ഖല്‍വത്ത്: തെളിച്ചത്തിലേക്കുള്ള ആത്മീയ തുറവി

ഹികം സീരീസ്- 15
ചിന്താ നഗരിയിലേക്ക് പ്രവേശിക്കാന്‍ ഏകാന്തതയെ പോലെ ഹൃദയത്തിനു പ്രയോജനം ചെയ്യുന്ന മറ്റൊന്നുമില്ല. (ഹിക്മത്ത് 12)
കഴിഞ്ഞ ഹിക്മത്തിന്റെ പൂര്‍ത്തീകരണമാണ് ഇനി വായിക്കാനുള്ളത്.
ഈ രണ്ടു ഉപദേശങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടും ഒത്തുചേരുമ്പോള്‍ മാത്രമെ സമ്പൂര്‍ണ്ണമാവുകയുള്ളു. കഴിഞ്ഞ ഹിക്മയില്‍ ഇബ്‌നു അത്വാഅ് വിവരിച്ചത് സ്വത്വ രൂപീകരണത്തിനായി ഖുമൂലില്‍ കഴിയുന്നതിന്റെ പ്രാധാന്യമാണ്. വ്യക്തി വികാസത്തെ തടുക്കുന്ന എല്ലാവിധ സാമൂഹിക ഇടപാടുകളില്‍ നിന്നും അകന്ന് ഹൃദയം സംസ്‌കരിച്ചെടുക്കാനാണ് ഉത്‌ബോധിപ്പിച്ചത്. എന്നാല്‍ ഈ ഹിക്മ വിവരിക്കുന്നത് തനിച്ച് ഏകാന്തമായി കഴിയേണ്ടതിന്റെ അനിവാര്യതയെയാണ്. ഏകാന്തത എന്നതിനെക്കാള്‍ വ്യാപാകാര്‍ത്ഥം ഖുമൂലിനുണ്ട്. തന്റെ കൂടെ ആരുമില്ലാതെ കഴിയുന്നതിനെയാണ് ഏകാന്തത എന്നു പറയുന്നതെങ്കില്‍, സാമൂഹിക ഇടപഴക്കത്തില്‍ നിന്നു അകന്നു നില്‍ക്കുന്നതിനെയാണ് ഖുമൂല്‍ എന്ന് പറയുന്നത്. ഖുമൂല്‍ അനുവര്‍ത്തിക്കാന്‍ ഏകാന്തനായി കഴിയണമെന്നില്ല.
ഇവ രണ്ടും ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മാത്രമെ ഹൃദയ സംസ്‌കരണത്തിന്റെ സമ്പൂര്‍ണ്ണത സിദ്ധിക്കാന്‍ സാധിക്കുകയുള്ളു.
ആദ്യമായി ഖല്‍ബ് എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ട് അര്‍ത്ഥങ്ങളാണ് ഖല്‍ബിനുള്ളത്. ഒന്ന്, ബുദ്ധി. രണ്ട്, ഹൃദയം. അഥവാ നെഞ്ചിന്റെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആന്തരികാവയവം. ഈ രണ്ടു അര്‍ത്ഥങ്ങളിലായി ഖുര്‍ആനിക സൂക്ത പരാമര്‍ശങ്ങളുണ്ട്. സൂറത്തുല്‍ ഖാഫിലെ സൂക്തം 37ല്‍ ഖല്‍ബിന് ബുദ്ധി എന്ന അര്‍ത്ഥമാണ്. സൂറത്ത് അല്‍ റഅദിലെ സൂക്തം 28ല്‍ ഖല്‍ബിന്റെ അര്‍ത്ഥം ഹൃദയം എന്നാണ്. വൈദ്യശാസ്ത്രത്തില്‍ പറയുന്ന ഹൃദയമല്ല ആയത്തിലെ വിവക്ഷ. മറിച്ച് സ്‌നേഹം, അനുകമ്പ, ഭയം, ആദരവ് തുടങ്ങിയവയുടെ പ്രഭവ കേന്ദ്രമായ ബോധമണ്ഡലമാണ്. ഹൃദയമെന്ന പദം രൂപാലങ്കാരമായി(metaphor) ബുദ്ധിയെ അര്‍ത്ഥമാക്കാറുണ്ടെങ്കില്‍ ഇവിടെ പ്രയോഗിച്ചത് യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ്(real meaning).
അടുത്തതായി ഉസ്‌ല എന്ന പദത്തിന്റെ അര്‍ത്ഥവും സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്. ഉസ്‌ല എന്നതാണ് ഹിക്മത്തിലെ പ്രയോഗം. അല്‍ ഉസ്‌ല എന്നല്ല. ഉസ്‌ലത്ത് എന്നത് നകിറയും, അല്‍ ഉസ്‌ല എന്നത് മഅ്‌രിഫയുമാണ്. ഈ പദങ്ങള്‍ക്കിടയില്‍ അര്‍ത്ഥ വ്യത്യാസമുണ്ട്.
