അധിനിവേശ വിരുദ്ധ ചരിത്രത്തിലെ ഇമാം ശാമിൽ

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ സാമ്രാജ്യത്വ ശക്തികളുടെ ആക്രമണങ്ങൾക്കും അധിനിവേശ വിരുദ്ധ സമരങ്ങൾക്കും വംശീയ ഉന്മൂലനങ്ങൾക്കും സാക്ഷിയായ പ്രദേശമാണ് കൊക്കേഷ്യൻ പർവ്വതനിരകൾ. ചെച്നിയ, ദാഗിസ്ഥാൻ, ജോർജിയ, ഇംഗൂഷീതിയ തുടങ്ങിയ റഷ്യൻ റിപ്പബ്ലിക്കുകൾ ഉൾപ്പെടുന്ന കൊക്കേഷ്യൻ മേഖലയുടെ ചരിത്രം സങ്കീർണമാണ്. പ്രധാനമായും റഷ്യൻ, അറബിക്ക്, ജോർജിയൻ ഭാഷകളിലാണ് കൊക്കേഷ്യയുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

സർ(Tsar) ചക്രവർത്തിമാരുടെ നേതൃത്വത്തിലുള്ള റഷ്യൻ സാമ്രാജ്യത്വ അധിനിവേശ യുദ്ധങ്ങൾക്കെതിരെ 1834 മുതൽ 1859 വരെയുള്ള പ്രതിരോധ പോരാട്ടങ്ങളിൽ ചെച്നിയയിലെയും ദാഗിസ്ഥാനിലെയും ജനങ്ങളെ ഒന്നിച്ചു നിർത്തിയ ഇമാം ശാമിലിന്റെ നേതൃത്വം റഷ്യൻ ജനറൽമാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. വടക്ക്-കിഴക്കൻ, കിഴക്കൻ കൊക്കേഷ്യൻ പ്രവിശ്യകളിലെ റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്നതിൽ ഇമാം ശാമിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഗിരിനിരകളാൽ സമൃദ്ധമായിട്ടുള്ള ദാഗിസ്ഥാനിലെ ഗിമ്രി (Gimry) യിൽ 1797, ജൂലൈ ഏഴിനാണ് ഇമാം ശാമിലിന്റെ ജനനം. പത്തൊമ്പതാം നൂറ്റാണ്ടിൽ ഖാസി മുല്ല(Kazi Mulla)യും ഇമാം ശാമിലും നയിച്ച മുരീദീ പ്രതിരോധ പോരാട്ടങ്ങ(Muridiat movements)ളുടെ ആസ്ഥാനമായിരുന്നു ഗിമ്രി. ദാഗിസ്ഥാനിലെ പ്രഥമ ഇമാമായ ഖാസി മുല്ലയുടെ മരണം 1834 ലെ ഗിമ്രി യുദ്ധത്തിലായിരുന്നു. ദാഗിസ്ഥാനിലെ ഭൂരിപക്ഷ ജനവിഭാഗമായ അവാർ (Avar) വംശത്തിലാണ് ഇമാം ശാമിലിന്റെ ജനനം. ഇരുപതിലധികം വംശങ്ങളും മുപ്പതോളം ഭാഷകളും ഒന്നിച്ചു നിലനിൽക്കുക്കുന്ന ഭൂപ്രദേശമാണ് ദാഗി സ്ഥാൻ. വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന, കൊക്കേഷ്യൻ മലനിരകളാൽ നിറഞ്ഞുനിൽക്കുന്ന ദാഗിസ്ഥാനെ അറബ് സഞ്ചാരികൾ ജബലു ലിസാൻ (ഭാഷകളുടെ മല ) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

