ആത്മപ്രയാണത്തിലെ ഏകാന്തത
ഹികം സീരീസ്- 14
നിന്റെ അസ്തിത്വം അപ്രശസ്തിയുടെ ഭൂമികയില്‍ നീ കുഴിച്ചു മൂടുക. കാരണം മണ്ണിനടിയില്‍ കിടക്കാത്ത വിത്തില്‍ നിന്ന് കിളിര്‍ക്കുന്ന ചെടി വളര്‍ച്ചയില്‍ പൂര്‍ണ്ണത പ്രാപിക്കുകയില്ല. (ഹിക്മത്ത് 11)
ആദ്യമായി ഖുമൂല്‍ (അപ്രശസ്തി) എന്ന പദത്തിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഖുമൂല്‍ എന്നതിന് അലസത, വിശ്രമം എന്നൊക്കെ അര്‍ത്ഥ കല്‍പ്പന നല്‍കിയവര്‍ ചുരുക്കമല്ല. അത് അവര്‍ക്കു പറ്റിയ അബദ്ധമാണ്. ഫുലാനുന്‍ ഖാമില്‍ എന്നാല്‍ അലസനായവന്‍, ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിര്‍വഹിക്കാത്തവന്‍ എന്നെക്കെയാണ് അര്‍ത്ഥമെന്നാണ് അവര്‍ പറഞ്ഞു വെക്കുന്നത്.
പ്രശസ്തിയെ വിളിച്ചുവരുത്തുന്ന ഭൗതിക വ്യാപാരങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നവന്‍, അപ്രശസ്തന്‍ എന്നു മാത്രമാണ് ഈ പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. അഥവാ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധിനേടാതെ/ പ്രശസ്തനാകാത്ത വിധം നില കൊള്ളുന്ന മനുഷ്യനെയാണ് ഭാഷയില്‍ ഖാമില്‍ എന്നു പറയുന്നത്.
ഇനി നമുക്ക് ഇബ്‌നു അത്വാഅ് തങ്ങള്‍ പറഞ്ഞ വാക്യത്തിന്റെ വിവരണത്തിലേക്ക് വരാം. ‘നിന്റെ അസ്തിത്വം അപ്രശസ്തിയുടെ ഭൂമികയില്‍ നീ കുഴിച്ചു മൂടുക. ‘അതായത്, നീ മതകീയമോ ഭൗതികമോ ആയ മുഖ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ നീ നിന്നെ ഖുമൂലില്‍ കുഴിച്ചിടണം (ഇവിടെ ഇബ്‌നു അത്വാഅ്(റ) മുഖ്യമായവ എന്നതു കൊണ്ട് വിവക്ഷിക്കുന്നത് മതകീയമായി മുഖ്യ കാര്യങ്ങളെയാണ്). അതുകൊണ്ട് നീ ജനങ്ങള്‍ക്കിടയില്‍ കീര്‍ത്തി നേടുന്നതിനു മുമ്പ്, നിന്നെ പ്രസിദ്ധ- പ്രബല വ്യക്തിയായി ജനങ്ങള്‍ കാണുന്നതിനു മുമ്പ് അപ്രശസ്തിയുടെ ഭൂമികയില്‍ ആസ്തിക്യത്തെ മറമാടുക.
ഒരു നിശ്ചിത കാലം ഖുമൂലില്‍ (അപ്രശസ്തനായി) കഴിയേണ്ടത് അനിവാര്യമാണ്. ജനമധ്യേ അപ്രസിദ്ധനായി കഴിയണം. യശസ്സുയര്‍ത്തുന്ന ഇടപഴക്കങ്ങളില്‍ നിന്നും അകലുകയും വേണം. എന്തെന്നാല്‍ ആ ഖുമൂല്‍ നിന്റെ സ്വത്വത്തെ പരിപാലനത്തിനും ബുദ്ധിയെ പരിപോഷണത്തിനും ആത്മ സംസ്‌കരണത്തിനും സഹായകരമാണ്. ലക്ഷ്യത്തെ പിഴപ്പിക്കുന്ന ആകുലതകളില്‍ നിന്ന് മനസ്സിനെ സ്ഫുടം ചെയ്‌തെടുക്കാനും, താന്‍ മുന്നിട്ടിറങ്ങിയതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മനുഷ്യന്‍ ഖുമൂലില്‍ കഴിയേണ്ടതുണ്ട്.
സമൂഹത്തിന്റെ ചലന നിശ്ചലനങ്ങളില്‍ ആയിരിക്കെ/ സാമൂഹിക ഉന്മേഷത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ അലഞ്ഞു കൊണ്ടിരിക്കെ എങ്ങനെയാണ് സ്വന്തത്തെ സ്ഫുടം ചെയ്‌തെടുക്കാന്‍ സാധിക്കുക? ഹൃദയ സംസ്‌കരണത്തില്‍ എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുക?
ഈ ആത്മ സംസ്‌കരണത്തിന്റെ ക്രമീകരണ രീതിയെ പ്രാപഞ്ചിക പ്രതിഭാസങ്ങളിലൊന്നായ സസ്യലോകത്തിന്റെ വളര്‍ച്ച രീതിയോടാണ് ഇബ്‌നു അത്വാഅ്(റ) ഉപമിക്കുന്നത്. നടാന്‍ ഉദ്ദേശിച്ച വൃക്ഷച്ചെടി ആദ്യം വിത്തായി നിശ്ചിത കാലയളവ് മണ്ണിനടയില്‍ കിടക്കണം. ഭൂമിയുടെ പ്രതലത്തിലോ, ഉറച്ച കല്ലുകളുടെ പുറത്തോ വിത്തുപാകിയാല്‍ ആ വൃക്ഷത്തിന് കിളിര്‍ത്തു വരാന്‍ സാധിക്കില്ല. ചുട്ടുപഴുക്കുന്ന രീതിയില്‍ സൂര്യതാപമേല്‍ക്കുന്ന പ്രതലത്തിലോ, ശക്തമായ കാറ്റു വീശുന്ന നിലത്തോ വലിച്ചെറിഞ്ഞ വിത്തും മുളപൊട്ടില്ല. മുളക്കാന്‍ ഭൂമിക്കടിയില്‍ തന്നെ കുഴിച്ചിടണം.
