ഇബ്‌നു റുഷ്ദ്‌: കിഴക്കിനും പടിഞ്ഞാറിനുമിടയിൽ

ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടം ഇബ്നു സീന മുതല്‍ ഫാറാബി വരെയുള്ള ഒട്ടനവധി ചിന്തകന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉത്തര അമേരിക്കയിലെയുമെല്ലാം യൂണിവേഴ്സിറ്റികളില്‍ പേര്‍ഷ്യന്‍ ചിന്തകന്മാരുടെയും അറബ് തത്ത്വചിന്തകന്മാരുടെയും അക്കാദമിക് കണ്ടുപിടിത്തങ്ങള്‍ പഠിപ്പിക്കപ്പെടുന്നതിലൂടെ പാശ്ചാത്യലോകത്തും മുസ്‌ലിം ലോകത്തും അവരുടെ ചിന്തകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മധ്യപൂര്‍വ്വദേശത്തിനും പാശ്ചാത്യ ലോകത്തിനും ഇടയിലെ പാലമായി വര്‍ത്തിക്കുന്നതില്‍, ബഹുമുഖ പ്രതിഭയായ ആന്തലൂസ്യക്കാരന്‍ ഇബ്നു റുഷ്ദിനെ പോലെ പങ്കുവഹിച്ച മധ്യകാല നവോത്ഥാന നായകര്‍ ഗ്ലോബല്‍ സൗത്തില്‍ അപൂര്‍വമായി മാത്രമേയുള്ളൂ. വാസ്തവത്തില്‍, അത്തരം അന്തര്‍സാംസ്‌കാരിക വിനിമയങ്ങള്‍ തന്നെയാണ് പൂര്‍വോപരി ഇന്ന് ലോകം ആവശ്യപ്പെടുന്നതും.

പില്‍ക്കാലത്ത് ക്രൈസ്തവര്‍ കീഴടക്കിയ ഐബീരിയന്‍ ഉപദ്വീപിന്റെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കൊര്‍ദോബയില്‍ 1126ല്‍ ജനിച്ച ഇബ്നു റുഷ്ദ്, പ്രസിദ്ധനായ നിയമജ്ഞനും, തത്വചിന്തകനും വൈദ്യശാസ്ത്രജ്ഞനുമായിരുന്നു. അക്കാലത്തെ മുസ്‌ലിം ബുദ്ധിജീവി വൃന്ദങ്ങളില്‍ വിവാദപരവും എന്നാല്‍ ജനകീയവുമായിരുന്ന അരിസ്റ്റോട്ടിലിനെ പോലോത്ത പുരാതന ഗ്രീക്ക് തത്ത്വചിന്തകന്മാരുടെ രചനകള്‍ പഠിക്കുന്നതിന് വേണ്ടിയാണ് മധ്യകാലഘട്ടത്തിലെ ഈ ബഹുമുഖ പ്രതിഭ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിനിയോഗിച്ചത്.

ആത്മാവിന്റെ അനശ്വരതയില്‍ സംശയം പ്രകടിപ്പിച്ചതും, തത്ത്വചിന്തയെ ഇസ്‌ലാമേതരമായ സത്യമായും ജ്ഞാനത്തിന്റെ പരമോന്നത തലമായും ചിത്രീകരിച്ചതും ദൈവത്തിന്റെ സര്‍വ്വശക്തിത്വം ചോദ്യം ചെയ്തതുമായിരുന്നു അദ്ദേഹത്തിന്റെ പ്രമാദമായ കാഴ്ച്ചപ്പാടുകള്‍. ഇബ്നു റുഷ്ദിന്റെ ഇത്തരം ആശയങ്ങള്‍ തങ്ങളുടെ മതം തത്ത്വചിന്തയെ സമീപിച്ച രീതി പരിവര്‍ത്തിപ്പിക്കുവാന്‍ ക്രൈസ്തവ ജൂത ചിന്തകന്മാരെ പ്രേരിപ്പിച്ചു. പക്ഷേ, ഇസ്‌ലാമിനോടുള്ള ഇബ്നു റുഷ്ദിന്റെ ഭര്‍ത്സനം മുസ്‌ലിം ലോകത്തെ പാരമ്പര്യ പണ്ഡിതന്മാര്‍ക്കിടയില്‍ ശത്രുതാപരമായ സ്വീകാര്യത മാത്രമാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.

