ദാസന്റെ സ്വത്വപ്രകാശനമാണ് പ്രാർത്ഥന

ഹികം സീരീസ്- 09

”തിരക്കിട്ട് ചോദിച്ചതിന് ഉത്തരം വൈകുന്നത് നിന്റെ നിരാശയ്ക്ക് കാരണമാകാതിരിക്കട്ടെ. അവന്‍ നിനക്ക് തിരഞ്ഞെടുത്ത കാര്യത്തില്‍ ഉത്തരം നല്‍കുകയെന്നത് അവന്‍ ഏറ്റെടുത്ത കാര്യമാണ്. നീ നിനക്കു വേണ്ടി തിരഞ്ഞെടുത്ത കാര്യത്തിലല്ല. അവന്‍ ഉദ്ദേശിക്കുന്ന സമയത്താണ്. നീ ഉദ്ദേശിക്കുന്ന സമയത്തുമല്ല.

ഈ ത്വതോപദേശം മുന്‍ കഴിഞ്ഞതിന്റെ തുടർച്ചയാണ്. പലരും ചോദ്യമുന്നയിക്കാവുന്ന ഒരു കാര്യം ഉണര്‍ത്താം. ”നിനക്കു വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യത്തില്‍ നീ കഠിനധ്വാനിക്കുന്നതും, നിന്നോട് ആവശ്യപ്പെട്ട കാര്യത്തില്‍ നീ വീഴ്ച്ച വരുത്തുന്നതും നിനക്ക് ഉള്‍ക്കാഴ്ച്ച നഷ്ടപ്പെട്ടു എന്നതിന്റെ അടയാളമാണ് ” എന്ന ഉപദേശ പ്രകാരം ഞാന്‍ എന്റെ സര്‍വ്വ ഭൗതിക കാര്യങ്ങളും അല്ലാഹുവിന്റെ ഉത്തരവാദിത്ത നിർവഹണത്തിലും, അത്യുന്നതമായ വാഗ്ദത്ത പാലനത്തിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് എന്നില്‍ അര്‍പ്പിതമായ ബാധ്യതകള്‍ നിര്‍വഹിച്ചു. ഞാന്‍ പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്തു. എന്നിട്ടും എനിക്ക് ഇതുവരെ ഉത്തരം ലഭിച്ചില്ല. ഞാന്‍ അല്ലാഹുവിന്റെ വാഗ്ദത്തത്തിൽ ദൃഢമായി വിശ്വസിക്കുന്നവന്‍ തന്നെയാണ്. പക്ഷേ, ഒരുപാടു കാലം ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ഇന്നേവരെ എന്റെ ആവശ്യങ്ങള്‍ സഫലീകരിക്കപ്പെട്ടില്ല. ഈ ഒരു ചോദ്യത്തിനും, സംശയത്തിനുമുള്ള ഉത്തരമാണ് ഇബ്‌നു അത്വാഅ് (റ)വിന്റെ ഈ വാക്കുകള്‍. തിരക്കിട്ട് ചോദിച്ചതിന് ഉത്തരം വൈകുന്നത് നിന്റെ നിരാശയ്ക്ക് കാരണമാകാതിരിക്കട്ടെ. നിനക്ക് വേണ്ടി അവന്‍ തിരഞ്ഞെടുത്ത കാര്യത്തില്‍ ഉത്തരം നല്‍കുക എന്നത് അവന്‍ ഏറ്റെടുത്ത കാര്യമാണ്. നീ നിനക്കു വേണ്ടി തിരഞ്ഞെടുത്ത കാര്യത്തിലല്ല. അവന്‍ ഉദ്ദേശിക്കുന്ന സമയത്താണ്. നീ ഉദ്ദേശിക്കുന്ന സമയത്തുമല്ല.”
ആദ്യമായി നാം പ്രാര്‍ത്ഥനയുടെ അര്‍ത്ഥം അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥന, തേട്ടം എന്നിവയുടെ അര്‍ത്ഥങ്ങള്‍ പലരെയും വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഈ പദങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഒരു കാര്യം ആവശ്യപ്പെടുന്നവന്‍ മൊഴിയുന്ന വാക്കാണ് തേട്ടം/ ആവശ്യപ്പെടല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ആവശ്യപ്പെടുന്ന വ്യക്തിയില്‍ ഒരു പ്രത്യേക മാനസികാവസ്ഥ രൂപപ്പെടുമ്പോഴാണ് തേട്ടം പ്രാര്‍ത്ഥനയായി പരിണമിക്കുന്നത്. തേട്ടത്തെ പ്രാര്‍ത്ഥന എന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഉണ്ടാകുന്ന ഈ മാനസികാവസ്ഥ രണ്ടുകാര്യങ്ങളെ കൃത്യതപ്പെടുത്തുന്നുണ്ട്.
ഒന്നാമത്തെ കാര്യം മന:സ്സാന്നിധ്യവും, ഉപബോധ മനസ്സിന്റെ ഉണര്‍വ്വുമാണ്. തന്റെ നാഥനു മുമ്പില്‍ വിനയാന്വിതനായും, സ്രഷ്ടാവില്‍ മാത്രം അവലംബിക്കുന്നവനായും തന്റെ സ്വത്വത്തെ പ്രകാശിപ്പിക്കാൻ ഇവ രണ്ടും വിശ്വാസിയെ സഹായിക്കും. മനസ്സും, ബോധവും പ്രാര്‍ത്ഥനയില്‍ സാന്നിധ്യം വഹിക്കാതെ വാക്കുകള്‍ കൊണ്ട് മാത്രം അല്ലാഹുവോട് അര്‍ത്ഥിക്കുമ്പോൾ ഉണ്ടാകുന്നത് കേവലം തേട്ടം മാത്രമാണ്. പ്രാര്‍ത്ഥനക്കായി ഹൃദ്യസ്ഥമാക്കിയ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍, പതിവ് ആചാരമെന്നോണം നിന്റെ ഇരുകൈകളും ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും, മനസ്സാന്നിധ്യമില്ലാത്ത/ മറ്റു ചിന്തകളുമായി വ്യാപരിച്ചു കൊണ്ട് നടത്തുന്ന അര്‍ത്ഥനയ്ക്ക് മതകീയമാനത്തില്‍ പ്രാര്‍ത്ഥന എന്ന് വിളിക്കാറില്ല. അറബി ഭാഷ പണ്ഡിതര്‍ തങ്ങളുടെ ഗദ്യ പദ്യത്തില്‍ തേട്ടത്തിന് പ്രാര്‍ത്ഥന(ദുആ) എന്ന് പേരു വിളിക്കാറുണ്ടെങ്കിലും ഇവിടെ ഇബ്‌നു അത്വാഅ് വിവക്ഷിച്ചത് മതകീയ മാനത്തിലുളള പ്രാര്‍ത്ഥനയാണ്. അതു കൊണ്ട് ഈ വിധത്തില്‍ ഒരാള്‍ അര്‍ത്ഥന നടത്തിയാല്‍ അവന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു എന്ന് പറയാന്‍ സാധ്യമല്ല. മറിച്ച് തേടി എന്നു മാത്രം പറയാം. അപ്പോള്‍ ഇവിടെ പ്രാര്‍ത്ഥനയില്ല. പ്രാര്‍ത്ഥന ഇല്ലാതെ എങ്ങനെയാണ് ഉത്തരത്തെ പ്രതീക്ഷിക്കുക.?

