പരിസ്ഥിതി പാഠങ്ങളുടെ ഇസ്ലാമിക നിദാനശാസ്ത്രം
ആധുനികതയുടെ മനുഷ്യകേന്ദ്രീകൃത പാരിസ്ഥിതിക സങ്കല്‍പ്പവും, നിര്‍മ്മാണ മേഖലയും പ്രകൃതിയിലെ ആവാസ വ്യവസ്ഥയെ തന്നെ ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണ്. വ്യവസായവികാസവും ഉപഭോഗസംസ്കാരവും വാണിജ്യ യുക്തികളുമൊക്കെ പലവിധത്തിലായി പരിസ്ഥിതിയെ ധൂര്‍ത്തടിക്കുന്നു. അങ്ങനെ പരിസ്ഥിതി അതിരുകവിഞ്ഞ വിനാശത്തിലേക്കും, വിഭവ രാഹിത്യത്തിലേക്കും നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ആധുനികതയുടെ മനുഷ്യകേന്ദ്രീകൃത പാരിസ്ഥിതിക സങ്കല്‍പ്പത്തെ തിരസ്ക്കരിച്ച് പുതിയൊരു പാരിസ്ഥിതിക അവബോധത്തെ പറ്റി ചിന്തിക്കാന്‍ ആഗോള സമൂഹം നിര്‍ബന്ധിതരാവുകയാണ്. ആഗോളതാപനം(Global Warming), മരുവത്കരണം (Desertification), കാലാവസ്ഥ വ്യതിയാനം (climate change) ജീവവര്‍ഗ്ഗങ്ങളുടെ വംശനാശം തുടങ്ങിയ വിനാശകരമായ അന്തരീക്ഷത്തില്‍ അതിനെ ചെറുക്കാന്‍ ഗ്രാമങ്ങളില്‍ നിന്നാരംഭിക്കുന്ന പദ്ധതി- പഠനങ്ങള്‍ മുതല്‍ ആഗോളതലത്തില്‍ ഐക്യരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിലുളള ഉച്ചകോടികള്‍ വരെ ആവശ്യപ്പെടുന്നത് പരിസ്ഥിതി സൗഹൃദ(eco-friendly) പാരിസ്ഥിതിക വീക്ഷണവും, മനുഷ്യന് പരിസ്ഥിതിയുടെ ഭാഗമായുളള പ്രപഞ്ചിക വായനയുമാണ്. ഇതു തന്നെയാണ് ഇസ്ലാമിക പരിസ്ഥിതി വീക്ഷണം ഉദ്ബോധിപ്പിക്കുന്നത്. ഈ കാലാന്തരീക്ഷത്തില്‍ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്ക് മനുഷ്യന്, തന്നിൽ ഏല്‍പ്പിക്കപ്പെട്ട പാരിസ്ഥിതിക ഉത്തരവാദിത്തങ്ങളെക്കുറിച്ചുളള ഇസ്ലാമിക പരിപ്രേക്ഷ്യം വായിച്ചെടുക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഈ ദാരുണമായ അവസ്ഥാവിശേഷം സൃഷ്ടിച്ചത് നിരുത്തരവാദിത്തപരമായ മനുഷ്യന്റെ ഇടപെടലാണ്. മനുഷ്യന്റെ ഇടപെടല്‍ കരയിലും കടലിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഖുര്‍ആന്‍ മുന്നറിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആനും, പ്രവാചകാധ്യാപനവും മുന്നോട്ട് വെക്കുന്ന പാരിസ്ഥിതിക സമീപനങ്ങള്‍ അറിഞ്ഞിരിക്കല്‍ അത്യന്താപേക്ഷികമാണ്.
സകല ജീവിവര്‍ഗ്ഗങ്ങളും മനുഷ്യരെ പോലെ ഭൂമിയിലെ സമൂഹങ്ങളാണ്. ഭൂമിയിലെ ഏതൊരു ജന്തുവും, ചിറകു വിരിച്ചു പറക്കുന്ന പറവയും നിങ്ങളെ പോലെയുളള സമൂഹങ്ങളാണ് (6:38). ഈ ഖുര്‍ആനിക സൂക്തം ഉയര്‍ത്തുന്ന സന്ദേശം ഇമാം ബഗ്വി, ഇമാം ഖുര്‍ത്വുബി എന്നിവരുടെ വ്യാഖ്യാന ഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി ഇപ്രകാരം വായിക്കാം. പറവകള്‍, ഇഴ ജന്തുക്കള്‍, ഹിംസ്ര ജന്തുക്കള്‍, മത്സ്യങ്ങള്‍, പ്രാണികള്‍ തുടങ്ങിയവയെല്ലാം മനുഷ്യരെ പോലുളള സമൂഹങ്ങളാണ്. അതിനാല്‍ അവയോട് അനീതി കാണിക്കാന്‍ പാടില്ല. ഈ വ്യാഖ്യാനത്തിന് ഉപോത്ബലകമാണ് മദീനയില്‍ നായശല്യം രൂക്ഷമായപ്പോള്‍ തിരുമേനി നടത്തിയ അടിയന്തിര പ്രസ്താവന. നായകള്‍ സമൂഹങ്ങളില്‍പെട്ട ഒരു സമൂഹമായിരുന്നില്ലെങ്കില് മുഴുവന്‍ നായകളെയും കൊലചെയ്യാന്‍ ഞാന്‍ കല്പ്പിക്കുമായിരുന്നു. അതുകൊണ്ട് അവയില്‍ നിന്ന് കറുപ്പ് നിറമുളളതിനെ കൊല ചെയ്യുക [ഈ നിയമം പിന്നീട് കാലഹരണ(നസ്ഖ്)പ്പെട്ടു. കടിക്കുന്ന നായ അല്ലാതെ നിറാടിസ്ഥാനത്തില് കൊലചെയ്യുന്നത് ഹറാമാണെന്ന് ഇമാം നവവി ശറഹ് മുസ്ലിമിലും, മുഹദ്ദബിലും ഹദീസുകളുടെ പിന്‍ബലത്തില്‍ വ്യക്തമാക്കുന്നുണ്ട്.) മനുഷ്യ ജീവിതത്തിന് ഭീഷണിയാകും വിധത്തിലോ, മറ്റോ, ചില ജീവികള്‍ ഒരു തടസ്സമായി വന്നാല്‍, ആവശ്യാനുസരണം അത്തരം ജീവികളെ വധിക്കാവുന്നതാണ്. പക്ഷേ, അതിലൂടെ ഒരു ജീവിയുടെയും വംശനാശത്തിന് ഇടവരുത്തരുത്. ഈ അടിസ്ഥാന ആശയത്തെ പ്രകാശിപ്പിക്കാനാണ് ഇമാം ബുഖാരി കടിക്കുന്ന നായയെ കൊലചെയ്യണമെന്ന ഹദീസിനു തൊട്ടുപിറകെ ദാഹിച്ചു അവശമായ നായക്ക് വെളളം കൊടുത്ത സ്ത്രീക്ക് സ്വര്‍ഗ്ഗം ലഭിച്ചുവെന്ന ഹദീസ് ഉദ്ധരിക്കുന്നത്. ഈ വിധത്തിലുളള ക്രോഢീകരണം ഉപര്യുക്ത(നായകള്‍ മനുഷ്യരെ പോലെ സമൂഹങ്ങളാണ്..) ഹദീസിന്റെ അര്‍ത്ഥത്തിലേക്ക് സൂചിപ്പിക്കുന്നുണ്ട്. ആ ഹദീസ് വ്യക്തമായി പറയാന്‍ ഇമാം സ്വീകരിച്ച ഹദീസ് നിര്‍ദ്ധാരണ ശാസ്ത്രത്തിലെ കണിശത തടസ്സം സൃഷ്ടിക്കുന്നുവെങ്കിലും, ആ ഹദീസിന്റെ ആശയത്തിലേക്ക് ചിന്തയെ വികസിപ്പിക്കുന്ന രീതിയിലുളള ഹദീസ് ക്രോഢീകരണം വിഷയത്തിന്റെ ഗൗരവത്തെയാണ് കുറിക്കുന്നത്. ഒരു ജീവിവര്‍ഗ്ഗം ഭൂമിയില്‍ വേരറ്റുപോകും വിധത്തില്‍ വംശനാശ ഭീഷണി നേരിട്ടാല്‍, ആ ജീവി വര്‍ഗ്ഗത്തെ സംരക്ഷിക്കല്‍ ദൈവിക പ്രതിനിധിയായ മനുഷ്യന്റെ ബാധ്യതയാണ്. അതൊരു സാമൂഹികവും, രാഷ്ട്രീയവുമായ ഉത്തരവാദിത്വമായിട്ടാണ് ഇസ്ലാമിക സംസ്കാരം വിളിച്ചു പറയുന്നതെന്ന് ഉപര്യുക്ത ഖുര്‍ആനിക വചനത്തിന്റെ വിശകലന വശങ്ങളില് നിന്നും വായിക്കാവുന്നതാണ്. ഈ സൂക്തത്തെ വിവരിച്ചുകൊണ്ട് ഇമാം ഇബ്നു കസീര്‍ വിവരിക്കുന്നു. ഉമര്‍(റ)വിന്റെ കാലത്ത് നേരിട്ട ഒരു പ്രധാന പ്രശ്നമായിരുന്നു വെട്ടുകിളിയുടെ നാശം. മദീനയിലും പരിസരപ്രദേശങ്ങളിലും വെട്ടുകിളിയെ കാണാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഖലീഫയോട് പരാതി ബോധിപ്പിച്ചു. ഉടനെ തന്നെ ഉമര്‍(റ) വെട്ടുകിളിയെ കെണ്ടത്താനും, അവയ്ക്ക് സംരക്ഷണം എര്പ്പെടുത്താനുമായി കമ്മീഷനെ നിയോഗിച്ചു. യമന്‍, സിറിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിയോഗിച്ച ഈ വ്യത്യസ്ത സംഘത്തിന്റെ ദൗത്യം വേരറ്റു പോകും വിധത്തില്‍ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വെട്ടു കിളിയെ സംരക്ഷിക്കലാണ്. യമനിലേക്ക് തിരിച്ച സംഘം വെട്ടുകിളിയുമായി മദീനയില്‍ തിരിച്ചെത്തിയപ്പോള്‍, മൂന്ന് തക്ബീറുകളോടെ ഖലീഫ അവരെ സ്വീകരിച്ചു. തുടര്‍ന്ന് ഖലീഫ നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാണ്. നബി(സ)പറഞ്ഞിട്ടുണ്ട്. അല്ലാഹു ആയിരം ഇനം ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചു. അവയില്‍ 400 കരയിലും, 600 കടലിലും. ഈ സമൂഹത്തിന്റെ നാശത്തിന്റെ തുടക്കം വെട്ടുകിളിയിലൂടെയാണ്. വെട്ടുകിളി നശിച്ചാല്‍ മാലയുടെ കണ്ണിയറ്റതു പോലെ ഓരോ ജീവികളും തുടര്‍ച്ചയായി നശിച്ചു കൊേണ്ടയിരിക്കും. ” ജീവന്റെ നിലനില്‍പ്പിന് എല്ലാ ജീവികളും ആവശ്യം തന്നെയാണ്. അവയില്‍ ഒരു വര്‍ഗ്ഗം പോലും നശിച്ചു പോകരുതെന്നര്ത്ഥം. അങ്ങനെ നശിക്കാന്‍ ഇടവന്നാല്‍ ജൈവവൈവിധ്യ (Biodiversity) ത്തിന്റെ നാശത്തിലെത്തിക്കും. കേവലം കരയില്‍ മാത്രമല്ല, കടലിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന യാഥാര്‍ഥ്യം തുറന്നു പ്രഖ്യാപിച്ച തിരുവചനത്തെ ഓര്‍മ്മപ്പെടുത്തുകയും, അതിന്റെ പ്രയോഗികത എങ്ങനെയെന്നു വ്യക്തമാക്കുകയുമാണ് പ്രവാചക ശിഷ്യനായ ഉമര്‍(റ) ചെയ്തത്. ഈ യാഥാര്‍ത്ഥ്യം ആധുനിക കാലത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നുണ്ട്.
