ങൾ ധരിപ്പിക്കുകയും നാഇബിന്റെ വിധിവിലക്കുകള്‍ പൊതുജന മധ്യത്തിൽ പരസ്യപ്പെടുത്തുകയും ചെയ്തു.
300 കുതിരപ്പടയാളികളെ പരിപാലിക്കേണ്ട ചുമതല ഓരോ നാഇബിനും ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ ഓരോ പത്ത് വീടുകളില്‍ നിന്നും ഒരു സൈനികനെ എടുക്കുകയും അയാളുടെ കുടുംബത്തെ നികുതിയില്‍ നിന്ന് മുക്തമാക്കുകയും ചെയ്തിരുന്നു.
1843 ആയപ്പോഴേക്കും ഇത്തരം പോരാളികളുടെ എണ്ണം അയ്യായിരത്തില്‍ എത്തി. സ്വന്തം വീടുകളെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതിനാല്‍ പതിനഞ്ചിനും അമ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരും കുതിര സവാരിയിലും ആയുധോപയോഗത്തിലും പ്രാവീണ്യം നേടല്‍ അനിവാര്യമായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും പേര്‍ഷ്യക്കാരില്‍ നിന്നും ഇമാമിന് ഭാഗികമായി ആയുധങ്ങള്‍ ലഭിച്ചു പോന്നു.
എന്നിരുന്നാലും, കുബാച്ചിയിലെ ഒരു പ്രദേശത്ത് പഴക്കമേറിയതും വിശാലവുമായ ആയുധ നിര്‍മാണശാല അവര്‍ക്കുണ്ടായിരുന്നു. ഇമാം ശാമിലിന് ഏകദേശം 1000 അംഗങ്ങളുള്ള സ്‌പെഷ്യല്‍ ഗാര്‍ഡ് യൂണിറ്റ് ഉണ്ടായിരുന്നു. ആട് രോമം കൊണ്ട് നിര്‍മ്മിച്ച പപ്പാക്കയുടെ മേല്‍ ഒരു പച്ച തലപ്പാവായിരുന്നു അവര്‍ ധരിച്ചിരുന്നത്. സൈനികര്‍ മഞ്ഞനിറത്തിലുള്ള കൊക്കേഷ്യന്‍ വസ്ത്രവും ഓഫീസര്‍മാര്‍ കറുത്ത നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളുമായിരുന്നു ഉപയോഗിച്ചത്.

Caucasian war
അവരുടെ തൊപ്പികളുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ചാരനിറമുള്ള ചതുരാകൃതിയിലുള്ള തുണിക്കഷ്ണം ആയിരുന്നു സംഘത്തിന്റെ അടയാളം. സൈനിക സേവനത്തിനിടയില്‍ അവിവാഹിതരായ പട്ടാളക്കാരെ വിവാഹം കഴിക്കാനും വിവാഹിതരായവര്‍ക്ക് കുടുംബങ്ങളിലേക്ക് പോകാനും അദ്ദേഹം അനുവാദം നല്‍കിയിരുന്നില്ല.
പിടിച്ചെടുത്ത നിധിയില്‍ നിന്നും ഒരു പങ്ക് അവര്‍ എടുത്തിരുന്നു. ഇമാം ശാമിലിന്റെ സൈനികര്‍ ഏത് ഗ്രാമത്തില്‍ പോയാലും പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടും. അവരെ പരിപാലിക്കാനും ചികിത്സിക്കാനും നാട്ടുകാര്‍ മത്സരിക്കും.
റഷ്യന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ഇമാം ശാമിലിന്റ ഏറ്റവും വലിയ വിജയമായിരുന്നു ഡാര്‍ഗി യുദ്ധം. 1, 50,000 അംഗങ്ങളടങ്ങുന്ന റഷ്യന്‍ സൈന്യം ഡാഗിസ്ഥാന്‍ വളയുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.
ഇമാം ശാമിലിന്റെ ആസ്ഥാനത്തേക്ക് ലക്ഷ്യമിട്ട പതിനെട്ടായിരം പേരടങ്ങുന്ന പട്ടാള സംഘത്തിന്റെ നേതാവായ മിഖായേല്‍ സെമിയോവിച്ച് ബോറിസോവിന് കാര്യമായ നഷ്ടങ്ങളോടെ ഡാര്‍ഗിയില്‍ നിന്ന് 1845 ജൂലൈ 25നു കനത്ത പരാജയം നേരിടേണ്ടി വന്നു.
