ഇലാഹീ സാമീപ്യത്തിലേക്കുള്ള മനസ്സിന്റെ പ്രയാണം

ഹികം സീരീസ്- 16

സൃഷ്ടികളുടെ രൂപങ്ങൾ മനോദർപ്പണത്തിൽ പതിഞ്ഞിരിക്കെ, ആ മനസ്സ് എങ്ങനെ പ്രകാശിക്കും?. ഇച്ഛകൾ കൊണ്ട് ബന്ധിതമായിരിക്കെ, മനസ്സ് അല്ലാഹുവിലേക്ക് എങ്ങനെ പ്രയാണം ചെയ്യും? അശ്രദ്ധതയുടെ അശുദ്ധിയിൽ നിന്ന് വൃത്തിയാകാതെ, അല്ലാഹുവിന്റെ സാമീപ്യം പൂകാൻ ആഗ്രഹിക്കുന്നതെങ്ങനെ? പാകപിഴവുകളിൽ നിന്ന് പശ്ചാതപിച്ചു മടങ്ങാതെ മനസ്സ് സൂക്ഷമ രഹസ്യങ്ങൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നതോ?

ഈ ഹിക്മത്തും മുൻകഴിഞ്ഞതിന്റെ തുടർച്ചയാണ്. മൂന്ന് ഉപദേശങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്.

ആദ്യമായി, ഈ ഹിക്മത്തിന്റെ ഒന്നാം ശകലം വിവരിക്കാം. സൃഷ്ടികളുടെ രൂപങ്ങൾ മനോദർപ്പണത്തിൽ പതിഞ്ഞിരിക്കെ, ആ മനസ്സ് എങ്ങനെ പ്രകാശിക്കും?

ബാഹ്യവും, ആന്തരികവുമായി രണ്ട് അസ്തിത്വങ്ങൾ മനുഷ്യർക്കുണ്ട്. ബാഹ്യാസ്തിത്വം ജൈവികതയെയും ആന്തരികാസ്തിത്വം ആശയത്തെയുമാണ് പ്രതീകവത്കരിക്കുന്നത്. ശരീരം മാത്രമാകുമ്പോൾ മനുഷ്യന് ഒരു മൂല്യവുമില്ല. ബാഹ്യാസ്തിത്വം മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യതിരക്തമാക്കുന്ന ഒന്നല്ല. ശരീരവും, അവയവങ്ങളെല്ലാം മറ്റു മൃഗങ്ങൾക്കുമുണ്ട്. അത് ഒരിക്കലും വിശേഷ സ്ഥാനം അർഹിക്കുന്നില്ല. മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ സവിശേഷനാക്കുന്നത് ബുദ്ധിയും, മനസ്സും ഉൾകൊള്ളുന്ന ആന്തരികാസ്തിത്വമാണ്. മാനവരാശിയുടെ വൈജ്ഞാനികവും, സാംസ്കാരികവും, നാഗരികവുമായ ചലനങ്ങൾക്ക് ശിലാസ്ഥാനം വഹിക്കുന്നത് ഈ രണ്ടു ഘടകങ്ങളാണ്. മനുഷ്യർക്ക് ജ്ഞാനം ആർജിക്കാനും, വലിയ നാഗരികത പടുത്തുയർത്താനും സാധിച്ചതിനു കാരണം ബുദ്ധിയും മനസ്സും തന്നെയാണ്. ഈ രണ്ടു യാഥാർത്ഥ്യങ്ങൾ കൊണ്ടാണ് ഭൂമിയിൽ നന്മകൾ നല്ലതെന്നും, തിന്മകൾ ചീത്തയെന്നുമുള്ള അർത്ഥ കൽപ്പന പോലും സാധ്യമാകുന്നത്.

ജീവിതത്തിൽ മനുഷ്യന്റെ ഗ്രാഹ്യതക്കും, അവബോധത്തിനും ബുദ്ധി വഹിക്കുന്ന പ്രധാന്യം വളരെ വലുതാണ്. ബുദ്ധിയുടെ പ്രഭവ കേന്ദ്രം തലച്ചോറാണോ? അതോ മറ്റു അവയവങ്ങളാണോ? ഇതല്ല നമ്മുടെ ചർച്ച വിഷയം. ഇത്തരം ചർച്ചകൾ നമ്മുടെ വിഷയത്തിന്റെ ലക്ഷ്യത്തിൽ നിന്നും വിഭിന്നമാണ്. ഹൃദയമെന്നതിന്റെ താത്പര്യം വൈദ്യ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ഭിഷഗ്വരന്മാർ പറയുന്ന പ്രകാരം നെഞ്ചിന്റെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആന്തരികാവയവമല്ല. മറിച്ച് വൈകാരികാനുഭവങ്ങളുടെ സ്രോതസ്സായ മനസ്സാണ് ഹൃദയമെന്നതിന്റെ വിവക്ഷ. അഥവാ സ്നേഹം, ആദരവ്, വെറുപ്പ്, ഭയം, അത്ഭുതം തുടങ്ങിയയുടെ പ്രഭവ കേന്ദ്രമായ മനസ്സ്. ജ്ഞാനേന്ദ്രിയങ്ങൾക്ക് അനുഭവിക്കാൻ അസാധ്യമായ അത്ഭുത കലവറയായ മനോതലമാണ് ഇവിടെ അർത്ഥമാക്കുന്നത്.

ഏതൊരു മനുഷ്യനെയും മറ്റു ജീവികളിൽ നിന്ന് വ്യതിരക്തമാക്കുന്ന സവിശേഷമായ രണ്ട് യാഥാർത്ഥ്യങ്ങളാണ് മനസ്സും, ബുദ്ധിയും. മനുഷ്യർക്ക് കാര്യങ്ങൾ ഗ്രഹിക്കാനും, കൃത്യമായ അവബോധം നൽകാനും സഹായകമാകുന്നത് ബുദ്ധിയാണ്. സ്നേഹം, വെറുപ്പ്, ആദരവ്, ഭയം എന്നിങ്ങനെയുള്ള വൈകാരികാനുഭവങ്ങൾ
സാധ്യമാക്കുന്നത് മനസ്സുമാണ്. നമ്മുടെ ചർച്ചാ വിഷയം മനസ്സാണ്. ബുദ്ധിയല്ല. ഇനി നമുക്ക് സാധ്യമാകുന്ന രീതിയിൽ മനസ്സെന്ന മഹാത്ഭുതത്തെ നിർവചിക്കാം. സംവേദന ക്ഷമതയെ നിയന്ത്രിക്കുന്ന അതിസൂക്ഷമമായ പ്രതലമാണ് മനസ്സ്. ഒരുപാട് ധർമ്മങ്ങൾ മനസ്സിനുണ്ട്. ഒരാളുടെ ഉൾകാഴ്ച്ചയിൽ ഭൗതികതയിലെ വല്ല കാര്യവും പതിഞ്ഞാൽ, അതു തന്നെ അല്ലാഹു തന്നിൽ ഉളവാക്കിയ ഇഷ്ട്ടങ്ങൾക്കും, താത്പര്യങ്ങൾക്കും അനുഗുണമായതാണെങ്കിൽ മനസ്സിൽ നിന്ന് പ്രത്യേക വികാരം പ്രവഹിക്കും. അതിനെ നാം സ്നേഹം എന്നു വിളിക്കുന്നു. ഇനി തങ്ങളുടെ താത്പര്യത്തിനും, ഇച്ഛയ്ക്കും വിപരീതമായവയാണ് പതിഞ്ഞതെങ്കിൽ മനസ്സിൽ പിറവിയെടുക്കുന്ന വികാരത്തെ നാം വെറുപ്പ് എന്നു വിളിക്കുന്നു. ഇതുപോലെ സമൂഹത്തിലെ ചില വ്യക്തികൾ മത്സര ബുദ്ധിയോടെ നിന്നോട് ഇടപെടുന്നതായി ബോധ്യപ്പെടുമ്പോൾ, അതിനോട് നീ മത്സരിക്കുകയും ചെയ്യുന്നു. എന്നാൽ അവൻ തന്നെക്കാൾ മഹത്വമോ, സമ്പാത്തികവസ്ഥയോ കരസ്ഥമാക്കുന്നുണ്ടെങ്കിൽ ഹൃദയ പ്രതലത്തിൽ ഉയിരെടുക്കുന്ന വികാരം ഹസദോ / ഹിക്ദോ, പകയോ ആണ്. സമൂഹത്തിനിടയിലോ /ചില വ്യക്തികൾക്കിടയിലോ
താൻ ഉദ്ദേശിക്കുന്ന അളവ് നൽകാതെ ഒരാൾ തന്നോട് കൃത്രിമം കാണിക്കുകയോ, വേണ്ട പരിഗണന നൽകാതിരിക്കുകയോ ചെയ്യുമ്പോൾ മുളപെട്ടുന്ന വികാരം ദേഷ്യമാണ്.

ഇതാണ് മനസിന്റെ ദൗത്യം. ഇന്ദ്രിയാധീതമായ ഒരു സെൻസറ്റീവ് പ്രതലമാണ് മനസ്. പ്രേരണ, എതിർപ്പ്, ആദരവ് തുടങ്ങിയ പേരുകൾ കൊണ്ട് വിളിക്കുന്ന വ്യത്യസ്ത വികാരങ്ങളുടെ പ്രഭവ കേന്ദ്രം മനസ്സെന്നാണ് ചുരുക്കം.