ഭൗതിക ആഗ്രഹങ്ങളും, മോഹങ്ങളും പൂവണിയിക്കാന്‍ അശ്രാന്തം പരിശ്രമിക്കുന്ന അധികപേരും, ചിലരില്‍ നിന്ന് ഒരു നിര്‍ണ്ണിത പ്രാര്‍ത്ഥനയെ പറ്റി കേള്‍ക്കുന്നു. ഈ ദുആ നടത്തിയാല്‍ ഉത്തരം ലഭിക്കുന്നതാണ്. അങ്ങനെ അവര്‍ ആ പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഗ്രന്ഥത്തിന്റെ താളുകളില്‍ നിന്ന് കണ്ടെത്തുന്നു. അല്ലെങ്കില്‍, അതേക്കുറിച്ച് അറിവുളളവര്‍ എന്ന് അവര്‍ക്ക് തോന്നുന്ന മത വിദ്യാര്‍ത്ഥികള്‍, പണ്ഡിതന്മാര്‍ തുടങ്ങിയവരോട് ചോദിച്ച് മനസ്സിലാക്കുന്നു. ശേഷം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പാഠ ഭാഗങ്ങള്‍ മനഃപ്പാഠമാക്കുന്നതു പോലെ പ്രാര്‍ത്ഥന ഹൃദ്യസ്ഥമാക്കുകയും ചെയ്യും. കേവല ആചാരമെന്നോണം അവര്‍ ആ പ്രാര്‍ത്ഥനാ വാക്യം ഉരിയാടുന്നു. എന്നാല്‍ അവന്റെ അവസ്ഥയോ? ദൈവീക കല്‍പ്പനകളും, നിര്‍ദേശങ്ങളും, അധ്യാപനങ്ങളും മറികടന്നു അല്ലാഹുവിനോട് ധിക്കാരം പ്രവർത്തിച്ചവനും. എന്നാലും അവന്റെ മനോഗതി ആവശ്യക്കാരന്‍ തന്റെ ഇച്ഛാനുസരണം ചലിക്കുന്നവനാണ്. ലക്ഷ്യം പൂര്‍ത്തീകരിക്കാതെ അവന് വിശ്രമമില്ല.” അറബി പഴമൊഴി വ്യക്തമാക്കുന്നത് പോലെ. (കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നതുപോലെയാണ് അവന്റെ ഭാവം. ഉദ്ദേശ്യ സാഫല്യത്തിന് എന്തും ചെയ്യും എന്നര്‍ത്ഥം)

അങ്ങനെ അവര്‍ ഹൃദ്യസ്ഥമാക്കിയ പ്രാര്‍ത്ഥനകള്‍ പലയാവര്‍ത്തി ഉച്ചരിക്കും. ഉത്തരം ലഭിക്കുമെന്ന ശുഭ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അവരുടെ ആഗ്രഹങ്ങളും മോഹങ്ങളും നടക്കാത്ത സ്വപ്‌നങ്ങളായി മാറുന്നു. അതോടെ അവര്‍ അല്ലാഹുവോടുളള വിമർശം വെളിപ്പെടുത്തുന്ന വിധത്തിലുളള സംസാരം തുടങ്ങും. ” ഹോ, ഞാന്‍ പ്രാര്‍ത്ഥനാ നിരതനായി. പക്ഷേ എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ ഉത്തരം തരാം’ (40:60). എന്റെ ജീവിതാനുഭവത്തില്‍ ഈ ദൈവീക വാഗ്ദത്തത്തിന്റെ സാക്ഷാത്കാരം എവിടെയാണ്!.

രണ്ടാമത്തെ കാര്യം. പാപ ഭാരമേറിയവന്‍ തന്റെ പാപമോചനത്തിനായി തൗബ നിര്‍വഹിച്ചു കൊണ്ടായിരിക്കണം പ്രാര്‍ത്ഥനയിലേക്ക് പ്രവേശിക്കേണ്ടത്. അങ്ങനെ അവന്‍ സത്യസന്ധമായ പശ്ചാത്താപത്തെ തന്റെ പ്രാര്‍ത്ഥനയുടെ ശുപാര്‍ശകനായി നിലനിര്‍ത്തണം. തെറ്റുകുറ്റങ്ങളില്‍ ഭജനമിരിക്കുന്നവന്‍ തന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാതെ, ആഗ്രഹങ്ങളും, പ്രത്യാശകളും സഫലീകരിക്കാന്‍ വേണ്ടി അര്‍ത്ഥിക്കുന്നത് എത്രമാത്രം ലജ്ജാവഹമാണ്. അവന്‍ യുക്തി സഹമായി തന്റെ സ്രഷ്ടാവിനോട് സംവദിക്കുന്നതില്‍ എത്രയോ ബഹുദൂരത്താണ്. മാത്രമല്ല അവന്‍ ബുദ്ധിയെ ക്രിയാത്മകമായി വിനിയോഗിക്കുന്നവനുമല്ല.

ഒരു ഉപമ പറയാം. ഈ ഉപമയെക്കാള്‍ അത്യുന്നതമായ സ്ഥാനമാണ് അല്ലാഹുവിന്റെത് എന്ന കാര്യം സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു. ഒരാള്‍ ഉന്നത സ്ഥാന പദവി അലങ്കരിക്കുന്ന വ്യക്തിയോട് മോശമായി പെരുമാറി. അദ്ദേഹത്തോട് പാലിക്കേണ്ട ബാധ്യതകളോ, മര്യാദയോ പുലര്‍ത്താതെ മുന്നേറി. അതേ സമയം അയാളില്‍ നിന്ന് ചില ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് ലഭിക്കേണ്ടതുണ്ട്. അതിനായി അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് ആവശ്യമുന്നയിക്കുന്നു. അതും തന്റെ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു മാപ്പ് അപേക്ഷിക്കുകയോ, ക്ഷമാപണം നടത്തുകയോ ചെയ്യാതെയാണെങ്കില്‍ അദ്ദേഹം തന്റെ ഈ ചോദ്യത്തിന് എത്രമാത്രം അര്‍ഹനായിരിക്കും. അവന്‍ ആവശ്യമുന്നയിച്ച കാര്യം നിര്‍വഹിക്കപ്പെടുമെന്നതില്‍ യാതൊരു പ്രതീക്ഷയും ഉണ്ടാവില്ല. ഇത് മനുഷ്യര്‍ക്കിടയിലെ ബന്ധത്തെപ്പറ്റിയാണ്. അത് എത്ര വലുതാണെങ്കിലും അടിസ്ഥാനപരമായി മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാണ്. എന്നാല്‍ മനുഷ്യനും അല്ലാഹും തമ്മിലുളള ബന്ധം അടിമയും ഉടമയും, സ്രഷ്ടാവും സൃഷ്ടിയും തമ്മിലുളള ബന്ധമാണ്. ആശ്രിതനായ ദാസനും നിരാശ്രയനായ എക ദൈവവുമായുളള ബന്ധം.

പാപഭാണ്ഡം പേറിയവന്‍ തന്റെ കുറ്റങ്ങള്‍ എറ്റുപറഞ്ഞ് പശ്ചാത്താപം നടത്താതെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനെ എങ്ങനെയാണ് യുക്തി സഹമെന്നും പക്വമെന്നും വിലയിരുത്തുക. ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പായി തന്റെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് സത്യസന്ധമായ തൗബ നിര്‍വഹിക്കുക എന്നതാണ് യുക്തി ഭദ്രമായ ഇടപെടല്‍. തെറ്റു കുറ്റങ്ങള്‍ ചെയ്യരുതെന്ന് അല്ലാഹു അവനോട് കല്‍പ്പിച്ചതാണ്. അത് അവന്‍ നിരസിച്ചു. തിന്മകള്‍ ചെയ്തു പോയാല്‍ തന്റെ പാകപ്പിഴവുകള്‍ തിരുത്തി പശ്ചാത്തപിക്കാനും അല്ലാഹു അവനോട് കല്‍പ്പിച്ചു. അതും അവന്‍ തിരസ്‌ക്കരിച്ചു കൊണ്ട് തിന്മയിലായി ഭജനമിരിക്കുന്നു. അവന്റെ ദൃഢനിശ്ചയം പോലും തിന്മയെ സാധൂകരിക്കുന്നതായി മാറുന്നു. ഈ അവസ്ഥയിലായി തന്നെ അവന്‍ അല്ലാഹുവോട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. അവനാണ് അല്ലാഹുവെ ആക്ഷേപിക്കും വിധത്തില്‍ സംസാരിക്കുന്നത്. അതെ, ഞാന്‍ ദുആ ഇരന്നു. പക്ഷേ എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. അവന്‍ വാഗ്ദത്വത്തിന് വിപരീതം കാണിച്ചു!!! ഉണര്‍വ്വുളള മനുഷ്യര്‍ ഈ ഒരു പ്രവൃത്തിയുമായി മുന്നിട്ടിറങ്ങുമെന്ന് ചിന്തിക്കാന്‍ സാധ്യമാണോ?