ഒന്നിനെയും അല്ലാഹു വെറുതെ സൃഷ്ടിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നവകാലത്തെ പാരിസ്ഥിതിക പഠനങ്ങള്‍ കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിയില്‍ പാഴ് വസ്തു എന്ന ഒന്നില്ല. ഒരു ജീവി വിസര്‍ജിക്കുന്നത് പോലും മറ്റൊരു ജീവിയുടെ ഭക്ഷണമാണ്. മൃഗങ്ങളുടെ ശ്വസനപ്രക്രിയയില്‍ പാഴായി പുറത്തു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചെടികള്‍ പ്രകാശ സംശ്ലേഷണത്തിന് ഉപയോഗിക്കുന്നു, ചെടികള്‍ പുറത്ത് വിടുന്ന പ്രാണ വായു എല്ലാ ജീവികളും ശ്വസിക്കുന്നു. ഒന്ന് മറ്റൊന്നിന് അനുഗുണമായി തുടര്‍ന്നു പോകുന്നതാണ് പ്രകൃതിയിലെ സകലതും. അവയെല്ലാം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്, അതിനു നാശം വിതക്കുന്ന പ്രവര്‍ത്തനം അരുത്.
സകലതും മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന ഖുര്‍ആനിക വചനത്തെ മുന്‍ നിര്‍ത്തി പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സത്യത്തിൽ തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യന്റെ ജീവന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഇവയെല്ലാം സൃഷ്ടിച്ചത്. ഉപഭോഗത്തിനല്ല, ഉപകാരത്തിനാണ്. അഥവാ ഇവയെല്ലാം ഇല്ലാത്ത ഭൂമിയില്‍ മനുഷ്യവാസം യോഗ്യമാണോ? അതാണ് ആ പറഞ്ഞ സൂക്തത്തിന്റെ ഒരു വശം. എന്നാല്‍ മനുഷ്യന്റെ നിരുത്തരവാദിത്തപരമായ ഇടപെടലുകള്‍ കടലിലും കരയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കും. അത് തുടരെ തുടരെ ലോകവസാനത്തിലെത്തിക്കും. ശക്തമായ മഴ ലഭിച്ചിട്ടും അതിനനുസൃതമായ സസ്യങ്ങളോ, ധാന്യങ്ങളോ ലഭിക്കാതിരിക്കുക എന്നത് കരയിലെ കുഴപ്പങ്ങളിലൊന്നാണ് എന്ന ഇമാം ഖുര്‍ത്വുബിയുടെ വിശദീകരണവും, അവസാനകാലത്ത് ശക്തമായ മഴയുണ്ടെങ്കിലും അതിനനുസരിച്ചുളള വിഭവമുണ്ടാകില്ലെന്ന തിരുവചനവും ചേര്‍ത്തി വായിക്കുമ്പോള്‍ ഈ ഒരു നിഗമനത്തിലെത്താന്‍ സാധിക്കുന്നതാണ്.
സസ്യങ്ങള്‍ നശിപ്പിക്കുന്നതും, കുന്നിടിക്കുന്നതും പ്രകൃതിയെ പ്രതികൂലമായി ബാധിക്കുമെന്നത് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. മരുവത്കരണം, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, മണ്ണൊലിപ്പ് തുടങ്ങിയവയാണ് വനനശീകരത്തിന്റെ ഫലമായി രൂപപ്പെടുന്ന പ്രത്യാഘാതങ്ങള്‍. അത് ക്രമേണ ജീവ വൈവിധ്യത്തിനു വഴിയൊരുക്കുന്നു. യന്ത്ര സാമഗ്രികളുടെ ഉപയോഗം പ്രകൃതിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. മനുഷ്യശരീരത്തിന് സാരമായി ബാധിക്കുന്നുവെന്ന നിഗമനത്തെ ശരിവെക്കുമ്പോള്‍, അവ തീര്‍ത്തും ഉപേക്ഷിച്ച് പ്രാകൃത മനുഷ്യ വേഷമണിയണമെന്നാണോ അര്‍ത്ഥമാക്കുന്നത്? അല്ല. മനുഷ്യ ശരീരത്തിനും, ജീവ ജാലങ്ങള്‍ക്കും, അവയെ നില നിര്‍ത്തുന്ന പ്രകൃതിക്കും പ്രയാസം സൃഷ്ടിക്കാത്ത രൂപത്തില്‍ അവയെ ക്രമീകരിക്കണം. അത് കൊണ്ട് ഇത്തരം വിഷയങ്ങളില്‍ ശക്തമായ പരീക്ഷണം സമൂഹത്തിനിടയില്‍ നിന്നുണ്ടാകണം. അതിനായി, എല്ലാ ജ്ഞാന ശാഖയുടെയും അടിസ്ഥാനമായി നൈതികതയെ മുന്‍നിര്‍ത്തുന്ന ധര്‍മ്മ ശാസ്ത്രം രൂപീകരിക്കണം. അതുകൊണ്ടാണ് ഇസ്ലാമിലെ വികസന നയത്തിന്റെ അടിസ്ഥാനം ധാര്‍മ്മികതയിലും, പൊതു നന്മയിലുമാണ് എന്ന് പറയുന്നതിന്റെ താത്പര്യം. അവിടെ വ്യക്തി താല്പര്യത്തെക്കാള് മുന്‍ഗണന പൊതു താത്പര്യത്തിനാണ്. വികസന പദ്ധതിയില്‍ ഒരു പ്രവര്‍ത്തനം നിര്‍വഹിച്ചാലും, ഉപേക്ഷിച്ചാലും