മുസ്‌ലിംകളും വിദ്യാഭ്യാസ രീതികളും: മാറേണ്ടതെന്തെല്ലാം?

എന്താണ് ഒരു യൂണിവേഴ്സിറ്റി? എങ്ങനെയായിരിക്കണം അത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പലപ്പോഴായി പലയിടങ്ങളിൽ നിന്നും എന്നോട് ചോദിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെയും എങ്ങിനെ ഫലപ്രദമായ മറുപടി പറയുമെന്ന ഭയം എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും ഞാൻ ഇത്രയും കാലം പല കോണിൽ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തെ പറ്റി സംസാരിക്കാനാവുക എന്നതും എന്നിൽ ആവേശമുണർത്തി. ഇതൊരു വലിയ സമസ്യയാണ്. ഇതിന് പര്യാപ്തമാം വിധം അളന്നുമുറിച്ചൊരു മറുപടി പറയൽ തെല്ലൊന്നു ക്ലേശകരവും.
ഒരു റിസർച്ച് യൂണിവേഴ്സിറ്റിയെ ഒരു നല്ല സർവകലാശാലയുടെ രൂപമായി നമുക്ക് ഗണിക്കാം. കാരണം കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഇടയിൽ ഒരു പ്രധാന അന്തരമുണ്ട്. ഒരു കോളേജ് ബിരുദ വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ, യൂണിവേഴ്സിറ്റിയിൽ നൂതനമായ ആശയങ്ങളുടെ ഉൽപാദനവും ഗവേഷണങ്ങളുമാണ് നടക്കുന്നത്. ചുരുക്കത്തിൽ ഒരു യൂണിവേഴ്സിറ്റി ഇതാണ്; ആളുകൾ അനുഭവത്തിലൂടെ എങ്ങനെ ചിന്തിക്കണം? എന്താണ് ചിന്ത? പുതിയതും സാർവത്രികവുമായ ആശയങ്ങൾ എങ്ങനെ സൃഷ്ടിക്കാം? എന്നെല്ലാം പഠിപ്പിക്കുന്ന കേന്ദ്രമാണ് യൂണിവേഴ്സിറ്റി. എല്ലാ നാഗരികതകൾക്കും അവരവരുടെ ഉത്തമ മനുഷ്യ (Ideal person) നെ പറ്റി സങ്കൽപങ്ങൾ ഉണ്ട്.
വ്യത്യസ്ത നാഗരികതകളുടെ ഉത്തമ വ്യക്തി സങ്കൽപങ്ങളും വളരെ വിഭിന്നമാണ്. ഇസ്‌ലാമിക നാഗരികതയിൽ അൽ ഇൻസാനുൽ കാമിൽ എന്നൊരു സങ്കൽപമുണ്ട്. ചൈനീസ് നാഗരികതയിലും ഹൈന്ദവ സംസ്കാരത്തിലും തുടങ്ങി ഓരോന്നിലും ഇത്തരം സങ്കൽപ്പങ്ങളുണ്ട്. അത് പ്രകാരം ഓരോ ജനതയും അവരുടെ ഉത്തമ വ്യക്തികളുടെ സൃഷ്ടിപ്പിനായി സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉൽകൃഷ്ട കലാശാല എന്തെന്നറിയാൻ ഉത്തമ വ്യക്തി സങ്കൽപങ്ങളുടെ സ്വഭാവം അറിയൽ അത്യാവശ്യമാണ്. തദനുസൃതമായി ഓരോ ജനതക്കും ഓരോ മതത്തിനും ഓരോ സമൂഹത്തിനും ഉള്ള ഉത്തരങ്ങൾ വ്യത്യസ്തമായിരിക്കും.
