അകക്കാമ്പിന്റെ രഹസ്യമാണ് അവനിലേക്കുള്ള വഴി

ഹികം സീരീസ്- 13

കര്‍മങ്ങള്‍ പ്രത്യക്ഷ രൂപങ്ങളാണ്. അവയുടെ ആത്മാവ് ഇഖ്‌ലാസെന്ന രഹസ്യം അവയില്‍ ഉണ്ടാവലാണ്. (ഹിക്മത്ത്)

ഈ തത്ത്വോപദേശം മുന്‍ കഴിഞ്ഞ ഹിക്മത്തിന്റെ തുടര്‍ച്ചയാണ്.

ഒരു മുസ്‌ലിമിന് അല്ലാഹുവിലേക്ക് അടുക്കാന്‍ വൈവിധ്യങ്ങളായ ആരാധനാ കര്‍മ്മങ്ങളുണ്ടെന്ന് കഴിഞ്ഞ ഭാഗത്ത് നിന്ന് നാം മനസ്സിലാക്കിയതാണ്. അവ ഇസ്‌ലാമിന്റെ സ്തംഭങ്ങളായി നിലകൊള്ളുന്ന അടിസ്ഥാനപരമായ ഫര്‍ളുകളില്‍ മാത്രം പരിമിതമല്ല. ‘സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍’- (അല്ല ദീന യഅ്മലു സ്വാലിഹാത്ത്) എന്ന സൂക്ത പരാമര്‍ശത്തില്‍ ഉള്‍പ്പെടുന്ന വൈവിധ്യങ്ങളായ ഒരുപാട് ആരാധനകളുണ്ട്. ഈ ആരാധനകള്‍ക്ക് വ്യക്തിപരമായും സാമൂഹികമായും നേട്ടങ്ങളുണ്ട്. ഓരോ വ്യക്തിയുടെ കഴിവിനും പ്രാപ്തിക്കും, അവനെ അല്ലാഹു നിലനിര്‍ത്തിയ സാഹചര്യത്തിനും അനുസരിച്ച് അവനിലേക്ക് അടുക്കാന്‍ യോഗ്യമായ രീതിയില്‍ അല്ലാഹു ആരാധനകളെ വൈവിധ്യങ്ങളാക്കി സജ്ജീകരിച്ചിട്ടുണ്ട്. ഇത് അല്ലാഹു മുഅ്മിനീങ്ങള്‍ക്ക് നല്‍കിയ വിശാലതയാണ്.

ശേഷം ഇബ്‌നു അത്വാഅ്(റ) ഈ വിഷയത്തില്‍ ഒന്നുകൂടി വ്യക്തത നല്‍കിയാണ് അടുത്ത ഹികം പറയുന്നത്. വൈവിധ്യങ്ങളായ ആരാധന കൃത്യങ്ങളുടെ സ്വീകാര്യതയും പ്രതിഫലവും ഉണ്ടാകുന്നത് അല്ലാഹുവില്‍ നിന്നുള്ള തൃപ്തി സ്വായത്തമാക്കാന്‍ വേണ്ടിയാകുമ്പോള്‍ മാത്രമാണ്. ഈ വൈവിധ്യങ്ങളായ സത്കര്‍മ്മങ്ങളിലൂടെ പ്രതിഫലം സ്വായത്തമാക്കണമെങ്കില്‍ മര്‍മ്മ പ്രധാനമായ ഒരു നിബന്ധനയുണ്ട്. ആ നിബന്ധന പാലിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ആരാധനകളായി പരിണമിക്കുന്നത്. ഉദ്ദേശ ശുദ്ധിയോടെ പ്രവര്‍ത്തിക്കുക എന്നതാണ് പരാമര്‍ശിത നിബന്ധന. അല്ലാഹുവിന്റെ പ്രീതി, പൊരുത്തം എന്നിവ കരസ്ഥമാക്കി അവനിലേക്ക് അടുക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കണം കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ വ്യക്തികളില്‍ ഉണ്ടാകേണ്ടത്. ഈ ലക്ഷ്യത്തില്‍ മാത്രമായി മറ്റു ഇതര ഉദ്ദേശങ്ങളൊന്നുമില്ലാതെ/ ഭൗതിക ലാഭങ്ങള്‍ ഒന്നും തന്നെ ഗൗനിക്കാതെയുള്ള കര്‍മ്മത്തെയാണ് ഉദ്ദേശ ശുദ്ധിയുള്ള കര്‍മ്മമെന്നതില്‍ താത്പര്യപ്പെടുന്നത്.