പ്രയാസങ്ങളുണ്ടാകുമെങ്കില് സ്വീകരിക്കേണ്ട നിലപാട് ഇങ്ങനെ വായിക്കാം. തുഅ്റളുല് അശദ്ദ ബില്‍ അഖഫ്. വലിയതിനെ ചെറിയത് കൊണ്ട് തടയിടുക. അഥവാ ഇത്തരം സന്ദര്‍ഭങ്ങളില്‍ എറ്റവും ചെറിയ രൂപത്തിലുളള പ്രയാസങ്ങളെ സ്വീകരിച്ച് വലിയ പ്രശ്നങ്ങളെ തരണം ചെയ്യുക. ഇതെല്ലാം അംഗീകരിച്ച് വനസംരക്ഷണത്തില്‍ എര്പ്പെടേണ്ടതുണ്ട്. അത് മറ്റൊരു പാരിസ്ഥിതിക ഉത്തരവാദിത്വമാണ്. മരം വെട്ടരുതെന്നോ, കുന്നിടിക്കരുതെന്നോ, കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് കാണുന്നില്ല എന്ന അനുകൂല പ്രമാണം പലപ്പോഴായി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവ്വിഷയകമായുളള ചര്‍ച്ചകള്‍ കര്‍മ്മ ശാസ്ത്രത്തിന്റെ പരിധിയിലല്ല വരിക. ചക്രവാള സീമകളില്‍ സംഭവിക്കുന്ന ചലനങ്ങളെ കുറിച്ചോ, പ്രതിഫലനങ്ങളെ കുറിച്ചോ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതു പോലെയാണ് മനുഷ്യന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭൗമാന്തരീക്ഷത്തില്‍ സംഭവിക്കുന്ന പ്രതിഫലനത്തെ പറ്റി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതും, അതിനുതകുന്ന ഓരോ പ്രവര്‍ത്തനത്തെയും മുന്‍നിര്‍ത്തി വിലക്ക് എര്പ്പെടുത്താത്തതും. ചക്രവാളത്തെ പറ്റി പ്രതിപാദിക്കാന്‍ ഗോളശാസ്ത്രമുളളതു പോലെ പാരിസ്ഥിക കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പരിസ്ഥിതി പഠനം നിലവിലുണ്ട്. കര്‍മ്മങ്ങളുടെ നിര്‍വ്വഹണത്തിന് ഗോള ശാസ്ത്രത്തെ ആശ്രയിക്കുന്നതു പോലെ പാരിസ്ഥിക വിഷയത്തില്‍ പരിസ്ഥിത പഠനങ്ങളെ ആശ്രയിക്കണം. പ്രകൃതിയില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ അറിയാനും, പ്രശ്നങ്ങളെ പഠിക്കാനും മനുഷ്യന് ആശ്രയിക്കേണ്ട വൈജ്ഞാനിക സ്രോതസ്സ് നിരീക്ഷണ പരീക്ഷണത്തിലൂന്നിയ ഗവേഷണങ്ങളാണ്. ഇതാണ് ഇത്തരം വിഷയങ്ങളില്‍ നാം അവലംബിക്കേണ്ട മാര്‍ഗ്ഗമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഭൂമിയിലും ആകാശത്തിലും എന്തൊക്കയാണ് ഉളളതെന്ന് കണ്ടെത്താന്‍ നിങ്ങള്‍ അവരോട് പറയുക,(10:100) ‘നിങ്ങളുടെ ശരീരത്തില്‍ ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ കണ്ടെത്തുന്നില്ലേ? (51:21)
അതുമാത്രമല്ല, പ്രവര്‍ത്തനങ്ങളുടെ ഫലമായി ഭൗതിക ലോകത്ത് തന്നെ ഉണ്ടാകുന്ന പ്രതിഫലനത്തെ പറ്റി ചിന്തിക്കേണ്ടതും, കാര്യഗൗരവത്തില്‍ എടുക്കേണ്ടതും നാം തന്നെയാണെന്ന അധ്യാപനമാണ് ഈത്തപ്പഴത്തിന്റെ പരാഗണവുമായി ബന്ധപ്പെട്ട ഹദീസില്‍ വ്യക്തമാക്കുന്നത്.” ഈത്തപ്പഴത്തിന് പരാഗണം നടത്തുന്ന ഒരു സംഘത്തിന്റെ അരികിലൂടെ തിരുമേനി നടക്കുമ്പോള്‍ അവരോട് ഇപ്രകാരം പറഞ്ഞുവെത്രെ, ഇങ്ങനെ ചെയ്തിട്ടില്ലെങ്കിലും ഈന്തപ്പന കായ്ക്കില്ലേ? ഇതു കേട്ട അവര്‍ പരാഗണം നിര്‍ത്തിവെച്ചു. അടുത്ത വര്‍ഷം വേണ്ടതു പോലെ കായ്ക്കാത്ത ഈന്തമരത്തെ കണ്ട നബി ചോദിച്ചു, എന്തുപറ്റി നിങ്ങളുടെ ഈന്തമരത്തിന്? സംഭവം (അഥവാ പരാഗണമില്ലാതെയും കായ്ക്കില്ലേ എന്ന് തിരുമേനി പറഞ്ഞത്) അവര്‍ വിവരിച്ചപ്പോള്‍ തിരുമേനി ഇങ്ങനെ പ്രതികരിച്ചു. നിങ്ങളുടെ ഭൗതിക കാര്യങ്ങളില്‍ കുടുതല്‍ അറിവുളളവര്‍ നിങ്ങള്‍ തന്നെയാണ്’. മനുഷ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി പാരത്രിക ലോകത്തും, ആത്മീയ ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങളെ വിസ്തരിക്കാനാണ് നബിക്ക് നിയോഗമുണ്ടായത്.