ഒരാൾ തന്റെ പ്രവർത്തനങ്ങൾ ഉന്മേഷപൂർവ്വം നിർവ്വഹിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ഏതു തരം പ്രേരണക്കാണ് അവൻ ഉത്തരം നൽകുന്നത്? അറിയുക, മനസിലാക്കുക എന്നതിന്റെ കേന്ദ്രമായ ബുദ്ധിയുടെ പ്രേരണകൾക്കാണോ? അതോ സ്നേഹം, വെറുപ്പ്, ആദരവ് തുടങ്ങിയവയുടെ പ്രഭവമായ മനസ്സിന്റെ പ്രചോദനത്തിനാണോ?

മനുഷ്യ പ്രവർത്തനത്തിനും , ഉന്മേഷകരമായ ഇടപഴക്കത്തിനും എകദേശം എഴുപതു ശതമാനത്തോളം പ്രേരകമാകുന്നത് മനസ്സാണ്. കേവലം മുപ്പത് ശതമാനം മാത്രമാണ് ബുദ്ധി പ്രചോദമാകുന്നത്. ഇതാണ് ഭൂരിപക്ഷം മന:ശാസ്ത്രജ്ഞർ നൽകുന്ന വിശദീകരണം.

മനുഷ്യരുടെ ചലന നിശ്ചലനങ്ങൾ നിയന്ത്രിക്കുന്നത് ബുദ്ധിയുടെ തീരുമാനമായിരുന്നുവെങ്കിൽ, എന്തോരം ഐക്യമായിരിക്കും മനുഷ്യർക്കിടയിൽ ഉണ്ടാവുക. സമാധാനത്തിന്റെയും, വിജയത്തിന്റെയും തണലിൽ നന്മകൾക്ക് അനിർവചനിയമായ പരസ്പര സഹായം നിത്യമായി നിലനിൽക്കുമായിരുന്നു. മാത്രമല്ല എല്ലാവരും ഒരു മതം മാത്രമായിരിക്കും അനുവർത്തിക്കുക. അത് ഏക ദൈവമായ അല്ലാഹുവിന്റെ മതം. എന്നാൽ മനുഷ്യൻ എകാലത്തും, ബുദ്ധിയുടെ ബോധ്യങ്ങൾ നൽകുന്ന പ്രചോദനത്തിനെക്കാൾ ഉത്തരം നൽകുന്നത് മാനസിക പ്രചോദങ്ങൾക്കാണ്. വാസ്തവത്തിൽ സ്നേഹം, വെറുപ്പ്, പക, വിദ്വേഷം തുടങ്ങിയ മാനസിക ബോധങ്ങൾക്ക് സേവനമനുഷ്ഠിക്കുകയാണ് ബുദ്ധി ചെയ്യുന്നത്.

ബുദ്ധി വികാരത്തിന് അടിമപ്പെടുന്നതിനുപകരം, ബുദ്ധിയുടെ സന്ദേശങ്ങൾക്ക് അനുസരിച്ച് വികാരങ്ങളെ ചിട്ടപ്പെടുത്തുന്നതിനാവശ്യമായ മാർഗ്ഗങ്ങളെ അവലംബിക്കുന്നതിതാണ് തർബിയ്യത്ത് എന്ന് വിളിക്കുന്നത്.
അതിന്റെ രീതികൾ വികാസം പ്രാപിച്ചിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങൾ അവലംബിച്ചാണ് “മുറബ്ബികൾ ” തർബിയത്ത് (സംസ്കരണം) നടത്തുന്നത്. രീതികൾ വ്യത്യസ്തമാണെങ്കിലും ആത്യന്തിക ലക്ഷ്യം ബുദ്ധിക്കു മുൻപിൽ വൈകാരിക മണ്ഡലങ്ങളെ കീഴ്പ്പെടുത്തുക എന്നതാണ്. ജനങ്ങൾ ചില വ്യക്തികളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്. “നല്ല തർബ്ബിയത്ത് സിദ്ധിച്ച വൻ “. ഇതിനർത്ഥം വൈകാരിക തലങ്ങളെ ബുദ്ധിയുടെ തീരുമാനങ്ങൾക്കനുസരിച്ച്‌ ചിട്ടപ്പെടുത്താൻ സാധിക്കുന്നവൻ എന്നാണ്.

തെളിച്ചു പറഞ്ഞാൽ, വികാരമണ്ഡ്ലങ്ങളാണ് പ്രവർത്തികളെ നിയന്ത്രിക്കുന്നത്. വികാരങ്ങളെ പാകപ്പെടുത്തുന്ന തളിക മനസ്സാണ്. ചലന- നിശ്ചലനങ്ങളെ നിയന്ത്രിക്കുന്നതും ഈ തളിക തന്നെ. ബുദ്ധി ഒരു വിളക്കുമാത്രമാണ്. തെളിച്ചം നൽകുന്ന വിളക്ക്. പ്രകടമാക്കുക / വെളിപ്പെടുത്തുക എന്ന പ്രതിഭാസമാണ് ബുദ്ധിയുടേത്. സ്വാധീനം ചെലുത്താനുള്ള കഴിവ് ബുദ്ധിക്കില്ല.

ഇവിടെ ഇബ്നു അത്വാഇന്റെ വാക്കുകൾ മനസ്സിനെ കണ്ണാടിയോട് ഉപമിക്കുന്നു. കാരണം മനുഷ്യരുടെ സകല വികാരങ്ങളും പതിയുന്നത് മനസിലാണ്. അത് ഒരു കണ്ണാടി പോലെയാണ്. എന്താണോ അതിൽ പതിയുന്നത്, അതു തന്നെയാണ് ഭിത്തിയിൽ പ്രതിഫലിക്കുക. കണ്ണാടിയെ ഇരുളടഞ്ഞ കിണറിന്റെ അകത്തളത്തിലേക്ക് തിരിച്ചു പിടിച്ചാലോ? കണ്ണാടിയുടെ പ്രതലം കറുത്തിരുണ്ടതായിരിക്കും. തെളിച്ചമാർന്ന സൂര്യ പ്രകാശത്തിനു നേരെ പിടിച്ചാൽ ദർപ്പണത്തിന്റെ പ്രതലം പ്രകാശപൂരിതമാകും. വർണ്ണാഭമായ പൂങ്കാവനത്തിലേക്ക് മുഖം തിരിച്ചാൽ കണ്ണാടിയിൽ തെളിയുന്നത് പൂന്തോപ്പിന്റെ സൗന്ദര്യമേറിയ ചിത്രമാണ്. ഇതു പോലെയാണ് മനസ്സും. ഒരോ വ്യക്തിയുടെ വികാരങ്ങൾ പ്രതിഫലിക്കുന്ന ജൈവിക ദർപ്പണമാണ് മനസ്സ്. എന്തിലേക്കാണോ അവൻ അഭിമുഖികരിക്കുന്നത്, അതു തന്നെയാണ് മനസിലും പ്രതിഫലിക്കുക. ഭൗതികതയുടെ തീവ്രാഭിലാഷത്തിലേക്കാണ് മനുഷ്യൻ മുന്നിട്ടിരിക്കുന്നതെങ്കിൽ അവയാണ് അവന്റെ ഹൃദയത്തിൽ തെളിഞ്ഞു വരിക. സമ്പത്ത്, ഭാര്യ, മക്കൾ, സ്ഥാനം, പ്രശസ്തി, ഇവയെ മാത്രം ലക്ഷ്യമിടുന്നവനിൽ ഇതിൽ കേന്ദ്രീകൃതമായ ആഗ്രഹങ്ങളും, താൽപര്യങ്ങളുമാണ് മനസ്സെന്ന ദർപ്പണത്തിൽ പ്രതിഫലിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ? അവന്റെ എല്ലാ വികാരങ്ങളും അവയുടെ സന്നദ്ധ സേവകരായി മാറും. ഹൃദയ ഭിത്തി ഈ വിധം കളങ്കമായിരിക്കെ എങ്ങനെയാണ് ദൈവീക സാന്നിദ്ധ്യവും സ്വാധീനവും മനസ്സിൽ ഇടം കണ്ടെത്തുക? ലൗകിക ആഗ്രഹങ്ങൾ കുമിഞ്ഞു കൂടിയ പാത്രം. സമപ്രായക്കാരോടുള്ള മത്സരവും, തന്നെക്കാൾ ഉയർന്നവരോടുള്ള വെറു പ്പും, അസൂയയും ഈ പാത്രത്തിലേക്ക് നിറഞ്ഞൊഴുകുന്നു. അപ്പോൾ ഏങ്ങനെയായിരിക്കും ഹൃദയമെന്ന പാത്രം ദൈവ സ്നേഹം അനുഭവിക്കാനുള്ള പ്രതലമാവുക? അവനോടുള്ള ആദരവ്, ഭയം എന്നിവക്ക് എവിടെയാണ് സ്ഥാനമുണ്ടാവുക? അതെ അല്ലാഹുവെ പറ്റിയുള്ള വിചാരങ്ങൾ വെളിച്ചവും, മറ്റുളളവ ഇരുട്ടുമാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് മനസ്സിനെ കീഴടക്കിയാൽ മറ്റെത് ഇല്ലാതെയായി മാറും. ഇരുട്ടും, വെളിച്ചവും ഒരിടത്ത് മേളിക്കുകയില്ല.?!.