വിത്ത് വൃക്ഷമായി വളരാന്‍ ഭൂമിയുടെ ഇരുട്ടറയില്‍ നിശ്ചിത കാലം കുഴിച്ചിടുക തന്നെ വേണം. അതിനടിയില്‍ കിടക്കുന്ന വിത്ത് മുളപൊട്ടി, വേരുറക്കുകയും, കിളിര്‍ക്കുകയും ശാഖകളും ശിഖരങ്ങളുമായി ഇലകള്‍ പന്തലിച്ചുള്ള വൃക്ഷമായി വളര്‍ന്നു വരുന്നു. അല്ലാഹു അതിന്റെ വളര്‍ച്ചയെ അങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്ന് പുറത്തേക്ക് വളര്‍ന്നു വരുന്ന ചെടി വിത്തായിരിക്കെ, നാശത്തിലേക്ക് നയിക്കാന്‍ പ്രാപ്തമായ സകലതിനെയും തരണം ചെയ്യാനുള്ള അസാമാന്യ ശക്തിയോടെയാണ് വളരുന്നത്. വേരോട്ടത്തിന് തടസ്സമേകുന്ന കല്ലുകളെ തുളച്ചു കീറി പാത വെട്ടിത്തെളിക്കാനും, കരിച്ചുകളയുന്ന സൂര്യതാപത്തെ ക്രിയാത്മകമായി ഉപയോഗിക്കാനും, അടിയുലയുന്ന കാറ്റിനെയും വിത്തിന്റെ മരണം വിധിക്കാന്‍ ശേഷിയുള്ള ധൂളികളെയും പ്രതിരോധിക്കാന്‍ മാത്രം ശേഷിയോടെയാണ് വൃക്ഷം മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക് കിളിര്‍ത്തു വരുന്നത്.
സസ്യങ്ങളുടെ വളര്‍ച്ച രണ്ടു ഘട്ടങ്ങളിലായാണ്. ഒന്ന്, അതിന്റെ വേരൂന്നിയുള്ള അടിസ്ഥാന ഘട്ടം. മറ്റേത് വളര്‍ച്ചയുമായുള്ള ഘട്ടം. ഒന്നാമത്തെത് മണ്ണിനടിയില്‍ രൂപപ്പെടുന്ന പ്രതിഭാസമാണെങ്കില്‍ രണ്ടാമത്തെത് വെളിയില്‍ പ്രകടമാക്കുന്നതും, നമുക്ക് ദൃശ്യമാകുന്നവയുമാണ്. ഇതു പോലെയാണ് മനുഷ്യനും. കാരണം ഇലാഹിയായ പരിപാലന രീതി ഒന്നാണ്. അത് നട്ടുവളര്‍ത്തുന്ന ബീജ വിത്തായാലും, സ്വത്വം രൂപപ്പെടുത്തുന്ന മനുഷ്യനായാലും ഒരേ നിയമം തന്നെ.
അല്ലാഹുവിന്റെ ദാസന്‍ എന്നതാണ് ഒരോരുത്തരുടെയും വ്യക്തിത്വമെന്ന് എല്ലാ മനുഷ്യര്‍ക്കും വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. എന്നാല്‍ തന്റെ വ്യക്തിത്വത്തെ സര്‍വ്വാധിപന്റെ മുമ്പില്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍, അതിന് മനുഷ്യന്‍ ഋജുവായ പാതയില്‍ സഞ്ചരിക്കുക തന്നെ വേണം.
ശരീഅത്തിനെ അറിയുക, മതത്തിന്റെ സംരക്ഷകനാവുക, ദൈവിക മാര്‍ഗത്തില്‍ കഠിന പരിശ്രമം നടത്തുക, നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക, തന്നില്‍ അര്‍പ്പിതമായ വൈയക്തിവും സാമൂഹികവുമായ ബാധ്യതകള്‍ നിര്‍വഹിക്കുക തുടങ്ങിയവയിലൂടെയാണ് മനുഷ്യന്‍ സഞ്ചരിച്ചു മുന്നേറേണ്ടത്. അതുകൊണ്ടു തന്നെ ഈ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കല്‍ അനിവാര്യം തന്നെയാണ്. ഭൂമിയുടെ ഗര്‍ഭത്തിലായി വിത്ത് വേണ്ട വിധം പാകപ്പെടുമ്പോഴാണ് അതിന്റെ വളര്‍ച്ച തുടങ്ങുന്നത്. ഇതുപോലെ മനുഷ്യനും മണ്ണിന്റെ ഗര്‍ഭത്തില്‍ കിടന്നു പാകപ്പെടണം. മനസ്സിനെയും സ്വന്തത്തെയും സംസ്‌കരിക്കാനും, ഭൗതികതയുടെ തീവ്രാഭിലാഷത്തില്‍ നിന്ന് മുക്തി നേടാനും ഇതു അനിവാര്യം തന്നെ. അവിടെ കിടന്ന് അവന്‍ സ്വന്തത്തെ സ്ഫുടം ചെയ്‌തെടുക്കണം. ഇനി ലൗകികമായ തീവ്രാഭിലാഷത്തെ പേറിയാണങ്കിലോ? സമൂഹത്തിന്റെ കുത്തൊഴുക്കില്‍ അകപ്പെട്ടവര്‍, കരിമ്പാറയില്‍ പാകിയ/ മണ്ണിന്റെ മേല്‍ഭാഗത്ത് നിക്ഷേപിച്ച വിത്തിനു സമാനമാണ്. അതിന് വളരാനാകുമോ, ഒരിക്കലുമില്ല. പൂപ്പല്‍ പിടിക്കുകയോ, നശിക്കുകയോ ചെയ്യും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