അരിസ്റ്റോട്ടിലും അദ്ദേഹത്തിന്റെ മുന്‍ഗാമികളും എത്തിച്ചേര്‍ന്ന തീര്‍പ്പുകള്‍ അസ്തിവാരമിടുന്ന മതേതര റാഷണാലിറ്റിയുമായി ഇസ്‌ലാമിലെ വിശ്വാസാധിഷ്ഠിതമായ വ്യവസ്ഥകളെ അനുരഞ്ജിപ്പിക്കാന്‍ ഇബ്നു റുഷ്ദ് നടത്തിയ ഉല്‍കര്‍ഷപരമായ ശ്രമം ഒരേസമയം അദ്ദേഹത്തിന് അനൂകൂലികളെയും ശത്രുക്കളെയും നേടിക്കൊടുത്തു. അതേസമയം, പുരാതന ഗ്രീക്ക് കൃതികളിലുള്ള അദ്ദേഹത്തിന്റെ അവഗാഹത്തില്‍ ആകൃഷ്ടനായ മൊവഹിദ് ഭരണകൂടത്തിലെ അന്വേഷണ കുതുകിയായ നേതാവ് അബൂ യഅ്ക്കൂബ് യൂസുഫ് അദ്ദേഹത്തെ രാജ കോടതിയിലെ വൈദ്യനായി നിയമിച്ചു. എന്നാല്‍, പാശ്ചാത്യ ചുവയുള്ളതും പലപ്പോഴും ദൈവനിന്ദാപരവുമായ ഇബ്നു റുശ്ദിന്റെ ആശയങ്ങളെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ചുട്ടെരിച്ചും അദ്ദേഹത്തെ നാടുകടത്തിക്കൊണ്ടുമാണ് അന്നാട്ടിലെ യാഥാസ്ഥികര്‍ നേരിട്ടത്.

പേര്‍ഷ്യയിലെ ഇബ്നു സീനയെയും മധ്യേഷയിലെ ഫാറാബിയെയും പോലെ ഇബ്നു റുഷ്ദിന് മുമ്പേ കടന്നുപോയ പ്രശസ്തരായ നവോത്ഥാന നായകരെ പോലുള്ള തത്ത്വചിന്തകരെല്ലാം സമാനമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. പേര്‍ഷ്യന്‍ തത്ത്വചിന്തകനായ ഇമാം ഗസ്സാലിയും സമകാലികരുമെല്ലാം ഇബ്നു സീന, ഫാറാബി പ്രഭൃതികളുടെ ബൗദ്ധികശേഷിയെ പ്രശംസിച്ചിരുന്നുവെങ്കിലും പ്ലാറ്റോയെ പോലോത്ത അമുസ്‌ലിം തത്വചിന്തകന്മാരെ ആശ്രയിക്കുന്ന രീതിയെ ഇമാം ഗസ്സാലി ദൈവനിഷേധമായാണ് വിശേഷിപ്പിച്ചത്. ഇത്തരം ആരോപണമാണ് നൂറ്റാണ്ടുകളോളം മധ്യപൂര്‍വദേശത്ത് ഇബ്നു സീനയുടെയും ഫാറാബിയുടെയും ഖ്യാതി കളങ്കപ്പെടുത്തിയത്.