ഈ ഹികം മനസ്സിലാക്കിയാല്‍ മാത്രമേ മുന്‍ കഴിഞ്ഞ ഉപദേശം വേണ്ട പോലെ ജീവിതത്തില്‍ പകര്‍ത്താനാവൂ. ഈ രണ്ടു ഉപദേശങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് നമുക്ക് തുടര്‍ന്ന് വായിക്കാം.

പ്രവര്‍ത്തിയും, ഉദ്ദേശവും കൂടിച്ചേര്‍ന്നുള്ള ആരാധനകള്‍ കൊണ്ടു മാത്രമേ മുസ്‌ലിംകള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ സാധിക്കുകയുള്ളു. അല്ലാഹുവിന്റെ പ്രീതിയും, അവന്‍ ഔദാര്യമായി നല്‍കുന്ന പ്രതിഫലവും മാത്രമായിരിക്കണം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഈ ഇഛ കൂടാതെയുള്ള പ്രവര്‍ത്തികള്‍, ഒരുപക്ഷേ അതിന്റെ പ്രത്യക്ഷതലം സ്വീകാര്യാര്‍ഹവും, ഉപകാരപ്രദവുമാണെങ്കില്‍ പോലും അവയ്ക്ക് യാതൊരു മൂല്ല്യവുമില്ല. പ്രവര്‍ത്തനത്തില്‍ (ചിലപ്പോള്‍) ഉദ്ദേശിക്കപ്പെടുന്നത് പ്രകടമാകുന്നില്ലെങ്കില്‍ ആ ഉദ്ദേശത്തിന് യാതൊരു മൂല്ല്യവുമില്ല. (ഈ പറഞ്ഞത് ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്നത് അടിവരയിടേണ്ടതുണ്ട്)

അല്ലാഹുവിന്റെ പൊരുത്തത്തിനു വേണ്ടിയല്ലാത്ത, ഇഖ്‌ലാസ് ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമിക ശരീഅത്തിന്റെ മാപിനിയിലും, മതവിധികളുടെ പരികല്‍പ്പനയിലും യാതൊരു മൂല്യമില്ലെന്ന് സ്ഥിരപ്പെട്ടതാണ്. എല്ലാ സന്ദര്‍ഭത്തിലും ഇഖ്‌ലാസ് ഇല്ലാത്ത വ്യക്തികള്‍ക്ക് യാതൊരു വിലയുമില്ലെന്ന കാര്യം വളരെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ ഗൗരവമായി ഉണര്‍ത്തുന്നു. ഇതിന്റെ പ്രാമാണികതയെ കുറിക്കുന്ന ഖുര്‍ആനിക പ്രവാചക അധ്യാപനങ്ങളെ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന്റെ ആവശ്യമില്ലാത്ത വിധം അവ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ ഈ പൊതുവായ വിധിയെ മാറ്റം വരുത്തുന്ന ഒരു സാഹചര്യവും ഇല്ലത്രെ.