ആദ്യം തന്നെ ജനമധ്യേ പ്രശസ്തിയുടെ മാളികയില്‍ കയറി പ്രവര്‍ത്തന രംഗത്തേക്ക് വരുന്നവര്‍ വഞ്ചനയിലും വിനാശത്തിലും അകപ്പെടുന്നതാണ്. ഇനി വല്ലതും ഇവര്‍ പറഞ്ഞാലോ? ജ്ഞാനിയില്‍ നിന്നുണ്ടാകുന്ന പക്വമായ സംസാരമായിരിക്കില്ല ഇവരില്‍ നിന്നുണ്ടാവുക. ഉദ്ദേശം ഋജുവായ പാതയില്‍ സഞ്ചരിക്കുക എന്നാണെങ്കില്‍ പോലും പാതിവഴിയില്‍ ലക്ഷ്യം പിഴക്കുന്നതായി കാണാം. ഭൗതികതയിലേക്കോ, അതിന്റെ അലങ്കാരമണിഞ്ഞ സ്ഥാന പദവിയിലേക്കോ, സമ്പാദ്യത്തിലേക്കോ മനസ്സിനു ചാഞ്ചാട്ടം സംഭവിക്കുക തന്നെ ചെയ്യും. കാരണം വേണ്ടതു പോലെ മനസ്സു പാകപ്പെട്ടതിനു ശേഷമല്ല അവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വേരോട്ടം സാധ്യമാകാതെ വളര്‍ന്നാല്‍ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധ്യമാകാത്തതു പോലെ, അവന്‍ വികാരങ്ങള്‍ക്കും ദേഹേഛകള്‍ക്കും മുമ്പില്‍ നിലം പതിഞ്ഞു പോകും. അത്തരക്കാരുടെ സാമൂഹികമായ ഒരോ ഇടപഴക്കവും അവരെ ലൗകികപ്രേമത്തിലേക്ക് വഴിനയിക്കും. കാരണം ഇവരുടെ സ്വത്വം ഏകാന്തതയുടെ മാടത്തില്‍ സ്ഫുടം ചെയ്യപ്പെട്ടിട്ടില്ല. ഏകാന്തതയുടെ അകത്തളത്തില്‍ നിന്ന് അവന്റെ പ്രകൃതം വേണ്ടവിധം പാകപ്പെട്ട രീതില്‍ ബഹിര്‍ഗമിച്ചതുമല്ല. പിന്നെ എങ്ങനെ അവന്‍ കുഴപ്പങ്ങളില്‍ അകപ്പെടാതിരിക്കും.
ഇബ്‌നു അത്വാഅ്(റ) നിര്‍ദ്ദേശിച്ച ഈ ഉപദേശം മാനിക്കാതെ പിന്തിരിഞ്ഞു നില്‍ക്കുന്നു എന്നതാണ് പുതിയ കാലത്ത് മുസ്ലിം സമൂഹത്തിനിടയില്‍ കണ്ടുവരുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം.
സാമൂഹിക ചലനങ്ങളില്‍ നിന്നും അമിത പ്രശസ്തിയില്‍ നിന്നും അകന്ന് ഏകാന്തതയില്‍ കഴിഞ്ഞിട്ടല്ലാതെ ഒരു മനുഷ്യരും സ്വയം തിരിച്ചറിവ് നേടുകയോ, മനസ്സിനെ കെട്ടിപ്പടുക്കുകയോ, ശാസ്ത്ര വിജ്ഞാനങ്ങള്‍ കൊണ്ട് ബൗദ്ധികതയെ പരിപോഷിപ്പിക്കുകയോ ചെയ്തിട്ടില്ല. മനസ്സിനെ സകല രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കാന്‍ ശേഷി നല്‍കുന്ന പ്രതിരോധ തുള്ളി മരുന്നു പോലെയാണ് ഈ ഏകാന്തത. ഒഴിഞ്ഞിരുന്നുള്ള ഈ ചികിത്സമുറ ആരൊക്കെ അനുവര്‍ത്തിക്കുന്നുണ്ടോ, അവരെല്ലാം തന്നെ തങ്ങളുടെ മനസ്സിനെയും ബുദ്ധിയെയും യഥാവിധം സ്ഫുടം ചെയ്‌തെടുത്തവരാണ്. അറിവു കൊണ്ട് അവന്റെ മനസ്സ് പക്വത പ്രാപിക്കുകയും, സംസ്‌കാരം കൊണ്ട് സ്വയം അച്ചടക്കമുള്ളവനും വിദ്യാസമ്പന്നനുമായിത്തീരുകയും ചെയ്യുന്നു. വികാര വിചാരങ്ങളെല്ലാം തന്നെ സമുന്നതമായ കാര്യങ്ങളിലേക്ക് നയിക്കാന്‍ ഉപേത്ബലകമായി പരിവര്‍ത്തിക്കുന്നു. ഇതെല്ലാം ഏകാന്തതയുടെ പരിണിത ഫലങ്ങളാണെന്ന് വ്യക്തമാണ്.
അങ്ങനെ വളരുമ്പോള്‍ മാത്രമാണ് അവന്റെ പ്രവര്‍ത്തനവും ഉന്മേഷവും വ്യക്തിപരവും സാമൂഹികമായും ഫലദായകമാവുക. മണ്ണിനടിയില്‍ വിത്ത് വേരോടിയതിനു ശേഷം കിളിര്‍ത്തു, വളര്‍ന്നു പന്തലിച്ചു ഫലദായകമാകുന്നതിനു സമാനമായ രീതി തന്നെയാണ് ഈ വളര്‍ച്ചയും.
ഈ തത്വോപദേശത്തിന്റെ പ്രാമാണിക സ്രോതസ്സ് എന്താണ് എന്ന ചോദ്യം ചിലര്‍ ചോദിച്ചേക്കാം. ഉത്തരം വളരെ ലളിതമാണ്. മറ്റു ചില ഉപദേശങ്ങള്‍ പോലെ തന്നെ ഈ ഉപദേശവും തിരുനബി(സ)യുടെ ജീവചരിത്രത്തില്‍ നിന്ന് അവലംബിച്ചുള്ളതാണ്. നബിയെ അല്ലാഹു പരിപാലിച്ചു വളര്‍ത്തിയ രീതിയെ ആസ്പദിച്ചു തന്നെയാണെന്ന് വ്യക്തമായി പറയാം.