ഇബ്നു സീനയുടെയും ഫാറാബിയുടെയും ഓരോ ആരോപണങ്ങളെയും അക്കമിട്ട് എതിര്‍ത്തു കൊണ്ടാണ് 1111 ല്‍ തഹാഫുതുല്‍ ഫലാസിഫയിലൂടെ ഗസാലി ഇമാം അവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സംഹാരാത്മകമായ അതിന്റെ അനുരണനങ്ങള്‍ ആയിരം വര്‍ഷത്തോളം തുടര്‍ന്നുപോന്നു. സോവിയറ്റ് യൂണിയന് എഴുതിയ ഒരു കത്തില്‍ ഇബ്നു സീനയെ ഉദ്ധരിച്ചതിന്റെ പേരില്‍ ഇറാന്റെ പ്രഥമ പരമോന്നത നേതാവായ ആയത്തുള്ള റൂഹുള്ള ഖുമൈനിയെ പോലും 1989 ല്‍ അവിടുത്തെ പണ്ഡിതന്മാര്‍ വിമര്‍ശിച്ചിരുന്നു.

മധ്യകാലഘട്ടങ്ങളില്‍ തന്നെ, തഹാഫുതുൽ താഹാഫുത് എന്ന ഗ്രന്ഥത്തിലൂടെ ഗസാലി ഇമാമിന്റെ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ഇബ്നു റുശ്ദ് ശ്രമം നടത്തിയിരുന്നു. 1180 കളില്‍ വിരചിതമായ പ്രസ്തുത പുസ്തകം വാദിക്കുന്നത്, ഇസ്‌ലാം തത്ത്വചിന്തയെ പ്രമാണവല്‍ക്കരിക്കുന്നുണ്ട് എന്നായിരുന്നു. എന്നിരുന്നാലും തഹാഫതുല്‍ ഫലാസിഫയെ പോലെ വലിയ സ്വാധീനം സൃഷ്ടിക്കുന്നതില്‍ തഹാഫുതുൽ തഹാഫുത് പരാജയപ്പെടുകയാണുണ്ടായത്. അബൂ യഅ്കൂബ് യൂസൂഫിന്റെ പിന്‍ഗാമിയായി അധികാരത്തിലേറിയ, ചെറിയ തോതില്‍ അസഹിഷ്ണുവായിരുന്ന ഖലീഫ ജ്യോതിശാസ്ത്രം, വൈദ്യശസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകള്‍ ഒഴിവാക്കുകയും തത്ത്വചിന്താ രംഗത്തുള്ള ഇബ്നു റുഷ്ദിന്റെ രചനകളെല്ലാം കത്തിച്ചുകളയാന്‍ ഉത്തരവിടുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, മറാക്കിഷില്‍ അദ്ദേഹം മരണമടഞ്ഞു.

ജീവിതകാലത്ത് അദ്ദേഹത്തിന് നിരവധി ക്ലേശങ്ങള്‍ സമ്മാനിച്ച തത്ത്വചിന്താ രചനകള്‍ മരണാനന്തരം വിപരീത ഫലങ്ങളാണ് സൃഷ്ടിച്ചത്. തദ്വാര, പാശ്ചാത്യരുടെ ഇടയില്‍ അദ്ദേഹം പ്രിയങ്കരനായി മാറി. അറബിയില്‍ നിന്ന് ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ മധ്യകാലഘട്ടങ്ങളില്‍ ക്രൈസ്തവ ലോകത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.

നിയമജ്ഞനും, തത്ത്വചിന്തകനും പാശ്ചാത്യന്‍ ചിന്തയെയും കാത്തോലിക്ക് ചര്‍ച്ചിനെയും രൂപപ്പെടുത്തിയ ദൈവശാസ്ത്രജ്ഞനുമായ തോമസ് അക്വിനാസ് ഇബ്നു റുഷ്ദിന്റെ ആരാധകരില്‍ ഒരാളായിരുന്നു. ഇബ്നു റുഷ്ദിന്റെ അമുസ്‌ലിം വിദ്യാര്‍ഥികളില്‍ ഒരാളും ആന്ദലൂഷ്യക്കാരനുമായ മൂസ ബിന്‍ മൈമൂനാണ് അദ്ദേഹത്തെ ജൂത തത്ത്വചിന്തയിലേക്ക് സംയോജിപ്പിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡറിലെ തത്ത്വചിന്താ വിഭാഗം പ്രൊഫസറായ റോബര്‍ട് പസ്നാവു ഇബ്നു റുഷ്ദിനെ വിശേഷിപ്പിക്കുന്നത്, ”തങ്ങള്‍ക്ക് ആധുനിക തത്ത്വചിന്ത പകര്‍ന്നു തന്ന ഇസ്‌ലാമിക പണ്ഡിതനാണ് അദ്ദേഹം” എന്നാണ്.