പ്രവര്‍ത്തനത്തില്‍ ഉദ്ദേശം നിഴലിക്കണമെന്നതിന് ‘ചിലപ്പോള്‍’ എന്ന ഒരു നിബന്ധന ഞാന്‍ ചേര്‍ത്തിയിട്ടുണ്ട്. കാരണം കര്‍മ്മത്തില്‍ ഏര്‍പ്പെടാതെ ഋജുവായ നിയ്യത്ത് മാത്രം ഉണ്ടാകുമ്പോള്‍ സത്കര്‍മ്മങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഏതെങ്കിലും ഒരു കര്‍മ്മം ചെയ്യണമെന്ന അതിയായ താത്പര്യവും, ഇഖ്‌ലാസ് ചേര്‍ന്ന നിയ്യത്തും ഒരു വ്യക്തിയിലുണ്ട്. പക്ഷേ അത് അവന്റെ ആവതിനു അതീതമായതിനാല്‍ അവനു അതു ചെയ്യാന്‍ സാധിക്കാതെ വരുന്നു. എങ്കില്‍ ആ കര്‍മ്മത്തിന്റെ പ്രതിഫലം ഈ നിയ്യത്തു മുഖേന ലഭിക്കുന്നതാണ്. സഹായത്തിനായി കൈനീട്ടി നില്‍ക്കുന്ന ദരിദ്രന് ഒരു കൈത്താങ്ങായി നില്‍ക്കണമെന്നുണ്ട്. അല്ലെങ്കില്‍ മറ്റെന്തങ്കിലും തരത്തിലുള്ള സേവന- സഹായം ആവശ്യമുള്ളവനോട് സഹകരിക്കണമെന്നുണ്ട്. പ്രയാസ- പ്രതിസന്ധിയില്‍ അകപ്പെട്ടവനെ പരിരക്ഷിക്കണം. ഇതിനായി അവന്‍ സന്നദ്ധനാണെങ്കിലും സാഹചര്യവും സന്ദര്‍ഭവും അവനു പ്രതികൂലമാണ്. അവന്റെ കഴിവിന് അതീതമാണ്. ഈ സന്ദര്‍ഭത്തില്‍ നിയ്യത്ത് മാത്രം മതി, കര്‍മ്മത്തിന്റെ പ്രതിഫലം ലഭിക്കാന്‍ നിയ്യത്ത് മാത്രം മതിയെന്നതിനെ സ്ഥിരപ്പെടുത്തുന്ന ധാരാളം ഹദീസുകളുണ്ട്.

ഋജുവായ നിയ്യത്ത് ഇല്ലാതെ കേവലം പ്രവര്‍ത്തനം മാത്രമുണ്ടായാല്‍ ഒരിക്കലും പ്രതിഫലം ലഭിക്കുന്നതല്ല. ഉദ്ദേശ ശുദ്ധിയോടെയും, നിയ്യത്തോടെയും ആയിരിക്കണം പ്രവര്‍ത്തനങ്ങള്‍. അല്ലാത്തപക്ഷം അല്ലാഹുവിന്റെ അടുക്കല്‍ ആ കര്‍മ്മങ്ങള്‍ക്ക് യാതൊരു വിലയുമില്ല. അല്ലാഹു ഖുര്‍ആനില്‍ ഈ കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ‘അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും, നാം അതിനെ ചിതറിയ ധൂളി പോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും'(25:23).

ഈ ഹിക്മത്തിന്റെ അര്‍ത്ഥ തലം ബോധ്യപ്പെട്ട സ്ഥിതിക്ക് അതിന്റെ വ്യത്യസ്ത തലങ്ങളിലായുള്ള ചില ഉദാഹരണങ്ങള്‍ കൂടി നമുക്ക് പരിചയപ്പെടേണ്ടതുണ്ട്.