സ്വഹീഹായ ഹദീസു വായിക്കാം. ‘അല്ലാഹു നബി തങ്ങളെ ഏകാന്തതയോട് ഇഷ്ടമുള്ളവരാക്കി. അങ്ങനെ അവിടുന്ന് തുടര്‍ച്ചയായ ദിനരാത്രികളില്‍ ഹിറാ ഗുഹയില്‍ ഏകനായി ഉപാസന നടത്തി’. പ്രവാചകര്‍(സ)ക്ക് അല്ലാഹു നല്‍കിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനു മുന്നോടിയായിട്ടുള്ള/ അതിനു അടിസ്ഥാനമായുള്ള ഒരു പ്രവര്‍ത്തനമായിരുന്നു ഹിറയിലെ നബി(സ)യുടെ ഏകാന്തത. തിരുനബി(സ)ക്ക് തന്റെ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന്റെ മുന്നോടിയായി ഏകാന്തത അനിവാര്യമായിട്ടുണ്ടെങ്കില്‍, മുഴുവന്‍ വിശ്വാസികള്‍ക്കും തീര്‍ച്ചയായും ഒഴിച്ചു കൂടാനാവാത്ത വിധം അനിവാര്യമാണെന്ന കാര്യം ഈ ഹിക്മ വിശദീകരിക്കുമ്പോള്‍, നാം അതീവ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതാണ്.
ഇനി നാം ചരിത്രം അന്വേഷിക്കുകയാണെങ്കില്‍ നമുക്ക് കാണാന്‍ സാധിക്കും. സലഫുസ്വാലിഹുകളായ മുന്‍ഗാമികളെല്ലാം ഈ മാതൃക പൂര്‍ണ്ണമായി പിന്‍പറ്റിയവരാണ്. ഇബ്‌നു അത്വാഅ്(റ) വിവരിച്ച ഹിക്മയിലുള്ള പൊതുതത്ത്വം അനുവര്‍ത്തിക്കാത്ത ഒരു സ്വഹാബിയെയോ, അവര്‍ക്കു ശേഷമുള്ള വിശ്രുതരെയോ ചരിത്ര താളുകളില്‍ കണ്ടെത്താന്‍ സാധ്യമല്ല.
ഞാന്‍ ഇപ്പോള്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണെങ്കില്‍, അതിനു മുമ്പായി ഞാന്‍ മൂന്ന് ബാധ്യകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കേണ്ടത് അത്യവശ്യമാണ്.
ഒന്ന്:- വിജ്ഞാനം. അറിവ് ഇല്ലാതെ തനിക്ക് സത്യമാണെന്ന് തോന്നുന്ന കാര്യങ്ങളിലേക്ക് ജനങ്ങള്‍ക്ക് ക്ഷണിക്കാനോ, അവര്‍ക്കിടയില്‍ സംസാരിക്കാനോ എനിക്ക് അനുവാദമില്ല.
രണ്ട്:- ഹൃദയ സംസ്‌കരണം. മനസ്സ് എപ്പോഴും തിന്മക്ക് പ്രേരണ നല്‍കുന്നതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. അപ്പോള്‍ എന്റെ മനസ്സ് പലതും പ്രേരിപ്പിക്കും. നേതൃപദവി, പ്രശസ്തി, സമപ്രായക്കാരുമായുള്ള മത്സരം എന്നിങ്ങനെ തുടങ്ങി പല കാര്യങ്ങളിലേക്കും എന്റെ മനസ്സ് ആകര്‍ഷിക്കപ്പെടും. അതുമുഖേന ഞാന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ടതയുള്ളവനാകണം എന്ന ചിന്താഗതി എന്നെ പിടികൂടും. ലൗകിക ആനന്ദങ്ങളിലും, അഭിലാഷങ്ങളിലുമായി സുഖങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തും. പലവിധേന പണം സ്വരൂപിക്കാന്‍ യത്‌നിക്കും. നിസ്‌കാരത്തിനായി നില്‍ക്കുമ്പോള്‍ എന്റെ മനസ്സ് മന്ത്രിക്കുന്നത്, അത് ജനങ്ങള്‍ക്കിടയില്‍ എന്നെ പുകഴ്ത്താനുള്ള മാര്‍ഗ്ഗമെന്നാണ്. ജനങ്ങള്‍ക്ക് ഞാന്‍ പഠിപ്പിക്കാനോ, പ്രബോധന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് അവരെ മികവുറ്റവരാക്കാനോ ശ്രമിക്കുമ്പോള്‍ അത് ജനമധ്യേ എന്റെ പ്രതാപവും പ്രശസ്തിയും വളര്‍ത്താനുള്ള ഒരു മാര്‍ഗ്ഗമായി സ്വീകരിക്കാനായിരിക്കും എന്റെ മനസ്സ് മന്ത്രിക്കുക. ദുആ, ദിക്‌റുകള്‍, മറ്റു ആരാധന കര്‍മ്മങ്ങള്‍ തുടങ്ങിയവ പതിവാക്കി ഉപാസനകളില്‍ വ്യാപൃതനാകാന്‍ ഉദ്ദേശിച്ചാലോ? അത് ജനങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം ഉറപ്പിക്കാനുള്ള ഘടകമാക്കി മാറ്റാനായിരിക്കും മനസ്സ് പ്രേരിപ്പിക്കുന്നത്. അപ്പോള്‍ എന്താണ് ഇതില്‍ നിന്ന് മുക്തമാകാനുള്ള മാര്‍ഗ്ഗം. അത് മറ്റൊന്നുമല്ല. അല്ലാഹു കല്‍പ്പിച്ച പ്രകാരം ഹൃദയം സംസ്‌കരിക്കുക എന്നല്ലാതെ ഈ കുഴപ്പങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.
മൂന്ന്:- അമിതമായ സ്‌നേഹത്തില്‍ നിന്ന് മനസ്സിനെ ശുദ്ധീകരിക്കുക. എനിക്ക് എന്റെ മക്കള്‍, ഭാര്യ, സമ്പത്ത് തുടങ്ങിയവരോട് സ്‌നേഹമുണ്ട്. അവരോടും, സമ്പത്തിനോടുമുള്ള എന്റെ അമിതമായ സ്‌നേഹവും, അവയ്ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതും ഞാന്‍ നിര്‍ബന്ധമായും കൈയൊഴിയണം. അല്ലെങ്കില്‍ അത് എന്നെ ചതിക്കുഴിയില്‍ അകപ്പെടുത്തുക തന്നെ ചെയ്യും.