അലി എന്നായിരുന്നു ഇമാം ശാമിലിന്റെ യഥാർത്ഥ പേര്. കുട്ടിയായ സമയത്ത് സ്ഥിരമായി രോഗം ബാധിച്ചപ്പോൾ പിതാവ് ശാമിൽ അലി എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് അലി എന്നത് സാധാരണ സംസാരങ്ങളിൽ പ്രയോഗിക്കാതെയായി. അമിതമായി രോഗം വരുന്ന കുട്ടികളുടെ പേര് മാറ്റുന്ന സമ്പ്രദായം കൊക്കേഷ്യൻ ഗോത്രവിഭാഗങ്ങൾക്കിടയിൽ വ്യാപകമായിരുന്നു. പേര് മാറ്റിയതിനുശേഷം ആദ്യ കാലങ്ങളിൽ ശാമിൽ എന്നായിരുന്നു വിളിക്കാറുണ്ടായിരുന്നത്. പിന്നീട് ചില ഗ്രന്ഥങ്ങളിൽ നിന്നും ശാമിൽ എന്ന പേരിനേക്കാൾ നല്ലത് ശംവീൽ(Shamveel) എന്നാണെന്ന് തിരിച്ചറിയുകയുണ്ടായി. ശംവീൽ എന്നത് പ്രവാചകന്റെ പേരാണെന്ന തിരിച്ചറിവ് കൂടുതൽ സന്തോഷവും നൽകി. ശേഷം ശംവീൽ എന്ന പേരിൽ അറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെട്ടു

ദാഗിസ്ഥാനിലെ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുറഹ്മാൻ ഖാസി ഖമൂക്കി തദ്കിറ എന്ന ഗ്രന്ഥത്തിൽ ഇമാം ശാമിലിന്റെ പേരിൽ വന്ന മാറ്റങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

ഇംഗ്ലീഷ്, അറബ് രചനകളിൽ പിൽക്കാലത്ത് ശാമിൽ എന്നാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ ഇമാമിൻറെ പേര് ശംവീൽ ആണെന്ന് ഉറച്ചുവിശ്വസിക്കുന്ന ദാഗിസ്ഥാനികൾ ഇപ്പോഴും ധാരാളമുണ്ട്. ഇമാമിനോടുള്ള ആദരസൂചകമായി മക്കൾക്ക് ശാമിൽ എന്ന് പേരിടുന്നവരും ഒരുപാടുണ്ട്.

ദാഗിസ്ഥാനിലെ ഉന്നത തറവാട്ടിലാണ് ഇമാമിന്റെ ജനനം. പിതാവ് മുഹമ്മദ് ബിനു ദിയൻഗൂ ഗിമ്രിയിലെ കർഷക പ്രമാണിയായിരുന്നു. അവാർ ഗോത്ര തലവന്റെ മകളാണ് ഉമ്മ,ബാഹു മേസാദോവ്. ബൂർഷ്വാ സമ്പന്നർക്കെതിരെയുള്ള പാവങ്ങളുടെ അതിജീവന സമരമായി ഇമാം ശാമിലിന്റെ വിമോചന പോരാട്ടങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ അസ്ഥാനത്താക്കൂന്നതാണ് അവരുടെ കുടുംബ പരിസരം.

വടക്കേ കൊക്കേഷ്യയിലെ ഏതൊരു യുവാവിനെ പോലെയും കായികക്ഷമതയുള്ള യുദ്ധാഭ്യാസങ്ങൾ പരിചയിച്ച ധീര യുവാവായിട്ടാണ് ശാമിൽ വളർന്നത്. ദാഗിസ്ഥാനിലെ വേരുറച്ച ഇസ്‌ലാമിക പാരമ്പര്യവും വൈജ്ഞാനിക പരിസരവും ധാരാളം അറിവ് സമ്പാദിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇരുപത് വയസ്സ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ അറബി ഭാഷയിലും സാഹിത്യത്തിലും ഇസ്‌ലാമിക കർമശാസ്ത്രത്തിലും ഖുർആൻ, ഹദീസ് പഠനങ്ങളിലും പ്രാവീണ്യം നേടി. ദാഗിസ്ഥാനിലെ മുസ്‌ലിം സമര പോരാളികളുടെ ആത്മീയനേതാവും പ്രമുഖ മുസ്‌ലിം പണ്ഡിതനും റഷ്യൻ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധ സമരങ്ങളുടെ അന്തർധാര നിയന്ത്രിക്കുകയും ചെയ്തിരുന്ന ഖാസി മുഹമ്മദി (റ) ന്റെ കൂടെയുള്ള കുട്ടിക്കാലം മുതലുള്ള ജീവിത സമ്പർക്കങ്ങൾ ഇമാം ശാമിലിനെ നന്നായി സ്വാധീനിച്ചിട്ടുണ്ടന്നത് സുവിദിതമാണ്. ഗറില്ല യുദ്ധമുറകളുടെ പ്രാഥമിക പഠനം ഖാസി മുഹമ്മദിൽ നിന്നാണ് ഇമാം ശാമിൽ സ്വായത്തമാക്കിയത്. ദാഗിസ്ഥാനിലെ പ്രമുഖ പണ്ഡിതരിൽ നിന്നുള്ള ശിഷ്യത്വവും മത വിജ്ഞാനങ്ങളിൽ അനിതരസാധാരണമായ കഴിവും റഷ്യൻ സൈനിക ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാനും ഇസ്‌ലാമിക ശരീഅത്ത് ആധാരമാക്കി ദാഗിസ്ഥാൻ, ചെച്നിയ തുടങ്ങിയ നോർത്ത് കൊക്കേഷ്യൻ രാജ്യങ്ങളിലെ മുസ്‌ലിം ഗോത്രങ്ങളെ ഒന്നിപ്പിച്ച് ഭരണം സ്ഥാപിക്കാനും ഇമാം ശാമിലിനെ പ്രാപ്തനാക്കി.