ഹൃദയത്തിൽ ദേഹേച്ഛയും, പാപങ്ങളും കുമിഞ്ഞുകൂടിയാൽ കറുത്ത പാടുകൾ രൂപപ്പെടും. തിരുനബി (സ) ഈ കാര്യം വ്യക്തമാക്കിയതാണ്. തിന്മകൾ വർദ്ധിക്കുന്തോറും ഹൃദയത്തിൽ കറുപ്പിന്റെ ആവരണവും കൂടിക്കൂടി വരും. അങ്ങനെ പൂർണ്ണമായും മനസ്സ് കറുത്തിരുണ്ടു പോകും. അതെ പറ്റി അല്ലാഹു തടസം / മൂടി എന്നാണ് വിശേഷിപ്പിക്കുന്നത്. ഖുർആൻ പറയുന്നു. ” അവർ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തികൾ അവരുടെ ഹൃദയത്തിൽ മൂടി ഉണ്ടാക്കിയിരിക്കുന്നു.” (14: 83 )

ഈ സന്ദർഭത്തിലാണ് സ്കിസോഫ്രീനിയ എന്ന് വിളിക്കുന്ന മാനസിക രോഗം കൊണ്ട് മനുഷ്യൻ കഷ്ട്ടപ്പെടുന്നത്. ചിന്തയും, മനസ്സും സംഘർഷഭരിദമാകുന്ന മനോവൈകല്യം. എന്തെന്നാൽ ബുദ്ധിയെ മനുഷ്യൻ അംഗീകരിക്കാതിരിക്കാൻ തരമില്ല. ഒന്നും, ഒന്നു കുട്ടിയാൽ രണ്ടാണെന്ന് ഗ്രഹിക്കുന്നതു പോലെ, കൃത്യമായ മാനങ്ങളിലൂടെ ബുദ്ധി യാഥാർത്ഥ്യങ്ങളെ കണ്ടെത്തുന്നു. ഇവിടെ പരാമർശിച്ച ഉപദേശങ്ങൾ, നിർദേശങ്ങൾ കേൾക്കുമ്പോൾ, നല്ല സദസ്സുകളിൽ പങ്കെടുക്കുമ്പോൾ മനുഷ്യന് കൂടുതൽ ബോധ്യങ്ങൾ വരുന്നു. മാത്രമല്ല, ഇത്തരം സദസ്സുകളും, ഉപദേശ ഭാഷണങ്ങളും വ്യക്തികൾക്ക് യഥാർത്ഥ്യങ്ങളെ വ്യക്തമാക്കുന്ന ദൃഢമായ പ്രമാണങ്ങൾ പ്രകടമാക്കും. പക്ഷേ, സംഭവിക്കുന്നതോ? ദേഹേച്ഛകളുടെ ഗർത്തത്തിൽ നിന്ന് മോചിതനായി, ബോധ്യമായ വസ്തുതകളെ പിന്തുടരുന്നതിനു പകരം വിണ്ടും മനസിന്റെ ചാപല്ല്യങ്ങൾക്ക് മുമ്പിൽ വിനയാന്വിതനായി, അവയിൽ അലിഞ്ഞു ചേരുന്നു. എന്തെന്നാൽ, വിവേകമല്ല. വികാരമാണ് അവരെ നിയന്ത്രിക്കുന്നത്. ഇന്ന് സമൂഹത്തിൽ പ്രകടമാകുന്ന പല കാര്യങ്ങളും ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. ബഹുഭൂരിഭാഗം ജനങ്ങൾക്കും അസത്യത്തിൽ നിന്ന്, സത്യത്തെ വ്യവഛേദിച്ച് മനസിലാക്കാൻ സാധിക്കുന്നുണ്ട്. എങ്കിൽ എത്ര പേരാണ് സത്യപാതയിൽ സഞ്ചരിക്കുന്നത്? കാൽ ഭാഗം ജനങ്ങൾ മാത്രം. എന്ത് കൊണ്ട്? അത് മറ്റെന്നുമല്ല. അവർ വികാര- ദേഹേച്ഛകളുടെ കളിപ്പാവകൾ മാത്രമാണ്. ചലിപ്പിക്കുന്നതും, നിയന്ത്രിക്കുന്നതും വികാരമാണ്. വിവേകമോ, യുക്തിയോ അല്ല അവരെ ഭരിക്കുന്നത്.

വിശുദ്ധ ഖുർആൻ പഠിപ്പിച്ച കാര്യങ്ങൾ ഞാൻ ദൃഢമായി വിശ്വസിക്കുന്നു. അതു സ്വീകരിക്കുന്നതിൽ/ ഖുർആനിക ബോധത്തിൽ സഞ്ചരിക്കുന്നതിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കുന്ന ഘടകമെന്താണ്? ഈ ചോദ്യം ഇരട്ട ഭാവമുള്ള വ്യക്തികൾ തന്നോട് ചോദിക്കുകയാണെങ്കിൽ അതിനു കൃത്യമായ ഉത്തരമാണ് ഇബ്നു അതാഅ് (റ)വിന്റെ വാക്കുകൾ. “സൃഷ്ടികളുടെ രൂപങ്ങൾ മനോദർപ്പണത്തിൽ പതിഞ്ഞിരിക്കെ, ആ മനസ്സ് എങ്ങനെ പ്രകാശിക്കും?”. മനസ്സ് ഇരുട്ട് കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അവൻ അനുദാവനം ചെയ്യുന്നത് ഹൃദയത്തിനു മേൽ അധിപത്യം സ്ഥാപിച്ച അനാവരണത്തെയാണ്. അതിൽ വെളിച്ചം കടക്കുകയില്ല. അല്ലാഹുവിന്റെ കൽപ്പനകളെ / ആജ്ഞകളെ അനുസരിക്കാൻ പ്രചോദനമേകുന്ന സ്നേഹത്തിന് കൂടികൊള്ളാൻ ഒരു ഇടം ഹൃദയത്തിൽ വേണം. അതിനു ഒരു തെല്ലു സ്ഥലം പോലും ബാക്കിയില്ല. അത്രമേൽ ഇരുട്ടാണ്. തെറ്റുകളിൽ നിന്ന് അകന്നു നിൽകാൻ മനസിന് ഭയം എന്തെന്ന് അറിയണം. അതിന് ഈ ഇരുൾ സമ്മതിക്കുന്നില്ല. റബ്ബിന്റെ വിധി കൽപ്പനകൾക്ക് മുമ്പിൽ വിനയാന്വിതനായി നിൽകാൻ മനസിൽ ആദരവു വേണം. അതിനും തടസ്സം ഈ കറുത്ത അനാവരണം തന്നെ. ഭൗതികതയോടുള്ള തീവ്രാഭിലാഷം, അടങ്ങാത്ത വികാരങ്ങൾ, മാത്സര്യബോധം, അസൂയ, വെറുപ്പ് തുടങ്ങിയ ജീർണ്ണതകളാണ് മനോദർപ്പണത്തെ ഇരുൾ മുറ്റമാക്കിയത്. അന്ധമായ സ്വപ്നങ്ങളിലേക്കും, ആസ്വാദ്യകരമായ ആനന്ദങ്ങളിലേക്കുമാണ് മനോദർപ്പണം നോക്കി കൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ ബുദ്ധി മനസ്സിനെ അഭിമുഖികരിക്കുന്നത് ഉപദേശ- നിർദേശങ്ങൾ കൊണ്ടാണ്. മനസ്സിൽ ഇലാഹീ സ്നേഹത്തിന്റെ വിത്ത് പാകാൻ ബുദ്ധി ആവശ്യപ്പെടും. വീണ്ടും, വീണ്ടും പലയാവർത്തി ആവശ്യപ്പെടും. പക്ഷേ, ഈ വിത്തുകൾ കിളിർക്കാൻ പാകമായ ഒരു ഇടം പോലും അവശേഷിക്കാത്ത വിധം മനസ് ഇരുട്ട് കൊണ്ട് കലുഷിതമായിരിക്കും.

ബുദ്ധി, വ്യക്തിയെ ദൈവീക സന്ദേശങ്ങൾ ഓർപ്പെടുത്തുന്ന വിധത്തിൽ സമീപിക്കുന്നുണ്ട്.
ഖുർആൻ പറയുന്നു. ” വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും, തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു. ” (16:57 )
തെളിച്ചമാണ് ബുദ്ധി നൽകുന്നത്. തെളിഞ്ഞു നിൽകാൻ മനസിനോട് ബുദ്ധി ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ ഹൃദയം ഭവ്യത കാണിക്കില്ല. ആജ്ഞകൾ അനുസരിക്കാൻ ഒട്ടും തയ്യാറല്ല താനും. എന്തെന്നാൽ സൃഷ്ടിരൂപങ്ങൾ ഹൃദയത്തിൽ അള്ളിപിടിക്കുകയും, ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

ബുദ്ധിയുടെ സന്ദേശം അറിവാണ്. ആ അറിവുകൾക്ക് വേരോടാനും, വളർന്നു പാകപ്പെടാനും ഒരു നിലം വേണം. അത് മനുഷ്യരുടെ മനസ്സാണ്. ഹൃദയത്തിലേക്കുള്ള പ്രവേശന കവാടം ഇരുൾ മുറ്റിയാൽ, കടക്കാനുള്ള വിടവ് അടഞ്ഞിട്ടുണ്ടെങ്കിൽ ഇബ്നു അതാഅ് (റ) ഉണർത്തിയതു പോലെ ബുദ്ധിയുടെ സന്ദേശങ്ങൾ നിഷ്ഫലമാവുകയും, മങ്ങിപോവുകയും ചെയ്യും.