നാം വ്യക്തമാക്കിയതു പ്രകാരം ഈ ഒരു പ്രവൃത്തി കേവലം അര്‍ത്ഥന മാത്രമാണ്. അര്‍ത്ഥന പ്രാര്‍ത്ഥനയായി പരിണമിക്കാൻ രണ്ടു നിബന്ധനകള്‍ മേളിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ഒന്ന്, അല്ലാഹുവോട് നടത്തുന്ന സംഭാഷണം മനസ്സിന്റെയും ബോധത്തിന്റെയും സാന്നിധ്യത്തോടെ, തങ്ങളുടെ അടിമത്വവും ആശ്രയത്വവും വെളിപ്പെടുത്തിക്കൊണ്ടായിരിക്കണം. രണ്ട്, എല്ലാ പാപങ്ങളില്‍ നിന്നും പശ്ചാത്തപിച്ച് സത്യസന്ധമായി തൗബ നിര്‍വഹിക്കുക. അല്ലാഹു ഉത്തരം നല്‍കാമെന്ന വാഗ്ദത്തം ഏറ്റെടുത്തത് പ്രാര്‍ത്ഥനക്കാണ്. അല്ലാതെ തേട്ടത്തിനല്ല.

നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഉത്തരം ലഭിക്കാനും, മറ്റുളളവര്‍ക്ക് വേണ്ടി ദുആ ചെയ്യുമ്പോള്‍ ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇതാണ്. നമ്മുടെ ഇടയില്‍ നിന്ന് ഒരാള്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്ദര്‍ഭത്തില്‍ ഉപര്യുക്ത നിബന്ധനകള്‍ മേളിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ സമൂഹത്തിനു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയില്‍ പ്രത്യുത നിബന്ധനകള്‍ പാലിക്കുക എന്നത് വളരെ പ്രയാസകരമാണ്. എന്തെന്നാല്‍ സമൂഹത്തില്‍ അഹങ്കാരികള്‍, പാപികള്‍, ദുഷ്‌കര്‍മ്മികള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നുണ്ട്. നാം അവര്‍ക്ക് വേണ്ടി നിര്‍വഹിച്ച ദുആക്ക് ഉത്തരം ലഭിക്കുന്നതിന് തൗബ എന്ന നിബന്ധന കൂടി അവരില്‍ ഉണ്ടാകേണ്ടതുണ്ട്. പ്രാര്‍ത്ഥിച്ചവനിലും, ആര്‍ക്ക് വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് അവരിലും ഈ നിബന്ധന അനിവാര്യമാണ്. അപ്പോൾ, ദുര്‍മാര്‍ഗ്ഗികളായ ഇത്രയധികം ആളുകളില്‍ നിന്നുളള പശ്ചാത്താപം എങ്ങനെയാണ് നിന്നിൽ നിന്ന് ഉണ്ടാവുക?.

ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ പ്രതിസന്ധികള്‍ ഉയര്‍ന്നു പോകാനും, നന്മകള്‍ കൊണ്ട് സമുദായത്തെ അനുഗ്രഹിക്കാനും, കൂടുതല്‍ സമൃദ്ധിയും, ദാനവും നല്‍കാനും വേണ്ടി ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചാല്‍, എന്നോട് ഇങ്ങനെ സംബോധന ചെയ്യുന്നുവെന്നതായി ബോധ്യം വരുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ജനങ്ങളോട് അവര്‍ ചെയ്ത തെറ്റു കുറ്റങ്ങളില്‍ നിന്ന് തൗബ നിര്‍വഹിക്കാനും, പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ അനിവാര്യമായി ഉണ്ടാകേണ്ട നിബന്ധനകള്‍ പാലിക്കാനും ഓര്‍മ്മപ്പെടുത്തുക. ഇനി അവര്‍ തെറ്റുകളെ പിഴുതെറിഞ്ഞ് നിബന്ധനകള്‍ പാലിച്ചാല്‍ അവര്‍ക്കു വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. ഈ കാര്യം അസാധ്യമായാല്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യുക. നിങ്ങള്‍ക്ക് അല്ലാഹു ഉത്തരം നല്‍കുന്നതാണ്.

നിര്‍ദ്ദിഷ്ട മര്യാദകളും, നിബന്ധനകളും പാലിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ നിനക്ക് അല്ലാഹു ഉത്തരം നല്‍കുന്നതാണ്. പക്ഷേ, നീ ചോദിച്ച കാര്യം അക്ഷരം പ്രതി ഉത്തരം നല്‍കുമെന്ന് കരുതരുത്. മറിച്ച് അല്ലാഹു അടിമകള്‍ക്ക് നല്‍കുന്നത് അവര്‍ ചോദിച്ചതിനേക്കാള്‍ വിശാലവും വ്യാപകവുമായ രീതിയിലാണെന്ന വസ്തുത കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കുക എന്നത് നിങ്ങളുടെ ലക്ഷ്യം സഫലീകരിക്കുക എന്നതാണല്ലോ? അതിന് നിങ്ങള്‍ പ്രാര്‍ത്ഥിച്ച കാര്യം അക്ഷരം പ്രതി ഉണ്ടാവുക എന്നത് അനിവാര്യമല്ല. നിങ്ങള്‍ പ്രാര്‍ത്ഥിച്ചതു പ്രകാരം നടക്കുക എന്നതാണ് ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ മാര്‍ഗ്ഗമെന്നത് നിങ്ങളുടെ ധാരണ മാത്രമാണ്.