കൊക്കേഷ്യൻ പ്രവിശ്യകളിൽ പതിനൊന്നാം നൂറ്റാണ്ട് മുതൽ സൂഫീ ചിന്താധാരയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും വ്യാപകമായ രീതിയിൽ സൂഫിസം പ്രചരിക്കുന്നത് 1800 കളുടെ തുടക്കത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ തുടങ്ങിയ കോളനി വൽക്കരണത്തിനുണ്ടായിരുന്ന മേഖലയിലെ സൂഫിസത്തിന്റെ വളർച്ചയിലെക്കാണ് ഇത് സൂചിപ്പിക്കുന്നത്. 1810 നു ശേഷം ശർവാനിലൂടെയാണ് നഖ്ശബന്ദി സൂഫീധാര ദാഗിസ്ഥാനിലേക്ക് വ്യാപകമായി കടന്നു വന്നിട്ടുള്ളത്. പിൽക്കാലത്ത് ഇമാം ശാമിലിന്റെ നേതൃത്വത്തിൽ നോർത്ത് കൊക്കേഷ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന മുരീദീ പ്രസ്ഥാനത്തിന്റെ ആത്മീയ സ്രോതസ്സ് നഖ്ശബന്ദി സൂഫീധാരയിൽ നിന്നാണ്.

1800 കളിൽ ചെച്നിയ,ദാഗിസ്ഥാൻ ഉൾകൊള്ളുന്ന നോർത്ത് ഈസ്റ്റ് കൊക്കേഷ്യൻ പ്രവിശ്യയിൽ പ്രചാരം നേടിയ മുരീദി പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ ഇമാമായിട്ടാണ് കൊക്കേഷ്യൻ യുദ്ധ ചരിത്രത്തിൽ ഇമാം ശാമിൽ അടയാളപ്പെടുത്തപ്പെട്ടത്. മുരീദീ പ്രസ്ഥാനത്തിന്റെ പ്രഥമ ഇമാമായിരുന്ന ഖാസി മുഹമ്മദ് 1832 ലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നീട് ഇമാം ആയി തിരഞ്ഞെടുക്കപ്പെട്ട ഹംസ ബക്കിന് രണ്ടു വർഷം മാത്രമേ റഷ്യൻ സൈന്യത്തോട് ചെറുത്തുനിൽക്കാൻ കഴിഞ്ഞുള്ളൂ. ഹംസ ബക്കിന്റെ മരണശേഷം മുരീദീ പ്രസ്ഥാനത്തിന്റെ അനുയായികളും ദാഗിസ്ഥാനിലെ പ്രമുഖ മുസ്‌ലിം ഗോത്ര വിഭാഗമായ അവാർ വിഭാഗത്തിലെ പണ്ഡിതരും ഇമാം ശാമിലിനെ മൂന്നാം ഇമാമായി പ്രഖ്യാപിച്ചു. ചിരകാല ശത്രുക്കളായ പല ഗോത്രങ്ങളെയും ഒന്നിച്ചു നിർത്താൻ കഴിഞ്ഞതാണ് നീണ്ട 25 വർഷത്തെ സാമ്രാജ്യത്വത്തിനെതിരെയുള്ള ഇമാം ശാമിലിന്റെ പോരാട്ടത്തിന്റെ വിജയരഹസ്യം. പൊതു ശത്രുവായ സർ സാമ്രാജ്യത്വത്തിനെതിരെ ഗോത്ര പരമായ വൈജാത്യങ്ങളും വൈരാഗ്യങ്ങളും മറന്ന് ദാഗിസ്ഥാൻകാരെയും ചെച്നിയകാരെയും ഒന്നിപ്പിക്കുന്നതിൽ ഇമാം ശാമിൽ വിജയിച്ചു . അതിലൂടെ നോർത്ത് ഈസ്റ്റ് കൊക്കേഷ്യൻ ഇസ്‌ലാമിക രാജ്യമെന്ന സ്വപ്നം ഇമാം ശാമിലിന് സാക്ഷാത്കരിക്കാനും കഴിഞ്ഞു.