ഉപരിസൂചിത ഖുർആൻ വാക്യം നമ്മെ വഴി നടത്തുന്ന പാഠം എത്രമാത്രം വ്യക്തമാണ്. അല്ലാഹു ദൃഷ്ടാന്തമാക്കിയ അടയാളങ്ങളെ പറ്റി പരാമർശിക്കുമ്പോൾ , അതിൽ നിന്ന് വ്യതിചലിച്ചു പിശാചിനെ അനുഗമിക്കുന്നു. പിശാച് അത്യധികം വഴിപിഴച്ചവനാണ്. സൂക്ത പരാമർശത്തിൽ ആരാണ് വിവക്ഷ? ഇബ്നു കസീർ തഫ്സീറിൽ പ്രബലപ്പെടുത്തിയ പേര് ഇസ്റായിൽ സമുദായത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന ബൽഗാം ബിൻ ബാഗുറയാണ്. സൂക്തത്തിൽ പരാമർശിച്ചതു പ്രകാരം അല്ലാഹു ബൽഗാമിന് അറിവുകളും, ദൃഷ്ടാന്തങ്ങളും നൽകി. അറിവിന്റെ കേന്ദ്രം ബുദ്ധിയാണല്ലോ? എന്നാൽ അവൻ ഭൗതികതയെ പ്രണയിച്ചു. ദേഹേച്ഛയെ അന്ധമായി അനുകമിച്ചു. ഇതിനു മാധ്യമമായത് ഹൃദയ /മനസ്സാണ്. ഹൃദയം ഭൗതികതയെ വാരിപ്പുണർന്നു. ഭൗതികതയെ പറ്റി ഭൂമി എന്നാണ് അല്ലാഹു ഈ ആയത്തിൽ പറഞ്ഞത്. ബൽഗാമിനെ വിവേകമല്ല, വികാരമാണ് നയിച്ചത്. അതോടെ അവന്റെ സഞ്ചാരം നായയുടെ സഞ്ചാരം പോലെയായി പരിണമിച്ചു. ഏതു സമയവും നാവു നീട്ടി ഓടി കൊണ്ടിരിക്കുന്ന നായയെ പോലെ, അവൻ ഭൗതികതയുടെ പിറകെ നാവുനീട്ടി ഓടി കൊണ്ടേയിരുന്നു. ഭൗതികതയിൽ നിന്ന് ഒന്നും തന്നെ അവന്റെ വയറു നിറച്ചില്ല. ഖുർആൻ പറയുന്നു. ” നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരിക്കെ, അതില്‍ നിന്ന്‌ ഊരിച്ചാടുകയും, അങ്ങനെ പിശാച്‌ പിന്നാലെ കൂടുകയും, എന്നിട്ട്‌ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക്‌ വായിച്ചുകേള്‍പ്പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക്‌ തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്‌) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. (7: 175 – 176 )

മനോദർപ്പണം സൃഷ്ടിരൂപങ്ങളിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രകാശിക്കുകയില്ല. സ്രഷ്ടാവിനെ കാണുന്നതിന് ഇത് മറ ഇടുക തന്നെ ചെയ്യും. എന്നാൽ ഇവിടെ ഒരു ചോദ്യമുണ്ട്. ബുദ്ധി ഇലാഹിന്റെ ഏകത്വം അംഗീകരിക്കുന്നുണ്ടല്ലോ? പിന്നെ എന്തു കൊണ്ട് ഈ ചിത്രരൂപങ്ങൾ ഹൃദയത്തിൽ കുടികൊള്ളുന്നതിനു പകരം സ്രഷ്ടാവിന്റെ സാന്നിധ്യം ഇല്ലാതെ പോകുന്നത്?. ഇതിന്റെ കൃത്യമായ ഉത്തരമാണ് ഇബ്നു അതാഅ്‌ (റ) വിന്റെ ഈ വാക്കുകൾ. ” ഇച്ഛകൾ കൊണ്ട് ബന്ധിതമായിരിക്കെ, മനസ്സ് അല്ലാഹുവിലേക്ക് എങ്ങനെ പ്രയാണം ചെയ്യും?” അതെ, മനസ്സ് ഇച്ഛകൾ കൊണ്ട് ചങ്ങലക്കിടപെട്ടിട്ടില്ലെങ്കിൽ, അല്ലാഹുവിലേക്ക് പ്രയാണം ചെയ്യാൻ സാധിക്കുന്നതാണ്. ഭൂമിയിലെ സകലമാന പ്രവൃർത്തനങ്ങളും, റബിന്റെ തൃപ്തിക്കു വേണ്ടി ചിട്ടപ്പെടുത്തും. ഇത് വിജയകരമായി പൂർത്തിയായാൽ, മനോദർപ്പണത്തിൽ സൃഷ്ടി രൂപങ്ങൾ പതിഞ്ഞാലും, മനസ്സ് നാഥനിലേക്ക് തിരിയുകയും, സൃഷ്ടിരൂപങ്ങളിൽ നിന്ന് പിന്തിരിയുകയും ചെയ്യും.

ഒന്നമത്തെ ശകലം ഉണർത്തിയ മനോവൈകല്ല്യത്തിനുള്ള ചികിത്സയയാണ് രണ്ടാമത്തെ ശകലം വിസ്തരിക്കുന്നത്. സ്രഷ്ടാവിനെ ഓർക്കേണ്ട മനസ്സ്, സൃഷ്ടി രൂപങ്ങളിൽ പതിഞ്ഞു നിൽക്കുന്നതാണ് ആ വൈകല്യം. ഒന്നാമത്തെ ശകലം വിവരിച്ച മനോരോഗത്തിനു പ്രതിവിധി മാത്രമല്ല, മറ്റൊരു രോഗവും കൂടി രണ്ടാം വാക്യ ഭാഗങ്ങളിൽ ഇമാം ഇബ്നു അതാഅ് (റ) വിവരിക്കുന്നുണ്ട്. അതിന്റെ വിശദീകരണത്തിലേക്ക് കടക്കാം.

ഹൃദയത്തിൽ രൂപപ്പെട്ട സൃഷ്ടിരൂപങ്ങൾ കടലാസിലോ, ചുമരിലോ കൊത്തി വരച്ച ചിത്രങ്ങൾക്ക് സമാനമായിരുന്നുവെങ്കിൽ, അവ മായ്ച്ചുകളയാൻ വളരെ എളുപ്പമായിരുന്നു. ഭൗതിക ഘടകങ്ങൾ കൊണ്ട് ഇതു മായ്ച്ചുകളയാൻ സാധ്യമല്ല. അതിനുളള മാർഗ്ഗമാണ് രണ്ടാം ശകലം പറയുന്നത്.”ഇച്ഛകൾ കൊണ്ട് ബന്ധിതമായിരിക്കെ, മനസ് അല്ലാഹുവിലേക്ക് എങ്ങനെ പ്രയാണം ചെയ്യും?” അഥവാ, നീ മറോടണച്ച, അടിമപ്പെട്ടു പോയ വികാരങ്ങളാണ് ഹൃദയത്തിൽ സൃഷ്ടിരൂപങ്ങളെ കൊത്തി വരച്ചത്. അതോടെയാണ് നീ ഈ ഭാരങ്ങൾ പേറാൻ തുടങ്ങിയതും, ഹൃദയത്തിൽ സ്രഷ്ടാവിനെ ഓർക്കുന്നതിന് പകരം സൃഷ്ടി രൂപങ്ങളിൽ മാത്രം ചിന്തയെ പരിമിതപ്പെടുത്തിയതും. നീ സ്വയം പുകമറയത്ത് അടയിരിക്കുകയാണ്. ഈ ഭാരങ്ങൾ ഇറക്കി വെക്കലാണ് യഥാർത്ഥ പരിഹാരം. അതോടെ ഇലാഹീ വിശേഷണങ്ങളിലേക്കു നിനക്കു ശ്രദ്ധകേന്ദ്രീകരിക്കാനാകും. ഇതു മാത്രമാണ് നീ ഹൃദയാവരിച്ച വികാരങ്ങളിൽ നിന്ന് മോചിതനാകാനുള്ള മാർഗ്ഗം. നിനക്ക് ഉപകാരം ചെയ്യാനും, ഉപദ്രവം ചെയ്യാനും അധികാരമുള്ളവനിലേക്ക് മുന്നിടുകയും ചെയ്യുക.

ഇത് ഏങ്ങനെ സാധിക്കും.? വികാരങ്ങൾക്കടിമപ്പെട്ടതിനാൽ മനസിൽ ഇരിപ്പിടം ഉറപ്പിച്ച ആനന്ദങ്ങളെ മായ്ച്ചു കളയുന്നതെങ്ങനെ? വെട്ടി തിളങ്ങുന്ന തീവ്രാഭിലാഷത്തെ അണച്ചു കളയുന്നതോ?

ഇതിനുള്ള പരിഹാര മാർഗ്ഗമാണ്
ഹിക്മത്തിലെ മൂന്നാ വാക്യം വിശദീകരിക്കുന്നത്. “അശ്രദ്ധതയുടെ അശുദ്ധിയിൽ നിന്ന് വൃത്തിയാകാതെ, അല്ലാഹുവിന്റെ സാമീപ്യം പൂകാൻ ആഗ്രഹിക്കുന്നതെങ്ങനെ?”