ഞാന്‍ ആഗ്രഹിക്കുന്ന കാര്യത്തിന്/ ലക്ഷ്യത്തിനു പര്യാപ്തമെന്ന് തോന്നിയ ഒരു നിര്‍ണ്ണിത കാര്യം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ആകാശ ഭൂവനങ്ങളിലെ അദൃശ്യകാര്യങ്ങള്‍ അറിയുന്ന സര്‍വ്വാധിപനാണ് അല്ലാഹു. എല്ലാ കാര്യങ്ങളുടെയും പര്യവസാനം എന്തായിരിക്കുമെന്നും അവനറിയാം. ഞാന്‍ തേടിയ കാര്യം, അതിലുളള നന്മ എന്നത് ഞാന്‍ വിചാരിച്ച രീതിയിലാണെന്ന് കരുതിയതിലും ഒരു വേള നന്മയുണ്ടാവണമെന്നില്ല. ചിലപ്പോള്‍ ഞാന്‍ വിചാരിച്ച മാര്‍ഗ്ഗത്തിലുളള മുന്നേറ്റം എന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനു വിപരീതമായിരിക്കും. അപ്പോള്‍ ഞാന്‍ തേടിയ വാക്കുകളെ അവന്റെ അപാരമായ അനുഗ്രഹം മുഖേന ഏറ്റവും അനുയോജ്യമായതിലേക്ക് മാറ്റം വരുത്തുന്നു. അങ്ങനെ മറ്റൊരു രീതിയില്‍ സംഭവിക്കില്ലെന്ന് ഞാന്‍ വിചാരിച്ച എന്റെ പല ലക്ഷ്യങ്ങളും അവിചാരിതമായ രീതിയില്‍ നിവര്‍ത്തിയാകുന്നു. ഈ ആശയത്തെ സാധൂകരിക്കുന്ന ഖുര്‍ആനിക വാക്യം ഇങ്ങനെ വായിക്കാം. ”നിങ്ങള്‍ വെറുക്കുന്ന ഒരു കാര്യം ഒരു പക്ഷേ നിങ്ങള്‍ക്ക് ഗുണമായിരിക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം അത് ഒരു പക്ഷേ നിങ്ങള്‍ക്ക് ദോഷകരമായിരിക്കാം. അല്ലാഹു എല്ലാം അറിയുന്നവനാണ്. നിങ്ങള്‍ അറിയാത്തവരുമാണ്.”(1:216) ഈ ആശയത്തെ പ്രതിപാതിക്കുന്ന ഇബ്‌നു അത്വാഅ്(റ)വിന്റെ ആറാം ഹിക്മത്തിലെ വാക്യം നമുക്ക് ഒരാവർത്തി കൂടി വായിക്കാം ” നീ നിനക്കു വേണ്ടി തിരഞ്ഞെടുത്ത കാര്യത്തിലല്ല, അല്ലാഹു നിനക്ക് വേണ്ടി തിരഞ്ഞെടുത്ത കാര്യത്തിലാണ് ഉത്തരം നല്‍കുമെന്ന് അല്ലാഹു ഏറ്റെടുത്തത് ”.

പലരുടെയും ജീവിതാനുഭവങ്ങള്‍ ഞാന്‍ പറഞ്ഞ യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരമാണ്. എത്ര മനുഷ്യരാണ് അവരുടെ മനസ്സില്‍ ഒരു പ്രത്യേക തൊഴിലിനെ/ ഭൗതിക വ്യവഹാരത്തെ കുടിയിരുത്തുന്നത്. അത് തനിക്ക് ലഭിച്ചു കഴിഞ്ഞാല്‍ തന്റെ ജീവിത ലക്ഷ്യങ്ങളും, സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാം എന്ന ധാരണയാണ് അവര്‍ക്കുളളത്. അതിനായി അവര്‍ പ്രാര്‍ത്ഥനയില്‍ കഴിഞ്ഞുകൂടുന്നു. പ്രാര്‍ത്ഥനയുടെ ഉത്തരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവര്‍ക്ക് താന്‍ ആഗ്രഹിച്ച കാര്യം നടപ്പിലാകാത്തതിനാല്‍ അവര്‍ വിചാരിക്കുന്നു എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കകം അല്ലാഹു അവന്‍ വിചാരിക്കാത്ത രീതിയില്‍ അവന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പുവണിയാന്‍ പ്രാപ്തമായ മറ്റൊരു വഴി അവനു വേണ്ടി സൃഷ്ടിച്ചു നല്‍കുന്നു. അങ്ങനെ അവന്‍ അല്ലാഹു തനിക്ക് വേണ്ടി തിരഞ്ഞെടുത്ത ജോലിയെ പറ്റി ആലോചിച്ചു നോക്കുമ്പോള്‍ അവന്‍ ആഗ്രഹിച്ച ജോലിയെക്കാള്‍ പതിമടങ്ങ നന്മ ഇതിലുണ്ടെന്ന് ബോധ്യപ്പെടുന്നതായിരിക്കും. തന്റെ മനസ്സു കൊതിച്ച ആഗ്രഹങ്ങളില്‍ നിന്ന് അത്യുന്നതമായ മറ്റൊന്നിലേക്ക് മാറ്റി പാര്‍പ്പിച്ചതിനും, താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത ഉന്നതമായ തൊഴില്‍ കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തതിന് അല്ലാഹുവിന്റെ പ്രതാപത്തെ വാഴ്ത്തി അവന്‍ സ്തുതികള്‍ അര്‍പ്പിക്കുന്നതായിരിക്കും.