മതവിഷയങ്ങള്‍ അറിയേണ്ടതും പഠിക്കേണ്ടതും എന്നില്‍ നിന്നാണ്. പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭൗതിക കാര്യങ്ങളെ കുറിച്ച് കണ്ടെത്തേണ്ടതും, പഠിക്കേണ്ടതും നിങ്ങള്‍ തന്നെയാണ് എന്നാണ് ഈ അധ്യാപനത്തിന്റെ പ്രത്യക്ഷമായ ഒരു അര്‍ത്ഥതലം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ വിധി വിലക്കുകളെ പരാമര്‍ശിക്കുന്ന കര്‍മ്മ ശാസ്ത്രം ഇതേ പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്ന് ഇതിനര്‍ത്ഥമില്ല. പ്രവര്‍ത്തനങ്ങളുടെ ഫലം ഉപദ്രവത്തില്‍ കലാശിക്കുമെങ്കില് അവ പാടില്ലെന്ന അടിസ്ഥാന തത്വം കര്‍മ്മ ശാസ്ത്രം മുന്നോട്ട് വെക്കുന്നുണ്ട്. ”ലാ ളററ വലാ ളിറാറ” – പ്രയാസപ്പെടാനോ, പ്രയാസപ്പെടുത്താനോ പാടില്ല. അതിനാല്‍ മനുഷ്യര്‍ക്കും, മനുഷ്യേതര സമൂഹങ്ങളായ ജീവ ജാലങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്ന സകല പ്രവര്‍ത്തനങ്ങളും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. മണ്ണിടിക്കല്‍, മരം വെട്ടല്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രയാസങ്ങളിലേക്ക് നയിക്കുന്നുവെന്ന് നിസ്വാര്‍ത്ഥവും, കൃത്യവുമായ പരീക്ഷണഫലം ബോധ്യപ്പെടുത്തുന്നുവെങ്കില്‍ അവ നിര്‍ബന്ധമായും സ്വീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. തേന്‍ എല്ലാ രോഗത്തിനും ശമനമെന്ന വ്യാപകമായ നിര്‍ദേശം ഖുര്‍ആനിലുണ്ടെങ്കിലും ജ്വരാതുരന് തേന്‍ ഹറാമെന്ന് ഇമാം ഗസ്സാലി പറഞ്ഞത് ഇവിടെ ഓര്‍ക്കുന്നത് ഉചിതമാണ്. അനുഭവ ജ്ഞാനങ്ങള്‍, നീരിക്ഷണ- പരീക്ഷണ ജ്ഞാനങ്ങള്‍ എന്നിവ ആശ്രയിച്ചാണ് മനുഷ്യ ശരീരത്തെക്കുറിച്ചുളള അറിവുകള്‍ കണ്ടെടുക്കേണ്ടത്. അതിലൂന്നിയാണ് ശരീരവുമായി ബന്ധപ്പെട്ട കര്‍മ്മ ശാസ്ത്രവിധികള്‍. ഈ അടിസ്ഥാനത്തിലാണ് ഇമാം ഗസ്സാലിയുടെ വിധി പ്രഖ്യാപനമെന്നര്ത്ഥം.
ഇതു മാത്രമല്ല, വനനശീകരണത്തിനെതിരെ ശക്തമായ വിമര്‍ശനവും, വനവത്കരണത്തിന് പ്രോത്സാഹനവും, പ്രവാചകർ വ്യക്തമാക്കിയതു ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. പാരത്രിക ലോകത്തേക്കുളള വിളവെടുപ്പായാണ് വനവത്കരണം എന്ന പ്രമേയം വിശുദ്ധ അധ്യാപനം ഉയര്‍ത്തുന്നത്. വനവത്കരണവുമായി ബന്ധപ്പെട്ട തിരുപാഠങ്ങളെ മൂന്ന് രൂപങ്ങളായി വായിക്കാം. ഒന്ന്, വന സംരക്ഷണം. രണ്ട്, വനവത്കരണം, മൂന്ന്, കാര്‍ഷിക വനവത്കരണം
വന സംരക്ഷണം
ജീവ ജാലങ്ങള്‍ക്ക് തണല്‍ നല്കുന്ന, പക്ഷി, മൃഗാദികള്‍ക്ക് അഭയം നല്കുന്ന വടവൃക്ഷത്തെ വെട്ടി മാറ്റുന്നത് കുറ്റകരമാണ്. അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. അക്രമമായ രീതിയില്‍, വഴി യാത്രക്കാര്‍ക്കും, മൃഗങ്ങള്‍ക്കും തണലേകുന്ന വൃക്ഷത്തെ വെട്ടി മാറ്റുന്നവന്റെ തല അല്ലാഹു നരകത്തില്‍ പൂഴ്ത്തുന്നതായിരിക്കും(മിശ്കാത്ത്).