ഒരു മതനിയമ പണ്ഡിതന്‍ എന്ന നിലക്കുള്ള ഇബ്നു റുഷ്ദിന്റെ നേട്ടങ്ങള്‍ പാശ്ചാത്യ ലോകത്ത് വളരെ കുറച്ച് മാത്രമേ ശ്രദ്ധ നേടിയിട്ടുള്ളൂ. കൊര്‍ദോബയിലെ പ്രധാന ജഡ്ജിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സുന്നി ഇസ്‌ലാമിലെ പ്രധാന നാല് മദ്ഹബുകളുടെ വിവരണമായ ബിദായതുല്‍ മുജ്തഹിദ് എന്ന ഗ്രന്ഥം അദ്ദേഹം എഴുതുന്നത്. യുദ്ധം, അനന്തരാവകാശം, വിവാഹ മോചനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലെ വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിച്ചു കൊണ്ട് മതനിയമജ്ഞര്‍ നിയമം പ്രയോഗവല്‍ക്കരിക്കേണ്ടത് എങ്ങനെയാകണമന്ന് വ്യക്തമാക്കുന്ന പ്രസ്തുത ഗ്രന്ഥം ഇന്നും മുസ്‌ലിം ലോകത്തെ ആധികാരിക നിയമശാസ്ത്ര രചനകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ഇബ്നു റുഷ്ദിനെ കുറിച്ചുള്ള മധ്യേഷ്യന്‍- പാശ്ചാത്യന്‍ ധാരണകള്‍ക്കിടയിലെ അന്തരം സ്പഷ്ടമാക്കുന്നത്, ഓരോ വിഭാഗവും ഉയര്‍ത്തിക്കാണിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ തന്നെയാണ്. യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും അക്കാദമീഷ്യന്‍മാര്‍ തഹാഫുതുൽതഹാഫുത്, ഫസ്‌ലുല്‍ മഖാല്‍ അടക്കമുള്ള അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാറാണ് പതിവ്. അതേസമയം, ബിദായതുല്‍ മുജ്തഹിദിന്റെ അവലംബനീയമായ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം രചിക്കുന്നത് ഒരു പാകിസ്താനി പ്രൊഫസറാണ്. പാശ്ചാത്യലോകം ഇബ്നു റുഷ്ദിനെ ഒരു അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തകനായി കാണുമ്പോള്‍, മുസ്‌ലിം ലോകം പ്രഗത്ഭനായ നിയമജ്ഞനായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

തഹാഫുതുല്‍ ഫലാസിഫയാണ് മുസ്‌ലിം ലോകത്ത് ഇബ്നു റുഷ്ദിന്റെ ദാര്‍ശനിക നിഗമനങ്ങളുടെ നിരോധനം ആവിഷ്‌കരിച്ചത്. വളരെ ചുരുക്കം പാശ്ചാത്യന്‍ അമുസ്‌ലിം തത്വചിന്തകര്‍ മാത്രമേ അദ്ദേഹത്തിന്റെ നിയമശാസ്ത്രപരമായ എഴുത്തുകളില്‍ താത്പര്യം കാണിച്ചിട്ടുള്ളൂ. എങ്കിലും, കിഴക്കിനും പടിഞ്ഞാറിനും ഇടയിലെ വിടവ് നികത്തുകയെന്ന തന്റെ ജീവിത ലക്ഷ്യം നേടിയതായി അദ്ദേഹത്തിന്റെ രചനകള്‍ തെളിയിക്കുന്നുണ്ട്. ഇബ്നു റുഷ്ദിനെ പോലെ ഫാറാബിയും ഇബ്നു സീനയും ഊര്‍ജതന്ത്രം മുതല്‍ മ്യൂസിക്ക് വരെയുള്ള ധാരാളം അക്കാദമിക് ജ്ഞാനശാഖകളില്‍ കഴിവ് തെളിയിച്ചവരായിരുന്നു. ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തിലെ ഇതര ബഹുമുഖ പ്രതിഭകളില്‍ നിന്നും ഇബ്നു റുഷ്ദിനെ വ്യത്യസ്തനാക്കിയ ഘടകം, ഇമാം ഗസ്സാലിയുടെ വീക്ഷണത്തില്‍ പരസ്പര വിരുദ്ധമായ, പാശ്ചാത്യന്‍ തത്ത്വചിന്തയിലും മതനിയമത്തിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു എന്നതാണ്. മധ്യപൂര്‍വ്വദേശത്തെയും പാശ്ചാത്യ ലോകത്തെയും പണ്ഡിതന്മാര്‍ വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണ് ഇബ്നു റുഷ്ദിനെ ആഘോഷിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ബൗദ്ധികശേഷിയെയും നേട്ടങ്ങളെയും ഇരുവിഭാഗവും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, അതിനപ്പുറം രണ്ട് സംസ്‌കാരങ്ങള്‍ക്കിടയില്‍ അനുരഞ്ജനം സാധ്യമാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെയും ഇരുദേശക്കാരും അഭിനന്ദിക്കേണ്ടതുണ്ട്.