ഈ മൂന്ന് കാര്യങ്ങളും സ്വയം സന്നിവേശിപ്പിക്കാനും സ്വായത്തമാക്കാനും ഏത് പാഠശാലക്കാണ് സാധ്യമാവുക?. സമൂഹത്തിന്റെ അകത്തായിരിക്കെ, സാമൂഹിക ഇടപഴക്കത്തില്‍ സദാ വ്യാപൃതനായിരിക്കെ എനിക്ക് എന്റെ ഹൃദയത്തെ ശുദ്ധമാക്കാനോ, മനസ്സിനെ സംസ്‌കരിക്കാനോ, ബുദ്ധിയെ പരിപോഷിപ്പിക്കാനോ എങ്ങനെ സാധിക്കും? സമൂഹത്തിന്റെ ഗതിയൊഴുക്കിന്റെ അകത്തു നിന്ന് ഞാന്‍ എന്താണോ ലക്ഷ്യമിടുന്നത് അതിന് വിപരീതമായിരിക്കും സംഭവിക്കുക.
ഞാന്‍ ലക്ഷ്യം വെക്കുന്ന ഈ മൂന്ന് കാര്യങ്ങള്‍ സ്വായത്തമാക്കാന്‍ ഏകാന്തതയുടെ മറവില്‍ എന്റെ ആസ്തിക്യത്തെ സമര്‍പ്പിക്കുക തന്നെ വേണം. അല്ലാത്തപക്ഷം അവ പൂര്‍ണ്ണത പ്രാപിക്കില്ല. വിജനതയില്‍, ഏകാന്തവാസത്തില്‍ എന്റെ സ്വത്വം ബന്ധിപ്പിക്കുന്നത് കൊണ്ട് എനിക്ക് തിരിച്ചറിവ് നേടാനും, സ്രഷ്ടാവിനു മുമ്പില്‍ എന്റെ വ്യക്തിത്വത്തെ അടിമ എന്ന നിലക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കാനും കഴിയും. ഈ ബോധ്യം ഞാന്‍ ചൊല്ലുന്ന ദിക്‌റുകളെ ദൈനംദിന കര്‍മ്മമായും, ഖുര്‍ആന്‍ പരായണത്തെ അര്‍ത്ഥം ആലോചിച്ചു കൊണ്ടുള്ള ആത്മാര്‍ത്ഥമായ ആരാധനയായും പരിവര്‍ത്തിപ്പിക്കാം. എന്റെ മുമ്പിലുള്ള സകലതിനെയും അതിന്റെതായ പരിഗണനയില്‍ കാണാനുളള പക്വതയും പാകതയും എന്നില്‍ ക്രമേണ രൂപപ്പെടും. അഖിലവും സൃഷ്ടിച്ച നാഥനെ മറച്ചുവെക്കുന്ന ഒരു ഘടകവുമായി ഹൃദയം പെരുത്തപ്പെടുകയോ ബന്ധപ്പെടുകയോ ചെയ്യില്ല. കാരണം ശരീരവും, അതില്‍ ഉള്‍ക്കൊള്ളുന്ന മനസ്സും ദേഹേച്ഛകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും മുക്തമായി സമുന്നതമായ വിതാനത്തിലേക്ക് ഉയര്‍ന്നു വരും. അങ്ങനെ അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴിയില്‍ പ്രവേശിക്കാം.
സാമൂഹിക ഇടപഴക്കത്തിന്റെ സ്രോതസ്സുകളില്‍ നീരാടുന്നതില്‍ നിന്ന അകന്ന് ഏകാന്തതയുടെ മറയത്ത് കഴിഞ്ഞാല്‍ മാത്രമെ എനിക്ക് ഈ വിശിഷ്ടമായ മനോഗതി കരഗതമാക്കാന്‍ സാധിക്കുകയുള്ളൂ.
ഈ ചികിത്സാമുറയുടെ പ്രാധാന്യത്തെ വേണ്ടതുപോലെ ഗ്രഹിക്കാന്‍ വേണ്ടി രണ്ട് ഉപമകള്‍ കൂടി വിശദീകരിക്കാം. ഒന്ന് നിശാക്ലബില്‍ ഇരിക്കുന്ന വ്യക്തിയോടും, മറ്റേത് തിരക്കുപിടിച്ച വ്യാപാരിയോടും ഉദാഹരിക്കാം. രാത്രി സജീവമാകുന്ന ക്ലബുകളെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ?. എത്ര മാത്രം ശബ്ദ കോലാഹലമായിരിക്കും. അവിടെ സംഗമിച്ചവരുടെയും അല്ലാത്തതുമായ പല ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമായ പരിസരത്ത് ഇരിക്കുന്ന വ്യക്തിയുടെ അടുത്തേക്ക് പെട്ടെന്ന് അവന്റെ കച്ചവടത്തിന്റെ കൂറുകാരനോ/ സുഹൃത്തോ കടന്നുവരുന്നു. അവന്‍ ചോദിക്കുന്നത് തങ്ങള്‍ക്കിടയിലുള്ള സമ്പത്തുകളെയും വരവു ചിലവുകളെ കുറിച്ചുമാണ്. ഒരല്‍പ്പ നേരം അവന്റെ സംസാരം ശ്രദ്ധിച്ചു കേട്ടു. എന്നിട്ടോ അവന് അത് മനസിലാക്കാന്‍ കഴിയുമോ? പരിസരത്തുള്ള ശബ്ദങ്ങള്‍ അതിന് സമ്മതിക്കുമോ? അതുകൊണ്ട് ശ്രദ്ധിച്ചു കേട്ടതു കൊണ്ട് വല്ല നേട്ടവുമുണ്ടോ? ഈ പരിസരത്ത് നിന്നു കൊണ്ട് ശ്രോതാവിന് വേണ്ട പോലെ കാര്യങ്ങള്‍ മനസിലാക്കി കൊടുക്കാനും സാധ്യമല്ല. ഇനി വല്ലതും പറഞ്ഞാല്‍ അവ മുഴുവനും ഗ്രഹിക്കാനും സുഹൃത്തിന് കഴിയില്ല. അപ്പോള്‍ ഇയാള്‍ തന്റെ സുഹൃത്തിനോട് പറയും. ശരി, നമുക്ക് ശ്രദ്ധയോടെ കാര്യങ്ങള്‍ സംസാരിക്കാന്‍ സ്വസ്ഥത നല്‍കുന്ന ഒഴിഞ്ഞ സ്ഥലത്തേക്ക് നീങ്ങാം. അങ്ങനെ അവര്‍ ശാന്തമായ സ്ഥലത്തേക്ക് നീങ്ങി കാര്യങ്ങള്‍ സംസാരിക്കുന്നു.