എന്റെ ജീവിതാനുഭവത്തിലെ ചില കാര്യങ്ങള്‍ ഇവിടെ സ്മരിക്കുന്നു. എനിക്ക് വിജയകരവും അനുയോജ്യവുമെന്ന തോന്നിയ കാര്യങ്ങള്‍ സാധിക്കാനായി രാവും, പകലും ഞാന്‍ പ്രാര്‍ത്ഥനയിൽ കഴിഞ്ഞുകൂടി. പക്ഷേ അതൊന്നും നടന്നില്ല. അങ്ങനെ അല്ലാഹുവോട് മോശമായ ചിന്താഗതി വെച്ചു പുലര്‍ത്താന്‍ പിശാച് ദുര്‍പ്രേരണയുമായി പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് തന്നെ, അല്ലാഹു എനിക്ക് ചോദിച്ചതിനെക്കാള്‍ മഹത്വമേറിയ കാര്യങ്ങള്‍ പകരം നല്‍കി. അപ്പോള്‍ ഞാന്‍ ചോദിച്ച കാര്യങ്ങള്‍ നിറവേറ്റാത്തതിന് അല്ലാഹുവിന് സ്തുതികൾ അർപ്പിച്ചു. എന്തെന്നാല്‍, ഞാന്‍ ചോദിച്ച കാര്യം അല്ലാഹു നിറവേറ്റി തന്നിരുന്നുവെങ്കില്‍ അറ്റമില്ലാത്ത പ്രതിസന്ധിയുടെ ഗര്‍ത്തത്തിലേക്ക് ഞാന്‍ വഴുതി വീണേനെ. അല്‍ഹംദുലില്ലാഹ്. മനുഷ്യന്‍ തന്റെ അജ്ഞതയുടെ മറവില്‍ പ്രത്യക്ഷത്തില്‍ നന്മയും പരോക്ഷമായി വലിയ വിപത്തും കുടികൊള്ളുന്നതിനെ തിരഞ്ഞെടുക്കുമ്പോൾ അല്ലാഹു അവന്റെ ഔദാര്യത്താല്‍ അടിമയെ മോശമായ കാര്യകാരണത്തില്‍ സംവദിക്കേണ്ടതില്‍ നിന്ന് പിഴുതെടുത്ത് അത്യുന്നതമായതില്‍ വിന്യസിക്കുന്നു.

പലര്‍ക്കും സംഭവിക്കുന്ന മറ്റൊരു പിഴവുകൂടി പറയാം. പശ്ചാത്തപിക്കുക, മാനുഷിക ബാധ്യതകള്‍ നിറവേറ്റാനുണ്ടെങ്കില്‍ അവയെല്ലാം നിർവഹിക്കുക, മന:സ്സാന്നിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചു കൊണ്ടു തന്നെയാണ് അവര്‍ പ്രാര്‍ത്ഥന നടത്തിയത്. ഏറ്റവും അനുയോജ്യമായ സമയത്തില്‍ ഉത്തരം ലഭിക്കുമെന്ന ഭാവത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രാര്‍ത്ഥനക്കു ശേഷം, അവന്റെ ധാരണ പ്രകാരം കാലം ഒത്തിരി കഴിഞ്ഞിട്ടും അവന്‍ പ്രാര്‍ത്ഥിച്ച കാര്യം വെളിച്ചം കണ്ടില്ല. അതോടെ അവന്‍ നിരാശനായി രഹസ്യവും, പരസ്യവുമായി ഇങ്ങനെ പറയുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. ആഗ്രഹങ്ങളും മോഹങ്ങളും പൂവണിയിക്കാന്‍ ഒരുപാട് പേര്‍ ചിറകുവിരിച്ചു പരിപാലിക്കുന്ന ഒരു മാനസിക ചാപല്യമാണിത്. എന്താണ് ഇവിടെയുളള കുഴപ്പം?

അല്ലാഹു നിര്‍വഹിക്കാന്‍ കല്‍പ്പിച്ച പ്രാര്‍ത്ഥനയെ ലക്ഷ്യ പൂര്‍ത്തീകരണത്തിനുള്ള മാധ്യമമായി വീക്ഷിക്കുന്നു എന്നതാണ് ഇവരുടെ കുഴപ്പം. അഥവാ അവര്‍ക്ക് നിവര്‍ത്തിയാകേണ്ട കാര്യങ്ങള്‍ സാക്ഷാത്കരിക്കുകയും, സംഭവിച്ച വിപത്ത് നീങ്ങിപ്പോകാനും വേണ്ടിയാണ് ദുആയില്‍ അവര്‍ അഭയം പ്രാപിക്കുന്നത്. ആവശ്യം നിറവേറിയാല്‍/ വിപത്ത് നീങ്ങിയാല്‍ പ്രാര്‍ത്ഥനയിലേക്കുളള ആവശ്യകത ഇല്ലാതെയാകുന്നു. മാത്രമല്ല, ഈ ധാരണ അതിന്റെ വക്താക്കളെ കുഴപ്പത്തിലാക്കുന്നു. വേഗത്തില്‍ ദുആക്ക് ഉത്തരം ലഭിച്ചിട്ടില്ലെങ്കിലോ? പ്രാര്‍ത്ഥന കൊണ്ട് യാതൊരു നേട്ടവുമില്ലെന്ന് വിശ്വസിക്കുന്നു. അത് പ്രാര്‍ത്ഥനയില്‍ സ്ഥിരമായി നിലനില്‍ക്കേണ്ടതിനു അനിവാര്യമായ ദൃഢനിശ്ചതയെ മങ്ങലേല്‍പ്പിക്കുന്നു. കാരണം ഞാന്‍ ഓര്‍മ്മപ്പെടുത്തിയതു പോലെ അവര്‍ പ്രാര്‍ത്ഥനയെ കാണുന്നത് ലക്ഷ്യത്തിലേക്കുളള മാധ്യമമായിട്ടാണ്. പ്രാര്‍ത്ഥന തന്നെ ഒരു ലക്ഷ്യമായിരിക്കണമെന്ന കാര്യം അവര്‍ അറിയാതെ പോകുന്നു.