കുറഞ്ഞ നേരം എന്ന അര്‍ത്ഥമാണ് ഉസ്‌ലയുടേത്. അല്‍ ഉസ്‌ല എന്നാല്‍ കൂടുതല്‍ സമയം എന്നാണ്. മാ നഫഅല്‍ ഖല്‍ബ മിസ്‌ല ഉസ്‌ലതിന്‍… എന്നതിന്റെ അര്‍ത്ഥം കുറഞ്ഞ സമയത്തെ ഏകാന്തത എന്നാണ്. അല്‍ ഉസ്‌ല എന്നാണ് ഹിക്മത്തെങ്കില്‍ നിത്യമായ ഏകാന്തത എന്ന അര്‍ത്ഥമാണ് ഉണ്ടാവുക. ജീവിതം മുഴുവന്‍ ഏകാന്തനായി ജനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കാനല്ല മതം ആവശ്യപ്പെടുന്നത്. കുറച്ചു നേരം ഏകാന്തനായി നില്‍ക്കുക എന്നതാണ്. ഈ കാര്യം ഉണര്‍ത്താനാണ് ഈ രീതിയില്‍ ഇബ്‌നു അത്വാഅ് പദപ്രയോഗം നടത്തിയത്. ജീവിതം മുഴുവന്‍ ഏകാന്തനായി കഴിയുക എന്നത് മനുഷ്യ പ്രകൃതത്തിന് തീര്‍ത്തും അന്യമായ ഒന്നാണ്. കാരണം മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. അതുകൊണ്ടത്രെ ‘ഉസ്‌ലയെ’ മഅ്‌രിഫയായി പ്രയോഗിക്കാതെ നകിറയാക്കി പ്രയോഗിച്ചത്.
ചിന്തിക്കാനും ആലോചിക്കാനും വ്യക്തിയെ പ്രാപ്തമാക്കുന്ന മാധ്യമമായതിനാലാണ് ഏകാന്തതയെ മതം പ്രോത്സാഹിപ്പിക്കുന്നത്. ഗഹനമായ ആലോചനക്കുള്ള അനുകൂല കാലാവസ്ഥ സൃഷ്ടിക്കാന്‍ കൂടുതല്‍ പ്രചോദനം ഉള്‍കൊള്ളാന്‍ സാധിക്കുന്നത് ഏകാന്തതയില്‍ മാത്രമാണ്. കഴിഞ്ഞ ഹിക്മത്ത് അനുസരിച്ച് ഖുമൂലില്‍ കഴിയുന്ന വ്യക്തി നിര്‍ബന്ധമായും ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഏകാന്തനായി കഴിയേണ്ടത് അത്യന്താപേക്ഷികമാണ്. പാരായണം, ചിന്തയെ ഉദ്ധീപിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ വിധ പ്രതിബന്ധങ്ങളില്‍ നിന്നും അകന്നുള്ള ഏകാന്തതയാണ് ഒരാള്‍ സ്വീകരിക്കുന്നതെങ്കില്‍ തീര്‍ത്തും അത് നിഷ്‌ക്രിയമായ പ്രവര്‍ത്തനമാണ്. ഇത് വ്യക്തിയെ കൂടുതല്‍ മാര്‍ഗ്ഗ ഭ്രംശത്തിലേക്കാണ് നയിക്കുക. ഇത്തരം ഏകാന്തത കൊണ്ട് ഒരു വ്യക്തി യാതൊരു ഗുണവും സിദ്ധിക്കാന്‍ പോകുന്നില്ല. ദൈവിക ചിന്തയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ഏകാന്തത ഏങ്ങനെയാണ് മഹത്തരമാകുന്നത്?! അതെ! ഇവ സമയം നഷ്ട്ടപ്പെടുത്തുന്ന പാഴ്‌വേല മാത്രമാണ്.!
അല്ലാഹുവിലേക്കുള്ള സാമീപ്യം സാധ്യമാക്കാനും, മനുഷ്യനെ അധ:കൃതനാക്കുന്ന ചെയ്തികളില്‍ നിന്ന് മോചനം നേടാനും, ബൗദ്ധികതയെ പരിപോഷിപ്പിക്കാനും വേണ്ടിയാണ് ഏകാന്തത വേണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നത്. വ്യക്തിയുടെ സക്രിയമായ ഇടപഴക്കത്തിനു വേണ്ടിയാണ് ഇതിന്റെ അനിവാര്യതയെ ഇബ്‌നു അത്വാഅ്(റ) ഈ ഹിക്മയില്‍ വിവരിക്കുന്നത്.
ലക്ഷ്യം ഇലാഹീ സാമീപ്യമാണ്. ലക്ഷ്യ പ്രാപ്തിയിലേക്കുള്ള വഴിയാണ് ചിന്ത. വഴിയിലേക്കുള്ള പ്രവേശന കവാടമാണ് ഏകാന്തത. ഈ രണ്ടു (ഏകാന്തത, ചിന്ത) കാര്യങ്ങളിലേക്കാണ് നമ്മെ ഈ ഹിക്മത്ത് ക്ഷണിക്കുന്നത്.
രോഗി ആചരിക്കേണ്ട പഥ്യത്തിനോടും, കഴിക്കേണ്ട മരുന്നിനോടും ഇവയെ ഉപമിക്കാം. ഡോക്ടര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ പഥ്യവും നിര്‍ദേശിക്കാറുണ്ട്. പഥ്യമാചരിക്കാതെ മരുന്ന് കഴിക്കുന്നതു കൊണ്ടോ, പഥ്യം സ്വീകരിച്ച് മരുന്ന് ഒഴിവാക്കുന്നത് കൊണ്ടോ യാതൊരു ഫലവും ഉണ്ടാവുകയില്ല. മരുന്ന് കഴിക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കാന്‍ ഫലത്തിന് വിപരീത സ്വഭാവം ഉണ്ടാക്കുന്ന, രോഗം മൂര്‍ഛിക്കുന്നതിന് ഹേതുവായിത്തീരുന്ന ഭക്ഷണ പാദാര്‍ത്ഥങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനാണ് ചികിത്സാരികള്‍ പഥ്യം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒഴിച്ചു കൂടാനാവാത്തതാണ്. ഇത് ഇബ്‌നു അത്വാഅ്(റ) തങ്ങളുടെ പ്രത്യുത ഉപദേശത്തിന്റെ കൃത്യമായ ചിത്രീകരണമാണ്.