ഇമാം ശാമിലിന്റെ നേതൃത്വത്തിൽ മുരീദീ പ്രസ്ഥാനം ദാഗിസ്ഥാന്റെ ഇസ്‌ലാമിക ചരിത്രത്തിൽ ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക നിയമങ്ങളോട് താദാത്മ്യം പുലർത്താത്ത ഗോത്രാചാരങ്ങളെ വിപാടനം ചെയ്തു. പകരം ഇസ്‌ലാമിക നിയമങ്ങളിൽ അധിഷ്ഠിതമായ ജീവിതവ്യവസ്ഥ നടപ്പിലാക്കി. കളങ്കരഹിതമായ ആത്മീയതയിൽ ഊന്നിയുള്ള വ്യക്തിത്വത്തിനുടമയായ ഇമാം ശാമിലിന്റെ ഭരണനേതൃത്വവും യുദ്ധ തന്ത്രങ്ങളും വളരെ പ്രസിദ്ധി നേടിയിരുന്നു. മുസ്‌ലിം പ്രദേശങ്ങളിലേക്കുള്ള സർ ചക്രവർത്തിമാരുടെ അന്യായമായ കടന്നു കയറ്റത്തെ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമങ്ങൾ ലോകതലത്തിൽ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. മക്കയിലേയും മദീനയിലേയും പ്രസിദ്ധരായ പണ്ഡിതൻമാർ ഇമാം ശാമിലിന്റെ പ്രതിരോധ യുദ്ധങ്ങളുടെ സാധുതയെ വിശദീകരിച്ചുകൊണ്ട് ഫത്‌വകൾ എഴുതുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കത്തുകൾ അയക്കുകയും ചെയ്തിട്ടുണ്ട്. മക്കയിലെ മുഫ്തി യായിരുന്ന ഉസ്മാനു ബ്നു ഹസൻ അൽ ദ്വിമ് യാത്വി ഇമാം ശാമിലിന്റെ പോരാട്ടങ്ങളെ പ്രകീർത്തിക്കുകയും വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് കത്തയച്ചിരുന്നു. മക്കയിലേയും മദീനയിലേയും ബുഖാറയിലേയും ബൽഖിലെയും പണ്ഡിതൻമാർ ഇമാമിൻറെ വിജയത്തിനായി നിരന്തരമായ പ്രോത്സാഹനവും പ്രാർത്ഥനയും നൽകിയിരുന്നത് മുസ്‌ലിം ലോകത്തെ അദ്ദേഹത്തിൻറെ സമ്മതിയെയാണ് അടയാളപ്പെടുത്തുന്നത്.

സാമ്രാജ്യത്വ വിരുദ്ധ സമര നേതാവ് എന്നതിലുപരി ഒരു പുതിയ രാഷ്ട്രത്തിന്റെ നിർമ്മാതാവും കൂടിയായിരുന്നു ഇമാം ശാമിൽ. ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കുന്നതിന് പുറമേ കോക്കസ് ജനജീവിതത്തിനുതകുന്ന ചിട്ടകളും നിയമങ്ങളും വ്യവസ്ഥാപിതമായി നടപ്പിലാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഒട്ടോമൻ ഭരണ പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന ‘ഖാനൂൻ’ നിയമ വ്യവസ്ഥക്ക് സമാനമായി ‘നിളാം’ എന്ന പേരിലുള്ള നിയമസംഹിതയാണ് ഇമാം ശാമിൽ നടപ്പിലാക്കിയത്.