ഇവിടെ അശ്രദ്ധയാണ് പ്രശ്നകാരൻ. സർവ്വതും നിയന്ത്രിക്കുന്ന സർവ്വാധിപനായ അല്ലാഹുവെ പറ്റിയുള്ള അശ്രദ്ധ. നമ്മൾ തേടി നടക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവന്റെ ആധിപത്യത്തിലാണ്.കഠിനമായ പരിശ്രമത്തിലൂടെ അശ്രദ്ധയുടെ പ്രശ്നത്തിൽ നിന്ന് മുക്തനാകാൻ സാധ്യമാകും. അങ്ങനെ അശ്രദ്ധയിൽ നിന്ന് മുക്തനായാൽ ശ്രദ്ധ ഇലാഹീലേക്ക് ആകർഷിക്കും. അവന്റെ ആധിപത്യത്തിലാണ് നിന്റെ സകല വികാരങ്ങളും. നിനക്ക് ലഭിക്കുന്ന സർവ്വ അനുഗ്രഹങ്ങളും അവന്റെ സൃഷ്ടിപ്പിലൂടെയും, വിജയങ്ങൾ അവന്റെ ഔദാര്യത്തിലൂടെയുമാണ്. അങ്ങനെ ഇലാഹിനോട് കളങ്കമില്ലാത്ത സ്നേഹം ഉടലെടുക്കും. അതോടെ ഹൃദയത്തിൽ അളളി പിടിച്ച അഴുക്കുകൾ പടിപടിയായി കൊഴിഞ്ഞു പോകും. മനോദർപ്പണത്തിൽ സൃഷ്ടി രൂപങ്ങൾ മാഞ്ഞു പോവുകയും പകരം സൃഷ്ടികർത്താവിന്റെ വിശേഷണങ്ങൾ ദൃഢമാവുകയും ചെയ്യും.

എന്നാൽ നിങ്ങൾ ആഗ്രഹങ്ങളുടെ അടിമത്തത്തിൽ അകപ്പെടാൻ കാരണമായ അശ്രദ്ധയിൽ നിന്ന് മുക്തി നേടാൻ നിങ്ങളെ സഹായിക്കുന്ന പ്രതിവിധി എന്താണ്?തെറ്റു കുറ്റങ്ങളിൽ നിന്ന് അകന്നു നിൽകലാണ് ഈ രോഗത്തിന്റെ പ്രതിവിധി. ഇതത്രെ അവസാനത്തെ വാക്യത്തിൽ ഇബ്നു അതാഅ് (റ) വിശദീകരിക്കുന്നത്. പാകപ്പിഴവുകളിൽ നിന്ന് പശ്ചാതപിപ്പിച്ചു മടങ്ങാതെ മനസ്സ് സൂക്ഷമ രഹസ്യങ്ങൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നതോ?

നീചവൃത്തികളുടെ ആധിക്യമാണ് വ്യക്തിയെ അശ്രദ്ധതയുടെ ഗർത്തത്തിലേക്ക് തള്ളി വിടുന്നത്. മനുഷ്യന്റെ തികഞ്ഞ അശ്രദ്ധയാണ്
വികാരങ്ങളുടെ ആകർഷണ വലയത്തിൽ അകപ്പെട്ടുപോകാനുള്ള കാരണമായി വർത്തിക്കുന്നത്. വികാരങ്ങളുടെ ആകർഷണ വലയത്തിൽ അകപ്പെടുമ്പോഴാണ് ഹൃദയത്തിൽ സൃഷ്ടിരൂപങ്ങൾ ആധിപത്യം സ്ഥാപിക്കുന്നത്. ഇതോടെയാണ് മനസ്സിൽ ഇരുണ്ട ആവരണം രൂപപ്പെടുന്നത്.

അതു കൊണ്ടു തന്നെ ആദ്യമുണ്ടാകുന്ന പ്രശ്നത്തിനാണ് ആദ്യം പരിഹാരം കാണേണ്ടത്. ഒന്നാമത്തെ പ്രശ്നം തെറ്റു കുറ്റങ്ങളെ അനുസരിക്കുക എന്നതാണ്. ആയതിനാൽ തിന്മകളെ അതിജയിക്കേണ്ടത് നിർബന്ധമാണ്. അഥവാ നീചവൃത്തികളിൽ നിന്ന് അകന്ന് സംശുദ്ധനാവുക എന്നതാകുന്നു. ഇവിടെ നിങ്ങൾക്ക് ഒരു ചോദ്യമുണ്ടായേക്കാം? ഞാൻ എത്ര ശ്രമിച്ചാലും തെറ്റു കുറ്റങ്ങൾ ചെയ്യാതെ പാപസുരക്ഷിതനാകാൻ സാധ്യമാണോ? എല്ലാ മനുഷ്യരും തെറ്റു ചെയ്യുന്നവരാണല്ലോ? ഇവിടെ സംശുദ്ധനാവുക എന്നതിന്റെ താത്പര്യം പാപസുരക്ഷിതരാവുക എന്നല്ല. കുറ്റങ്ങൾ സംഭവിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രദ്ധ പുലർത്തുകയെന്നാണ്. ഇനി വല്ല വീഴ്ച്ചയും സംഭവിച്ചാൽ, ഇനി ആവർത്തിക്കില്ലെന്ന് സത്യസന്ധമായ ദൃഢ നിശ്ചയോടെ പാശ്ചാതാപം കൊണ്ട് വിശുദ്ധനാവുക. വിണ്ടും മനസ്സ് തെറ്റിലേക്ക് വഴുതി വീണാൽ, ധൃതിയിലായി പാശ്ചാതാപം ആവർത്തിക്കുക. തെറ്റുകളിൽ നിന്ന് തൗബ ചെയ്തു മടങ്ങുന്നവൻ കുറ്റമില്ലാത്തവനെ പോലെയാണ്. ഇതാണ് നമ്മെ പോലെയുള്ള ദുർബലരുടെ പാപസുരക്ഷിതത്വം. അല്ലാഹു പറയുന്നു. “തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.”( 15:42) അഥവാ, എന്റെ അടിമ എന്ന വിശേഷം ദൃഢമായി ഉൾകൊണ്ടവനിൽ പിശാചിന് ആധിപത്യം സ്ഥാപിക്കാൻ സാധ്യമല്ല. വല്ല ദുർബോധനവും നടത്തി അടിമയുടെ മേൽ ദുസ്വാധീനം ചെലുത്തിയാൽ തന്നെ, അവർ വേഗം തൗബ ചെയ്ത് മടങ്ങും. അതോടെ തെറ്റില്ലാത്തവനെ പോലെ അടിമ വിശുദ്ധനാകും. ഇനി വീണ്ടും തെറ്റുകൾ ആവർത്തിച്ചാലോ? തൗബ ചെയ്തു വിശുദ്ധനാകും. അങ്ങനെ തെറ്റ് ആവർത്തിക്കുമ്പോഴെല്ലാം പാശ്ചാതാപത്തിൽ ചെന്നെത്തും. പിന്നെ എന്തു സ്വാധീനമാണ് പിശാചിന് അടിമയുടെ മേൽ ഉണ്ടാവുക?

ഈ രീതിയിൽ വ്യക്തി പാകപിഴവുകളിൽ നിന്ന് അകന്നു നിൽക്കുബോൾ, ഋജുവായ പാതയിലായി അല്ലാഹുവിനെ അനുസരിക്കുന്നവനായി മാറും. അശ്രദ്ധയുടെ കാന്തികത അവനിൽ നിന്ന് വിദൂരത്താകും. ബോധമണ്ഡലങ്ങൾ കലർപ്പില്ലാതെ തെളിയുകയും, മനോതലങ്ങൾ ഇലാഹീ സാമീപ്യത്തിനായുള്ള സ്മരണകൾ കൊണ്ട് നിത്യമാവുകയും ചെയ്യുന്നതാണ്. ഏതു വിധേനയാണോ തെറ്റുകുറ്റങ്ങൾ മനുഷ്യരെ മാർഗ ഭ്രംശത്തിലേക്ക് തള്ളിവിടുന്നത്, അതു പോലെ തന്നെയാണ് തിന്മകൾ ഒഴിവാക്കുമ്പോൾ ഇലാഹീ കൽപ്പനകൾ അനുസരിക്കുന്നതിലേക്ക് നയിക്കുന്നത്. അശ്രദ്ധയുടെ മത്തിൽ നിന്ന് ഉണർവ് നേടാനും, കൂടുതൽ ഇലാഹീ സ്മരണകളിലായി ഉയരങ്ങൾ പ്രാപിക്കാനും കഴിയുന്നത് തിന്മകൾ വർജ്ജിക്കുമ്പോഴാണ്.