ഇസ്‌ലാമിലെ അൽ ഇൻസാനുൽ കാമിൽ എന്ന ആശയം പാശ്ചാത്യൻ കോളനിവൽക്കരണ കാലഘട്ടം വരെയും അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടർന്നു. പിന്നീട് കോളനിവൽക്കരണം നമ്മെ കൂട്ടിക്കൊണ്ടു പോയത് ഇന്നും നിലനിൽക്കുന്ന സംഭ്രമത്തിൻ്റെയും ആശയക്കുഴപ്പത്തിൻ്റെയും കഷ്ടകാലത്തിലേക്കുമാണ്. ഈയൊരു തിരിച്ചറിവ് നമ്മുടെ ഗവേഷണത്തിലുടനീളം നമുക്ക് അത്യാവശ്യമാണ്. എൻറെ അഭിപ്രായത്തിൽ ഒരു സർവകലാശാലയെ ‘ഇസ്‌ലാമികം’ ആക്കുന്നത് എന്താണെന്നതിനുള്ള ഉത്തരം നിസ്സംശയം ഇനി പറയുന്ന പോയിൻ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു യൂണിവേഴ്സിറ്റി ഇസ്‌ലാമിക സംസ്കാര പ്രകാരം ആദർശവൽകൃതമായ അൽ ഇൻസാനുൽ കാമിലിനെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുവെങ്കിൽ അതാണ് ഇസ്‌ലാമിക യൂണിവേഴ്സിറ്റി. ഒരു യഥാർത്ഥ മുസ്‌ലിമിനെ പോലെ ചിന്തിക്കാനും ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യങ്ങൾക്ക് അനുഗുണമായ ആശയങ്ങൾ ഉൽപാദിപ്പിക്കാനും ഒരു യൂണിവേഴ്സിറ്റി നമ്മെ പഠിപ്പിക്കുന്നുവെങ്കിൽ അതാണ് ഇസ്‌ലാമിക യൂണിവേഴ്സിറ്റി.
വിദ്യാഭ്യാസത്തിൻ്റെ ഗുണഫലങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധം അമേരിക്കക്കും ഫ്രാൻസിനും ജർമനിക്കും ഉണ്ട്. നിർഭാഗ്യവശാൽ തുർക്കിയിലും മുസ്‌ലിം ലോകത്തും അത് മതിയാവണ്ണം ഇല്ലാതെപോയി. തുർക്കിയിലെയും മുസ്‌ലിം ലോകത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി ഞാൻ ഹൈസ്കൂൾ പഠനകാലത്തുതന്നെ ആകുലനായിരിന്നു. എന്തുകൊണ്ട് നമ്മുടെ കലാശാലകൾ നമ്മെ നന്നായി പഠിപ്പിക്കുന്നില്ല എന്ന് പലവട്ടം ഞാൻ ആലോചിച്ചിരുന്നു. അതിനിടെ ഞാൻ വായിച്ച തോമസ് ബോട്ടമോർ (Thomas Bottomore) ൻ്റെ Sociology:A guide to problems & literature എന്ന പുസ്തകം കണ്ണുതുറപ്പിക്കുന്നതായിരുന്നു. പാശ്ചാത്യേതര രാജ്യങ്ങളിലെ കലാശാലകൾക്ക് അക്കാദമിക ലക്ഷ്യങ്ങളുടെ അഭാവമുണ്ടെന്ന് ബോട്ടമോർ വിമർശിക്കുന്നു. അക്കാദമിക മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിനു പകരം പാശ്ചാത്യേതര രാജ്യങ്ങളിലെ കലാശാലകളെല്ലാം ചെയ്യുന്നത് അവരുടെ വിദ്യാർഥികളെ പാശ്ചാത്യവൽക്കരിക്കുകയും മോഡേൺ രീതികളോട് അഭിനിവേശം ജനിപ്പിക്കുകയും മാത്രമാണ്. മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ പ്രതികളാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, അനാതോലിയയിൽ നിന്നും പഠനാർത്ഥം ഇസ്താംബൂളിൽ എത്തിയ ഒരു മതനിഷ്ഠയുള്ള പെൺകുട്ടി തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത് ഒരു മോഡേൺ പാശ്ചാത്യൻ സ്ത്രീ ആയിട്ടാണ്.