പകല്‍ മുഴുവന്‍ കച്ചവടം ചെയ്യുന്ന ഒരു വ്യപാരി, തന്റെ അടുക്കല്‍ വന്നു പോവുന്ന ഉപഭോക്താക്കളോട് സംസാരിക്കുകയും വില പേശുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. അഥവാ മികച്ച രീതിയില്‍ ഇടപെടുന്നു. ഉപഭോക്താക്കളോടുള്ള സംസാരമൊക്കെ കഴിഞ്ഞ് അവസാനം തനിക്കു ലഭിച്ച നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വരവുചിലവുകള്‍ കൃത്യമാക്കുമ്പോഴാണ് അവന്റെ കച്ചവടത്തിന്റെ വിജയവും ലാഭവും ഉറപ്പ് വരുത്തുന്നത്. ഇത് ഈ ഇടപഴക്കത്തില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും മുക്തനായി ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശാന്തമായ പരിസരത്തു നിന്നാണ് വരവു ചിലവു കണക്കുകള്‍ കൃത്യതപ്പെടുത്തുന്നത്. അതിനായി അല്‍പം സമയം മാറ്റി വെക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം.
ഭൗതികതയുടെ ഈ ഇടപാടുകളെ മനസ്സിലാക്കാന്‍ ആര്‍ക്കും അത്ര വലിയ പ്രയാസമുണ്ടാവില്ല. ഇതു പ്രകാരമാണ് ആഖിറത്തിലേക്കുള്ള ഇടപാടുകളും.
എനിക്കറിയുന്ന ഇസ്ലാമിക വിജ്ഞാനങ്ങളുമായി ഞാന്‍ സമൂഹമധ്യേ ഇറങ്ങിച്ചെന്ന് നന്മ കല്‍പ്പിക്കുന്ന, തിന്മ വിരോധിക്കുന്ന ഒരു ഉഗ്രന്‍ പ്രഭാഷകനായാല്‍ എന്തായിരിക്കും സംഭവിക്കുക? പെട്ടെന്ന് തന്നെ ഞാന്‍ ജനങ്ങള്‍ക്കിടയില്‍ പേരും പെരുമയുമുള്ള, ആശ്ചര്യം ഉളവാക്കുന്ന മഹോന്നതനായ നേതാവായി മാറും. അപ്പോള്‍ എന്റെ മതകീയമായ ഉണര്‍ച്ചയും എല്ലാവിധ ചലനങ്ങളും കേവലം പ്രശസ്തിക്കും സമ്പത്തിനും നേതൃപദവിക്കും വേണ്ടിയുള്ളതാകും. ഈ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ എന്തായിരിക്കും കരഗതമാക്കുക? അത് മറ്റൊന്നുമല്ല. താന്‍ പോരിമയുടെയും അഹന്തതയുടെയും ഭാരങ്ങള്‍ പേറി, അല്ലാഹുവിന്റെ മുമ്പില്‍ ഉടലില്‍ കനം തൂങ്ങി നില്‍ക്കുന്നവനായി മാറും. ഇതായിരിക്കും ഞാന്‍ നേടാന്‍ പോകുന്നത്. കേവലം കാപട്യം നിറഞ്ഞ വാക്കുകള്‍, വഞ്ചനാത്മകമായ ചലനങ്ങള്‍ എന്നതിനപ്പുറത്തേക്ക് എന്ത് ഉപകാരമാണ് ഇതില്‍ ജനങ്ങള്‍ക്ക് ഉണ്ടാവുക?
‘നീ നിന്റെ നാവിനെ സൂക്ഷിക്കുക, വീട്ടുകാരോട് വിശാലത പ്രകടിപ്പിക്കുക, തെറ്റുകളെ ഓര്‍ത്ത് കരയുക.’ എന്ന നബി വചനത്തെ സംസ്‌കരണത്തിന്റെ മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നുവെങ്കില്‍ ഭൗതികതയുടെ ആധിപത്യവും അതിനോടുള്ള അതിഭ്രമവും ക്രമേണ എന്നില്‍ നിന്ന് മുക്തമാവുകയും, പകരം ഇലാഹി ബോധം ക്രമാനുഗതമായി എന്നില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്യും. ഇത് സകലതിലും അല്ലാഹുവില്‍ മാത്രം പ്രീതി കാംക്ഷിക്കുന്നതിലേക്ക് എന്നെ വഴിനടത്തും. എല്ലാവിധ പ്രവര്‍ത്തനങ്ങളും വ്യവഹാരങ്ങളും ആത്മാര്‍ത്ഥതയോടെയാവും. കാരണം ‘എന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനല്ലാതെ മറ്റൊരുവന് വേണ്ടി ഉള്ളതല്ലെന്ന’ ഉത്തമ ബോധ്യമാണ് എന്നെ നിയന്ത്രിക്കുന്നത്.
അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കാണ് എനിക്ക് വേണ്ടി ഉപകാരം ചെയ്യാന്‍/ ഉപദ്രവം ചെയ്യാന്‍ സാധിക്കുക? ഈ ഉറച്ചബോധ്യത്തിന്റെ ശോഭയില്‍ ഉയിരെടുക്കുന്ന ആത്മവിചാരം അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കാനും ഭൗതികമായ വ്യത്യസ്ത അഭിലാഷങ്ങളെയും മോഹങ്ങളെയും മനസ്സു കൊണ്ട് അപ്രസക്തമാക്കാനും പ്രേരണ നല്‍കും. അതോടൊപ്പം എന്റെ സാമൂഹിക ഇടപഴക്കവും വ്യവഹാരവുമെല്ലാം ശുദ്ധീകരിക്കപ്പെടും. ഈ സന്ദര്‍ഭത്തില്‍ എനിക്ക് സമൂഹത്തെയോ സാമൂഹിക ഇടപാടുകളെയോ ഭയക്കേണ്ടതില്ല. ലോകമാന്യത്തെയോ, പെങ്ങച്ചത്തെയോ പേടിക്കേണ്ട ആവശ്യമില്ല. സമ്പത്ത്, ആനന്ദങ്ങള്‍, വിഭവങ്ങള്‍ തുടങ്ങിയവ കൊണ്ട് എന്നെ വിലക്കു വാങ്ങുന്നവനെയും ഞാന്‍ എന്തിന് ഭയക്കണം? കാരണം എന്റെ മുമ്പില്‍ അല്ലാഹു അല്ലാതെ മറ്റൊന്നുമില്ല. അവനാണ് എല്ലാം നിയന്ത്രിക്കുന്നത്. ഉപകാരം ചെയ്യുന്നതും ഉപദ്രവം ചെയ്യുന്നതും അല്ലാഹു മാത്രമാണ്.