നമ്മുടെ ചുറ്റുവട്ടത്തുളള സസ്യങ്ങള്‍ക്ക് പരിരക്ഷണം നല്‍കേണ്ടതുണ്ട്. അവ നശിപ്പിക്കുന്ന പ്രവര്‍ത്തനം അരുത്, ജല സേചനം ഒഴിവാക്കിയതു കാരണം സസ്യങ്ങള്‍ ഉണങ്ങുമെങ്കില് ജലസേചനം ഒഴിവാക്കരുത്. അനാവശ്യമായി മരംവെട്ടുന്നത് ഹറാമാണ്. മരം ഒരു സമ്പത്താണ്, സ്വന്തം പ്രവര്‍ത്തനം മുഖേന സ്വത്ത് നശിപ്പിക്കുന്നത് ഹറാമാണല്ലോ? ഈ കാര്യം കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. തുഹ്ഫ ഉദ്ധരിക്കാം ; കൃഷിയും വൃക്ഷങ്ങളും നനയ്ക്കാന്‍ സാധ്യമാകുന്നിടത്ത്, ജല സേചനം ഉപേക്ഷിക്കുന്നത് കറാഹത്താണ്. കാരണം സ്വത്തു നശിപ്പിക്കുന്ന പ്രവര്‍ത്തനം ഹറാമും അത് നശിക്കാനിടവരുത്തുന്ന വിധം പരിരക്ഷണം ഉപേക്ഷിക്കല്‍ കറാഹത്തുമാണ് (8/373). ഇതിനെ വ്യാഖ്യാനിച്ച ശര്‍വാനി എഴുതുന്നു. ആവശ്യത്തിനു വേണ്ടി മരം വെട്ടാവുന്നതാണ്. വിറകിന്റെ ആവശ്യത്തിന് വേണ്ടി, മരം ഉണങ്ങാന്‍ പരിരക്ഷണം ഉപേക്ഷിക്കുന്നതും കറാഹത്തില്ല.
വനവത്കരണം
പാരത്രിക ലോകത്തേക്കുളള വിളവെടുപ്പ് എന്ന പ്രമേയമാണ് വനവത്കരണത്തിന് ഇസ്ലാം മുന്നോട്ട് വെച്ചത്. തിരുനബി പറയുന്നു: ഒരു മുസ്ലിം ഒരു ചെടി നട്ടു. എന്നിട്ടതില്‍ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ ലോകവസാനം വരെ അത് അവന് സ്വദഖയുടെ പ്രതിഫലമായി ലഭിക്കുന്നതാണ്. മറ്റൊരു ഹദീസില്‍ ഇങ്ങനെ വായിക്കാം. അനീതിയും അതിക്രമവുമില്ലാത്ത വിധം ഒരാള്‍ ഒരു വീടു നിര്‍മ്മിച്ചു, അല്ലെങ്കില്‍ അനീതിയും, അതിക്രമവുമില്ലാതെ ഒരാള്‍ ചെടിനട്ടു. എന്നാല്‍, കരുണാവാരിധിയായ സ്രഷ്ടാവിന്റെ സൃഷ്ടികളില്‍ വല്ലതും അത് പ്രയോജനപ്പെടുത്തുമ്പോഴെല്ലാം അവന് പ്രതിഫലം ലഭിക്കുന്നതാണ്.
ലോകവസാനം വരെ എന്നതിന്റെ താല്പര്യത്തെപറ്റി വിശ്രുതരായ ഹദീസ് പണ്ഡിതര്‍ നല്കിയ അര്ത്ഥകല്പന, വനവത്കരണത്തിന്റെ അനിവാര്യതയും, ഗൗരവവും വ്യക്തമാകുന്നുണ്ട്. കൃഷിയും, സസ്യവും ഫലപ്രദമായി നില നില്ക്കുന്നുവോ, അപ്പോഴെല്ലാം പ്രതിഫലം നിലച്ചു പോവാതെ ലഭിച്ചു കൊണ്ടേയിരിക്കുന്നു. വനവത്കരണ പദ്ധതിയില്‍ ഏര്പ്പെട്ടവന് മരിച്ചാലും, കൃഷിയിടം, സസ്യങ്ങള്‍ എന്നിവ തന്റെ ഉടമവകാശത്തില്‍ നീങ്ങിയാല്‍ പോലും പ്രതിഫലം ലഭിക്കുമെന്നതാണ് മറ്റൊരു വ്യാഖ്യാനം. ഇമാം നവവി നല്കിയ അര്‍ത്ഥ കല്പന നിലക്കാതെ പ്രതിഫലം ലഭിക്കുന്നതാണെന്ന് ബോധ്യപ്പെടും, ”കൃഷിയില്‍ നിന്നും, സസ്യങ്ങളില്‍ നിന്നും ലോകവസാനം വരെ ജനിച്ചുണ്ടാകുന്ന ഓരോന്നിലും ചെടി നട്ടവനും, കര്‍ഷകനും സ്വദഖയുടെ പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും.”
സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കുമ്പോഴും ചിലത് ആലോചിക്കേണ്ടതുണ്ട്. ചില വൃക്ഷങ്ങള്‍, മറ്റു വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്ത വിധം/ വേണ്ട വളര്‍ച്ച ലഭിക്കാത്ത വിധം മണ്ണിലെ വളങ്ങളെ വലിച്ചെടുക്കുന്നു. അത്തരം വൃക്ഷങ്ങള്‍ മറ്റു വൃക്ഷങ്ങള്‍ക്ക് ഒരു വിലങ്ങു തടികളായി നിലകൊളളും. അത് നേട്ടങ്ങളെക്കാള്‍ കുടൂതല്‍ കോട്ടങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. ഒരോന്നിനും അതിന്റെതായ ഇടങ്ങളുണ്ട്. അവ പരിഗണിക്കുമ്പോഴാണ് ക്രമങ്ങളുണ്ടാകുന്നത്. പരിഗണിക്കാതിരിക്കുമ്പോള്‍ ഉണ്ടാകുന്നത് അക്രമമാണ്. അതിനാല്‍ ഓരോ പ്രദേശത്തെയും പരിഗണിച്ചയായിരിക്കണം വനവത്കരണത്തിന്റെ ഭാഗമായി ചെടികള്‍ നട്ടു പിടിപ്പിക്കേണ്ടത്. നമുക്ക് അന്യമായ കാലാവസ്ഥയില്‍ വളരുന്നത് നമ്മുടെ കാലാവസ്ഥയില്‍ വളരുന്ന വൃക്ഷങ്ങള്‍ക്ക് വിലങ്ങു തടിയായും, തടസ്സമായും നിലകൊള്ളുന്ന വൃക്ഷ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നത് അക്രമമാണ്. അക്രമമില്ലാത്ത വനവത്കരണത്തെയാണ് പ്രവാചകന് പ്രോത്സാഹിപ്പിച്ചതെന്ന് ഉപര്യുക്ത ഹദീസിലൂടെ വായിക്കാവുന്നതാണ്. അതിനാല്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അന്യമായി വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുമ്പോള്‍ വളരെ ശ്രദ്ധവേണമെന്നര്ത്ഥം. സസ്യങ്ങള്‍ മാത്രമല്ല കെട്ടിട നിര്‍മ്മാണത്തിനും ഈ നിയമങ്ങള്‍ ബാധകമാണ്. കെട്ടിടം നിര്‍മ്മിക്കേണ്ട സ്ഥലത്ത് നിര്‍മ്മിക്കുമ്പോള്‍ മാത്രമെ അത് പുണ്യകരമാവുകയുളളു. അല്ലാത്ത പക്ഷം അത് അക്രമമായി തീരുമെന്നും ഉപര്യുക്ത ഹദീസ് കൃത്യപ്പെടുത്തുന്നുണ്ട്.
വനവത്കരണത്തിന്റെ ഫലം തനിക്ക് ലഭിക്കില്ലെന്ന് ഉറപ്പായാലും, അല്ലെങ്കില്‍ അല്‍പ്പ സമയത്തിനകം ലോകമവസാനിക്കുമെന്ന് ബോധ്യപ്പെട്ടാല്‍ പോലും തന്റെ കൈയിലുളള വൃക്ഷ ചെടിയെ നട്ടുപിടിപ്പിക്കണമെന്ന തിരുവാക്യം വനവത്കരണം മനുഷ്യന്റെ ഉത്തരവാദിത്വമാണെന്നതിനെ കുറിക്കുന്നു.” നിങ്ങളില്‍ ഒരാളുടെ കൈയില്‍ വൃക്ഷത്തൈ ഉണ്ടായിരിക്കെ, ലോകവസാനം വരുന്നുണ്ടെങ്കില്‍, അത് സംഭവിക്കുന്നതിനു മുമ്പ് നടാന്‍ സാധിക്കുന്നുവെങ്കില്‍ നടട്ടെ,”
കാര്‍ഷിക വനവത്കരണം വഴി ഭൂമിയെ സജീവമാക്കിയവന് പ്രതിഫലമുണ്ട്, ഒരാള്‍ക്ക് ഭൂമിയുണ്ടെങ്കില്‍ അതിലവന് കൃഷി ചെയ്യട്ടെ, അല്ലെങ്കില്‍ തന്റെ സഹോദരന് കൃഷി ചെയ്യാന്‍ തയ്യാറാകട്ടെ, എന്ന വിശിഷ്ട സന്ദേശമാണ് തിരുമേനി ഉയര്‍ത്തിയത്. ഇതിനൊന്നും സമ്മതിക്കാത്തവനെ ആക്ഷേപത്തിന്റെ സ്വരത്തില്‍ ”ആ ഭൂമിയെ പിടിച്ചു കഴിയട്ടെ” എന്ന് പ്രതികരിച്ചത് കാര്‍ഷിക വൃത്തിയുടെ പ്രധാന്യത്തെ വ്യക്തമാക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനമാണ് വനവത്കരണവും, കാര്‍ഷികവൃത്തിയും. അത് വ്യക്തിയെ സംസ്കരിക്കുന്നുണ്ട്. അതേ പറ്റി ഇബ്നു ഹജര്‍ നടത്തിയ വിവരണം ഇങ്ങനെ വായിക്കാം. കാര്‍ഷിക പ്രവര്‍ത്തനം മനുഷ്യനെ വിനയത്തിന്റെ ഉടമയാക്കുന്നു. അനാവശ്യത്തില്‍ നിന്നും തൊഴില്‍ രാഹിത്യത്തില്‍ നിന്നും അവനെ രക്ഷിക്കുന്നു. തന്റെ ആവശ്യങ്ങള്‍ മറ്റുളളവരെ ആശ്രയിക്കാനിടവരാത്ത വിധം അവനെ അതു ധന്യമാക്കുകയും ചെയ്യുന്നു.(ഫത്ഹുല്‍ ബാരി4/304) കാര്‍ഷിക വനവത്കരണത്തെ പറ്റി മഹത്തുകള്‍ പറഞ്ഞുവെച്ച ചില കാര്യം വായിക്കുന്നത് ഉചിതമാണ്. ഏറ്റവും ഉത്തമമായ ജോലി കാര്‍ഷിക വൃത്തിയത്രെ. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം അവന്റെ അര്‍പ്പണ ബോധമാണ്. അല്ലാഹുവില്‍ പൂര്‍ണ്ണാര്‍പ്പണം നടത്തി കൊണ്ടാണ് അവന് ഭൂമിയില്‍ പണവും, അധ്വാനവും ഇറക്കുന്നത്. അവന്റെ സേവന ഫലം മനുഷ്യ സഹോദരങ്ങള്‍, ഇതര ജീവി സമൂഹങ്ങള്‍ക്കും ലഭിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. അതില്‍ സൗജന്യമായി ജീവികള്‍ ഭക്ഷിക്കുന്നതിനും, കളവ് നടത്തി സൗജന്യമായി മനുഷ്യര്‍ ഭക്ഷിക്കാന്‍ ഇടവന്നാലും അവയ്ക്കെല്ലാം അവന് പ്രതിഫലം ലഭിക്കുന്നു.