അശ്രദ്ധകളെ തുടച്ചു മാറ്റി ഹൃദയം സംശുദ്ധമാക്കുന്നതോടെ , ഇബ്നു അതാഅ് (റ) പറഞ്ഞ രീതിയിലുള്ള ഇലാഹീ സാമീപ്യം പൂകാൻ സാധ്യമാണ്. ഈ പദപ്രയോഗം തിരുനബി (സ) ഇഹ്സാനിനെ വിവരിച്ച വാക്കുകളെ പരാമർശിക്കുന്നതാണ്. തിരുനബി (സ) പറയുന്നു. “അല്ലാഹുവിനെ കാണുന്നതു പോലെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും, അവൻ നിന്നെ കാണുന്നവനാണ്.” അഥവാ ഭൗതികതയുടെ എല്ലാ ഭാവങ്ങളിൽ നിന്നും ബോധമണ്ഡലം ഇലാഹിലേക്ക് ആകർഷിക്കപ്പെടും. നീ അല്ലാഹുവിന്റെ സവിധത്തിലാണ് എന്ന ചിന്താഗതി മാത്രമാണ് അവശേഷിക്കുക. മറ്റു തോന്നലുകളെല്ലാം പൂർണ്ണമായും നിങ്ങളിൽ ഇല്ലാതെയാകും. അതോടെ നിങ്ങൾ ഖുർആൻ പാരായണം, ദിഖ്റുകൾ, മറ്റു സത്കർമ്മങ്ങൾ തുടങ്ങിയവ കൊണ്ട് അല്ലാഹുവോട് അവനെ കാണുന്നത് പോലെ മുനാജാത്ത് ചെയ്യുന്നവരായി മാറും. ഇവിടെ ശ്രദ്ധാപൂർവം അറിഞ്ഞിരിക്കേണ്ട കാര്യമിതാണ്. മുസ്‌ലിം തന്റെ കഴിവിന്റെ പരമാവധി തെറ്റുകുറ്റങ്ങളിൽ നിന്ന് അകന്നു, സംശുദ്ധമാകുമ്പോൾ ഇഹ്സാനിന്റെ ഈ പദവിയിലേക്ക് ഉയരാൻ സാധിക്കുന്നതാണ്. തിന്മകളിൽ നിന്ന് അകന്ന് നിൽകുമ്പോഴാണല്ലോ, അശ്രദ്ധയുടെ ആകർഷണത്തിൽ നിന്ന് വ്യക്തികൾ വിശുദ്ധരാകുന്നത്. ഈ വിശുദ്ധിയാണ് അല്ലാഹുവിന്റെ സവിധം പൂകുന്നത്.

മാനസിക ഉണർവ്വിന്റെ ഫലം എത്രമാത്രമാണ്! തീവ്രാഭിലാഷവുമായുള്ള മനസ്സിന്റെ
സംയോഗത്തെ തടയാനും, ഹൃദയത്തിൽ നിന്ന് ഈ ദുർവികാരത്തിന്റെ ശക്തി ക്ഷയിപ്പിക്കാനും സാധിക്കുന്നത് തികഞ്ഞ ഉണർവ്വാണ്. തത്ഫലമാണ് ഇലാഹീ സവിതം പൂകാൻ സാധിക്കുന്നത്.

അനുഗ്രഹങ്ങളും, നേട്ടങ്ങളും ചെയ്തു നൽകുന്നവനുമായി മനസ്സ് ബന്ധപ്പെട്ടു കിടക്കുന്നതാണ്. മനുഷ്യന്റെ എല്ലാ വിധ അനുഗ്രഹങ്ങളും അല്ലാഹുവാണ് സൃഷ്ടിച്ചു നൽകുന്നത്. അപ്പോൾ അനുഗ്രഹദാതാവായ അല്ലാഹുവെ മനസ്സിൽ സ്ഥാപിക്കുക എന്നതാണ് സവിതം പുകൂക എന്നതിൽ അർത്ഥമാക്കുന്നത്. അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിൽ നിന്നാണെന്ന് സ്ഥിര ബോധമുള്ളവരുടെ മനസ്സ് ഇലാഹീ സാമീപ്യം പുൽകിയതായിരിക്കും. അതിനു മുമ്പിൽ മറ്റു യാതൊന്നിനും സ്ഥാനമില്ല. സൃഷ്ടികളോടുള്ള അമിതമായ പ്രേമം അവനിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. എന്തെന്നാൽ എല്ലാ നന്മകളും, അനുഗ്രഹങ്ങളും അവനിൽ നിന്നു മാത്രമാണ്.

ഏതുതരം മനുഷ്യരാണ് ഭൗതിക വിഭവങ്ങളെയും സമ്പത്തിനെയും പ്രിയം വെക്കാത്തത് ? ആ പ്രിയം മനുഷ്യന്റെ പ്രകൃതമെന്നോളം ഇഴുകി ചേർന്നതാണ്. പക്ഷേ ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്റെ ഔദാര്യമാണെന്ന തിരിച്ചറിവ് വ്യക്തിയെ അവനോടുള്ള ഗാഢമായ സ്നേഹത്തിന് കാരണമാക്കുന്നു. കാരണം ഹൃദയത്തിലേക്ക് കുളിർമ പകരുന്നവനിലേക്ക് സ്നേഹം പ്രവഹിപ്പിക്കുക എന്നത് മനസ്സിന്റെ സവിശേഷതയാണ് / പ്രകൃതമാണ്. പ്രപഞ്ചത്തിൽ അനുഗ്രഹങ്ങൾ സൃഷ്ടിച്ച് നൽകുന്നത് അല്ലാഹു മാത്രമാണ്. മറ്റാരുമില്ല. അതിലേക്കുള്ള മാധ്യമവും, വഴിയും അല്ലാഹുവിന്റെ സർവ്വാധിപത്യത്തിനു കീഴിലുള്ള സേവകരും സൈന്യങ്ങളും മാത്രമാകുന്നു. ഈ സേവകരെ പ്രപഞ്ചനാഥനോളം സ്നേഹം നൽകി അവൻറെ പങ്കാളിയായി സ്വീകരിക്കുന്നതാരാണ്? ശുഹൂദിന്റെ വക്താക്കളുടെ ദൃഢമായ ബോധ്യമിതാണ്. എന്നും അനുഗ്രഹങ്ങൾ നൽകുന്നത് അല്ലാഹു മാത്രമാണ്. ഉപകാരം പ്രതീക്ഷിക്കുന്നതും വിപത്തുകളെ ഭയക്കുന്നതും അവനിൽ നിന്നു മാത്രമാണ്. അനുഗ്രഹങ്ങളും, പ്രയാസങ്ങളുമെല്ലാം സൃഷ്ടിക്കുന്നത് അല്ലാഹു മാത്രമാണ്. ഇതിൽ രണ്ടാമതൊരാളില്ല. ആയതിനാൽ ഏറ്റവും ഗാഢമായി സ്നേഹിക്കേണ്ടതും, മാനിക്കേണ്ടതും അല്ലാഹുവെ മാത്രമാണ്. രണ്ടാം ഘട്ടത്തിലാണ്. അല്ല മൂന്നാം പടിയിലായിട്ടാണ് ഇവർക്ക് മറ്റു ഭൗതിക വിഭവങ്ങളോടുള്ള സ്നേഹമുണ്ടാവുക. മാത്രമല്ല, ഈ ശുഹൂദിന്റെ വക്താക്കളിൽ ചിലരുടെ മനസ്സിൽ അല്ലാഹുവോടുള്ള സ്നേഹം മാത്രം അവശേഷിക്കുകയും, മറ്റുള്ളവയോടുള്ള സ്നേഹം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ അവസ്ഥയെ അല്ലാഹു പരിപൂർണ്ണമായ ഈമാനിന്റെ മാനദണ്ഡമായി സംവിധാനിക്കാത്തത് അവന്റെ അപാരമായ ഔദാര്യമാണ്. മറിച്ച് ഈ അവസ്ഥയെ അപരതയോടുള്ള സ്നേഹത്തെക്കാൾ അല്ലാഹുവോടുള്ള സ്നേഹം ഉയർന്നു നിൽക്കുന്നതിന്റെ മാനദണ്ഡമാക്കിയിരിക്കുന്നു. ഈ ഇലാഹീ അനുകമ്പയെ പ്രകാശിക്കുന്ന സൂക്തം ഇങ്ങനെ വായിക്കാം. ” അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമൻമാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ( 2:165 )

സത്യ വിശ്വാസികളുടെ മനസ്സിൽ അല്ലാഹു സംവിധാനിച്ച വിഭവസമൃദ്ധമായ വസ്തുക്കളോട് പ്രേമമുണ്ട്. പക്ഷേ അത് അല്ലാഹുവോടുള്ള പ്രണയത്തിന്റെ ഭാഗമാണ്. ആത്യന്തികമായ സ്നേഹം അല്ലാഹുവിനോട് മാത്രമാകുന്നു. അവൻ കഴിഞ്ഞിട്ടാണ് മറ്റെല്ലാ വസ്തുക്കളും.