ഹിക്മത്ത് മുസ്ലിംകളില്‍ ഒതുങ്ങാതെ മനുഷ്യവര്‍ഗത്തെ തന്നെ ഏകാന്തതയിലേക്ക് ക്ഷണിക്കുന്നു. ആത്മാവില്‍ ഏകാന്തതയ്ക്കുള്ള സ്ഥാനമെന്നത് മനുഷ്യ ശരീരത്തില്‍ പഥ്യാചരണത്തിനുള്ള അതേ സ്ഥാനമാണ്. രോഗിയുടെ ശരീരത്തിന് അനിവാര്യമായ ഒന്നാണ് ഔഷധമെങ്കില്‍ ബുദ്ധിക്കും ആത്മാവിനും അതിപ്രധാനമാണ് ചിന്തയും ആലോചനയും. അഥവാ ഔഷധവും പഥ്യവും പരസ്പരപൂരകങ്ങളാണെന്നതു പോലെ തന്നെയാണ് ഏകാന്തതയും ആലോചനയും.
ഇനി മനുഷ്യന്‍ എല്ലാ ദിവസവും ചുരുങ്ങിയ സമയം ഏകാന്തതയില്‍ കഴിയണം. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ ഗഹനമായി ചിന്തിക്കാനും കൂടുതല്‍ ആലോചിക്കാനും പ്രയോജനമായ ഒരു ഇടം തന്നെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ചിന്തയെ മുരടിപ്പിക്കുന്ന, മനസ്സിനെ അങ്കലാപ്പിലാക്കുന്ന സ്ഥലം തിരെഞ്ഞടുക്കാന്‍ പാടില്ലെന്ന് പറയേണ്ടതില്ലല്ലോ?. അത്തരം സ്ഥലങ്ങളില്‍ ഇരിക്കുകയാണെങ്കില്‍ അയാള്‍ അല്ലാഹുവില്‍ നിന്ന് അകന്നു കൊണ്ടേയിരിക്കും. അല്ലാഹുവിന് മുമ്പാകെ അദ്ദേഹത്തിന് ഒരു വലിയ മറ ഉണ്ടാക്കുന്ന ഒന്നായി മാറുന്നതാണ് ഇത്തരം ഏകാന്തത. ഏകാന്തതയുടെ ലക്ഷ്യം അല്ലാഹുവിലേക്ക് അടുക്കലാണ്. അവന്റെ സ്വിഫത്തുകളെ കുറിച്ചുള്ള അറിവും ബോധവും ഉണ്ടെങ്കില്‍ റബ്ബിനോട് അത്യധികം സ്‌നേഹവും ആദരവും ഹൃദയത്തില്‍ ഉയിരെടുക്കും. അങ്ങനെ ആത്മനാശത്തിന്റെ പടുകുഴിയില്‍ നിന്ന് മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കാന്‍ കഴിയും.
ഈ ലക്ഷ്യമാണ് ഏകാന്തതയില്‍ വ്യക്തി പൂര്‍ത്തീകരിക്കേണ്ടത്. അതിനായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക. ഇതാണ് ഏകാന്തതയില്‍ വ്യക്തി ഉള്‍പ്പെടുത്തുന്നതില്‍ ഏറ്റവും ശ്രേഷ്ടകരമായത്. തിരുനബിയുടെ ജീവചരിത്രം മനസ്സ് ഇരുത്തി വായിക്കുന്നതും തഥൈവ. സ്വന്തത്തെക്കുറിച്ചുള്ള ആലോചനയും ഉചിതം തന്നെയാണ്. എവിടെ നിന്നാണ് ഞാന്‍ വന്നത്? ദുനിയാവിലേക്ക് എന്റെ വരവ് എങ്ങനെയാണ്? ഞാന്‍ ചെറിയ കുട്ടിയായിരുന്നു, യുവത്വവും യൗവനവും കടന്ന് വൃദ്ധനാകുന്നു. അങ്ങനെ പതിയെ പതിയെ അവസാനിക്കുന്നതാണ് ഈ ജീവിതം. വൈകാതെ ദുനിയാവില്‍ നിന്ന് ഞാന്‍ വിട പറയേണ്ടിയിരിക്കുന്നു. ഈ കാലമത്രയും ഞാനെന്ത് ചെയ്തു? ഈ ലൗകികതയുടെ ആനന്ദ സങ്കേതത്തില്‍ നിന്ന് എന്താണ് ഞാന്‍ സമ്പാദിച്ചത്? ഇനി എനിക്ക് ഇവിടെ ശേഷിക്കുന്നതോ? ഇങ്ങനെ തുടരുന്ന ചോദ്യങ്ങള്‍ കൊണ്ട് ആത്മവിചാരണ ചെയ്യുക. ഈ സന്ദര്‍ഭത്തില്‍ മനസ്സില്‍ ഖേദവും വിഷമവും ഉടലെടുക്കും. കഴിഞ്ഞു പോയ നാളുകളില്‍ എനിക്ക് എന്ത് കൊണ്ട് കൂടുതല്‍ സത്കര്‍മ്മങ്ങള്‍ ചെയ്യാനോ/ താളപ്പിഴവുകളെ കുറക്കാനോ കഴിയാതെ പോയി?. ഈ ആത്മഗതം ശിഷ്ടകാലം കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാനും, താളപ്പിഴവുകളെ തിരുത്താനും അവസരമൊരുക്കും. അവസരത്തെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള മന:ശക്തി രൂപപ്പെടുകയും ചെയ്യും. ഇതാണ് തനിച്ചിരിക്കുന്നതില്‍ വ്യക്തി ആര്‍ജ്ജിക്കാന്‍ പോകുന്ന വിശുദ്ധി. ദുര്‍ചെയ്തികളെ പാടെ പിഴുതെറിയാനും, സാര്‍വ്വ ലൗകിക സത്യത്തെ അനുഗമിക്കാനും പ്രേരണ നല്‍കുന്ന വെളിച്ചമാണ് ഏകാന്തത.