ഞാൻ തുർക്കിയിലെയും മറ്റു രാജ്യങ്ങളിലെയും യൂണിവേഴ്സിറ്റികളിൽ ചെല്ലുമ്പോൾ അവിടെയുള്ള വിദ്യാർത്ഥികളോട് ചോദിക്കാറുണ്ട്; നിങ്ങൾ പഠിക്കുന്ന പുസ്തകങ്ങളിൽ ഏതെങ്കിലുമൊരു മുസ്‌ലിം പണ്ഡിതൻ്റെ തിയറികൾ പഠിപ്പിക്കുന്നുണ്ടോ എന്ന്. അവരുടെ മറുപടി ഇല്ല എന്നാവും. മേൽപ്പറഞ്ഞ യൂണിവേഴ്സിറ്റികൾ എല്ലാം വെറും പാശ്ചാത്യൻ ചിന്തകളുടെയും തിയറികളുടെയും വിപണക്കാരായി ചുരുങ്ങിപ്പോകുന്നു എന്ന് ചുരുക്കം. മുസ്‌ലിം മനഃശാസ്ത്ര സിദ്ധാന്തങ്ങൾ പഠിപ്പിക്കുന്ന സൈക്കോളജി ഡിപ്പാർട്ട്മെൻറ് ഒരു സർവകലാശാലയിലും ഞാൻ കണ്ടിട്ടില്ല എന്നതും ഖേദകരമായ വസ്തുതയാണ്.
എജുക്കേഷനിൽ പിഎച്ച്ഡി ചെയ്യുന്ന ഒരു വിദ്യാർത്ഥിയെ ഞാൻ കണ്ടുമുട്ടാനിടയായി. എജുക്കേഷനുമായി ബന്ധപ്പെട്ട വല്ല മുസ്‌ലിം പണ്ഡിതരെയും നിങ്ങൾക്ക് അറിയാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. ഇല്ലെന്നു തന്നെയായിരുന്നു മറുപടി. ഇസ്താംബൂളിൽ പിഎച്ച്ഡി ചെയ്യുന്ന വളരെ മതനിഷ്ഠയുള്ള ഹിജാബ് ധരിച്ച ഒരു യുവതി. പക്ഷേ താൻ പഠിക്കുന്ന വിഷയത്തിലെ മുസ്‌ലിം തിയറികളെ പറ്റി ധാരണയേതുമില്ല. നിങ്ങൾക്ക് ഇമാം സർനൂജിയെ അറിയില്ലേ എന്ന എൻ്റെ ചോദ്യത്തിന് ഞാൻ കേട്ടിട്ടുപോലുമില്ല എന്നായിരുന്നു അവരുടെ പ്രതികരണം. നിങ്ങൾക്ക് ഗസാലി ഇമാമിനെ അറിയുമോ എന്ന ചോദ്യത്തിന് അവൾ ആവേശത്തോടെ “അതെ, എനിക്കറിയാം അദ്ദേഹത്തെ അറിയാത്തവർ ആരാണുള്ളത് വിശ്രുത പണ്ഡിതനാണദ്ദേഹം എന്നൊക്കെ പറഞ്ഞു. പക്ഷേ, ഗസാലി ഇമാമിൻറെ കൃതികളൊന്നും അവൾ വായിച്ചിട്ടില്ലായിരുന്നു. പകരം പടിഞ്ഞാറൻ ഇറക്കുമതികളായ തിയറികൾ മാത്രമാണവൾ പഠിച്ചിട്ടുള്ളത്. മേൽപ്പറഞ്ഞ വിഷയങ്ങളിലെല്ലാം കനപ്പെട്ട മുസ്‌ലിം ഇടപെടലുകളുണ്ടായിട്ടും അത് അവർ അറിയാതെ പോയത് ഹൃദയഭേദകമാണ്.