ഇമാം ശാമിലിനെ കുറിച്ചുള്ള ചരിത്ര പഠനങ്ങൾ അധികവും അറബി ഭാഷയിലാണ്. ദാഗിസ്ഥാൻ, ചെച്നിയ ഉൾപ്പെടുന്ന കോക്കസസ് മലനിര പ്രദേശങ്ങളിലെ അറബി ഭാഷയുടെ സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അവാർ, ദാർഗി തുടങ്ങിയ പ്രാദേശിക ഭാഷകൾക്കു പുറമേ അവർ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാഷ അറബിയായിരുന്നു. ഇമാം ശാമിലിനെ കുറിച്ചുള്ള പഠനങ്ങളിൽ മുഖ്യമായും കാലഗണന ചരിത്രങ്ങളും കത്തുകളും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളുമാണ്. ഇമാം ശാമിലിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിൻറെ സെക്രട്ടറിയും ബന്ധുവുമായിരുന്ന മുഹമ്മദ് ത്വാഹിറുൽ ഖറാഖി (റ) രചിച്ച ഗ്രന്ഥമാണ് അവരുടെ ജീവചരിത്രം വ്യക്തമാക്കുന്ന ആധികാരിക ഗ്രന്ഥം.

ഇമാം ശാമിലിന്റെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതോടൊപ്പം കോക്കസസ് യുദ്ധങ്ങളുടെ വ്യക്തമായ മുഖവും ഖറാഖിയുടെ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഇമാം ശാമിലിന്റെ ചരിത്രം അറിയാനുള്ള രണ്ടാമത്തെ ഉറവിടം റഷ്യൻ സൈനികരുടെ ഓർമ്മ പുസ്തകങ്ങളും കോക്കസസ് മലനിരകളിലൂടെ യാത്ര ചെയ്ത സഞ്ചാരികളുടെ പുസ്തകങ്ങളുമാണ്. മോസ്കോയിൽ ഇമാം ശാമിൽ വീട്ടു തടങ്കലിലായ സമയത്ത് പരിചയപ്പെട്ട റഷ്യൻ ഉദ്യോഗസ്ഥരുടെ എഴുത്തുകളും ലഭ്യമാണ്. വീട്ടുതടങ്കലിൽ ഇമാം ശാമിലിന്റെ പരിചരണത്തിന് നിയമിതനായ റഷ്യൻ ഉദ്യോഗസ്ഥന്റെ ഭാര്യ മാരിയ നിക്കോളെ വനയുടെ ഡയറികളും ഈ നിലയിൽ പ്രസിദ്ധമാണ്.

റുനവോസ്കിയുടെ ഇമാം ശാമിലിനെ കുറിച്ചുള്ള കുറിപ്പും (Notes on shaamil) സിസർമാന്റെ ‘കോകസസിലെ 25 വർഷങ്ങൾ ‘ എന്ന പുസ്തകവും ഇമാം ശാമിലിനെ കുറിച്ചുള്ള റഷ്യൻ വായനകളിൽ പ്രധാനപ്പെട്ടവയാണ്. ഫെഡറിക് വാഗൺ, ജോൺ ബാഡ്ലി തുടങ്ങിയ യൂറോപ്യരുടെ ഗ്രന്ഥങ്ങളിൽ ധീരനും വീരപരിവേഷവുമുള്ള സമര നായകനായും പരിഷ്കർത്താവായും സത്യാന്വേഷിയുമായിട്ടാണ് ഇമാം ശാമിലിനെ പരിചയപ്പെടുത്തുന്നത്.

അറബ് വായനകളിൽ കൃത്യമായി മതനിയമങ്ങൾ പാലിക്കുകയും നഖ്ശബന്ദി സൂഫീധാരയുടെ അനുയായിയുമായ ശുഭാപ്തി വിശ്വാസമുള്ള കോകസസിലെ ഇമാമായിട്ടാണ് അടയാളപ്പെടുത്തുന്നത്. ഇസ്‌ലാമേതര ആചാരങ്ങളിൽ നിന്നും മുക്തമാക്കി യഥാർത്ഥ ഇസ്‌ലാമിക പാരമ്പര്യം കാത്തു സൂക്ഷിച്ച പരിഷ്കർത്താവായും ഇമാം ശാമിൽ അറിയപ്പെടുന്നു.