പ്രാര്‍ത്ഥന സ്വതന്ത്രമായ ഒരു ആരാധനയാണ്. ദുആ ഒരു ലക്ഷ്യമാണ്. ലക്ഷ്യത്തിലേക്കുളള മാധ്യമമല്ല. മനുഷ്യര്‍ അല്ലാഹുവിന്റെ ദാസന്മാരാണ്. മനുഷ്യന്‍ അവന്റെ വൈവിധ്യങ്ങളായ എല്ലാ കാര്യങ്ങള്‍ക്കും സ്രഷ്ടാവായ അല്ലാഹുവില്‍ ആശ്രിതനാണ്. അതുകൊണ്ടു തന്നെ അവന്റെ എറ്റവും വലിയ ഉത്തരവാദിത്വമാണ് തന്റെ ദാസ്യതയെ സ്രഷ്ടാവിൽ പ്രകാശിപ്പിക്കുക എന്നത്. അത് താന്‍ എന്നും അല്ലാഹുവോട് ആശ്രിതനെന്ന് ഉറക്കെ പറയലാണ്. ജീവിതവും, സകല സന്തോഷവും അല്ലാഹുവിന്റെ പരിചരണത്തെ ആശ്രയിച്ചിരിക്കുന്നതാണ്. അടിമയുടെ ചോദ്യത്തിനും പ്രാര്‍ത്ഥനക്കും ഉത്തരം ഉണ്ടായാലും ഇല്ലെങ്കിലും തന്റെ ആശ്രയത്തെ പ്രകടിപ്പിക്കല്‍ അനിവാര്യമാണ്. ദൈവീക കവാടത്തിന്റെ ഉമ്മറപ്പടിയില്‍ വിനയാന്വിതനായി നില്‍ക്കുക എന്നത് ദാസന്റെ സ്വത്വപ്രകാശനമാണ്. ഇത് ഏകനായ സ്രഷ്ടാവിനോട് മാത്രമായിരിക്കണം. മറ്റൊരിടത്തും മനുഷ്യന്‍ വണങ്ങരുത്.

ഞാന്‍ പറയുന്ന കാര്യം പ്രാര്‍ത്ഥനയോട് ചേര്‍ത്തി ഞാന്‍ ഉത്തരം നല്‍കാം എന്നു അല്ലാഹു പറഞ്ഞതിന് വിപരീതമാണെന്ന് ധരിക്കരുത്. പ്രസ്തുത സൂക്തം വായിക്കാം. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ ഞാന്‍ ഉത്തരം തരാം”. ഈ സൂക്തത്തില്‍ നിനക്ക് തോന്നിയേക്കാം, പ്രാര്‍ത്ഥിക്കുക, ഉത്തരം ലഭിക്കുക എന്നത് പരസ്പരം പൂരകങ്ങളാണെന്ന്. ഉത്തരമില്ലെങ്കില്‍ ദുആ വേണ്ടതില്ല. എന്നാല്‍ ഈ സൂക്തത്തിന്റെ ആശയം ഇപ്രകാരമല്ല. നീ കരുതിയത് പോലെ ഈ രണ്ടു വാക്യങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. മനുഷ്യന്‍ അല്ലാഹുവോട് ദാസ്യത പ്രകടിപ്പിക്കണമെന്നാണ് (ഉദ്ഊനി) എന്നോട് ചോദിക്കൂ എന്നതില്‍ അര്‍ത്ഥമാക്കുന്നത്. ഇത് സ്വതന്ത്രമായി തന്നെ പറഞ്ഞ കാര്യമാണ്. ഇതിനോട് യാതൊരു കാര്യത്തെയോ, നിബന്ധനയെയോ ബന്ധപ്പെടുത്തിയിട്ടില്ല. ഇതിനു ശേഷമാണ് അല്ലാഹു വാഗ്ദത്തം ചെയ്യുന്നത്. അല്ലാഹു അടിമകള്‍ക്ക് നല്‍കുന്ന അപാരമായ ഔദാര്യവും അനുഗ്രവുമാണ് ഈ വാഗ്ദത്തം. ഈ വാഗ്ദാനം നിറവേറാന്‍ യാതൊരു കാര്യത്തിനും ബന്ധമില്ല. പ്രാര്‍ത്ഥന വിലയായി നൽകിക്കൊണ്ട് ദാസന്‍ അര്‍ഹിക്കുന്ന ചരക്കല്ല ഈ വാഗ്ദാനം. ഈ കാര്യത്തെ വെളിപ്പെടുത്തുന്ന തിരുവാക്യം വായിക്കാം. ഞാന്‍ പ്രാര്‍ത്ഥിച്ചു എനിക്ക് ഉത്തരം കിട്ടിയില്ല എന്നു പറഞ്ഞ് തിടുക്കം കാണിക്കാത്ത കാലമത്രയും നിങ്ങളിൽ ഓരോരുത്തരുടെയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.(1)