1- സാമ്പത്തികമായി കടബാധ്യതയുളളയാള്‍, അയാള്‍ക്ക് കടം കൊടുത്തു വീട്ടേണ്ട അവധി അടുത്തിട്ടുണ്ട്. ഈ സമയത്ത് ദൂരെ നിന്ന് കട ദാതാവിനെ കാണുമ്പോള്‍ ഇയാള്‍ പെട്ടെന്നു തന്നെ അടുത്തുള്ള പള്ളിയിലേക്ക് ഓടിച്ചെല്ലുകയാണ്. പള്ളിയില്‍ കയറുന്നു. തുരുതുരെ നിസ്‌കരിച്ചു കൊണ്ടിരിക്കുന്നു. ഈ നിസ്‌കാരം അല്ലാഹുവില്‍ അനുരക്തനാകാനുള്ള ആരാധനയായി ഗണിക്കപ്പെടുന്നില്ലെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ കാട്ടിക്കൂട്ടലുകള്‍ക്ക് ആരാധനയുടെ ഒരു മൂല്യമെങ്കിലും കല്‍പ്പിക്കാന്‍ കഴിയുമോ? ഇവന്റെ നിസ്‌കാരത്തിന്റെ ലക്ഷ്യം ദൈവിക സാമീപ്യമല്ല. മറിച്ച് കടക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറുക എന്നതു മാത്രമാണ്.

2- കമ്പനിയിലെ ജോലിക്കാരന്‍, ളുഹറിന്റെ വാങ്ക് വിളിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു കൊണ്ട് നിസ്‌കാരിക്കാന്‍ വേണ്ടി വുളൂഅ് ചെയ്തു, ദൈര്‍ഘ്യമേറിയ വുളൂഅ് തന്നെ ചെയ്തു. ശേഷം നിസ്‌കാരത്തിലേക്ക് കടന്നു. അതും ദൈര്‍ഘ്യമേറിയ നിസ്‌കാരം തന്നെ നിര്‍വഹിച്ചു. ശേഷം നല്ല തണലേകുന്ന ഒരു സ്ഥലത്ത് ഇരിപ്പിടം ഉറപ്പിച്ചു, ചുമരിലേക്ക് ചാരി ഇരുന്ന് ദിക്‌റുകള്‍ കൊണ്ടും ഖുര്‍ആന്‍ പാരായണം കൊണ്ടും വ്യാപൃതനാകുന്നു. ഈ രീതിയില്‍ നിര്‍വഹിച്ച നിസ്‌കാരം അല്ലാഹുവിലേക്ക് അടുക്കാനുള്ള ആരാധനയായി ഗണിക്കുന്നതല്ലെന്ന കാര്യം വളരെ വ്യക്തമാണ്. കാരണം ഈ രീതിയില്‍ അദ്ദേഹം നിസ്‌കാരത്തിനായി സമയം വിനിയോഗിച്ചത് ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ ആശ്വാസം കണ്ടെത്താനാണ്.

3- ഇസ്‌ലാമിക പ്രബോധന രംഗത്തും, സാമൂഹിക സേവനത്തിലും ഞങ്ങള്‍ സജീവ പ്രവര്‍ത്തകരാണെന്ന് കരുതുന്ന ചിലരുണ്ട്. ഞങ്ങള്‍ എന്തിനാണ് ഇത്രമേല്‍ സാമൂഹിക, മതപ്രബോധന രംഗത്ത് കര്‍മ്മോത്സുകരാകുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അത് മറ്റൊന്നുമല്ല. രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ ലൗകിക നേട്ടങ്ങള്‍ മാത്രമാകുന്നു. അവനെ കുറിച്ച് ഒരാള്‍ പറയുകയാണ്: അദ്ദേഹം ആരാധനകളില്‍ വീഴ്ച വരുത്തുന്നവനാണ്. സുബ്ഹിക്ക് എഴുന്നേല്‍ക്കുന്നത് പോലും, സൂര്യന്‍ ഉദിച്ചതിനു ശേഷമാണ്. അതിന് പറയുന്ന മറുപടിയോ, ‘അദ്ദേഹത്തെ അല്ലാഹു നിലനിര്‍ത്തിയത് പ്രബോധന പ്രവര്‍ത്തനത്തിലും, സാമൂഹിക സേവനത്തിലും കര്‍മ്മനിരതനാവുക എന്നാണ്. അതുകൊണ്ട് മറ്റു സത്കര്‍മ്മങ്ങളില്‍ അദ്ദേഹം വ്യാപൃതനാകേണ്ടതില്ല’. എങ്കില്‍ ഇവന്റെ അവകാശവാദം തീര്‍ത്തും നിരര്‍ത്ഥകമാണ്. അല്ലാഹുവില്‍ അനുരക്തനാകാനുള്ള തികഞ്ഞ ഇഖ്‌ലാസെന്ന ആത്മാവ് കൊഴിഞ്ഞു പോയി എന്നതാണ് ഇതിനു കാരണം.