പില്‍ക്കാലത്ത് മൊറോക്കോയും സ്പെയിനും ആയി പരിണമിച്ച ദേശത്ത് ജീവിച്ച ഇബ്നു റുഷ്ദിന്റെ ഒരു പാദം മുസ്‌ലിം ലോകത്തും മറുപാദം പാശ്ചാത്യ ലോകത്തുമായിരുന്നു. കലഹങ്ങളുടെയും മനുഷ്യത്വപരമായ പ്രതിസന്ധികളുടെയും ഇടയില്‍ മധ്യപൂര്‍വദേശങ്ങളും പാശ്ചാത്യന്‍ രാഷ്ട്രങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്നു റുഷ്ദ് നിര്‍വഹിച്ച ബൗദ്ധിക വിനിമയങ്ങള്‍ക്ക് വര്‍ധിതമായ പ്രസക്തിയുണ്ട്.

ആഫ്രിക്കയിലും, എഷ്യയിലും, യൂറോപ്പിലും, നോര്‍ത്ത് അമേരിക്കയിലുമുള്ള ബുദ്ധിജീവികള്‍ കാലങ്ങളോളം ഇബ്നു റുഷ്ദിനെ തത്ത്വചിന്താപരമായ മാര്‍ഗദര്‍ശനങ്ങള്‍ക്കായി അവലംബിച്ചിട്ടുണ്ട്. ഇന്ന്, കൊര്‍ദോബയില്‍ അദ്ദേഹത്തിന്റെ പേരില്‍ ന്യൂ അവിറോസ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ജര്‍മനിയിലെ അറബ് ബുദ്ധിജീവികള്‍ ഇബ്നു റുഷ്ദ് ഫണ്ട് ഫോര്‍ ഫ്രീഡം ആന്‍ഡ് തോട്ട് എന്ന സംഘടന നടത്തിവരുന്നു. മധ്യപൂര്‍വദേശത്തിനും പാശ്ചാത്യ ലോകത്തിനും ഇടയിലെ ഭൗമരാഷ്ട്രീയപരവും സാംസ്‌കാരികവുമായ വിടവ് നികത്താന്‍ ഒരു ചരിത്രവ്യക്തിക്കും സാധിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല. പക്ഷേ, ഇബ്നു റുഷ്ദിന്റെ സമ്പന്നമായ പാരമ്പര്യം അദ്ദേഹത്തിന്റെ മുസ്‌ലിം, അമുസ്‌ലിം പിന്‍ഗാമികള്‍ക്ക് പ്രസ്തുത കാര്യം നിര്‍വഹിക്കാനുള്ള സാധ്യത തുറന്നു തരുന്നുണ്ട്.

മൊഴിമാറ്റം: നിഹാല്‍ പന്തല്ലൂര്‍