ഈയൊരു പാശ്ചാത്യവൽക്കരണ പ്രക്രിയയെ സുസ്ഥിര ഭൗതിക പരാശ്രയം (Sustainable Intellectual Dependency) എന്ന് വിളിക്കാമെന്ന് തോന്നുന്നു. സത്യത്തിൽ ഇന്ന് പാശ്ചാത്യ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്നതൊക്കെയും ഇതാണ്. ആ സ്ഥാപനങ്ങളൊന്നും മഹാന്മാരായ ശാസ്ത്രജ്ഞർക്ക് ജന്മം നൽകുകയല്ല, മറിച്ച് ഭൗതികമായും അക്കാദമികമായും പടിഞ്ഞാറിന് അടിമകളായി കൊണ്ടിരിക്കുകയാണ്.
സ്ഥാപനമെന്നോണം ഒരു യൂണിവേഴ്സിറ്റി ആദ്യമായി രൂപം കണ്ടത് മുസ്‌ലിം ലോകത്താണ്. 859 ൽ ആദ്യ യൂണിവേഴ്സിറ്റിയായ ഖറവിയ്യീൻ സർവകലാശാല സ്ഥാപിച്ചത് ഫാത്തിമ ഫിഹ്‌രിയ്യ എന്ന മൊറോക്കൻ മുസ്‌ലിം വനിതയാണ്. 975 ൽ സ്ഥാപിതമായ അൽ അസ്ഹറും AD പതിനൊന്നാം നൂറ്റാണ്ടിൽ വന്ന മദ്റസത്തു നിളാമിയ്യയും മുസ്‌ലിം ലോകത്ത് തന്നെ രൂപംകൊണ്ടതാണ്. മുസ്‌ലിം ലോകത്ത് കിഴക്കു തൊട്ടു പടിഞ്ഞാറ് വരെ യൂണിവേഴ്സിറ്റികൾ പടർന്നുപന്തലിച്ച ശേഷം മാത്രമാണ് യൂറോപ്യൻ രാജ്യങ്ങൾ സർവ്വകലാശാലയെ സ്ഥാപനമായി സ്വീകരിക്കാൻ തുടങ്ങിയത്. ആയിരുന്നാലും ഈ വിദ്യാഭ്യാസ പാരമ്പര്യത്തിലെ പരിണാമം തികച്ചും വിചിത്രമായിരുന്നു.
ഇസ്നാദ് ശൃംഖല
ഖറവിയ്യീൻ, അൽ അസ്ഹർ, നിളാമിയ്യ യൂണിവേഴ്സിറ്റികൾ ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. പ്രധാന വ്യത്യാസം വിദ്യാർത്ഥി-അധ്യാപക വ്യക്തിബന്ധങ്ങളിലേത് തന്നെ. ഓരോ പഠിതാവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പാഠ്യപദ്ധതികളെല്ലാം ഓരോ വിദ്യാർത്ഥികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടു. ഇന്നത്തേത് പോലെ വിദ്യാഭ്യാസത്തിൻ്റെ ഭീമമായ ഉത്പാദനം അന്ന് ലക്ഷ്യമായിരുന്നില്ല. പഠനത്തിനുശേഷം ഇജാസ എന്ന പേരിൽ ബിരുദം വിദ്യാർഥികൾക്ക് നൽകപ്പെടും. ഇന്നത്തേതുപോലെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമായിരുന്നില്ല അന്ന്. മറിച്ച് സ്വന്തം അധ്യാപകർ തന്നെയാണ് വിദ്യാർഥികൾക്ക് ഈ ഇജാസ നൽകിയിരുന്നത്.