അദ്ദേഹത്തിന്റെ 3 ജനറല്‍മാരെയും 195 ഉദ്യോഗസ്ഥരെയും 1433 സൈനികരെയും ഇമാമിന്റെ സൈന്യം വധിച്ചു. ശാമിലിന്റെ വലിയ ഒളിത്താവളവും സൈനിക കേന്ദ്രവുമായിരുന്നതിനാൽ വൊറൊണ്‍സോവ് കാടുകള്‍ കത്തിക്കാന്‍ ശ്രമിച്ചു. എങ്കിലും അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.
1851ല്‍ ഇമാം ശാമിലിന്റെ നാഇബ് ആയ ഹാജി മുറാദ് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. ലിയോ ടോള്‍സ്റ്റോയുടെ പ്രശസ്തമായ ഇതേ പേരിലുള്ള (Hadji Murat) നോവലിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ദാരുണമായി മരിച്ച മുഖ്യകഥാപാത്രമാണ് ഹാജി മുറാദ്.
റഷ്യയിലെ സര്‍ നിക്കോളാസ് രണ്ടാമന്‍ അദ്ദേഹം ആദരിച്ചിരുന്ന ഇമാം ശാമിലിനെ വ്യക്തിപരമായി കാണാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. അനന്തമായ വാഗ്ദാനങ്ങളും തിളക്കമാര്‍ന്ന ഓഫറുകളും കൊണ്ട് സമൃദ്ധമായ നിക്കോളാസിന്റെ കത്തിന് ഇമാം ശാമില്‍ ഒരു നിര്‍ദ്ദേശം അയച്ചു.
യുദ്ധത്തിന്റെ വിഷയത്തില്‍ ഇമാം ശാമില്‍ കര്‍ക്കശ സ്വഭാവക്കാരനായിരുന്നു. എത്രത്തോളമെന്നാല്‍, റഷ്യയോട് കൂടിയാലോചന നടത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് അദ്ദേഹം പിഴ ഈടാക്കിയിരുന്നു.
അതേസമയം ചെച്നിയക്കാരായ രണ്ട് മുസ്‌ലിം ഗ്രാമീണരെ റഷ്യക്കാര്‍ പീഡിപ്പിച്ചതായി കേട്ട ശാമിലിന്റെ മാതാവ് റഷ്യക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ തന്റെ മകനോട് ആവശ്യപ്പെട്ടു. തന്റെ മാതാവിന്റെ മേല്‍ 100 ചാട്ടവാറടി വിധിച്ചപ്പോള്‍ അതില്‍ തന്റെ മനസ്സാക്ഷി സമ്മതിക്കാത്തതു കാരണം ആ ശിക്ഷ ഇമാം ശാമില്‍ തന്റെ ശരീരത്തില്‍ നടപ്പാക്കിയ ചരിത്രം ഏറെ പ്രശസ്തമാണ്.
1854ലെ ക്രിമിയന്‍ യുദ്ധത്തിനുശേഷം ഇമാം ശാമിലിന്റെ സൈന്യം ഓട്ടോമന്‍ സൈന്യത്തെ പിന്തുണച്ചപ്പോള്‍ റഷ്യക്കാര്‍ ഇമാം ശാമില്‍ ആയുധങ്ങള്‍ വിതരണം ചെയ്തിരുന്ന റോഡുകള്‍ തടഞ്ഞു. പ്രതിരോധിക്കാനാവാതെ റഷ്യന്‍ സൈന്യം ചില ഗോത്രങ്ങളെ വിലക്ക് വാങ്ങി.
രണ്ടു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ചെച്‌നിയ പരാജയപ്പെട്ടു. ചെറിയ ഗ്രൂപ്പുകള്‍ ഇമാം ശാമില്‍ നിന്ന് പിന്മാറുകയും ഡാഗിസ്ഥാന്‍ പൂര്‍ണമായി വളയപ്പെടുകയും ചെയ്തു. അപ്പോഴും അദ്ദേഹം റഷ്യക്കാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നുണ്ടായിരുന്നു.
പിന്നീട് അദ്ദേഹം ഡാഗിസ്ഥാനിലെ കോട്ടകളാല്‍ വളയപ്പെട്ട ഗുനിബ് എന്ന ഗ്രാമത്തിലേക്ക് തന്റെ കുടുംബത്തോടൊപ്പം മാറിത്താമസിച്ചു. തന്റെ 400 സൈനികര്‍ക്കൊപ്പം അദ്ദേഹം കോട്ട സംരക്ഷിച്ചെങ്കിലും സുസജ്ജരും ആയുധധാരികളുമായ പതിനാല് റഷ്യന്‍ സേനകളുടെ പീരങ്കി വെടിവെപ്പിനെ തുടര്‍ന്ന് അവരുടെ എണ്ണം 100 ആയി കുറഞ്ഞു.