മുമ്പുവരെ തൊട്ടുമുമ്പുവരെ വികാരങ്ങൾക്ക് മുൻപിൽ വശംവദനായവർക്ക്, ഉണർവ് ലഭിച്ചപ്പോൾ ഉണ്ടായ മാറ്റം അനിർവ്വചനീയമാണ്. അനാവരണങ്ങൾക്കിടയിൽ ചുരുണ്ടു കിടന്ന ഹൃദയം ഇലാഹീ സാമീപ്യം പുൽകിയിരിക്കുകയാണ്. ഇതോടെ അശ്രദ്ധയുടെ അന്ധത വിടപറയുകയും, അകമിൽ ഇലാഹീ സാമീപ്യത്തിന്റെ മധുരം പെയ്തിറങ്ങുകയും ചെയ്തിരിക്കുകയാണ്. ഈ മാധുര്യം ലൗകികാഭിലാഷത്തോടുള്ള തീവ്രത കുറക്കുകയും, അതിലേക്ക് തള്ളിവിടുന്ന വൈകാരികാധിപത്യത്തെ മറികടക്കുകയും ചെയ്തിരിക്കുന്നു. ഉന്നതമായ ഒരു വിതാനത്തിലേക്ക് അവരുടെ ഹൃദയം ഉയർന്നിരിക്കുന്നു. ഇതിനർത്ഥം വിചാരവികാരങ്ങൾ ഒന്നുമില്ലാതെ മലക്കിനു സമാനമായി വ്യക്തി മാറുന്നു എന്നല്ല. അത്തരം ഇടപഴക്കങ്ങൾ ഇവർക്ക് ഉണ്ടാകില്ലെന്ന് ഇതിൽ അർത്ഥമാക്കുന്നില്ല. മറിച്ച് ഈ വക ചിന്തകളെ / അശ്രദ്ധകളെ വ്യവഛേദിച്ച് അദ്ധ്യാത്മ രഹസ്യങ്ങളുടെ പറുദീസയിലേക്ക് പറന്നുല്ലസിക്കാൻ സഹായകമാകുന്നുവെന്നാണ്. ഇനി ഇവരുടെ മനസ്സിലേക്ക് വല്ല ചിന്തയും കടന്നുവന്നാൽ, അവ ശരീഅത്ത് നിയമങ്ങൾക്ക് അനുകൂലമാണെങ്കിൽ പ്രാവർത്തികമാക്കുകയും, അല്ലാത്തവയാണെങ്കിൽ അവഗണിച്ച് മുന്നേറുകയും ചെയ്യും.

താഴെ കൊടുക്കുന്ന സൂക്താശയങ്ങൾ വായിക്കുക.
എന്‍റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്‌. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ സ്ഥിരവാസത്തിനുള്ള ഭവനം.(40:39)

സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത്‌ നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്‌.
തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട്‌ അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!. (3: 196-197)

നബിയെ പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ഗുണകരം. നിങ്ങളോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. (4:77)

ഈ ഖുർആനിക സൂക്തങ്ങൾ വായിക്കുമ്പോൾ സച്ചരിതരായ ഇഹ്സാനിന്റെ പദവിയിൽ എത്തിയവർ ഭൗതികതയെ മാറോടണക്കുന്നതെങ്ങനെയാണ്? വികാരങ്ങൾക്ക് മുന്നിൽ വശംവദനാകുന്നതോ?

ഇലാഹീ പ്രേമം ഹൃദയത്തിൽ അലിഞ്ഞു ചേർന്നവരുടെ മനസ്സിൽ , മനുഷ്യനെ ഭൗതികതയിൽ തളച്ചിടുന്ന വികാരങ്ങളോ, ദുഷ്സ്വാധീനമോ സൃഷ്ടിക്കപ്പെടുന്നതല്ല.
ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെയെല്ലാം പ്രതിരോധിച്ച് ഈ വിതാനത്തിലെത്തിയവരുടെ മനോ ദർപ്പണം, പ്രാപഞ്ചികതയിൽ പതിയുന്നതല്ല. ഭൗതികതയും, അതിന്റെ അഭിലാഷങ്ങളും മാഞ്ഞ്, മനസ്സിൽ സ്രഷ്ടാവായിരിക്കും ഉണ്ടാവുക.
ചിത്രവും, കൊത്തുപണികളും നിർമ്മിക്കുന്നതു പോലെയല്ല, മറിച്ച് ഇബ്നു അതാഅ്‌ (റ) പറഞ്ഞ പ്രകാരം, നിരന്തരമായ പ്രതിരോധ ചികിത്സ മുഖേനയാണ് സ്രഷ്ടാവിനെ മനസ്സിൽ സ്ഥാനപ്പെടുത്താൻ സാധിക്കുകയുള്ളു.

ദൃഷ്ടിയിൽ പതിയുന്ന കാര്യങ്ങൾ മനസ്സിലും ഓർമ്മയിലും നിലകൊള്ളുക എന്നത് സ്വാഭാവികമല്ലേ? ഈ ചോദ്യമുന്നയിക്കാൻ ഇടയുണ്ട്. ഹൃദയത്തിൽ ഇലാഹീ സ്നേഹം അലങ്കരിച്ച വ്യക്തികളുടെ ദൃഷ്ടിയിൽ പതിയുന്ന സൃഷ്ടി രൂപങ്ങൾ സൃഷ്ടിക്കുന്ന ചലനങ്ങൾ തികച്ചും സർഗാത്മകമാണ്. അഥവാ ഇലാഹിന്റെ ആസ്തിക്യത്തെ ഓർമ്മപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമായാണ് സൃഷ്ടി രൂപങ്ങൾ ഇത്തരം വ്യക്തികളുടെ മനോദർപ്പണത്തിലേക്ക് കടന്നുവരിക. മറ്റൊരു നിന്ദ്യമായ ഓളവും സൃഷ്ടിക്കപ്പെടുന്നില്ല. ” ഏല്ലാ വസ്തുക്കളിലും അടയാളങ്ങളുണ്ട്.
അവയെല്ലാം ഇലാഹ് ഏകനെന്ന് സ്ഥിരപ്പെടുത്തുന്നു ” വെന്ന പദ്യശകലത്തിന്റെ ആശയമാണ് ഇവരുടെ ഹൃദയം പ്രതിനിധാനം ചെയ്യുന്നവെന്നാണ് പ്രത്യുത ചോദ്യത്തിനുത്തരം.

ഇവരുടെ മനസ്സിൽ സൃഷ്ടികളുടെ ചിത്രങ്ങൾ പതിഞ്ഞു വരുമെങ്കിലും മനോദർപ്പണത്തിൽ അവ സ്ഥിരമായിരിക്കില്ല. മാത്രമല്ല, അത്തരം പ്രാപഞ്ചിക ചിത്രങ്ങൾ ഇലാഹിന്റെ ഔന്നിത്യത്തെ വിളിച്ചോതുന്ന തസ്ബീഹായിട്ടാണ് പ്രതിഫലിക്കുക. മറ്റു ജനങ്ങളിൽ നിന്ന് വിഭിന്നമായി സൃഷ്ടിജാലങ്ങളുടെ തസ്ബീഹ് അവന് ഗ്രഹിക്കാൻ കഴിയും. ഖുർആൻ പറയുന്നു. അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായ യാതൊരു വസ്തുവും ഇല്ലതന്നെ. പക്ഷെ അവയുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.(17:44)

ഭൂമി എത്രമാത്രം അലങ്കാരമാണ്.
സസ്യങ്ങൾ, പൂക്കൾ, പരിമണം വീശുന്ന കാറ്റ്, അങ്ങനെ പലതും. എല്ലാവരും കാണുന്നതുപോലെയാണ് ഇലാഹീ സ്മരണയുളളവർ കാണുന്നത്. പക്ഷേ അശ്രദ്ധവാന്മാർ കാണാത്ത പലതുമാണ് ഇലാഹീ സാമീപ്യമുള്ളവർ പ്രപഞ്ചത്തിൽ നിന്ന് വായിച്ചെടുക്കുന്നത്. ഇലാഹീ സൗന്ദര്യത്തെയാണ് അനുഭവിക്കുന്നത്.
അവന്റെ സൃഷ്ടിപ്പിൽ പ്രകടമാകുന്ന അത്ഭുങ്ങളിലേക്കും ശ്രദ്ധ ആകൃഷ്ടമാകും.

നിലാവ് മുറ്റിയ എണ്ണമറ്റ നക്ഷത്രങ്ങൾ കൊണ്ട് വെട്ടി തിളങ്ങുന്ന ആകാശമാണ് രാത്രിയിൽ കാണുന്നത്. ഇതെല്ലാം ഇലാഹീ സാന്നിധ്യത്തെ ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങളാണ്. ധിഷണാശാലികളായ മഹത്തുകളുടെ ശ്രദ്ധ ചക്രവാളത്തിലേക്ക് പതിയുമ്പോൾ, ദൃഷ്ടിയിൽ പതിയുന്നത് തന്നെ മാറ്റുരക്കുന്ന ഇലാഹീ സന്ദേശങ്ങളായിട്ടാണ്. ആകാശത്ത് നിന്ന് പെയ്തിറങ്ങുന്ന മഴയും, ഭൂമിയിൽ കിളിർത്തു വരുന്ന വിഭവങ്ങളും, വ്യത്യസ്ത നിറമുള്ള, രുചിയുള്ള ഭക്ഷണ പാനീയങ്ങളും ഇവരെ ആഴത്തിലേക്കുള്ള ചിന്തയിലേക്ക് തള്ളിവിടുന്നു. ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും , ഔദാര്യവുമാണെന്ന ദൃഢബോധ്യത്തിലെത്തുന്നു. ഈ വിഭവ സമൃദ്ധമായ ഭക്ഷണ പാനീയങ്ങൾ ഇവരുടെ മനോദർപ്പത്തിൽ കൊത്തിവെക്കുന്ന സന്ദേശം, അടിമകളോട് അല്ലാഹു നടത്തിയ ഖുർആനിക ബോധന മാത്രമാണ്. “നിങ്ങളുടെ രക്ഷിതാവ്‌ തന്ന ഉപജീവനത്തില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക.” (34:15)