മുസ്‌ലിം പണ്ഡിതർ, വിശിഷ്യാ അറിവിൻറെ ആധികാരികതയും വിശ്വാസ്യതയും സംരക്ഷിക്കാൻ ഹദീസ് പണ്ഡിതർ കണ്ടെത്തിയ ഈ ഇജാസയുടെ ഘടനയും വിന്യാസവുമെല്ലാം കൗതുകകരമാണ്. ആ വൈജ്ഞാനിക ശ്രേണി ഒരു വിദ്യാർത്ഥിയെ തൻ്റെ ഉസ്താദ് മുതൽ മുഹമ്മദ് നബി (സ്വ) വരെയുള്ള കണ്ണുകളുമായി ചേർക്കുന്നു. അതുവഴി ജിബ്രീലിലും അല്ലാഹുവിലുമായി ആ ശ്രേണി ചെന്നെത്തുന്നു. പ്രസ്തുത ശ്രേണിയെയാണ് ഇസ്നാദ് എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ ഇസ്‌ലമിക വൈജ്ഞാനിക സംസ്കാരമെന്നത് ഇസ്നാദ് സംസ്കാരമാണെന്നു പറയാം. ഇത്തരമൊരു സംവിധാനമോ കേവലം ബിരുദം എന്നത് തന്നെയോ മറ്റു സംസ്കാരങ്ങളിൽ ഒട്ടും തന്നെ ഇല്ലായിരുന്നു. Narrative Social Structure: Anatomy of Hadith Transmission Network 610-1505 എന്ന തലക്കെട്ടിലുള്ള എൻ്റെ തിസീസ് (ഇത് പിന്നീട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി) ഇസ്നാദ് സംവിധാനത്തിലെ ഗുരു-ശിഷ്യ ശൃംഖലയുടെ ചരിത്രത്തെക്കുറിച്ചായിരുന്നു. ഇന്ന് ഭൂമുഖത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും സുദീർഘമായ ശൃംഖലയും ഇതുതന്നെയാണ്. എൻറെ പഠനം ഇവ്വിഷയകമായി ഭാഗികം മാത്രമാണ്. ഇസ്‌നാദ് ശൃംഖല ഇന്നും മുറിയാതെ തുടർന്നുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസത്തെ പിടിച്ചുകെട്ടുന്നു
ഈയൊരു സിസ്റ്റം യൂറോപ്പിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റു പലതുമാണ്. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ ചർച്ചുകൾ വൈജ്ഞാനിക പ്രസരണത്തെ കുത്തകയാക്കി മാറ്റുകയും പണ്ഡിതന്മാർക്കു മേൽ അമിത സമ്മർദ്ദം ചെലുത്തുകയും അവരുടെ അധികാരങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തു. വിദ്യാർത്ഥികളോട് അധ്യാപകർ ആജ്ഞാഭാവത്തിൽ ഇടപെടരുതെന്നും പഠനശേഷം യോഗ്യതാപത്രം നൽകാൻ അധ്യാപകർക്ക് അനുവാദമില്ലെന്നും പ്രഖ്യാപനമിറക്കി. ഈ പുതിയ കാലത്തും സ്ഥിതി ഇപ്രകാരം തന്നെ തുടരുന്നു.
പക്ഷേ ഇസ്‌ലാമിക പണ്ഡിതന്മാർ
ഇത്തരം നീചമായ വിധേയപ്പെടലുകളെ എതിർത്തു. അവർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് മേൽ അധികാരമുള്ളവരായി തന്നെ തുടർന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും എജുക്കേഷൻ മിനിസ്റ്ററുടെയും തുടങ്ങി എല്ലാവിധ അധികാരങ്ങളും പ്രസ്തുത പണ്ഡിതനിൽ തന്നെ നിക്ഷിപ്തമാണ്. ചർച്ചകളുടേത് പോലൊരു കേന്ദ്രീകൃത മതാധികാരിയൊന്നും ഇസ്‌ലാമിൽ ഇല്ല. ആയതുകൊണ്ടുതന്നെ ഓരോ പണ്ഡിതനും ഒരു സ്വതന്ത്രസ്ഥാപനമെന്ന കണക്കേ പ്രവർത്തിക്കുന്നു. അതിനാൽ ഇസ്‌ലാമിക ചരിത്രത്തിലുടനീളം സർവ്വകലാശാലകൾ പ്രതിനിധീകരിക്കപ്പെടുന്നത് പണ്ഡിതന്മാരിലൂടെയാണ്. വിദ്യാർത്ഥികളെ സ്വീകരിക്കാനും നിരസിക്കാനും ബിരുദം അനുവദിക്കാനുമെല്ലാമുള്ള അധികാരങ്ങൾ അവർക്കുതന്നെ. ചില പണ്ഡിതർ സ്ഥാപനപരമായ ക്രമീകരണങ്ങളിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ പോലും അവരുടെ താത്പര്യമനുസരിച്ച് തുടരാനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുള്ളവരായിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും പാഠ്യപദ്ധതികളിൽ വരുത്തിയ ചില ക്രമീകരണങ്ങൾക്ക് മുസ്‌ലിം ലോകം സാക്ഷിയായിട്ടുണ്ട്. അതെല്ലാം ഇന്നും അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. അറബിഭാഷയും തർക്കശാസ്ത്രവും ലോജിക്കുമെല്ലാം ഇന്നും മുസ്‌ലിം ലോകത്ത് പഠിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും വിദ്യാർത്ഥികൾ പഠിക്കുന്ന ഫിഖ്ഹി ഗ്രന്ഥങ്ങളായ അൽ-ഇഖ്തിയാർ, അൽ-ഖുദുരി, അൽ-ഹിദായ തുടങ്ങിയവയൊക്കെ തന്നെ തുർക്കിയിലെയും വിദ്യാർത്ഥികൾ പഠിക്കുന്നു. ബൊലോഗ്ന(Bologna) സിസ്റ്റം വഴി യൂറോപ്പ് വിദ്യഭ്യാസ കരിക്കുലമൊന്നാകെ പുതുക്കിപ്പണിയാനിരിക്കുമ്പോൾ 1000 വർഷം മുമ്പ് രൂപപ്പെടുത്തിയ രീതി തന്നെ ഇന്നും ഇസ്‌ലാമിൽ നിലനിന്നുപോരുന്നു എന്നത് ശ്ലാഘനീയമാണ്.
പാശ്ചാത്യൻ രീതിയിലെ ചതിക്കുഴികൾ
ആധുനിക യൂണിവേഴ്സിറ്റികളുടെ ഇരച്ചു കയറ്റം മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസ രീതികളിലുണ്ടാക്കിയ വ്യതിയാനം ഇനിയും കൃത്യമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ആയതിനാൽ എന്താണ് സംഭവിച്ചത്? എന്തുതരം ശോഷണമാണ് ഇതുമൂലമുണ്ടായത്? സാമ്പ്രദായിക രീതികളെ ഒഴിവാക്കി ഈ ‘ആധുനിക’ സിസ്റ്റം സ്വീകരിക്കുമ്പോൾ വല്ല മെച്ചവുമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ നാം മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, പാശ്ചാത്യൻ ഇറക്കുമതിയായ ആധുനിക സർവ്വകലാശാലകൾ അവർ മുസ്‌ലിംകളിൽ നിന്നും കട്ടെടുത്ത സിസ്റ്റത്തിൻ്റെ വിരസവും ദൂഷിതവുമായ രൂപമാണ്. അധ്യാപകർക്ക് പകരം സ്ഥാപനങ്ങൾ ഡിപ്ലോമ നൽകുന്ന പുതിയ സിസ്റ്റത്തിൽ ഇസ്‌ലാമിൽ ഉണ്ടായിരുന്നത് പോലെ അറിവിൻറെ ആധികാരികത ഉറപ്പാക്കുന്ന ഇസ്നാദ് രീതി ഇല്ലാത്തതും അതിൻറെ മാറ്റു കുറയ്ക്കുന്നു. മാത്രമല്ല വിദ്യാഭ്യാസത്തിൽ അധ്യാപകർ എന്ന മുഖ്യ കണ്ണികൾക്ക് പ്രാധാന്യമില്ലാതാകുന്നു. കേവലം അറിവിൻറെ ഭീമവും വ്യർത്ഥവുമായ ഉൽപാദനം മാത്രമാണ് ഇതിൽ സംഭവിക്കുന്നത്.