സാധാരണ എന്റെ ഉപ്പയുടെ സദസ്സില്‍ സംഗമിക്കുന്നവരില്‍ ഒരാള്‍ ചോദിച്ചു. യാ സയ്യിദീ, എങ്ങനെ ലോകമാന്യത്തില്‍ നിന്ന് രക്ഷപ്പെടാം? ഈ ചോദ്യം അത്ഭുതത്തോടെ കേട്ട ഉപ്പ ചിരിച്ചു കൊണ്ട് പ്രതികരിച്ചു. അല്ലാഹു അല്ലാതെ മറ്റൊരാളെ അവനു സമാനമായി നിങ്ങള്‍ കാണുന്നുണ്ടോ? പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവനോളം മറ്റൊരാളെ സങ്കല്‍പ്പിക്കുകയാണെങ്കില്‍ ആരാണ് അവന്‍? അവന് പകരമായി മറ്റൊരാള്‍ എവിടെയാണ് ഉണ്ടാവുക?! ‘ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്ന തൗഹീദിന്റെ മര്‍മ്മ പ്രധാനമായ ആശയം ബുദ്ധിയില്‍ ദൃഢമായി ഉള്‍ക്കൊണ്ട മനുഷ്യനാണ് എന്റെ ഉപ്പ. അതുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ലോകമാന്യത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്. ചിന്താ മണ്ഡലത്തില്‍ അതിന്റെ ഉണ്മ പോലും അപ്രസക്തമാണ്.
ഈ അര്‍ത്ഥ സമ്പൂര്‍ണ്ണമായ വാക്കുകള്‍ ശ്രദ്ധിക്കുക. തന്റെ വിശ്വാസത്തെ ലോകമാന്യം പൊങ്ങച്ചം തുടങ്ങി അനേകം പിഴച്ച മനോരോഗങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനും, ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ ചിരിക്കുന്നതിനും മുമ്പായി എന്റെ ഉപ്പ തന്റെ ആസ്തിക്യത്തെ ഖുമൂലിന്റെ ഭൂമികയില്‍ കുറെ കാലം കുഴിച്ചിട്ടുണ്ടെന്ന കാര്യം ഗൗരവത്തില്‍ അറിയേണ്ടതുണ്ട്.
നമ്മള്‍ ഇവിടെ വിവരിച്ചതു പ്രകാരം കേവലം ഒഴിഞ്ഞിരിക്കുക എന്ന അര്‍ത്ഥമല്ല ഖുമൂല്‍ എന്നതില്‍ ഇബ്‌നു അത്വാഅ്(റ) ഉദ്ദേശിക്കുന്നത്. മറിച്ച് വ്യക്തിയെ പ്രശസ്തനാക്കുന്ന സാമൂഹിക വ്യവഹാരങ്ങളെ തമസ്‌കരിച്ച് വ്യക്തിത്വ രൂപീകരണത്തിനായി, നല്ല സ്വഭാവങ്ങള്‍ സ്വാംശീകരിക്കാന്‍ വേണ്ടി സ്വത്വത്തെ സമര്‍പ്പിക്കുന്ന/ ആസ്തിക്യത്തെ സംസ്‌കരിക്കാന്‍ തര്‍ബിയത്തിന്റെ പാതയില്‍ പ്രവേശിക്കുന്നതിനെയാണ് ഇവിടെ ഖുമൂല്‍ എന്നതില്‍ അര്‍ത്ഥമാക്കുന്നത്.
ആസൂത്രിതമായ ഒഴിഞ്ഞിരിക്കലുകളുടെ സഹായത്താലാണ് ഈ സംസ്‌കരണം സാധ്യമാവുക. സംസ്‌കരണ പാതയില്‍ സഞ്ചരിക്കാനുള്ള വഴി തെളിച്ചു തരുന്ന ആത്മീയ ഗുരുവിന്റെ സവിധത്തില്‍/ തര്‍ബിയത്ത് ചെയ്യുന്ന മുര്‍ശിദിന്റെ അരികില്‍ അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു നീങ്ങുമ്പോഴുമാണ് ഹൃദയ വിശുദ്ധി നേടാന്‍ സാധിക്കുക. അപ്പോള്‍ പഥികന്‍ പൊതുവ്യവഹാരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക തന്നെ വേണം. അഥവാ തിരക്കുപിടിച്ച സാമൂഹിക വ്യവഹാരങ്ങളില്‍ നിന്നു അകന്നിരിക്കണം. ബുദ്ധിയും മനസ്സും തര്‍ബിയത്തിലും അറിവിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നിന്ന് വ്യക്തിയെ അകറ്റി നിര്‍ത്തുന്ന എല്ലാവിധ ഭൗതിക ഇടപെടലുകളില്‍ നിന്ന് അകന്നു നില്‍ക്കണം. വ്യക്തിയെ തരംതാഴ്ത്തുന്ന മാനസിക വൈകല്യങ്ങളെയും ന്യൂനതകളെയും വിപാടനം ചെയ്യാന്‍ ഇത്തരം ഗൗരവമായ കാര്യങ്ങളില്‍ (മുകളില്‍ വിവരിച്ച കാര്യങ്ങളില്‍) വ്യാപൃതനാവുക.
ആത്മീയവും ഭൗതികവുമായ എല്ലാ തലങ്ങളിലും അടിസ്ഥാനമായി നിലകൊള്ളുന്ന ഒരു തത്ത്വേപദേശമാണ് ഇത്. സാര്‍വ്വത്രിക മേഖലകളിലും വളരെ പ്രധാന്യം ഇതിനുണ്ട്.