ഈ തത്ത്വോപദേശത്തിന് ഇമാം ഇബ്‌നു അത്വാഅ്(റ) അവലംബിച്ച പ്രമാണങ്ങള്‍ കൂടി തുടര്‍ന്നു വായിക്കേണ്ടതുണ്ട്.
1- ഖുര്‍ആന്‍ പറയുന്നു: (നബിയേ) പറയുക. ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമെ ഉപദേശിക്കുന്നുള്ളു. അല്ലാഹുവിനു വേണ്ടി നിങ്ങള്‍ തനിച്ചോ രണ്ടു പേരായോ നില്‍ക്കുകയും ശേഷം ചിന്തിക്കുകയും ചെയ്യുക. നിശ്ചയം നിങ്ങളുടെ കൂട്ടുകാരന്‍ (തിരുനബി(സ)ക്ക്) ഒരു ഭ്രാന്തുമില്ല. അതികഠിനമായ ശിക്ഷയുടെ മുമ്പില്‍ നിന്ന് നിങ്ങള്‍ക്കുള്ള താക്കീതു നല്‍കുന്നവനാകുന്നു (34 / 46). അതായത് വംശവെറി, ധാര്‍ഷ്ട്യ താത്പര്യങ്ങള്‍ ഒഴിവാക്കാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. തിരുനബി(സ)യെക്കുറിച്ചും നബി(സ) നിങ്ങളിലേക്ക് കൊണ്ടുവന്ന കാര്യങ്ങളെക്കുറിച്ചും ഒരാള്‍ തന്റെ കൂട്ടുകാരനോടൊത്ത് നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ തനിച്ചിരിക്കുമ്പോള്‍ ഒന്ന് ഗഹനമായി ആലോചിച്ചു നോക്കുക. അപ്പോള്‍ പ്രവാചകര്‍(സ) കൊണ്ട് വന്നതെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് നിന്റെ ബുദ്ധിക്ക് ഉറച്ചബോധ്യം വരുന്നതാണ്. അവര്‍ പറയുന്നതു പോലെ നബി(സ)ക്ക് ഒരു ഭ്രാന്തുമില്ല. മറിച്ച് നിങ്ങള്‍ അതിഗൗരവമായ ശിക്ഷയുടെ മധ്യത്തിലായിരിക്കെ നിങ്ങളിലേക്ക് നിയുക്തനായ താക്കീതുകാരനാണ് തിരുനബി(സ).
തിരുനബി(സ)യുടെ നിര്‍ദേശമാണ് രണ്ടാമതായി വായിക്കേണ്ട പ്രമാണം. അബൂദാവൂദ്, തിര്‍മുദി, ബൈഹഖി, ഇബ്‌നു അബി ദുന്‍അ തുടങ്ങിയവര്‍ ഉക്ബത് ബ്‌നു ആമിറില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് വായിക്കാം. ഉക്ബ നബി(സ)യോട് ചോദിച്ചു. എന്താണ് വിജയം? തിരുനബി(സ) പ്രതികരിച്ചു. ‘നീ നിന്റെ നാവിനെ സൂക്ഷിക്കുക, വീട്ടുകാര്‍ക്ക് വിശാലത ചെയ്യുക, തെറ്റുകളെ ഓര്‍ത്ത് കരയുക.’
പ്രവാചകരുടെ ജീവചരിത്രത്തിലെ സുപ്രധാനമായ ഒരു ചര്യയാണ് മൂന്നാമത്തെ പ്രമാണം. പ്രവാചകത്വം ലഭിക്കുന്നതിന് മുന്നോടിയായി അല്ലാഹു തിരുനബി(സ)യില്‍ ഏകാന്തതയോടുള്ള പ്രണയം നിക്ഷേപിച്ചു. വഹ്‌യിന്റെ പ്രാരംഭത്തെക്കുറിച്ച് വിവരിക്കുന്ന ഹദീസില്‍ ഈ കാര്യം വ്യക്തമാണ്. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം അവ പ്രസിദ്ധമാണ്.