ഈയൊരു വ്യതിയാനത്തിൽ സുപ്രധാന ഇര സർവ്വകലാശാലകളിലെ ഇസ്‌ലാമിക പഠന (Study of Islamic knowledge) ങ്ങളാണ്. മതപഠനങ്ങളെ തിയോളജിയുടെ വ്യത്യസ്ത ശാഖകളിലേക്ക് കൂട്ടിച്ചേർത്ത് അതിനെ അപ്രധാനമാക്കി തീർക്കുന്നത് ഹീനമായ സെക്യുലർ ചിന്തകളുടെ അനന്തരഫലമായേ കാണാനാവൂ. ഇതുവഴി മതത്തെ സയൻസിൽ നിന്നും വേർതിരിച്ച് രണ്ടും രണ്ടാണെന്ന പൊതുബോധം സൃഷ്ടിക്കലാണ് അവരുടെ താല്പര്യം. ഇസ്‌ലാമിക രീതിയിൽ ശരീഅത്തിനായി ഒരു വിഭാഗമോ മറ്റു സയൻസുകൾക്ക് വേറെയോ ഇല്ല. അവയെല്ലാം സംയോജിത രീതിയിലാണ് പഠിപ്പിക്കപ്പെടുന്നത്. അഭിഭാഷകരും എൻജിനീയർമാരും ഡോക്ടർമാരുമെല്ലാം ഒരുമിച്ചു പഠിക്കുന്ന ഒരു ഐഡിയൽ യൂണിവേഴ്സിറ്റിയുമായി ഇസ്‌ലാമിൻ്റെ സാമ്പ്രദായിക വിദ്യാഭ്യാസ രീതിയെ സാമ്യപ്പെടുത്താവുന്നതാണ്.
എങ്ങനെയാവണം ഇന്നത്തെ സർവ്വകലാശാലകൾ
ആധുനിക വിദ്യാഭ്യാസ രീതി എങ്ങനെ
വിഭാവനം ചെയ്യപ്പെടണം? ആദ്യമായി പാശ്ചാത്യൻ ആശയങ്ങളും ചിന്തകളും വിദ്യാർത്ഥികളിൽ കുത്തി ഇറക്കുന്നതിന് പകരം നാം അവരെ എങ്ങനെ നവീനമാം വിധം ചിന്തിക്കണമെന്നും ആശയങ്ങൾ സൃഷ്ടിക്കണമെന്നും പഠിപ്പിക്കണം. ഇനിയും യൂറോപ്പിനെ ഭൗതിക അധീശത്വത്തിനു വിധേയപ്പെടാതെ യൂണിവേഴ്സിറ്റികൾ അവരുടെ വിദ്യാർത്ഥികളെ ബൗദ്ധികമായി സ്വാതന്ത്ര്യം (Intellectual Independancy) നേടാൻ പ്രാപ്തരാക്കണം.
ഇസ്മിക വിദ്യാഭ്യാസ മാതൃകയിൽ ഇന്നും അണമുറിയാതെ തുടരുന്ന ഇസ്നാദ് സംവിധാനത്തിൻ്റെ തുടർച്ചയെ ലോകം അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. ചരിത്ര സന്ധികളിൽ ഇടയ്ക്കെപ്പോഴോ വിഷമഘട്ടങ്ങളുണ്ടായെങ്കിൽ പോലും ഇസ്‌ലാമിക നാഗരികതയുടെയും പൈതൃകത്തിൻ്റെയും തുടർച്ചയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഈ പൈതൃകത്തെ കൂടുതൽ ചമയപ്പെടുത്തലാണെൻ്റെ പ്രവർത്തനവും ലക്ഷ്യവും. ഞാനീ പറഞ്ഞ വിധമാണ് മൗലികത (Originality) അഥവാ സ്വതന്ത്രമായും ക്രിയാത്മകമായും ചിന്തിക്കാനുള്ള ശേഷി രൂപപ്പെടുന്നത്. ഭൂതകാലത്തെ തള്ളിപ്പറഞ്ഞും ഒഴിവാക്കിയും മാത്രമേ മൗലികമായ ആശയങ്ങളെ സൃഷ്ടിച്ചെടുക്കാനാവൂ എന്ന മൗഢ്യമായ ധാരണ പല വിദ്യാർഥികൾക്കും ബുദ്ധിജീവികൾക്കും ഉണ്ട്. നിങ്ങളുടെ മുൻഗാമികളായ മഹാന്മാരായ പണ്ഡിതരുടെ വംശാവലിയിൽ നിങ്ങളും കണ്ണികളാവുക എന്നതാണ് ബുദ്ധിയുള്ളവർ തെരഞ്ഞെടുക്കേണ്ട മാർഗം. അവർ പാകിവെച്ച അടിത്തറയിലാണ് നാം പുതിയവ ഉയർത്തേണ്ടത്. അറബി ഭാഷയിൽ യൂണിവേഴ്സിറ്റിയെ കുറിക്കുന്ന പദം “കുല്ലിയ്യ” എന്നാണല്ലോ. ഈ പദം സർവകലാശാലകളുടെ സാർവലൗകികമായ ഉദ്ദേശ്യത്തെ ദ്യോതിപ്പിക്കുന്നുണ്ട്. ആയതുകൊണ്ടുതന്നെ പുതിയ തലമുറ സർവകലാശാലകളെ അതിന്റെ യഥാസ്ഥാനമായ, സാർവത്രികമായ ആശയങ്ങളുടെ ഉൽപാദനകേന്ദ്രം എന്നതിലേക്ക് പുനസ്ഥാപിക്കേണ്ടതുണ്ട്.