4- ഒരു കൂട്ടം സ്‌നേഹിതന്മാര്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് പോയി. സംഘത്തിലെ ചിലര്‍ ചില പരിചരണങ്ങള്‍ക്കും, സേവനങ്ങള്‍ക്കും നിയോഗിക്കപ്പെട്ടവരാണ്. താമസ സ്ഥലം വൃത്തിയാക്കുക, ഭക്ഷണം തയ്യാറാക്കുക, പാത്രങ്ങള്‍ കഴുകുക എന്ന ജോലി നിര്‍ണയിക്കപ്പെട്ടവര്‍ ഇതൊന്നും ചെയ്യാതെ കഅ്ബ പ്രതിക്ഷണം ചെയ്യുകയാണ്. സുന്നത്ത് നിസ്‌കരിക്കുന്നു, ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. തന്റെ സഹോദരന്മാര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതെ വ്യത്യസ്ത ആരാധനകളിലായി സമയം വിനിയോഗിക്കുന്നു. താന്‍ ഇച്ഛാനുസരണം തിരഞ്ഞെടുത്ത ഈ കര്‍മ്മങ്ങള്‍ക്ക് ‘സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കൊണ്ട് ആരാധനകളുടെ ഇനം വൈവിധ്യമാകുന്നതാണ്’ എന്ന ഹികമിന്റെ അര്‍ത്ഥം കല്‍പ്പിക്കാന്‍ സാധ്യമല്ല.

5- എന്നാല്‍ മറ്റു ചില കച്ചവടക്കാരെ നിനക്ക് കാണാം. അവര്‍ തങ്ങളുടെ കച്ചവട വ്യാപാര കൃത്യങ്ങളില്‍ വ്യഗ്രതയോടെ ഇടപെടുന്നവരാണ്. ദാഹം മൂര്‍ഛിച്ച് അവശനായവന്‍ ദാഹ ജലത്തിനായി നാവ് നീട്ടി തിടുക്കം കാണിക്കുന്നതു പോലെയാണ് അവരുടെ കച്ചവട വ്യാപാരങ്ങള്‍. നിര്‍ബന്ധമായ ആരാധനകളെയും ആത്മീയ ഇടപഴക്കങ്ങളെയും അവഗണിക്കുന്ന ഇവരുടെ വ്യവഹാരത്തെ ശരിയല്ലെന്ന് വല്ലവരും ഉണര്‍ത്തിയാലോ, അവര്‍ മറുചോദ്യം ഉന്നയിക്കുന്നു. ‘ഹാലുകള്‍ക്കനുസരിച്ച് ആരാധനയുടെ ഇനങ്ങള്‍ വൈവിധ്യമാണ്’ എന്നാണല്ലോ? എന്റെ ആരാധന ഈ വ്യാപാരം തന്നെയാണ്. ഇതിലാണ് അല്ലാഹു എന്നെ നിലനിര്‍ത്തിയത്.

ഈ വാക്കുകള്‍ ഒട്ടുമേ സ്വീകാര്യമല്ല. സത്കര്‍മ്മങ്ങള്‍ വൈവിധ്യമാണെങ്കിലും അവയില്‍ ഏതെങ്കിലും ഒന്നിന്റെ പരിധിയില്‍ വരുന്നതല്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍. തന്റെ ദേഹേച്ഛക്കു മുമ്പില്‍ പ്രണമിച്ചു കൊണ്ട്, പ്രവര്‍ത്തനത്തില്‍ ദൈവിക പ്രീതിയെ ഇടകലര്‍ത്തി തന്റേതായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി അനേകം ദൈവിക കല്‍പനകളെ കാറ്റില്‍ പറത്തിയുള്ള വ്യാപാര ഇടപഴക്കത്തിനെ എങ്ങനെയാണ് ആരാധനയെന്ന് പരികല്‍പിക്കുക? അവര്‍ നീങ്ങുന്നത് തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ മാത്രമാണ്.

ഈ ഹികം ഉണര്‍ത്തുന്ന വളരെയധികം പ്രധാനമായ ഒരാശയമുണ്ട്. അത് ഇതാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിവരിച്ച സത്കര്‍മ്മങ്ങള്‍ കേവലം അടിസ്ഥാനപരമായ ആരാധന കൃത്യങ്ങളില്‍ മാത്രം പരിമിതമല്ല. വൈയക്തികമായോ സാമൂഹികമായോ പൊതു നന്മയെ പരിപാലിക്കുന്നതും, ഉപകാരപ്രദവുമായ എല്ലാം തന്നെ ആരാധനയുടെ ഗണനയില്‍ വരുന്നതാണ്. ഇത് നമുക്ക് പൂര്‍ണ ബോധ്യമുണ്ടായിരിക്കേണ്ട ഒരു കാര്യമാണ്. വൈയക്തികവും, സാമൂഹികവുമായ പൊതു നന്മ എന്നതിന്റെ വിവക്ഷ ചെറിയ തോതില്‍ വിവരിക്കേണ്ടതുണ്ട്. അത് സമൂഹത്തിന്റെ വിവിധ ഘട്ടങ്ങളെ ചിട്ടപ്പെടുത്തുന്നതായി ഖുര്‍ആന്‍ വിവരിച്ച കാര്യങ്ങളെ പരിപാലിക്കുക എന്നതാണ്. എല്ലാ പൊതു നന്മകളുടെയും അടിസ്ഥാനമായി നില കൊള്ളുന്നതാണ് മതാത്മകമായ പൊതു നന്മകള്‍. അതിനെ അങ്ങനെ തന്നെ പരിരക്ഷിക്കണം. ജീവന്‍ അത് മറ്റൊരു പൊതു നന്മയാണ്. അത് എല്ലാവരുടെയും അവകാശമാണ്. സമ്പത്ത്, ബുദ്ധി, പാരമ്പര്യം എന്നിവയാണ് മറ്റു മസ്‌ലഹത്തുകള്‍ (ഇസ്‌ലാമില്‍ അഞ്ച് മസ്‌ലഹത്തുകളുണ്ട്. അത് ലംഘിക്കുമ്പോഴാണ് ശിക്ഷാ നടപടികള്‍ ഭരണാധിപന്‍ സ്വീകരിക്കുന്നത്. മതം, ജീവന്‍, സമ്പത്ത്, ബുദ്ധി, പാരമ്പര്യം എന്നിവയാണ് ഈ അഞ്ച് പൊതു നന്മകള്‍. മതത്തിന് ഒരു അവകാശമുണ്ട്. അതിന്റെ ലംഘനമാണ്, ഇസ്‌ലാം മതത്തെ ബോധ്യപ്പെട്ടതിനു ശേഷം ഇസ്‌ലാമിനെ നിഷേധിക്കുക. ജീവന്‍ അപഹരിക്കുന്നതും, മറ്റൊരാളുടെ സമ്പത്ത് കവര്‍ന്നെടുക്കുന്നതും, മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ബുദ്ധിക്ക് തടസ്സം സൃഷ്ടിക്കുന്നതും, വ്യഭിചാരത്തിലൂടെ സ്ത്രീകളുടെ ചാരിത്രശുദ്ധിയെ അവമതിക്കുന്നതും പൊതു നന്മകളെ അവഗണിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. ഈ പൊതു നന്മകളെ വേണ്ട പോലെ പരിപാലിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമെ വിവിധ ഇനം ആരാധനകള്‍ എന്നതിന്റെ പരിധിയില്‍ പെടുകയുള്ളു.)