വഹ്യിന് മുമ്പായി തിരുനബി(സ) പതിവാക്കിയ ഏകാന്തത ഒഴിവാക്കിയിട്ടുണ്ടെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. അതിന് ഉബോത്ബലകമായി ഒരു തെളിവുമില്ല. നുബുവ്വത്തിനു ശേഷവും തിരുനബി(സ) ഏകാന്തത തുടര്‍ന്നു കൊണ്ടേയിരുന്നു എന്നതാണ് വാസ്തവം. അത് മലകള്‍ താണ്ടി ഹിറാ ഗുഹയിലേക്ക് പോയിട്ടായിരുന്നില്ല. മറിച്ച് സ്വന്തം വീട്ടില്‍ തന്നെയാണ് ഏകാന്തനായി ഇരുന്നത്. ദിവസത്തിന്റെ മുഖ്യഭാഗവും നബി ഏകാന്തവാസത്തില്‍ തന്നെയായിരുന്നു. ഇരുട്ടു മൂടി രാത്രിയുടെ പകുതി ഭാഗം കഴിഞ്ഞാല്‍, നബി(സ) ഉറക്കില്‍ നിന്ന് എഴുന്നേറ്റ് വുദൂഅ് ചെയ്ത് നിസ്‌കാരത്തിലേക്ക് കടക്കും. ഖുര്‍ആന്‍ പാരായണം കൊണ്ട് ദൈര്‍ഘ്യമേറിയ നമസ്‌കാരമാണ് നബി നിര്‍വഹിച്ചിരുന്നത്. ഏകാന്തനായുള്ള മനനത്തിന് ഏറ്റവും ഉചിതമായ സമയം ഇതാണ്.
ഹേ…പുതപ്പു പുതച്ചവനെ, എഴുന്നേല്‍ക്കുക. രാത്രി അല്‍പം സമയം ഒഴിച്ച് നമസ്‌കരിക്കുക. രാത്രിയുടെ പകുതി, അല്ലെങ്കില്‍ പകുതിയേക്കാള്‍ കുറച്ചു സമയം, അതുമല്ലെങ്കില്‍ പകുതിയേക്കാള്‍ കൂടുതല്‍ സമയം. സാവകാശം ഖുര്‍ആന്‍ പാരായണം ചെയ്യുക.(73- 1- 4) ഈ സൂക്ത വാക്യങ്ങള്‍ നിര്‍ബന്ധ പൂര്‍വ്വം തിരുനബി(സ)യെ ഏകാന്തതയില്‍ ആരാധന നിര്‍വഹിക്കാന്‍ കല്‍പ്പിക്കുന്നുണ്ട്. എന്തുകൊണ്ട്? ഈ നമസ്‌കാരങ്ങള്‍ തിരുനബി(സ) പകല്‍ വെളിച്ചത്ത് നിര്‍വഹിച്ചാല്‍ മതിയായിരുന്നില്ലേ. രാത്രിയും പകലും തമ്മില്‍ വല്ല വ്യത്യാസവും ഉണ്ടോ?
പകല്‍ സമയത്ത് നബി ഏകാന്തനായി ഈ ബാധ്യതകള്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ ആവശ്യപെട്ട കാര്യം നിവര്‍ത്തിയാവുകയില്ല. പകല്‍ സമയം ശബ്ദമുഖരിതമായിരിക്കും. ജനങ്ങള്‍ വരുന്നു, പോകുന്നു, പല കാര്യങ്ങള്‍ ചോദിക്കുന്നു, അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു, ജീവിതോപാധിയായ പലതിലും ഇടപെടുന്നു, ഇങ്ങനെ തുടങ്ങിയ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്ക് നിറഞ്ഞതാണ് പകല്‍ സമയം. ഈ സമയത്ത് ഗഹനമായി ആലോചനയിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. എന്നാല്‍ രാത്രിയുടെ അര്‍ദ്ധ ഭാഗം കഴിഞ്ഞ സമയമാണ് മനസ്സിന് ശാന്തമായി ആലോചിക്കാനും, ഗഹനമായി ചിന്തിക്കാനും സാധിക്കുന്നത്. ചുറ്റും നിശബ്ദമായ ഈ സമയം കഴിഞ്ഞാല്‍ പിന്നെ അര്‍ദ്ധരാത്രി സമയമാണ്. രാത്രിയുടെ തുടക്കവും ഒടുക്കവും ഇതിനോളം വരില്ല. രാത്രിയും പകലും തമ്മില്‍ വലിയ വിത്യാസമുണ്ട്. അതത്രെ അല്ലാഹു തിരുനബി(സ)യോട് ഈ സമയങ്ങളില്‍ പ്രാര്‍ത്ഥന നിരതനാകാന്‍ കല്‍പ്പിച്ചത്. ഈ മാതൃക വിശ്വാസി സമൂഹവും പിന്തുടരേണ്ടതുണ്ട്.
പണ്ഡിതര്‍ പറയാറുണ്ട്. രാത്രി എഴുന്നേറ്റ് നിസ്‌കാരം, പ്രാര്‍ത്ഥന, അല്ലാഹുവോടുള്ള മുനാജാത്ത് എന്നിവ നിര്‍വഹിക്കാത്തവര്‍ മുജ്തഹിദുകള്‍ അല്ല. പണ്ഡിത നിഗമനത്തിന് പിന്നിലുള്ള കാര്യം ഇതായിരിക്കാം. തിരക്കുകളുടെ ശ്വാസം നിലച്ചു എങ്ങും നിശബ്ദമായ സമയത്ത് എഴുന്നേറ്റ് ഇലാഹിനോട് മുനാജാത്ത് നടത്തണം. മനസ്സിന് ശാന്തത പകരുന്ന സാഹചര്യമാണിത്. പകല്‍ സമയത്താകുമ്പോള്‍ വ്യക്തിയെ ചിന്താക്കുഴപ്പത്തിലാക്കുന്ന യാതൊന്നും ഈ സമയത്തുണ്ടാവില്ല. ഇത്തരമൊരു ഏകാന്തതയാണ് അല്ലാഹു നബി (സ) തങ്ങള്‍ക്ക് നിര്‍ബന്ധവും നബിയുടെ സമുദായത്തിന് സുന്നത്തുമാക്കിയത്.