ഞാൻ ചാൻസലറായി സേവനമനുഷ്ഠിക്കുന്ന ഇസ്താംബൂളിലെ ഇബ്നു ഹൽദൂൻ യൂണിവേഴ്സിറ്റിയുടെ (IHU) ലക്ഷ്യം കേവലം വിദ്യാർത്ഥികളെ പഠിപ്പിക്കുക മാത്രമല്ല. നിരവധി നവീനമായ ഗവേഷണങ്ങൾക്കുള്ള വലിയ പദ്ധതികൾ ഞങ്ങൾക്കുണ്ട്. അതിനാൽതന്നെ യൂണിവേഴ്സിറ്റിയിലെ ആകെ വിദ്യാർത്ഥികളിൽ 25% പേരും അണ്ടർ ഗ്രാജുവേറ്റുകളാണ്. അതേസമയം 75 ശതമാനം പേരും ബിരുദധാരികളായ ഗവേഷണ വിദ്യാർത്ഥികളാണ്. ഏറ്റവും ചുരുങ്ങിയത് വിദ്യാർത്ഥികളിൽ 35 ശതമാനവും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്.
ഇസ്താംബൂളിലെ Alliance of Civilizations Institute (ACI) ലെ വിദ്യാർത്ഥികൾ അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിൽ പൂർണ്ണ സംതൃപ്തരാണ്. വിദേശികളായ അവരെല്ലാം വിവിധ രാജ്യങ്ങളിലെ ഞങ്ങളുടെ സ്ഥാനപതികളെ പോലെ വർത്തിക്കുന്നു. അമേരിക്കൻ, റഷ്യൻ, ഫ്രഞ്ച്, അറബ്, ഡച്ച്, ജാപ്പനീസ് തുടങ്ങി നാൽപ്പതിൽ പരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ Alliance of Civilizations Institute (ACI) ൽ ഞങ്ങളുടെ ഉദ്യമങ്ങൾക്ക് കരുത്തുപകരാനായിട്ടുണ്ട്. ACI ൽ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിൻ്റെ വിപുല രൂപം ഇബ്നു ഹൽദൂൻ യൂണിവേഴ്സിറ്റിയിൽ(IHU) സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ.
വിവർത്തനം: കെ. സി. അമീൻ അഷ്‌റഫ്

Turkish academic and sociologist of religion. He is currently serving as the Rector of Ibn Haldun University and is a strong advocate of non-western sociological theories such as those by the Muslim sociologist Ibn Khaldun. He has completed his Ph.D. from Columbia University, in Sociology, and specializes in civilization studies, sociology, and Islamic studies with a focus on social networks, human rights, and modernization in the Muslim world. He has penned plenty of books and articles and Narrative Social Structure: Anatomy of the Hadith Transmission Network, is a masterpiece work among them.