വികസനത്തിന്റെ മൗലിക തത്വങ്ങള്‍
ഇസ്ലാം ഒരു തരത്തിലും വികസനത്തിനെതിരല്ല. സാമൂഹിക സംരക്ഷണവും പൊതു നന്മയിലൂന്നിയ ആരോഗ്യകരമായ വികസന പാഠമാണ് ഇസ്ലാമിന്റേത്. ധാര്‍മ്മിക മൂല്യത്തെ പരിഗണിക്കാത്ത വികസനത്തിന്റെ ഫലം നാശത്തിലേക്കാണ് നയിക്കുന്നത്. അതിന്റെ പരിണിത ഫലം നാം കണ്ടുകൊണ്ടേയിരിക്കുന്നു. സൈനികാവശ്യത്തിന് കോടിക്കണക്കിന് സമ്പത്ത് ചിലവഴിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളും ശക്തമായ ആണവായുധങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും വിധം വിനാശകരമായ പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ആണവമാലിന്യം. ആണവ പരീക്ഷണം/ നിലയങ്ങളുടെ ദുരന്തം/ യുദ്ധം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന റേഡിയോ വികിരണ ശേഷിയുളള അവശിഷ്ടങ്ങള്‍ പ്രകൃതിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം അതിഭീകരവും, തലമുറകളോളം പ്രതികൂലമായി ബാധിക്കുന്നവയുമാണ്. ഇവ ഉപയോഗിച്ച് ലോകത്തിന്റെ എത് കോണിലും നാശത്തിന്റെ ഇടിത്തീ വീഴ്ത്താന്‍ പ്രാപ്തമായ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുകയും മറ്റും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ഇസ്ലാമിലെ സൈനിക വ്യവസ്ഥയിലെ വിശിഷ്ടമായ സന്ദേശങ്ങളാണ്. യുദ്ധങ്ങളെ നിരാകരിച്ച് എഴുപതില്‍ പരം സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. അനിവാര്യഘട്ടത്തില്‍ (നിലനില്‍പ്പിനുവേണ്ടി) മാത്രമാണ് ഇസ്ലാം യുദ്ധമനുവദിക്കുന്നത്. അപ്പോള്‍ പോലും ഗൗരവത്തോടെ സംരക്ഷിക്കേണ്ട ധാര്‍മിക ബോധങ്ങള്‍ സൈനിക നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖലീഫ സിദ്ധീഖ്(റ) പറയുന്നു: യുദ്ധത്തിനുവേണ്ടി തയ്യാറായ സംഘത്തോടാണ് ഈ ഗൗരവമായ പ്രഖ്യാപനം. ” വഞ്ചന അരുത്, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര് എന്നിവരെ കൊല ചെയ്യരുത്, ഈന്തമരങ്ങളെ നശിപ്പിക്കുകയോ, കരിക്കുകയോ ചെയ്യരുത്. ഫലം കായ്ക്കുന്ന മരങ്ങളെ വെട്ടരുത്, ആട്, മാട് ഒട്ടകങ്ങളെ ഭക്ഷണത്തിനു വേണ്ടിയല്ലാതെ കൊല ചെയ്യരുത്.” ഈ പ്രഖ്യാപനത്തില്‍ സംരക്ഷിക്കേണ്ട എല്ലാ ധാര്‍മ്മിക മൂല്യങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ മൗലിക തത്വം ഇന്നും പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ അതിവിദൂര ഭാവിയിൽ പ്രയോഗിക്കാന്‍ (സാധ്യത മാത്രം) വേണ്ടി, ഒരിക്കല്‍ പോലും പ്രയോഗിക്കാതെ സൂക്ഷിക്കുന്ന, സൈനിക ആവശ്യത്തിനായുളള ആണവ നിലയങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ദേശരാഷ്ട്രങ്ങളിലെ സൈനികാവശ്യത്തിനോ, മറ്റോ ഉപയോഗിക്കുന്ന ആണവ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ കടലിലേക്കാണ് പലപ്പോഴും ഒഴുക്കപ്പെടുന്നത്. അതുമുഖേന ജലാശയത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണമായി ഒട്ടനവധി ജീവികള്‍ കൂട്ടത്തോടുളള നശിക്കുന്നു. കടലിൽ മാത്രമല്ല, കരയിലും ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ആണവ വസ്തുക്കള്‍ ഒരു ഉദാഹരണം മാത്രം. ജീവി വര്‍ഗ്ഗങ്ങള്‍ക്കും, പ്രകൃതിക്കും പ്രത്യാഘാതം വരുത്തുന്ന ഒരു വികസന പദ്ധതിയെയും ഇസ്ലാം അംഗീകരിക്കുന്നില്ല. നിരാകരിക്കുകയാണ് ചെയ്യുന്നത്. പ്രത്യാഘാതങ്ങളെ അനുഭവിച്ചറിയുന്നതിനേക്കാള്‍ മുമ്പ് അവയെ പറ്റി പഠിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇത്തരം കാര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യനു തന്നെയാണെന്ന് ഇസ്ലാമിക ജ്ഞാനവ്യവസ്ഥ ഉത്ബോധിപ്പിക്കുന്നുണ്ട്.
pursuing masters in Islamic Studies at the University of Calicut.