മുസ്ലിം തന്റെ ജീവിതത്തില്‍ ഏകാന്തതയെ പ്രായോഗികമായി നടപ്പില്‍ വരുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രതിഫലനത്തെക്കുറിച്ചാണ ഇനി നമുക്ക് വായിക്കാനുള്ളത്.
ഹംറ തെരുവു പോലെ (Hamra Street- ലബനാനിലെ വലിയ ഒരു തെരുവാണ് ഹംറ) അല്ലെങ്കില്‍ ഹമീദിയ്യ അങ്ങാടി (Al-Hamidiyah Souq – സിറിയയിലെ വലിയ അങ്ങാടി) പോലെ ജനനിബിഢമായ അങ്ങാടിയിലൂടെ/ തെരുവിലൂടെ ഒരു കൂട്ടം വ്യാപാര സുഹൃത്തുക്കള്‍ക്കൊപ്പം നടക്കുന്നതായി നിങ്ങള്‍ ഒന്നു സങ്കല്‍പ്പിക്കുക. പണം, വരവ് ചിലവ്, സമ്പാദ്യം മുതലായവയാണ് നിങ്ങളുടെ സംസാര വിഷയം. ഈ സംഭാഷണത്തിന്റെ ബഹളത്തിനിടയില്‍ ഒരാള്‍ നിങ്ങളെ ഒരു തിരുവാക്യം ഓര്‍മ്മപ്പെടുത്തുന്നു. തിരുനബി(സ) പറഞ്ഞു, ‘മനുഷ്യ പുത്രനു സമ്പത്തിന്റെ ഒരു താഴ്‌വര ഉണ്ടെങ്കില്‍ രണ്ടെണ്ണത്തിനായി അവന്‍ അന്വേഷിക്കും. രണ്ടുണ്ടെങ്കില്‍ മൂന്നായിരിക്കും തേട്ടം. അവന്റെ ആവശ്യങ്ങളുടെ മാറാപ്പ് നിറക്കാന്‍ മണ്ണിനു മാത്രമെ സാധിക്കുകയുള്ളു. പശ്ചാത്തപിക്കുന്നവരെ അല്ലാഹു സ്വീകരിക്കുന്നതാണ്. (ബുഖാരി, മുസ്ലിം) മനസ്സിന് വല്ല പ്രതിഫലനവും ഈ സംസാരം മുഖേന ഉണ്ടായിത്തീരുമോ? ഇല്ല, മനസ്സില്‍ ഒരു ചലനവും ഇത് മുഖേന ഉണ്ടായിത്തീരുന്നതല്ല. മാത്രമല്ല, സംസാരത്തിനിടയില്‍ വന്ന ഈ വാക്കുകള്‍ ഒരുപക്ഷേ നിങ്ങള്‍ വ്യക്തതയോടെ സ്ഥിരപ്പെടുത്തുന്നുണ്ടെങ്കിലും, നിലകൊള്ളുന്ന പരിസ്ഥിതിയും സംഭാഷണവും ചിന്തയുമെല്ലാം ഇതിനെ മറികടക്കുന്നതാണ്. മനസ്സില്‍ നിലയുറച്ച ഈമാനിക മാധുര്യം കാരണം ഹദീസിനെയും, ഉദ്ധരിച്ച വ്യക്തിയെയും ഒരുവേള നിങ്ങള്‍ക്ക് ബഹുമാനിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ പോലും തൊട്ടടുത്ത നിമിഷം ആ തിരുവചനം മനസ്സില്‍ നിന്നും മറന്നു പോകുക തന്നെ ചെയ്യും.
ഇതു കൂടി സങ്കല്‍പ്പിച്ചു നോക്കുക. രാത്രിയുടെ അവസാന ഭാഗം മാത്രം അവശേഷിക്കവെ നീ എഴുന്നേല്‍ക്കുന്നു. എങ്ങും ശാന്തത. ചിന്തയെ കുഴപ്പത്തിലാക്കുന്ന ശബ്ദങ്ങളോ, സംസാരങ്ങളോ ഒന്നും തന്നെ ഇല്ല. ചുറ്റുമുള്ള നിശബ്ദതയില്‍ നീ വുദൂഅ് ചെയ്ത്, അല്‍പ നേരം നമസ്‌കരിക്കുന്നു. ശേഷം ശാന്തമായ ഈ പരിസ്ഥിതിയില്‍ ആലോചന തുടങ്ങുന്നു. സമ്പത്ത്, വ്യാപാരം, മറ്റു തിരക്കുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം മാറിനിന്ന് നേരത്തെ കേട്ട ഹദീസിനെ പറ്റി മനനം ചെയ്യുകയാണങ്കിലോ?