പരാമര്‍ശിക്കപ്പെട്ട എല്ലാ സേവനങ്ങളും അല്ലാഹു കല്‍പിച്ച ആരാധനയുടെ ഗണനയില്‍ വരുന്നതാണ്. കാരണം ഇവയിലെല്ലാം തന്നെ മുസ്‌ലിംകള്‍ തങ്ങളുടെ അടിമത്തം ദൃഢനിശ്ചയം ചെയ്യുന്നുണ്ട്. ഇതെല്ലാം അടിമത്തം പ്രകാശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

ഈ ഇടപഴക്കത്തില്‍ പൊതുവെ കാണാവുന്ന ചില പ്രശ്‌നങ്ങള്‍ കൂടി ചേര്‍ത്തി എഴുതുകയാണ്. പരാമര്‍ശിത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ വിശുദ്ധമായ ആരാധനകളില്‍ നിന്ന് മാറ്റി വായിക്കുന്നതും, അവയെ ഉടമയ്ക്ക് അടിമ സമര്‍പ്പിക്കുന്ന ആരാധനാ കര്‍മങ്ങളായി കാണാതിരിക്കുന്നതും ഒരു വലിയ പ്രശ്‌നമാണ്. കച്ചവടം, നിര്‍മാണ തൊഴില്‍, കാര്‍ഷിക വൃത്തി തുടങ്ങിയ ജീവിത ഉപാധികളെ അല്ലാഹുവിന്റെ പൊരുത്തം സമ്പാദിക്കുന്നതിന് വേണ്ടിയുള്ളതിനു പകരമായി, ഭൗതികതക്കു വേണ്ടി ക്രമീകരിക്കുന്നു എന്നതും പ്രശ്‌നം തന്നെയാണ്.

ഭാര്യ സന്താനങ്ങളുടെ മനങ്ങളില്‍ സന്തോഷവും ഹൃദ്യമായ രീതിയില്‍ മാനസിക ഉല്ലാസവും സാധ്യമാക്കുന്നതിനു പകരം, നിഷിദ്ധമായ വാദ്യോപകരണ സംഗീതങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നതും പ്രശ്‌നമുള്ള കാര്യം തന്നെയാണ്. ഭാര്യ സന്താനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവൃത്തികള്‍ നിര്‍വഹിക്കണമെന്നത് അല്ലാഹുവിന്റെ ആജ്ഞാപനമാണ്. അല്ലാഹുവോട് കൂടുതല്‍ സാമീപ്യം പുലര്‍ത്താന്‍ ഇത് കുടുംബാംഗങ്ങളെ സഹായിക്കും.