1800 കളിൽ നിലവിലുണ്ടായിരുന്ന നോർത്ത് കോകസസിലെ സൂഫികൾ രണ്ടു തരക്കാരാണ്. അന്യായമായ റഷ്യൻ ആക്രമണങ്ങളെ യുദ്ധമുറകളിലൂടെ പ്രതിരോധിക്കാൻ ആത്മീയതയിലൂന്നിയ സമരമുറകളാണ് ഇമാം ശാമിലിനെ പോലുള്ളവർ സ്വീകരിച്ചത്. എന്നാൽ സമാധാനാന്തരീക്ഷം നിലനിൽക്കണം എന്ന് ആഗ്രഹിച്ച് റഷ്യൻ സാമ്രാജ്യത്വത്തിന് കീഴടങ്ങിയ ആത്മീയ ആചാര്യന്മാരും ഉണ്ടായിരുന്നു.

എഴുത്തുകാരുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇമാം ശാമിലിനെ കുറിച്ചുള്ള പഠനങ്ങളിലും വലിയ വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും വന്നിട്ടുണ്ട്. ദാഗിസ്ഥാൻകാരുടെ ശാമിലും ചെച്നിയകാരുടെ ശാമിലും കവികളും യുദ്ധ ചരിത്രകാരന്മാരും പരിചയപ്പെടുത്തുന്ന ശാമിലും ചരിത്രത്തിലുണ്ട്. സർ സൈനികരുടെ കരങ്ങളാൽ രചിക്കപ്പെട്ട ഇമാം ശാമിൽ പഠനങ്ങൾ സാമ്രാജ്യത്വ താല്പര്യങ്ങളുടെ സൃഷ്ടിയാണ്. കോക്കസിലെ സാധാരണക്കാരുടെ ഹൃദയം ആകർഷിച്ച ശാമിലും ചരിത്രങ്ങളിൽ കാണാം.

വിദേശരാജ്യങ്ങളുമായും രാഷ്ട്ര നേതാക്കന്മാരുമായി ഇമാം ശാമിലിന് വലിയ ബന്ധമുണ്ടായിരുന്നു. വർഷം തോറും വിസ്തൃതമായികൊണ്ടിരിക്കുന്ന റഷ്യൻ സാമ്രാജ്യത്ത അക്രമങ്ങൾക്കെതിരെ സഹായിക്കാനായി ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിക്ക് ഇമാം ശാമിൽ കത്തയച്ചിരുന്നു. സർ ചക്രവർത്തിമാർക്കെതിരെയുള്ള യുദ്ധത്തിൽ ആയുധങ്ങൾ നൽകി സഹായിക്കാൻ അഭ്യർത്തിച്ചുകൊണ്ട് ഒട്ടോമൻ ഭരണത്തലവൻ സുൽത്താൻ അബ്ദുൽ മജീദിന് ഇമാം ശാമിൽ കത്തയച്ചിട്ടുണ്ട്. ഈജിപ്തിലെ പാഷ മുഹമ്മദ് അലിയും മകൻ ഇബ്രാഹീമുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇമാമിന്റെ പോരാട്ടങ്ങൾക്ക് സഹായകമായിട്ടുണ്ട്.

കോക്കസിലെ ജനതയുടെ സ്മൃതിപഥങ്ങളിൽ അവസാനിക്കാത്ത സ്മരണയായി ഇമാം ശാമിൽ ഇന്നും ജീവിക്കുന്നു. ദാഗിസ്ഥാന്റെ തലസ്ഥാന നഗരിയായ മഹച്കലയിലെ തെരുവുകളിലെ കടകളിലും ഇമാം ശാമിലിൻറെ പേര് ഭംഗിയിൽ എഴുതിവെച്ചതായി കാണാം. ദാഗിസ്ഥാനിലെ പുസ്തക കടകൾ ഇമാം ശാമിലിനെ കുറിച്ചുള്ള ഓർമ്മ പുസ്തകങ്ങളാലും നോവലുകളാലും കവിതകളാലും സമൃദ്ധമാണ്. ആതുരസേവന ധാർമിക പദ്ധതികളുടെ പേരുകളിലും പ്രസാധക സ്ഥാപനങ്ങളിലും ഇമാം ശാമിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.