ഉപര്യുക്ത തിരുവാക്യത്തിന്റെ അര്‍ത്ഥമിതാണ്. ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ എനിക്ക് ഉത്തരം തരുക എന്നത് അല്ലാഹുവിന് നിര്‍ബന്ധമാണെന്ന് വിചാരിക്കാത്ത കാലമത്രയും നിങ്ങളുടെ പ്രാര്‍ത്ഥക്ക് ഉത്തരം ലഭിക്കുന്നതാണ്. നിങ്ങള്‍ പറയേണ്ടത് ഇപ്രകരമാണ്. ഞാന്‍ ദുആ ചെയ്‌തെങ്കിലും ഞാന്‍ ഉത്തരം ലഭിക്കാനുളള അര്‍ഹത നേടിയിട്ടില്ല. കാരണം ഇവ രണ്ടും(പ്രാര്‍ത്ഥന, ഉത്തരം ലഭിക്കുക) ഒന്നില്‍ നിന്ന് മറ്റൊന്ന് തികച്ചും വ്യത്യസ്തമാണ്. പ്രാര്‍ത്ഥന സ്വതന്ത്രമായ ആരാധനയാണ്. അല്ലാഹുവോടുളള അടിമത്തം ബോധ്യപ്പെട്ടവര്‍ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ബാധ്യതയാണ് ദുആ. അതിന് ഉത്തരം ലഭിക്കട്ടെ, ഇല്ലാതിരിക്കട്ടെ, ഇതിലേക്കൊന്നും നോട്ടമില്ലാതെ തന്നെ ദുആ ചെയ്യേണ്ടതാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന എന്ന തിരുവാക്യത്തിന്റെ അര്‍ത്ഥമിതാണ്. ഉത്തരം ലഭിക്കുക എന്നത് അല്ലാഹുവില്‍ നിന്നുളള ഔദാര്യവും അനുഗ്രവുമാണ്.

ഇവിടെ പ്രകടമാകുന്ന ആശയം സത്യവിശ്വാസികള്‍ ജീവിതത്തിലുടനീളം സ്വീകരിക്കേണ്ട ജീവിത പാതയാണ്. എല്ലാ അവസ്ഥയിലും ഞാന്‍ അല്ലാഹുവില്‍ ആശ്രിതനാണെന്ന ബോധ്യത്തിലായി ജീവിക്കുക. സ്രഷ്ടാവിലേക്ക് വിനയാന്വിതനായി ഇരു കൈകളും ഉയര്‍ത്തുന്നവനായിരിക്കണം മനുഷ്യന്‍. അവന്‍ എല്ലാ സന്ദര്‍ഭങ്ങളിലും തന്റെ ആശ്രിതത്വം അല്ലാഹുവിലാണെന്ന് പ്രകടിപ്പിക്കാനായി പ്രാര്‍ത്ഥനയിൽ സജീവമാവുകയും വേണം. ഉത്തരം ലഭിച്ചാലും, ഇല്ലെങ്കിലും പ്രാര്‍ത്ഥന നിത്യചര്യയായിരിക്കണം. അതേ സമയം അല്ലാഹുവിന്റെ ഔദാര്യത്തിലും, അടിമകള്‍ക്ക് കനിഞ്ഞു നല്‍കുന്ന നന്മയിലും പ്രതീക്ഷയോടെ നിലനില്‍ക്കുക. അവന്‍ ദുആക്ക് ഉത്തരം ചെയ്യുക തന്നെ ചെയ്യും. നീ നിരാശനാകരുത്. ഉത്തരം നീളുന്നത് ഈ വലിയ യാഥാർഥ്യത്തിലായി അടിമയെ പരിപാലിക്കാനും, പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം നിര്‍ബന്ധമാണ്, ദുആ എന്ന മാധ്യമത്തിന്റെ നിര്‍ബന്ധ ഫലമാണ് എന്ന് ഗ്രഹിക്കാതിരിക്കാനും വേണ്ടിയുളള ദൈവീക യുക്തിയുടെ ഭാഗമാണ്. അതോടെ പ്രാര്‍ത്ഥനയും, ഉത്തരത്തിലുളള പ്രതീക്ഷയും യാതൊരു വിരസതയോ ഉത്കണ്ഠതയോ ഇല്ലാത്ത സ്വതന്ത്രമായ ആരാധനയായി പരിവര്‍ത്തിക്കുന്നതാണ്. മാത്രമല്ല ഇത് ആരാധനയുടെ ആത്മാവും,ഹൃദയവുമാണ്. ഇതിനെ കൃത്യപ്പെടുത്തുന്ന തിരുവാക്യം വായിക്കാം. സന്തോഷത്തിനായുളള കാത്തിരിപ്പ് ആരാധനയാണ്. ഈ ആശയത്തെ വ്യക്തമാക്കുന്നതാണ് ഈ ഹിക്മത്തിന്റെ രണ്ടാം ഭാഗം. അത് ഇങ്ങനെ വായിക്കാം. അവന്‍ ഉദ്ദേശിക്കുന്ന സമയത്താണ്. നീ ഉദ്ദേശിക്കുന്ന സമയത്തല്ല. അഥവാ അവന്‍ ഇഷ്ടപ്പെടുന്ന സമയത്ത് നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതായിരിക്കും. അതും അവന്റെ യുക്തിയിലധിഷ്ഠിതമായിരിക്കും ഈ ദാനലബ്ധി. നിന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന, പ്രകോപിതമാക്കുന്ന/ ഉത്കണ്ഠ ജനിപ്പിക്കുന്ന മാനസിക ചാപല്യത്തോട് യോജിച്ചു കൊണ്ടായിരിക്കില്ല അല്ലാഹു ദുആഇന് ഉത്തരം നല്‍കുക.

 

 

 

 

വിവര്‍ത്തനം: ബി എം സ്വഫ്‌വാന്‍  ഹാദി