മത പ്രവര്‍ത്തന രംഗത്തു കണ്ടുവരുന്ന ഒരു കപട രീതി കൂടിയുണ്ട്. ചിലര്‍ മതത്തെ മഹത്വവത്കരിക്കുന്ന ലേഖനങ്ങളും ഗവേഷണ പഠനങ്ങളും മനോഹരമായി രചിക്കുന്നു. ജനമധ്യേ ആവേശകരമായ മത പ്രഭാഷണങ്ങളുടെ ആരവങ്ങള്‍ ഉയര്‍ത്തുന്നു. ഇസ്‌ലാമിക സമ്മേളനങ്ങള്‍ക്കായി വലിയ സമ്പത്ത് ചിലവഴിക്കുന്നു. അതിനായി പരസ്പരം മത്സരിക്കുകയും തിരക്കു കൂട്ടുകയും ചെയ്യുകയാണ്. എന്നാല്‍ ഇവയെല്ലാം കാണികള്‍ക്ക് മുമ്പില്‍ പ്രകാശിപ്പിക്കുന്ന കാര്യമോ, വളരെ പ്രശ്‌ന കലുഷിതമെന്ന് പറയാതെ വയ്യ. അത് ഇസ്‌ലാമിനെ ഒരു വാഹനമായി ചിത്രീകരിക്കുന്നു. അതില്‍ കയറിയവര്‍ക്ക്
തങ്ങളുടെ ഭൗതികമായ മോഹങ്ങളെയും ആഗ്രഹങ്ങളെയും സഫലീകരിക്കാന്‍ സാധിക്കുന്നു എന്നതാണ് കാര്യം. ഇവയെ തങ്ങളുടെ സാമ്പത്തിക നേട്ടത്തിനും തൊഴില്‍പരമായ ഉന്നതിക്കുമുള്ള ഒരു കോവണിയായി സ്വീകരിക്കുകയും ചെയ്യുന്നു. ഇത് ഭീകരമായ അപകടം തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളെ ഒരു തൊഴില്‍ ഉപാധിയായി കാണുന്നു. ആത്മീയതയെ ഒരു വില്‍പ്പനച്ചരക്കായി പരിവര്‍ത്തിക്കുന്നത് ഭീതികരമാണ്.

വൈവിധ്യമാര്‍ന്ന മത പ്രവര്‍ത്തന ഗോഥയില്‍ സജീവമാകുന്നവരുടെ ഹൃദയം ലൗകിക ആസക്തികളില്‍ നിന്ന് മുക്തമാകുകയും, നല്ല ഉദ്ദേശത്തോടെ(നിയ്യത്ത്) ദൈവിക പ്രീതിക്കു വേണ്ടി മാത്രം കര്‍മ്മോത്സുകരാവുകയും ചെയ്തിരുന്നുവെങ്കില്‍ മുസ്‌ലിം സമുദായത്തില്‍ വലിയ ഐക്യം ഉണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. ഒരു ശത്രു ശക്തിക്കും തര്‍ക്കാന്‍ കഴിയാത്ത ഒത്തൊരുമയും, തങ്ങളുടെ കാര്യത്തില്‍ സ്വയം നടപടി കൈക്കൊള്ളാനുള്ള പ്രാപ്തിയും മുസ്‌ലിംകള്‍ക്ക് ഉണ്ടാകുമായിരുന്നു.

വ്യത്യസ്തമായ ദീനി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ലൗകിക ജീവിതത്തില്‍ ഫലമുണ്ടാക്കുകയോ നേട്ടം കൊയ്യുകയോ ആണെങ്കില്‍ പിന്നെ എന്താണ് ഭൗതികമായ തൊഴിലുകളുടെ ആവശ്യകത?. ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ സത്കര്‍മ്മം ചെയ്യുന്നവരുടെ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ദൈവിക പ്രീതി അനിവാര്യമാണല്ലോ? അതിനു പ്രേരണ നല്‍കുന്ന എന്ത് ഘടകമാണ്, എന്ത് മാര്‍ഗമാണ് ഇതിലുണ്ടാവുക?.

എന്നാല്‍ മതകീയ പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധരായ, നിഷ്‌കളങ്കരായ അനേകം വിശ്വാസികള്‍ ഓരോ ദേശത്തും പട്ടണങ്ങളിലും ഉണ്ടാകുമെന്ന കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഈ കാര്യം തിരുനബിയുടെ സത്യവാചകം വ്യക്തമായി പറഞ്ഞതാണ്. ‘സത്യത്തില്‍ നിലയുറച്ച ഒരു വിഭാഗം എന്റെ സമുദായത്തില്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അവര്‍ക്കെതിരെയുള്ളവരൊന്നും അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഈ വിഭാഗം വിജയിച്ചവരായിരിക്കെ തന്നെ അല്ലാഹുവിന്റെ തീരുമാനം വരും.’

(തുടരും)

വിവര്‍ത്തനം: ബിഎം മുഹമ്മദ് സഫ്‌വാന്‍ ഹാദി