ഇലാഹീ സ്നേഹം, ആദരവ്, ദൈവഭയം, എന്നിവ കൊണ്ട് ഉണർവ് ലഭിച്ച വ്യക്തികളുടെ അവസ്ഥയാണിത്. അവരുടെ മനോദർപ്പണത്തിൽ പ്രപഞ്ചിക വസ്തുക്കൾ പതിയുമ്പോൾ, അതിൽ അവർ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമാണ് കാണുക. മറ്റെന്നിലേക്കും അവരുടെ ശ്രദ്ധ പതിയുകയില്ല. ഈ അവസ്ഥാ വിശേഷത്തെയാണ് “വഹ്ദത്തുൽ ശുഹൂദ് ” എന്നപേരിൽ വിളിക്കപ്പെടുന്നത്. ഉന്നതമായ ഒരു പദവിയാണിത്. മുസ്‌ലിംകൾ ഈ പദവിയിൽ എത്തിച്ചേരാൻ കഠിനപരിശ്രമം നടത്തേണ്ടതുണ്ട്. തൗഹീദിനെ ബൗദ്ധികമായി മനസ്സിലാക്കി, ദൃഢപ്പെടുത്തിയതിനു ശേഷം മാത്രമാണ് ഈ പദവിയിൽ എത്താനുള്ള പരിശ്രമങ്ങൾ ആരംഭികേണ്ടത്. “വഹ്ദത്തുൽ വൂജുദ് എന്ന പേരിൽ തന്നെ ഒരു നിരർത്ഥക സിദ്ധാന്തമുണ്ട്. അതിൽ നിന്ന് രക്ഷപ്രാപിക്കാൻ തൗഹീദിലായുള്ള ദൃഢ ബോധ്യം അനിവാര്യമാണ്.

യഥാർത്ഥ തൗഹീദ് കൊണ്ട് ഒരാൾക്ക് ഇത്തരമൊരു വിശുദ്ധ പദവിയിൽ എത്തി ചേരാൻ സാധിക്കുന്നില്ലെങ്കിൽ, സൃഷ്ടികളുമായുള്ള ഇടപഴക്കം മനസ്സിൽ ഒരു തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും. മാറ്റങ്ങൾ കാണുബോൾ, മാറ്റങ്ങൾ സൃഷ്ടിച്ചവനെ കാണാതെ പോകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും.

ഒരാൾക്ക് വെറെയാളോട് ശക്തമായ ബന്ധമുണ്ടാകുബോൾ, അവൻ / അവൾ തമ്മിലുള്ള ഇടപഴക്കത്തിൽ തന്നെ വഹ്ദത്തു ശുഹൂദ് കാണാം. അവളുടെ / അവന്റെ വല്ലശേഷിപ്പുകളിലേക്ക് കാഴ്ച്ച കേന്ദ്രീകരിക്കുമ്പോൾ ആ വസ്തു അവൻ / അവളിൽ നിന്ന് പൂർണ്ണമായും മറഞ്ഞു പോകും. ആ വസ്തുവിനെ പറ്റിയല്ല അവർ ഗാഢമായി ആലോചിക്കുക മറിച്ച് അവരുടെ പ്രേമഭാജനത്തെയാണ്. ഇതു മാത്രമാണ് അവരുടെ ഭാവനാ ലോകത്ത് നൃത്തമാടുക. മജ്നൂൻ കാലങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ ലൈലയുടെ വീട് കണ്ടപ്പോൾ ചെയ്തതും ഇതു തന്നെ. ആ കവിതയുടെ ആശയം ഇങ്ങനെ വായിക്കാം.
ഞാൻ ലൈലയുടെ വീടിന്റെ അരികിലൂടെ നടന്നു.
ആ ചുമരും, ഈ ചുമരുമെല്ലാം ചുംബിച്ചു.
വീടിനോടുള്ള സ്നേഹമല്ല. വീട്ടിൽ താമസിച്ച ലൈയോടുള്ള പ്രണയമാണ്.

ഇവിടെ അടിമ, തനിക്കു സമാനമായ മനുഷ്യനെ പ്രണയിച്ചപ്പോഴാണ് അവരുടെ ശേഷിപ്പുകൾ മാഞ്ഞു പോയത്. എങ്കിൽ അടിമ റബ്ബിനെ പ്രണയിച്ചാലോ? അവനാണ് പ്രപഞ്ച സ്രഷ്ടാവ്. ആയതിനാൽ മറ്റുള്ള എല്ലാത്തിനെക്കാൾ പ്രേമം അല്ലാഹുവോട് മാത്രമാണ്. ഇപ്രകാരം ഇലാഹീ പ്രണയത്തിൽ അലിഞ്ഞു ചേർന്നവർ, സ്രഷ്ടാവിന്റെ മഹത്തായ സൃഷ്ടിപ്പുകൾ, സൃഷ്ടിപ്പിലെ ക്രിയാത്മകത, അവ ഉൾകൊള്ളുന്ന അനുഗ്രഹങ്ങൾ തുടങ്ങിയവ കാണുമ്പോൾ വാസ്തവത്തിൽ ഇവയെല്ലാം ഇവരുടെ ദൃഷ്ടിയിൽ നിന്ന് മാഞ്ഞു പോകുന്നതാണ്. പകരം, അവന്റെ അത്ത്യുന്നതമായ ദൈവീക വിശേഷണം, യുക്തി, ഔദാര്യം എന്നിവയായിരിക്കും ദൃശ്യമാവുക.

പ്രപഞ്ചിക സൃഷ്ടികളെ ഇലാഹീ സ്മരണയിലേക്കുള്ള ദൃഷ്ടാന്തമായി കാണാൻ അല്ലാഹു കല്പിക്കുന്ന സൂക്തങ്ങൾ ഇവിടെ ചേർക്കാം. അശ്രദ്ധത കൈവെടിഞ്ഞ് ഉണർവ്വുളളവരാകാനും, തൽഫലമായി, വിശ്വാസത്തിന്റെ ഉന്നതമായ വഹ്ദത്തു ശുഹൂദ് എന്ന പദവിയിലേക്ക് ഉയരാനും സാധിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു. തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിൽക്കുകയോ, ഇരിക്കുകയോ, കിടക്കുകയോ ചെയ്ത് അല്ലാഹുവെ ഓര്‍മ്മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ പറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവർ പറയും ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.(3:190-191)

മറ്റൊരു സൂക്താശയം ഇങ്ങനെ വായിക്കാം. “ആകാശഭൂമികളുടെ സൃഷ്ടിപ്പ്, രാപകലുകളുടെ മാറ്റം, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പൽ, നിര്‍ജീവാവസ്ഥയിൽ കിടക്കുന്ന ഭൂമി, ആകാശത്ത് നിന്ന് അല്ലാഹു ഇറക്കിയ മഴ മുഖേന പുനർജീവിക്കുന്ന ഭൂമി, ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന എല്ലാതരം ജന്തുവര്‍ഗങ്ങൾ, കാറ്റുകളുടെ ഗതിക്രമം, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘം, ഇവയിലെല്ലാം ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീർച്ചായും പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (2: 164)

മുകളിൽ വിവരിച്ച പ്രകാരം തെറ്റുകുറ്റങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പരിശ്രമം നടത്തുക എന്നതാണ് ഒന്നാമത്തെ ചികിത്സാ മുറ. ഇത് ഭംഗിയായി നിർവഹിക്കുക. നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളെ വിസ്മരിപ്പിക്കും വിധത്തിലുള്ള അശ്രദ്ധയെ ദൂരീകരിക്കുകയും വേണം. ദിഖ്റുകൾ നിത്യമാക്കുക, വർദ്ധിപ്പിക്കുക തുങ്ങിയവയിലൂടെ അശ്രദ്ധതയെ ദൂരീകരിച്ചാൽ മനസ്സിൽ ഇലാഹീ സ്നേഹം കിളിർത്തു വരും. “അല്ലാഹുവിനെ കാണുന്നതു പോലെ “ആരാധിക്കുക എന്ന് തിരുനബി (സ) വിശേഷിപ്പിച്ച ഇഹ്സാൻ എന്ന പദവിയിലേക്ക് ഉയരാൻ സാധിക്കുന്നതാണ്. ഈ അവസ്ഥ നിലനിൽക്കുകയാണെങ്കിൽ സൃഷ്ടി രൂപങ്ങളെല്ലാം/ പ്രപഞ്ചിക ചിത്രങ്ങളെല്ലാം ഹൃദയത്തിൽ നിന്ന് മാഞ്ഞു പോവുകയും, തൽസ്ഥാനത്ത് പ്രപഞ്ച സ്രഷ്ടാവിന്റെ വിശേഷണങ്ങൾ സ്ഥിരപ്പെടുകയും ചെയ്യും. ദൈവീകയുക്തി , കൃപ, കാരുണ്യം, ആദരവ് എന്നിവയെ വായിച്ചെടുക്കാൻ പ്രേരകമാകുന്ന ഒരു തെളിച്ചമാർന്ന രേഖയായിട്ടാണ് ഹൃദയത്തിൽ പ്രസ്തുത പ്രപഞ്ച / സൃഷ്ടി രൂപങ്ങൾ കുടികൊള്ളുക. എല്ലാ മുസ്‌ലികളും, അത്യധികം പരിശ്രമത്തിലൂടെ സ്വായത്തമാക്കേണ്ട ഉന്നത പദവിയായ ” വഹ്ദത്തു ശുഹൂദാണിത്.

(തുടരും)

വിവര്‍ത്തനം: ബിഎം മുഹമ്മദ് സഫ്‌വാന്‍ ഹാദി