‘എന്റെ സമ്പത്ത്, എന്റെ ധനം എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നവരാണ് മനുഷ്യര്‍. കഴിച്ച ഭക്ഷണങ്ങള്‍ ദഹിച്ചു പോകുന്നു. ധരിച്ച വസ്ത്രങ്ങള്‍ നുരുമ്പിച്ചു പോകുന്നു. വല്ലതും ധാനം ചെയ്താല്‍ തീര്‍ന്നു പോകുന്നു. ഈ രീതിയിലല്ലാതെ വല്ലതും മനുഷ്യരുടെതായ ഉടമസ്ഥതയിലുണ്ടോ? ‘ഈ ഹദീസിനെ പറ്റിയോ, അല്ലെങ്കില്‍ ഇതുമായി സാമ്യത പുലര്‍ത്തുന്ന മറ്റു തിരുവാക്യങ്ങളെ കുറിച്ചോ ആണ് ഈ സമയത്ത് ആലോചിക്കുന്നതെങ്കിലോ, തീര്‍ച്ചയായും ഉപര്യുക്ത തിരുവാക്യങ്ങള്‍ ഹൃദയത്തിലേക്ക് അനിര്‍വചനീയമായ പ്രതിഫലനം പ്രവഹിപ്പിക്കുന്നതാണ്. തനിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ആനന്ദത്തിന്റെയും സൗന്ദര്യത്തിന്റെയും കിരണങ്ങള്‍ക്ക് മങ്ങലേല്‍ക്കും. ആവശ്യത്തിലധികം സ്വരൂപിച്ചു കൂട്ടിയ പണവും, മറ്റു വിഭവങ്ങളുമെല്ലാം ഒരു ഭാരമായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതാണ്. അങ്ങനെ നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് ആവശ്യത്തിലധികം സ്വരൂപിക്കാനോ അതിനുള്ള പരിശ്രമത്തിനോ തുനിയുകയില്ല.
അപ്പോള്‍ ഇവിടെ ചിലരുടെ ചോദ്യമുണ്ടാകും. അങ്ങാടിയിലെ വ്യാപാരങ്ങള്‍ ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്തവരെ സംബന്ധിച്ചിടത്തോളം ഈ രാത്രിയിലെ ഏകാന്തത എന്ത് നേട്ടമാണ് നേടിത്തരുന്നത്? ഈ ഏകാന്തത ദിനചര്യയായി അനുവര്‍ത്തിച്ച് പോരുന്നവര്‍ക്ക് വൈകാതെ തന്നെ ഇതിന്റെ നേട്ടം മനസ്സിലാക്കാന്‍ സാധ്യമാണ്. ഈ വിശുദ്ധ ചര്യയിലൂടെ നിങ്ങള്‍ കൈവരിക്കുന്ന നേട്ടമെന്നത് അങ്ങാടിയോടോ ലൗകികതയോടോ ഉണ്ടാകുന്ന വിമുഖതയല്ല. അല്ലാഹുവിന്റെ കല്‍പ്പനകളോട് പാലിക്കേണ്ട അച്ചടക്കമാണ് നിങ്ങള്‍ ഈ പരിശ്രമത്തില്‍ കൈവരിക്കുന്ന നേട്ടം. അങ്ങനെ അത് നിങ്ങളെ ഹറാമായ എല്ലാ ചെയ്തികളില്‍ നിന്നും തടയിടും.
ഈ വാക്കുകള്‍ കൊണ്ട് ഞാന്‍ നിങ്ങളെ സൂഫിസത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്നുവെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുത്. മറിച്ച് തിരുപ്രവാചകര്‍(സ) പകര്‍ന്ന ഇസ്ലാമിക പാഠങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രമാണ് പ്രസ്തുത വിവരണങ്ങള്‍.
ഇങ്ങനെ ഖല്‍വത്തില്‍ കഴിയുമ്പോള്‍ ഒരു മുര്‍ശിദ് ഉണ്ടാകല്‍ അനിവാര്യമാണെന്നു പറയുന്നവരുണ്ട്. എന്താണ് വസ്തുത? തിരുനബി(സ)യോരുടെ ചര്യ അനുവര്‍ത്തിക്കാന്‍ മുര്‍ശിദിനെ ആശ്രയിക്കേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ മുര്‍ശിദ് ഇല്ലാത്ത സന്ദര്‍ഭത്തില്‍ സുന്നത്തുകള്‍ മുടങ്ങിക്കിടക്കുമല്ലോ? അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗ്ഗം ഛേദിക്കപ്പെടുകയും ചെയ്യും.
അതെ, മുര്‍ശിദ് ഉണ്ടാവുക എന്നത് വലിയ അനുഗ്രഹമാണ്. പക്ഷെ തിരുനബി(സ)യുടെ സുന്നത്തുകള്‍ അവലംബിക്കാനോ, പ്രവര്‍ത്തികമാക്കാനോ ഒരു മുര്‍ശിദ് ഉണ്ടാവുക എന്നത് ഒരു നിബന്ധനയല്ല. ഈ സുന്നത്തുകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ആപേക്ഷികമായ ജോലി നിര്‍വഹിക്കുന്നവനാണ് മുര്‍ശിദ്. മുറബ്ബിയത്തിന്റെ അനിവാര്യതയെ തുടര്‍ന്നാണ് മുര്‍ശിദിന്റെ അനിവാര്യത ഉണ്ടായിത്തീരുന്നത്. സമൂഹത്തില്‍ അതിപ്രധാന്യമുള്ള ഒരു അടിസ്ഥാന സംഗതിയാണ് തര്‍ബിയ്യത്ത്.
ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചിലരെ നമുക്ക് കാണാം. ഇത് അവര്‍ ഒരു ജോലിയായി സ്വീകരിച്ചതാണ്. ഇതിലൂടെ അവര്‍ ഒരുപാട് പണം സമ്പാദിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രശസ്തമായ ഒരു പദവി രൂപപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ മുര്‍ശിദല്ല. മറിച്ച് ഉപജീവനത്തിനായി യത്‌നിക്കുന്ന ഒരു ജോലിക്കാരന്‍ മാത്രമാണ്. ദീനിന്റെ വാതിലില്‍ മുട്ടുന്നതിനു പകരം ദുനിയാവിന്റെ വാതില്‍ക്കല്‍ മുട്ടാനാണ് ഇത് പ്രേരിപ്പിക്കുന്നത്.
യഥാര്‍ത്ഥ മുര്‍ശിദ്, ഇസ്ലാമിക വിജ്ഞാനങ്ങളില്‍ അകക്കാഴ്ച്ചയുള്ളവരാണ്. ആ ജ്ഞാനം ഋജുവായ പാതയില്‍ സഞ്ചരിക്കാനുള്ള മാധ്യമമായി സ്വീകരിക്കുകയും, അത് അനുവര്‍ത്തിച്ചുമുള്ള സഞ്ചാരമാണ് അവരുടേത്. ലൗകികതയോടുള്ള പ്രേമത്തെ മനസ്സില്‍ നിന്ന് പാടെ പിഴുതെറിഞ്ഞ പ്രപഞ്ച പരിത്യാഗികളാണ് അവര്‍. ദേഹേച്ഛകളെ നിലക്കു നിര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയിലൂന്നി ജീവിതം കൃത്യപ്പെടുത്തുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ദൈവിക തൃപ്തിയാണ്. മറ്റു ഇതര ചിന്തകളിലേക്കൊന്നും മുര്‍ശിദിന്റെ മനസ്സ് ചാഞ്ചാടുകയില്ല.
യഥാര്‍ത്ഥ മുര്‍ശിദിനെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ അവരെ പ്രകീര്‍ത്തിക്കുന്നതും അവഹേളിക്കുന്നതും തുല്യമാണ്. എന്തെന്നാല്‍ അവര്‍ സംവദിക്കുന്നത് അല്ലാഹുവോടാണ്. അല്ലാതെ മനുഷ്യരോടല്ല. ജനങ്ങള്‍ പുകഴ്ത്തി പാടുന്നതിലല്ല, മറിച്ച് അല്ലാഹുവിന്റെ പ്രീതി നേടുന്നതിലാണ് അവരുടെ കണ്‍കുളിര്‍ക്കുന്നത്.
അത്തരമൊരു മുര്‍ശിദിനെ നിനക്കു കിട്ടുകയാണെങ്കില്‍ അവരെ നീ മുറുകെ പിടിക്കണം. കാരണം അവര്‍ക്ക് നിങ്ങളെ ഇലാഹിലേക്ക് വഴി നടത്താനും പിശാചിന്റെ ചതിക്കുഴിയില്‍ നിന്ന് കരകയറ്റാനും സാധിക്കും. മാത്രമല്ല അവര്‍ മുഖേന നിങ്ങളുടെ ഹൃദയങ്ങളില്‍ തിരുനബിയുടെ സുന്നത്തുകളോട് ഇഷ്ടം വെക്കാനും, ബിദ്അത്തുകളില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള മനോവിശുദ്ധി നേടാനും കഴിയും.
മുര്‍ശിദിനെ കണ്ടെത്തുന്നതിലൂടെ അല്ലാഹുവിലേക്ക് നിങ്ങളുടെ പ്രയാണം അനിശ്ചിതത്വത്തിലാക്കരുത്. മുര്‍ശിദിനെ കിട്ടിയാല്‍ അവരെ മുറുകെ പിടിക്കണം. അതിലൂടെ സഞ്ചരിക്കുകയും വേണം. മുര്‍ശിദിനെ കിട്ടാത്തവര്‍ക്ക് സത്‌വൃത്തരും, നന്മ ഉദ്ദേശിക്കുന്നവരുമായ കൂട്ടുകാര്‍ തന്നെ അന്വേഷിക്കപ്പെടേണ്ട യഥാര്‍ത്ഥ മുര്‍ശിദിനു പര്യാപ്തമാണ്. നല്ല നാടുകളില്‍ ഇവര്‍ ഒരുപാട് പേരുണ്ട്.
അത്യുന്നതനായ മുര്‍ശിദാണ് തിരുനബി(സ). നബി(സ)യേക്കാള്‍ വലിയ ഒരു മുര്‍ശിദുമില്ല. അതുകൊണ്ട് തിരുനബി(സ)യുടെ ജീവിത ചരിത്രം മന:സ്സാന്നിധ്യത്തോടെ വായിക്കുക. ജീവിതത്തില്‍ പകര്‍ത്തുക. തിരുനബി(സ)യുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ സ്വലാത്ത് നിന്നില്‍ ഒരു മുര്‍ശിദായി ധര്‍മ്മം നിര്‍വഹിക്കും. നീ ഇരുട്ടില്‍ അകപ്പെട്ടാല്‍ വെളിച്ചം കാണിച്ചു തരും. മാര്‍ഗഭ്രംശത്തിലേക്ക് വഴുതുമ്പോള്‍ മനസ്സില്‍ ഈമാനിനോട് പ്രിയം നിലനിര്‍ത്തി തരികയും ചെയ്യും. അല്ലാഹു ഔദാര്യവാനാണ്.
(തുടരും)
വിവര്‍ത്തനം: ബിഎം മുഹമ്മദ് സഫ്‌വാന്‍ ഹാദി

Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.