1859 സെപ്റ്റംബര്‍ ആറിന് ഇമാം ശാമില്‍ തന്റെ രണ്ട് മക്കളോടൊപ്പം കീഴടങ്ങി. റഷ്യക്കാരും ഇമാം ശാമിലും തമ്മിലുണ്ടാക്കിയ കരാര്‍ തന്റെ അനുയായികളോടൊപ്പം ഇസ്താംബൂളിലേക്ക് പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മറുവശത്ത്, റഷ്യക്കാര്‍ ഡാഗിസ്ഥാനില്‍ പട്ടാളത്തെ വിന്യസിക്കുകയില്ല എന്നും കരാര്‍ ചെയ്തു. എന്നിട്ടും യുദ്ധത്തിലെ വിജയിയായിരുന്ന കമാന്‍ഡര്‍ പ്രിന്‍സ് ബരിയാറ്റിന്‍സ്‌കി വാഗ്ദാനം പാലിച്ചില്ല.
ഇമാമിനെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് കൊണ്ടുവന്നു. റഷ്യയിലെ സാര്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ അഭൂതപൂര്‍വ്വമായിത്തന്നെ ഒരു ചടങ്ങില്‍ അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇമാം ശാമിലിനെ ആദരിച്ചുകൊണ്ട് സല്‍ക്കാരത്തില്‍ സര്‍ പറഞ്ഞു: ‘നിങ്ങള്‍ക്കുള്ള ഈ സല്‍ക്കാരത്തില്‍ ആതിഥേയത്വം വഹിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു’. സാറിന്റെ വാക്കുകള്‍ കേട്ട് ശാമില്‍ മറുപടി പറഞ്ഞു: എന്റെ തീന്മേശയിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്തിരുന്നെങ്കില്‍ എനിക്ക് ബഹുമതി തോന്നിയേനെ.
കലുഗയിലെ പത്തുവര്‍ഷത്തെ നിര്‍ബന്ധ വാസത്തിനു ശേഷം ഇമാം ശാമിലിനെ തീര്‍ത്ഥാടനത്തിനായി ഹിജാസിലേക്ക് പോകാന്‍ അനുവദിച്ചു. ഇസ്താംബൂളിലെ ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ അസീസും ഈജിപ്തിലെ ഖേദിവ് ഇസ്മാഈല്‍ പാഷയും അദ്ദേഹത്തിന് ആതിഥേയത്വം വഹിച്ചു.
എന്നാല്‍ തീര്‍ത്ഥാടനാനന്തരം ഇമാമിന് ഇസ്താംബൂളിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. 1871ല്‍ മദീനയില്‍ വെച്ച് മരണപ്പെടുകയും ജന്നത്തുല്‍ ബഖീഇല്‍ മറമാടുകയും ചെയ്തു.
ശാമിലിന്റെ മകന്‍ ഖാസി മുഹമ്മദ് പാഷ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സേവനത്തില്‍ പ്രവേശിച്ചു. 1877ലെ റഷ്യ- ടര്‍ക്കിഷ് യുദ്ധത്തില്‍ അദ്ദേഹം കോക്കസ് മുന്നേറ്റനിരയിലെ കുതിരപ്പട നിയന്ത്രിച്ചു. റഷ്യക്കാര്‍ പിടികൂടിയ അദ്ദേഹത്തിന്റെ മറ്റൊരു മകന്‍ ‘ഷാന്‍’ സാറിന്റെ സഹായിയും റഷ്യന്‍ ജനറലുമായി.
തന്റെ ഇളയ മകന്‍ കാമില്‍ പാഷയിലുണ്ടായ തന്റെ പേരമകന്‍ സൈദ് ശാമില്‍ 1918 മുതല്‍ 21 വരെ ഡാഗിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയെങ്കിലും പരാജയപ്പെട്ടു. 1971 ഇസ്താംബൂളില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു.
ഇമാം ശാമിലിന്റെ ധന്യമായ ഓര്‍മ്മകള്‍ മുസ്‌ലിം സമുദായത്തിന്റെ, പ്രത്യേകിച്ചും റഷ്യയുടെ അധീശത്വത്തില്‍ ജീവിച്ചിരുന്നവരുടെ ഹൃദയത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

വിവര്‍ത്തനം: മുജ്തബ സി.ടി കുമരംപുത്തൂര്‍

professor of history of Turkish Law and Islamic Law. He is currently the member of the Faculty of Law at Marmara University.