സാമൂഹികവും വൈജ്ഞാനികവും സാമ്പത്തികവുമായ പല പൊതു സ്ഥാപനങ്ങളും തകര്‍ച്ചയിലേക്ക് നീങ്ങിയത് ഈ മാര്‍ഗം സ്വീകരിക്കാത്തതു കൊണ്ടാണ്. കാരണം ഇതിന്റെ നേതൃപദവിയിലിരിക്കുന്നവര്‍ ലക്ഷ്യമിടുന്നത് പദവിയും പ്രശസ്തിയും സമ്പത്തുമാണ്. തങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിനായുള്ള വൈജ്ഞാനിക സംസ്‌കരണ മേഖലയിലൂടെ ഒട്ടും കടന്നു പോകാത്ത ഇവര്‍ക്ക് മനസ്സിനെയും ദേഹേച്ഛയെയും വേണ്ടവിധം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. അങ്ങനെ മത വിദ്യാഭാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും കൂറു ബിസിനസ്സുകളെല്ലാം തകര്‍ന്നു പോകുന്നു. പദവി, നേതൃത്വം, പ്രശസ്തി എന്നിവയെ അവഗണിക്കാന്‍ സാധിക്കുന്നത് ഹൃദയ സംസ്‌കരണവും ചിന്താമണ്ഡലങ്ങള്‍ക്ക് വിജ്ഞാനവും ലഭിച്ചവര്‍ക്കു മാത്രമാണ്. ഈ വിധം ചിന്തയെയും മനസ്സിനെയും നിയന്ത്രിക്കാനുള്ള പക്വത കൈവരിക്കുന്നത് സമൂഹത്തിന്റെ തിരക്കുപിടിച്ച വ്യവഹാരങ്ങളില്‍ നിന്നും പ്രശസ്തിയെ പ്രേരിപ്പിക്കുന്ന ഇടപാടുകളില്‍ നിന്നും അകന്ന് തന്റെ അസ്തിത്വത്തെ അപ്രശസ്തിയുടെ ഭൂമികയില്‍ കുഴിച്ചു മൂടുമ്പോള്‍ മാത്രമാണ്.
സമൂഹത്തിനിടയില്‍ ഉത്‌ബോധ പ്രഭാഷണം നടത്തുന്ന ഒരു കൂട്ടം യുവാക്കള്‍ എന്നെ സന്ദര്‍ശിക്കാന്‍ എത്തി. നന്മ കല്‍പ്പിക്കുക, നിന്മ വിരോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് അവര്‍ സമൂഹത്തിനിടയില്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ അവര്‍ ഇബ്‌നു അത്വാഅ്(റ) ഈ ഹിക്മയില്‍ പറഞ്ഞതു പോലുള്ള സ്വത്വ രൂപീകരണത്തിനുള്ള പടവുകള്‍ താണ്ടിയിട്ടില്ല. അങ്ങനെ അവരുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രായം കുറഞ്ഞ ഒരാള്‍ എന്നെ നോക്കി ഒരു ഉപദേശമെന്ന രൂപേണ ഇങ്ങനെ പാരായണം ചെയ്തു. ‘വലാ തര്‍കനൂ ഇലല്ലദീന ളലമു ഫതമുസ്സഖുമുന്നാറു’ ഫതമസ്സഖു എന്നാണ് ഓതോണ്ടത്. എന്നാല്‍ അയാള്‍ മീമിന് ഊകാരം നല്‍കി പാരായണം ചെയ്തു. ഓതുബോള്‍ വന്ന പിഴവാകാം എന്നു കരുതി ഒന്നുകൂടി ഒeതാന്‍ വേണ്ടി ഞാന്‍ ആവശ്യപ്പെട്ടു. വീണ്ടും ആ തെറ്റ് ആവര്‍ത്തിച്ചു. ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിലാണ് പാരായണം. ഞാന്‍ പറഞ്ഞു, ആയത്ത് അങ്ങനെ അല്ലല്ലോ. മീമിന് അകാരം നല്‍കി ഫതമസ്സഖും എന്നാണ് ഓതേണ്ടത്. തിരുത്തി ശരിപ്പെടുത്തി ഒതാന്‍ പറഞ്ഞു. അവന്‍ ഒരുപാട് തവണ ശ്രമിച്ചെങ്കിലും ശരിയായി ഒതാന്‍ സാധിച്ചില്ല. കൃത്യമായ പരായണത്തിന് അവന്റെ നാവ് വഴങ്ങിയില്ല. ശേഷം ഞാന്‍ അവനോട് ചോദിച്ചു. മനുഷ്യാ, എനിക്ക് ഇസ്ലാമികമായ ബോധം ഉണ്ടാകണമെന്ന മനോഭാവവുമായി എന്റെ മുമ്പില്‍ നീ ഒരു ഉപദേശകന്റെ സ്ഥാനം ചമഞ്ഞിരിക്കുകയാണല്ലേ. പിന്നെ എന്തുകൊണ്ടാണ് ഈ മനോഭാവം നിന്നെ ആദ്യം ഖുര്‍ആന്‍ പഠിക്കാന്‍ പ്രചോദിപ്പിക്കാത്തത്?
ആ സദസ്സില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ എനിക്ക് വളരെ സങ്കടമുണ്ടായിട്ടുണ്ട്. ഇത് എനിക്ക് പുതിയ ഒരു അനുഭവമല്ല. ഇതുപോലെ അനേകം യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇത് ഒരു അത്ഭുതമായി തോന്നിയിട്ടുമില്ല. ഇബ്‌നു അത്വാഅ്(റ) പറഞ്ഞ പ്രകാരമുള്ള സ്വത്വ രൂപീകരണ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ മതപ്രബോധന ഗോദയില്‍ സജീവമാകുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രവൃത്തിയില്‍ അല്ലാഹുവോടുള്ള ഇഖ്‌ലാസ് കൊഴിഞ്ഞു പോകുന്നുവെന്നതാണ് സത്യം. ആത്മാവ് കൊഴിഞ്ഞ പ്രവര്‍ത്തനം മാത്രം.
(തുടരും)
വിവര്‍ത്തനം: ബിഎം മുഹമ്മദ് സഫ്‌വാന്‍ ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.